മാധ്യമ മുതലാളിത്തവും ഇന്ത്യയുടെ വർത്തമാനവും
Wednesday Sep 21, 2022
ശശികുമാർ
ഇന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. അപ്രഖ്യാപിതവും നിശ്ശബ്ദവുമായ അടിയന്തരാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് കാണാനാകും. മാധ്യമങ്ങളെയാണ് ഇത് ഏറ്റവും പ്രധാനമായി ബാധിച്ചിരിക്കുന്നത് ‐ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ പ്രൊഫ. എം മുരളീധരൻ സ്‌മാരക പ്രഭാഷണത്തിൽ നിന്ന്
മാധ്യമങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന സ്വത്വപ്രതിസന്ധിയെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. നാമെല്ലാം ഒന്നുകിൽ മാധ്യമങ്ങളുടെ ഗുണഭോക്താക്കളോ അല്ലെങ്കിൽ ഇരകളോ ആണ്. അത് നാം മാധ്യമങ്ങളെ എങ്ങനെ കാണുന്നു എന്നതനുസരിച്ചിരിക്കും. ഈ മാധ്യമങ്ങൾ അതായത് വാർത്താമാധ്യമങ്ങൾ ഗുരുതരമായ സ്വത്വപ്രതിസന്ധിയിലാണിന്ന്. ഈ സ്വത്വപ്രതിസന്ധി പൗരസമൂഹത്തെയും പൊതുമണ്ഡലത്തെയാകെയും ബാധിക്കുന്നു. അത് ജനാധിപത്യത്തെ സാരമായി ബാധിക്കുന്നു. കാരണം ജനാധിപത്യം എന്നുപറഞ്ഞാൽ അടുത്ത ശ്വാസത്തിൽ തന്നെ സ്വതന്ത്രമായ മാധ്യമങ്ങൾ എന്നുകൂടി പറയാൻ കഴിയണം.
അങ്ങനെ പറയാനാകുന്നില്ലെങ്കിൽ ആ ജനാധിപത്യം ഒരു മിഥ്യയാണ്. തെരഞ്ഞെടുപ്പുകൾ നടക്കുകയും ആളുകൾ അധികാരത്തിൽ വരികയും ചെയ്യുന്നതല്ല ജനാധിപത്യം. ഹിറ്റ്‌ലറും മുസോളിനിയും ഫ്രാങ്കോയും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നവരാണ്. നിരവധി സ്വേച്ഛാധിപതികളും ഏകാധിപതികളും ലോകത്തെമ്പാടും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നുമുണ്ട്.
തൃശൂരിൽ പ്രൊഫ . എം മുരളീധരൻ സ്‌മാരക പ്രഭാഷണം ശശികുമാർ നിർവഹിക്കുന്നു
നിയമവാഴ്‌ചയാണ് ജനാധിപത്യത്തിന്റെ പ്രധാന ഘടകമെങ്കിലും അതിൽ മാത്രമായി ജനാധിപത്യത്തെ നമുക്ക് ഒതുക്കിക്കാണാനാവില്ല. ‘ഞാനാണ് രാഷ്‌ട്രം’ എന്ന കാഴ്‌ചപ്പാട് അവസാനിപ്പിക്കുന്നതാണ് ജനാധിപത്യം. ഫ്രാൻസിലെ രാജാവായ ലൂയി പതിനാലാമനാണ് ‘ഞാനാണ് രാഷ്‌ട്രം’ എന്നു പ്രഖ്യാപിച്ചത്.
പിൻഗാമിയായ ലൂയി പതിനഞ്ചാമൻ പറഞ്ഞു : ‘എനിക്കു ശേഷം പ്രളയം’. രാഷ്‌ട്രവും രാജാവും രണ്ടാണ് എന്ന കാഴ്‌ചപ്പാട് അന്നുണ്ടായിരുന്നില്ല. ഇത് രണ്ടും രണ്ടാണ് എന്ന, അധികാരവിഭജനം സംബന്ധിച്ച, കാഴ്‌ചപ്പാട് ആദ്യം മുന്നോട്ടുവച്ചത് മൊണ്ടെസ്ക്യു ആണ്.
ഇന്ന് നാം മനസ്സിലാക്കുന്ന അധികാരരൂപങ്ങൾ ‐ രാഷ്‌ട്രം, ഭരണനിർവഹണവിഭാഗം, നിയമനിർമാണ സഭകൾ, നാലാം തൂണ് എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങൾ എന്നിവ അധികാരവികേന്ദ്രീകരണത്തെ, അധികാരവിഭജനത്തെ കുറിക്കുന്നു. ഭരണഘടനാപരമായ സംവിധാനവും അധികാരവിഭജനത്തിന്റെ പദ്ധതിയുമായാണവയെ നാം കാണുന്നത്. അവയാണ് ജനാധിപത്യത്തെയും ജനങ്ങളുടെ പരമാധികാരത്തെയും പ്രതിനിധീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
യാഥാർഥത്തിൽ ജനാധിപത്യത്തിന്റെ ജീവവായു സ്വതന്ത്രമാധ്യമങ്ങളാണ്. ജനാധിപത്യത്തെ നിർവചിക്കുന്നതും സ്വതന്ത്രമാധ്യമങ്ങൾ തന്നെ. അതുകൊണ്ടാണ് ഒരു ശ്വാസത്തിൽ ജനാധിപത്യം എന്നു പറഞ്ഞ് അടുത്ത ശ്വാസത്തിൽ സ്വതന്ത്രമായ മാധ്യമങ്ങൾ എന്നു പറയാനാവില്ലെങ്കിൽ ആ ജനാധിപത്യം യഥാർഥത്തിൽ ജനാധിപത്യമല്ല എന്നുപറയുന്നത്.
നേരത്തെ സൂചിപ്പിച്ച അധികാരത്തിന്റെ വിച്ഛേദം എന്ന സങ്കല്പത്തെ അട്ടിമറിക്കുന്ന വിധ്വംസകപ്രവർത്തനമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്.
നീതിന്യായ വ്യവസ്ഥയും നിയമനിർമാണ വിഭാഗവും ഭരണ നിർവഹണ വിഭാഗവുമെല്ലാം ഇന്നും, പൂർണമായല്ലെങ്കിലും, സ്വതന്ത്രമായിത്തന്നെ തുടരുന്നുണ്ട്. നിയമനിർമാണ വിഭാഗവും ഭരണനിർവഹണ സംവിധാനവും (legislative and executive) ഇപ്പോൾ ഒരുപോലെയാണ് പ്രവർത്തിക്കുന്നത് എന്നത് മറ്റൊരു കാര്യം.
പാർലമെന്റിൽ അവതരിപ്പിക്കുന്ന എല്ലാ ബില്ലുകളും ധനബില്ലുകൾപോലെ പാസ്സാക്കാമെങ്കിൽ നിയമ നിർമാണ സഭയുടെ ആവശ്യമെന്ത്? ചർച്ചകൾക്ക് എന്തു പ്രസക്തി? ഒരു വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള പാർലമെന്റിൽ പ്രശ്‌നങ്ങളുടെ ഇഴപിരിച്ചുള്ള ചർച്ചകൾക്കും സംവാദത്തിനും എന്തു പ്രസക്തി? ഭൂരിപക്ഷവാദം (Majoritarianism) ആണ് ശരിയെങ്കിൽ, നിയമപരമെങ്കിൽ, ഭരണഘടനാപരമായ സംരക്ഷണം എന്നതിന് എന്ത് വിലയാണുണ്ടാവുക? ഇതെല്ലാം നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്.
ഈ ഘട്ടത്തിൽ ജനാധിപത്യത്തിന്റെ നാലാം തൂണായ സ്വതന്ത്ര മാധ്യമങ്ങൾ തങ്ങളുടെ ധർമം, ദൗത്യം ഉേപക്ഷിക്കുകയോ ഭരണകൂടത്തിനുമുമ്പിൽ സാഷ്ടാംഗം കീഴടങ്ങുകയോ ചെയ്‌തിരിക്കുകയാണ്‌്.
തീർച്ചയായും നാം ഇപ്പോൾ അനുഭവിക്കുന്ന ഈ ദിനങ്ങളെ 1970കളുടെ മധ്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ പ്രഖ്യാപിത അടിയന്തരാവസ്ഥയോട് തുലനം ചെയ്യാവുന്നതാണ്. അക്കാലത്ത് ഞാനൊരു വിദ്യാർഥിയായിരുന്നു. ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്.
അക്കാലത്ത് മദ്രാസ് ക്രിസ്ത്യൻ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകരായിരുന്ന ഞങ്ങൾ രാജ്യത്തെ കുത്തക‐ബൂർഷ്വാ മാധ്യമങ്ങളെ വിമർശിക്കുകയും അവർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യാറുണ്ടായിരുന്നു.
രാംനാഥ് ഗോയങ്കയുടെ ഇന്ത്യൻ എക്സ്‌പ്രസിനെ ഞങ്ങൾ പരിഹാസപൂർവം ‘കുത്തക ചണമാധ്യമം’ (ജൂട്ട് പ്രസ്) എന്നാണ് വിളിച്ചത്. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിന്റെ അക്രമങ്ങളെ തുറന്നുകാണിക്കാനും വിമർശിക്കാനും തയ്യാറായി നട്ടെല്ലുയർത്തി നിന്ന ഏക പത്രം ഇന്ത്യൻ എക്സ്‌പ്രസ് ആയിരുന്നു. ആ പത്രത്തിന്റെ ബൂർഷ്വാസ്വഭാവം മാറിയതുകൊണ്ടല്ല അതിനു തയ്യാറായത്. മറിച്ച് ജനാധിപത്യത്തിന്റെ, നാലാം തൂണിന്റെ ധർമം എന്താണെന്ന് അത് കാണിച്ചുതരികയായിരുന്നു.
വലിയ മാധ്യമ മുതലാളിമാർ ഭരണകൂടത്തിനുമുമ്പാകെ സമ്പൂർണ വിധേയത്വം പ്രകടിപ്പിച്ചപ്പോഴാണിത് എന്നത് പ്രത്യേകം ഓർക്കണം. ‘‘മുട്ടുകുത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ ഇഴഞ്ഞു’’ എന്ന അദ്വാനിയുടെ പ്രസിദ്ധമായ പ്രയോഗം ഓർക്കുക.
ഇന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. അപ്രഖ്യാപിതവും നിശ്ശബ്ദവുമായ അടിയന്തരാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് കാണാനാകും.
മാധ്യമങ്ങളെയാണ് ഇത് ഏറ്റവും പ്രധാനമായി ബാധിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരുടെ മുന്നിൽ നിവർന്നുനിൽക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. കാരണം ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന അതിന്റെ അന്തഃസത്ത അഥവാ സ്വത്വം നഷ്ടമായിരിക്കുന്നു.
അതുകൊണ്ടുകൂടിയാണ് ആഗോളതലത്തിൽ ജനാധിപത്യത്തെ ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവരാരും തന്നെ ഇന്ത്യയെ ഇപ്പോൾ ഒരു പൂർണ ജനാധിപത്യരാജ്യമായി അംഗീകരിക്കാത്തത്.
‘‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’’ ‘‘അല്ല ജനാധിപത്യം’’ എന്നൊക്കെയാണവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 2022ൽ ഇന്ത്യയുടെ സ്ഥാനം 180ൽ 150‐ാമത് ആണ്. നമുക്ക് താഴെ 29 രാജ്യങ്ങൾ മാത്രം!
നോം ചോംസ്‌കി
ദീർഘദൃഷ്‌ടികളായ ദാർശനികർ പലരും‐ നോം ചോംസ്‌കിയും ദെറിദയും എഡ്വേർഡ് സെയ്ദും ഉൾപ്പെടെ ‐ മാധ്യമങ്ങളുടെ പ്രലോഭനത്തെപ്പറ്റി അക്കാദമിക് പണ്ഡിതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാധ്യമങ്ങളുടെ സ്വാർഥതാൽപ്പര്യങ്ങൾക്ക് അക്കാദമിക് പണ്ഡിതർ ഇരയാക്കപ്പെട്ടേക്കാം എന്ന് ഇവർ ഭയന്നു.
20‐ാം നൂറ്റാണ്ടിലെ വിഖ്യാത ദാർശനികനും കോളേജ് ഡി ഫ്രാൻസിന്റെ ചെയർമാനുമായിരുന്ന പിയറി ബോർദു ഹെറ്റെറൊണമി എന്ന് കാന്റ് വിശേഷിപ്പിച്ച ബാഹ്യസ്വാധീനത്തിന് അടിപ്പെടൽ അക്കാദമിക രംഗത്ത് സംഭവിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അക്കാദമിക പണ്ഡിതർ മാധ്യമങ്ങളാൽ വശീകരിക്കപ്പെടുമ്പോൾ അക്കാദമിക ജ്ഞാനസമ്പത്തിൽ ഇടിവ് സംഭവിക്കുകയും മാധ്യമങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന അക്കാദമിക് പാണ്ഡിത്യത്തിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിലയിരുത്തി.
ദെറിദ
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളെല്ലാവരും തന്നെ ഒന്നുകിൽ പത്രപ്രവർത്തകരോ അല്ലെങ്കിൽ അഭിഭാഷകരോ ആയിരുന്നു. ഗാന്ധിജി ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ചുരുങ്ങിയത് അഞ്ച് പത്രങ്ങൾ /പ്രസിദ്ധീകരണങ്ങളെങ്കിലും എല്ലാക്കാലത്തും അദ്ദേഹം ഒരേസമയം എഡിറ്റ് ചെയ്‌തിരുന്നു.
‘ഇന്ത്യൻ ഒപ്പീനിയൻ’ എഡിറ്റ് ചെയ്യുകയും അതിൽ എഴുതുകയും ചെയ്‌തത് മൂലമാണ് ‘സത്യഗ്രഹം’ എന്ന ആശയത്തിലേക്ക് താൻ എത്തിച്ചേർന്നതെന്ന് തന്റെ ആത്മകഥയിൽ ഗാന്ധിജി എഴുതി. താനെഴുതിയ വരികളിലൂടെ താൻ നടത്തിയ ആത്മസംവാദമാണ് സ്വാതന്ത്ര്യസമരത്തിൽ തുണയായ ‘സത്യഗ്രഹം’ എന്ന അന്യാദൃശമായ ആയുധത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.
സ്വതന്ത്ര ഇന്ത്യയുടെ അസ്‌തിത്വത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് നിർണായകമാണ് എന്ന് ഇതെല്ലാം നമ്മോട് പറയുന്നു. അതേ മാധ്യമങ്ങളാണ് ഇന്ന് അസ്‌തിത്വപ്രതിസന്ധി അനുഭവിക്കുന്നത്.
പിയറി ബോർദു
പോരാട്ടങ്ങൾക്കൊപ്പമാണ് എല്ലാ സമൂഹത്തിലും മാധ്യമങ്ങൾ ഉദയംകൊള്ളുകയും നിലനിൽക്കുകയും ചെയ്‌തത്. ആ സമരങ്ങൾ നൽകുന്ന പാഠങ്ങൾ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. റ്റ്യൂഡർ രാജാവായ ഹെൻറി എട്ടാമൻ ഇംഗ്ലണ്ട് ഭരിച്ച കാലത്ത് പ്രബലമായ ഒരു സാമൂഹ്യ നിയമമായിരുന്നു ‘‘സ്‌കാൻഡലം മാഗ്‌നറ്റം (Scandulum Magnatum). .
രാജ്യത്തെ പ്രമുഖരെ, വരേണ്യരെ സംബന്ധിച്ച അപകീർത്തികരമായ വാർത്തകൾ
എഡ്വേഡ് സെയ്‌ദ്
ആ വാർത്തകൾ സത്യമായിരിക്കുകയും അവയ്‌ക്ക് അടിസ്ഥാനമായ തെളിവുകൾ വ്യക്തിയുടെ കൈവശമുണ്ടായിരിക്കുകയും ചെയ്‌താൽ ശിക്ഷ അധികരിക്കും. നമ്മുടെ കാലത്ത് ഈ രീതി തിരിച്ചുവന്നിരിക്കുകയാണ്. ചില പ്രമുഖന്മാർക്കെതിരെ– ആ പ്രമുഖന്മാർ ആരൊക്കെയെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം– നിങ്ങൾ എഴുതുകയോ വരയ്‌ക്കുകയോ (കാരിക്കേച്ചർ തുടങ്ങിയവ) ചെയ്‌താൽ നിങ്ങൾ അറസ്‌റ്റ് ചെയ്യപ്പെടും.
