ഒന്നിച്ചുരുക്കിയ പൊന്ന്‌

Thursday Dec 26, 2024

അമ്പതുകളുടെ മധ്യത്തിൽ കോഴിക്കോട്‌ നഗരം അറേബ്യൻ നാടുകളിൽനിന്ന്‌ എത്തുന്ന പൊന്നിന്റെ കച്ചവടംകൊണ്ട്‌ കുപ്രസിദ്ധി നേടിയിരുന്നു. വൈകുന്നേരത്തെ ഒത്തുചേരലുകളിൽ എൻ പി പൊന്നിൻകഥകൾ പങ്കുവയ്‌ക്കും. കോഴിക്കോട്ടെ കച്ചവടക്കാരായ കോയമാരെ എൻ പിക്ക്‌ അടുത്തറിയാമായിരുന്നു. അവരിൽനിന്ന്‌ കിട്ടുന്ന വാർത്തകൾ എൻ പി കൂട്ടുകാരെ അറിയിച്ചു. ഒരാൾ ഒരുരാത്രികൊണ്ട്‌ ധനികനായ കഥ. അറബിപ്പൊന്ന്‌ കച്ചവടത്തിൽ ചതിക്കപ്പെട്ട്‌ ഒരാൾ ഭ്രാന്തനായ കഥ. കസ്‌റ്റംസ്‌ പിടിച്ച സ്വർണബെൽറ്റിന്റെ വാർത്ത. അവരുടെ വൈകുന്നേരങ്ങൾക്ക്‌ ചൂടുപിടിച്ച കാലം.

ഗോൾഡ്‌ സ്‌മഗ്ലിങ്ങിനെക്കുറിച്ച്‌ ഒരു നോവലെഴുതാൻ പറ്റുമെന്ന്‌ എൻ പിയാണ്‌ പറഞ്ഞത്‌.  ‘എൻ പി എഴുത്‌’ എന്നായി എം ടി. ‘വാസു എഴുത്‌’ എന്ന്‌ എൻ പിയും. പൊന്നെഴുത്തിന്റെ സാധ്യതകളെക്കുറിച്ച്‌ രണ്ടുപേരും ആശയങ്ങൾ പങ്കുവച്ചു. എം ടി അറബിപ്പൊന്നിനെഴുതിയ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌: ‘രണ്ടുപേർക്കുംകൂടി എഴുതിയാലോ? ആരാണ്‌ ഈ ആശയം അവതരിപ്പിച്ചത്‌ എന്ന്‌ ഓർമയില്ല, എൻ പിയോ ഞാനോ?’ രണ്ടാൾക്കുംകൂടി എഴുതാൻ പറ്റുമോ? പറ്റും.

1958ൽ അങ്ങനെ ഇരുവരും അറബിപ്പൊന്ന് എഴുതാൻ തീരുമാനിച്ചു. ഒരു ക്രൈം നോവലായിരുന്നു തുടക്കത്തിൽ മോഹം. ലോകത്തെ അറിയിച്ച് ചെയ്യുന്ന ഒരു കച്ചവടമല്ല പൊന്നുകച്ചവടം. പരമരഹസ്യമായി നടത്തുന്ന വ്യാപാരമാണത്. ആർക്കും ആരെയും വിശ്വാസമില്ല. എം ടിയും എൻ പിയും ആ രഹസ്യകഥകൾ തേടി പലരുമായും ഇന്റർവ്യൂ നടത്തി. കുറിപ്പുകൾ എടുത്ത നോട്ട്ബുക്കുകളുടെ എണ്ണം കൂടി. നേടിയ വിവരങ്ങളിൽനിന്ന് ഒരു തീം ഉണ്ടാക്കി. അതിനിടയിൽ അറബിപ്പൊന്നിന്റെ കച്ചവടം നടത്തി പിൻവാങ്ങിയ ഒരു ചെറുപ്പക്കാരനെ കണ്ടു. അയാൾ നൽകിയ വിവരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. അവയിൽനിന്ന് പ്രധാന കഥാപാത്രത്തിന് രൂപംകൊടുത്തു. സിനോപ്‌സിസ് രണ്ടാളുംകൂടി ഉണ്ടാക്കി. ഭാഗങ്ങൾ വേർതിരിച്ചു. സ്വീക്വൻസ് പോലും തീരുമാനിച്ചു. എല്ലാം വ്യക്തമായി കഥ രണ്ടുപേർക്കും ഒരുപോലെ മനസ്സിൽ കാണാമെന്നായി. ഏതു ഭാഗവും വേണമെങ്കിൽ രണ്ടുപേർക്കും എഴുതാമെന്ന് മനസ്സിലാക്കി.

