ഈ മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷത്തോട് എന്താണിത്ര വിരോധം?
Wednesday Aug 31, 2022
ഡോ. സെബാസ്റ്റ്യന്‍ പോള്‍
സഹനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമാണ് പത്രങ്ങളുടേത്. 1621ല്‍ നഥാനിയല്‍ ബട്ടര്‍ ഇംഗ്ളണ്ടില്‍ ആദ്യത്തെ പത്രം ആരംഭിക്കുമ്പോള്‍ അവിടെ ലൈസന്‍സിങ്ങും സെന്‍സര്‍ഷിപ്പും പ്രോസിക്യൂഷനും പ്രാബല്യത്തിലായിക്കഴിഞ്ഞിരുന്നു.
അതിനെതിരെയുള്ള പോരാട്ടങ്ങളുടെ അന്ത്യത്തിലാണ് ഫ്രീഡം ഓഫ് ദ പ്രസ് എന്ന ആശയം യാഥാര്‍ത്ഥ്യമായത്. അന്നു പത്രമല്ല, അച്ചടിയാണ് പ്രസ് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്നത്.
ബോസ്റ്റനില്‍ ബഞ്ചമിന്‍ ഹാരിസ് ആരംഭിച്ച പബ്ളിക് ഒക്കറന്‍സസ് ആണ് അമേരിക്കയിലെ ആദ്യത്തെ പത്രം.
മാസച്ചുസെറ്റ്സ് ഗവണ്‍മെന്റ് ''നിയമവിരുദ്ധമായ'' അച്ചടി തടഞ്ഞപ്പോള്‍ ആദ്യലക്കത്തോടെ പ്രസിദ്ധീകരണം അവസാനിച്ചു. ഗര്‍ഭാവസ്ഥയില്‍ത്തന്നെ അലസിപ്പോയ ചരിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ പത്രത്തിന്റേത്. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയിപ്പു വന്നയുടന്‍ വില്യം ബോള്‍ട്ടിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറ്റി.
ജയിംസ് അഗസ്റ്റസ് ഹിക്കി പത്രം നടത്തിയ 26 മാസത്തില്‍ 16 മാസവും ജയിലിലായിരുന്നു. 1782ല്‍ അദ്ദേഹത്തെയും നാടുകടത്തി. സ്വദേശാഭിമാനിയുടെ കണ്ടുകെട്ടലും പത്രാധിപര്‍ രാമകൃഷ്ണപിള്ളയുടെ നാടുകടത്തലും നമുക്ക് പരിചയമുള്ള ചരിത്രമാണ്.
അറിവിന്റെ രക്തസാക്ഷിത്വം പ്രൊമെത്യൂസില്‍നിന്നു തുടങ്ങുന്നു. മാര്‍ക്സിന് പ്രിയപ്പെട്ട കഥാപാത്രമായിരുന്നു അപഹരിക്കപ്പെട്ട അഗ്നിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ആ യവനദേവന്‍. മാനിഫെസ്റ്റോയും ദാസ് ക്യാപിറ്റലും എഴുതുന്നതിനുമുമ്പ് മാര്‍ക്സ് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും പത്രാധിപരുമായിരുന്നു.
ന്യൂയോര്‍ക് ഡെയ്ലി ട്രിബ്യൂണ്‍ പത്രത്തിന്റെ യൂറോപ്യന്‍ ലേഖകനെന്ന നിലയില്‍ ലഭിച്ചിരുന്ന പ്രതിഫലമായിരുന്നു മൂലധനം എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മൂലധനം. ലണ്ടനിലെത്തുന്നതിനുമുന്‍പ് കൊളോണില്‍ റെയ്നിഷെ സീതുങ് എന്ന ജര്‍മന്‍ പത്രത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ച പത്രം പ്രഷ്യന്‍ ഭരണകൂടത്തിന്റെ വിപ്രതിപത്തിക്കും സെന്‍സര്‍ഷിപ്പിനും വിധേയമായി.
പിടിച്ചുനില്‍ക്കാനാവാതെ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു. സെന്‍സര്‍ഷിപ്പെന്ന വിപത്തിനുള്ള പ്രതിവിധി സെന്‍സര്‍ഷിപ്തന്നെ വേണ്ടെന്നു വയ്ക്കലാണെന്ന്, മില്‍ട്ടനെപ്പോലെ, മാര്‍ക്സും മനസിലാക്കി. അദ്ദേഹം എഴുതി: The real, radical cure for the censorship would be its abolition, for the institution itself is a bad one.
ഭരണകൂടവുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് പത്രപ്രവര്‍ത്തനം വികാസം പ്രാപിച്ചത്. അതല്ലാതെ മറ്റൊരു നിലപാട് പത്രങ്ങള്‍ക്ക് സാധ്യമായിരുന്നില്ല. ആതന്‍സില്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനു ലഭിച്ച സ്വീകാര്യതയാണ് ജനാധിപത്യത്തിന്റെ പിറവിക്ക് വഴിയൊരുക്കിയത്.