നിങ്ങൾക്കെതിരെ യുഎപിഎ അല്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും. ഭരണകൂടത്തിന്റെ ഏജൻസികളായ സിബിഐ മുതൽ ഇഡി വരെയുള്ളവ നിങ്ങൾക്കുമേൽ ചാടിവീഴും.
മാധ്യമങ്ങൾ വളർന്നുവന്ന സമരങ്ങളുടെ രീതിയും അന്തരീക്ഷവും ഇല്ലാതായത് 1990 കളുടെ തുടക്കത്തിൽ രാജ്യത്ത് ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയതോടെയാണ്. അതുവരെ ഭരണകർത്താക്കൾക്കു നേരെനിന്ന് സത്യം വിളിച്ചുപറയുകയെന്ന ദൗത്യം മാധ്യമങ്ങൾ നിർവഹിച്ചിരുന്നു.
പീഡിതരെ പ്രതിനിധാനം ചെയ്യുകയും ഉന്നതരെ തുറന്നുകാണിക്കുകയുമെന്ന ധർമം അവർ നിറവേറ്റിപ്പോന്നു.
ഗാന്ധിജി പത്രവായനയിൽ
അന്വേഷണാത്മകമായ പ്രവർത്തനരീതി, വാർത്തകളുടെ നിജസ്ഥിതി തേടൽ, ചുറ്റുമുള്ള അസമത്വങ്ങളെയും അനീതികളെയും തുറന്നുകാണിക്കൽ എന്നിവയെല്ലാം പഴങ്കഥയാവുകയും ‘ലാഭം’ എന്നത് ഏക പരിഗണനയായി മാറുകയുംചെയ്‌തു. കാരണം ‘ലാഭ’മാണ് ഉദാരവൽക്കരണത്തിന്റെ, ആഗോളവൽക്കരണത്തിന്റെ അന്തഃസത്ത. മാധ്യമങ്ങൾ കമ്പോളമാതൃകയായി മാറി.
കമ്പോള മാതൃക മുമ്പുമുണ്ടായിരുന്നു. ലാഭമുണ്ടാക്കാതെ മാധ്യമങ്ങൾക്ക് നിലനിൽക്കാനാവില്ല. അധികാരരൂപങ്ങൾക്കെതിരെനിന്ന് സത്യം പറയണമെങ്കിൽ സാമ്പത്തിക ഭദ്രത വേണം. സാമ്പത്തികപരാധീനത ധർമത്തിൽനിന്ന് വ്യതിചലിക്കാൻ കാരണമാകും.
എന്നാൽ ലാഭം നേടലും കൊള്ളലാഭവും തമ്മിൽ വ്യത്യാസമുണ്ടല്ലോ. ഈ മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മാധ്യമങ്ങൾ സമ്പൂർണമായും കമ്പോളമാതൃകയിലേക്ക് മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ അമേരിക്കൻ മാധ്യമങ്ങളെയാണ്് നാം മാതൃകയാക്കിയിരിക്കുന്നത്. അമേരിക്കയിൽ മാധ്യമങ്ങൾ എന്നും കമ്പോളമാതൃകയിലായിരുന്നു.
അതാണ് 1990കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നാം പ്രാവർത്തികമാക്കിയത്. 17–ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് മഹാകവി മിൽട്ടൺ ഏയ്റോപജിറ്റിക (Aeropagitica) എന്ന പേരിൽ പ്രസിദ്ധമായ പ്രസംഗത്തിൽ സത്യവും നുണയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിൽ സത്യം പരാജയപ്പെടുമെന്ന്് ആർക്കെങ്കിലും കരുതാനാവുമോ എന്ന് ചോദിക്കുന്നുണ്ട്.
തുറന്ന യുദ്ധത്തിൽ സത്യം ജയിക്കുമെന്ന ഈ സിദ്ധാന്തമാണ് സംവാദങ്ങളുടെയും ചർച്ചകളുടെയും പരിസരത്തിൽ ജനാധിപത്യം പുലരുമെന്ന അമേരിക്കൻ വിശ്വാസത്തിന്റെ പരിസരം.
ബഹുസ്വരതയും ബഹുവീക്ഷണകോണുകളും എല്ലാം ചേർന്ന അന്തരീക്ഷത്തിൽ സത്യവും നീതിയും താനെ പുലരുമെന്നും അതിന്റെ ഭാഗമായി മാധ്യമരംഗവും നീതിയുക്തമായിക്കൊള്ളുമെന്നാണ് അമേരിക്കൻ വിശ്വാസം.
അമേരിക്കയിൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനങ്ങളുണ്ട്. ഇന്ത്യയിൽ കാണാത്തവ. അവിടെ കുത്തകകൾക്ക് പ്രവർത്തിക്കുക സാധ്യമല്ല. അവിടുത്തെ നിയന്ത്രണങ്ങളിൽ ഒന്ന് ഭൂമിശാസ്ത്രപരമായ നിയന്ത്രണമാണ്്. ന്യൂയോർക്ക് ടൈംസിന് ന്യൂയോർക്കിൽ ഉള്ളത്ര വിൽപ്പന മറ്റിടങ്ങളിൽ അനുവദനീയമല്ല.
ഇനി നിങ്ങൾ ഒരു അച്ചടി മാധ്യമമാണെങ്കിൽ നിങ്ങൾക്ക്് ടെലിവിഷൻ, റേഡിയോ, ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കാനാവില്ല. കുത്തകവൽക്കരണത്തിനെതിരായ ഫലപ്രദമായ നിയന്ത്രണസംവിധാനങ്ങൾ നിരവധിയുണ്ട്. ഈ അടുത്തകാലത്ത് ഇതിൽ വെള്ളം ചേർക്കപ്പെടുന്നു എന്നത് മറ്റൊരു കാര്യം.
എന്നാൽ ഇന്ത്യയിൽ ഇത്തരം നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല. മാധ്യമങ്ങളെ സംബന്ധിച്ച നിയമങ്ങളൊന്നുംതന്നെ ഇവിടെ രൂപീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എനിക്ക് ഏഷ്യാനെറ്റിനെപ്പറ്റി ചിന്തിക്കാനായത്.
അന്ന് പ്രാബല്യത്തിലുണ്ടായിരുന്നത് 1885ലെ ‘ഇന്ത്യൻ ടെലഗ്രാഫ്’ ആക്ട് എന്ന പഴയ കൊളോണിയൽ നിയമം മാത്രമായിരുന്നു. അതിൽപ്പറയുന്ന ഏക കാര്യം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കകത്തുനിന്ന് റേഡിയോ തരംഗങ്ങൾ അപ് ലിങ്ക് ചെയ്യാൻ ഭരണകൂടത്തിന് മാത്രമേ കഴിയൂ എന്നതായിരുന്നു (എന്നാൽ ഈ തരംഗങ്ങൾ ഇന്ത്യക്കകത്ത് ആർക്കൊക്കെ സ്വീകരിക്കാം, വിതരണം ചെയ്യാം എന്നതിനെപ്പറ്റി ഈ നിയമം നിശ്ശബ്ദത പാലിക്കുന്നു.
കാരണം, അത്തരമൊരു സാധ്യതയെപ്പറ്റി 1885ൽ ചിന്തിക്കാൻപോലുമാകില്ലായിരുന്നു).
അതുകൊണ്ട് അപ് ലിങ്ക് ചെയ്യാനായി ഏഷ്യാനെറ്റിനും റഷ്യയിലേക്കും ഫിലിപ്പീൻസിലേക്കും സിങ്കപ്പൂരിലേക്കും പോകേണ്ടിവന്നു.
ഇവിടെ നിന്നയക്കുന്ന വാർത്തകൾ നികേഷും പ്രമോദും നീലനും അവിടെയിരുന്നു വായിക്കുകയായിരുന്നു. പിന്നീടാണ് സാറ്റലൈറ്റ് ആൻഡ് കേബിൾ ടി വി ആക്ട് പോലുള്ള നിയമങ്ങൾ കൊണ്ടുവന്നത്.
ഇപ്പോൾ പക്ഷേ അമിതമായി, നിയമങ്ങളാലും നിയന്ത്രണങ്ങളാലും മാധ്യമരംഗം വീർപ്പുമുട്ടുകയാണ്. 2014നുശേഷം ഇതാണ് സംഭവിച്ചത്.
അടുത്തകാലത്ത് ഇലക്ട്രോണിക് മാധ്യമരംഗത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾ അസംബന്ധമാണ്. ആർക്കെങ്കിലും ഒരു വാർത്തയെ സംബന്ധിച്ച പരാതിയുണ്ടെങ്കിൽ, ആ മാധ്യമ സ്ഥാപനത്തിന് അത് ആ വ്യക്തിയുടെ തൃപ്തിക്കനുസരിച്ച് തീർപ്പാക്കാനായില്ലെങ്കിൽ അവൾക്ക്–അയാൾക്ക് ഉദ്യോഗസ്ഥരെ സമീപിക്കാം. ഇവിടെ, മാധ്യമ സ്വാതന്ത്ര്യം നിർവചിക്കുന്നത് ഭരണകൂടമായി മാറിക്കഴിഞ്ഞു.
ഒരു മാധ്യമവും ഇതിനെതിരെ ശബ്ദമുയർത്തിയില്ല. ഹിന്ദുപോലുള്ള ചില പത്രങ്ങൾ മുഖപ്രസംഗം എഴുതി എന്നതു മാത്രമാണുണ്ടായത്. നിങ്ങളിൽതന്നെ എത്ര പേർ ഇത് അറിഞ്ഞിട്ടുണ്ട്.
തങ്ങൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാൻപോലും മാധ്യമങ്ങൾ ഭയപ്പെടുന്നു.
രാജ്യദ്രോഹത്തിനും ദേശവിരുദ്ധതക്കും തങ്ങൾ ശിക്ഷിക്കപ്പെട്ടേക്കാം എന്നവർ ഭയക്കുന്നു. കൈകൾ അത്ര ശുദ്ധമല്ലാത്തവർ കൂടുതൽ ഭയക്കുന്നു. ഇ ഡിയോ, സിബിഐയോ ആദായനികുതി വകുപ്പോ തങ്ങളെതേടി വരുമെന്ന് അവർ പേടിക്കുന്നു.
കമ്പോള സമീപനം മാധ്യമങ്ങളുടെ ക്രമത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. വർക്കിങ് ജേണലിസ്റ്റ് എന്നൊരു വർഗം തന്നെ ഇല്ലാതായിക്കഴിഞ്ഞു. കേരളത്തിൽ വർക്കിങ് ജേണലിസ്റ്റ് യൂണിയൻ ഉണ്ട് എന്നതൊക്കെ ഒരു അപവാദമാണ്.
പത്രപ്രവർത്തകർക്ക് പഴയ ശക്തി ഇല്ലാതായിരിക്കുന്നു. മാധ്യമ സ്ഥാപനങ്ങളാണ് ഇന്ന് വിധാതാക്കൾ.
ലാഭത്തെയും ഭരണകൂടത്തിന്റെ പ്രീതിയെയും മാത്രം മാനദണ്ഡമാക്കുന്നവരാണ് മാധ്യമങ്ങളുടെ നയം തീരുമാനിക്കുന്നത്.
ഫോട്ടോ: ബിനുരാജ്
അമേരിക്കയിലും ഇതാണ് സ്ഥിതി. അവിടെ, സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന വ്യൂ റിസർച്ച് സെന്റർ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു പഠനം നടത്തുകയുണ്ടായി. അതിൽ അഭിഭാഷകർ,ഡോക്ടർമാർ, പത്രപ്രവർത്തകർ തുടങ്ങി നിരവധി വിഭാഗങ്ങൾ ഉണ്ടായിരുന്നു.
അവരുടെ പഠനത്തിൽ കണ്ടത് വിശ്വാസ്യതയുടെ കാര്യത്തിൽ മാധ്യമപ്രവർത്തകർ സെക്കന്റ് ഹാന്റ് കാർ വില്പനക്കാരേക്കാൾ മാത്രം മുന്നിലാണ് എന്നത്രെ. കാർ വിൽക്കാൻ എന്തു നുണയും പറയാൻ മടിയില്ലാത്തവരാണ് മാധ്യമപ്രവർത്തകർക്ക് തൊട്ടുപുറകിൽ എന്നർഥം.
എന്ത് പ്രതിബദ്ധതയാണ്, മൂല്യമാണ്, ആവേശമാണ് ഇന്ന് മാധ്യമപ്രവർത്തനത്തെ നയിക്കുന്നത്? മാധ്യമങ്ങൾ കമ്പോളമാതൃകയിലേക്ക് മാറിയതോടെ ‘റേറ്റിങ്’ ആയി എല്ലാമെല്ലാം.
അസംഖ്യം ചാനലുകൾക്കിടയിൽ എങ്ങനെയെങ്കിലും റേറ്റിങ്ങിൽ മുന്നിലെത്തിയാലേ പരസ്യ വരുമാനം കൂടുകയുള്ളൂ. എത്രയാളുകളിലേക്ക് എത്തുന്നു എന്നതല്ല, ഏതുതരം ആളുകളിലേക്ക് എത്തുന്നു എന്നതാണ് വരുമാനത്തിന്റെ അടിസ്ഥാന ഘടകം.
വ്യാപനത്തിൽ ഇന്ത്യയിൽ ഇന്നും മുന്നിൽ നിൽക്കുന്നത് ദൂരദർശൻ തന്നെയാണ്–ജനസംഖ്യയുടെ കാര്യത്തിലായാലും ഭൂമിശാസ്ത്രപരമായ വ്യാപ്തിയുടെ കാര്യത്തിൽ ആയാലും. എന്നാൽ മൊത്തം ടി വി കാണുന്നവരുടെ ഒരു ശതമാനംപോലും കാഴ്ചക്കാരില്ലാത്ത വാർത്താചാനലുകൾക്ക് കിട്ടുന്ന പരസ്യവരുമാനംപോലും ദൂരദർശന് ലഭിക്കുന്നില്ല.
കാരണം ആ ഒരു ശതമാനത്തിൽ താഴെയുള്ളവരുടെ വാങ്ങൽ ശേഷിയാണ്. അതിനടുത്തെങ്ങുമെത്താൻ ദൂരദർശൻ കാണികൾക്ക് കഴിയില്ല. വിലകൂടിയ കാറുകളോ മറ്റു സാധനങ്ങളോ ദൂരദർശനിലൂടെ പരസ്യപ്പെടുത്തിയിട്ട് ഫലമില്ല.
ഇന്ത്യയിൽ ക്രോസ്–മീഡിയ നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല. ഒരു പത്രമുതലാളിക്ക് ടി വി ചാനലും എഫ്എം റേഡിയോ ചാനലും ഓൺലൈൻ പോർട്ടലും ആരംഭിക്കാനാകും.
ഈ കുത്തകവൽക്കരണം, കേന്ദ്രീകരണം മാധ്യമങ്ങളിലെ ബഹുസ്വരതയെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. അമേരിക്കയിലെ ‘ആശയങ്ങളുടെ കമ്പോളം’ എന്ന സങ്കല്പം ഓർക്കുന്നുണ്ടാവുമല്ലോ. അവിടെ ഉല്പന്നങ്ങളുടെ വ്യതിരിക്തത വളരെ പ്രകടമാണ്. ഓരോ ന്യൂസ് ചാനലുകൾക്ക് അല്ലെങ്കിൽ അവയുടെ കമ്പനികൾക്ക് ആ ഭേദം കാണാം. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല.
