ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് ഒരു തുറന്ന കത്ത്

ഇന്ത്യന്‍ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം

Wednesday Aug 31, 2022
പി സായിനാഥ്

പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,

മാധ്യമരംഗത്തെ സംബന്ധിച്ച് ഏറെ പ്രസക്തമായ താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി: ''ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമ കാന്‍വാസില്‍നിന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്ന സങ്കല്‍പ്പനം തന്നെ അപ്രത്യക്ഷമാവുകയാണ്...

നമ്മുടെ ചെറുപ്പകാലത്ത് പത്രങ്ങള്‍ വമ്പന്‍ അഴിമതികള്‍ തുറന്നുകാണിക്കുന്നത് അറിയാന്‍ അതീവതാല്‍പ്പര്യത്തോടെ നാം കാത്തിരിക്കുമായിരുന്നു. പത്രങ്ങള്‍ ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയിട്ടുമില്ല.''

അടുത്ത കാലത്ത് വളരെ അപൂര്‍വമായി മാത്രമേ മാധ്യമങ്ങളെ സംബന്ധിച്ച് എന്തെങ്കിലും നല്ല കാര്യം ആരെങ്കിലും പറയാറുള്ളൂ. ഹ്രസ്വമായിട്ടാണെങ്കിലും താങ്കളുടെ പഴയ സൗഹൃദത്തിന്റെ ഓര്‍മ പുതുക്കിയതിന് നന്ദി.

1979ല്‍ താങ്കള്‍ 'ഈ നാടി' (ഒരു തെലുങ്ക് ഭാഷാപത്രം)ല്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ഞാന്‍ ജേണലിസത്തിലേക്ക് വന്നത്.

അടുത്തയിടെ ഒരു പുസ്തകപ്രകാശന ചടങ്ങിലെ പ്രസംഗത്തില്‍ താങ്കള്‍ ഓര്‍മിപ്പിച്ചതുപോലെ ലഹരി പിടിച്ച ആ ദിനങ്ങളില്‍ നാം ഉണര്‍ന്നാലുടന്‍, ''വമ്പന്‍ അഴിമതികള്‍ തുറന്നുകാട്ടുന്നത് അറിയാനായി ആകാംക്ഷയോടെ പത്രങ്ങള്‍ നോക്കുമായിരുന്നു.''

പക്ഷേ സര്‍, ഇന്നു നാം ഉണരുമ്പോള്‍ കാണുന്നത് ആ അഴിമതികള്‍ തുറന്നു കാണിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ)

പോലെയുള്ള കിരാതനിയമങ്ങളനുസരിച്ച് കുറ്റാരോപണം നടത്തിയിരിക്കുന്നതായാണ്;

ചിലപ്പോള്‍ അവര്‍ അറസ്റ്റു ചെയ്യപ്പെട്ടതായ വാര്‍ത്തയായിരിക്കും കാണുന്നത്. അതുമല്ലെങ്കില്‍ സമീപകാലത്ത് താങ്കള്‍ ശക്തമായി വിമര്‍ശിച്ച കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (PMLA) പോലെയുള്ളവയുടെ ഭയാനകമായ ദുരുപയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലുമാണ് അറിയുന്നത്.

താങ്കളുടെ പ്രഭാഷണത്തില്‍ നിരീക്ഷിച്ചതുപോലെ, ''കഴിഞ്ഞ കാലങ്ങളില്‍, ഗുരുതരമായ അനന്തരഫലങ്ങള്‍ക്കിടയാക്കുന്ന തരംഗങ്ങള്‍ സൃഷ്ടിക്കുന്ന പെരുമാറ്റദൂഷ്യങ്ങളെയും അഴിമതികളെയും സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചിരുന്നത്.''

കഷ്ടം, ഇപ്പോള്‍ നാം കാണുന്നത് ഇത്തരം സ്റ്റോറികള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിടേണ്ടതായിവരുന്ന ഗുരുതരമായ അനന്തരഫലങ്ങളാണ്. നേരെചൊവ്വെ, സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്യുന്നവരുടെ അനുഭവവും ഇതുതന്നെ.

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ, ആ ഭയാനകവും പൈശാചികവുമായ സംഭവത്തിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹത്രാസിലേക്ക് പോകവെ വഴിയില്‍വച്ച് അറസ്റ്റുചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ജയിലില്‍ നരകയാതന അനുഭവിക്കുകയാണ്; തന്റെ ആരോഗ്യസ്ഥിതി ഗുരുതരമായ അവസ്ഥയിലായിരിക്കുമ്പോഴും ജാമ്യം നേടാന്‍ കഴിയാതെ ഒരു കോടതിയില്‍നിന്ന് മറ്റൊരു കോടതിയിലേക്ക് തട്ടിക്കളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സിദ്ദിഖ് കാപ്പന്‍

സിദ്ദിഖ് കാപ്പന്‍

നമുക്കു മുന്നിലുള്ള ആ ദൃഷ്ടാന്തം വ്യക്തമാക്കുന്നത്, ഇങ്ങനെ പോയാല്‍ ഇന്‍വെസ്റ്റിഗേറ്റീവും അല്ലാത്തതുമായ വലിയൊരു വിഭാഗം ജേണലിസവും നിശ്ചയമായും അപ്രത്യക്ഷമാകുമെന്നു തന്നെയാണ്.
പ്രിയപ്പെട്ട ജസ്റ്റിസ് രമണ, താങ്കള്‍ കൃത്യമായി തന്നെ പറഞ്ഞതുപോലെ കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ട അഴിമതികളുടെയും വെട്ടിപ്പുകളുടെയും വെളിപ്പെടുത്തലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ''അടുത്തയിടെയൊന്നും അത്തരം പ്രാമുഖ്യവും വ്യാപ്തിയുമുള്ള ഏതെങ്കിലും സ്റ്റോറി വന്നതായി നമ്മുടെ ഓര്‍മയില്‍ കാണില്ല.

