മഞ്ഞുപോലെ... എൻ പി ഹാഫിസ് മുഹമ്മദ് എഴുതുന്നു
Thursday Dec 26, 2024
1950കളുടെ രണ്ടാംപകുതി. പാലക്കാട്ട് പാരലൽ കോളേജിൽ പഠിപ്പിക്കുകയായിരുന്ന കൂടല്ലൂരുകാരനായ ഒരു ചെറുപ്പക്കാരൻ തൊഴിലന്വേഷിച്ച് കോഴിക്കോട്ടെത്തി. സാഹിത്യത്തിലും ഭാഷയിലും തൽപ്പരനായിരുന്നു അയാൾ. പ്രായംകൊണ്ട് വലിയ വ്യത്യാസമില്ലാത്ത ഒരു കോഴിക്കോട്ടുകാരനെ അയാൾ പരിചയപ്പെട്ടു. രണ്ടാമന്റെ ബാപ്പ സ്വാതന്ത്ര്യസമരമുന്നേറ്റത്തിൽ പടയാളി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ആശയങ്ങൾ സ്വാധീനിച്ച വ്യക്തി. പ്രീയൂണിവേഴ്‌സിറ്റി കഴിഞ്ഞ് ഗുമസ്‌തനായി ജോലി ചെയ്യുന്നയാൾ. അയാൾക്കും സാഹിത്യവും എഴുത്തും പ്രിയപ്പെട്ടതായിരുന്നു.
അവരിൽ കൂടല്ലൂരുകാരൻ എം ടി വാസുദേവൻനായർ, കോഴിക്കോട്ടുകാരൻ എൻ പി മുഹമ്മദ്. അവരുടെ സൗഹൃദത്തിന് പണിത പാലം വായനയായിരുന്നു. ലോകസാഹിത്യത്തിലെ പ്രതിഭകളെക്കുറിച്ച് അവർക്കറിയാമായിരുന്നു. അവരുടെ രചനകൾ പലതും അവർ വായിച്ചിരുന്നു (അക്കാലത്ത് അവ കിട്ടാൻ പ്രയാസം). തുച്ഛമായ വരുമാനത്തിൽനിന്ന് നല്ലൊരു വിഹിതം പുസ്‌തകങ്ങൾ വാങ്ങാൻ ചെലവഴിച്ചു. രണ്ടുപുസ്‌തകം ഒന്നിച്ചുകിട്ടിയാൽ അവർക്കിടയിൽ തർക്കമില്ല. രണ്ടുപേരും ഓരോന്ന് കൊണ്ടുപോയി വായിക്കും. പിന്നെ കൈമാറും. രണ്ടും വായിച്ചുകഴിഞ്ഞാൽ പിന്നെ ചർച്ചയാണ്. അങ്ങനെ ഹെമിങ്‌വേയും ഫോക്‌നറും ദസ്‌തയേവ്‌സ്‌കിയും അവരുടെ പ്രിയപ്പെട്ട എഴുത്തുകാരായി.
സായാഹ്നചർച്ചകൾ
എം ടിക്ക് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സഹപത്രാധിപരായി ജോലികിട്ടി. എൻ പിക്ക് ഒരു സഹകരണ സംഘത്തിലായിരുന്നു ജോലി. ഇരുവരും വൈകുന്നേരമാകാൻ കാത്തിരിക്കും. മാനാഞ്ചിറ മൈതാനത്ത് കുത്തിയിരുന്ന്, വായിച്ച പുസ്‌തകത്തെക്കുറിച്ചും എഴുതാൻ പോകുന്ന കഥകളെക്കുറിച്ചും പറയും. പലപ്പോഴും കൂടെ എഴുത്തുകാരായ പട്ടത്തുവിള കരുണാകരനോ തിക്കോടിയനോ ചിത്രകാരൻ എം വി ദേവനോ ഉണ്ടാകും. രാത്രി വൈകുവോളം തർക്കിച്ചും സംവദിച്ചും അവരിരുന്നു.അവർ പുതിയ എഴുത്തുകാരെ കണ്ടെത്തുകയായിരുന്നു. എം ടി അമേരിക്കൻയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പറഞ്ഞു: ‘‘എൻ പീ, ഇതൊരു ലാറ്റിനമേരിക്കൻ എഴുത്തുകാരന്റെ പുസ്‌തകമാണ്. ‘വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്’. എഴുത്തുകാരൻ മാർക്വേസ്. വലിയ കേമനാണെന്നാണ് പറയുന്നത്’’. 1960കളിൽ അവർ മാർക്വേസിനെയും സാമുവൽ ആഗ്നോണിനെയും (ഉക്രെയ്‌നിൽ ജനിച്ച ഇസ്രയേലി സാഹിത്യകാരൻ, നൊബേൽ പുരസ്‌കാരജേതാവ്) വായിച്ചിരുന്നു. എൻ പിയാണ് ആരിയൽ മാസികയിൽ വന്ന ആഗ്നോണിന്റെ കഥ എം ടിക്ക് നൽകിയത്.
കച്ചവടം വേണ്ട, എഴുത്ത് മതി
അറബിപ്പൊന്ന് ഒന്നിച്ച് എഴുതിയില്ലായിരുന്നങ്കിലും എം ടിയും എൻ പിയും സൗഹൃദത്തിന്റെ പൂമരം പടർത്തുമായിരുന്നു. എം ടി അടുപ്പമുള്ളവരോടുമാത്രമേ ഹൃദയം തുറക്കുമായിരുന്നുള്ളൂ. എൻ പിക്ക് പലമേഖലകളിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എൻ പി ആരോടും തർക്കിക്കും. എം ടി കഴിയാവുന്നത്ര മൗനിയായിരിക്കും. അറബിപ്പൊന്നിനുശേഷം മറ്റൊരു ഗ്രന്ഥത്തിൽ അവർ ഒന്നിച്ചിട്ടുണ്ട്. ‘ജീവിതമാകുന്ന ഗ്രന്ഥത്തിൽ എഴുതിയത്’ എന്ന വിവർത്തനഗ്രന്ഥത്തിൽ. അത് നേരത്തേ നിശ്ചയിച്ചെഴുതിയ ഗ്രന്ഥമല്ല. 1980കളിൽ എം ടിയും എൻ പിയും ചങ്ങാതിമാരായ സുകുമാർ അഴീക്കോട്, പുനത്തിൽ കുഞ്ഞബ്ദുള്ള, ഡോ. എം എം ബഷീർ, ഇ വി അബ്ദു എന്നിവരോടൊപ്പം ഒരു പുസ്‌തകപ്രസാധനാലയം തുടങ്ങി. ക്ലാസിക് ബുക് ട്രസ്‌റ്റ്. ആദ്യ കൃതി ബഷീറിന്റെ ‘അനുരാഗത്തിന്റെ ദിനങ്ങൾ’. അടുത്തത് അഴീക്കോടിന്റെ ‘തത്ത്വമസി’. പിന്നെയും ചില ഗ്രന്ഥങ്ങൾ വന്നു. അതിനിടയിലാണ് ‘ജീവിതമാകുന്ന ഗ്രന്ഥത്തിൽ എഴുതിയത്’ പുസ്‌തകമാകുന്നത്.
രചനകൾ ആദ്യവായനയ്‌ക്ക്
ജോലിത്തിരക്കിനിടയിൽ കാണുന്നത് ചുരുങ്ങിയപ്പോഴും സ്വന്തം രചനകളുടെ ആദ്യവായനക്കാർ എം ടിക്ക് എൻ പിയും എൻ പിക്ക് എം ടിയുമായിരുന്നു. എൻ പി ദൈവത്തിന്റെ കണ്ണ് എഴുതിയതുതന്നെ എം ടി നിർബന്ധിച്ചതുകൊണ്ടാണ്. ഓരോ അധ്യായവും എം ടി വായിച്ചതിനുശേഷമാണ് അച്ചടിമഷി പുരണ്ടത്. എൻ പി പ്രസിദ്ധീകരണാലയത്തിന് കൈമാറാതെ കാത്തുവച്ച നോവൽ "മുഹമ്മദ് അബ്‌ദുറഹിമാൻ' എൻ പിയുടെ മരണാനന്തരം എം ടിയുടെ വായന കഴിഞ്ഞാണ് പ്രസാധകർക്ക് കൈമാറിയത്. ചരിത്രപുരുഷന്റെ അവസാനത്തെ 77 ദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള നോവൽ കണ്ടെത്താൻ സഹായിച്ചതും എം ടിയായിരുന്നു.
(എൻ പി മുഹമ്മദിന്റെ മകനാണ് ലേഖകൻ)