മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെടുമ്പോള്‍

Monday Aug 29, 2022
ജോണ്‍ ബ്രിട്ടാസ്

ജനാധിപത്യ പ്രക്രിയയെ അര്‍ഥവത്താക്കുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് മാധ്യമരംഗം. ഒരു രാജ്യത്ത് തിരഞ്ഞെടുപ്പും ഭരണനിര്‍വഹണþനിയമനിര്‍വഹണ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയും ഉണ്ടാകണം.

എന്നാല്‍, ബാഹ്യ ഇടപെടല്‍ ഇല്ലാതെയുള്ള മാധ്യമരംഗം നിലവിലുണ്ടെങ്കിലേ ആ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ.

ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്

നമ്മുടെ ചുറ്റും രാജവാഴ്ചയുള്ള രാജ്യങ്ങളില്‍പ്പോലും സ്വതന്ത്രമാധ്യമരംഗം ഒഴികെയുള്ള പ്രതലങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയെ ഇതുവരെ വ്യത്യസ്തമാക്കി നിലനിര്‍ത്തിയത് ശക്തമായ മാധ്യമസാന്നിധ്യമാണ്.

പ്രമുഖ നിയമജ്ഞനായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം സംഭാഷണവേളയില്‍ പറഞ്ഞൊരു കാര്യമുണ്ട്. ''അമിതാധികാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ഇന്ത്യയില്‍ നമുക്ക് ഉറ്റുനോക്കാന്‍ കഴിയുന്ന രണ്ടുമേഖലകള്‍ ജുഡീഷ്യറിയും മാധ്യമങ്ങളുമാണ്.

എന്നാല്‍ പ്രതീക്ഷകളെ കെടുത്തുന്ന രീതിയിലുള്ള കാര്‍മേഘങ്ങളാല്‍ ഇവ രണ്ടും അനുദിനം മൂടപ്പെടുകയാണ് ''.

ഇന്ത്യ അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ നഖചിത്രമാണ് കപില്‍ സിബലിന്റെ വാക്കുകളില്‍ അടങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ മാധ്യമരംഗം ഇതുപോലെ നിര്‍വീര്യമാക്കപ്പെട്ട മറ്റൊരു ഘട്ടം ഉണ്ടായിട്ടില്ല.

ബ്രിട്ടീഷ് ഏകാധിപത്യത്തില്‍പ്പോലും കൊച്ചു കൊച്ചു മാധ്യമ സ്ഫുലിംഗങ്ങള്‍ കോളനി വാഴ്ചയ്ക്കെതിരെ പ്രതിരോധം തീര്‍ത്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകനെന്ന വിശേഷണം മഹാത്മാ ഗാന്ധിക്ക് നേടിക്കൊടുത്തത് മേല്‍പ്പറഞ്ഞതിന്റെ പ്രതിഫലനമെന്ന നിലയ്ക്കാണ്.

അടിയന്തരാവസ്ഥയാണ് മാധ്യമങ്ങള്‍ നേരിടേണ്ടിവന്ന വലിയ പ്രതിസന്ധി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള വലിയ ആക്രമണം അരങ്ങേറിയെങ്കിലും മുട്ടിലിഴയാതെ പിടിച്ചു നില്‍ക്കാന്‍ ഒട്ടേറെ മാധ്യമങ്ങള്‍ ധീരത കാട്ടി.

മുഖപ്രസംഗ കോളം ഒഴിച്ചിട്ട്  സെന്‍സര്‍ഷിപ്പിനെ കൊഞ്ഞനം കുത്തിയത് മാധ്യമപ്രവര്‍ത്തനത്തിലെ മറ്റൊരു ഏടായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരാണ് അന്ന് കരിനിയമങ്ങള്‍ക്ക് ഇരയായത്.

ജയിലില്‍പോകേണ്ടി വന്നാലും പത്രസ്വാതന്ത്ര്യം അടിയറവെക്കില്ലന്ന് പ്രഖ്യാപിച്ച ഇവര്‍ ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ സുവര്‍ണ്ണ രേഖകളാണ്.  
ഇന്ന് ഇന്ത്യന്‍ മാധ്യമരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങി ഒതുങ്ങിക്കൂടുക. രണ്ട് സ്വന്തം നിലയ്ക്ക് മോദി പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്റെ പതാക വാഹകരാകുക.