നമ്മുടെ ഉദ്യാനത്തിലുള്ളതെല്ലാം അരുണാഭവും പനിനീര്‍പൂപോലെ സുഗന്ധമുള്ളതുമായാണ് ഇപ്പോള്‍ കാണപ്പെടുന്നത്. സ്വന്തം നിഗമനങ്ങളിലെത്താന്‍ അത് ഞാന്‍ നിങ്ങള്‍ക്കുതന്നെ വിടുന്നു.''

നിയമത്തെയും മാധ്യമത്തെയും സംബന്ധിച്ച് താങ്കളെപ്പോലെ അഗാധമായ അറിവും ഇന്ത്യന്‍ സമൂഹത്തെ അതീവസൂക്ഷ്മതയോടെ നിരീക്ഷിക്കുന്നതുമായ ആളെന്നനിലയില്‍ താങ്കള്‍ ഒരല്‍പ്പം കൂടി മുന്നോട്ടുപോവുകയും, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തെ മാത്രമല്ല ഇന്ത്യന്‍ ജേണലിസത്തെയാകെ ബാധിച്ചിട്ടുള്ള, അതിനെയാകെ കീഴടക്കിയിട്ടുള്ള ഘടകങ്ങളെക്കുറിച്ച് ഒരു രൂപരേഖ അവതരിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഞങ്ങളുടേതായ നിഗമനങ്ങളിലെത്താന്‍ താങ്കള്‍ ഞങ്ങളെ ക്ഷണിച്ചതുപോലെ, താങ്കളുടെ പരിഗണനയ്ക്കായി ഞാന്‍ മൂന്നു കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്.
ഒന്ന്, ഭീമമായ ലാഭം നേടുന്ന, അതിനായി ആഗ്രഹിക്കുന്ന ചുരുക്കം ചില കോര്‍പ്പറേറ്റു ഹൗസുകളുടെ കൈകളില്‍ കേന്ദ്രീകരിച്ചിട്ടുള്ള മാധ്യമ ഉടമസ്ഥത സംബന്ധിച്ച ഘടനാപരമായ യാഥാര്‍ഥ്യങ്ങള്‍.

രണ്ട്, സ്വതന്ത്ര ജേണലിസത്തിനുമേല്‍ ഭരണകൂടം അഭൂതപൂര്‍വമായ നിലയില്‍ നടത്തുന്ന കടന്നാക്രമണവും അതിനെ നിഷ്ഠുരമായ വിധത്തില്‍ അടിച്ചമര്‍ത്തുന്നതും.
മൂന്ന്, ധാര്‍മിക മൂല്യങ്ങളെ ബാധിച്ചിട്ടുള്ള ജീര്‍ണതയും വളരെ സീനിയറായിട്ടുള്ള ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍തന്നെ അധികാരത്തിനു കീഴടങ്ങി സ്റ്റെനോഗ്രാഫര്‍മാരായി പണിയെടുക്കാന്‍ കാണിക്കുന്ന വ്യഗ്രതയും.

മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഒരധ്യാപകനെന്ന നിലയില്‍, ഞാനെന്റെ വിദ്യാര്‍ഥികളോട് ചോദിക്കുന്നത്, നമ്മുടെ തൊഴിലില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് ചിന്താഗതികളില്‍ ജേണലിസമോ സ്റ്റെനോഗ്രാഫിയോയെന്നതില്‍ എവിടെ നില്‍ക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ്.
കഴിഞ്ഞ മുപ്പതോളം വര്‍ഷമായി ഞാന്‍ വാദിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ നിയമപരമായി സ്വതന്ത്രമാണെങ്കിലും അവ കൊള്ളലാഭക്കാരുടെ തടവറയിലാണ്.

ഇന്ന്, ഇന്ത്യന്‍ മാധ്യമങ്ങളെ ഈ കൊള്ള ലാഭക്കൊതിയന്മാര്‍ തടവിലിട്ടിരിക്കുകയാണ്; എന്നാല്‍ അതിനിടയില്‍ സ്വതന്ത്രമായി നില്‍ക്കുന്ന ചുരുക്കം ചിലവയാകട്ടെ, രാഷ്ട്രീയമായി തടവിലാക്കപ്പെടുന്നത് വര്‍ധിച്ചുവരികയാണ്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ പരമദയനീയമായ ഈ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങള്‍ക്കുള്ളില്‍തന്നെ വളരെ കുറച്ച് ചര്‍ച്ചയേ ഉണ്ടാകുന്നുള്ളൂവെന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട നിര്‍ണായകമായ ഒരു സംഗതി. പൊതു അംഗീകാരമുള്ള, മുന്‍നിരക്കാരായ നാല് ബുദ്ധിജീവികള്‍ (ഈ നാലുപേരും തന്നെ ജേണലിസവുമായി ബന്ധപ്പെട്ടിരുന്നവരുമാണ്) കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടിരുന്നു.

