മാധ്യമങ്ങൾ മടിത്തട്ടിൽ മയങ്ങുന്ന കാലം

Wednesday Sep 21, 2022
എം ബി രാജേഷ്
ഫോട്ടോ: ജഗത്‌ലാൽ

 RSFന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ‘പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലായ’ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമ പ്രവർത്തകർക്ക്  ‘ഏറ്റവും അപകടകരമായ’ രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘ഭയ കൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ ‐
ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷ് ആധിപത്യകാലത്ത് സ്വദേശാഭിമാനിയുടെ മുഖപേജിൽ പത്രാധിപർ രാമകൃഷ്ണപിള്ള എഴുതിവച്ച വാചകമാണിത്. ഇന്നും നാം ഓർത്തിരിക്കേണ്ടതും മാധ്യമങ്ങളെ നിരന്തരം ഓർമിപ്പിക്കേണ്ടതുമായ വാചകമാണ് സ്വദേശാഭിമാനി അന്ന് എഴുതിവച്ചത്.

കാലാതിവർത്തിയായ, പ്രവചനാത്മക സ്വഭാവമുള്ള സന്ദേശമാണത്. എഴുപത്തിയഞ്ച് വർഷമെത്തിയ സ്വതന്ത്ര ഇന്ത്യയിലെ മാധ്യമങ്ങൾ ഭയകൗടില്യ ലോഭങ്ങളുടെ തടവറയിലാണിന്ന്.

അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനമായ മെയ് മൂന്നിനാണ് ഈ വർഷത്തെ പത്ര സ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരിച്ചത്. Reporters Sans Frontiers (RSF) എന്ന ഏജൻസിയാണ് എല്ലാ വർഷവും പത്രസ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരിക്കുന്നത്.

പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രമാനുഗതമായി താഴേക്കുവരികയാണ്. 2020 ലെ 131‐ാം സ്ഥാനത്തുനിന്ന്‌ 2021 ൽ 142‐ാം സ്ഥാനത്തേക്കും 2022ൽ ഒറ്റയടിക്ക് എട്ട് സ്ഥാനം വീണ്ടും താണ് 150‐ാം സ്ഥാനത്തേക്കുമെത്തി.

കൈയൊഴിഞ്ഞ കാവൽദൗത്യം

RSF  ന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ‘പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലായ’ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമ പ്രവർത്തകർക്ക്  ‘ഏറ്റവും അപകടകരമായ’ രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് യഥാർഥത്തിൽ ദേശീയവും അന്തർദേശീയവുമായ പ്രാധാന്യമുള്ള വാർത്തയാണ്. എന്നാൽ ഇന്ത്യയിലെ മാധ്യമങ്ങൾ മിക്കവയും ഒന്നുകിൽ ഈ വാർത്ത കണ്ടില്ലെന്നുനടിച്ചു, അല്ലെങ്കിൽ അപ്രധാനമായി മൂലയ്ക്കൊതുക്കി. ടെലിഗ്രാഫ് പത്രം മാത്രമാണ് തങ്ങളുടെ സ്വതഃസിദ്ധമായ ശൈലിയിൽ, ആഞ്ഞടിക്കുന്ന തലക്കെട്ടുമായി ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്.

എം ബി രാജേഷ്-

എം ബി രാജേഷ്-

ടൈംസ് ഓഫ് ഇന്ത്യയും തങ്ങളുടെ ദേശീയ പേജിൽ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. മറ്റൊരു ഇംഗ്ലീഷ് പത്രമാകട്ടെ, ഇന്ത്യയുടെ റാങ്കിങ്ങിലെ പതനത്തെക്കുറിച്ച് അറിഞ്ഞ ഭാവമേ നടിക്കാതെ ഹോങ്കോങ്ങിന്റെ പത്രസ്വാതന്ത്ര്യ സൂചിക കുത്തനെ ഇടിഞ്ഞു എന്ന് വാർത്ത കൊടുക്കാനുള്ള ചങ്കൂറ്റം കാണിച്ചു.

ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കാവലാളുകളാവേണ്ട, അങ്ങനെയാണെന്ന് ഇപ്പോഴും അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ടാണ് ഇത്ര ഗൗരവമുള്ള ഒരു വാർത്ത അപ്രധാനമായി തോന്നിയത്? ഉത്തരം ഇന്ത്യൻ മാധ്യമരംഗത്തെ അതികായരിലൊരാളും ഇന്ത്യൻ ടെലിവിഷൻ വാർത്താരംഗത്തെ ആദ്യ പഥികരിലൊരാളുമെന്ന് പറയാവുന്ന രാജ്ദീപ് സർദേശായ്  പറഞ്ഞിട്ടുണ്ട്.

ജമ്മുകശ്മീർ വിഭജനത്തെ തുടർന്നുള്ള സംഭവവികാസങ്ങളെ ഇന്ത്യൻ മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് രാജ്ദീപ് പറഞ്ഞത്  'ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇന്ന് കാവൽ നായ്ക്കൾ(Watchdogs) അല്ലാതാവുകയും മടിത്തട്ടിലെ നായ്ക്കുട്ടികൾ (Lapdogs)  ആയി മാറുകയും ചെയ്തിരിക്കുന്നു’  എന്നാണ്. ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ എന്ന വിശേഷണം മാധ്യമങ്ങൾക്കുള്ള ഒരു ബഹുമതിയാണ്.

ആ കാവൽദൗത്യം കൈയൊഴിഞ്ഞ ഇന്ത്യൻ മാധ്യമങ്ങളിൽ നല്ലൊരു പങ്ക് ഇന്ന് മയങ്ങുന്നത് അധികാരത്തിന്റെയും അധീശത്വത്തിന്റെയും മടിത്തട്ടിലാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഇന്ത്യയിൽ ഭരണകൂട അധികാരത്തെ നയിക്കുന്ന കോർപറേറ്റ് ഹിന്ദുത്വ ശക്തികൾ വിരിച്ചിട്ട സുഖശയ്യയിലാണ് അവർ വിശ്രമിക്കുന്നത്. ഇറാഖ് യുദ്ധകാലത്ത് പ്രചുരപ്രചാരം നേടിയ വാക്കാണ് Embedded Journalism എന്നത്. സുഖശയ്യയിൽ കിടക്കുന്ന ആ മാധ്യമ പ്രവർത്തനം ഇന്നത്തെ ഇന്ത്യൻ മാധ്യമ യാഥാർഥ്യമായി മാറിയിരിക്കുന്നു. കോർപറേറ്റ് ഹിന്ദുത്വ അധികാര സഖ്യ ആർപ്പുവിളി സംഘമായി മാധ്യമങ്ങളെ മാറ്റുന്നത് ഭയവും ലോഭവുമാണ്.

ഭരണകൂട അധികാരത്തിന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം, അധികാരത്തോട് ചേർന്നുനിന്നാലുള്ള  വാണിജ്യലാഭത്തെക്കുറിച്ചുള്ള ലോഭം അഥവാ ആർത്തി എന്നിവ രണ്ടും  അധികാരത്തിന്റെ ആർപ്പുവിളിക്കാരും അധീശ ശക്തികളുടെ കൗടില്യങ്ങളുടെ പ്രായോജകരുമാക്കി മാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. അധികാര വിമർശനം അവർ എന്നേ കൈയൊഴിഞ്ഞിരിക്കുന്നു. അധീശ ശക്തികളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് ന്യായം ചമയ്ക്കുന്നവരും സമ്മതി സൃഷ്ടിക്കുന്നവരുമായി നാട്യങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് പ്രത്യക്ഷത്തിൽത്തന്നെ അവർ രംഗത്തിറങ്ങിയിരിക്കുന്നു. മാധ്യമങ്ങളുടെ വർഗസ്വഭാവം മുതലാളിത്ത വളർച്ചയോടുകൂടി കൂടുതൽ വെളിപ്പെട്ടു തുടങ്ങിയതാണ്.

ഗ്രാംഷി മുതൽ അഡോണോ വരെയുള്ളവർ പ്രത്യയശാസ്ത്രവും സംസ്കാരവും വർഗപരമായ അധീശത്വം അരക്കിട്ടുറപ്പിക്കുന്നതിൽ വഹിക്കുന്ന നിർണായക പങ്കിനെ സംബന്ധിച്ച് നടത്തിയ വിശകലനങ്ങൾ മാധ്യമങ്ങളുടെ വർഗസ്വഭാവത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്.

