മാധ്യമങ്ങളുടെ സമകാലിക അജന്‍ഡ
Saturday Aug 27, 2022
എം വി നികേഷ്കുമാര്‍
ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉണ്ടായ അപചയം ഗുരുതര പ്രതിസന്ധിയാണ്. ഇടതുപക്ഷത്തിന് കാര്യമായ പങ്കാളിത്തം ഇല്ലാത്ത പതിനേഴാം ലോക്സഭയില്‍ മുഖ്യ കക്ഷിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ് ഒരു കൂട്ടം മുഖസ്തുതിക്കാരുടെ വിഹാരകേന്ദ്രമായിരിക്കുന്നു. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളോ ആഭ്യന്തര ജനാധിപത്യമോ ഇല്ല. നേതൃശേഷി ഇല്ല. ചില്ലറ ഞൊടുക്ക് വിദ്യ കൊണ്ട് കാര്യം സാധിക്കാം എന്ന് കരുതുന്നവരായി രാഹുല്‍ ഗാന്ധിയും സംഘവും മാറി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി തെരുവിലിറങ്ങാന്‍ ആരും തയ്യാറല്ല. ട്വിറ്ററിലൂടെയാണ് വിപ്ലവം. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ വിടവ് മാധ്യമങ്ങളേയും വല്ലാതെ ബാധിച്ചിട്ടുണ്ട്. പേടിപ്പിക്കുന്നവന്റെ കൂടെ നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
മാധ്യമങ്ങളുടെ കോര്‍പ്പറേറ്റു വല്‍ക്കരണം സൃഷ്ടിച്ച ആഘാതം കനത്തതാണ്. ഒരു ഭരണ മാറ്റം ഉടനേയില്ല എന്ന തോന്നല്‍ കോര്‍പ്പറേറ്റുകളെ മുട്ടിലിഴയാന്‍ പ്രേരിപ്പിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്' എന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗ്ഗമായി എഡിറ്റോറിയല്‍ അടിമത്തം ഉപയോഗിക്കുന്നു .ഭരണക്കാരെ നക്കി തുടയ്ക്കുക മാത്രമല്ല എതിരാളികളെ ഏതു നീചമാര്‍ഗമുപയോഗിച്ചും അപഹസിക്കാനും തയ്യാറാവേണ്ടതുണ്ട്. മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബിജെപി സര്‍ക്കാരുകളെപ്പറ്റി വാര്‍ത്തകളേയില്ല.
എന്നാല്‍ ബിജെപി ഇതര സര്‍ക്കാരുകളെ കുറ്റം പറഞ്ഞു കൊണ്ടുള്ള വാര്‍ത്തകള്‍ എത്രയാണ്? ലോകത്ത് ജനാധിപത്യം ഉള്ള ഏതെങ്കിലും രാജ്യത്ത് ഈ റിസോര്‍ട്ട് പൊളിറ്റിക്സ് ഉണ്ടോ? ചാക്കുകളില്‍ കെട്ടി എത്തിച്ച കറന്‍സിയാണ് ഇവിടെയൊക്കെ പുതിയ സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്? അഞ്ചിലും പത്തിലും തുടങ്ങി ഇപ്പോള്‍ നൂറു കോടിയാണത്രേ ഒരു എംഎല്‍എയുടെ വില! ഒരു ദേശീയ മാധ്യമം വിചാരിച്ചാല്‍ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി ഇത് പൊളിക്കാന്‍ ആകില്ലേ? പറ്റും. പക്ഷേ ചെയ്യില്ല. ചെയ്താല്‍ വിവരമറിയും.