നിശ്ചയമായും പ്രഗത്ഭയായ ഗൗരി ലങ്കേഷ് പഴക്കവും തഴക്കവുമുള്ള മുഴുവന്‍ സമയമാധ്യമപ്രവര്‍ത്തകയായിരുന്നു (റൈസിങ് കാശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററായ, ഷുജാത് ബുഖാരിയും ആയുധധാരികളുടെ വെടിയുണ്ടകള്‍ക്ക് ഇരയാവുകയായിരുന്നുവെന്നതും വസ്തുതയാണ്). എന്നാല്‍ മറ്റു മൂന്നുപേരും മാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരും പംക്തികള്‍ ചെയ്യുന്നവരുമാണ്.

നരേന്ദ്ര ധാബോല്‍ക്കര്‍ ഒരു മാഗസിന്‍ സ്ഥാപിക്കുകയും അതിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു; 25 വര്‍ഷത്തോളം അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതിയിരുന്നത് ആ മാഗസിന്റെ എഡിറ്റര്‍ എന്ന നിലയിലായിരുന്നു. ഗോവിന്ദ പന്‍സാരെയും എം എം കല്‍ബുര്‍ഗിയും പ്രമുഖരും പ്രസിദ്ധരുമായ എഴുത്തുകാരും പംക്തികാരന്മാരുമായിരുന്നു.

ഈ നാലു പേരെ സംബന്ധിച്ചും പൊതുവായിട്ടൊരു കാര്യമുണ്ടായിരുന്നു: അവര്‍ യുക്തിവാദികളായിരുന്നു; അതിനും പുറമേ അവര്‍ നാലുപേരും ഇന്ത്യന്‍ ഭാഷകളില്‍ എഴുതിയിരുന്ന ജേണലിസ്റ്റുകളുമായിരുന്നുþ ഇതാണ് അവരുടെ കൊലയാളികള്‍ തങ്ങള്‍ക്കുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയായിക്കണ്ടത്.

ഈ നാലുപേരുടെയും കൊലപാതകങ്ങള്‍ നടത്തിയത് ഭരണകൂടത്തിനു പുറത്തുള്ള ആളുകളാണ്; എന്നാല്‍ അവര്‍ കൃത്യമായും ഭരണകൂടത്തിന്റെ ഉന്നതതലത്തിലുള്ളവരുടെ പരിലാളനയും സംരക്ഷണവും ഉള്ളവരുമാണ്. ഭരണകൂടത്തിനു പുറത്തുള്ള ഈ കൊലയാളികളുടെ നോട്ടപ്പുള്ളികളായി ഇനിയും മറ്റനവധി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മാധ്യമസ്വാതന്ത്ര്യം ഏറ്റവും അടിത്തട്ടിലെത്തിയിരിക്കുകയാണെന്ന യാഥാര്‍ഥ്യത്തെ നേരിടാന്‍ നമ്മുടെ ജുഡീഷ്യറി തയ്യാറാവുകയാണെങ്കില്‍ ഒരുപക്ഷേ, ജേണലിസത്തിന്റെ ഇന്നത്തെ അധമമായ അവസ്ഥയെ ഏറെക്കുറെ മെച്ചപ്പെടുത്താന്‍ കഴിയില്ലേ?

ആധുനിക ടെക്നോളജിക്കല്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ശേഷി പെഗസസ് കേസ് കൈകാര്യം ചെയ്തപ്പോള്‍ താങ്കള്‍ സംശയാതീതമായി നിരീക്ഷിച്ചതുപോലെþ അടിയന്തരാവസ്ഥയെന്ന ദുഃസ്വപ്നത്തെപ്പോലും കടത്തിവെട്ടുന്നതാണ്.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് 2020ല്‍ പ്രസിദ്ധീകരിച്ച ലോകമാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142ലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുന്നു. (2022ല്‍ ഇത് 150þാം സ്ഥാനത്തെത്തി).
മാധ്യമസ്വാതന്ത്ര്യത്തോടുള്ള ഈ ഗവണ്‍മെന്റിന്റെ സമീപനം സംബന്ധിച്ച് എനിക്ക് നേരിട്ടുള്ള അനുഭവം ഇവിടെ പങ്കുവയ്ക്കാം.

142þാം സ്ഥാനമെന്ന ലജ്ജാകരമായ അവസ്ഥയോട് രോഷാകുലനായി പ്രതികരിച്ച കേന്ദ്ര കാബിനറ്റ് സെക്രട്ടറിതന്നെയാണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ സംബന്ധിച്ച് നേരെചൊവ്വേ രേഖപ്പെടുത്താന്‍ ഒരു ഇന്‍ഡക്സ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുന്നതിന് ആഹ്വാനം ചെയ്തത്.

