നമ്മള്‍ നമ്മുടെ ജനാധിപത്യത്തെ എന്താണ് ചെയ്തത്?

Thursday Sep 1, 2022
ശ്രീജിത്ത് ദിവാകരന്‍
കരൺ ഥാപ്പര്‍

ചാനലുകള്‍ക്കും ഓൺലൈൻ ന്യൂസ് ഇടങ്ങള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്തതാണ് അഭിമുഖങ്ങള്‍. മിക്കവാറും ചാനലുകള്‍ക്ക് സ്ഥിരമായ അഭിമുഖപരിപാടികളും ഉണ്ട്. വാര്‍ത്തകളും അതിന്റെ തിരഞ്ഞെടുപ്പുകളും അവതരണവും ചര്‍ച്ചാവതാരകരുടെ ഏകപക്ഷീയ നിലപാടുകളും സർവജ്ഞാന ഭാവവും നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും അഭിമുഖങ്ങളുടെ നിലവാരവും തെളിച്ചവും മലയാള ചാനലുകളില്‍ പലപ്പോഴും കാണാമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി അതിന് കാര്യമായ ഇടിവുവരികയും ഓൺലൈൻ വാര്‍ത്തായിടങ്ങളില്‍ ഇത്തരം മികച്ച അഭിമുഖങ്ങള്‍ക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു. വാര്‍ത്തകളോടുള്ള സത്യസന്ധമായ സമീപനരീതിക്ക് സംഭവിച്ച നിലപാരമായ ഇടിവായിരിക്കണം അഭിമുഖങ്ങളെയും ബാധിച്ചത്.

ഇന്ത്യയില്‍ ഒരുപക്ഷേ, ഇത്തരത്തില്‍ ഏറ്റവും ശ്രദ്ധേയനായ അഭിമുഖകാരന്‍ കരൺ ഥാപ്പര്‍ ആയിരിക്കും. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷനില്‍ ഡോക്ടറേറ്റ് എടുത്തശേഷം നൈജീരിയയിലെ ലാഗോസില്‍ ‘ദ ടൈംസി’ന്റെ ലേഖകനായി കരണ്‍ ഥാപ്പര്‍ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. വീണ്ടും ബ്രിട്ടണിലെത്തിയ കരണ്‍ ഥാപ്പര്‍ ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനിലെ 11 വര്‍ഷത്തെ അനുഭവങ്ങളുമായാണ് തൊണ്ണൂറുകളുടെ ആദ്യം ഇന്ത്യയില്‍ ടിവി ജേണലിസം ആരംഭിക്കുന്നത്.

നരേന്ദ്ര മോദിയും കരൺ ഥാപ്പറും തമ്മിൽ നടന്ന അഭിമുഖം

നരേന്ദ്ര മോദിയും കരൺ ഥാപ്പറും തമ്മിൽ നടന്ന അഭിമുഖം



ബിബിസിക്കും ദൂരദര്‍ശനും ന്യൂസ് ഏഷ്യയ്‌ക്കും വേണ്ടി അഭിമുഖങ്ങള്‍ നടത്തിയിട്ടുള്ള കരണ്‍ ഥാപ്പറിന്റെ സിഎന്‍എന്‍ ഐബിഎന്നിലെ ഡെവിള്‍സ് അഡ്‌വോകേറ്റ്, ലാസ്റ്റ് വേഡ്, ഇന്ത്യ ടുഡേയിലെ റ്റു ദ പോയിന്റ്, നത്തിങ് ബട്ട് ദ ട്രൂത്ത് എന്നീ അഭിമുഖ പരിപാടികള്‍ ഇന്ത്യന്‍ ടെലിവിഷനില്‍ത്തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച വാര്‍ത്താഭിമുഖങ്ങളായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെയും വിദേശത്തെയും ധാരാളം പ്രമുഖര്‍ കരണ്‍ ഥാപ്പറിനുമുന്നില്‍ അഭിമുഖത്തിനായി ഇരുന്നിട്ടുണ്ട്. അതിൽതന്നെ ഏറ്റവും പ്രധാനം ഒരുപക്ഷേ, 2007ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി സിഎന്‍എന്‍ ഐബിഎന്നിന് വേണ്ടി നടത്തിയ അഭിമുഖമായിരിക്കും.

അന്ന് മൂന്നുമിനുട്ടിനുള്ളില്‍ അഭിമുഖം അവസാനിപ്പിച്ച മോദി, ബിജെപിയില്‍ അദ്ദേഹത്തിന് പരിപൂർണ നിയന്ത്രണം ലഭിച്ചതുമുതല്‍ കരൺ ഥാപ്പറിന് ഒരു ബിജെപി നേതാവുമായും അഭിമുഖം അനുവദിച്ചില്ല.

കരണ്‍ ഥാപ്പറിനോട് ഒരിക്കലും പൊറുക്കില്ലെന്നും പ്രതികാരം ചെയ്യുമെന്നും 2014ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറിനോട് മോദി പറഞ്ഞതായി ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ‘ഡെവിള്‍സ് അഡ്‌വോകേറ്റ്' എന്ന പുസ്തകത്തില്‍ ഥാപ്പർ പറയുന്നു.

കുറച്ചുകാലമായി ‘ദ വയർ’ ന്യൂസ് പോര്‍ട്ടലിനുവേണ്ടി അഭിമുഖ പരിപാടികള്‍ നടത്തുന്ന ഥാപ്പർ ഏറ്റവും പുതിയതായി സംസാരിച്ചിട്ടുള്ളത് അരുന്ധതി റോയിയുമായാണ്. പരസ്‌പരബഹുമാനം, ഹോം വര്‍ക്ക്, നിര്‍ണായക ചോദ്യങ്ങളിലൂടെ അഭിമുഖത്തെ ചോദ്യകാരന്റെ വഴിയിലൂടെ നയിക്കുക തുടങ്ങി ജേണലിസത്തിന്റെ പാഠങ്ങളായി എണ്ണാവുന്ന പലതും ആ കൂടിക്കാഴ്‌ചയിലുണ്ട്. അതിനെല്ലാം ഉപരി ഇന്ത്യയുടെ രാഷ്ട്രീയഭാവിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഉത്കണ്ഠകളും.

‘നമ്മള്‍ ജനാധിപത്യത്തെ എന്താണ് ചെയ്തത്? അതിനെ നമ്മള്‍ എന്താക്കി മാറ്റി? അന്തസ്സാരശൂന്യവും അർഥരഹിതവുമായി അത് മാറിയപ്പോള്‍ എന്താണ് സംഭവിച്ചത്? ജനാധിപത്യത്തിലുള്ളിലെ ഒരോ സ്ഥാപനവും ഭയാനകമായ മറ്റെന്തോ ആയി പരിണമിച്ചപ്പോഴെന്ത് സംഭവിച്ചു?' എന്നുള്ള 2009 ലുള്ള

അരുന്ധതി റോയ്‌

അരുന്ധതി റോയ്‌

അരുന്ധതി റോയിയുടെ ചോദ്യങ്ങളെ മുന്‍നിര്‍ത്തിയാണ് കരണ്‍ ഥാപ്പര്‍ ആരംഭിക്കുന്നത്.

അതിനുള്ള ഉത്തരത്തില്‍ നിന്ന് മതേതരത്വം, ജനാധിപത്യം എന്നിവ ഇല്ലാതായതെങ്ങനെയെന്നും ഫാസിസ്റ്റ് രാജ്യമായി നമ്മള്‍ മാറുന്നതെങ്ങനെയെന്നുമുള്ള അരുന്ധതി റോയിയുടെ ഉത്തരങ്ങളിലേക്ക്‌ നയിക്കുന്ന തുടര്‍ചോദ്യങ്ങള്‍ ഉണ്ടാകുന്നു.

‘ഇപ്പോഴെന്താണ് സംഭവിക്കുന്നത്. ഒരു വലിയ വിപ്ലവം ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യവസായി അദ്ദേഹത്തിന്റെ രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട വ്യവസായിയെക്കാള്‍ വലിയ ധനവാനായിരിക്കുന്നു. അദാനിയാടെ സ്വത്ത് 88 ബില്യണ്‍ ഡോളറും അംബാനിയുടേത് വെറും 87 ബില്യണ്‍ ഡോളറുമാണിപ്പോള്‍ എന്നാണ് തോന്നുന്നത്.

അദാനിയുടെ 88 ബില്യണില്‍ 51 ബില്യണും കഴിഞ്ഞ വര്‍ഷം, ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യരും തൊഴിൽരാഹിത്യത്തിലും പട്ടിണിയിലും ദാരിദ്ര്യത്തിലും നിലംപതിച്ച കാലത്ത്, ഉണ്ടായതാണ്.’ അരുന്ധതി റോയി മറുപടി പറയുന്നു.


ഇംഗ്ലീഷ് പോര്‍ട്ടലാണെങ്കിലും ന്യൂസ് മിനുട്ടിനുവേണ്ടി ധന്യാരാജേന്ദ്രന്‍ മലയാളത്തില്‍ തയ്യാറാക്കുന്ന മലയാളത്തിലുള്ള അഭിമുഖങ്ങളും ചര്‍ച്ചകളും വാര്‍ത്തകളെ ഗൗരവമായി സമീപിച്ചുകൊണ്ടുള്ള, വിഷയങ്ങളുടെ ഉള്ളുതൊടുന്ന ജേണലിസ്റ്റ് വര്‍ക്കുകളായി എണ്ണാവുന്നതാണ്.


ബിഷപ്പ് ഫ്രാങ്കോ കേസിലുള്ള കോടതി വിധി, ദിലീപ് പ്രതിയായ കേസിലെ പുതിയ സംഭവവികാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം പ്രസക്തമായ ചര്‍ച്ചകളും അഭിമുഖങ്ങളും ന്യൂസ് മിനുട്ടില്‍ കണ്ടിട്ടുണ്ട്. മീഡിയവണ്‍ വിഷയം ഇത്തരത്തില്‍ ദേശീയചാനലുകളിലും വലിയ ചര്‍ച്ചയായി. ഇതാകട്ടെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

************
അഭിമുഖങ്ങളെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകാന്‍ പറ്റാത്ത ഒന്നാണ് കേരള ഗവര്‍ണര്‍ വിവിധ ഹിന്ദി, ഇംഗ്ലീഷ് ചാനലുകള്‍ക്ക് അനുവദിച്ച കൂടിക്കാഴ്‌ചകള്‍. ഗവര്‍ണര്‍ എന്ന ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുമ്പോഴും ഹിജാബ് വിഷയത്തില്‍ സംഘപരിവാര്‍ താൽപ്പര്യം സംരക്ഷിക്കുന്ന വാദഗതികള്‍ നിരത്തുന്ന അഭിമുഖങ്ങളായിരുന്നു അവ.

വിവിധ ചാനലുകള്‍ എക്‌സ്‌ക്ലൂസീവ് എന്ന പേരില്‍ നടത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ അഭിമുഖങ്ങള്‍ ഹിജാബ് വിഷയത്തില്‍ മുസ്ലിം സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തരും പുലര്‍ത്തുന്ന ഉത്‌ക്കണ്ഠകളെ നിരാകരിക്കുന്നതും സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഖുറാനില്‍ മറിച്ചൊരു കാഴ്‌ചപ്പാടാണ് ഉള്ളത് എന്നും പറയുന്നതായിരുന്നു. ഒാരോ അഭിമുഖവും അനുവദിക്കുന്നതാര്‍ക്കാണ്, അനുവദിക്കുന്ന സമയമേതാണ് എന്നുള്ളത് വളരെ പ്രധാനപ്പെടണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ആരിഫ് മുഹമ്മദ് ഖാന്റെ ഈ നിലപാട് ധാര്‍മ്മിതയ്‌ക്ക്‌ എത്രമാത്രം നിരക്കുന്നതാണ് എന്നുള്ള കാര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാം.

ആരിഫ് മുഹമ്മദ് ഖാന്‍

ആരിഫ് മുഹമ്മദ് ഖാന്‍


എന്നാല്‍ ‘ഉന്നത ധാര്‍മ്മിക മൂല്യ'ങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും മുതല്‍ സർവകലാശാലകള്‍ക്ക് എതിരെവരെ നിലപാടുകള്‍ കൈക്കൊള്ളുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരത്തില്‍ വൈകാരികമായ ഒരു സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ന്യൂനപക്ഷം ആക്രമിക്കപ്പെടുന്ന കാലത്ത് ഇത്തരമൊരു നിലപാട് കൈക്കൊണ്ടത് എത്രമാത്രം ശരിയാണ് എന്ന ചോദ്യം കേരളത്തില്‍ നിന്ന് കാര്യമായി ഉയര്‍ന്നില്ല.

ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതും വാര്‍ത്തയാകുന്ന ഇടത്ത് ഇത്തരമൊരു നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ?

കണ്ണൂരിൽ സിപിഐ എമ്മിന്റെ  പ്രവര്‍ത്തകന്‍ ബിജെപി/ആര്‍എസ്എസ് സംഘത്തിന്റെ അതിക്രൂരമായ കൊലപാതകത്തിന് ഇരയായി. തലശ്ശേരി പുന്നോലിലെ ഹരിദാസിനെയാണ്‌ ആർഎസ്‌എസ്സുകാർ ക്രൂരമായി വെട്ടിക്കൊന്നത്‌. 

മാധ്യമങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെ അവതരിപ്പിക്കുന്നതിലുള്ള ഇരട്ടത്താപ്പ് ഒരു കോളേജ് വിദ്യാർഥിയടക്കമുള്ളവരുടെ വധത്തിന്റെ അടിസ്ഥാനത്തില്‍ ഇതേ കോളത്തില്‍ മുമ്പ് രണ്ടുവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കണ്ണൂരിൽ ആർഎസ്‌എസ്‌ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ കെ ഹരിദാസ്‌

കണ്ണൂരിൽ ആർഎസ്‌എസ്‌ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ കെ ഹരിദാസ്‌

പതിനഞ്ച് മാസത്തിനിടെ പതിനൊന്ന്‌ സിപിഐ എമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങള്‍ക്ക് ഈ ആക്രമണങ്ങളെ കാണാന്‍ പറ്റുന്നില്ല. മനോരമ കഴിഞ്ഞ പലതവണയെന്ന പോലെ ഉത്സാഹത്തോടെ കൊലപാതകത്തിന്റെ പിന്നില്‍ രാഷ്ട്രീയമാണെന്ന് ഉറപ്പിക്കാനാവില്ല എന്നും വാര്‍ത്ത കൊടുത്തു.

എന്നിട്ടും മാധ്യമങ്ങള്‍ക്ക് ഈ ആക്രമണങ്ങളെ കാണാന്‍ പറ്റുന്നില്ല. മനോരമ കഴിഞ്ഞ പലതവണയെന്ന പോലെ ഉത്സാഹത്തോടെ കൊലപാതകത്തിന്റെ പിന്നില്‍ രാഷ്ട്രീയമാണെന്ന് ഉറപ്പിക്കാനാവില്ല എന്നും വാര്‍ത്ത കൊടുത്തു. ദിനം മുഴുവനുള്ള സ്‌റ്റോറികളും ലൈവ് ടെലികാസ്റ്റുകളും ഇല്ല.

കാര്യമാത്രപ്രസക്തമായ ജേണലിസമാണ് ഈ സാഹചര്യത്തില്‍ സംഭവിക്കുക. സിപിഐ എമ്മിനോടുള്ള വിരോധത്തിന്റെ പേരില്‍ സംഘപരിവാറിനും അനുകൂലസംഘടകള്‍ക്കും നേരെ പുലര്‍ത്തുന്ന ഇത്തരം ഉദാരമായ സമീപനങ്ങളാണ് ദേശീയതലത്തില്‍ വളർന്നുനില്‍ക്കുന്ന വിപത്തായി മാറിയത്.

അതിനെയാണ് അരുന്ധതി റോയിയെപ്പോലുള്ള ആളുകള്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

നമ്മള്‍ നമ്മുടെ ജനാധിപത്യത്തോട് എന്താണ് ചെയ്തത് എന്ന ചോദ്യം മാധ്യമങ്ങള്‍ പേര്‍ത്തും പേര്‍ത്തും സ്വയം ചോദിക്കണം. അല്ലെങ്കില്‍ വരുംകാലം കണക്ക് ചോദിക്കും.
(ദേശാഭിമാനി വാരികയിൽ നിന്ന്)