1990കളുടെ തുടക്കം മുതല്‍ തന്നെ മാധ്യമങ്ങളെ കോര്‍പ്പറേറ്റുകള്‍ പിടിച്ചെടുത്തു തുടങ്ങിയിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ നൂതന സ്റ്റുഡിയോകള്‍ പണിതു. അച്ചടി മാധ്യമങ്ങള്‍ വിലകൂടിയ പ്രസ്സുകള്‍ വാങ്ങി. ടി വിയും പത്രവും കാണാന്‍ നല്ല ചേലായി. പക്ഷേ എഡിറ്റോറിയലിന്റെ അന്ത്യ ദിനങ്ങള്‍ ആണ് നമ്മള്‍ കാണുന്നത് എന്ന് മനസ്സിലാക്കിയവര്‍ വിരളമായിരുന്നു. ഇതേ 90കളില്‍ തന്നെയാണ് ഞാനും ദൃശ്യമാധ്യമത്തില്‍ ചേര്‍ന്നത്. ദൃശ്യമാധ്യമങ്ങളുടെ തുടക്കത്തില്‍ സ്വാധീന ശക്തിയുള്ള മികച്ച മാതൃകകള്‍ ഉണ്ടായിരുന്നു. എന്‍ ഡി ടിവി യുടെ 'വേള്‍ഡ് ദിസ് വീക്കി'ല്‍ അപ്പന്‍ മേനോനും പ്രണോയ് റോയിയും പിന്നീട് അതെ ടീമില്‍ തന്നെ രാജ്ദീപ് സര്‍ദേശായിയെപ്പോലുള്ളവരും കൂടുതല്‍ ഉത്തേജിപ്പിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഇതിനേക്കാള്‍ നല്ല മാര്‍ഗ്ഗമില്ല എന്നു തോന്നാന്‍ ഇവരൊക്കെ കാരണമായി.
ഏഷ്യാനെറ്റില്‍ ഞാന്‍ ചേര്‍ന്നത് 1996ലാണ്. ശശികുമാറിന്റെ നേതൃത്വം ആകര്‍ഷണീയമായി.
ശശികുമാര്‍
സാംസ്കാരിക രംഗത്തെ ഒരുകൂട്ടം പ്രതിഭാധനരെ ശശികുമാര്‍ ഒപ്പം നിര്‍ത്തി. പുതിയ ദൃശ്യമാധ്യമ സംസ്കാരം കുറിക്കുക മാത്രമല്ല, ഈ രംഗത്തെ കുതിപ്പിന്റെ ചാലകശക്തിയായി ഏഷ്യാനെറ്റ് മാറി. വിട്ടുവീഴ്ചയില്ലാത്ത എഡിറ്റോറിയല്‍ ശ്രദ്ധേയമായി. ഇടതു രാഷ്ട്രീയക്കാരന്‍ ആയ ശശികുമാര്‍ ഏഷ്യാനെറ്റിനെ നിഷ്പക്ഷ മാധ്യമമാക്കി. പിന്നീട് ഏഷ്യാനെറ്റില്‍ നിന്നും ശശികുമാര്‍ ഒഴിഞ്ഞു, പുതിയ കച്ചവട ചാനലുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെത്തി കോര്‍പ്പറേറ്റുകള്‍ മാത്രം മതി എന്ന ഇക്കോ സിസ്റ്റം സൃഷ്ടിച്ചു.
ഇന്ന് ടെലിവിഷന്‍ ആണ് കേരളത്തില്‍ ഫസ്റ്റ് മീഡിയ. പ്രിന്റ് പിറ്റേ ദിവസം ഇറങ്ങുന്നതുകൊണ്ട് സ്വാധീനശേഷി കുറഞ്ഞു. ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സാന്നിധ്യം പരിമിതമാണ്. ടിവിയാണ് എല്ലായിടത്തും ഓടിയെത്തുന്നത്. ടിവിയാണ് സംഭവങ്ങളുടെ നേര്‍ സാക്ഷികള്‍. ഒരു വിഷയത്തില്‍ ആദ്യം കേള്‍ക്കുന്ന ആങ്കിള്‍ ആണല്ലോ പലപ്പോഴും നാം വിശ്വസിക്കുക. ടെലിവിഷന് ഈ അഡ്വാന്റേജ് ഉണ്ട്. എഡിറ്റോറിയല്‍ രംഗത്ത് ശശികുമാര്‍ നല്‍കിയ മികച്ച തുടക്കം ദീര്‍ഘയാത്രയാക്കി എടുക്കാന്‍ പക്ഷേ ടെലിവിഷന് കഴിഞ്ഞില്ല. ദേശീയ മാതൃകയിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് മലയാള മാധ്യമങ്ങളും.
ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ ഉടമകള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.
അംബാനിയുടെ പക്കല്‍ കുറഞ്ഞത് 27 ന്യൂസ് ചാനലുകള്‍ ഉണ്ട്. സുഭാഷ് ചന്ദ്രയുടെ കയ്യില്‍ 15 ന്യൂസ് ചാനലുകള്‍. രാജസ്താനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാലുമാറ്റിയാല്‍ മാത്രം ജയിക്കാന്‍ കഴിയുന്ന സീറ്റില്‍ ബിജെപി നിര്‍ത്തിയ ആളാണ് സുഭാഷ് ചന്ദ്ര.
ഗൗതം അദാനിയുടെ കയ്യില്‍ ബ്ലൂംബര്‍ഗും ക്വിന്റും ഉള്‍പ്പെടെ പതിനൊന്നു ന്യൂസ് ചാനലുകള്‍ ഉണ്ട്. ഇംഗ്ലീഷ് ചാനലുകളും ഹിന്ദി ചാനലുകളും മാത്രമല്ല, പ്രാദേശിക ടി വി ചാനലുകളും കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സമഗ്രാധിപത്യത്തിനും ബാര്‍ഗെയിനിംഗ് പവര്‍ കൂട്ടുന്നതിനും വേണ്ടിയാണ്. രാജീവ് ചന്ദ്രശേഖരന്റെ ഗ്രൂപ്പ് ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്തതും അര്‍ണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കില്‍ അവര്‍ നിക്ഷേപം നടത്തിയതും ഇതേ ലക്ഷ്യം വെച്ചുകൊണ്ടുതന്നെ.
അര്‍ണോബ് ഗോസ്വാമി
കര്‍ണ്ണാടകത്തില്‍ എംഎല്‍എമാരെ വിലയ്ക്കുവാങ്ങി രാജ്യസഭാംഗം ആയ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് ബിജെപി എംപിയും മന്ത്രിയുമാണ്. ജനാധിപത്യത്തെ വിലയ്ക്കെടുത്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാള്‍ക്ക് ബിജെപി വാതില്‍ തുറന്നത് രാഷ്ട്രീയത്തിലെ കാര്യശേഷി കൊണ്ടുമാത്രമല്ല, പണത്തൂക്കം നോക്കിയുമല്ല. മാധ്യമ ഇടപെടലിന് ഉപയോഗിക്കാം എന്നുകൂടി കണ്ടാണ്.
ന്യൂസ് ചാനലുകള്‍ എന്തുകൊണ്ടാണ് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനമായത്?
ടെലിവിഷന്‍ കണ്ടന്റ് ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് താങ്ങാനാവാത്തതാണ്. അതിനാല്‍ ചെറു ഗ്രൂപ്പുകള്‍ അവരുടെ മാധ്യമ സ്ഥാപനങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അല്‍പ്പം മാറിയിട്ടുണ്ട്. ടി വി ന്യൂസ് റൂമുകള്‍ ഇന്റഗ്രേറ്റഡ് ന്യൂസ് റൂമുകള്‍ ആയതോടെ സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പിനു കൂടുതല്‍ സാധ്യതകള്‍ കൈവന്നിട്ടുണ്ട്.