നോം ചോംസ്കിയും എഡ്വേർഡ് ഹെർമ്മനും തങ്ങളുടെ വിഖ്യാതമായ സമ്മതിയുടെ നിർമിതി (Manufacturing Consent) എന്ന പുസ്തകത്തിൽ, എങ്ങനെയാണ് അധീശവർഗ താല്പര്യങ്ങൾക്ക് അനുകൂലമായ പൊതുജനാഭിപ്രായവും സമ്മതിയും മാധ്യമങ്ങൾ കൗശലപൂർവം സൃഷ്ടിക്കുന്നതെന്ന് ആഴത്തിൽ അപഗ്രഥിച്ചിട്ടുണ്ട്.

രണ്ട്‌ പതിറ്റാണ്ടുമുമ്പ് നടന്ന അമേരിക്കയുടെ ഇറാഖ് അധിനിവേശം, ഭരണകൂടങ്ങളുടെ കൊടുംപാതകങ്ങൾക്കുപോലും ജനസമ്മതി ഉണ്ടാക്കിയെടുക്കാൻ മാധ്യമ പ്രചാരണത്തിലൂടെ കഴിയുമെന്നും എങ്ങനെയാണത് അവർ നിർവഹിക്കുന്നതെന്നും തെളിയിച്ചിട്ടുള്ളതാണ്. അധിനിവേശത്തിന് ന്യായീകരണമായി ബുഷ് പറഞ്ഞത് സദ്ദാം ഹുസ്സൈന്റെ കൈയിൽ കൂട്ടനശീകരണ ആയുധങ്ങളുടെ  (Weapons of Mass Destruction)  വൻശേഖരമുണ്ട് എന്നതായിരുന്നല്ലോ.

ഈ വാദത്തിന് വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാക്കിക്കൊടുത്തതിലും അതിലൂടെ അധിനിവേശത്തിന് ജനപിന്തുണയുണ്ടാക്കിയതിലും മാധ്യമങ്ങൾ വഹിച്ച പങ്കിനെപ്പറ്റി പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ മാറ്റ് തയ്യിബി തന്റെ  Hate Inc..എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആക്രമണം ആരംഭിക്കുന്നതിനുമുമ്പ് പൊതുജനാഭിപ്രായം എതിരായിരുന്നുവെങ്കിൽ മാധ്യമ പ്രചാരണത്തിലൂടെ അധിനിവേശത്തിനനുകൂലമായ പൊതുജനാഭിപ്രായം  70 ശതമാനമാക്കി ഉയർത്താനായത് എങ്ങനെയെന്നും തയ്യിബി വിശദീകരിക്കുന്നു. അധിനിവേശത്തിന്‌ തൊട്ടുമുമ്പുള്ള രണ്ടാഴ്ച അമേരിക്കൻ പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകളും പ്രൈംടൈം ചർച്ചകളും യുദ്ധാനുകൂല അഭിപ്രായങ്ങൾകൊണ്ട് നിറച്ചു. ആ രണ്ടാഴ്ചയിലെ അമേരിക്കൻ ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ അമേരിക്കക്കാരായ അതിഥികളിൽ 267 പേർ ആക്രമണത്തെ അനുകൂലിക്കുന്നവരായിരുന്നുവെങ്കിൽ എതിർക്കുന്ന ഒരേയൊരാൾ മാത്രമാണ് ഉണ്ടായിരുന്നതത്രെ! അവസാനം എല്ലാം  കഴിഞ്ഞപ്പോൾ അധിനിവേശത്തിന് ഇവർ നിർമിച്ച ന്യായം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു.

ബ്രിട്ടീഷ് ഗവൺമെന്റ്‌ നിയോഗിച്ച ചിൽകോട്ട് കമ്മീഷൻതന്നെ കൂട്ടനശീകരണായുധങ്ങൾ ഇറാഖിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്തത് തെറ്റായിരുന്നെന്നും കണ്ടെത്തി. മാധ്യമങ്ങൾ തെറ്റ് പറ്റിയെന്നുപറഞ്ഞ് കൈകഴുകി. പക്ഷേ ഒരു ലക്ഷം പേർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നുവെന്ന് ഓർക്കണം. ഈ സത്യാനന്തര കാലത്ത് മാധ്യമങ്ങൾ സത്യത്തെയും വസ്തുതകളെയും പൂർണമായും കൈയൊഴിഞ്ഞ് രാഷ്ട്രീയ പ്രചാരണത്തിന്റെ ഉപാധികളായി മാറിയതിന്റെ ദൃഷ്ടാന്തങ്ങൾ ദൈനംദിനം നമുക്ക് കാണാൻ കഴിയും.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

ഇന്ത്യയിൽ നോട്ട് നിരോധനം, കശ്മീർ വിഭജനം, പെഗാസസ്, റാഫേൽ വെളിപ്പെടുത്തലുകൾ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം  തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം ഒന്നുകിൽ  വസ്തുതകൾ തമസ്കരിക്കുകയും  ഭരണകൂടന്യായങ്ങൾ വിമർശനമേതുമില്ലാതെ സ്വീകരിക്കുകയും ഉച്ചത്തിൽ പ്രതിധ്വനിപ്പിക്കുകയും ചെയ്ത അനുഭവം ഓർക്കാവുന്നതാണ്.

ഐതിഹാസികമായ കർഷകസമരത്തെ തകർക്കാൻ രാജ്യദ്രോഹികൾ, ഖലിസ്ഥാനികൾ എന്നിങ്ങനെ ഭരണകൂടം നടത്തിയ ചാപ്പകുത്തലുകളുടെ പ്രചാരകരായി ദേശീയ മാധ്യമങ്ങളിൽ വലിയൊരു വിഭാഗം അണിനിരന്നതും സമീപകാല അനുഭവമാണ്. ഇറാഖ് ആക്രമണകാലത്ത് ബുഷ് ഭരണകൂടത്തിന്റെ കേട്ടെഴുത്തുകാരായ മാധ്യമങ്ങളെപ്പോലെ കഴിഞ്ഞ കുറച്ചുകാലമായി അന്വേഷണ ഏജൻസികളുടെ വെറും കേട്ടെഴുത്തുകാരും ജിഹ്വകളും മാത്രമായി മാധ്യമങ്ങൾ മാറിത്തീരുന്നതാണ് ഇവിടെ കാണുന്നത്.

തോക്കിനും തുറുങ്കിനുമിടയിൽ

ആരെയാണ് മാധ്യമങ്ങൾ ഭയക്കുന്നത്? ഭരണകൂടത്തെ മാത്രമല്ല, ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ട സേനകളെയും അവർ ഭയക്കുന്നു എന്നതാണ് വസ്തുത.

എന്തുകൊണ്ടാണ് ഭരണകൂടത്തെ ഭയക്കുന്നത്? ഭരണകൂടത്തിന് അഹിതമായ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ പരസ്യം മുടക്കാം, വരുമാനം മുട്ടിക്കാം, സ്ഥാപനംതന്നെ പൂട്ടിക്കാം, മാധ്യമ പ്രവർത്തകർക്ക് പണി നഷ്ടപ്പെടാം, അവരുടെ വീട്ടുവാതിൽക്കൽ ഇ ഡിയുടെയും ഇൻകം ടാക്സിന്റെയും മുട്ട് കേൾക്കാം.

ഇങ്ങനെയുള്ള ഭരണകൂട ഭീഷണികളുടെയും അടിച്ചമർത്തലുകളുടെയും എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ഡൽഹി വർഗീയകലാപത്തിന്റെ വാർത്ത കൊടുത്തതിന്റെ പേരിലാണ് കേരളത്തിലെ രണ്ട്‌ ടെലിവിഷൻ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

കലാപത്തിൽ ചാമ്പലായ ഒരു ദില്ലി തെരുവ്‌

കലാപത്തിൽ ചാമ്പലായ ഒരു ദില്ലി തെരുവ്‌

അതിനുമുമ്പ് പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന്റെ പേരിൽ എൻഡിടിവിക്കെതിരെയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എൻഡിടിവിക്കെതിരായ ഭരണകൂട ശത്രുതയുടെ ഫലമായി പരസ്യക്കാർ കൂട്ടത്തോടെ പിൻവാങ്ങിയതും പരസ്യവരുമാനം കുത്തനെ ഇടിഞ്ഞതും നിരവധി മാധ്യമ പ്രവർത്തകരെ പിരിച്ചുവിടേണ്ടിവന്നതുമെല്ലാം നമ്മുടെ കണ്മുന്നിൽ സംഭവിച്ചതാണ്.

ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രമുഖമായ ന്യൂസ് ക്ലിക്കിന്റെ പത്രാധിപർ പ്രബീർ പുർസ്കായസ്തയുടെ വീട്ടിൽ 114 മണിക്കൂറാണ് അടുത്തിടെ ഇഡി റെയ്ഡ് നടത്തിയത്. 73 വയസ്സുള്ള പ്രബീറും 67 വയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യയും ഈ നേരമത്രയും വീട്ടിൽ തടഞ്ഞുവെക്കപ്പെട്ടു.

പ്രബീർ  പുർകായസ്‌ത

പ്രബീർ പുർകായസ്‌ത

ന്യൂസ് ക്ലിക്കിന്റെ ഓഫീസിൽ 36 മണിക്കൂർ റെയ്ഡ് വേറെയും നടന്നു. കർഷകസമരകാലത്ത് സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ കൊടുത്തതാണ് പ്രകോപനത്തിന് അടിസ്ഥാനം.

കാരവാൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്, രാജ്ദീപ് സർദേശായ് ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കേസുകൾ ചുമത്തിയിട്ടുണ്ട്. അവർക്കെതിരെ അഞ്ചുസംസ്ഥാനങ്ങളിലായി അഞ്ച് എഫ്ഐആർ ഇട്ടാണ് പീഡിപ്പിക്കുന്നത്.

ഏറ്റവും ഒടുവിൽ ഇഡി ചെന്നുമുട്ടിയത് ടൈംസ് ഗ്രൂപ്പിന്റെ ഓഫീസിലാണ്. എബിപി ന്യൂസിലെ അവതാരകൻ സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് എബിപിയുടെ സംപ്രേക്ഷണം തുടർച്ചയായി തടസ്സപ്പെടുകയും ഒടുവിൽ വിമർശിച്ച അവതാരകൻ പുണ്യ പ്രസൂൻ ബാജ്പൈ രാജിവെച്ചൊഴിയേണ്ടി വരികയുംചെയ്തു.

മറ്റൊരു അവതാരകൻ അഭിസാർ ശർമ്മക്കും സമാനമായ അനുഭവമുണ്ടായി. അദ്ദേഹത്തിനും രാജിവച്ച് പുറത്തുപോകേണ്ടിവന്നു. എബിപിയിൽ നടത്താൻ കഴിയാതിരുന്ന തന്റെ കമന്ററി യൂട്യൂബിലൂടെ സംപ്രേക്ഷണം നടത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് ഹിന്ദുത്വ ആൾക്കൂട്ട സേനയുടെ സൈബർ ആക്രമണത്തെ നേരിടേണ്ടിവന്നു. വരുതിയിൽ വരാത്ത മാധ്യമ പ്രവർത്തകർക്ക് Prestitutes എന്ന അധിക്ഷേപ വിശേഷണം ചാർത്തിനൽകിയത് ഒരു കേന്ദ്രമന്ത്രിയായിരുന്നുവെന്ന് ഓർക്കണം.

സൈബർ സേനകൾ ആ വിശേഷണം ഏറ്റെടുക്കുകയും ഇപ്പോൾ കുപ്രസിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.   Editor Missing  എന്ന ചർച്ചാവിഷയമായ പുസ്തകത്തിൽ ഔട്ട് ലുക്കിന്റെ പത്രാധിപരായിരുന്ന റുബേൻ ബാനർജി ഇന്ത്യൻ മാധ്യമരംഗത്ത്‌ സംഭവിക്കുന്ന അധികാരത്തിന്റെ നഗ്നമായ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.

കോവിഡ് രണ്ടാംതരംഗത്തിൽ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഓക്സിജൻ കിട്ടാതെയും ആശുപത്രിയിൽ ചികിത്സ കിട്ടാതെയും ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും കൂട്ടച്ചിതകൾ ഒരുക്കുകയും ചെയ്തപ്പോഴാണ് ഔട്ട്ലുക്ക് സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. 2021 മെയ് ലക്കം ഔട്ട്ലുക്കിന്റെ കവർ MISSING എന്ന് വലിയ അക്ഷരത്തിൽ അച്ചടിച്ചുകൊണ്ടായിരുന്നു.

2021 മെയ്- ലക്കം ഔട്ട്-ലുക്കിന്റെ കവർ

2021 മെയ്- ലക്കം ഔട്ട്-ലുക്കിന്റെ കവർ

മഹാമാരി ദുരിതം വിതയ്ക്കുമ്പോൾ നിഷ്ക്രിയമായിരുന്ന സർക്കാരിന്റെ അഭാവത്തെയും അലംഭാവത്തെയും നിശിതമായി വിമർശിക്കുന്ന കവർചിത്രവും റിപ്പോർട്ടുകളും അധികാരത്തിന്റെ ഉന്നതശ്രേണിയെ അസ്വസ്ഥരാക്കി.

കേന്ദ്രമന്ത്രിമാർവരെ ഇടപെട്ടു. കവറിൽ മാറ്റം വരുത്താനും അത് നടക്കാതിരുന്നപ്പോൾ ആ ലക്കം വാരിക ന്യൂസ് സ്റ്റാൻഡുകളിൽനിന്ന് പിൻവലിക്കാനുമൊക്കെ സമ്മർദ്ദമുണ്ടായി. എന്നിട്ടും റൂബേൻ പത്രാധിപ സ്ഥാനത്ത് തുടർന്നു.  പിന്നീട് സ്റ്റാൻ സ്വാമിയുടെ മരണം, പെഗാസസ് ചാര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളടങ്ങിയ ലക്കങ്ങൾ കൂടി ഔട്ട്ലുക്കിൽ പ്രസിദ്ധീകരിച്ചതോടെ റൂബേൻ പത്രാധിപ സ്ഥാനത്തുനിന്ന് തെറിച്ചു.

സമാനമായ നിലയിൽ സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്ന ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ ബോബിഘോഷിനും സ്ഥാനമൊഴിയേണ്ടി വന്നതും റുബേൻ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

വ്യാജ വാർത്തകളെ തുറന്നുകാണിക്കുകയും വസ്തുതാന്വേഷണം നടത്തുകയും ചെയ്യുന്ന വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാലുവർഷംമുമ്പ് ഒരു സിനിമാരംഗം ട്വീറ്റ് ചെയ്തതിന്റെ പേരിൽ കേസിൽ കുടുക്കി കോടതികളിൽനിന്ന് കോടതികളിലേക്കും ജയിലുകളിൽനിന്ന് ജയിലുകളിലേക്കും കൊണ്ടുനടന്നത് അടുത്തകാലത്താണല്ലോ. ഒരു ഘട്ടത്തിൽ സുപ്രീം കോടതി കേസിൽ ജാമ്യം അനുവദിച്ചിട്ടുപോലും സുബൈറിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവിധത്തിൽ പുതിയ കേസ് ചുമത്തുകയുണ്ടായി.

തന്നെ ജയിലിലടച്ചത് മറ്റ് മാധ്യമ പ്രവർത്തകർക്ക് ഒരു പാഠമാകാനാണെന്ന് സുബൈർ പറഞ്ഞത് വളരെ ശരിയാണ്. കമ്യൂണലിസം കോംബാറ്റിന്റെ എഡിറ്റർ കൂടിയായ ടീസ്ത സെതൽവാദ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവർക്കും സമാന അനുഭവങ്ങളാണുണ്ടായത്‌. ഇതെല്ലാം ഭരണകൂട അടിച്ചമർത്തലുകളുടെ ചില ഉദാഹരണങ്ങൾ മാത്രം.

 ഭരണകൂട അടിച്ചമർത്തലുകൾക്കൊപ്പം ഹിന്ദുത്വ ആൾക്കൂട്ട സേനകളുടെ ആക്രമണവും മാധ്യമ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നു. ഡൽഹി വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഹിന്ദു മഹാ പഞ്ചായത്ത് റിപ്പോർട്ട് ചെയ്യാൻ പോയ വനിതകൾ അടക്കമുള്ള ഏഴ് മാധ്യമ പ്രവർത്തകർക്കുനേരെ ശാരീരിക ആക്രമണം  ഉണ്ടായി. അവരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകരെ പ്രത്യേകം തിരഞ്ഞുപിടിച്ചായിരുന്നു ആക്രമിച്ചത്.