എല്ലാവരും ഒരേ സാധനമാണ് നമുക്ക് നൽകുന്നത്. ഏതു ഭാഷയിലേയും വാർത്താ ചാനലുകൾ എടുത്താൽ അവ ഒരേ വാർത്ത തന്നെ നൽകുന്നത് കാണാം. സ്റ്റുഡിയോയിലെ ‘ലൈവ്’ പ്രോഗ്രാമുകളിൽ ഒരേ വ്യക്തികളെത്തന്നെ കാണാം. ‘ന്യൂസ് ബ്രേക്ക്സ്’ എന്നത് വളരെ സാധാരണമായ ഒന്നായി മാറി.
എല്ലാ ചാനലുകളിൽനിന്നും ഒരേ തലവാചകങ്ങൾ, ഒരേ വാർത്തകൾ, പ്രതികരിക്കാൻ സ്ഥിരം പ്രതികരണത്തൊഴിലാളികൾ എന്നിങ്ങനെയാണ് കാര്യങ്ങൾ. ചിലപ്പോൾ ഇതിൽ ചില അക്കാദമിക പണ്ഡിതന്മാരും വന്നുപെടാറുണ്ട്. അവർക്കാകെ 20 സെക്കന്റ് സമയമാണ് സംസാരിക്കാൻ ലഭിക്കുക.
സമൂഹത്തിൽ അവർക്കുള്ള വിശ്വാസ്യതയാണ് മാധ്യമങ്ങൾ ചൂഷണംചെയ്യുന്നത്. ഈ പണ്ഡിതന്മാരുടെ വാദം, മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്താൻ കഴിയുന്നുണ്ടല്ലോ എന്നതാണ്.
എന്നാൽ20 അല്ലെങ്കിൽ 30 സെക്കന്റുകൾകൊണ്ട് അതെങ്ങനെ സാധിക്കും? നിങ്ങൾക്ക് ആവശ്യമായ സമയം ഒരിക്കലും ലഭിക്കുകയില്ല. നമുക്ക് മാധ്യമങ്ങളിലൂടെ കിട്ടുന്നത് പൾപ്പ് ചരിത്രകാരന്മാരെയും മനഃശാസ്ത്രജ്ഞന്മാരെയും മറ്റു വിദഗ്ധരെയുമാണ്.
സത്യത്തിൽ നമ്മുടെ അക്കാദമിക സമൂഹത്തിനോടുള്ള അനാദരവാണ് ഇവിടെ കാണാവുന്നത്.
മാധ്യമങ്ങളിൽ ബഹുസ്വരത ഇല്ലാതായിരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. കാരണം ഒരു ഗൂഢസംഘം പോലെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നതുതന്നെയാണ‍്. ഇന്ന് എഡിറ്റോറിയൽ മീറ്റിങ്ങുകളിൽ എഡിറ്റർമാർ പറയുന്ന സ്ഥിരം കാര്യം ‘‘നമ്മൾ ഈ വാർത്ത വിട്ടുകളഞ്ഞു’’ എന്നാണ്.
എന്താണിതിനർഥം? ലോകത്തെമ്പാടും സംഭവിക്കുന്ന കോടിക്കണക്കിനു വാർത്തകളിൽ നിങ്ങൾക്കാവശ്യമുള്ള പത്തോ പന്ത്രണ്ടോ എണ്ണം നിങ്ങൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? വാർത്ത വിട്ടുകളഞ്ഞു എന്നതുകൊണ്ട് ഇന്ന് ഉദ്ദേശിക്കുന്നത് ഏതെങ്കിലും എതിർചാനലുകൾ ചെയ്ത വാർത്ത തങ്ങൾ ചെയ്തില്ല എന്നുമാത്രമല്ല. വാർത്ത എന്ന സങ്കല്പത്തെത്തന്നെ ചുരുക്കിക്കളയുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
റിപ്പോർട്ടർമാർക്ക് ചാനൽ അധികാരികൾ നൽകുന്ന പരോക്ഷ സന്ദേശം, മറ്റു ചാനലുകൾ അല്ലെങ്കിൽ പത്രങ്ങൾ നൽകുന്ന വാർത്തകൾ കൊണ്ടുവരണം എന്നാണ്. അങ്ങനെയല്ലെങ്കിൽ നിങ്ങൾ ആ വാർത്ത വിട്ടു. അതിന്റെ വില നിങ്ങൾ നൽകേണ്ടിവരും. അപ്പോൾ എല്ലാവരും മറ്റുള്ളവർ എന്തു വാർത്ത നൽകുന്നു എന്നാണ് നോക്കുന്നത്.
പറ്റംചേരൽ ആണ് വാർത്താവിനിമയത്തിൽ നടക്കുന്നത്. ഇതിനർഥം ആരെങ്കിലുമൊരാൾ ഒരു കേന്ദ്രത്തിലിരുന്ന് ഇതിനെയെല്ലാം നിയന്ത്രിക്കുന്നു എന്നല്ല. പക്ഷേ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്; ഇങ്ങനെ മാത്രമേ സംഭവിക്കൂ എന്നാണ് യാഥാർഥ്യം. കമ്പോളമാണിതിനുപുറകിൽ. ഇതിനെയാണ് മാധ്യമങ്ങളുടെ കമ്പോള മാതൃക എന്ന് ഞാൻ വിശേഷിപ്പിക്കുന്നത്.
കമ്പോളത്തിന്റെ സമ്മർദമാണ് ഇവിടെ നിയാമക ശക്തി. മാധ്യമങ്ങൾ വാർത്തയാകുന്നത് ഈ സാഹചര്യത്തിലാണ്. കാരണം, പുതിയതെന്തെങ്കിലും പറയണമെങ്കിൽ സാമാന്യ സീമക്കപ്പുറത്തേക്ക് നിങ്ങൾക്ക് അതിശയോക്തി കലർത്തേണ്ടിവരും. അപ്പോഴാണ്, സാധാരണ ഗതിയിൽ പമ്പരവിഡ്ഡിത്തം എന്ന രീതിയിൽ തള്ളിക്കളയുന്ന കാര്യങ്ങൾ വാർത്തയാവുന്നതും അവ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നതും. മുഖ്യമന്ത്രിയുടെ വസതിയിലേക്കു കൊണ്ടുപോയ ബിരിയാണിയിൽ സ്വർണം പൂഴ്‌ത്തി വെച്ചു എന്ന വാർത്തയൊക്കെ ഇങ്ങനെയാണുണ്ടാകുന്നത്.
ആദ്യം കേൾക്കുമ്പോൾ അവിശ്വസിക്കുന്ന പ്രേക്ഷകർപോലും ഈ അതിശയോക്തികൾ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ തീയില്ലാതെ പുകയുണ്ടാകാൻ വഴിയില്ലല്ലോ എന്ന് വിചാരിക്കുന്ന അവസ്ഥയിലെത്തുന്നു. ഇതാണ് മാധ്യമങ്ങൾ നിർവഹിക്കുന്ന സവിശേഷമായ പ്രോട്ടോഫാസിസ്റ്റ് ധർമം. ഫാസിസത്തെ നന്നായി മനസ്സിലാക്കിയവരിലൊരാൾ ദാർശനികനായ നിച്ചേ ആണ്. അദ്ദേഹം പറഞ്ഞു: ‘‘സത്യത്തിന്റെ ചരിത്രം എന്നത് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന നുണയുടെ ചരിത്രംകൂടിയാണ്’’. നിങ്ങൾ ഒരു തവണ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
പക്ഷേ നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നാൽ പത്താം തവണയോ നൂറാം തവണയോ ഒക്കെ ആകുമ്പോൾ ആളുകൾ വിശ്വസിച്ചുകൊള്ളും. ഇതാണ് എല്ലാ മാധ്യമങ്ങളും ഭംഗിയായി നിർവഹിച്ചുവരുന്നത്. ആ പേരുകളൊന്നും ഞാൻ പറയേണ്ടതില്ലല്ലോ. ഈ പൊതുധാരക്ക് പുറംതിരിഞ്ഞുനിൽക്കാൻ ഏതെങ്കിലുമൊരു മാധ്യമത്തിന് കഴിഞ്ഞെന്നുവരില്ല. കാരണം അപ്പോൾ പ്രേക്ഷകർ അത് വിശ്വസിക്കാതാവുന്നില്ല. ഭൂരിപക്ഷം പറയുന്നതെന്തോ അതാണ് ശരി എന്ന ചിന്താഗതിയാണ് മാധ്യമരംഗത്ത് പ്രബലം.
നിങ്ങൾ ഒറ്റക്ക് നിൽക്കുന്നുവെങ്കിൽ നിങ്ങൾ പറയുന്നതാണ് തെറ്റ് എന്നുവരുന്നു.
ധീരമായ, ആദരണീയമായ അപവാദങ്ങൾ ഇവിടെയുണ്ട്. പക്ഷേ അപവാദങ്ങളല്ല, സാമാന്യതത്വമാണ് ഇവിടെ സൂചിപ്പിച്ചത്.
റേറ്റിങ് മനോഭാവമാണ് മറ്റൊരു പ്രധാന പ്രശ്‌നം. റേറ്റിങ് നിലനിർത്തുക എന്നത് ജീവന്മരണ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതിനായി വ്യത്യസ്‌തമായെന്തെങ്കിലും ചെയ്യുകയല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
7 ദിവസവും 24 മണിക്കൂറും ‘‘ബ്രേക്കിങ് ന്യൂസ്’’ വാർത്തകളിങ്ങനെ അനവരതം ഒഴുകിക്കൊണ്ടിരിക്കുന്നു. ന്യൂസ് ബുള്ളറ്റിനുകൾ എന്ന അർഥത്തിൽ ആണിത് പറയുന്നത്. ചർച്ചയും സംവാദവും വഴക്കും നടക്കുന്ന ‘ന്യൂസ് അവർ’ ആണ് ഇപ്പോൾ അധികസമയവും എന്നത് മറ്റൊരു കാര്യം.
ഇന്ത്യയിൽ നിത്യേന കാണാൻ സാധ്യതയുള്ള ഒരു വാർത്ത എങ്ങനെയാണ് ‘ബ്രേക്കിങ് ന്യൂസ്’ വാർത്തയായി വരുന്നത് എന്നൊന്ന് പരിശോധിച്ചുനോക്കാം. ചെറിയ കുട്ടികൾ കളിക്കുന്നതിനിടയിലോ മറ്റോ കുഴൽക്കിണറിലേക്ക് വീണുപോകുന്ന വാർത്ത നമുക്ക് പരിചിതമാണ്. കുടുംബദുരന്തമായതുകൊണ്ട് കുടുംബങ്ങൾക്ക് കാണാൻ, അറിയാൻ താൽപ്പര്യമുള്ള വാർത്തയാണിത്.
9 മണിക്കുള്ള വാർത്തയിൽഇത് ബ്രേക്കിങ് ന്യൂസ് ആയി വരുന്നു. സ്വാഭാവികമായും10 മണി വാർത്തയിൽ എന്തുപറയുന്നു എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടാവുന്നു. ഇവിടെ പഴയ വാർത്ത തന്നെ നൽകിയാൽ ആ ചാനലുകൾ ജോലി ശരിയായി ചെയ്യുന്നില്ല എന്നേ കാണികൾ വിചാരിക്കൂ.
കാരണം വേറെ ചില ചാനലുകൾ കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഒരു അടിസ്ഥാനവുമില്ലാത്ത ശുദ്ധ ഊഹാപോഹങ്ങൾ ആകാമത്. ഔദ്യോഗികമായി ആരും പറയാത്ത കാര്യങ്ങൾ പതിനൊന്നുമണി ബുള്ളറ്റിനിലും തുടർന്നും ഇതിങ്ങനെ തുടരുന്നു. ഇവിടെ മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുകയാണ്. ഇങ്ങനെയാണ് മാധ്യമങ്ങൾ തന്നെ വാർത്തയായി മാറുന്നത്.
റേറ്റിങ്ങിന്റെ കളിയിൽ ജയിക്കാൻ മാത്രമാണ് അവതാരകർ ശ്രദ്ധിക്കുന്നത്. റേറ്റിങ് കളി നമ്മുടെ സമൂഹത്തോട് വലിയ പാതകമാണ് ചെയ്യുന്നത്.
അവതാരകൻ വാർത്തയാവുകയും യഥാർഥത്തിൽ നടക്കുന്നതെന്ത് എന്നത് ആരും ശ്രദ്ധിക്കാതാവുകയും ചെയ്യുന്ന പ്രക്രിയ നമ്മുടെ ബുദ്ധിയെയും ആലോചനാശേഷിയെയും വല്ലാതെ സങ്കുചിതമാക്കുന്നു. നമ്മുടെ ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും സാമാന്യബോധത്തിനെതിർദിശയിൽ ചിന്തിച്ചവരിൽ നിന്നാണുണ്ടായിട്ടുള്ളത്.
ഭൂമി ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞവർ ചുട്ടുകരിക്കപ്പെട്ടല്ലോ. എന്നാൽ ശാസ്‌ത്രബോധവും അന്വേഷണത്വരയും യുക്തിബോധവും ഉള്ളവർ സാമാന്യബോധത്തിനെതിരായി സധൈര്യം തങ്ങളുടെ കണ്ടെത്തലുകൾ ഉയർത്തിപ്പിടിച്ചു. ഇപ്പോൾ സ്ഥിതി അതല്ല.
ജനഹിതം എന്നതിൽനിന്നും സാമാന്യബോധത്തോടൊപ്പം നിൽക്കുക എന്നതിലേക്ക് മാധ്യമധർമം മാറിയിരിക്കുന്നു. ഇതൊരു തകർച്ചയാണ്. ഇത്തരുണത്തിൽ ഒരു സാധാരണ പൗരന്റെ മനസ്സിൽ ഉയർന്നുവരുന്ന സംശയം ഇതാണ്‐ മാധ്യമങ്ങൾ കമ്പോളത്തിന്റെ ഭാഗം മാത്രമാണെങ്കിൽ, കമ്പോളത്തിന്റെ ഉൽപ്പന്നം മാത്രമാണെങ്കിൽ അവയ്‌ക്ക് ഭരണഘടനയുടെ 19(1) (A) ആർട്ടിക്കിൾ പ്രകാരമുള്ള ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന അവകാശം നൽകുന്നതെന്തിനാണ്? മാധ്യമങ്ങളെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സ്ഥിരംമുറവിളി ഈ അവകാശങ്ങളെക്കുറിച്ചാണല്ലോ.
ഫോട്ടോ: ജഗത്‌ലാൽ
കമ്പോളശക്തികൾക്ക് ഇത്തരമൊരു സംരക്ഷണം ആവശ്യമുണ്ടോ? ഇക്കാര്യത്തിൽ കൂടുതൽ സംവാദങ്ങൾക്കായി ഞാൻ തലതിരിഞ്ഞ ഒരു വാദം ഉയർത്തുകയാണെന്ന് കരുതിയാൽ മതി.
പക്ഷേ ഇതുപറയാൻ കാരണമുണ്ട്. ഇന്ത്യയിലെ വൻകിട മാധ്യമമുതലാളിമാർ പറയുന്നത് തങ്ങളുടെ ലക്ഷ്യം സമൂഹത്തെ നന്നാക്കലല്ല, ബിസിനസ്സ് നടത്തുകയാണ് എന്നാണ്. കമ്പോളത്തിൽ കച്ചവടം നടത്തുന്നവർക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ട കാര്യമെന്താണ്? ഒരു സോപ്പ് കമ്പനി മുതലാളിക്കില്ലാത്ത ഭരണഘടനാപരമായ അവകാശങ്ങൾ ‘മാധ്യമ മുതലാളി’ക്കും നൽകേണ്ടതില്ലല്ലോ.
സോപ്പ് കമ്പനിയെപ്പറ്റി പറയുമ്പോൾ സോപ്പിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഉപഭോക്‌തൃകോടതിയെ സമീപിക്കാൻ ഉപഭോക്താവിന് കഴിയും എന്ന പ്രത്യേകതയുണ്ട്. മാധ്യമങ്ങളുടെ കാര്യത്തിൽ നമുക്ക് അത് സാധിക്കാത്തത് ഇത്തരം സംരക്ഷണങ്ങളുള്ളതുകൊണ്ടാണ്. മാധ്യമങ്ങളുടെ ഭരണഘടനാപരമായ പ്രതിസന്ധി എന്ന് ഇതിനെ വിളിക്കാം.