മോദിയെന്ന രാഷ്ട്രീയ നേതാവിനെ സൃഷ്ടിച്ചതുതന്നെ മാധ്യമങ്ങളും ആര്‍എസ്എസ് പ്രത്യയശാസ്ത്രവും തമ്മിലുള്ള ഇഴയടുപ്പമാണ്. രണ്ടായിരം മുസ്ലീങ്ങളുടെ കുരുതിക്ക് ഉത്തരവാദിയായ ഒരു ഭരണാധികാരിയെ വികസനത്തിന്റെ തേജോന്മുഖമായ പ്രതിരൂപമായി സൃഷ്ടിച്ചെടുത്തതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.

ഗുജറാത്ത് മോഡല്‍ വികസനത്തെ പശ്ചാത്തലമാക്കി ഒരുക്കിയ തിരക്കഥകളിലൂടെയാണ് മോദിയെ ഉലയൂതി വെളുപ്പിച്ചും പെരുപ്പിച്ചും എടുത്തത്.

ഇന്ത്യന്‍ മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യവും ഇവയോട് ബിജെപിക്കുള്ള സവിശേഷമായ ആഭിമുഖ്യവും മോദിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.  രാജധര്‍മ്മം പാലിക്കാത്തതിന് മോദിയെ  സ്വന്തം പ്രധാനമന്ത്രിയായ എ ബി വാജ്പേയി പോലും ഭര്‍ത്സിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിവാദ നായകന് കവചമൊരുക്കാനാണ് രംഗത്തുവന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് നമ്മുടെ ശൈലീ പുസ്തകത്തില്‍ വിമര്‍ശനത്തിനതീതമായ അധികാരസൂചകമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഒരു വാര്‍ത്താശകലംപോലും ഇംഗ്ലീഷ്þഹിന്ദിബ്ദഭാഷയിലുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാറില്ല.

ഈ പട്ടികയിലേയ്ക്ക് ഒട്ടുമിക്കവാറും കേന്ദ്രമന്ത്രിമാരും സ്ഥാനം പിടിച്ചൂവെന്നുള്ളതാണ് ഏറെ വിചിത്രമായ കാര്യം. മോദി ഭരണകൂടം സൃഷ്ടിച്ചെടുത്തിരിക്കുന്ന ഭീതിയുടെ അന്തരീക്ഷമാണ് വിമര്‍ശനാത്മക മാധ്യമപ്രവര്‍ത്തനത്തെ അപ്രത്യക്ഷമാക്കിയിരിക്കുന്നത്. എട്ടുവര്‍ഷത്തെ മോദി ഭരണത്തില്‍ ഏതെങ്കിലും മാധ്യമം നിരുപദ്രവകരമായ എന്തെങ്കിലും വിമര്‍ശനം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍തന്നെ പ്രതികാര നടപടിയും  ഉണ്ടായിട്ടുണ്ട്.

കോവിഡ് കാലത്തെ അച്ചടിബ്ദദൃശ്യമാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മറ്റൊരു ഭൂമികയില്‍ നിന്നു വരുന്ന മാധ്യമ നിരീക്ഷകര്‍  നടുങ്ങിപ്പോകും.പൊടുന്നനവെ മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ച് കോടി കുടിയേറ്റ തൊഴിലാളികളെ പലായനത്തിന്റെ ദുര്‍ഘടം നിറഞ്ഞ പെരുവഴികളിലേയ്ക്ക് ആട്ടിപ്പായിച്ചപ്പോള്‍പോലും മിക്കവാറും മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചു.

വിണ്ടുകീറിയ കാല്‍പാദങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. നൂറുകണക്കിനു കിലോമീറ്റര്‍ നടന്ന് നീരുവന്ന് വീര്‍ത്ത കാലുകളുമായി സ്വദേശത്ത് എത്തുംമുമ്പ് തളര്‍ന്നുവീണ് അവസാനശ്വാസം വലിച്ച നൂറുകണക്കിന് തൊഴിലാളികളുണ്ട്.

ഒരു തൊഴിലാളിയുടെയും ശ്വാസനിശ്വാസങ്ങള്‍ ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മറ്റേതെങ്കിലും ജനാധിപത്യ രാജ്യത്തായിരുന്നെങ്കില്‍ ആ ഭരണാധികാരി നിശിതമായ മാധ്യമവിചാരണയ്ക്ക് വിധേയമാകുമായിരുന്നു.

കോവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യക്കാരുടെ എണ്ണംപോലും നമുക്ക് വിഷയമല്ല. 50 ലക്ഷം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രീയപഠനങ്ങളിലൂടെ ചൂണ്ടിക്കാണിച്ചപ്പോള്‍ ആ റിപ്പോര്‍ട്ടിനെ പുച്ഛിച്ചുതള്ളാനുള്ള ദൗത്യമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി(ഇപിഡബ്ല്യു) പുറത്തുകൊണ്ടുവന്നിരുന്നു.

ഒരു മാധ്യമവും ചരമക്കോളത്തിന്റെ ഇടംപോലും ഈ റിപ്പോര്‍ട്ടിന് നല്‍കിയില്ല.

ഇന്ത്യയുടെ പുണ്യനദിയായ ഗംഗയില്‍ ഒഴുകിനടന്ന എണ്ണിയാലൊടുങ്ങാത്ത മൃതദേഹങ്ങളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമാണ് വന്നത്.

ഉത്തരേന്ത്യയിലെ ഭാഷാമാധ്യമമായ ''ദൈനിക് ജാഗരണ്‍'' മാധ്യമധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ചെറിയൊരു ശ്രമം നടത്തി. ഗംഗാനദിയിലെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളുടെ ചെറിയൊരു രൂപം പത്രത്തില്‍ നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഏജന്‍സികള്‍ ''ദൈനിക് ഭാസ്കര്‍' ഓഫീസ് റെയ്ഡ് ചെയ്തു. വലിയ തിരിമറി കണ്ടെത്തിയെന്നും 500 കോടി രൂപയുടെ പിഴ ചുമത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. എന്താണ് സത്യമെന്ന് ആര്‍ക്കുമറിയില്ല. ഒരു കാര്യത്തില്‍ മാത്രം തീര്‍പ്പുണ്ടായി; പത്രധര്‍മത്തെക്കാള്‍ നല്ലത് നിശബ്ദതയാണെന്ന് അവര്‍ തീരുമാനിച്ചു.

മോദിസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും സാമ്പത്തിക നയങ്ങളെയും പൂര്‍ണമായും ആശ്ലേഷിക്കുന്ന മാധ്യമമാണ്  ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രമായ ''ടൈംസ് ഓഫ് ഇന്ത്യ''. എന്നാല്‍ ഇടയ്ക്ക് തങ്ങളുടെ മുഖപ്രസംഗപേജില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ക്ക് ഈ പത്രം ഇടം നല്‍കുമായിരുന്നു.

ദുര്‍ബലവും നിര്‍ദോഷകരവുമായ നടപടിയായിട്ടുകൂടി മോദിസര്‍ക്കാരിന് ഇതു സഹിക്കാനായില്ല. ഈയിടെ  ''ടൈംസ് ഓഫ് ഇന്ത്യ'' ആസ്ഥാനം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തു.

ദൈനിക് ഭാസ്കറിന്റെ കാര്യത്തില്‍ സംഭവിച്ചതുതന്നെ ഇവിടെ ആവര്‍ത്തിച്ചു. ചെറിയൊരു വിമര്‍ശനം പോലും വെച്ചുപൊറുപ്പിക്കാന്‍ ഇന്നത്തെ  ഭരണസംവിധാനം ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് മോദിസര്‍ക്കാര്‍ ഇതിലൂടെ നടത്തിയത്.

പാര്‍ലമെന്റിന് വിധേയമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നതാണ് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ പൊരുള്‍. പാര്‍ലമെന്റ് എന്ന സംവിധാനം തന്നെ ഇന്ന് അപ്രസക്തമായിരിക്കുന്നു. പാര്‍ലമെന്റ് നടപടികള്‍ അതിന്റെ അന്തഃസത്തയോടെ ജനങ്ങളില്‍ എത്തിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്.

കോവിഡിന്റെ പേരു പറഞ്ഞ് രണ്ട് വര്‍ഷമായി മാധ്യമങ്ങളെ മിക്കവാറും പാര്‍ലമെന്റിന്റെ പടിക്ക് പുറത്തുനിര്‍ത്തിയിരിക്കുകയാണ്.

വിരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടവിട്ട് പ്രവേശനാനുമതി നല്‍കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപഴകിയിരുന്ന പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന്റെ വാതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.