പ്രമുഖരായ അഞ്ച് മാധ്യമ പ്രവർത്തകരെ തൂക്കിലേറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത് ഹിന്ദുത്വ പക്ഷപാതിയായിരുന്നു. സ്വയംസേവക്, പ്രൗഡ്ഹിന്ദു തുടങ്ങിയ ട്വിറ്റർ ഹാൻഡിലുകൾ അതിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു.

മുഹമ്മദ് സുബൈർ, ബർഖ ദത്ത്, ഫയേ ഡിസൂസ, റാണ അയൂബ് തുടങ്ങിയ പ്രമുഖരെ തൂക്കിലേറ്റണമെന്നായിരുന്നു ആക്രോശം. പരാതി ഉയർന്നതിനെ തുടർന്ന് യുട്യൂബ് അന്ന് വൈകിട്ട് വീഡിയോ നീക്കം ചെയ്തുവെങ്കിലും അതിനകംതന്നെ അഞ്ചുലക്ഷംപേർ ആ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു.

ഇവർക്ക് നേരെ ഉയർന്ന ഭീഷണി ഗൗരി ലങ്കേഷിന്റെ കാര്യത്തിൽ യാഥാർഥ്യമാവുകതന്നെ ചെയ്തു.

ഗൗരി ലങ്കേഷ്-

ഗൗരി ലങ്കേഷ്-

തൂക്കുമരത്തിനുപകരം തോക്കിനാണ് ഗൗരി ലങ്കേഷ് ഇരയായതെന്നുമാത്രം.

ഭരണകൂടത്തെ വിമർശിക്കുകയും അതിന്റെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ കൗടില്യങ്ങൾക്ക് കീഴ്പ്പെടാതിരിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മുമ്പിലുള്ളത് തോക്കിനും തുറുങ്കിനുമിടക്കുള്ള സ്വാതന്ത്ര്യം മാത്രമാണ്.

വാർത്തയും വ്യവസായവും

   വാർത്ത ഒരു ചരക്കും മാധ്യമം ഒരു വ്യവസായവും ലാഭം  അന്തിമലക്ഷ്യവുമായി തീരുമ്പോൾ മാധ്യമങ്ങളെ ഈ ആക്രമണങ്ങൾ ഭയപ്പെടുത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യും. സ്വാതന്ത്ര്യ സമരകാലത്ത് രൂപംകൊണ്ട മാധ്യമങ്ങളെ നയിച്ചിരുന്നത് ചില രാഷ്ട്രീയ, സാമൂഹ്യ ലക്ഷ്യങ്ങളായിരുന്നു. ആ ലക്ഷ്യങ്ങൾക്കുപിന്നിൽ ജനങ്ങളെ അണിനിരത്തുന്ന പ്രചാരകരും സംഘാടകരുമായി പത്രങ്ങൾ പ്രവർത്തിച്ചിരുന്നു.

അതിന്റെ ഭവിഷ്യത്തുകളും അവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ലാഭം ആത്യന്തിക ലക്ഷ്യമായി കഴിഞ്ഞിട്ടില്ലാതിരുന്നതിനാൽ ഭവിഷ്യത്തുകൾ നേരിടാൻ ധൈര്യം കാണിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ ലക്ഷ്യങ്ങളുടെയും മൂല്യങ്ങളുടെയും സ്വാധീനം ഏറെക്കാലം മാധ്യമങ്ങളിൽനിലനിന്നു. എന്നാൽ മുതലാളിത്ത വളർച്ചക്കൊപ്പം മൂലധനം മാധ്യമങ്ങളിൽ പിടിമുറുക്കുകയും മറ്റേതൊരു വ്യവസായത്തെയും പോലെ ലാഭം ലക്ഷ്യമാക്കിയുള്ള വ്യവസായമായി മാധ്യമങ്ങൾ മാറുകയും ചെയ്തതോടുകൂടി മഹത്തായ ലക്ഷ്യങ്ങളിലും  മൂല്യങ്ങളിലും  മാധ്യമങ്ങൾ വിട്ടുവീഴ്ച ചെയ്തുതുടങ്ങി.

അടിയന്തരാവസ്ഥക്കാലമായപ്പോഴേക്കും മാധ്യമങ്ങളുടെ ഭരണകൂട വിധേയത്വം പൂർണമായി.

രാജ്ദീപ് സർദേശായ്

രാജ്ദീപ് സർദേശായ്

ഉദാരവൽക്കരണ നയങ്ങൾ ആരംഭിക്കുകയും വൻകിട മൂലധനത്തിന്റെ കുത്തൊഴുക്ക് മാധ്യമ മേഖലയിലുണ്ടാവുകയും മാധ്യമ ഉടമസ്ഥത ഏതാനും ചില കുത്തകകളിൽ കേന്ദ്രീകരിക്കുകയും ചെയ്തതോടെ, രാജ്ദീപ് സർദേശായ് പറഞ്ഞതുപോലെ ഭരണകൂടത്തിന്റെ മടിത്തട്ടിലേക്കും അധികാരം വിരിച്ചിട്ട സുഖശയ്യയിലേക്കും അവർ ചാഞ്ഞു.

ഹിന്ദുത്വ രാഷ്ട്രീയം ഭരണകൂട അധികാരത്തിലെത്തിയതോടെ അധികാരശക്തിയുടെ ഭയപ്പെടുത്തലുകൾ കൂടിയായി. മാത്രമല്ല, പല വൻകിട മാധ്യമങ്ങളുടെയും ഉടമകൾക്ക് റൂബെൻ ബാനർജി ചൂണ്ടിക്കാണിക്കുന്നതുപോലെ മാധ്യമങ്ങളെക്കാൾ എത്രയോ വലിയ സഹസ്രകോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളുണ്ട്.

റുബേൻ  ബാനർജി

റുബേൻ ബാനർജി

ഭരണകൂടത്തിന്റെ അപ്രീതിക്കിരയായി ആ ബിസിനസ് താല്പര്യങ്ങളെ അപകടപ്പെടുത്താൻ അവരൊന്നും ആഗ്രഹിക്കുന്നില്ല. ഇതോടെ മാധ്യമങ്ങൾ പൂർണമായും വരുതിയിലായി.

എൽ കെ അദ്വാനിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രയോഗം കടമെടുത്താൽ, ‘കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുന്നവരായി’ മാധ്യമങ്ങൾ മാറി. സത്യാനന്തരം (POST  TRUTH)  എന്ന്  വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് മാധ്യമങ്ങൾക്ക് സത്യത്തേക്കാൾ പഥ്യം അസത്യങ്ങളും അർധസത്യങ്ങളും ചേർന്ന വൈകാരിക ചേരുവകളാണ്. റേറ്റിങ് കൂട്ടാനുതകുന്ന ചരക്ക് എന്ന നിലയിലും അയഥാർഥ പ്രശ്നങ്ങളെ പെരുപ്പിക്കുകയെന്ന രാഷ്ട്രീയ ദൗത്യത്തിനും അതാണ് കൂടുതൽ അനുയോജ്യമെന്നതുതന്നെ കാരണം.

ഇത്തരം ചേരുവകളുടെ നിർമിതിയിലൂടെ  അധീശത്വത്തിന്റെ കുടില വീക്ഷണങ്ങൾകൂടിയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

കേരളം മാത്രം

 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യമുള്ള, ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമുള്ള കേരളത്തിലെ മാധ്യമങ്ങളും പോകെപ്പോകെ കോർപറേറ്റ് ഹിന്ദുത്വ അധികാരത്തിന്റെ ആർപ്പുവിളി സംഘത്തിൽ അണിചേരാൻ മത്സരിക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് നാം.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ആദ്യമാദ്യം അതിലൊരു സങ്കോചം ദൃശ്യമായിരുന്നെങ്കിൽ ഇപ്പോൾ ആകെ മുങ്ങിയാൽ കുളിരില്ല എന്ന നിലയിലാണ് മാധ്യമങ്ങൾ. യഥാർഥത്തിൽ അതിലൊട്ടും അത്ഭുതത്തിന് അവകാശമില്ല. കേരളത്തിലെ മാധ്യമങ്ങൾ 1957 മുതൽ നിർണായക ചരിത്ര സന്ദർഭങ്ങളിലെല്ലാം തികഞ്ഞ പ്രതിലോമ വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും വലതുപക്ഷത്തിന്റെ ആശയ പ്രചാരകരും സംഘാടകരുമായി മാറുകയും ചെയ്തിട്ടുണ്ട്. 