മാധ്യമങ്ങൾ തീർച്ചയായും അത്യന്താപേക്ഷിതമാണ്. ജനാധിപത്യം അപകടത്തിലാവുമ്പോഴെല്ലാം ഭരണകൂടത്തിന് മുഖാമുഖം നിന്നുകൊണ്ട് സത്യം വിളിച്ചുപറയേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഞാൻ ആവർത്തിക്കട്ടെ. പക്ഷേ നമ്മുടെ മാധ്യമങ്ങൾ അത് ചെയ്യുന്നില്ല. അവർക്ക് അതിന് താൽപ്പര്യമില്ല. കാരണം അവരുടെ കണ്ണ് ലാഭത്തിലാണ്.
ലാഭസാധ്യതകൾക്കും നേരെ ഏതെങ്കിലും തരത്തിൽ വെല്ലുവിളി ഉയരുമ്പോൾ വൻകിട മാധ്യമക്കുത്തക മുതലാളിമാർ സംഘടിക്കുന്നത് നാം കാണുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് മാധ്യമരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച ആലോചനകൾ സർക്കാർതലത്തിൽ ആരംഭിച്ചപ്പോൾ ഈ വിധം മുതലാളിമാർ ചേർന്ന് ഇന്ത്യൻ മീഡിയ അസോസിയേഷൻ രൂപീകരിക്കുകയുണ്ടായി.
അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്, വിദേശമൂലധനത്തെ ചെറുക്കുന്നതിനായി മാധ്യമമുതലാളിമാർക്കും കുടുംബങ്ങൾക്കും സവിശേഷ അവകാശങ്ങൾ അനുവദിക്കണം എന്നായിരുന്നു. മാധ്യമ കുടുംബവാഴ്‌ചയെ സ്ഥിരപ്പെടുത്തുക എന്നതാണതിന്റെ ലക്ഷ്യം.
ഈവിധത്തിലാണ് മാധ്യമങ്ങൾ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വർത്തമാനകാല അവസ്ഥയ്‌ക്ക് ചില ബദൽ നിർദേശങ്ങൾകൂടി സൂചിപ്പിക്കാമെന്ന് ഞാൻ കരുതുന്നു. കാരണം ഇതുവരെ അവതരിപ്പിച്ച ചിത്രം അങ്ങേയറ്റം ഇരുണ്ടതും നിരാശാജനകവുമായ ഒന്നാണല്ലോ. ഏറ്റവും ശുഭോദർക്കമായ കാര്യം സമൂഹമാധ്യമങ്ങളുടെ വരവ് നിലവിലുള്ള മാധ്യമങ്ങൾക്ക് വലിയ വെല്ലുവിളി തീർത്തിട്ടുണ്ട് എന്നതാണ്. സമൂഹമാധ്യമങ്ങളെയാകെ മഹത്വവൽക്കരിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്.
ഒരുപാട് നിഷേധാത്മക ഘടകങ്ങൾ സമൂഹമാധ്യമങ്ങളുടേതായി നമുക്ക് കാണാൻ കഴിയും. വിദ്വേഷം, വ്യാജവാർത്തകൾ, മുൻവിധികൾ, പക്ഷപാതം, ബോധപൂർവവും അല്ലാത്തതുമായ തെറ്റായ വിവരങ്ങൾ എന്നിങ്ങനെ നിരവധിയായ പ്രശ്‌നങ്ങളുമുണ്ട്.
എന്നിരുന്നാലും ബദൽ കാഴ്‌ചപ്പാടുകളുടെയും ബഹുസ്വരതയുടെയും വിമത ശബ്ദത്തിന്റെയും വലിയ സാധ്യതകൾ അവ തുറന്നിടുന്നു. മാധ്യമവിമർശം എന്ന ധർമവും സമൂഹമാധ്യമങ്ങൾ നിർവഹിക്കുന്നുണ്ട്.
സമൂഹമാധ്യമയിടങ്ങളെ ഉപായപൂർവം തങ്ങൾക്കനുകൂലമാക്കാൻ ബിജെപി പോലുള്ള രാഷ്‌ട്രീയപാർടികൾക്ക് കഴിയുന്നുണ്ട് എന്നത് വളരെ വലിയ പ്രശ്‌നം തന്നെയാണ്. ഒരേസമയം ഒരുലക്ഷം പേർ ഒരു വാർത്ത തന്നെ ട്വീറ്റ് ചെയ്യുന്ന തരത്തിൽ വലിയ സംവിധാനങ്ങൾ അവർക്കുണ്ട്.
അത് ബോധപൂർവം, ആസൂത്രിതമായി നടത്തുന്നതാണെന്നറിയാത്തവർ നമുക്കിടയിൽ ധാരാളമുണ്ട്. ഇന്ത്യയിൽ, റോയിട്ടർ നടത്തിയ പഠനമനുസരിച്ച് 78 ശതമാനം പേർ വാർത്തക്കായി ആശ്രയിക്കുന്നത് സ്‌മാർട്ട്‌ഫോണുകളെയാണ്.
ഫോട്ടോ: ബിനുരാജ്
ആഗോളതലത്തിൽ ഇത് 85 ശതമാനം ആണ്. വർത്തമാനപത്രത്തെ ആശ്രയിക്കുന്ന ഞാനടക്കമുള്ളവർ ഒരു ന്യൂനപക്ഷമായി മാറിയിരിക്കുന്നു. സ്‌മാർട്ട്‌ഫോണുകളുപയോഗിക്കുന്ന ‘മില്ലെനിയം’ തലമുറയാണ് ജനസംഖ്യയിൽ ഭൂരിപക്ഷം.
ചുരുക്കത്തിൽ, വീണ്ടെടുപ്പിന്റെതായ വഴി സമൂഹമാധ്യമങ്ങളിലൂടെയാണ്.
സമൂഹമാധ്യമങ്ങളെ സംബന്ധിച്ച ‘‘നീണ്ട വാൽ’’ (long tail) എന്ന സങ്കൽപ്പനത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിന്റെ തല മുതലാളിത്തത്തിന്റെ അഥവാ പുതിയ ഡിജിറ്റൽ മുതലാളിത്തത്തിന്റെ അധീനതയിലാണ്.
സമൂഹമാധ്യമങ്ങൾ എന്ന ഇരുണ്ട അനന്തസ്ഥലിയിൽ (Terra Incogaita) തങ്ങളുടെ ആധിപത്യം സ്ഥാപിച്ചവരാണവർ. മുതലാളിത്തത്തിന്റെ ചരിത്രത്തിൽത്തന്നെ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത ഡിജിറ്റൽ മുതലാളിത്തത്തിന്റെ ലാഭം തന്നെ പല ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ദേശീയ മൊത്തവരുമാനത്തേക്കാൾ എത്രയോ കൂടുതലാണ്.
ആപ്പിൾ, ഗൂഗിൾ, ഫേസ്‌ബുക്ക്, ആമസോൺ എന്നിവരാണ് ഈ ലോകത്തെ ഭീമന്മാർ (The Big four).അൽഗോരിതത്തിലൂടെയും നിർമിത ബുദ്ധിയിലൂടെയും അവർ നമ്മെ പിന്തുടരുകയും നമ്മെ സംബന്ധിച്ച സകല വിവരങ്ങളും നമ്മുടെ ഓൺലൈൻ പ്രവൃത്തികളിൽനിന്നും ശേഖരിക്കുകയും അതുപയോഗിച്ച് നമ്മുടെ ഇഷ്‌ടങ്ങളെയും താൽപ്പര്യങ്ങളെയും തങ്ങളുടെ കച്ചവടത്തിനായി മാറ്റിത്തീർക്കുകയും ചെയ്യുന്നു.
സമൂഹമാധ്യമങ്ങളിലെ വിഭാഗീയതക്കും കച്ചവടപരതക്കും കാരണമാകുന്നത് ഇതൊക്കെയാണ്. സമൂഹമാധ്യമങ്ങളുടെ തല എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഭാഗം കച്ചവടത്തിന്റെയും ചൂഷണത്തിന്റെയുമാണ്.
എന്റെ പ്രതീക്ഷ അതിന്റെ നീണ്ട വാലിലാണ്. അവിടെയാണ് ബഹുജനങ്ങളുടെ സ്വരം ഉയരുന്നത്, പ്രതിഷേധങ്ങൾ രേഖപ്പെടുത്തപ്പെടുന്നത്, വിഭിന്ന സ്വരങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുന്നത്. സമൂഹമാധ്യമങ്ങൾക്ക് ഏതാനും വർഷങ്ങളുടെ ചരിത്രമേ അവകാശപ്പെടാനുള്ളൂ. അതിപ്പോഴും ശൈശവാവസ്ഥയിലാണ്. അതിന്റെ വാൽഭാഗം രൂപപ്പെട്ടുവരുന്നതിനെക്കുറിച്ച് എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.
അപ്പോൾ പുതിയൊരു മാധ്യമമാതൃക രൂപമെടുക്കും. എന്തായിരിക്കും ആ മാധ്യമമാതൃകയുടെ രൂപം? ഇത് സംബന്ധിച്ചും ഏറ്റവും മനോഹരമായ സങ്കൽപ്പം മുന്നോട്ടുവച്ചത് കാൾമാർക്‌സ് അല്ലാതെ വേറാരുമല്ല. ഇതു പറയുമ്പോൾ ഒരു പൂർവാപരവൈരുധ്യം തോന്നാം. അതിനു കാരണം സോവിയറ്റ് യൂണിയനിലും മുൻ സോഷ്യലിസ്‌റ്റ് രാജ്യങ്ങളിലും നിലനിന്നിരുന്ന മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച തീർത്തും വ്യത്യസ്‌തമായ സങ്കൽപ്പങ്ങളാണ്.
മാർക്‌സ്
തങ്ങൾക്കിഷ്‌ടമുള്ളത് മാത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചാൽ മതി എന്ന കാഴ്‌ചപ്പാട് ഭരണാധികാരികൾക്കുണ്ടായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത അടിച്ചമർത്തൽ തന്നെയായിരുന്നു അത്. എന്നാൽ മാർക്‌സിസത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്, വളച്ചൊടിക്കലാണ്, അത്തരമൊരു കാഴ്‌ചപ്പാട്. വിപ്ലവാനന്തരം ആദ്യഘട്ടത്തിൽ ചില മാധ്യമനിയന്ത്രണങ്ങൾ അനിവാര്യമായിരുന്നു.
ആ താൽക്കാലിക സംവിധാനം സ്ഥിരമായി നടപ്പിലാക്കാനാരംഭിച്ചതാണ് തെറ്റ്. ഈ തിരിച്ചറിവിന്റെ പശ്‌ചാത്തലത്തിൽ മാർക്‌സ് എന്ന പത്രപ്രവർത്തകനെ നാം വീണ്ടെടുക്കേണ്ടതുണ്ട്. 1852–1862 കാലയളവിലെ മാർക്‌സിനെയാണ് ഞാനുദ്ദേശിക്കുന്നത്.
റൈനിഷെ സെയ്‌തുംഗിന്റെയും നൊയെ റൈനിഷെ സൈതുംഗിന്റെയും
മാർക്‌സും എംഗൽസും റൈനിഷെ സെയ്‌തുംഗുമായി
അടിമത്തംപോലെ സെൻസർഷിപ്പും നിയമനിർമാണത്തിലൂടെ നിയമപരമാക്കാനാവില്ലെന്ന് മാർക്‌സ് പ്രഖ്യാപിച്ചു. അക്കാലത്ത് അടിമത്തനിയമം നിലവിലുണ്ടായിരുന്നു.
സ്വതന്ത്ര മാധ്യമങ്ങളുടെ ആദ്യ സ്വാതന്ത്ര്യം കച്ചവടമാകാതിരിക്കലാണ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റൊരാശയം ഫോക് പ്രസ് (Fok press) അഥവാ ജനകീയ മാധ്യമം എന്നതായിരുന്നു.
ഈ ആശയങ്ങൾ ലോകത്തെവിടെയും സോഷ്യലിസ്‌റ്റ് – കമ്യൂണിസ്‌റ്റ് സർക്കാരുകൾ പ്രാവർത്തികമാക്കിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ ആശയങ്ങളിലൂടെ മാത്രമേ ജനങ്ങൾക്ക് മാധ്യമങ്ങളെ വീണ്ടെടുക്കാനാവൂ; അതിലൂടെയേ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാവുകയും ജനങ്ങളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യൂ.
മാധ്യമങ്ങളെ നാം മനസ്സിലാക്കേണ്ടത് നമ്മുടെ ജീവിതത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള ഒന്നായിട്ടാണ്. കഴിഞ്ഞ നൂറ്റാണ്ടുവരെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു മാധ്യമങ്ങൾ.
ഇപ്പോൾ അത് നമ്മുടെ ജീവിതത്തെ സമ്പൂർണമായി ബാധിക്കുന്ന ഒന്നായിരിക്കുന്നു. ഇന്ന് നാം മാധ്യമങ്ങളെപ്പറ്റി സംസാരിക്കുന്നത് പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും ഭാഷയിലാണ്. നാം മാധ്യമപരിസ്ഥിതിയെപ്പറ്റി സംസാരിക്കുന്നു.
ഫോട്ടോ: ജഗത്‌ലാൽ
വസ്‌തുതകൾ ഗ്രഹിക്കാൻ പരസഹായം തേടേണ്ടിവരുന്ന ഈ അവസ്ഥ എ കെ രാമാനുജൻ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ അറിവ് നേടാനുള്ള നാല് വഴികൾ പറയുന്നുണ്ട്. അവ ഇങ്ങനെയാണ്. പ്രത്യക്ഷം– നേരിൽ കാണുന്നത്. അനുമാനം– നാം അനുമാനിച്ചെടുക്കുന്നത്.
ആപ്തവാക്യം– ദൃക്‌സാക്ഷിയുടെ അല്ലെങ്കിൽ അറിവുള്ളയാളുടെ സാക്ഷ്യം. ധൃതി– ഓർമ. രാമാനുജൻ പറയുന്നത്, യാഥാർഥ്യം ഗ്രഹിക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നേരിട്ട് യാഥാർഥ്യം ഗ്രഹിക്കാനുള്ള ശേഷി അഥവാ ‘പ്രത്യക്ഷം’ നമുക്ക് നഷ്ടമാകുന്നു എന്നതാണ്. യാഥാർഥ്യത്തിനുപകരം പ്രതിനിധീകൃത യാഥാർഥ്യത്തെ ആശ്രയിക്കുന്ന ഈ അവസ്ഥയെ വിശദമാക്കാൻ രാമാനുജൻ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിലെ ദുഷ്യന്തന്റെ വാക്കുകൾ ഉദ്ധരിക്കുന്നു:
‘‘എന്റെ മുമ്പിലൂടെ പോകുന്ന ആനയെ എനിക്ക് തിരിച്ചറിയാനാകുന്നില്ല. അത് പോയതിനുശേഷം കാൽപ്പാടുകൾ കാണുമ്പോഴാണ് അതൊരാനയാണല്ലേ എന്ന് എനിക്ക് മനസ്സിലാവുന്നത്’’. യാഥാർഥ്യത്തെ തിരിച്ചറിയാനുള്ള ശേഷിയുടെ നഷ്ടമാണ് ഇന്നും നമ്മുടെ പ്രധാന പ്രശ്‌നം.
മുന്നിൽ കാണാവുന്ന യാഥാർഥ്യത്തെ, മാധ്യമങ്ങളിലൂടെ പ്രതിനിധീകരിച്ച് കാണാത്തതിനാൽ മനസ്സിലാക്കാനാവാത്ത അവസ്ഥയിലാണ് നമ്മൾ. യാഥാർഥ്യത്തെ കാണാനുള്ള അവകാശം മാധ്യമങ്ങൾക്ക് അടിയറ വച്ചിരിക്കുകയാണ് നമ്മൾ. ആ അർഥത്തിൽ നാം മാധ്യമങ്ങളുടെ ഇരകൾ തന്നെയാണ്.