ടെലിവിഷന്‍ ചാനല്‍ കെഎസ്ഇബി പോസ്റ്റുകളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുന്ന ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കുകള്‍ ആണ് ഇപ്പോള്‍ സ്വതന്ത്ര ചാനലുകളെ കൊല്ലുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വര്‍ക്ക് ആയ എസിവി ഈ രംഗത്തെ ഏറ്റവും വലിയ ശാപമാണ്. നിലവില്‍ 'ട്രായ്' റെഗുലേഷന്‍ അനുസരിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ ഒരു സെറ്റ് ടോപ് ബോക്സിന് വര്‍ഷത്തില്‍ ഇരുപത് പൈസ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ശരാശരി ഒരു ചാനലില്‍ നിന്നും വാങ്ങുന്നതോ മൂന്നു കോടി രൂപ.
സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ വിഷന്‍ ഈ രംഗത്തെ ഉജ്വല മാതൃകയാണ്. ഭൂമിക, സാറ്റ് ലിങ്ക്, കെസിഎല്‍, മലനാട് കമ്യൂണിക്കേഷന്‍, ഇടുക്കി വിഷന്‍ തുടങ്ങിയവയും ആശ്വാസം തന്നെ.
കേരളത്തിലെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടിവി ചാനലുകള്‍ പ്രേക്ഷകനില്‍ എത്തുന്നത് പണം കൊടുക്കുന്നതുകൊണ്ടാണ്. മുന്നൂറു രൂപ ഒരാള്‍ കേബിളിന് നല്‍കുന്നുണ്ട് എങ്കില്‍ അതില്‍ ഭൂരിഭാഗവും പോകുന്നത് ഈ ചാനലുകള്‍ക്കാണ്. പെട്ടി ഓട്ടോയില്‍ വന്ന് കേബിള്‍ കണക്റ്റ് ചെയ്തു തരുന്ന ഓപ്പറേറ്റര്‍ക്ക് ബാക്കി തുക മാത്രം.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇവര്‍ ഒന്നും കൊടുക്കുന്നില്ല. പകരം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പണം പിരിച്ചു കൊടുക്കണം. ഇവരുടെ കണ്ടന്റ് അത്ര മൂല്യമുള്ളതാണത്രേ! പക്ഷേ കറന്റ് അഫയേഴ്സ് ചാനല്‍ കൂടുതലായി കാണുന്ന പ്രേക്ഷകര്‍ തങ്ങള്‍ നല്‍കുന്ന പണം പേ ചാനലുകള്‍ ആയ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനലിലേക്കാണ് പോകുന്നത് എന്ന് അറിയുന്നുണ്ടോ? സംശയമാണ്.
കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് വിതരണക്കാര്‍ ആയ എ സി വി അടക്കമുള്ളവര്‍ കോടികള്‍ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കും. എങ്കിലേ 'അനാവശ്യ' മത്സരം ഒഴിവാകൂ. അങ്ങനെ ഒഴിവായ ഒരു മത്സരാര്‍ഥി ആണ് ഇന്ത്യാ വിഷന്‍. ഇപ്പോള്‍ എസിവിയില്‍ നിന്ന് പുറത്താണ് റിപ്പോര്‍ട്ടര്‍ ചാനല്‍, സന്തോഷ് കുളങ്ങരയുടെ സഫാരി, കൗമുദി തുടങ്ങിയവ. നേരത്തെ എ സി വി 'ഓക്സിജന്‍ വാല്‍വ്' ഊരിയാല്‍ അന്നു മുതല്‍ ചാനല്‍ മരിക്കുമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉള്ളതിനാല്‍ ലേശം കൂടി ഉരുളും. അങ്ങനെ ഉരുണ്ടു കൊണ്ടിരിക്കുകയാണ് മേല്‍പറഞ്ഞ ചാനലുകള്‍.