അതില്‍ ഒരംഗമാകാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിലെ റാങ്കിനെ വെല്ലുവിളിക്കുന്നതിനേക്കാള്‍ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ അവസ്ഥയിലേക്കായിരിക്കും കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത് എന്ന ഉറപ്പുലഭിച്ചതിനെത്തുടര്‍ന്ന് ഞാന്‍ സ്വീകരിച്ചു.

പി സായിനാഥ്

പി സായിനാഥ്

13 അംഗങ്ങളുള്ള ആ കമ്മിറ്റിയില്‍ 11 പേരും ഉദ്യോഗസ്ഥ മേധാവികളും ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ഗവേഷകരുമായിരുന്നു.

വെറും രണ്ട് ജേണലിസ്റ്റുകള്‍ മാത്രംþ അതും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്ന കമ്മിറ്റിയില്‍! ഉദ്യോഗസ്ഥ മേധാവികളിലൊരാള്‍ പങ്കെടുത്ത യോഗങ്ങളിലൊന്നിലും (അയാള്‍ ആകെ രണ്ടെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ) ഒരിക്കലും ഒരു വാക്കുപോലും ഉരിയാടിയിരുന്നുമില്ല.

യോഗങ്ങള്‍ അനായാസം നടന്നു. ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചുകൊണ്ട് ഞാന്‍ മാത്രമാണ് അതില്‍ സംസാരിച്ചത്. എന്നിട്ട് വര്‍ക്കിങ് ഗ്രൂപ്പ് ഒരു 'കരട് റിപ്പോര്‍ട്ട്' തയ്യാറാക്കുകയുണ്ടായി; ഇതില്‍ ശ്രദ്ധേയമായിരുന്ന സംഗതി 'കരട്' എന്ന വാക്ക് ഇല്ലായിരുന്നു എന്നതാണ്. ഞാന്‍ യോഗത്തില്‍ ഉയര്‍ത്തിയ ഗൗരവസ്വഭാവമുള്ള വിഷയങ്ങളൊന്നുംതന്നെ ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചില്ല. അതുകൊണ്ട് അതിലുള്‍പ്പെടുത്താനായി എന്റേതായ ഒരു കുറിപ്പ് അഥവാ ഭിന്നാഭിപ്രായക്കുറിപ്പ് ഞാന്‍ സമര്‍പ്പിച്ചു.

പെട്ടെന്നുതന്നെ റിപ്പോര്‍ട്ടും കമ്മിറ്റിയും സര്‍വകാര്യങ്ങളും ആവിയായിപ്പോയി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബ്യൂറോക്രാറ്റിന്റെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട കമ്മിറ്റി (ഒരുപക്ഷേ, ഇദ്ദേഹമായിരിക്കും ഇന്ത്യയിലെ ഏറ്റവും ശക്തരായ രണ്ടുപേരോടുമാത്രം റിപ്പോര്‍ട്ടു ചെയ്യേണ്ടതായിട്ടുള്ള വ്യക്തി) അപ്രത്യക്ഷമായി.

വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്കുപോലും ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ലþ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്! എങ്കിലും ആ 'കരടി'ന്റെ എനിക്കുള്ള കോപ്പി എന്റെ കൈവശമുണ്ട്.

ശരിക്കുമുള്ള അഭ്യാസം നടന്നത് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുപോലുമായിരുന്നില്ലþ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതുപോലെ ഇന്‍വെസ്റ്റിഗേറ്റിങ് ജേണലിസം (ജേണലിസത്തിനെതിരെ ഇന്‍വെസ്റ്റിഗേഷന്‍ നടത്തല്‍) ആണ്; ഭിന്നാഭിപ്രായക്കുറിപ്പിന്റെ ഒരു കണിക വന്നപ്പോള്‍ ആ റിപ്പോര്‍ട്ടുതന്നെ അലിഞ്ഞുപോയി.

താങ്കളുടെ പ്രസംഗത്തില്‍ നൊസ്റ്റാള്‍ജിക്കായി അവതരിപ്പിച്ച തരത്തിലുള്ള ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ്ങിന്റെ കാര്യത്തില്‍ ജേണലിസത്തിന്റെ രംഗത്തുള്ള പലരും വളരെയേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഉന്നതങ്ങളില്‍ നടക്കുന്ന, പ്രത്യേകിച്ച് ഗവണ്‍മെന്റില്‍ നടക്കുന്ന വന്‍അഴിമതികളെയും വെട്ടിപ്പുകളെയും സംബന്ധിച്ച ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ശ്രമിക്കുന്ന മിക്കവാറും എല്ലാ ജേണലിസ്റ്റുകളും ഇന്ന് ആദ്യത്തെ മുഖ്യപ്രതിബന്ധത്തില്‍ത്തന്നെ വീണുപോകുന്നു

അതായത് ഉന്നതങ്ങളിലുള്ള ശക്തരായ ആളുകളുമായും സര്‍ക്കാര്‍ കരാറുകളുമായും വളരെ അടുത്ത ബന്ധമുള്ള തങ്ങളുടെ കോര്‍പ്പറേറ്റ് മാധ്യമമേലാളന്മാരുടെ താല്‍പ്പര്യമെന്തെന്നതാണ് ആ പ്രതിബന്ധം.