ഇരുപത് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ഉപകരണവും ഉപാധിയുമെന്ന നിലയില്‍ പത്രങ്ങള്‍ പിറവിയെടുത്തത്.
ജനാധിപത്യത്തിന്റെ ഉദയത്തിലും വളര്‍ച്ചയിലും പത്രങ്ങള്‍ അവകാശപ്പെടുന്ന പങ്കിന് മൂന്നോ നാലോ നൂറ്റാണ്ടുകളുടെ പഴക്കം മാത്രമാണുള്ളത്. ജനാധിപത്യം സാര്‍വത്രികമാകുകയും പത്രങ്ങള്‍ ബഹുജനസമ്പര്‍ക്കോപാധിയാകുകയും ചെയ്തതോടെയാണ് ജനാധിപത്യവും പത്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമായത്.
പക്ഷേ അപ്പോഴും ജനാധിപത്യത്തിലെ തീരുമാനങ്ങള്‍ പത്രങ്ങളെ ആശ്രയിച്ചാണോ ഉണ്ടാകുന്നതെന്ന ചോദ്യമുണ്ട്. അച്ചടിച്ച പത്രങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന നവമാധ്യമങ്ങള്‍വരെ നടത്തിയ ആക്രമണങ്ങളെയും നിഷേധാത്മകമായ സമീപനത്തെയും അതിജീവിച്ചുകൊണ്ട് പിണറായി വിജയന്‍ 99 സീറ്റോടെ കേരളത്തില്‍ തുടര്‍ഭരണം നടത്തുന്ന സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാണ്.
അടിയന്തരാവസ്ഥയുടെ 21 മാസക്കാലം കനത്ത സെന്‍സര്‍ഷിപ്പില്‍ പത്രങ്ങളാകെ ഭരണത്തിനും ഭരണകക്ഷിക്കും ഒപ്പം നിന്നിട്ടും 1977ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അല്‍പംപോലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നതും വിശദീകരണം ആവശ്യമുള്ള പ്രഹേളികയാണ്.
ഭരണകൂടങ്ങളെ നിര്‍മിക്കുന്നതും നിഗ്രഹിക്കുന്നതും തങ്ങളാണെന്ന നാട്യം ജോസഫ് പുലിറ്റ്സര്‍ മുതല്‍ റൂപര്‍ട്ട് മര്‍ഡോക്ക് വരെയുള്ള പ്രസാധകര്‍ക്കുണ്ട്. കേരളത്തിലെ പത്രങ്ങളുടെ ഭാവവും വ്യത്യസ്തമല്ല. തന്റെ ആഗ്രഹത്തിനും കരുതലിനും വിരുദ്ധമായി കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം കഴിച്ചുമരിക്കുമെന്ന് കളിയായിട്ടോ കാര്യമായിട്ടോ സാങ്കല്‍പ്പികമായിട്ടോ പ്രസ്താവിച്ച പത്രാധിപര്‍ കേരളപ്പിറവിക്കുമുന്നേ തിരുþകൊച്ചിയിലുണ്ടായിരുന്നു.
മലയാളത്തിലെ ഒന്നാം നമ്പര്‍ പത്രമാകാന്‍ കഴിഞ്ഞിട്ടും ആ പത്രാധിപരുടെ പിന്‍ഗാമികള്‍ക്ക് കമ്യൂണിസത്തിന്റെ കേരളക്കരയിലെ അധൃഷ്യമായ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.
എങ്കില്‍പ്പിന്നെ മാധ്യമങ്ങളോട് അയവില്ലാത്ത സമീപനം സിപിഐþഎം സ്വീകരിക്കുന്നതെന്തിനാണ്? കാറ്റാടികളോട് യുദ്ധംചെയ്ത ഡോണ്‍ ക്വിക്സോട്ടിനെപ്പോലെ വൃഥായത്നത്തിലാണോ കമ്യൂണിസ്റ്റുകാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്? വിരുദ്ധശക്തികളുടെ അനിവാര്യമായ ഏറ്റുമുട്ടലെന്ന പ്രാപഞ്ചികസത്യത്തെ അടിസ്ഥാനമാക്കിയുള്ള വൈരുധ്യാത്മകവാദം എവിടെയുമെന്നപോലെ മാധ്യമരംഗത്തും പ്രസക്തമാണെന്ന യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടത്.
ആ മനുഷ്യന്‍ നീ തന്നെ എന്ന കുറ്റാരോപണത്തോടെ രാജാവിനുനേരേ വിരല്‍ ചൂണ്ടിയ ധീരനായ പ്രവാചകനെപ്പോലെയോ അല്ലെങ്കില്‍ രാജാവിന്റെ നഗ്നത വിളിച്ചു പറഞ്ഞ നിര്‍ദോഷിയായ ബാലനെപ്പോലെയോ ആയിരിക്കണം ധര്‍മാധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം. അത്തരം മാധ്യമപ്രവര്‍ത്തനം സ്വാഭാവികമായും അധികാരത്തോടുള്ള വെല്ലുവിളിയായിരിക്കും. സത്യാന്വേഷണത്തിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും വഴിയില്‍ പക്ഷപാതിത്വത്തിന് സ്ഥാനമില്ലെന്ന പക്ഷമുണ്ട്.