സ്കൂളും മെട്രോയും മാര്‍ക്കറ്റുമെല്ലാം നിയന്ത്രണമൊന്നുമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ലമെന്റില്‍ മാത്രം വിചിത്രമായ ഈ കോവിഡ് പ്രതിരോധം.

മുമ്പൊക്കെ പാര്‍ലമെന്റ് സമ്മേളനത്തെ അര്‍ഥപൂര്‍ണമാക്കിയിരുന്നത് ഓരോ ദിവസവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകളായിരുന്നു. ഇവയോരോന്നും പാര്‍ലമെന്റിന്റെ ഇരുസഭകളെയും ഇളക്കിമറിച്ചിരുന്നു.

ഇന്ന് അത്തരമൊരു ഏര്‍പ്പാട് മാധ്യമങ്ങള്‍ക്കില്ല. മന്ത്രിമാരുടെ അഭിമുഖങ്ങളാണ് പകരമുള്ള വിശിഷ്ട വിഭവം. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം അസ്തമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോ

ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയെക്കൊണ്ട് പറയിപ്പിച്ചത് ഈ പുതിയ ശൈലിയാണ്.

വ്യവസായതാല്‍പര്യങ്ങളും മാധ്യമസ്വാതന്ത്ര്യവും ഒരിക്കലും ഒരുമിച്ചുപോകില്ലെന്ന് സ്വതന്ത്ര ഇന്ത്യയുടെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ രണ്ട് പ്രസ് കമീഷനുകളാണ് ഉണ്ടായിരുന്നത്.

വ്യവസായികള്‍ക്ക് മാധ്യമങ്ങള്‍ നടത്താന്‍ അനുമതി നല്‍കരുതെന്ന ശുപാര്‍ശ രണ്ട് പ്രസ് കമീഷനുകളും മുന്നോട്ടുവച്ചിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം തന്നെ മാറിമറിയുമെന്നായിരുന്നു കണ്ടെത്തല്‍.

ഇന്ന് മാധ്യമ താല്‍പര്യമില്ലാത്ത ഒരു വ്യവസായഗ്രൂപ്പും ഇന്ത്യയിലില്ല. മാധ്യമങ്ങളെ വരുതിയില്‍ കൊണ്ടുവരാന്‍  മോദിക്ക് എളുപ്പത്തില്‍ കഴിയുന്നത് ഇക്കാരണത്താലാണ്.

'രഹേജാസ്' എന്ന വ്യവസായഗ്രൂപ്പിന്റെ ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്നു ഒരുകാലത്ത് 'ഔട്ട്ലുക്ക്' മാഗസിന്‍. നിഷ്പക്ഷമായ ഒട്ടേറെ വാര്‍ത്തകള്‍ നല്‍കാന്‍ ഈ പ്രസിദ്ധീകരണം സന്നദ്ധമായി.

കോവിഡ് കാലത്ത് ഔട്ട്ലുക്കിന്റെ കവര്‍പേജ് എല്ലാവരും ശ്രദ്ധിച്ചു. ''മിസ്സിങ് ഇന്ത്യാ ഗവര്‍മെണ്ട്, പ്രായം ഏഴ് വയസ്സ്'' ഇതായിരുന്നു കവറിലെ വാചകങ്ങള്‍. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ വിളംബരമായിരുന്നു അത്.

ഒറ്റപ്പെട്ട  ഈ ശബ്ദത്തിന് പത്രാധിപരായ റൂബന്‍ ബാനര്‍ജിക്ക് വലിയ വില നല്‍കേണ്ടിവന്നു. പത്രാധിപസ്ഥാനത്തുനിന്ന് റൂബന്‍ ബാനര്‍ജിയെ മുതലാളി പുറത്താക്കി. ''ഔട്ട്ലുക്ക്'' മാഗസിന്‍ സചിത്രലേഖനങ്ങളുടെ ഇടമായി  രൂപാന്തരപ്പെട്ടു.

ആരെയും വിഷമിപ്പിക്കാത്ത ഇത്തിരി കഥകള്‍ പറഞ്ഞ് കാലം കഴിച്ചുകൂട്ടാനാണ് ഔട്ട്ലുക്കിന്റെ വിധി.

ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയ്ക്ക് വലിയ വിള്ളലുണ്ടാക്കിയ രാമജന്മഭൂമി പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഹിന്ദി മാധ്യമങ്ങള്‍ അക്കാലത്ത് വഹിച്ച പങ്കിനെ പ്രസ് കൗണ്‍സില്‍ തന്നെ നിശിതമായി വിമര്‍ശിച്ചത് നമുക്കറിയാം.