മാധ്യമങ്ങൾ തന്നെയാണ് അവയുടെ സന്ദേശം എന്ന മാർഷൽ മക്‌ലൂഹന്റെ വിഖ്യാതമായ വാക്യത്തിന് ആധാരം ഈ പ്രവണതകൾ തന്നെയാണ്.
മാധ്യമങ്ങളെയും അവയുടെ ധർമത്തെയും പ്രവർത്തനത്തെയും പറ്റി ധാരാളം ചർച്ചകളും സംവാദങ്ങളും വിമർശനങ്ങളും ഉയർന്നുവരണം.
എന്നാൽ അത് മാധ്യമങ്ങളെ നിരാകരിക്കാനോ അവയുടെ പ്രസക്തിയെ കുറച്ചുകാണിക്കാനോ ആവരുതെന്ന് മാത്രം. കാരണം അവ മാത്രമാണ് നമുക്ക് മുന്നിലുള്ള ഏകമാർഗം.
വിവർത്തനം: ഡോ. പ്രദീപ്‌കുമാർ കെ
(നാലാമത് പ്രൊഫ. എം മുരളീധരൻ സ്‌മാരക പ്രഭാഷണം നിർവഹിച്ച് ആഗസ്‌ത് ഒന്നിന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ പ്രഭാഷണം)
(ദേശാഭിമാനി വാരികയിൽ നിന്ന്)
അവർ ഇഴഞ്ഞു’’ എന്ന അദ്വാനിയുടെ പ്രസിദ്ധമായ പ്രയോഗം ഓർക്കുക.
ഇന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. അപ്രഖ്യാപിതവും നിശ്ശബ്ദവുമായ അടിയന്തരാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് കാണാനാകും. മാധ്യമങ്ങളെയാണ് ഇത് ഏറ്റവും പ്രധാനമായി ബാധിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരുടെ മുന്നിൽ നിവർന്നുനിൽക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. കാരണം ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന അതിന്റെ അന്തഃസത്ത അഥവാ സ്വത്വം നഷ്ടമായിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് ആഗോളതലത്തിൽ ജനാധിപത്യത്തെ ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവരാരും തന്നെ ഇന്ത്യയെ ഇപ്പോൾ ഒരു പൂർണ ജനാധിപത്യരാജ്യമായി അംഗീകരിക്കാത്തത്. ‘‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’’ ‘‘അല്ല ജനാധിപത്യം’’ എന്നൊക്കെയാണവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 2022ൽ ഇന്ത്യയുടെ സ്ഥാനം 180ൽ 150ാമത് ആണ്. നമുക്ക് താഴെ 29 രാജ്യങ്ങൾ മാത്രം! ജനാധിപത്യവുമായ പുലബന്ധം കൂടിയില്ലാത്ത ഏകാധിപത്യ രാജ്യങ്ങളുടെയും ബനാന റിപ്പബ്ലിക്കുകളുടെയും ലജ്ജാകരമായ കൂട്ടുകെട്ടിലാണ് നാം! മാധ്യമങ്ങൾ ജീർണപ്രായമാക്കിയ ജനാധിപത്യത്തിന്റെ വർത്തമാനകാല സ്ഥിതി ഇതാണ്.
അധ്യാപകരുടെയും അക്കാദമിക രംഗത്തുള്ളവരുടെയും സാമൂഹ്യദൗത്യത്തെക്കുറിച്ചാണ് നാം പ്രാരംഭത്തിൽ പറഞ്ഞത്. ദന്തഗോപുരവാസികളായ അക്കാദമിക്കുകളെയല്ല, തങ്ങളുടെ പ്രവർത്തന മണ്ഡലത്തിനുപുറത്തുള്ള സമൂഹവുമായി ജൈവബന്ധം പുലർത്തുന്നവരെയാണ് ഞാൻ ഉദ്ദേശിച്ചത്‌്. ഇവരിൽപ്പെട്ട ദീർഘദൃഷ്‌ടികളായ ദാർശനികർ പലരും‐നോം ചോംക്സിയും ദെറിദയും എഡ്വേർഡ് സെയ്ദും ഉൾപ്പെടെ ‐ മാധ്യമങ്ങളുടെ പ്രലോഭനത്തെപ്പറ്റി അക്കാദമിക് പണ്ഡിതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാധ്യമങ്ങളുടെ സ്വാർഥതാൽപ്പര്യങ്ങൾക്ക് അക്കാദമിക് പണ്ഡിതർ ഇരയാക്കപ്പെട്ടേക്കാം എന്ന് ഇവർ ഭയന്നു. 20ാം നൂറ്റാണ്ടിലെ വിഖ്യാത ദാർശനികനും കോളേജ് ഡി ഫ്രാർസിന്റെ ചെയർമാനുമായിരുന്ന പിയറി ബോർദു ഹെറ്റെറൊണമി എന്ന് കാന്റ് വിശേഷിപ്പിച്ച ബാഹ്യസ്വാധീനത്തിന് അടിപ്പെടൽ അക്കാദമിക രംഗത്ത് സംഭവിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അക്കാദമിക പണ്ഡിതർ മാധ്യമങ്ങളാൽ വശീകരിക്കപ്പെടുമ്പോൾ അക്കാദമിക ജ്ഞാനസമ്പത്തിൽ ഇടിവ് സംഭവിക്കുകയും മാധ്യമങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന അക്കാദമിക് പാണ്ഡിത്യത്തിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നു. അദ്ദേഹം വിലയിരുത്തി. ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ചരിത്രത്തെക്കുറിച്ച് 30 സെക്കൻഡ് സംസാരിക്കുന്നയാളല്ല; മികച്ച ചരിത്രകാരൻ എന്നിരിക്കിലും ഇന്ന് മാധ്യമങ്ങളാണ് ആരാണ് മികച്ച ചരിത്രകാരൻ എന്ന് നിർണയിക്കുക, മറ്റ് ചരിത്രകാരന്മാരല്ല. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളെല്ലാവരും തന്നെ ഒന്നുകിൽ പത്രപ്രവർത്തകരോ അല്ലെങ്കിൽ അഭിഭാഷകരോ ആയിരുന്നു. ഗാന്ധിജി ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ചുരുങ്ങിയത് അഞ്ച് പത്രങ്ങൾ /പ്രസിദ്ധീകരണങ്ങളെങ്കിലും എല്ലാക്കാലത്തും അദ്ദേഹം ഒരേസമയം എഡിറ്റ് ചെയ്‌തിരുന്നു.
‘ഇന്ത്യൻ ഒപ്പീനിയൻ’ എഡിറ്റ് ചെയ്യുകയും അതിൽ എഴുതുകയും ചെയ്‌തത് മൂലമാണ് ‘സത്യഗ്രഹം’ എന്ന ആശയത്തിലേക്ക് താൻ എത്തിച്ചേരുന്നതെന്ന് തന്റെ ആത്മകഥയിൽ അദ്ദേഹം എഴുതി. താനെഴുതിയ വരികളിലൂടെ താൻ നടത്തിയ ആത്മസംവാദമാണ് സ്വാതന്ത്ര്യസമരത്തിൽ തുണയായ ‘സത്യഗ്രഹം’ എന്ന അന്യാദൃശ്യമായ ആയുധത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ അസ്‌തിത്വത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് നിർണായകമാണ് എന്ന് ഇതെല്ലാം നമ്മോട് പറയുന്നു. അതേ മാധ്യമങ്ങളാണ് ഇന്ന് അസ്‌തിത്വപ്രതിസന്ധി അനുഭവിക്കുന്നത്. പത്രപ്രവർത്തനം, വാർത്താമാധ്യമങ്ങൾ എന്നീ ആശയങ്ങൾ വളരെ പഴയതൊന്നുമല്ല. 17–ാം നൂറ്റാണ്ടിലെ റ്റ്യൂഡർ ഇംഗ്ലണ്ടിൽ, അച്ചടിയന്ത്രത്തിന്റെയും മുതലാളിത്തത്തിന്റെയും മതപരിവർത്തനശ്രമങ്ങളുടെയും പരിണിതഫലമായി വായന വ്യാപകമായി. അതിനുപുറമേ ജനങ്ങൾ ചോദ്യങ്ങളുയർത്താൻ തുടങ്ങി. ഈ പ്രതിരോധത്തിന്റെയും വിമതസ്വരത്തിന്റെയും ഫലമാണ് മാധ്യമങ്ങൾ. പോരാട്ടങ്ങൾക്കൊപ്പമാണ് എല്ലാ സമൂഹത്തിലും മാധ്യമങ്ങൾ ഉദയംകൊള്ളുകയും നിലനിൽക്കുകയും ചെയ്‌തത്. ആ സമരങ്ങൾ നൽകുന്ന പാഠങ്ങൾ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. റ്റ്യൂഡർ രാജാവായ ഹെന്റി എട്ടാമൻ ഇംഗ്ലണ്ട് ഭരിച്ച കാലത്ത് പ്രബലമായ ഒരു സാമൂഹ്യ നിയമമായിരുന്നു ‘‘സ്‌കാൻഡലം മാഗ്‌നറ്റം (ടരമിറൗഹൗാ ങമഴിമേൗാ). രാജ്യത്തെ പ്രമുഖരെ, വരേണ്യരെ സംബന്ധിച്ച അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചാൽ, എഴുതിയാൽ കഠിനശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമമായിരുന്നു അത്. ആ വാർത്തകൾ സത്യമായിരിക്കുകയും അവക്ക് അടിസ്ഥാനമായ തെളിവുകൾ വ്യക്തിയുടെ കൈവശമുണ്ടായിരിക്കുകയും ചെയ്‌താൽ ശിക്ഷ അധികരിക്കും. നമ്മുടെ കാലത്ത് ഈ രീതി തിരിച്ചുവന്നിരിക്കുകയാണ്. ചില പ്രമുഖന്മാർക്കെതിരെ– ആ പ്രമുഖന്മാർ ആരൊക്കെയെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം– നിങ്ങൾ എഴുതുകയോ വരക്കുകയോ (കാരിക്കേച്ചർ തുടങ്ങിയവ) നിങ്ങൾ അറസ്‌റ്റ് ചെയ്യപ്പെടും.
നിങ്ങൾക്കെതിരെ യുഎപിഎ അല്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും. ഭരണകൂടത്തിന്റെ ഏജൻസികളായ സിബിഐ മുതൽ ഇഡി വരെയുള്ളവ നിങ്ങൾക്കുമേൽ ചാടിവീഴും.
മാധ്യമങ്ങൾ വളർന്നുവന്ന സമരങ്ങളുടെ രീതിയും അന്തരീക്ഷവും ഇല്ലാതായത് 1990 കളുടെ തുടക്കത്തിൽ രാജ്യത്ത് ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയതോടെയാണ് അതുവരെ ഭരണകർത്താക്കൾക്കു നേരെനിന്ന് സത്യം വിളിച്ചുപറയുകയെന്ന ദൗത്യം മാധ്യമങ്ങൾ നിർവഹിച്ചിരുന്നു. പീഡിതരെ പ്രതിനിധാനം ചെയ്യുകയും ഉന്നതരെ തുറന്നുകാണിക്കുകയുമെന്ന ധർമം അവർ നിറവേറ്റിപ്പോന്നു. അന്വേഷണാത്മകമായ പ്രവർത്തനരീതി, വാർത്തകളുടെ നിജസ്ഥിതി തേടൽ, ചുറ്റുമുള്ള അസമത്വങ്ങളെയും അനീതികളെയും തുറന്നുകാണിക്കൽ എന്നിവയെല്ലാം പഴങ്കഥയാവുകയും ‘ലാഭം’ എന്നത് ഏക പരിഗണനയായി മാറുകയുംചെയ്‌തു. കാരണം ‘ലാഭ’മാണ് ഉദാരവൽക്കരണത്തിന്റെ, ആഗോളവൽക്കരണത്തിന്റെ അന്തഃസത്ത. മാധ്യമങ്ങൾ കമ്പോളമാതൃകയായി മാറി. ഇത് ആദ്യമായുണ്ടാകുന്ന പ്രതിഭാസമാണെന്ന് പറയുകയല്ല.
കമ്പോള മാതൃക മുമ്പുമുണ്ടായിരുന്നു. ലാഭമുണ്ടാക്കാതെ മാധ്യമങ്ങൾക്ക് നിലനിൽക്കാനാവില്ല. അധികാരരൂപങ്ങൾക്കെതിരെനിന്ന് സത്യം പറയണമെങ്കിൽ സാമ്പത്തിക ഭദ്രത വേണം. സാമ്പത്തികപരാധീനത ധർമത്തിൽനിന്ന് വ്യതിചലിക്കാൻ കാരണമാകും. എന്നാൽ ലാഭം നേടലും കൊള്ളലാഭവും തമ്മിൽ വ്യത്യാസമുണ്ടല്ലോ. ഈ മാറ്റമാണ് ഇപ്പോഴുമുണ്ടായിരിക്കുന്നത്. മാധ്യമങ്ങൾ സമ്പൂർണമായും കമ്പോളമാതൃകയിലേക്ക് മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ അമേരിക്കൻ മാധ്യമങ്ങളെയാണ്് നാം മാതൃകയാക്കിയിരിക്കുന്നത്. അമേരിക്കയിൽ മാധ്യമങ്ങൾ എന്നും കമ്പോളമാതൃകയിലായിരുന്നു. അതാണ് 1990കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നാം പ്രാവർത്തികമാക്കിയത്. 17–ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് മഹാകവി മിൽട്ടൻ ഏയ്റോപജിറ്റിക (അലൃീുമഴശശേരമ) എന്ന പേരിൽ പ്രസിദ്ധമായ പ്രസംഗത്തിൽ സത്യവും നുണയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിൽ സത്യം പരാജയപ്പെടുമെന്ന്് ആർക്കെങ്കിലും കരുതാനാവുമോ എന്നും ചോദിക്കുന്നുണ്ട്.
തുറന്ന യുദ്ധത്തിൽ സത്യം ജയിക്കുമെന്ന ഈ സിദ്ധാന്തമാണ് സംവാദങ്ങളുടെയും ചർച്ചകളുടെയും പരിസരത്തിൽ ജനാധിപത്യം പുലരുമെന്ന അമേരിക്കൻ വിശ്വാസത്തിന്റെ പരിസരം. ബഹുസ്വരതയും ബഹുവീക്ഷണകോണുകളും എല്ലാം ചേർന്ന അന്തരീക്ഷത്തിൽ സത്യവും നീതിയും താനെ പുലരുമെന്നും അതിന്റെ ഭാഗമായി മാധ്യമരംഗവും നീതിയുക്തമായിക്കൊള്ളുമെന്നാണ് അമേരിക്കൻ വിശ്വാസം. സുപ്രസിദ്ധ അമേരിക്കൻ ന്യായാധിപനായ ഒലിവർ വെൻഡൽ ഹോംസ് – അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ ഇപ്പോഴും ലോകമെമ്പാടും ഉദ്ധരിക്കപ്പെടുന്നു– അമേരിക്ക ആശയങ്ങളുടെ കമ്പോളമാണെന്ന്് ഒരിക്കൽ പറയുകയുണ്ടായി. കമ്പോളത്തിലെ സ്വതന്ത്രമായ മത്സരത്തിൽ ആശയങ്ങൾ തെഴുക്കുകയും വൈവിധ്യപൂർണമാവുകയുംചെയ്യും എന്നതാണ്് ഇതിന്റെ സാരം. അതാണ് ജനാധിപത്യത്തിന് വളരാൻ പറ്റിയ അന്തരീക്ഷം.