ആ ഭീമന്‍ മാധ്യമ ഉടമകള്‍ പെയ്ഡ് ന്യൂസില്‍നിന്നും, പൊതുഉടമസ്ഥതയിലുള്ള വിഭവങ്ങളുടെ ചൂഷണത്തിനായി ലൈസന്‍സുകള്‍ കരസ്ഥമാക്കിക്കൊണ്ടും, ആയിരക്കണക്കിന് കോടി രൂപ വരുന്ന പൊതുസ്വത്ത്, സ്വകാര്യവല്‍ക്കരണ നടപടികളിലൂടെ സര്‍ക്കാര്‍ അവരിലേക്ക് കൈമാറുന്നതുവഴിയും വളരെയധികം പണം ഉണ്ടാക്കുന്നവരാണ്; ഭരണകക്ഷികളുടെ തിരഞ്ഞെടുപ്പ് കാമ്പെയ്നുകള്‍ക്കു നല്ല പോലെ ഫണ്ടുനല്‍കുന്നവരുമാണവര്‍. അധികാരത്തിലിരിക്കുന്ന തങ്ങളുടെ പങ്കാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാന്‍ അവരുടെ ജേണലിസ്റ്റുകളെ അവര്‍ അനുവദിക്കില്ല.

ഒരു കാലത്ത് ഇന്ത്യയില്‍ അഭിമാനകരമായിരുന്ന ഒരു തൊഴില്‍ ഇന്ന് വരുമാനമുണ്ടാക്കാനുള്ള ഒരു വഴി മാത്രമായി അധഃപതിച്ചിരിക്കുകയാണ്; ഫോര്‍ത്ത് എസ്റ്റേറ്റും റിയല്‍ എസ്റ്റേറ്റും തമ്മിലുള്ള അതിര്‍വരമ്പുതന്നെ പലപ്പോഴും മാഞ്ഞുപോവുകയാണ്.

അതുകൊണ്ടുതന്നെ അധികാരികളെ സംബന്ധിച്ച സത്യം വിളിച്ചുപറയുന്ന തരത്തിലുള്ള ജേര്‍ണലിസത്തോടുള്ള താല്‍പ്പര്യംതന്നെ അവര്‍ക്ക് ഇല്ലാതായിരിക്കുന്നു.

സര്‍, മഹാമാരിയുടെ ഈ കാലത്ത് ഈ രാജ്യത്തെ പൊതുജനത്തിന് ജേണലിസത്തെയും ജേണലിസ്റ്റുകളെയും ആവശ്യമായിരുന്നതിനേക്കാളുപരി മുന്‍പൊരിക്കലും ആവശ്യമായി വന്നിട്ടില്ല എന്ന് ഞാന്‍ പറയുകയാണെങ്കില്‍, താങ്കളും യോജിക്കും എന്ന് ഞാന്‍ കരുതുന്നു.

ശക്തരായ ഈ മാധ്യമസ്ഥാപനങ്ങളുടെ ഉടമകള്‍ പൊതുജനങ്ങളുടെ, സ്വന്തം വായനക്കാരും പ്രേക്ഷകരുമായവരുള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ, ഹതാശമായ ഈ ആവശ്യത്തോട് എങ്ങനെയാണ് പ്രതികരിച്ചത്? 2000നും 2500നുമിടയ്ക്ക് ജേണലിസ്റ്റുകളെ പിരിച്ചുവിട്ടുകൊണ്ടും അതിനേക്കാള്‍ നിരവധി ഇരട്ടിയിലധികം നോണ്‍ ജേണലിസ്റ്റുകളായ മാധ്യമജീവനക്കാരെയും പുറത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ടുമാണ് അവര്‍ പ്രതികരിച്ചത്.

പൊതുസേവനം എന്ന ആശയംതന്നെ എന്നേ പോയ്മറഞ്ഞിരിക്കുന്നു. 2020ലെ സാമ്പത്തികത്തകര്‍ച്ച മാധ്യമങ്ങളെ മുമ്പെന്നത്തേയുംകാള്‍ അധികമായി ഗവണ്‍മെന്റ് അഡ്വര്‍ട്ടെസിങ്ങിനെ ആശ്രയിക്കുന്നതാക്കി മാറ്റിയിരിക്കുന്നു.

അതുകൊണ്ട് ഇന്ന് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും തങ്ങള്‍തന്നെ മുമ്പു പ്രസിദ്ധീകരിച്ച കോവിഡ്19 കൈകാര്യം ചെയ്യുന്നതിലെ പിഴവുകളെക്കുറിച്ചുള്ള സ്റ്റോറികള്‍ (വളരെ കുറച്ചെണ്ണമേ അങ്ങനെയുണ്ടായിരുന്നുള്ളൂ എന്നും സമ്മതിക്കണം) തന്നെ വിസ്മരിക്കുകയാണ്; എന്നിട്ട് കോവിഡ്19 മഹാമാരിയെ ചെറുക്കുന്നതില്‍ ഇന്ത്യ അത്യുജ്വലമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്നും എല്ലാ കാര്യങ്ങളിലും ഇന്ത്യയാണ് ലോകത്തെ നയിക്കുന്നതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ കെട്ടുകഥകള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണ്.