മാധ്യമങ്ങള്‍ക്ക് പക്ഷമാകാം എന്നതാണ് എന്റെ പക്ഷം. സത്യം ഒന്നേയുള്ളുവെന്നു പറയുമ്പോഴും സത്യത്തിന് വ്യത്യസ്തമായ മുഖങ്ങള്‍ ഉണ്ടെന്നത് നമ്മുടെ അനുഭവമാണ്. അതുകൊണ്ടാണ് സത്യം എന്നാല്‍ എന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യം യേശുവിന്റെ വിചാരണവേളയില്‍ ന്യായാധിപന് ചോദിക്കേണ്ടിവന്നത്. പക്ഷം വ്യക്തമാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സത്യസന്ധതയുണ്ട്. നിഷ്പക്ഷതയുടെ മുഖാവരമണിഞ്ഞുള്ള പക്ഷപാതിത്വം കാപട്യമാണ്. നിര്‍ഭാഗ്യവശാല്‍ മുഖ്യധാര എന്ന വിശേഷണത്തോടെ പ്രവര്‍ത്തിക്കുന്ന വലതുപക്ഷമാധ്യമങ്ങള്‍ ഈ കപടവ്യാപാരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
മൂലധനത്തിന്റെ അവിശ്വസനീയമായ പിന്‍ബലത്തിലാണ് ഇന്ന് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൂലധനത്തിന്റെ സംരക്ഷണവും മൂലധനതാത്പര്യങ്ങളുടെ സംരക്ഷണവും മാധ്യമങ്ങളുടെ താത്പര്യമാണ്. മൂലധനം പ്രതിനിധാനം ചെയ്യുന്ന മുതലാളിത്തവും കമ്യൂണിസം പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന തൊഴിലാളിവര്‍ഗവും അനിവാര്യമായ ഏറ്റുമുട്ടലിലാണ്.
ഡോ. സെബാസ്റ്റ്യന്‍ പോള്‍
ചൂഷകവര്‍ഗം തിരോഭവിക്കുന്നതുവരെ തുടരുന്ന ഈ ഏറ്റുമുട്ടലില്‍ മാധ്യമങ്ങള്‍ വര്‍ഗതാത്പര്യങ്ങള്‍ക്കനുസൃതമായി പക്ഷം ചേരുന്നുണ്ട്. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ഇറക്കിയ മൂലധനത്തില്‍ ചരടുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് രാമകൃഷ്ണപിള്ളയ്ക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞു. ഇന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ ഇതല്ല. പരസ്യമാക്കപ്പെടാത്ത അജന്‍ഡകളെ മുന്‍നിര്‍ത്തിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പണം പറ്റിയുള്ള വാര്‍ത്തയും വ്യാജവാര്‍ത്തയും ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
മൂലധനത്തിന്റെ ഉടമകള്‍ക്ക് തൃപ്തികരമായ രസക്കൂട്ടുകള്‍ ഒരുക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വമേധയാ തത്പരരാണ്. അവര്‍ക്ക് നഷ്ടപ്പെടാനുള്ളത് അവരുടെ വിശ്വാസ്യത മാത്രമാണ്; നേടാനുള്ളതോ മുതലാളിത്തത്തിന്റെ തീന്‍മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങളും. അതത്രയും അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാധ്യമങ്ങളെ മുതലാളിമാര്‍ സ്വാധീനിച്ചിരുന്ന കാലം പോയി. കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്റെ കാലത്ത് മുതലാളിമാര്‍ കളത്തിലിറങ്ങി കളിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ കേവലം കരുക്കള്‍ മാത്രം. ഇന്ത്യന്‍ മാധ്യമലോകത്ത് അംബാനി മുറുക്കിയിരിക്കുന്ന പിടി കണ്ടാല്‍ മര്‍ഡോക്ക്പോലും അത്ഭുതപ്പെടും.
ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നവരുടെ വിശ്വാസ്യത തകര്‍ത്ത് അവരെ നിരായുധരാക്കുന്നതിനുള്ള ശ്രമമാണ് സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്നത്. ഇത് പോളിങ് ബൂത്തില്‍ പ്രതിഫലിക്കുമെന്ന് അടിസ്ഥാനരഹിതമായി അവര്‍ കരുതുന്നു. വിശ്വാസ്യതയില്ലാത്തവരെ മുന്‍നിര്‍ത്തിയുള്ള ആക്രമണത്തിലെ അസ്വീകാര്യത തുറന്നുകാട്ടപ്പെടണം. അക്ഷരത്തെറ്റുകളും കൈപ്പിഴകളും സൃഷ്ടിക്കുന്ന ഫലിതങ്ങള്‍ക്കപ്പുറം ഗൗരവമായി നടത്തേണ്ടതായ മാധ്യമവിമര്‍ശത്തിലൂടെയാണ് പൊയ്മുഖങ്ങള്‍ തുറന്നു കാട്ടപ്പെടേണ്ടത്.