വിമോചനസമരം അതിന്റെ എക്കാലത്തെയും മികച്ച ദൃഷ്ടാന്തമാണ്. പിന്നീട് അടിയന്തരാവസ്ഥയിലും അധികാരത്തിനൊപ്പം നിൽക്കുകയും അധികാര ഭാഷ്യങ്ങൾക്ക് ന്യായം ചമയ്ക്കുകയും ചെയ്യുന്ന ജോലി തന്നെയാണ് മാധ്യമങ്ങൾ നിർവഹിച്ചത്. ഇപ്പോൾ അത് കൂടുതൽ കൃത്യനിഷ്ഠയോടെയും സംഘടിതമായും അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

കേസരി ബാലകൃഷ്ണപിള്ള

കേസരി ബാലകൃഷ്ണപിള്ള

എന്താണ് മലയാള മാധ്യമങ്ങൾ ഇപ്പോൾ അവലംബിക്കുന്ന രീതിശാസ്ത്രം? ചില പ്രത്യേക പ്രവണതകൾ പ്രകടമായി കാണാം. കേന്ദ്ര ഭരണകൂടത്തിന് അലോസരം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ കഴിയാവുന്നിടത്തോളം അവഗണിക്കുകയോ ന്യൂനീകരിക്കുകയോ ചെയ്യുകയാണ് ഒന്ന്. അതിനൊപ്പം പ്രാദേശിക പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കുകയും അവ കഴിയുന്നത്ര പൊലിപ്പിക്കാനും ആളിക്കത്തിക്കാനും തലക്കെട്ടുകളിൽ സജീവമായി  നിലനിർത്താനും ശ്രമിക്കുകയും  ചെയ്യും.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കേരളത്തിലെ ചില പ്രമുഖ പത്രങ്ങൾ മുഖപ്രസംഗത്തിന് തെരഞ്ഞെടുത്തതും ചാനലുകൾ പ്രൈം ടൈമിൽ ചർച്ചചെയ്തതുമായ വിഷയങ്ങൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.

ഒരു പത്രം കഴിഞ്ഞ 68 ദിവസത്തിനിടയിൽ ദേശീയ പ്രശ്നങ്ങളെ ആസ്പദമാക്കി വെറും പത്തും മറ്റൊരു പത്രം 70 ദിവസത്തിനിടയിൽ 14 ഉം മുഖപ്രസംഗങ്ങൾ മാത്രമാണ് എഴുതിയതെന്ന് കാണാൻ കഴിയും.

പാർലമെന്റ്‌ സമ്മേളിക്കുകയും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നടക്കുകയും രാജ്യവ്യാപകമായി കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ നീങ്ങുകയും രൂപയുടെ റെക്കോഡ് വിലത്തകർച്ചയും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുകയും സമ്പന്നരുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ ചർച്ചയാവുകയും ഭരണകക്ഷി നേതാക്കളുടെ പ്രവാചകനിന്ദ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് അപമാനമുണ്ടാക്കുകയും ചില വിദേശരാജ്യങ്ങൾ പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്നതിനിടയാക്കുകയും മഹാരാഷ്ട്രയിൽ ജനാധിപത്യ അട്ടിമറിയുണ്ടാവുകയും ജാർഖണ്ഡിൽ അട്ടിമറി ശ്രമങ്ങൾ പുറത്തുവരികയും ബിഹാറിൽ രാഷ്ട്രീയമാറ്റമുണ്ടാവുകയും അഗ്നിപഥിനെതിരായ സമരം രാജ്യത്താകെ പടരുകയുമൊക്കെ ചെയ്ത സംഭവബഹുലമായ ഒരു ദേശീയ രാഷ്ട്രീയ സാഹചര്യത്തെ കേരളത്തിൽ പ്രതിഫലിപ്പിക്കാതിരിക്കാനും ന്യൂനീകരിക്കാനും എത്രത്തോളം ശ്രമിച്ചു എന്നതിന്റെ തെളിവാണ് മേൽപ്പറഞ്ഞ കണക്കുകൾ.

അതേസമയം പ്രാദേശിക വിഷയങ്ങളെ ആസ്പദമാക്കി ദേശീയ വിഷയങ്ങളുടെ മൂന്നിരട്ടിയോളം മുഖപ്രസംഗങ്ങളാണ് ആ രണ്ടുപത്രങ്ങളും എഴുതിയത്.

ദേശീയ പ്രശ്നങ്ങളിലെഴുതിയ മുഖപ്രസംഗങ്ങളാകട്ടെ എവിടെയും തൊടാത്തതും ഭരണകൂട വിമർശനം ഒഴിവാക്കാൻ അങ്ങേയറ്റത്തെ കരുതൽ പുലർത്തുന്നവയും ആയിരുന്നു.

മുഖ്യധാരാ ചാനലുകളുടെ കാര്യമെടുത്താൽ ദേശീയ പ്രശ്നങ്ങളോടുള്ള സമീപനം ഇതിനേക്കാൾ പരിതാപകരമാണെന്നു കാണാം. ഒരു പ്രധാന ചാനൽ ഇതേ കാലയളവിലെ 68 ദിവസത്തിനിടയിൽ ദേശീയ വിഷയങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്തത് വെറും ആറ് ദിവസം മാത്രമാണ്.

മറ്റുരണ്ട്‌ ചാനലുകൾ നോക്കിയപ്പോൾ 66 ദിവസത്തിനിടയിൽ 5 ദിവസം മാത്രമാണ് ദേശീയ വിഷയങ്ങൾ ചർച്ചചെയ്തത്.

ആരെയാണ് ജനങ്ങളുടെ കൺവെട്ടത്തുനിന്ന് ഒഴിച്ചുനിർത്തി സംരക്ഷിക്കേണ്ടതെന്നും ആരെയാണ് പ്രതിക്കൂട്ടിൽ നിർത്തി നിരന്തരം വിചാരണചെയ്യേണ്ടതെന്നും നിശ്ചയിച്ചുറപ്പിച്ച ഒരു പ്രവർത്തനരീതി ഇതിൽ കാണാം.

ലളിതവൽക്കരണം

രണ്ടാമത്തെ പ്രവണത, പ്രശ്നങ്ങളുടെ ഗൗരവമേറിയ യഥാർഥ രാഷ്ട്രീയ ഉള്ളടക്കം ചോർത്തിക്കളഞ്ഞ് ലളിതവൽക്കരിക്കുക എന്നതാണ്.

ഒന്നിന് പുറകെ ഒന്നായി സംസ്ഥാനങ്ങളിൽ ജനഹിതം അട്ടിമറിക്കുകയും കുതിരക്കച്ചവടത്തിലൂടെയും കൂട്ട കാലുമാറ്റത്തിലൂടെയും അധികാരം പിടിച്ചെടുക്കുകയും സർക്കാരുകളെ അട്ടിമറിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ വായനക്കാർക്കും പ്രേക്ഷകർക്കും മുന്നിൽ അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജനാധിപത്യ ധ്വംസനത്തെ വിശേഷിപ്പിക്കാൻ പണ്ട് ഉപയോഗിച്ചിരുന്ന കുതിരക്കച്ചവടം, കാലുമാറ്റം, അട്ടിമറി തുടങ്ങിയ വാക്കുകൾ ഇപ്പോൾ മാധ്യമങ്ങളിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.

പകരം ഓപ്പറേഷൻ ലോട്ടസ്, ഓപ്പറേഷൻ മിഡ്നൈറ്റ് തുടങ്ങിയ പദാവലികൾകൊണ്ട് സാധൂകരിക്കാനും സമർഥവും ആകർഷകവുമായി അവതരിപ്പിക്കാനും ശ്രമിക്കുന്നതാണ് കാണുന്നത്.