ഈ കാലഘട്ടം അല്‍പ്പവും സുതാര്യമല്ലാത്ത 'പിഎം കെയേഴ്സ് ഫണ്ടി'ന്റെ രൂപീകരണത്തിനും സാക്ഷ്യം വഹിച്ചു.

അതിന്റെ ടൈറ്റിലില്‍ ''പ്രൈംമിനിസ്റ്റര്‍' എന്ന വാക്കു പതിച്ചിട്ടുണ്ട്. അതിന്റെ വെബ്സൈറ്റില്‍ അദ്ദേഹത്തിന്റെ മുഖം പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

എന്നാല്‍ അവര്‍ വാദിക്കുന്നത് ഇത് ഒരു പബ്ലിക് അതോറിറ്റി അല്ലായെന്നാണ്; അതുകൊണ്ടുതന്നെ അത് വിവരാവകാശനിയമത്തിന് വിധേയമാക്കാനാവില്ല എന്നാണ്.

വാസ്തവത്തില്‍ ''ഇത് ഇന്ത്യ ഗവണ്‍മെന്റിന്റെ ഫണ്ടല്ല'' എന്നുമാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള സ്ഥാപനപരമായ യാതൊരു ഓഡിറ്റിങ്ങിനും വിധേയമാക്കാന്‍ തയ്യാറല്ലായെന്നുമാണ്.

സര്‍, ഈ കാലഘട്ടത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പനായ തൊഴില്‍ നിയമനിര്‍മാണങ്ങളില്‍ ചിലതിനും നാം സാക്ഷ്യം വഹിച്ചത്; ആദ്യമവ സംസ്ഥാന സര്‍ക്കാരുകളുടെ ഓര്‍ഡിനന്‍സുകളായും പിന്നീട് കേന്ദ്രത്തിന്റെ 'കോഡു'കളായുമാണ് നിലവില്‍വന്നത്.

വിജ്ഞാപനം ചെയ്യപ്പെട്ട ചില ഓര്‍ഡിനന്‍സുകള്‍ ഇന്ത്യന്‍ തൊഴിലാളികളെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുന്നവയാണ്.

തൊഴിലവകാശങ്ങളിലെ സ്വര്‍ണമുദ്രയായ എട്ടുമണിക്കൂര്‍ തൊഴില്‍സമയം എന്നത് സസ്പെന്റുചെയ്തതില്‍ ഇതാണ് കാണുന്നത്. ഒട്ടനവധി തൊഴിലാളികളെ തങ്ങള്‍ക്കുകീഴില്‍ നിയമിച്ചിട്ടുള്ള കോര്‍പ്പറേറ്റുടമസ്ഥതയിലുള്ള മാധ്യമങ്ങളില്‍ ഒന്നുംതന്നെ ഇവയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനുള്ള ഇടം ഒട്ടുംതന്നെ കണ്ടില്ല.

ഇത് ഏറ്റെടുക്കാനാവുന്ന ജേണലിസ്റ്റുകളില്‍ പലരും ഇന്ന് തൊഴില്‍രഹിതരാണ്; അവരുടെ മാധ്യമ ഉടമകള്‍ അവരെ പുറത്തുകളഞ്ഞിരിക്കുകയാണ്.

യുവര്‍ ഓണര്‍, അതേ അളവില്‍തന്നെ എന്നെ അസ്വസ്ഥമാക്കുന്നത്, സര്‍ക്കാരിന്റെ ഈ അഴിമതികളുടെ കാര്യത്തിലാണെങ്കിലും ജേണലിസ്റ്റുകളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിലും തൊഴില്‍നിയമങ്ങള്‍ റദ്ദുചെയ്തതിലും സുതാര്യമായ യാതൊരു ഓഡിറ്റുമില്ലാതെ സ്വതന്ത്രമായി ഫണ്ട് സമാഹരിക്കാന്‍ പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതിലുമൊക്കെ ഇടപെടാനും അത് എല്ലാം അവസാനിപ്പിക്കാനും ജുഡീഷ്യറിയെ ഒരിടത്തും ഞാന്‍ കണ്ടതേയില്ല.

മാധ്യമങ്ങളുടെ സഹജമായതും ഘടനാപരമായിട്ടുള്ളതുമായ തെറ്റുകള്‍ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു; ആ തെറ്റുകള്‍ മാധ്യമങ്ങളെ സന്ധിചെയ്യുന്നതും പണം നല്‍കുന്നവരോട് സൗഹൃദം പ്രകടിപ്പിക്കുന്നതുമായ ഒരു പ്രതിഭാസമാക്കി ചുരുക്കിയിരിക്കുന്നു.

എന്നാല്‍ ഈ കാര്യങ്ങളില്‍ ചിലതിലെങ്കിലും ജൂഡീഷ്യറിയുടെ ഇടപെടല്‍ ജേണലിസ്റ്റുകളെ നന്നായിട്ട് ആശയപ്രകടനത്തിന് സഹായിക്കുമെന്നത് തീര്‍ച്ചയാണ്.