1958 നവംബറിലാണ് എഴുത്ത്‌ തുടങ്ങിയത്. മന്ദഗതിയിലായിരുന്നു ആദ്യം. അമ്പതോളം പേജുകളാണ് എഴുതാൻ കഴിഞ്ഞത്. കോഴിക്കോട്ടുനിന്ന് മാറി എവിടെയെങ്കിലും പോയി ഒന്നിച്ചെഴുതിയാലെന്തെന്ന ചിന്തയായി. എം വി ദേവനാണ് അത്‌ അഭിപ്രായപ്പെട്ടത്. ദേവൻതന്നെ ഇടവും കണ്ടെത്തി. ദേവന്റെ കൂടെ ചിത്രകല പഠിക്കാൻ മദിരാശി സ്കൂൾ ഓഫ് ആർട്സിൽ ഉണ്ടായിരുന്ന തൃക്കിടീരി ടി എം വാസുദേവൻ നമ്പൂതിരിയുടെ മനയോടുചേർന്ന് കളപ്പുരയിൽ താമസിക്കാമെന്ന് കണ്ടു. മേലാറ്റൂരിനടുത്തുള്ള കരുവാരക്കുണ്ടിലെ മനയിലേക്ക് 1959 ജനുവരി രണ്ടിന് നോവലെഴുതാൻ പുറപ്പെട്ടു. സഹൃദയനും ചങ്ങാതിയുമായിരുന്ന ചെറുവണ്ണൂർ അബ്ദുറഹിമാന്റെ കാറിലായിരുന്നു യാത്ര. എം വി ദേവനും കൂടെയുണ്ടായിരുന്നു. സ്രാങ്കിന്റെ കുത്തേറ്റ് കോഴിക്കോട് കോർട്ട് റോഡിലെ വീറ്റ് ഹൗസിൽവച്ച് മരിച്ച, പിന്നീട് എം ടിയുടെ കഥാപാത്രമായി മാറിയ അബ്ദുറഹിമാനും ദേവനും അന്നുതന്നെ മടങ്ങി.  ആദ്യദിവസം എം ടിക്ക് ഒന്നുമെഴുതാൻ കഴിഞ്ഞില്ല. കരുവാരക്കുണ്ടിലെ ഏകാന്തതയും തണുപ്പും മഞ്ഞും കനിഞ്ഞില്ല. രണ്ടാംനാൾ എഴുതിത്തുടങ്ങി. പിന്നെ എഴുത്തോട് എഴുത്ത്. അന്നുവരെ അങ്ങനെയൊരു എഴുത്ത് അവർ നടത്തിയിട്ടില്ല. പകലും ഏറെക്കുറെ രാവും എഴുത്ത്. ഓരോരുത്തർക്കും നിശ്ചയിച്ച ഭാഗങ്ങൾ, അധ്യായങ്ങൾ എഴുതി. പത്താംനാൾ അവസാന അധ്യായവും എഴുതി.

ഒരുമാസം എഴുതാനുള്ള മനസ്സോടെ വന്നവർ പതിനൊന്നര ദിവസത്തോടെതന്നെ മടങ്ങി. കൈയിൽ അറബിപ്പൊന്നിന്റെ ആദ്യ കൈയെഴുത്തുപ്രതി. അവർ തൃശൂർ കറന്റ്‌ ബുക്‌സുമായി കരാർപത്രത്തിൽ ഒപ്പിട്ടു. ഒരു കൊല്ലക്കാലം തിരുത്തലും മാറ്റിയെഴുത്തുമായിരുന്നു. 1960ൽ അറബിപ്പൊന്നിന്റെ കൈയെഴുത്തുപ്രതി ഏൽപ്പിച്ചു. രണ്ടുപേർ കൂട്ടുചേർന്നെഴുതുന്ന നോവൽ വായനക്കാർക്കോ പ്രസാധകർക്കോ പരിചയമില്ലാത്ത കാര്യം. ആ വർഷംതന്നെ അറബിപ്പൊന്ന്‌ പ്രസിദ്ധീകരിച്ചു. പ്രകാശനം അറിയിച്ചുള്ള പോസ്‌റ്ററുകൾ രാത്രി മിഠായിത്തെരുവിലും പരിസരത്തും ചുവരിൽ പശ തേച്ച്‌ ഒട്ടിച്ചത്‌ ഗ്രന്ഥകർത്താക്കൾതന്നെ. പ്രകാശനദിവസം അഞ്ഞൂറോളം കോപ്പികളുടെ വിൽപ്പന. അന്നതൊരു റെക്കോഡായിരുന്നു. ഇപ്പോൾ പുതിയ തലമുറയും അറബിപ്പൊന്ന്‌ വായിക്കുന്നു.