ഫോട്ടോ: ബിനുരാജ്‌

ഫോട്ടോ: ബിനുരാജ്‌

അട്ടിമറിയെ അധാർമിക പ്രവൃത്തിയെന്ന് കുറ്റപ്പെടുത്തുന്നതിനുപകരം ‘ചാണക്യതന്ത്രം ', ‘ചടുലനീക്കം' എന്നീ പദാവലികൾകൊണ്ട് രാഷ്ട്രീയ കാര്യക്ഷമതയും മിടുക്കുമായി ചിത്രീകരിക്കുകയും അതിന് സമ്മതി സൃഷ്ടിക്കുകയും ചെയ്യുന്നു.

എംഎൽഎമാർ വിലയ്ക്കെടുക്കപ്പെടുന്നതിനെക്കുറിച്ചോ അതിനുള്ള പണം ആരിൽനിന്ന് വരുന്നുവെന്നോ, അതിനുപിന്നിലെ അഴിമതി, ഉപജാപം, ഏകോപനം എന്നിവയെക്കുറിച്ചോ ചോദ്യങ്ങളൊന്നും ഉയർത്താത്ത കേവല വാർത്തകളോ വല്ലപ്പോഴും നിരുപദ്രവകരമായ മുഖപ്രസംഗങ്ങളോ മാത്രമായി അവ അവസാനിക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ‘കടംകഥകളിൽ’ ഒരിക്കലും ഇന്ത്യയിലാകെ സംസ്ഥാനങ്ങളുടെ ധനസ്ഥിതി പ്രതിസന്ധിയിലാക്കിയ നയങ്ങളിലേക്കോ പ്രശ്നത്തിന്റെ വേരിലേക്കോ ഒരു അന്വേഷണവും വിശകലനവും ചെന്നെത്താതിരിക്കാനുള്ള കൗശലം കാണാം.

ജിഎസ്ടി സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകളെ കവർന്നെടുത്തതും അതേസമയം രാജ്യത്തെ ആകെ ചെലവിന്റെ മൂന്നിൽ രണ്ടു ഭാഗവും സംസ്ഥാന സർക്കാരുകളുടെ ചുമതലയിലാണെന്നതും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം വർധിച്ചതും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികൾ കുറച്ചും കേന്ദ്രത്തിനുമാത്രമുള്ള സെസ്സുകളും അധിക നികുതികളും മാത്രം കൂട്ടിയും സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുന്നതും ധന കമീഷൻ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം കൂടുതൽ പുരോഗതി കൈവരിച്ച കേരളംപോലുള്ള സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാൻ കാരണമായതുമൊന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിശകലനങ്ങളിലും പരമ്പരകളിലും കാണില്ല.

പിന്നെയോ? ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ കൂട്ടാൻ ആലോചിക്കുന്നതും ചില സർക്കാർ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തിയതും കാർ വാങ്ങിയതും പറഞ്ഞ് പ്രശ്നത്തെ ലളിതവൽക്കരിക്കും.

അതിന്റെ യഥാർഥ രാഷ്ട്രീയ ഉള്ളടക്കത്തെ തമസ്കരിക്കും. യഥാർഥ പ്രതിയെ ജനങ്ങളുടെ കൺവെട്ടത്തുനിന്ന് അകറ്റുകയും വാദിയെ പ്രതിയാക്കി മാറ്റുകയുംചെയ്യും. രാജ്യമാകെ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും നിയമനം വർഷങ്ങളായി നടക്കാത്തതും ജനങ്ങൾ അറിയില്ല.

തൊഴിലില്ലായ്മയെന്നാൽ പ്രാദേശിക പ്രതിഭാസം മാത്രമാണെന്നും റാങ്ക്ലിസ്റ്റിൽ പേരുള്ളവർക്കെല്ലാം നിയമനം നൽകിയാൽ പരിഹരിക്കാവുന്നതാണെന്നുമുള്ള മിഥ്യാബോധം വാർത്തകളിലൂടെയും ചർച്ചകളിലൂടെയും ആസൂത്രിതമായി സൃഷ്ടിക്കും.

ഇങ്ങനെ ഓരോ പ്രശ്നത്തെയും ലളിതവൽക്കരിച്ച് യാഥാർഥ്യങ്ങളിൽനിന്ന് അടർത്തിമാറ്റി അവതരിപ്പിക്കുന്നതാണ് മാധ്യമശൈലി.

രണ്ട് സമീപനങ്ങൾ

മൂന്നാമത്തെ പ്രവണത അപ്രധാനവും അയഥാർഥവുമായ പ്രശ്നങ്ങളെ പെരുപ്പിച്ചും പർവതീകരിച്ചും തെറ്റിദ്ധാരണയും സംഭ്രമവും ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ്. നിയമസഭയിൽ, പാസ് കർശനമാക്കിയതിനെ തുടർന്ന് അല്പസമയത്തേക്ക് ഉണ്ടായതും ശ്രദ്ധയിൽപ്പെട്ട് 10 മിനിറ്റിനുള്ളിൽ പരിഹരിച്ചതുമായ ആശയക്കുഴപ്പത്തെ നിയമസഭയിൽ മാധ്യമവിലക്ക്, അസാധാരണ നടപടി തുടങ്ങിയ ബ്രേക്കിങ് ന്യൂസും ബാനർ ഹെഡിങ്ങും പ്രൈം ടൈം ചർച്ചയും മുഖപ്രസംഗങ്ങളും പ്രസ്താവനാ ഘോഷയാത്രകളുമായെല്ലാം പെരുപ്പിച്ചത് സമീപകാല ഉദാഹരണം.

ജൂൺ 27 ന് സഭ ആരംഭിച്ച ദിവസം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ പ്രശ്നം അന്നുതന്നെ 10 മണിയായപ്പോഴേക്കും പരിഹരിക്കപ്പെട്ടതാണ്. എന്നിട്ടും പ്രൈംടൈം ചർച്ചയും പിറ്റേന്ന് എഡിറ്റോറിയലും എല്ലാമുണ്ടായി. ഒരു പത്രം ഒന്നുകൊണ്ടും അരിശം തീരാതെ ജൂൺ 30ന് വീണ്ടും മുഖപ്രസംഗമെഴുതി. ഈ മാധ്യമ കോലാഹലം മുഴുവൻ നിയമസഭയിലെ ഇല്ലാത്ത വിലക്കിന്റെ പേരിൽ നടക്കുമ്പോൾ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ

മുഹമ്മദ് സുബൈർ

മുഹമ്മദ് സുബൈർ

മുഹമ്മദ് സുബൈർ ജയിലിൽനിന്ന് ജയിലിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നിയമസഭയിലെ സ്വയം സങ്കൽപ്പിച്ചുണ്ടാക്കിയ മാധ്യമ വിലക്കിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നതിനിടയിൽ ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനായി ഒരിറ്റു കണ്ണീർ മുഖപ്രസംഗത്തിൽ പൊഴിക്കാൻ ആരുമുണ്ടായില്ല എന്നോർക്കണം. നിയമസഭയിലെ ഇല്ലാത്ത വിലക്കിന്റെ പേരിൽ രണ്ടുമുഖപ്രസംഗമെഴുതിയ പ്രമുഖ പത്രം ഒരു മുഖപ്രസംഗത്തിന്റെ അവസാനത്തിൽ ഒറ്റവരി പരാമർശം മാത്രമാണ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെക്കുറിച്ച് നടത്തിയത്. 

ഇല്ലാത്ത ഒരു പ്രശ്നത്തെക്കുറിച്ച് രണ്ട്  മുഖപ്രസംഗങ്ങൾ; തുറുങ്കിലടച്ച മാധ്യമ പ്രവർത്തകനെക്കുറിച്ച് ഒറ്റ വരിയും!

ഏറെക്കുറെ എല്ലാ ചാനലുകളും മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെക്കുറിച്ചും  ഭരണകൂട കടന്നാക്രമണത്തെക്കുറിച്ചും  ചർച്ച ചെയ്യാൻ ധൈര്യപ്പെട്ടില്ല. ‘നിയമസഭയിൽ ഇരുമ്പുമറയോ?' എന്ന സ്തോഭജനകമായ തലക്കെട്ട് പ്രൈം ടൈം ചർച്ചക്ക് നൽകിയ ചാനൽ ‘മാധ്യമ പ്രവർത്തകന് കൽത്തുറുങ്കോ?’, ‘വ്യാജം തുറന്നുകാണിച്ചാൽ അഴിക്കുള്ളിലോ?’ (വ്യാജവാർത്തകൾ തുറന്നുകാണിക്കുന്ന വെബ്സൈറ്റിന്റെ സഹ സ്ഥാപകനാണല്ലോ മുഹമ്മദ് സുബൈർ) എന്നൊക്കെയുള്ള തലക്കെട്ടുകളിൽ ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ച ശുദ്ധാത്മാക്കൾ ഉണ്ടാകും.