സ്വതന്ത്ര മാധ്യമങ്ങളുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകള്‍, അവയുടെ ഉടമസ്ഥരെയും അവയിലെ ജേണലിസ്റ്റുകളെയും 'കള്ളപ്പണം വെളുപ്പിക്കുന്നവര്‍' എന്ന നിലയില്‍ വിരട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യല്‍, ഈ സ്ഥാപനങ്ങളിലുള്ളവരെ നിരന്തരം ഉപദ്രവിക്കല്‍ എന്നിവയെല്ലാം അതിഭയങ്കരമായ ഒരവസ്ഥയിലേക്ക് നയിക്കുകയാണ്. തീര്‍ച്ചയായും ഈ കേസുകളില്‍ ഏറെയും കോടതികളില്‍ തകര്‍ന്നടിയും; സര്‍ക്കാരിന്റെ തീട്ടൂരം നടപ്പാക്കുന്ന ഏജന്‍സികള്‍ക്കും ഇത് നല്ലതുപോലെ അറിയാം.

എന്നാല്‍ അവര്‍ ഒരു തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്þ അതായത്, കോടതി വിധി വരും വരെയുള്ള പ്രക്രിയയാണ് ശരിക്കുമുള്ള ശിക്ഷ. അത് വര്‍ഷങ്ങള്‍തന്നെ നീണ്ടുപോകും; അഭിഭാഷകരുടെ ഫീസിനത്തില്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കണം; മാധ്യമങ്ങളില്‍ സ്വതന്ത്രമായി ശബ്ദിക്കുന്ന ചുരുക്കം ചിലരെ ഇങ്ങനെ കുത്തുപാളയെടുപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്. വന്‍കിട മാധ്യമങ്ങളില്‍ അപൂര്‍വമായ സ്വതന്ത്ര ശബ്ദം പോലും ദൈനിക് ഭാസ്കര്‍ അധോലോകത്തിന്റെ ഒരു മടയെന്നപോലെ റെയ്ഡ് ചെയ്യപ്പെടുകയുണ്ടായി. ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഭയന്നുവിറച്ചുപോയ മറ്റു മാധ്യമങ്ങളിലൊന്നും ഉണ്ടായതുമില്ല.

സര്‍, ഒരു പക്ഷേ നിയമത്തിന്റെ ഈ ദുരുപയോഗത്തെ തടയാന്‍ എന്തെങ്കിലും ചെയ്യാന്‍ ജുഡീഷ്യറിക്കു കഴിയും.

കഷ്ടം, ഇപ്പോള്‍ റദ്ദ് ചെയ്യപ്പെട്ട കാര്‍ഷിക നിയമങ്ങളുടെ വിഷയത്തില്‍തന്നെ ജുഡീഷ്യറി വിവേചനബുദ്ധിയോടെ ഇടപ്പെട്ടില്ല. ഞാന്‍ നിയമം പഠിച്ചിട്ടേയില്ല.

എന്നാല്‍, ആശങ്കയുണര്‍ത്തുന്ന ഇത്തരം നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നത് പരമോന്നത ഭരണഘടനാ കോടതിയുടെ സുപ്രധാന കടമയാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

അങ്ങനെ ചെയ്യുന്നതിനുപകരം കോടതി ഒരു കമ്മിറ്റി രൂപീകരിക്കുകയും കര്‍ഷകനിയമപ്രതിസന്ധിക്ക് പരിഹാരം കാണാനായി ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയോട് ഉത്തരവിടുകയും ചെയ്തു പിന്നീട് ചുമതലപ്പെടുത്തപ്പെട്ട റിപ്പോര്‍ട്ടും ഒപ്പം ആ കമ്മിറ്റിയും ഒരേപോലെ വിസ്മൃതിയിലായി.

ഇതോടെ, 'കമ്മിറ്റിവഴിയുള്ള മരണ' ശിക്ഷയോടൊപ്പം കമ്മിറ്റിയുടെ തന്നെ മരണമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

വീണ്ടും കര്‍ഷകനിയമങ്ങളെ സംബന്ധിച്ച് 'മുഖ്യധാരാ' മാധ്യമങ്ങളിലെ താല്‍പ്പര്യസംഘട്ടനങ്ങള്‍ ഭീമമായിരുന്നു. ഈ നിയമങ്ങളില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോര്‍പ്പറേറ്റ് മേധാവിയായ ആള്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഉടമയും കൂടിയാണ്. അയാളുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത മാധ്യമങ്ങളില്‍ മിക്കവാറും അയാള്‍ തന്നെയായിരിക്കും ഏറ്റവുമധികം പരസ്യങ്ങള്‍ നല്‍കുന്നയാള്‍.

അതുകൊണ്ട് തങ്ങളുടെ എഡിറ്റോറിയലുകളില്‍ 'മുഖ്യധാരാ' മാധ്യമങ്ങള്‍ അയാളെ പ്രീതിപ്പെടുത്തുകയും അയാളുടെ ദല്ലാളുകളായും പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ നാം അത്ഭുതപ്പെടേണ്ടതില്ല.

