എം ടി എഴുതിയ മലയാളത്തിന്റെ ഭാഷാ പ്രതിജ്ഞ
Thursday Dec 26, 2024
എം ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന്റെ സർഗ്ഗഭാവങ്ങൾ അനുഭവിക്കാത്ത വായനക്കാരോ ചലച്ചിത്ര ആസ്വാദകരോ ആരുമുണ്ടാവില്ല. ഒമ്പത് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ജീവിതം തലമുറകളുടെ സൌന്ദര്യ സംവേദനങ്ങളെ തൊട്ടു നനച്ചു നിന്നു. എഴുത്തിലായാലും സിനിമയിലായാലും, ഭാഷാ ശൈലിയുടെ വേറിട്ട ചാരുതയാലായാലും, വിമർശകരെ പോലും അത് ഇഷ്ടത്തോടെ അടുപ്പിച്ച് നിർത്തി.
1933 ജൂലൈ 15 നാണ് എം ടി. ജനിച്ചത്. 1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിൽ മലയാളത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥ അദ്ദേഹത്തിന്റെയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന ഈ കഥയാണ് എം ടി എന്ന ചെറുകഥാകൃത്തിനെ സഹൃദയ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണ് ആദ്യകഥ. തുടർന്ന് 1952-ലാണ് 'മന്ത്രവാദി' പ്രസിദ്ധീകരിക്കുന്നത്. രക്തം പുരണ്ട മണല്‍ത്തരികള്‍(1952) ആണ് ആദ്യ കഥാസമാഹാരം. 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യ നോവല്‍ ഇതിന് തുടർച്ചയായി ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യമായി പുസ്തകരൂപത്തില്‍ അച്ചടിച്ചുവന്ന നോവൽ 'നാലുകെട്ട്' ആണ് (1958). ആദ്യനോവലിന് തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 24-ാം വയസിലാണ് എം ടി നാലുകെട്ട് എഴുതി പൂര്‍ത്തിയാക്കുന്നത്.
1960-കളിലാണ് എം ടി വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ സിനിമാജീവിതമാരംഭിച്ചത്. ശോഭനാപരമേശ്വരന്‍ നായര്‍ നിര്‍മിച്ച 'മുറപ്പെണ്ണ്'(1965) എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് രംഗപ്രവേശം. എംടിയുടെ 'സ്നേഹത്തിന്റെ മുഖങ്ങള്‍' എന്ന ചെറുകഥ സിനിമയാക്കണമെന്ന പരമേശ്വരന്‍ നായരുടെ ആവശ്യത്തെ തുടര്‍ന്നാണ് എം ടി ആദ്യത്തെ തിരക്കഥയെഴുതുന്നത്. എ വിന്‍സന്റാണ് ചിത്രം സംവിധാനം നിർവ്വഹിച്ചത്.
എം ടി എഴുതി സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' ദേശീയപുരസ്‌കാരവും സുവര്‍ണമുദ്രയും നേടിയിട്ട് ഈ വർഷം അമ്പതാണ്ട് പൂര്‍ത്തിയായി. ഈ ജൂലായ് മാസത്തിലാണ് 91-ാം ജന്‍മദിനം കൊച്ചിയിൽ കൊണ്ടാടിയത്. ആഘോഷം പതിവില്ല. പക്ഷെ ആ ദിവസത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. തന്റെ ഒൻപത് കഥകളുടെ സമാഹാരമായി പുറത്തിറങ്ങിയ സിനിമ "മനോരഥങ്ങൾ" സീരീസിന്റെ ട്രെയിലർ പുറത്തിറക്കൽ ചടങ്ങായിരുന്നു അന്ന്.
1963- ലാണ് തന്റെ സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി സിനിമാ ലോകത്തേക്ക് വരുന്നത് .എ വിന്‍സെന്റ്, പി. ഭാസ്‌കരന്‍, കെ എസ്. സേതുമാധവന്‍, പി എന്‍. മേനോന്‍, എന്‍ എന്‍. പിഷാരടി എന്നിങ്ങനെ തുടങ്ങി ഐ വി. ശശി, ഹരിഹരന്‍, ഭരതന്‍ എന്നിവരിലൂടെ പ്രതാപ് പോത്തന്‍, ഹരികുമാര്‍, വേണു, കണ്ണന്‍ തുടങ്ങി തലമുറകളെ തൊട്ടു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമാ യാത്ര. അവസാനമായി സംവിധാനം ചെയ്ത ചിത്രം- ഒരു ചെറുപുഞ്ചിരി- 2000-ലാണ് പുറത്തിറങ്ങിയത്.