എന്നാൽ സുബൈറിന്റെ അറസ്റ്റ് നേരിനുവേണ്ടിയുള്ള  നിർഭയ മാധ്യമ പ്രവർത്തനത്തിന് എതിരായ വെല്ലുവിളിയായോ, ചർച്ചചെയ്യാൻ മാത്രം ഗൗരവമുള്ള വിഷയമായോ  അവർ പരിഗണിച്ചതേയില്ല.

എന്തിനധികം? പാർലമെന്റിൽ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത സംഭവംപോലും അവർ പ്രൈം ടൈം ചർച്ചക്ക് വിഷയമാക്കിയില്ല. നിയമസഭയിലെ പാസ് പ്രശ്നവും പാർലമെന്റിലെ വാക്ക് നിരോധനം, സസ്പെൻഷൻ, പ്രതിഷേധങ്ങൾ എന്നിവയും കേരളത്തിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും തമ്മിലുള്ള വ്യത്യാസവും ശ്രദ്ധേയമാണ്.

‘മാധ്യമവിലക്ക്’, ‘ഇരുമ്പുമറ’, ‘പട്ടാളഭരണം’  എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് സംഭ്രമജനകമായ  തലക്കെട്ടുകൾ തീർക്കുകയും ഒന്നാം പേജിലും ഉൾപേജുകളിലുമായി അനേകം വാർത്തകൾ നൽകുകയും ചെയ്തവർ പാർലമെൻറിലെ അസാധാരണവും ഗുരുതരവുമായ സംഭവങ്ങളെ ന്യൂനീകരിച്ച് അവതരിപ്പിക്കാനും തലക്കെട്ടുകൾ, ഉപയോഗിച്ച വാക്കുകൾ എന്നിവയിലെല്ലാം അതീവ മിതത്വം പുലർത്താനും ശ്രദ്ധിച്ചതായി കാണാം.

ഗൗരവതരമായ രണ്ട്‌ സമീപകാല ദേശീയ സംഭവങ്ങളെയും നിയമസഭയിലെ കല്പിത കഥയെയും മാധ്യമങ്ങൾ കൈകാര്യംചെയ്ത രീതിയാണിത്.

കല്പിത കഥയെ പർവതീകരിച്ച്  ദിവസങ്ങളോളം വിവാദം അണയാതെ നിർത്തുകയും  മറ്റ് രണ്ട് സംഭവങ്ങളെ ഒതുക്കത്തിലും മിതത്വത്തിലും അവതരിപ്പിക്കുകയുംചെയ്തു. ഏറ്റവുമൊടുവിൽ ഗുജറാത്ത്

ബിൽക്കിസ്- ബാനു

ബിൽക്കിസ്- ബാനു

(ബിൽക്കിസ് ബാനു) കൂട്ടബലാത്സംഗ കൂട്ടക്കൊല കേസിലെ പ്രതികളെയെല്ലാം ശിക്ഷാ ഇളവ് നൽകി മോചിപ്പിച്ച നടപടിയിൽ പല ദേശീയ മാധ്യമങ്ങളും മുഖപ്രസംഗവുമായി മുന്നോട്ടുവന്നിരുന്നു.

എന്നാൽ കേരളത്തിലെ മിക്ക വൻകിട പത്രങ്ങളും മുഖപ്രസംഗമെഴുതാൻ ധൈര്യപ്പെട്ടില്ല. വാർത്ത തന്നെ കഴിയുന്നത്ര ഒതുക്കിനൽകാനും കഴിയുന്നത്ര വേഗം അപ്രത്യക്ഷമാക്കാനുമാണ്  അവർ തയ്യാറായത്.

എത്ര ചാനലുകളിൽ ആ വിഷയം പ്രൈം ടൈം ചർച്ചയായി? ഇങ്ങനെയൊരു ശിക്ഷാ ഇളവ് കേരളത്തിലായിരുന്നെങ്കിലോ? ദേശീയ മാധ്യമങ്ങൾ മുതൽ മലയാള മാധ്യമങ്ങൾ വരെ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് ഊഹിക്കാവുന്നതാണ്.

ഇതെല്ലാം ഒരു പ്രവണതയുടെ ഉദാഹരണം മാത്രമാണ്. അതിലൂടെ  മാധ്യമങ്ങൾ എന്താണ് ജനങ്ങളിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രതീതി? ആരെയാണ് രക്ഷിക്കാനും ഒളിപ്പിക്കാനും ശ്രമിക്കുന്നത്?

സംവാദ വിരുദ്ധത

നമ്മുടെ പൊതുസംവാദത്തിന്റെ നിലവാരത്തിന്റെ പതനത്തിന് ഇടയാക്കിയ പല കാരണങ്ങളിൽ ഇന്നത്തെ മാധ്യമ പ്രവർത്തന രീതികൾ പ്രധാനപ്പെട്ട ഒരു  പങ്ക് വഹിച്ചിട്ടുണ്ട്. അതിൽ അച്ചടി, ദൃശ്യ മാധ്യമങ്ങൾ ഒരുപോലെ ഉത്തരവാദികൾ ആണെങ്കിലും ടെലിവിഷൻ ചർച്ചകൾ സംവാദ അന്തരീക്ഷത്തെ മലിനമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നതായി കാണാൻ കഴിയും.

യഥാർഥത്തിൽ നമ്മുടെ സമൂഹത്തിലെ പ്രധാന പൊതുസംവാദവേദി എന്ന നിലയിൽ വികസിപ്പിക്കാൻ കഴിയുമായിരുന്ന ടെലിവിഷൻ ചർച്ചാവേദികൾ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾമൂലം ക്ഷുദ്ര വിഷയങ്ങൾക്ക് ചുറ്റും കറങ്ങുന്ന ആക്രോശവേദികളായി നിലവാരമിടിയുന്നത് ദുഃഖകരമാണ്.

പലപ്പോഴും അവതാരകരുടെ ആമുഖം മുതൽ വിഷയങ്ങളുടെയും അതിഥികളിൽ മിക്കവരുടെയും തെരഞ്ഞെടുപ്പും അവതരണങ്ങളും ചർച്ചകളുടെ ഉപസംഹാരവും വരെ ആരോഗ്യകരമായ സംവാദത്തിന്റെ സംസ്കാരമല്ല വിചാരണയുടെയും അന്തിമവിധിനിർണയത്തിന്റെയും  സ്വഭാവമാണ് പുലർത്തുന്നത്.

പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ അളവുകോലുകൾവച്ച് രാഷ്ട്രീയ നേതാക്കളുടെ വാക്കുകളെയും പ്രവൃത്തികളെയും ഓഡിറ്റ് ചെയ്യാൻ മാധ്യമങ്ങൾ മത്സരിക്കാറുണ്ട്.

പുതിയ  കാലത്ത് അതിൽ തെറ്റുമില്ല (ഇക്കാര്യത്തിൽ ചിലർക്ക് ഇളവും ആനുകൂല്യവും നൽകുകയും ചിലരെ മാത്രം ഓഡിറ്റ് ചെയ്യുന്നുവെന്നുമുള്ള ആക്ഷേപങ്ങളുമുണ്ട്).

എന്നാൽ ഈ രാഷ്ട്രീയ ശരിയുടെ മാനദണ്ഡം സ്വന്തം പ്രവർത്തനങ്ങളെ വിലയിരുത്താനും  മാധ്യമങ്ങൾ ഉപയോഗിക്കേണ്ടതല്ലേ? സ്വയം രാഷ്ട്രീയശരിയുടെ അടിസ്ഥാനത്തിൽ നവീകരിക്കാൻ മാധ്യമങ്ങൾക്ക് ബാധ്യതയില്ലേ?  സ്ത്രീവിരുദ്ധത, ആൺബോധം, വരേണ്യമനോഭാവം എന്നിവ സ്ഫുരിക്കുന്ന പരാമർശങ്ങൾ ധാരാളമായി അവതാരകരിൽനിന്നും ചർച്ചകളിലെ അതിഥികളിൽ നിന്നും പത്രവാർത്തകളുടെ ഉള്ളടക്കത്തിലും തലക്കെട്ടിലും കാർട്ടൂണുകളിലുമെല്ലാം കാണാം.