ഈ മാധ്യമങ്ങളേതെങ്കിലും തങ്ങളുടെ വായനക്കാരോടോ പ്രേക്ഷകരോടോ തങ്ങളുടെ മുദ്രാവാക്യങ്ങളിലെല്ലാം കര്‍ഷകര്‍ പേരെടുത്തു പറഞ്ഞ രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാരെ കുറിച്ച് പറയുമോ അതായത്, ആ രണ്ടു മാന്യന്മാരുടെയും കൂട്ടായ ആസ്തിയുടെ വില പഞ്ചാബിന്റെയോ ഹരിയാനയുടെയോ ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ടിനെക്കാള്‍ വളരെയേറെ അധികമാണെന്ന് വിളിച്ചുപറയാന്‍ തയ്യാറാകുമോ?

ഫോര്‍ബ്സ് മാഗസിന്‍ റിപ്പോര്‍ട്ടുപ്രകാരം ഇവരില്‍ ഒരാള്‍ മാത്രം വാരിക്കൂട്ടിയ വ്യക്തിഗത സ്വത്ത് പഞ്ചാബിന്റെ ജിഎസ്ഡിപിയെയും കടത്തിവെട്ടുന്നതാണ് എന്ന വിവരം ഏതെങ്കിലുമൊരു മാധ്യമം ജനങ്ങളെ അറിയിക്കുമോ? ഇത്തരം വിവരങ്ങള്‍ ഈ മാധ്യമങ്ങളുടെ ശ്രോതാക്കള്‍ക്കോ വായനക്കാര്‍ക്കോ ശരിയായ വിധത്തിലുള്ള അഭിപ്രായത്തില്‍ എത്തിച്ചേരാനുള്ള സാധ്യത നല്‍കുമെന്നുറപ്പാണ്.

ഇപ്പോള്‍ വളരെക്കുറച്ച് ജേണലിസ്റ്റുകള്‍ക്കാണ് അതിലും കുറച്ച് മാത്രം മാധ്യമ സ്ഥാപനങ്ങള്‍ക്കാണ്þ താങ്കളുടെ പ്രസംഗത്തില്‍ നൊസ്റ്റാള്‍ജിക്കായ ഒരാഗ്രഹമായി താങ്കള്‍ പ്രകടിപ്പിച്ച തരത്തിലുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിനുള്ള ശേഷിയുള്ളത്. അതിലും വളരെ കുറച്ചുപേര്‍ മാത്രമാണ് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം എന്ന് നാം വിളിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുള്ളത് കോടിക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍; കഴിഞ്ഞ 41 വര്‍ഷമായി ഈ ഒടുവില്‍ പറഞ്ഞ ഇനത്തില്‍പ്പെടുന്ന ഒരാളായാണ് ഞാന്‍ എഴുതുന്നത്.

എന്നാല്‍ മനുഷ്യാവസ്ഥയെക്കുറിച്ച് അന്വേഷണം നടത്തുന്ന മറുള്ളവരുമുണ്ട് അതു മെച്ചപ്പെടുത്താന്‍ അവര്‍ പരമാവധി ശ്രമിക്കുന്നുമുണ്ട് അവരെല്ലാം ജേണലിസ്റ്റുകളുമല്ല.

കൃത്യമായി പറഞ്ഞാല്‍ അവ ലാഭതേര, സിവില്‍ സൊസൈറ്റി സംഘടനകളാണ്, ഇന്ത്യാ ഗവണ്‍മെന്റ് അവയ്ക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എഫ്സിആര്‍എകള്‍ റദ്ദ് ചെയ്യപ്പെട്ടു; ഓഫീസുകളില്‍ റെയ്ഡ് നടത്തുക; അക്കൗണ്ടുകള്‍ മരവിപ്പിക്കുക; കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍ നടത്തുക ഒന്നുകില്‍ അവ തകര്‍ക്കപ്പെടുകയും പാപ്പരാക്കപ്പെടുകയും ചെയ്യുന്നതുവരെ അല്ലെങ്കില്‍ ആ അവസ്ഥയുടെ വക്കോളമെത്തിക്കുക. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം, ബാലവേല, കൃഷി, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകള്‍.

സര്‍, അതിനാല്‍ മാധ്യമങ്ങള്‍ അതീവപരിതാപകരമായ അവസ്ഥയിലായിരിക്കുകയും അവയെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് നാമിപ്പോള്‍.

താങ്കളുടെ പ്രസംഗത്തില്‍ നടത്തിയ ഹ്രസ്വവും ഉള്‍ക്കാഴ്ചയുള്ളതുമായ പരാമര്‍ശങ്ങളാണ് താങ്കള്‍ക്ക് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മാധ്യമങ്ങള്‍ മെച്ചപ്പെട്ട നിലയിലാകണമെന്നത് ചോദ്യം ചെയ്യാനാവാത്ത വസ്തുതയാണ്. അതിനെ മെച്ചപ്പെട്ട നിലയിലാക്കാന്‍ ജുഡീഷ്യറിക്ക് സഹായിക്കാനാകും; അതോടൊപ്പം തന്നെ മാധ്യമങ്ങള്‍ സ്വയം നന്നാകേണ്ടതുമുണ്ട്; നമ്മുടെ ഈ രണ്ട് സ്ഥാപനങ്ങളും, പുറമേ നമ്മളെല്ലാവരും സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുന്ന ഇനിയുള്ള ഓരോ ദിവസവും നിഷ്ഠുരമായി വിധിക്കപ്പെടും.