പുസ്‌തകങ്ങൾ സമ്മാനം 
തരുന്ന അച്ഛൻ

Thursday Dec 26, 2024
അശ്വതി വി നായർ

ഇങ്ങനെയൊരു അച്ഛന്റെ മകളാകാൻ സാധിച്ചതാണ്‌ ജീവിതാനുഗ്രഹം. ഏറ്റവും അനുഗൃഹീതയായ മകൾ എന്നുപറയാൻ എനിക്ക്‌ അഭിമാനമുണ്ട്‌. പ്രശസ്‌തനായ എഴുത്തുകാരനായിരിക്കുമ്പോഴും എന്റെ പ്രിയപ്പെട്ട അച്ഛനാകാൻ എം ടി എന്നും ഉണ്ടായിട്ടുണ്ട്‌. മൗനം അച്ഛന്റെ നിതാന്തസഹചാരിയാണ്‌. കുട്ടിയായിരിക്കവെ ഇതെന്താ വീടിങ്ങനെ എന്ന്‌ തോന്നിയിട്ടുണ്ട്‌. കൂട്ടുകാരുടെ വീട്ടിലൊക്കെ പോയാൽ അച്ഛനമ്മമാരൊക്കെ തുറന്ന്‌ സ്വാതന്ത്ര്യത്തോടെ ഇടപെടുന്നത്‌ കാണാം. ഇവിടെ അച്ഛന്‌ എന്നും വായന. വർത്തമാനം കുറവ്‌. പക്ഷേ, ക്രമേണ അതെനിക്ക്‌ തിരിച്ചറിയാനായി. ഒരാളുടെ സ്വഭാവം, പ്രകൃതം... അതങ്ങനെ മാറ്റാനാകില്ലല്ലോ. അതിനാൽ മൗനം എന്നെ ബാധിച്ചിട്ടില്ല. കോളേജിൽ എത്തിയപ്പോൾ അച്ഛനും ഞാനുമായി നല്ല കൂട്ടായി. പല വിഷയങ്ങൾ സംസാരിക്കും. ഷേക്‌സ്‌പിയർ കൃതികളെക്കുറിച്ചൊക്കെ അച്ഛനിങ്ങനെ പറയും.

അച്ഛൻ നല്ല ഫോട്ടോഗ്രാഫർകൂടിയാണ്‌. നാട്ടിലും വിദേശത്തും എവിടെ പോയാലും ധാരാളം പുസ്‌തകങ്ങൾ എനിക്ക്‌ കൊണ്ടുതരും. റഷ്യൻ നാടോടിക്കഥകളും ഗ്രീക്ക്‌ ഇതിഹാസങ്ങളും "ദ ബ്രിഡ്‌ജസ്‌ ഓഫ്‌ മാഡിസൺ കൗണ്ടി' അങ്ങനെ ഒരുപാട്‌ പുസ്‌തകങ്ങൾ. ഏത്‌ വായിക്കണം, എന്ത്‌ വായിക്കണം എന്നൊന്നും നിർദേശിക്കാറില്ല. അച്ഛൻ വലിയ എഴുത്തുകാരനാണ്‌, കലാകാരനാണ്‌ എന്നതൊക്കെ തിരിച്ചറിയുന്നത്‌ കോളേജ്‌ കാലത്തൊക്കെയാകും. സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ രചനകൾ പഠിക്കാനുണ്ടായിരുന്നു. നിന്റെ ഓർമയ്‌ക്ക്‌, കാഥികന്റെ പണിപ്പുര എന്നിവ. അച്ഛൻ എഴുത്തുകാരനെന്ന നിലയിൽ, എനിക്ക്‌ ക്ലാസിലും പുറത്തും പരിഗണന കിട്ടി.

നാലുകെട്ടാണ്‌ ആദ്യം വായിച്ചത്‌. ‘മഞ്ഞ്‌’ പലരെയുംപോലെ എന്നെയും വല്ലാതെ ആകർഷിച്ച നോവലാണ്‌. മഞ്ഞ്‌ സിനിമയാക്കുമ്പോൾ നൈനിറ്റാളിൽ പോയി. മനസ്സിനെ എവിടെയൊക്കെയോ തൊടുന്നുണ്ട്‌ അത്‌. ‘രണ്ടാമൂഴം’ ബിരുദകാലത്താണ്‌ വായിച്ചത്‌. തിരക്കഥയാക്കിയപ്പോൾ വീണ്ടും വായിച്ചു. ഇഷ്ടരചനകളെന്ന്‌ ഏതെങ്കിലും കൃതിയെപ്പറ്റി പറയാനാകില്ലെങ്കിലും മഞ്ഞും രണ്ടാമൂഴവും പകർന്ന അനുഭൂതി അത്‌ വേറെതന്നെയാണ്‌. സിനിമയിൽ ‘നിർമാല്യ’മാണ്‌ എനിക്കും പ്രിയങ്കരം. ‘താഴ്‌വാരം’ പലതലത്തിൽ ഇഷ്‌ടമാണ്‌.തൊണ്ണൂറാം പിറന്നാളാഘോഷത്തിൽ അച്ഛന്റെ സിനിമകളിലെ വൈശാലിയും നഖക്ഷതങ്ങളും അടക്കമുള്ളവ ചേർത്ത്‌ ഞാൻ നൃത്തം അവതരിപ്പിച്ചു. ഗാന്ധാരിവിലാപവും. തിരൂർ തുഞ്ചൻപറമ്പിൽ അവതരിപ്പിച്ച ആ നൃത്താവിഷ്‌കാരം അച്ഛൻ മുഴുവനിരുന്ന്‌ കണ്ടു. ഏറെ വൈകാരികമായി, അതിലേറെ അർപ്പിതമായി ഞാൻ അവതരിപ്പിച്ചതാണ്‌ അത്‌. ശരിക്കും അച്ഛന്‌ സമർപ്പിച്ച നൃത്താവിഷ്‌കാരം. അച്ഛൻ എഴുതിയ കഥ സംവിധാനം ചെയ്യാനും എനിക്ക്‌ ഭാഗ്യം സിദ്ധിച്ചു (ഒമ്പത്‌ ചെറുസിനിമകൾ അടങ്ങിയ ‘മനോരഥങ്ങളി’ൽ ഉൾപ്പെട്ട ‘വിൽപ്പന’). അതിലൂടെ സംവിധായികയുമായി. അങ്ങനെ ചെറിയ ജീവിതത്തിൽ എനിക്ക്‌ ലഭിച്ച വലിയ ജീവിതാനുഗ്രഹമാണ്‌ എം ടി എന്ന അച്ഛൻ.