സ്ത്രീകൾ ഉൾപ്പെടുന്ന വിവാദങ്ങൾ, കേസുകൾ എന്നിവ സംബന്ധിച്ച വാർത്തകളെ പരിചരിക്കുന്നതിൽ മാധ്യമങ്ങൾ കച്ചവടസാധ്യതകളുടെ കൂടി അടിസ്ഥാനത്തിൽ നടത്താറുള്ള നിറം പിടിപ്പിച്ച പൈങ്കിളിവൽക്കരണം പലപ്പോഴും അരോചകമാകാറുണ്ട്.

കച്ചവട താല്പര്യങ്ങളോടൊപ്പം നമ്മുടെ വാർത്താമുറികളിലെ ആശയഗതികളുടെ ബഹിർസ്ഫുരണങ്ങൾകൂടിയാണ് ഈ പ്രവണതകളിൽ ദർശിക്കാനാവുക.

മാധ്യമ വിചാരണയെക്കുറിച്ച് നിശിത വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ തന്നെ അടുത്തിടെ രംഗത്തുവരികയുണ്ടായി. കേരളത്തിൽ ചാരക്കേസ് മുതലുള്ള മാധ്യമ വിചാരണയുടെ ഇപ്പോഴും തുടരുന്ന അനുഭവങ്ങളുണ്ട്.

അടുത്തകാലത്ത് ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെത്തുടർന്ന് ദേശീയ മാധ്യമങ്ങൾ മുതൽ കേരളത്തിലെ ചില കേസുകൾ, ‘വെളിപ്പെടുത്തലുകൾ’ എന്നിവയെ മുൻനിർത്തിയുണ്ടായ മലയാള മാധ്യമങ്ങളുടെ വരെ സമാന്തര വിചാരണകളും

ജസ്റ്റിസ് രമണ

ജസ്റ്റിസ് രമണ

ജസ്റ്റിസ് രമണയുടെ വാക്കുകൾ ഓർമിപ്പിക്കും. മാധ്യമങ്ങൾക്ക് ‘പ്രതികളുടെ വാക്കുകൾ വേദവാക്യ'മാകുന്നതിനെ ഈയിടെ നിശിതമായി വിമർശിച്ചത് അഭിഭാഷകൻ കൂടിയായ ഗോവ  ഗവർണർ പി എസ്  ശ്രീധരൻപിള്ളയാണ്.

മാധ്യമങ്ങളുടെ സ്ഥാപിത താല്പര്യമനുസരിച്ച്  പ്രതി വാദിയും പ്രതിവചനം വിശുദ്ധ വചനങ്ങളുമാകും. ഈ മാധ്യമ വിചാരണകൾക്ക് റേറ്റിങ് താല്പര്യങ്ങൾ  മാത്രമല്ല, കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും അജണ്ടകളും  ഉണ്ടാവാറുണ്ട്. ചില രാഷ്ട്രീയ ആഖ്യാനങ്ങൾ നിർമിക്കുന്നതിനോ ചില സവിശേഷ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനോ ലക്ഷ്യമിട്ടുകൊണ്ടായിരിക്കും ഈ സമാന്തര വിചാരണകൾ. പക്ഷേ, ഒരിക്കലും ഭരണവർഗ രാഷ്ട്രീയത്തിന് പോറലേൽക്കുന്ന വിചാരണകൾ പോയിട്ട് സാമാന്യചോദ്യങ്ങൾപോലും ഉയർന്നുവരികയുമില്ല.

ഫാ. സ്റ്റാൻ സ്വാമിയുടെ ദാരുണ അന്ത്യത്തിലേക്ക്‌ നയിച്ചതിനെപ്പറ്റിയോ വിചാരണകൂടാതെ ദീർഘകാലമായി ജയിലിൽ നരകിക്കുന്നവരെക്കുറിച്ചോ മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തെ വിചാരണ ചെയ്യാനോ അലോസരപ്പെടുത്തുന്ന മൂർച്ചയുള്ള ചോദ്യങ്ങൾ ഉയർത്താനോ  തയ്യാറായിട്ടേയില്ല. അജണ്ടയുടെ അടിസ്ഥാനത്തിലുള്ള മാധ്യമങ്ങളുടെ സമാന്തര വിചാരണകൾ ജനങ്ങളെ വഴിതെറ്റിക്കുകയും നിയമവാഴ്ചയിലുള്ള ഇടപെടലായിത്തീരുകയും ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

അവസാനമായി, മാധ്യമ വിമർശനമെന്നാൽ മാധ്യമ ശത്രുതയെന്നോ മാധ്യമ പ്രവർത്തകരെ മാത്രം പഴിചാരുകയെന്നോ അല്ല. മാധ്യമ പ്രവർത്തകരെ മുഴുവൻ മൂലധന, രാഷ്ട്രീയ അജണ്ടകളുടെ പിണിയാളുകളായിട്ടല്ല മറ്റേതൊരു മേഖലയിലേയുംപോലെ പണിയാളുകളായിട്ടുകൂടിയാണ് കാണേണ്ടത്.

ഈ അജണ്ടയ്ക്ക്  കീഴ്പ്പെടുന്നവരും രാജാവിനേക്കാൾ വലിയ രാജഭക്തി പ്രദർശിപ്പിക്കുന്നവരും തീരെ ഇല്ലെന്നല്ല.  എന്നാൽ ഒരു  വിഭാഗം ഒഴുക്കിനൊപ്പം നീന്തിയില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടാം എന്ന അരക്ഷിതത്വം അനുഭവിക്കുന്നവരാണ്. ഇന്നത്തെ മാധ്യമ വ്യവസായത്തിൽ വാർത്തകളുടെ വിശ്വാസ്യത, സത്യം, മൂല്യങ്ങൾ എന്നിവയെക്കാൾ പരസ്യവരുമാനം പരമ പ്രധാനമായി മാറി.

ജേർണലിസ്റ്റുകളെക്കാളും എഡിറ്റോറിയൽ വിഭാഗത്തെക്കാളും പ്രാധാന്യം പരസ്യമാർക്കറ്റിങ് വിഭാഗങ്ങൾക്ക് കൈവന്നിട്ടുള്ള കാലമാണിത്. കോവിഡിനുമുമ്പേ തുടങ്ങുകയും കോവിഡ് കാലത്ത് വ്യാപകമാവുകയും ചെയ്ത രാജ്യമാകെയുള്ള  പ്രവണത വൻകിട മാധ്യമങ്ങളിലുൾപ്പെടെയുള്ള ജേർണലിസ്റ്റുകളുടെ കൂട്ടപ്പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമാണ്. ഈ പ്രതികൂല പരിതസ്ഥിതികളിലും സത്യം, ഉന്നതമൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കാൻ പല വഴികളിലായി  പൊരുതി നിൽക്കുന്നവരുമുണ്ട്.

രാജ്യം ഇന്ന് അസാധാരണമായ ചരിത്ര സന്ദർഭത്തിലൂടെ കടന്നുപോവുകയാണ്. കോർപറേറ്റ്  ഹിന്ദുത്വ അച്ചുതണ്ടിന്റെ മേധാവിത്വകാലം ജനാധിപത്യത്തിന് നേരേ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു.

സത്യത്തിനുമേൽ വ്യക്തിപരമായ വികാരങ്ങളും വിശ്വാസ പ്രമാണങ്ങളും നിരന്തര പ്രചാരണത്തിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്നതിനെയാണ് സത്യാനന്തരകാലം (Post Truth Era)  എന്നു വിവക്ഷിക്കുന്നത്. സത്യാനന്തരകാലം അസത്യപൂജയുടെ കാലംകൂടിയാണ്.  അസത്യ പൂജയ്ക്കെതിരായ സമരം ജനാധിപത്യത്തിന്റെ ജീവവായുവാണിന്ന്. അതിനാൽ മാധ്യമ വിമർശനം നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനമാണ്.


(ദേശാഭിമാനി വാരികയിൽ നിന്ന്)