വര്‍ഗീയവികാരം കത്തിച്ചുവിട്ടതിന് രണ്ട് ഹിന്ദി പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ കുറ്റപത്രം പോലും നല്‍കി. അതു കഴിഞ്ഞ കഥ. ഇന്ന് അന്നത്തേതിന്റെ പതിന്മടങ്ങ് ശക്തിയിലാണ് ഹിന്ദുവര്‍ഗീയതയുടെ പ്രചാരം മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.

ദൃശ്യമാധ്യമരംഗം മിക്കവാറും ബിജെപിയുടെ കാല്‍ക്കീഴിലായി. എന്‍ഡിടിവി മാത്രമാണ് ഇതിനു അപവാദം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു നടത്തുന്ന നിരന്തരമായ റെയ്ഡുകള്‍ക്ക് ഇരയായി കിതയ്ക്കുകയാണ് ആ സ്ഥാപനം.

മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ പൊതുവില്‍ മോദിസര്‍ക്കാരിന്റെയും ബിജെപിയുടെയും ഉച്ചഭാഷിണിയായിട്ട് വര്‍ഷങ്ങളായി.

സാമാന്യജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക തകര്‍ച്ച, വ്യവസായമാന്ദ്യം തുടങ്ങിയ പ്രശ്നങ്ങളൊക്കെ അവര്‍ എന്നേ മാറ്റിവെച്ചു. പത്രമെടുത്താലും ടിവി തുറന്നാലും അത്തരം പ്രശ്നങ്ങളൊന്നും നമുക്ക് കാണാന്‍ കഴിയില്ല.

മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നാട്ടില്‍ ജനാധിപത്യം പുലരുന്നുണ്ടെന്ന്  ആര്‍ക്കാണ് പറയാന്‍ കഴിയുക?. മാധ്യമങ്ങള്‍ ഭരണകൂടത്തിന് വിധേയമായി നിഷ്ക്രിയമായി നിലകൊള്ളുമ്പോഴാണ് അമിതാധികാര പ്രവണതകളും ഏകാധിപത്യ നടപടികളും ഉണ്ടാകുകയെന്ന് ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഇന്നുള്ളതാണ് മാധ്യമങ്ങളുടെ സ്ഥിതിയെങ്കില്‍ സ്വേച്ഛാധിപത്യത്തിലേയ്ക്ക് അധികദൂരമില്ലെന്ന്  പറയേണ്ടിവരും.

സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയുന്ന ഇരുപതുകോടി ജനങ്ങള്‍ക്ക് നിയമനിര്‍മാണ സഭകളിലോ ഭരണതലത്തിലോ പ്രാതിനിധ്യമില്ലായെന്നത് മാധ്യമങ്ങളെ അലട്ടുന്നേയില്ല.

മോദി സര്‍ക്കാരില്‍ പേരിനുപോലും ഒരു മുസ്ലീമിനെ  ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് അവര്‍ മുന്നില്‍ക്കാണുന്ന ലക്ഷ്യത്തിന്റെ സൂചന തന്നെയാണ്.

 ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ ശിലയിടല്‍ ചടങ്ങിലും നിര്‍മാണം നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിര സ്ഥലത്തും പൂജാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതില്‍ മാധ്യമങ്ങള്‍ ഒരുതെറ്റും കണ്ടില്ല.

രാജ്യത്തിന്റെ മതനിരപേക്ഷ സംവിധാനത്തിന് ഇതുണ്ടാക്കുന്ന ആഘാതം മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല, മോദി രാജ്യത്തിന് വേണ്ടി എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന മട്ടില്‍ ഇതിനെ അവതരിപ്പിക്കാന്‍ പോലും മാധ്യമങ്ങള്‍ മടിച്ചില്ല.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യബ്ദമതനിരപേക്ഷ രാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തനപ്പെടുത്താനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ജനങ്ങളുടെ സമ്മതം നിര്‍മിച്ചു കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഈ ബഹുസ്വര ജനാധിപത്യ രാജ്യത്തെ തകര്‍ക്കാന്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് നാളെ മാധ്യമങ്ങളും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും, സംശയമില്ല.

(ചിന്ത വാരികയിൽ നിന്ന്)