എന്തുകൊണ്ടാണ് കേരളത്തില്‍ ട്രായ് റെഗുലേഷന്‍ നടപ്പാകാത്തത്? കെഎസ്ഇബിയുടെ തൂണുകളില്‍ കെട്ടിപ്പൊക്കിയ കേബിള്‍ കമ്പനികള്‍ ചെറുകിട ചാനലുകളെ കൊല്ലുന്നത് കേന്ദ്ര സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നത് എന്തുകൊണ്ടാണ്? സ്വതന്ത്ര മീഡിയ നശിക്കുകയും കോര്‍പ്പറേറ്റ് വര്‍ഗീയ ചാനലുകള്‍ തഴച്ചു വളരുകയും ചെയ്യുന്ന ഒരു ഇക്കോ സിസ്റ്റം സൃഷ്ടിച്ചത് ആരുടെ താല്‍പ്പര്യമാണ്?
ടെലിവിഷന്‍ സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ട് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരാളുടെയോ ഒരു കൂട്ടം ആളുകളുടെയോ പരിശ്രമ ഫലമായി ഒരു ടിവി ചാനല്‍ നിലനില്‍പ്പ് സാധിക്കാതെ മരിക്കുമ്പോള്‍ അവന്‍/അവര്‍ തീര്‍ന്നു എന്നു പറഞ്ഞ് മൂട്ടിലെ പൊടിയും തട്ടി പോയാല്‍ വന്നു പിടിക്കാന്‍ പോകുന്നത് വര്‍ഗീയ നീരാളിയാണ്. മേലിലങ്ങോട്ട് രാഷ്ട്രീയ ഐക്യം പ്രകടിപ്പിക്കാത്ത ഒരാള്‍ക്കും അമിത് ഷാ ചാനല്‍ ലൈസന്‍സ് നല്‍കാന്‍ പോകുന്നില്ല.
മുന്‍കാലങ്ങളില്‍ ലൈസന്‍സ് കിട്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ മത്സരത്തിന്റെ പേരില്‍ ഇല്ലാതാകുന്നത് കണ്ടില്ല എന്നു നടിച്ച് നിന്നാല്‍ പൂര്‍ണ്ണമായും സംഘപരിവാര്‍ മാത്രമുള്ള മേഖലയായി മാധ്യമ മേഖല അതിവേഗം മാറും. അച്ചടി മാധ്യമവും സമാന പ്രശ്നം അനുഭവിക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ട്രായ്തന്നെ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പ് പ്രധാനപ്പെട്ടതാണ്:
''നൂറുകണക്കിന് ടെലിവിഷന്‍ ചാനലുകളും ആയിരക്കണക്കിന് പത്രങ്ങളും ഉള്ള ഒരു രാജ്യമാണെങ്കിലും അവയെല്ലാം ഏതാനും ചില വ്യക്തികളാല്‍ ആണ് നിയന്ത്രിക്കപ്പെടുന്നത്. ജനാധിപത്യം ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ കോര്‍പ്പറേറ്റ് ബ്ദ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. പക്ഷപാതപരമായ വിവരങ്ങള്‍ ആണ് മാധ്യമങ്ങള്‍ കൈമാറുന്നത് എങ്കില്‍ സമൂഹത്തെ അത് ദുഷിപ്പിക്കും. വൈവിധ്യമുള്ള അഭിപ്രായങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തുന്നു എന്ന് ഉറപ്പു വരുത്തണം.
ആരാണ് ഒരു മാധ്യമ സ്ഥാപനത്തെ നിയന്ത്രിക്കുന്നത് എന്ന് വായനക്കാരനെ അറിയിക്കണം''.
അംബാനിയുടെ, രാജീവ് ചന്ദ്രശേഖറിന്റെ, അദാനിയുടെ മാധ്യമങ്ങള്‍ കാണുമ്പോള്‍ ഇവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് നമ്മള്‍ വാര്‍ത്ത അറിയുന്നത് എന്ന ബോധ്യം വേണം. ചതിക്കുഴിയുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം?