ചെറുകിണറുകള്‍ക്കുള്ളിലെ ഭീകരജീവികള്‍

Thursday Sep 1, 2022
ശ്രീജിത്ത് ദിവാകരന്‍

ലോകം കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണ്. കോവിഡ് കാലത്തിന് ശേഷം പല സമ്പദ്‌വ്യവസ്ഥകളും താറുമാറാകുന്നു. സമീപത്ത് ശ്രീലങ്ക വന്‍ തകര്‍ച്ചയില്‍ . പാകിസ്ഥാനില്‍ ഇതിനെല്ലാം ഒപ്പം രാഷ്ട്രീയ പ്രതിസന്ധി. ഏഷ്യയോട് ചേര്‍ന്നാണ് റഷ്യയും യുക്രെയ്‌നുമായുള്ള പ്രതിസന്ധി. ഇതില്‍ ചൈന പ്രധാന പങ്കുഹിക്കുകയും ചെയ്യുന്നു.  ഈ പ്രതിസന്ധിയുടെ കാലത്താണ് അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നത്. ഇന്ധനവില ആകാശം മുട്ടെയാണ് വർധിക്കുന്നത്. പാചകവാതകത്തിന് ദിനംപ്രതി വില കൂടുന്നു.

എന്തിന് ജീവന്‍രക്ഷാ മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ ഇരട്ടിയിലധികം വർധിപ്പിച്ചു. നൂറുകണക്കിന് മരുന്നുകളുടെ വിലയാണ് വർധിച്ചത്. ആരോഗ്യരക്ഷാ ഇന്‍ഷൂറന്‍സിന്റെ വരെ ജിഎസ്ടി കൂട്ടി പൊതുജനങ്ങളോട് പ്രതികാരം ചെയ്യുന്ന മാർഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റേയും ബിജെപിയുടെയും പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെയും ഏറ്റവും അടുത്ത കോര്‍പറേറ്റ് ചങ്ങാതിയും സ്‌പോണ്‍സറുമായ ഗൗതം അദാനിയുടെ

ഗൗതം അദാനി

ഗൗതം അദാനി

സമ്പത്ത് ദിനംപ്രതി ആയിരക്കണക്കിന് കോടി ഡോളറുകള്‍ വച്ച് വർധിച്ചുകൊണ്ടിരിക്കുന്നു. സാധാരണ മനുഷ്യര്‍ ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തുമ്പോള്‍,

സര്‍ക്കാരിന്റെ തണലില്‍ കോര്‍പറേറ്റ് ഭീകരരുടെ മുന്നിലെ ലക്ഷം കോടികളുടെ കൂമ്പാരം നൂറുനൂറിരട്ടിയായി വർധിക്കുന്നു. ഈ ഘട്ടത്തില്‍ ആര്‍ക്കൊപ്പമായിരിക്കണം മാധ്യമങ്ങള്‍?
കേരളത്തിലെ മുഖ്യധാര ടിവി ചാനലുകള്‍ക്ക് സംശയമൊന്നുമില്ല, അവര്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കും. സര്‍ക്കാരിനെതിരെ ഉയരുന്ന സമരങ്ങളെ പരിഹസിച്ച്, മരുന്നുകള്‍ക്കും ഇന്ധനത്തിലും വില കൂട്ടിക്കൂട്ടി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നതിന് നേരെ കണ്ണടച്ച്, തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ ആക്രോശിച്ച് തങ്ങളുടെ പൊട്ടക്കിണറിലാണ് ലോകത്തിന്റെ ആവാസവ്യവസ്ഥയുടെ ആസ്ഥാനമെന്ന് ധരിച്ചും പ്രഖ്യാപിച്ചും അവര്‍ ഭീകരജീവികളായി സ്വയം നടിച്ച് കഴിയുന്നത് തുടരുന്നു.

തങ്ങളുടെ എഡിറ്റോറിയൽ നയമായി, മാധ്യമങ്ങളുടെ ശരിയായ ആകുലതയായി രാജ്യത്തിന്റെ മൊത്തം ജീവിതത്തെയും സുരക്ഷയെയും നമ്മുടെ ഭരണഘടനയേയും ബാധിക്കുന്ന പ്രധാന കാര്യങ്ങള്‍ പരിഗണിക്കാത്തത് ഫാസിസ്റ്റ് കാലത്തിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിലൊന്നാണ്. പകരം ഹിറ്റ്‌ലറുടെ നാസി ഭരണത്തിനെ പ്രകീര്‍ത്തിച്ച് സിനിമ നിര്‍മ്മിച്ച ലെനി റീഫന്‍സ്റ്റാളിനെ പോലെ 'ഇച്ഛാശക്തിയുടെ വിജയ'മായി ബിജെപിയുടെ വിജയങ്ങളെ വാഴ്‌ത്തുകയും ചെയ്യുന്നു.

ഇന്ന് നായകരൂപങ്ങളെ വാഴ്‌ത്തുന്നതിനായി സിനിമയില്‍ ഉപയോഗിക്കുന്ന ലോ ആംഗിള്‍ എന്ന സങ്കേതം ആദ്യമായി നടപ്പാക്കുന്നത് പോലും ലെനി റീഫന്‍സ്റ്റാളിന്റെ 'ട്രയംഫ് ഓഫ് ദ വില്ലി'ലാണ്. ഉള്ളതിലധികം വലുപ്പത്തില്‍ നായകരൂപങ്ങളെ കാണിക്കുന്ന അതേ ലോ ആംഗിള്‍ ക്യാമറക്കണ്ണിലൂടെ ആണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ നമ്മുടെ ദൃശ്യ മാധ്യമങ്ങളും കാണിക്കുന്നത്.

അതുകൊണ്ടാണ് സമരങ്ങളെ തള്ളിപ്പറയുന്നതില്‍ നമ്മുടെ വാര്‍ത്ത അവതാരകര്‍ പ്രത്യേകം ശ്രദ്ധയൂന്നുന്നത്.

സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീമിനെ അപമാനിക്കാനും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യാനും ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാകരന് യാതൊരു പ്രശ്‌നവും തോന്നാത്തത്, അതുകൊണ്ട് അയാളുടെ മാധ്യമ'പ്രര്‍ത്തകന്‍' എന്ന തൊഴിലിന് യാതൊരു ക്ഷീണവും സംഭവിക്കാത്തത്, ലെനി റീഫന്‍സ്റ്റാള്‍ നിശ്ചയിച്ച ആംഗിളിലൂടെ കേന്ദ്രസര്‍ക്കാരിനെയും ഭരണത്തെയും കാണിക്കുകയാണ് ശരിയെന്ന് കരുതുന്ന മാനസികാസ്ഥയിലേക്ക്‌ വിഷ്വല്‍ മീഡിയ ജേണലിസം വീണുപോകുന്നതു കൊണ്ടാണ്.

എളമരം കരീം

എളമരം കരീം

രണ്ട് ദിവസത്തെ സമരത്തിന് കാരണമായ പ്രശ്‌നങ്ങളോടല്ല, അതിന്റെ കാരണക്കാരോടാണ് ഈ ജേണലിസത്തിന് പ്രതിബദ്ധത.

അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ അതുകൊണ്ട് തന്നെ ശല്യവും അസ്വസ്ഥതയുമായി ഇവര്‍ക്ക് മാറുന്നു. ലോകത്തെ ഇന്ന് നാം കാണുന്ന വിധത്തില്‍ മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ പറ്റുന്ന വിധത്തിലേക്ക്‌ മാറ്റുന്നതില്‍, ഇനിയും പലയിടങ്ങളിലും അതിനായുള്ള പോരാട്ടം തുടരുന്നതില്‍, നിരന്തരമായുള്ള സമരങ്ങള്‍ക്കുള്ള പങ്ക് അറിയാത്തവരൊന്നുമല്ല വിഖ്യാത ജേണലിസ്റ്റുകള്‍. പക്ഷേ ഈ സമരങ്ങളെ ഒറ്റുകൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് കൊണ്ടാകണം, ഇത്തരം വാര്‍ത്താ അവതാരകര്‍ക്ക് തീവ്രവലതു പക്ഷത്തിന്റെ വലിയ പിന്തുണയുമുണ്ട്.

ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാനലുകളും ഓൺലൈൻ സ്ഥാപനങ്ങളും വലിയ പിന്തുണയുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ തൊഴിലാളി എന്ന വർഗബോധം മറന്ന് ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടുള്ള അടിമ മനോഭാവത്തിനുള്ളില്‍ ജീവിച്ച് ഫാസിസ്റ്റ് ഭരണത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഷാഹിന കെ കെ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് അതുകൊണ്ടുതന്നെ പ്രസക്തവുമാണ്. ‘ജോലി ചെയ്യുന്ന സ്ഥാപനം ഒരു ദേശീയതയായി മാറുന്നത് സഹതാപവും കരുണയും അര്‍ഹിക്കുന്ന ഒരു അധോനിലയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

മനുഷ്യന്‍ എന്ന നിലയിലുള്ള അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെട്ടവര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നാണ് ഈ മാധ്യമ ദേശീയത.' ഷാഹിന എഴുതുന്നു. ‘ഒരു പക്ഷേ ചാനല്‍ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയനിസം എന്നത് ഒരിക്കലും മനസ്സിലാകാതെ പോകുന്നതും ഇതേ കാരണം കൊണ്ടാണ്.

ഷാഹിന

ഷാഹിന

സ്വന്തം തൊഴിലാളി സ്വത്വം തിരിച്ചറിയുകയും അവകാശബോധമുള്ളവരായിരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ കഴിയൂ.

സംഘടിക്കാന്‍ കഴിയൂ. കേരളത്തിലെ ചാനല്‍ വ്യവസായം  മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരൊറ്റ തൊഴിലാളി സംഘടന പോലും ഉണ്ടായിട്ടില്ലാത്തതും ഇതുകൊണ്ട് തന്നെയാണ്.

ചാനല്‍  തൊഴിലാളികൾ അവകാശബോധമുള്ള ആധുനിക മനുഷ്യര്‍ അല്ല, മറിച്ച് അവര്‍  ഒരു നാട്ടുരാജ്യത്തെ പ്രജകളായി സ്വയം കാണുന്നവരാണ്. വിധേയത്വം ആണ് അവരുടെ സ്ഥായീഭാവം. സ്വന്തം സ്ഥാപനത്തിനകത്തത്  ഒരു ഇൻക്രിമെന്റിനോ ലീവിനോ വേണ്ടി പോലും ഉ റച്ച് സംസാരിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇവര്‍. തന്റെ അതേ സീനിയൊരിറ്റി ഉള്ള സഹപ്രവര്‍ത്തകന് തന്നെക്കാള്‍ ശമ്പളം ഉണ്ടെന്ന് അറിഞ്ഞാലും ഒരക്ഷരം പോലും ചോദിക്കാനാവാത്ത മനുഷ്യരാണ്.

ട്രേഡ് യൂണിയനുകളെയും, ഇടതുപക്ഷ രാഷ്ട്രീയത്തെയും അവര്‍ അപരമായി കാണുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ക്ക് ഒരിക്കലും എത്തിച്ചേരാനാവാത്ത മനുഷ്യാന്തസ്സ് അവിടെ ഉണ്ടെന്ന് അവര്‍ക്കറിയാം.

ഓട്ടോ ഓടിക്കുന്ന ഒരു തൊഴിലാളി, കേരളത്തിലെ ഏറ്റവും പോപ്പുലറായ ചാനല്‍ അവതാരകരേക്കാള്‍ സ്വന്തം തൊഴിലിടത്തില്‍ അഭിമാനവും അന്തസ്സും അനുഭവിക്കുന്നവരാണ്.

സംശയം ഉണ്ടെങ്കില്‍ ഈ അവതാരകര്‍ ആരെങ്കിലും ഓട്ടോയില്‍ കയറിയിട്ട് അവരോട് ഒന്ന് തര്‍ക്കിച്ച് നോക്കട്ടെ. അപ്പോള്‍ അറിയാം.

വണ്ടിയില്‍ കയറുന്നവരോട് കണക്ക് പറഞ്ഞു കാശ് വാങ്ങുന്ന ഓട്ടോ ഡ്രൈവര്‍, ഒരു മണിക്കൂറിനു സ്വയം അഞ്ഞൂറ് രൂപ കൂലിയിടുന്ന പ്ലംബര്‍, തുടങ്ങിയവരൊക്കെയും തൊഴിലാളികള്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരേക്കാള്‍ എത്രയോ മെച്ചപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നവരാണ്.

നിങ്ങള്‍ക്ക് പറ്റില്ലേല്‍ വേറെ ആളെ വിളിച്ചോ എന്നതാണ് അവരുടെ ബോഡി ലാംഗ്വേജ്. അത് കാലങ്ങള്‍ കൊണ്ട് സമരങ്ങളിലൂടെ അവര്‍ നേടിയെടുത്ത മനുഷ്യാന്തസ്സാണ്. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഒന്നാണ്. സ്വന്തം തൊഴിലിടത്തില്‍ അവര്‍ക്ക് ഒരിക്കലും ഈ അന്തസ്സ് കിട്ടുന്നില്ല.  ഈ പ്ലംബറെ പോലെ, ഓട്ടോ ഡ്രൈവറെ പോലെ, ‘നിങ്ങള്‍ക്ക് വേണേ എന്നെ നിലനിര്‍ത്തിയാല്‍ മതി, നിങ്ങള്‍ പറയുന്ന എല്ലാ വ്യവസ്ഥകളും എനിക്ക് സമ്മതമല്ല' എന്ന് ഒരു സ്ഥാപനത്തോട് പറയാന്‍ കഴിയുന്ന ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടോ കേരളത്തില്‍? ബുദ്ധിമുട്ടാണ്. അത് വ്യക്തികളുടെ കുഴപ്പമല്ല. അങ്ങനെയാണ് ഈ ഇന്‍ഡസ്ട്രി പ്രവര്‍ത്തിക്കുന്നത്.

അഥവാ ഇതൊരു ഇന്‍ഡസ്ട്രിയാണ്. Hire and fire പോളിസി നടപ്പിലാക്കുന്ന വെറുമൊരു  ഇന്‍ഡസ്ട്രി. അവിടെ സ്വയം ഉത്തരം താങ്ങിപല്ലികള്‍ ആവാതെ സ്വന്തം പരിമിതി തിരിച്ചറിഞ്ഞ് കുറച്ചുകൂടി ഭൂമിയിലേക്ക് ഇറങ്ങിവന്ന്, അന്തസ്സും ആത്മാഭിമാനവും ഉള്ളവരായി മാറാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമോ? സ്വയം അനുഭവിക്കുന്ന ഈ അന്തസ്സില്ലായ്‌മയെ, വിധേയത്വത്തെ അവര്‍ മറികടക്കുന്നത് നാട്ടുകാരോട് കലഹിച്ചാണ്.

മനുഷ്യരോട് അങ്ങേയറ്റം മര്യാദയില്ലാതെ പെരുമാറുന്നത്, എന്തോ ഉദാത്തമായ  മാധ്യമ പ്രവര്‍ത്തനമാണ് എന്നവര്‍ കരുതുകയും ചെയ്യുന്നു.

ഞങ്ങള്‍ എസ്റ്റാ ബ്ലിഷ്‌മെന്റിനോട്  കലഹിക്കുന്നവരാണ് എന്നാണ് ഈ പാവങ്ങള്‍ സ്വയം കരുതുന്നതും മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും.സ്വന്തം തൊഴിലിടം ഒരു ദേശരാഷ്ട്രവും തങ്ങള്‍ അവിടത്തെ വിശ്വസ്തരായ പൗരന്മാരുമാണ്  എന്ന  അടിമത്തമനോഭാവത്തില്‍ നിന്ന് പുറത്തുകടന്ന് കുറച്ച് കൂടി മെച്ചപ്പെട്ട ആധുനികമനുഷ്യരാവാന്‍ ശ്രമിക്കുക എന്നതേ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളൂ’‐ഷാഹിന വിശദീകരിക്കുന്നു.

**********
യു പി തിരഞ്ഞെടുപ്പിനിടെ നിരന്തരം റഷ്യ‐യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചായിരുന്നു കേന്ദ്രസര്‍ക്കാരും സ്വാഭാവികമായും ഇന്ത്യയിലെ മുഖ്യധാര ചാനലുകളും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ലോകത്ത് യുദ്ധം നടക്കുകയാണ്, പ്രശ്‌നം പരിഹരിക്കുന്നതിന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് നരേന്ദ്ര മോദിയെ ആണ്, ഇന്ത്യയായിരിക്കും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുക, അത്തരത്തില്‍ ലോകത്തെ രക്ഷിക്കാനുള്ള നരേന്ദ്ര മോദിക്ക് കരുത്ത് പകരാന്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാകേണ്ടതുണ്ട് എന്നുള്ള മട്ടില്‍ പോയി പ്രചരണം.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിയുകയും ബിജെപി വിജയിക്കുകയും ചെയ്തതോടെ യുദ്ധം പൊടുന്നനെ ഇന്ത്യന്‍ ചാനലുകളുടെ, മാധ്യമങ്ങളുടെ പ്രഥമ പരിഗണനയില്‍ നിന്ന് അപ്രത്യക്ഷമായി. യുദ്ധം അവസാനിച്ചുവോ എന്ന് തോന്നുന്ന വിധത്തില്‍ ചര്‍ച്ചകളില്‍ നിന്ന് റഷ്യയെയും യുക്രെയ്‌നെയും പിൻവലിച്ചു.
അന്തര്‍ദ്ദേശീയ വാര്‍ത്തകളുടെ കൂട്ടത്തില്‍ പറഞ്ഞു പോകുന്നത് മാത്രമായി ഈ വാര്‍ത്ത. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം അന്തര്‍ദ്ദേശീയ തലത്തില്‍ യുദ്ധസാഹചര്യങ്ങളില്‍ ഇന്ത്യയുടെ നയങ്ങള്‍ വിമര്‍ശിക്കപ്പെടുകയാണ്. ഫ്രാന്‍സ് 24, ബിബിസി, സിഎന്‍ബിസി തുടങ്ങിയ പല വിദേശ ന്യൂസ് ചാനലുകളിലും  പ്രധാന ചര്‍ച്ച പോലും ഇതായിരുന്നു. നമ്മുടെ, ചാനലുകള്‍ അന്നന്നത്തെ വാര്‍ത്തയ്‌ക്ക്‌ പുറകില്‍ ഉറച്ച് നില്‍ക്കുന്നു.

റഷ്യയിലും യുക്രെയ്‌നിലും നടക്കുന്ന യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അവിടെനിന്ന് ഇന്ത്യാക്കാര്‍ തിരിച്ചുവരുന്നതോടെ മൂല്യം നഷ്ടപ്പെടുന്നുവെന്ന് വാദിക്കുന്ന എഡിറ്റോറിയല്‍ മേധാവികള്‍ നിലവില്‍ പലയിടത്തുമുണ്ട്. പക്ഷേ അവശ്യവസ്തുക്കളുടെ വിലവർധന നടക്കുമ്പോള്‍, രാജ്യത്ത് ഒരു ദിവസം നൂറുകണക്കിന് മരുന്നുകളുടെ വില കുതിച്ചുയരുമ്പോള്‍ പ്രധാന വാര്‍ത്തയായി അത്‌ ചര്‍ച്ച ചെയ്യേണ്ട ഉത്തരവാദിത്വമില്ലേ? പാരസെറ്റാമോള്‍ അടക്കം 872 മരുന്നുകള്‍ക്കാണ് 11 ശതമാനത്തോളം വില വർധിച്ചത്.

ദ്രവീകൃത പ്രകൃതി വാതകത്തിന് ഒറ്റയടിക്ക് എട്ടുരൂപ കൂടുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് സിലണ്ടറിന് വർധിപ്പിച്ചത് 256 രൂപ. ടോള്‍ പ്ലാസകളില്‍ പത്ത് ശതമാനം വിലവർധനവ്. പത്ത് ദിവസത്തോളം സർവദിവസങ്ങളിലും പെട്രോളിനും ഡീസലിലും വില വർധിച്ചു. പക്ഷേ ചുരുക്കം ചില ചാനലുകള്‍ക്കാണ് എഡിറ്റോറിയൽ പോളിസിയായി ഇത് ചര്‍ച്ച ചെയ്യണമെന്ന് തോന്നിയത്. അതില്‍ തന്നെ ഊന്നല്‍ കേരളം എന്തുകൊണ്ട് ഇന്ധന നികുതി കുറയ്‌ക്കാത്തത് എന്നാണ്.

ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് ചെയ്യുന്ന പാദസേവയുടെ തുടര്‍ച്ചയാണ് സമരത്തിനോടുള്ള പുച്ഛവും സമരം ചെയ്യുന്ന തൊഴിലാളി സംഘടനയുടെ, രാജ്യസഭാംഗം കൂടിയായ നേതാവിനെ, ആക്രമിക്കണമെന്നുള്ള ആഹ്വാനം ചെയ്യലും.

അത് ഇനിയും തുടരുക തന്നെ ചെയ്യും.

(ദേശാഭിമാനി വാരികയിൽ നിന്ന്)