അമേരിക്കയിൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനങ്ങളുണ്ട്. ഇന്ത്യയിൽ കാണാത്തവ. അവിടെ കുത്തകകൾക്ക് പ്രവർത്തിക്കുക സാധ്യമല്ല. അവിടുത്തെ നിയന്ത്രണങ്ങളിൽ ഒന്ന് ഭൂമിശാസ്ത്രപരമായ നിയന്ത്രണമാണ്്. ന്യൂയോർക്ക് ടൈംസിന് ന്യൂയോർക്കിൽ ഉള്ളത്ര വിൽപ്പന മറ്റിടങ്ങളിൽ അനുവദനീയമല്ല. ഇനി നിങ്ങൾ ഒരു അച്ചടി മാധ്യമമാണെങ്കിൽ നിങ്ങൾക്ക്് ടെലിവിഷൻ, റേഡിയോ, ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കാനാവില്ല. കുത്തകവൽക്കരണത്തിനെതിരായ ഫലപ്രദമായ നിയന്ത്രണസംവിധാനങ്ങൾ നിരവധിയുണ്ട്്. ഈ അടുത്തകാലത്ത്് ഇതിൽ വെള്ളം ചേർക്കപ്പെടുന്നു എന്നത് മറ്റൊരു കാര്യം. എന്നാൽ ഇന്ത്യയിൽ ഇത്തരം നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല. മാധ്യമങ്ങളെ സംബന്ധിച്ച നിയമങ്ങളൊന്നുംതന്നെ ഇവിടെ രൂപീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്് എനിക്ക് ഏഷ്യാനെറ്റിനെപ്പറ്റി ചിന്തിക്കാനായത്. അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന നിയമം 1885ലെ ‘ഇന്ത്യൻ ടെലഗ്രാഫ്’ ആക്ട് എന്ന പഴയ കൊളോണിയൽ നിയമം മാത്രമായി. അതിൽപ്പറയുന്ന ഏക കാര്യം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കകത്തുനിന്ന് റേഡിയോ തരംഗങ്ങൾ അപ് ലിങ്ക് ചെയ്യാൻ ഭരണകൂടത്തിന് മാത്രമേ കഴിയൂ എന്നതായിരുന്നു. എന്നാൽ ഈ തരംഗങ്ങൾ ഇന്ത്യക്കകത്ത് ആർക്കൊക്കെ സ്വീകരിക്കാം, വിതരണം ചെയ്യാം എന്നതിനെപ്പറ്റി ഈ നിയമം നിശ്ശബ്ദത പാലിക്കുന്നു. കാരണം, അത്തരമൊരു സാധ്യതയെപ്പറ്റി 1885ൽ ചിന്തിക്കാൻപോലുമാകില്ലായിരുന്നു. അതുകൊണ്ട് അപ് ലിങ്ക് ചെയ്യാനായി. ഏഷ്യാനെറ്റിനും റഷ്യയിലേക്കും ഫിലിപ്പീൻസിലേക്കും സിങ്കപ്പൂരിലേക്കും പോകേണ്ടിവന്നു. ഇവിടെ നിന്നയക്കുന്ന വാർത്തകൾ നികേഷും പ്രമോദും നീലനും അവിടെയിരുന്നു വായിക്കുകയായിരുന്നു. ഇതല്ലാം കഴിഞ്ഞ ഭൂതകാലത്തെ ക്രമപ്പെടുത്താനാണ് സാറ്റലൈറ്റ് ആന്റ് കേബിൾ ടി വി ആക്ട് പോലുള്ള നിയമങ്ങൾ കൊണ്ടുവന്നത്. ഇപ്പോൾ പക്ഷേ അമിതമായി, നിയമങ്ങളാലും നിയന്ത്രണങ്ങളാലും മാധ്യമരംഗം വീർപ്പുമുട്ടുകയാണ്. 2014നുശേഷം ഇതാണ് സംഭവിച്ചത്.
അടുത്തകാലത്ത് ഇലക്ട്രോണിക് മാധ്യമരംഗത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾ അസംബന്ധമാണ്. ആർക്കെങ്കിലും ഒരു വാർത്തയെ സംബന്ധിച്ച പരാതിയുണ്ടെങ്കിൽ, ആ മാധ്യമ സ്ഥാപനത്തിന് അത് ആ വ്യക്തിയുടെ തൃപ്തിക്കനുസരിച്ച് തീർപ്പാക്കാനായില്ലെങ്കിൽ അവൾക്ക്–അയാൾക്ക് ഉദ്യോഗസ്ഥരെ സമീപിക്കാം. ഇവിടെ, മാധ്യമ സ്വാതന്ത്ര്യം നിർവചിക്കുന്നത് ഭരണകൂടമായി മാറിക്കഴിഞ്ഞു. ഒരു മാധ്യമവും ഇതിനെതിരെ ശബ്ദമുയർത്തിയില്ല. ഹിന്ദുപോലുള്ള ചില പത്രങ്ങൾ മുഖപ്രസംഗം എഴുതി എന്നതു മാത്രമാണുണ്ടായത്. നിങ്ങളിൽതന്നെ എത്ര പേർ ഇത് അറിഞ്ഞിട്ടുണ്ട്. തങ്ങൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാൻപോലും മാധ്യമങ്ങൾ ഭയപ്പെടുന്നു. രാജ്യദ്രോഹത്തിനും ദേശവിരുദ്ധതക്കും തങ്ങൾ ശിക്ഷിക്കപ്പെട്ടേക്കാം എന്നവർ ഭയക്കുന്നു. കൈകൾ അത്ര ശുദ്ധമല്ലാത്തവർ കൂടുതൽ ഭയക്കുന്നു. ഇ ഡിയോ, സിബിഐയോ ആദായനികുതി വകുപ്പോ തങ്ങളെതേടി വരുമെന്ന് അവർ പേടിക്കുന്നു. കമ്പോള സമീപനം മാധ്യമങ്ങളുടെ ക്രമത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. വർക്കിങ് ജേണലിസ്റ്റ് എന്നൊരു വർഗം തന്നെ ഇല്ലാതായിക്കഴിഞ്ഞു. കേരളത്തിൽ വർക്കിങ് ജേണലിസ്റ്റ് യൂണിയൻ ഉണ്ട് എന്നൊക്കെ ഒരു അപവാദമാണ്. പത്രപ്രവർത്തകർക്ക് പഴയ ശക്തി ഇല്ലാതായിരിക്കുന്നു. മാധ്യമ സ്ഥാപനങ്ങളാണ് ഇന്ന് വിധാതാക്കൾ. ലാഭത്തെയും ഭരണകൂടത്തിന്റെ പ്രീതിയെയും മാത്രം മാനദണ്ഡമാക്കുന്നവരാണ് മാധ്യമങ്ങളുടെ നയം തീരുമാനിക്കുന്നത്. പിന്നെങ്ങനെയാണ് ജനാധിപത്യത്തിന്റെ അതിശക്തമായ നാലാം തൂണുണ്ടാവുക? എങ്ങനെയാണ് മാധ്യമങ്ങൾക്ക് ഭരണകൂടത്തിനുനേരെനിന്ന് സത്യം സംസാരിക്കാനാവുക? വാർത്തയാണെന്ന് നാം കരുതുന്നത് മാത്രം നൽകിക്കൊണ്ട് നിലനിൽക്കുക മാത്രമേ അവയ്‌ക്ക് ചെയ്യാനാവൂ. അങ്ങനെയാണ് മാധ്യമങ്ങൾ തന്നെ വാർത്തയാവുന്നത്. ഈ പ്രക്രിയയിൽ മാധ്യമങ്ങളുടെ വിശ്വാസ്യത ക്രമമായി ഇല്ലാതാവുകയാണ്. അമേരിക്കയിലും ഇതാണ് സ്ഥിതി. അവിടെ, സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന വ്യൂ റിസർച്ച് സെന്റർ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു പഠനം നടത്തുകയുണ്ടായി. അതിൽ അഭിഭാഷകർ,ഡോക്ടർമാർ, പത്രപ്രവർത്തകർ തുടങ്ങി നിരവധി വിഭാഗങ്ങൾ ഉണ്ടായിരുന്നു. അവരുടെ പഠനത്തിൽ കണ്ടത് വിശ്വാസ്യതയുടെ കാര്യത്തിൽ മാധ്യമപ്രവർത്തകർ സെക്കന്റ് ഹാന്റ് കാർ വില്പനക്കാരും മാത്രം മുന്നിലാണ് എന്നത്രെ. കാർ വിൽക്കാൻ എന്തുനുണയും പറയാൻ മടിയില്ലാത്തവരാണ് മാധ്യമപ്രവർത്തകർക്ക് തൊട്ടുപുറകിൽ എന്നർഥം.
എന്ത് പ്രതിബദ്ധതയാണ്, മൂല്യമാണ്, ആവേശമാണ് ഇന്ന് മാധ്യമപ്രവർത്തനത്തെ നയിക്കുന്നത്? സമൂഹത്തിൽ മാറ്റം വരണമെന്ന ഗുണചിന്തയോ ഏതുവിധേനയും ശ്രദ്ധയാകർഷിക്കുക എന്ന തന്ത്രമോ തീർച്ചയായും രണ്ടാമത്തേതുതന്നെ. കാരണം മാധ്യമങ്ങൾ കമ്പോളമാതൃകയിലേക്ക് മാറിയതോടെ ‘റേറ്റിങ്’ ആയി എല്ലാമെല്ലാമെല്ലാം. എല്ലാം റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലായി മാറി. അസംഖ്യം ചാനലുകൾക്കിടയിൽ എങ്ങനെയെങ്കിലും റേറ്റിങ്ങിൽ മുന്നിലെത്തിയാലെ പരസ്യ വരുമാനം കൂടുകയുള്ളൂ. എത്രയാളുകളിലേക്ക് എത്തുന്നു എന്നതല്ല, ഏതുതരം ആളുകളിലേക്ക് എത്തുന്നു എന്നതാണ് വരുമാനത്തിന്റെ അടിസ്ഥാന ഘടകം. വ്യാപനത്തിൽ ഇന്ത്യയിൽ ഇന്നും മുന്നിൽ നിൽക്കുന്നത് ദൂരദർശൻ തന്നെയാണ്–ജനസംഖ്യയുടെ കാര്യത്തിലായാലും ഭൂമിശാസ്ത്രപരമായ വ്യാപ്തി ആയാലും. എന്നാൽ മൊത്തം ടി വി കാണുന്നവരുടെ ഒരു ശതമാനംപോലും കാഴ്ചക്കാരില്ലാത്ത വാർത്താചാനലുകൾക്ക് കിട്ടുന്ന പരസ്യവരുമാനംപോലും ദൂരദർശന് ലഭിക്കുന്നില്ല. കാരണം ആ ഒരു ശതമാനത്തിൽ താഴെയുള്ളവരുടെ വാങ്ങൽ ശേഷിയാണ്. അതിനടുത്തെങ്ങുമെത്താൻ ദൂരദർശൻ കാണികൾക്ക് കഴിയില്ല. വിലകൂടിയ കാറുകളോ മറ്റു സാധനങ്ങളോ ദൂരദർശനിലൂടെ പരസ്യപ്പെടുത്തിയിട്ട് ഫലമില്ല.
ഇന്ത്യയിൽ ക്രോസ്–മീഡിയ നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല. ഒരു പത്രമുതലാളിക്ക് ടി വി ചാനലും എഫ്എം റേഡിയോ ചാനലും ഓൺലൈൻ പോർട്ടലും ആരംഭിക്കാനാകും. ഈ കുത്തകവൽക്കരണം, കേന്ദ്രീകരണം മാധ്യമങ്ങളിലെ ബഹുസ്വരതയെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. അമേരിക്കയിലെ ‘ആശയങ്ങളുടെ കമ്പോളം’ എന്ന സങ്കല്പം ഓർക്കുന്നുണ്ടാവുമല്ലോ. അവിടെ ഉല്പന്നങ്ങളുടെ വ്യതിരിക്തത വളരെ പ്രകടമാണ്. ഓരോ ന്യൂസ് ചാനലുകൾക്ക് അല്ലെങ്കിൽ അവയുടെ കമ്പനികൾക്ക് ആ ഭേദം കാണാം. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല. എല്ലാവരും ഒരേ സാധനമാണ് നമുക്ക് നൽകുന്നത് ഏതു ഭാഷയിലേയും വാർത്താ ചാനലുകൾ എടുത്താൽ അവ ഒരേ വാർത്ത തന്നെ നൽകുന്നത് കാണാം. സ്റ്റുഡിയോയിലെ ‘ലൈവ്’ പ്രോഗ്രാമുകളിൽ ഒരേ വ്യക്തികളെത്തന്നെ കാണാം. ‘ന്യൂസ് ബ്രേക്ക്സ്’ എന്നത് വളരെ സാധാരണമായ ഒന്നായി മാറി എല്ലാ ചാനലുകളിൽനിന്നും ഒരേ തലവാചകങ്ങൾ, ഒരേ വാർത്തകൾ, പ്രതികരിക്കാൻ സ്ഥിരം പ്രതികരണത്തൊഴിലാളികൾ എന്നിങ്ങനെയാണ് കാര്യങ്ങൾ. ചിലപ്പോൾ ഇതിൽ ചില അക്കാദമിക പണ്ഡിതന്മാരും വന്നുപെടാറുണ്ട്. അവർക്കാകെ 20 സെക്കന്റ് സമയമാണ് സംസാരിക്കാൻ ലഭിക്കുക. സമൂഹത്തിൽ അവർക്കുള്ള വിശ്വാസ്യതയാണ് മാധ്യമങ്ങൾ ചൂഷണംചെയ്യുന്നത്. ഈ പണ്ഡിതന്മാരുടെ വാദം, മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്താൻ കഴിയുന്നുണ്ടല്ലോ എന്നതാണ്. എന്നാൽ 20 അല്ലെങ്കിൽ 30 സെക്കന്റുകൾകൊണ്ട് അതെങ്ങനെ സാധിക്കും? നിങ്ങൾക്ക് ആവശ്യമായ സമയം ഒരിക്കലും ലഭിക്കുകയില്ല. നമുക്ക് മാധ്യമങ്ങളിലൂടെ കിട്ടുന്നത് പൾപ്പ് ചരിത്രകാരന്മാരെയും മനഃശാസ്ത്രജ്ഞന്മാരെയും മറ്റു വിദഗ്ധരെയുമാണ്. സത്യത്തിൽ നമ്മുടെ അക്കാദമിക സമൂഹത്തിനോടുള്ള അനാദരവാണ് ഇവിടെ കാണാവുന്നത്.