എം.ടി.യുടെ കഥാലോകവും സിനിമാ ജീവിതവും മലയാളി മധ്യവര്‍ഗത്തിന്റെ ആന്തരിക ചരിത്രത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം കുടുംബവും തറവാടും സമൂഹവും മാത്രമല്ല പുരാണങ്ങളും ഇതിഹാസ സന്ദർഭങ്ങളും നാടോടി ചരിതങ്ങളും വരെ എംടിയുടെ സർഗ്ഗഭാവന മലയാളത്തോട് ഇണക്കി. നാടകത്തിലും പാട്ടെഴുത്തിലും സാഹിത്യ വിചാരത്തിലും തന്റേതായ ഇടങ്ങൾ അടയാളപ്പെടുത്തി.
കേരളപ്പിറവിക്കും അതിനൊപ്പം ജനാധിപത്യ കേരളത്തിൽ വളർന്നു വന്ന സങ്കീര്‍ണതകള്‍ക്കും ചേർന്ന് വളർന്ന് വികസിച്ചതാണ് എം ടിയുടെ എഴുത്തിന്റെ ലോകം. അവിടെ അദ്ദേഹത്തിന്റെ പ്രതിഭ തലമുറകളെ നേർക്ക് നേർ തൊട്ടു മുന്നേറി. മധ്യവർഗ്ഗത്തിന്റെ അടരുകളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചപ്പോൾ അത് മാനവികതയുടെ ഉറച്ച മണ്ണിൽ നിന്നാണ് വെള്ളവും വളവും സ്വീകരിച്ചത്.
തൊട്ടുമുന്‍പുള്ളവര്‍ വയറിനെ കുറിച്ച് എഴുതിയപ്പോള്‍ ഞങ്ങള്‍ ഹൃദയത്തെക്കുറിച്ച് എഴുതുന്നു എന്നാണ് എം ടി തന്റെ എഴുത്തിനെ വിശദീകരിച്ചത്. എം ടി എഴുതി തുടങ്ങുമ്പോൾ മലയാള ഗദ്യസാഹിത്യം രണ്ട് ചരിത്ര ഘട്ടങ്ങൾ പിന്നിട്ട് ആധുനികതയിലേക്ക് പ്രവേശിക്കയായിരുന്നു. ഈ ധാരകളെ സ്വാംശീകരിച്ചതിനൊപ്പം സമാന്തരമായി മുന്നേറിയ ആധുനികാനന്തര സംവേദനങ്ങളെയും അദ്ദേഹം വിളിക്കിച്ചേർത്തു. ഓരോ കാലഘട്ടത്തിന്റെയും ഭാവുകത്വ പരിണാമങ്ങളെ നിരീക്ഷിച്ചും അടുത്തറിഞ്ഞും സ്വയം പുതുക്കി.
തന്റെ തന്നെ എഴുത്തിനെ എംടി നിശിതമായ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ചിലതിനെ കയ്യൊഴിയുക പോലും ചെയ്തു. അദ്ദേഹം പറുന്നു- "അന്‍പതിലേറെ ചിത്രങ്ങള്‍ക്കുവേണ്ടി എഴുതി. പലപ്പോഴും പല വിട്ടുവീഴ്ചകള്‍ക്കും സമരസപ്പെടേണ്ടിവന്നു, എഴുതിയവയില്‍ എട്ടുപത്തെണ്ണമെങ്കിലും ഒരിക്കലും എഴുതരുതായിരുന്നു എന്ന് തോന്നിച്ചിട്ടുള്ളവയായി. എഴുതിവരുമ്പോഴേ കൈവിട്ടുപോയതറിയുന്നു, എഴുതിത്തീര്‍ത്ത് അതിന്റെ വിധിക്ക് വിട്ടുകൊടുത്തേ വഴിയുള്ളൂ. വിധിയെന്താകുമെന്ന് നമുക്കറിയാം. സാഹചര്യങ്ങള്‍, സമ്മര്‍ദങ്ങള്‍, ന്യായങ്ങള്‍ പലതും പറയാം, എഴുതരുതായിരുന്നു എന്നതുമാത്രമാണ് ശരി."
തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കായി 2018 ൽ എം ടി എഴുതി നല്‍കിയ പ്രതിജ്ഞ അദ്ദേഹത്തിന്റെ എഴുത്തിനെയും സമീപനത്തെയും കുറിക്കുന്നതായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അത് പിന്നീട് മലയാളത്തിന്റെ ഭാഷാ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെട്ടു.
എം ടി വിദ്യാർഥികൾക്കായി എഴുതി നൽകിയ ഭാഷാ പ്രതിജ്ഞ
മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാന്‍ തന്നെയാണ്.