മാധ്യമങ്ങളിൽ ബഹുസ്വരത ഇല്ലാതായിരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. കാരണം ഒരു ഗൂഢസംഘം പോലെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നതുതന്നെയാണ‍്. ഇന്ന് എഡിറ്റോറിയൽ മീറ്റിങ്ങുകളിൽ എഡിറ്റർമാർ പറയുന്ന സ്ഥിരം കാര്യം ‘‘നമ്മൾ ഈ വാർത്ത വിട്ടുകളഞ്ഞു’’ എന്നാണ്. എന്താണിതിനർഥം? ലോകത്തെമ്പാടും സംഭവിക്കുന്ന കോടിക്കണക്കിനു വാർത്തകളിൽ നിങ്ങൾക്കാവശ്യമുള്ള പത്തോ പന്ത്രണ്ടോ എണ്ണം നിങ്ങൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? വാർത്ത വിട്ടുകളഞ്ഞു എന്നതുകൊണ്ട് ഇന്ന് ഉദ്ദേശിക്കുന്നത് ഏതെങ്കിലും എതിർചാനലുകൾ ചെയ്ത വാർത്ത തങ്ങൾ ചെയ്തില്ല എന്നുമാത്രമല്ല. വാർത്ത എന്ന സങ്കല്പത്തെത്തന്നെ ചുരുക്കിക്കളയുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ടർമാർക്ക് ചാനൽ അധികാരികൾ നൽകുന്ന പരോക്ഷ സന്ദേശം, മറ്റു ചാനലുകൾ അല്ലെങ്കിൽ പത്രങ്ങൾ നൽകുന്ന വാർത്തകൾ കൊണ്ടുവരണം എന്നാണ്. അങ്ങനെയല്ലെങ്കിൽ നിങ്ങൾ ആ വാർത്ത വിട്ടു. അതിന്റെ വില നിങ്ങൾ നൽകേണ്ടിവരും. അപ്പോൾ എല്ലാവരും മറ്റുള്ളവർ എന്തുവാർത്ത നൽകുന്നു എന്നാണ് നോക്കുന്നത്. പറ്റംചേരൽ ആണ് വാർത്താവിനിമയത്തിൽ നടക്കുന്നത്. ഇതിനർഥം ആരെങ്കിലുമൊരാൾ ഒരു കേന്ദ്രത്തിലിരുന്ന് ഇതിനെയെല്ലാം നിയന്ത്രിക്കുന്നു എന്നല്ല. പക്ഷേ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്; ഇങ്ങനെ മാത്രമേ സംഭവിക്കൂ എന്നാണ് യാഥാർഥ്യം. കമ്പോളമാണിതിനുപുറകിൽ. ഇതിനെയാണ് മാധ്യമങ്ങളുടെ കമ്പോള മാതൃക എന്ന് ഞാൻ വിശേഷിപ്പിക്കുന്നത്. കമ്പോളത്തിന്റെ സമ്മർദമാണ് ഇവിടെ നിയാമക ശക്തി. മാധ്യമങ്ങൾ വാർത്തയാകുന്നത് ഈ സാഹചര്യത്തിലാണ്. കാരണം, പുതിയതെന്തെങ്കിലും പറയണമെങ്കിൽ സാമാന്യ സീമക്കപ്പുറത്തേക്ക് നിങ്ങൾക്ക് അതിശയോക്തി കലർത്തേണ്ടിവരും. അപ്പോഴാണ്, സാധാരണ ഗതിയിൽ പമ്പരവിഡ്ഡിത്തം എന്ന രീതിയിൽ തള്ളിക്കളയുന്ന കാര്യങ്ങൾ വാർത്തയാവുന്നതും അവ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നതും. മുഖ്യമന്ത്രിയുടെ വസതിയിലേക്കു കൊണ്ടുപോയ ബിരിയാണിയിൽ സ്വർണം പൂഴ്ത്തി വച്ചു എന്ന വാർത്തയൊക്കെ ഇങ്ങനെയാണുണ്ടാകുന്നത്. ആദ്യം കേൾക്കുമ്പോൾ അവിശ്വസിക്കുന്ന പ്രേക്ഷകർപോലും ഈ അതിശയോക്തികൾ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ തീയില്ലാതെ പുകയുണ്ടാകാൻ വഴിയില്ലല്ലോ എന്ന് വിചാരിക്കുന്ന അവസ്ഥയിലെത്തുന്നു. ഇതാണ് മാധ്യമങ്ങൾ നിർവഹിക്കുന്ന സവിശേഷമായ പ്രോട്ടോഫാസിസ്റ്റ് ധർമം. ഫാസിസത്തെ നന്നായി മനസ്സിലാക്കിയവരിലൊരാൾ ദാർശനികനായ നിച്ചേ ആണ്. അദ്ദേഹം പറഞ്ഞു: ‘‘സത്യത്തിന്റെ ചരിത്രം എന്നത് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന നുണയുടെ ചരിത്രംകൂടിയാണ്’’. നിങ്ങൾ ഒരു നുണ ഒരു തവണ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നാൽ പത്താം തവണയോ നൂറാം തവണയോ ഒക്കെ ആകുമ്പോൾ ആളുകൾ വിശ്വസിച്ചുകൊള്ളും. ഇതാണ് എല്ലാ മാധ്യമങ്ങളും ഭംഗിയായി നിർവഹിച്ചുവരുന്നത്. ആ പേരുകളൊന്നും ഞാൻ പറയേണ്ടതില്ലല്ലോ. ഈ പൊതുധാരക്ക് പുറംതിരിഞ്ഞുനിൽക്കാൻ ഏതെങ്കിലുമൊരു മാധ്യമത്തിന് കഴിഞ്ഞെന്നുവരില്ല. കാരണം അപ്പോൾ പ്രേക്ഷകർ അത് വിശ്വസിക്കാതാവുന്നില്ല. ഭൂരിപക്ഷം പറയുന്നതെന്തോ അതാണ് ശരി എന്ന ചിന്താഗതിയാണ് മാധ്യമരംഗത്ത് പ്രബലം. നിങ്ങൾ ഒറ്റക്ക് നിൽക്കുന്നുവെങ്കിൽ നിങ്ങൾ പറയുന്നതാണ് തെറ്റ് എന്നുവരുന്നു. ഭരണാധികാരത്തിനുനേരെ നിന്ന് ഞങ്ങൾ തല കുനിക്കുകയില്ല എന്നു പ്രഖ്യാപിച്ച, ഗോയങ്ക നേതൃത്വം നൽകിയ ബൂർഷ്വാ മാധ്യമങ്ങളുടെ കാലം കഴിഞ്ഞുപോയി. മാധ്യമങ്ങൾ അധികാരത്തിനുമുന്നിൽ നിശ്ശേഷം കീഴടങ്ങിയിരിക്കുന്നു. ഇതാണ് ഈ നട്ടെല്ലില്ലായ്മയാണ് മാധ്യമങ്ങൾ ഇന്ന് നേരിടുന്ന സ്വത്വ പ്രതിസന്ധി. മാധ്യമങ്ങളെയാകെ അർഥമാക്കിക്കൊണ്ടല്ല ഇതുപറയുന്നത്. ധീരമായ, ആദരണീയമായ അപവാദങ്ങൾ ഇവിടെയുണ്ട്. പക്ഷേ അപവാദങ്ങളല്ല, സാമാന്യതത്വമാണ് ഇവിടെ സൂചിപ്പിച്ചത്.
റേറ്റിങ് മനോഭാവമാണ് മറ്റൊരു പ്രധാന പ്രശ്‌നം. റേറ്റിങ് നിലനിർത്തുക എന്നത് ജീവന്മരണ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതിനായി വ്യത്യസ്‌തമായെന്തെങ്കിലും ചെയ്യുകയല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. 7 ദിവസവും 24 മണിക്കൂറും ‘‘ബ്രേക്കിങ് ന്യൂസ്’’ വാർത്തകളിങ്ങനെ അനവരതം ഒഴുകിക്കൊണ്ടിരിക്കുന്നു. ന്യൂസ് ബുള്ളറ്റിനുകൾ എന്ന അർഥത്തിൽ ആണിത് പറയുന്നത്. ചർച്ചയും സംവാദവും വഴക്കും നടക്കുന്ന ‘ന്യൂസ് അവർ’ ആണ് ഇപ്പോൾ അധികസമയവും എന്നത് മറ്റൊരു കാര്യം. ഇന്ത്യയിൽ നിത്യേന കാണാൻ സാധ്യതയുള്ള ഒരു വാർത്ത എങ്ങനെയാണ് ‘ബ്രേക്കിങ് ന്യൂസ്’ വാർത്തയായി വരുന്നത് എന്നൊന്ന് പരിശോധിച്ചുനോക്കാം. ചെറിയ കുട്ടികൾ കളിക്കുന്നതിനിടയിലോ മറ്റോ കുഴൽക്കിണറിലേക്ക് വീണുപോകുന്ന വാർത്ത നമുക്ക് പരിചിതമാണ്. കുടുംബദുരന്തമായതുകൊണ്ട് കുടുംബങ്ങൾക്ക് കാണാൻ, അറിയാൻ താൽപ്പര്യമുള്ള വാർത്തയാണിത് 9 മണിക്കുള്ള വാർത്തയിൽ ഇത് ബ്രേക്കിങ് ന്യൂസ് ആയി വരുന്നു. സ്വാഭാവികമായും10 മണി വാർത്തയിൽ എന്തുപറയുന്നു എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടാവുന്നു. ഇവിടെ പഴയ വാർത്ത തന്നെ നൽകിയാൽ ആ ചാനലുകൾ ജോലി ശരിയായി ചെയ്യുന്നില്ല എന്നേ കാണികൾ വിചാരിക്കൂ. കാരണം വേറെ ചില ചാനലുകൾ കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഒരു അടിസ്ഥാനവുമില്ലാത്ത ശുദ്ധ ഊഹാപോഹങ്ങൾ ആകാമത്. ഔദ്യോഗികമായി ആരും പറയാത്ത കാര്യങ്ങൾ പതിനൊന്നുമണി ബുള്ളറ്റിനിലും തുടർന്നും ഇതിങ്ങനെ തുടരുന്നു. ഇവിടെ മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുകയാണ്.
ഇങ്ങനെയാണ് മാധ്യമങ്ങൾ തന്നെ വാർത്തയായി മാറുന്നത്. റേറ്റിങ്ങിന്റെ കളിയിൽ ജയിക്കാൻ മാത്രമാണ് അവതാരകർ ശ്രദ്ധിക്കുന്നത്.
റേറ്റിങ് കളി നമ്മുടെ സമൂഹത്തോട് വലിയ പാതകമാണ് ചെയ്യുന്നത്. അവതാരകൻ വാർത്തയാവുകയും യഥാർഥത്തിൽ നടക്കുന്നതെന്ത് എന്നത് ആരും ശ്രദ്ധിക്കാതാവുകയും ചെയ്യുന്ന പ്രക്രിയ നമ്മുടെ ബുദ്ധിയെയും ആലോചനാശേഷിയെയും വല്ലാതെ സങ്കുചിതമാക്കുന്നു. നമ്മുടെ ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളും കണ്ടെത്തലുകളും സാമാന്യബോധത്തിനെതിർദിശയിൽ ചിന്തിച്ചവരിൽ നിന്നാണുണ്ടായിട്ടുള്ളത്. ഭൂമി ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞവർ ചുട്ടുകരിക്കപ്പെട്ടല്ലോ. എന്നാൽ ശാസ്‌ത്രബോധവും അന്വേഷണത്വരയും യുക്തിബോധവും ഉള്ളവർ സാമാന്യബോധത്തിനെതിരായി സധൈര്യം തങ്ങളുടെ കണ്ടെത്തലുകൾ ഉയർത്തിപ്പിടിച്ചു. ഇപ്പോൾ സ്ഥിതി അതല്ല. ജനഹിതം എന്നതിൽനിന്നും സാമാന്യബോധത്തോടൊപ്പം നിൽക്കുക എന്നതിലേക്ക് മാധ്യമധർമം മാറിയിരിക്കുന്നു. ഇതൊരു തകർച്ചയാണ്. തങ്ങളിലേക്ക് നോക്കുന്ന, തങ്ങളെത്തന്നെ ഉയർത്തിക്കാണിക്കുന്ന ഒരു താഴ്‌ചയാണിത്. ഇത്തരുണത്തിൽ ഒരു സാധാരണ പൗരന്റെ മനസ്സിൽ ഉയർന്നുവരുന്ന സംശയം ഇതാണ്. മാധ്യമങ്ങൾ കമ്പോളത്തിന്റെ ഭാഗം മാത്രമാണെങ്കിൽ, കമ്പോളത്തിന്റെ ഉൽപ്പന്നം മാത്രമാണെങ്കിൽ അവയ്‌ക്ക് ഭരണഘടനയുടെ 19(1) (അ) ആർട്ടിക്കിൾ പ്രകാരമുള്ള ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന അവകാശം നൽകുന്നതെന്തിനാണ്? മാധ്യമങ്ങളെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സ്ഥിരംമുറവിളി ഈ അവകാശങ്ങളെക്കുറിച്ചാണല്ലോ. കമ്പോളശക്തികൾക്ക് ഇത്തരമൊരു സംരക്ഷണം ആവശ്യമുണ്ടോ? ഇക്കാര്യത്തിൽ കൂടുതൽ സംവാദങ്ങൾക്കായി ഞാൻ തലതിരിഞ്ഞ ഒരു വാദം ഉയർത്തുകയാണെന്ന് കരുതിയാൽ മതി.
പക്ഷേ ഇതുപറയാൻ കാരണമുണ്ട്. ഇന്ത്യയിലെ വൻകിട മാധ്യമമുതലാളിമാർ പറയുന്നത് തങ്ങളുടെ ലക്ഷ്യം സമൂഹത്തെ നന്നാക്കലല്ല, ബിസിനസ്സ് നടത്തുകയാണ് എന്നാണ്. കമ്പോളത്തിൽ കച്ചവടം നടത്തുന്നവർക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ട കാര്യമെന്താണ്? ഒരു സോപ്പ് കമ്പനി മുതലാളിക്കില്ലാത്ത ഭരണഘടനാപരമായ അവകാശങ്ങൾ ‘മാധ്യമ മുതലാളി’ക്കും നൽകേണ്ടതില്ലല്ലോ. സോപ്പ് കമ്പനിയെപ്പറ്റി പറയുമ്പോൾ സോപ്പിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഉപഭോക്‌തൃകോടതിയെ സമീപിക്കാൻ ഉപഭോക്താവിന് കഴിയും എന്ന പ്രത്യേകതയുണ്ട്. മാധ്യമങ്ങളുടെ കാര്യത്തിൽ നമുക്ക് അത് സാധിക്കാത്തത് ഇത്തരം സംരക്ഷണങ്ങളുള്ളതുകൊണ്ടാണ്. മാധ്യമങ്ങളുടെ ഭരണഘടനാപരമായ പ്രതിസന്ധി എന്ന് ഇതിനെ വിളിക്കാം.
മാധ്യമങ്ങൾ തീർച്ചയായും അത്യന്താപേക്ഷിതമാണ്. ജനാധിപത്യം അപകടത്തിലാവുമ്പോഴെല്ലാം ഭരണകൂടത്തിന് മുഖാമുഖം നിന്നുകൊണ്ട് സത്യം വിളിച്ചുപറയേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഞാൻ ആവർത്തിക്കട്ടെ. പക്ഷേ നമ്മുടെ മാധ്യമങ്ങൾ അത് ചെയ്യുന്നില്ല. അവർക്ക് അതിന് താൽപ്പര്യമില്ല. കാരണം അവരുടെ കണ്ണ് ലാഭത്തിലാണ്. ലാഭസാധ്യതകൾക്കും നേരെ ഏതെങ്കിലും തരത്തിൽ വെല്ലുവിളി ഉയരുമ്പോൾ വൻകിട മാധ്യമക്കുത്തക മുതലാളിമാർ സംഘടിക്കുന്നത് നാം കാണുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് മാധ്യമരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച ആലോചനകൾ സർക്കാർതലത്തിൽ ആരംഭിച്ചപ്പോൾ ഈ വിധം മുതലാളിമാർ ചേർന്ന് ഇന്ത്യൻ മീഡിയ അസോസിയേഷൻ രൂപീകരിക്കുകയുണ്ടായി. അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്, വിദേശമൂലധനത്തെ ചെറുക്കുന്നതിനായി മാധ്യമമുതലാളിമാർക്കും കുടുംബങ്ങൾക്കും സവിശേഷ അവകാശങ്ങൾ അനുവദിക്കണം എന്നായിരുന്നു. മാധ്യമ കുടുംബവാഴ്‌ചയെ സ്ഥിരപ്പെടുത്തുക എന്നതാണതിന്റെ ലക്ഷ്യം. ഈവിധത്തിലാണ് മാധ്യമങ്ങൾ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വർത്തമാനകാല അവസ്ഥയ്‌ക്ക് ചില ബദൽ നിർദേശങ്ങൾകൂടി സൂചിപ്പിക്കാമെന്ന് ഞാൻ കരുതുന്നു. കാരണം ഇതുവരെ അവതരിപ്പിച്ച ചിത്രം അങ്ങേയറ്റം ഇരുണ്ടതും നിരാശാജനകവുമായ ഒന്നാണല്ലോ. ഏറ്റവും ശുഭോദർക്കമായ കാര്യം സാമൂഹമാധ്യമങ്ങളുടെ വരവ് നിലവിലുള്ള മാധ്യമങ്ങൾക്ക് വലിയ വെല്ലുവിളി തീർത്തിട്ടുണ്ട് എന്നതാണ്. സാമൂഹമാധ്യമങ്ങളെയാകെ മഹത്വവൽക്കരിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്.
ഒരുപാട് നിഷേധാത്മക ഘടകങ്ങൾ സാമൂഹമാധ്യമങ്ങളുടേതായി നമുക്ക് കാണാൻ കഴിയും. വിദ്വേഷം, വ്യാജവാർത്തകൾ, മുൻവിധികൾ, പക്ഷപാതം, ബോധപൂർവവും അല്ലാത്തതുമായ തെറ്റായ വിവരങ്ങൾ എന്നിങ്ങനെ നിരവധിയായ പ്രശ്‌നങ്ങളുമുണ്ട്. എന്നിരുന്നാലും ബദൽ കാഴ്‌ചപ്പാടുകളുടെയും ബഹുസ്വരതയുടെയും വിമത ശബ്ദത്തിന്റെയും വലിയ സാധ്യതകൾ അവ തുറന്നിടുന്നു. മാധ്യമവിമർശം എന്ന ധർമവും സാമൂഹമാധ്യമങ്ങൾ നിർവഹിക്കുന്നുണ്ട്. സാമൂഹമാധ്യമയിടങ്ങളെ ഉപായപൂർവം തങ്ങൾക്കനുകൂലമാക്കാൻ ബിജെപി പോലുള്ള രാഷ്‌ട്രീയപാർടികൾക്ക് കഴിയുന്നുണ്ട് എന്നത് വളരെ വലിയ പ്രശ്‌നം തന്നെയാണ്. ഒരേസമയം ഒരുലക്ഷം പേർ ഒരു വാർത്ത തന്നെ ട്വീറ്റ് ചെയ്യുന്ന തരത്തിൽ വലിയ സംവിധാനങ്ങൾ അവർക്കുണ്ട്. അത് ശ്രദ്ധാപൂർവം ബോധപൂർവം, ആസൂത്രിതമായി നടത്തുന്നതാണെന്നറിയാത്തവർ നമുക്കിടയിൽ ധാരാളമുണ്ട്. ഇന്ത്യയിൽ, റോയിട്ടർ നടത്തിയ പഠനമനുസരിച്ച് 78 ശതമാനം പേർ വാർത്തക്കായി ആശ്രയിക്കുന്നത് സ്‌മാർട്ട്‌ഫോണുകളെയാണ്. ആഗോളതലത്തിൽ ഇത് 85 ശതമാനം ആണ്. വർത്തമാനപത്രത്തെ ആശ്രയിക്കുന്ന ഞാനടക്കമുള്ളവർ ഒരു ന്യൂനപക്ഷമായി മാറിയിരിക്കുന്നു. സ്‌മാർട്ട്‌ഫോണുകളുപയോഗിക്കുന്ന ‘മില്ലെനിയം’ തലമുറയാണ് ജനസംഖ്യയിൽ ഭൂരിപക്ഷം.
ചുരുക്കത്തിൽ, വീണ്ടെടുപ്പിന്റെതായ വഴി സാമൂഹമാധ്യമങ്ങളിലൂടെയാണ്. സാമൂഹമാധ്യമങ്ങളെ സംബന്ധിച്ച ‘‘നീണ്ട വാൽ’’ (ഹീിഴ മേശഹ) എന്ന സങ്കൽപ്പനത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിന്റെ തല മുതലാളിത്തത്തിന്റെ അഥവാ പുതിയ ഡിജിറ്റൽ മുതലാളിത്തത്തിന്റെ അധീനതയിലാണ് സാമൂഹമാധ്യമങ്ങൾ എന്ന ഇരുണ്ട അനന്തസ്ഥലിയിൽ (ഠലൃൃമ കിരീഴമശമേ) തങ്ങളുടെ ആധിപത്യം സ്ഥാപിച്ചവരാണവർ. മുതലാളിത്തത്തിന്റെ ചരിത്രത്തിൽത്തന്നെ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത ഡിജിറ്റൽ മുതലാളിത്തത്തിന്റെ ലാഭം തന്നെ പല ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ദേശീയ മൊത്തവരുമാനത്തേക്കാൾ എത്രയോ കൂടുതലാണ്. ആപ്പിൾ, ഗൂഗിൾ, ഫേസ്‌ബുക്ക്, ആമസോൺ എന്നിവരാണ് ഈ ലോകത്തെ ഭീമന്മാർ (ഠവല ആശഴ ളീൗൃ). അൽഗോരിതത്തിലൂടെയും നിർമിത ബുദ്ധിയിലൂടെയും അവർ നമ്മെ പിന്തുടരുകയും നമ്മെ സംബന്ധിച്ച സകല വിവരങ്ങളും നമ്മുടെ ഓൺലൈൻ പ്രവൃത്തികളിൽനിന്നും ശേഖരിക്കുകയും അതുപയോഗിച്ച് നമ്മുടെ ഇഷ്‌ടങ്ങളെയും താൽപ്പര്യങ്ങളെയും തങ്ങളുടെ കച്ചവടത്തിനായി മാറ്റിത്തീർക്കുന്നു. സമൂഹമാധ്യമങ്ങളിലെ വിഭാഗീയതക്കും കച്ചവടപരതക്കും കാരണമാകുന്നത് ഇതൊക്കെയാണ്. സമൂഹമാധ്യമങ്ങളുടെ തല എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഭാഗം കച്ചവടത്തിന്റെയും ചൂഷണത്തിന്റെയുമാണ്.
എന്റെ പ്രതീക്ഷ അതിന്റെ നീണ്ട വാലിലാണ്. അവിടെയാണ് ബഹുജനങ്ങളുടെ സ്വരം ഉയരുന്നത്, പ്രതിഷേധങ്ങൾ രേഖപ്പെടുത്തപ്പെടുന്നത്. വിഭിന്ന സ്വരങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുന്നത്. സമൂഹമാധ്യമങ്ങൾക്ക് ഏതാനും വർഷങ്ങളുടെ ചരിത്രമേ അവകാശപ്പെടാനുള്ളൂ. അതിപ്പോഴും ശൈശവാവസ്ഥയിലാണ്. അതിന്റെ വാൽഭാഗം രൂപപ്പെട്ടുവരുന്നതിനെക്കുറിച്ച് എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. അപ്പോൾ പുതിയൊരു മാധ്യമമാതൃക രൂപമെടുക്കും. എന്തായിരിക്കും ആ മാധ്യമമാതൃകയുടെ രൂപം? ഇത് സംബന്ധിച്ചും ഏറ്റവും മനോഹരമായ സങ്കൽപ്പം മുന്നോട്ടുവച്ചത് കാൾമാർക്‌സ് അല്ലാതെ വേറാരുമല്ല. ഇതുപറയുമ്പോൾ ഒരു പൂർവാപരവൈദഗ്ദ്യം തോന്നാം. അതിനുകാരണം സോവിയറ്റ് യൂണിയനിലും മുൻ സോഷ്യലിസ്‌റ്റ് രാജ്യങ്ങളിലും നിലനിന്നിരുന്ന മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച തീർത്തും വ്യത്യസ്‌തമായ സങ്കൽപ്പങ്ങളാണ്. മാധ്യമങ്ങൾ തങ്ങൾക്കിഷ്‌ടമുള്ളത് മാത്രം പ്രസിദ്ധീകരിച്ചാൽ മതി എന്ന കാഴ്‌ചപ്പാട് ഭരണാധികാരികൾക്കുണ്ടായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത അടിച്ചമർത്തൽ തന്നെയായിരുന്നു അത്. എന്നാൽ മാർക്‌സിസത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്, വളച്ചൊടിക്കലാണ്, അത്തരമൊരു കാഴ്‌ചപ്പാട്. വിപ്ലവാനന്തരം ആദ്യഘട്ടത്തിൽ ചില മാധ്യമനിയന്ത്രണങ്ങൾ അനിവാര്യമായിരുന്നു. ആ താൽക്കാലിക സംവിധാനം സ്ഥിരമായി നടപ്പിലാക്കാനാരംഭിച്ചതാണ് തെറ്റ്. ഈ തിരിച്ചറിവിന്റെ പശ്‌ചാത്തലത്തിൽ മാർക്‌സ് എന്ന പത്രപ്രവർത്തകനെ നാം വീണ്ടെടുക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ പത്രപ്രവർത്തകൻ ഗാന്ധിജിയാണെന്ന് ഞാൻ പറഞ്ഞു. മാർക്‌സ് ആണ് ആ......... നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും പ്രമുഖനായ പത്രപ്രവർത്തകൻ. 1852–1862 കാലയളവിലെ മാർക്‌സിനെയാണ് ഞാനുദ്ദേശിക്കുന്നത്. റൈനിഷെ സെയിറ്റാഗിന്റെയും നൊയെ റൈനിഷെ സൈമുംഗിന്റെയും പത്രാധിപർ എന്ന നിലയിൽ പത്രധർമത്തെയും പത്രസ്വാതന്ത്ര്യത്തെയും കുറിച്ച് ധാരാളമായി മാർക്‌സ് എഴുതുകയും സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. അടിമത്തംപോലെ സെൻസർഷിപ്പും നിയമനിർമാണത്തിലൂടെ നിയമപരമാക്കാനാവില്ലെന്ന് മാർക്‌സ് പ്രഖ്യാപിച്ചു. അക്കാലത്ത് അടിമത്തനിയമം നിലവിലുണ്ടായിരുന്നു. സ്വതന്ത്ര മാധ്യമങ്ങളുടെ ആദ്യ സ്വാതന്ത്ര്യം കച്ചവടമാകാതിരിക്കലാണ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റൊരാശയം ഫോക് പ്രസ് (എീസ ുൃലൈ) അഥവാ ജനകീയ മാധ്യമം എന്നതായിരുന്നു. ഈ ആശയങ്ങൾ ലോകത്തെവിടെയും സോഷ്യലിസ്‌റ്റ് – കമ്യൂണിസ്‌റ്റ് സർക്കാരുകൾ പ്രാവർത്തികമാക്കിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ ആശയങ്ങളിലൂടെ മാത്രമേ ജനങ്ങൾക്ക് മാധ്യമങ്ങളെ വീണ്ടെടുക്കാനാവൂ. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാവുകയും ജനങ്ങളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യൂ.
മാധ്യമങ്ങളെ നാം മനസ്സിലാക്കേണ്ടത് നമ്മുടെ ജീവിതത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് ശേഷിയുള്ള ഒന്നായിട്ടാണ്. കഴിഞ്ഞ നൂറ്റാണ്ടുവരെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ഇപ്പോൾ അത് നമ്മുടെ ജീവിതത്തെ സമ്പൂർണമായി ബാധിക്കുന്ന ഒന്നായിരിക്കുന്നു. ഇന്ന് നാം മാധ്യമങ്ങളെപ്പറ്റി സംസാരിക്കുന്നത് പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും ഭാഷയിലാണ്. നാം മാധ്യമപരിസ്ഥിതിയെപ്പറ്റി സംസാരിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾ ശ്വസിക്കുന്നതും ജീവിക്കുന്നതും മാധ്യമങ്ങളെയാണ് / മാധ്യമങ്ങളിലാണ്. മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ തിരക്കുകളേറിയതുകൊണ്ട്, വിവരസാങ്കേതികവിദ്യയുടെ വികാസം നമ്മെ അത്ഭുതപ്പെടുത്തുന്ന വേഗത്തിൽ നടക്കുന്നതുകൊണ്ട് നമുക്ക് സ്വയം വസ്‌തുതകൾ ആരായാനും സത്യം കണ്ടെത്താനുമുള്ള സന്നദ്ധതയും കഴിവുകളും നഷ്ടമായിരിക്കുന്നു. അതിന് മാധ്യമങ്ങളുടെ സഹായം നമുക്ക് അത്യന്താപേക്ഷിതമാണ്.
വസ്‌തുതകൾ ഗ്രഹിക്കാൻ പരസഹായം തേടേണ്ടിവരുന്ന ഈ അവസ്ഥ എ കെ രാമാനുജൻ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ അറിവ് നേടാനുള്ള നാല് വഴികൾ പറയുന്നു. അവ ഇങ്ങനെയാണ്. പ്രത്യക്ഷം– നേരിൽ കാണുന്നത്. അനുമാനം– നാം അനുമാനിച്ചെടുക്കുന്നത്. ആപ്തവാക്യം– ദൃക്‌സാക്ഷിയുടെ അല്ലെങ്കിൽ അറിവുള്ളയാളുടെ സാക്ഷ്യം. ധൃതി– ഓർമ. രാമാനുജൻ പറയുന്നത്, യാഥാർഥ്യം ഗ്രഹിക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നേരിട്ട് യാഥാർഥ്യം ഗ്രഹിക്കാനുള്ള ശേഷി അഥവാ ‘പ്രത്യക്ഷം’ നമുക്ക് നഷ്ടമാകുന്നു എന്നതാണ്. യാഥാർഥ്യത്തിനുപകരം പ്രതിനിധീകൃത യാഥാർഥ്യത്തെ ആശ്രയിക്കുന്ന ഈ അവസ്ഥയെ വിശദമാക്കാൻ രാമാനുജൻ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിലെ ദുഷ്യന്തന്റെ വാക്കുകൾ ഉദ്ധരിക്കുന്നു: ‘‘എന്റെ മുമ്പിലൂടെ പോകുന്ന ആനയെ എനിക്ക് തിരിച്ചറിയാനാകുന്നില്ല. അത് പോയതിനുശേഷം കാൽപ്പാടുകൾ കാണുമ്പോഴാണ് അതൊരാനയാണല്ലേ എന്ന് എനിക്ക് മനസ്സിലാവുന്നത്. യാഥാർഥ്യത്തെ തിരിച്ചറിയാനുള്ള ശേഷിയുടെ നഷ്ടമാണ് ഇന്നും നമ്മുടെ പ്രധാന പ്രശ്‌നം. മുന്നിൽ കാണാവുന്ന യാഥാർഥ്യത്തെ, മാധ്യമങ്ങളിലൂടെ പ്രതിനിധീകരിച്ച് കാണാത്തതിനാൽ മനസ്സിലാക്കാനാവാത്ത അവസ്ഥയിലാണ് നമ്മൾ. യാഥാർഥ്യത്തെ കാണാനുള്ള അവകാശം മാധ്യമങ്ങൾക്ക് അടിയറ വച്ചിരിക്കുകയാണ് നമ്മൾ. ആ അർഥത്തിൽ നാം മാധ്യമങ്ങളുടെ ഇരകൾ തന്നെയാണ്. മാധ്യമങ്ങൾ തന്നെയാണ് അവയുടെ സന്ദേശം എന്ന മാർഷൽ മക്‌ലൂഹന്റെ വിഖ്യാതമായ വാക്യത്തിന് ആധാരം ഈ പ്രവണതകൾ തന്നെയാണ്.
മാധ്യമങ്ങളെയും അവയുടെ ധർമത്തെയും പ്രവർത്തനത്തെയും പറ്റി ധാരാളം ചർച്ചകളും സംവാദങ്ങളും വിമർശനങ്ങളും ഉയർന്നുവരണം. എന്നാൽ അത് മാധ്യമങ്ങളെ നിരാകരിക്കാനോ അവയുടെ പ്രസക്തിയെ കുറച്ചുകാണിക്കാനോ ആവരുതെന്ന് മാത്രം. കാരണം അവ മാത്രമാണ് നമുക്ക് മുന്നിലുള്ള ഏകമാർഗം. മാധ്യമങ്ങൾ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നമാണിന്ന്. എന്നാൽ ആ പ്രശ്‌നം പരിഹരിക്കാനുള്ള ശേഷിയും മാധ്യമങ്ങൾക്കാണുള്ളത്.
നമ്മുടെ ജീവിതത്തിൽ അത്രയും പ്രധാനമായ മാധ്യമങ്ങളെ എങ്ങനെയാണ് അടിയന്തരമായും നിർണായകമായും വീണ്ടെടുക്കാനാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്ന് ഞാൻ കരുതുന്നു. മുരളിമാഷെ അനുസ്‌മരിക്കുന്ന ഈ വേദിയിൽ എന്റെ ചിന്തകൾ നിങ്ങളുമായി പങ്കുവെക്കാനായതിൽ എനിക്ക് സന്തോഷമുണ്ട്.
(നാലാമത് പ്രൊഫ. എം മുരളീധരൻ സ്‌മാരക പ്രഭാഷണം നിർവഹിച്ചുകൊണ്ട് പ്രശസ്‌ത മാധ്യമപ്രവർത്തകൻ ശ്രീ. ശശികുമാർ 2022 ആഗസ്‌ത് ഒന്നിന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ പ്രഭാഷണം)
വിവർത്തനം: ഡോ. പ്രദീപ്‌കുമാർ കെ