കർമകാണ്ഡം

Thursday Dec 26, 2024

1993 ജനുവരി പതിനെട്ടിനായിരുന്നു തുഞ്ചൻപറമ്പിലേക്ക് എം ടിയുടെ ചരിത്രപ്രധാന സന്ദർശനം. അതിന്റെ ചെയർമാനായപ്പോൾ ഒരുപാടുകാര്യം മുന്നിൽ തെളിഞ്ഞു. ഭാഷാപിതാവിനെപ്രതി ജനങ്ങളിലുള്ള തീവ്രവികാരം. സ്മാരകത്തിന്റെ പുരോഗതിക്കായി ഒഴുകിയെത്താൻ നിറഞ്ഞുതുളുമ്പുന്ന മലയാളി മനസ്സിന്റെ ഔദാര്യം. സാരഥ്യമേറ്റെടുത്തതും ഭാഷാസ്നേഹികളുടെ പ്രതീക്ഷ സാക്ഷാൽക്കരിക്കാനുള്ള നടപടി തുടങ്ങി. കെട്ടിടം പുതുക്കിപ്പണിയാനും ഗ്രന്ഥശാലയും അതിഥിമന്ദിരവും നിർമിക്കാനും ആരംഭിച്ചതോടെ സർക്കാരിനെപ്പോലും ഞെട്ടിക്കുംവിധം പണം പ്രവഹിച്ചു. തുഞ്ചൻ ഉത്സവം കാലികപ്രസക്തിയുള്ള സെമിനാറുകളോടെയും കാവ്യോത്സവത്തോടെയും നിലവാരമുള്ള കലാപരിപാടികളോടെയുമായി. ഉന്നത എഴുത്തുകാരെയും കലാകാരരെയും പങ്കെടുപ്പിച്ചു.

ആളുകളെ മനസ്സിലാക്കാനും സമൂഹസ്പന്ദനം തിരിച്ചറിയാനുമുള്ള കഴിവ്, തനിക്കുവേണ്ട ആളുകളെയും ആശയങ്ങളെയും കൃത്യമായി തെരഞ്ഞെടുക്കാൻ എം ടിയെ പ്രാപ്തനാക്കി. കോലാഹലമില്ലാത്ത നേതൃഗുണവും ഭരണപാടവവുമാണ് വിജയത്തിലെത്തിച്ചത്. ഒന്നും ആവശ്യപ്പെടാതെയും ആവർത്തിക്കാതെയും ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന, മാനേജ്മെന്റ് പണ്ഡിറ്റുകൾക്ക് പിടികിട്ടാത്ത മാസ്മരികത. സർക്കാർക്കാര്യമായി കാണാതെ, വീട്ടിലെ കാര്യംപോലെയാണ് പ്രവർത്തിക്കേണ്ടതെന്ന് എം ടി സൂചിപ്പിച്ചതേയുള്ളൂ, ട്രസ്റ്റ്‌ അംഗങ്ങൾ ജനറൽബോഡിക്കുള്ള ബത്ത വേണ്ടെന്നുവച്ചു.

ഒഎൻവി കുറുപ്പ്‌, സുഗതകുമാരി, വിഷ്‌ണുനാരായണൻ നമ്പൂതിരി തുടങ്ങിയവർക്കൊപ്പം 1992ൽ അമേരിക്കയിൽ പോയ എംടി മടക്കയാത്രയിൽ ലണ്ടനിലിറങ്ങിയിരുന്നു. മുൻ ചീഫ്‌ സെക്രട്ടറികൂടിയായ എഴുത്തുകാരൻ കെ ജയകുമാറിന്റെ അഭ്യർഥനയനുസരിച്ചായിരുന്നു അത്‌. ആ സന്ദർശനത്തിൽ ഷേക്‌സ്‌പിയറുടെ സ്‌മാരകം കണ്ടപ്പോൾ എംടിക്കുണ്ടായ ചിന്തയിലാണ്‌ ഇന്നത്തെ തുഞ്ചൻ ട്രസ്‌റ്റിന്റെ ബീജമെന്ന്‌ ജയകുമാർ ഓർമക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്‌. ‘ഷേക്‌സ്‌പിയർക്ക്‌ ഈ രാജ്യം കൊടുക്കുന്ന ആദരം കണ്ടില്ലേ, നമ്മുടെ ഭാഷാപിതാവിനുവേണ്ടി നമ്മൾ എന്തുചെയ്യുന്നു?’ എന്നായിരുന്നു എം ടിയുടെ ചോദ്യം.

തുഞ്ചൻപറമ്പിൽ കുട്ടികൾക്കുവേണ്ടി ലൈബ്രറി ആരംഭിച്ചത്‌ എം ടിയാണ്‌. മാത്രമല്ല, തുടക്കത്തിൽ അവിടേക്കാവശ്യമായ പുസ്‌തകങ്ങൾക്ക്‌ പണം മുടക്കിയതും എം ടിയാണ്‌. എം ടി നേരിട്ട്‌ പോയാണ്‌ പുസ്‌തകങ്ങൾ വാങ്ങിയത്‌. മലയാളവും ഇംഗ്ലീഷുമടക്കം ആവശ്യമായ പുസ്‌തകങ്ങളുടെ പട്ടിക എഴുതിയിടാൻ കുട്ടികളോടും പറഞ്ഞു. പട്ടിക കണ്ടപ്പോൾ കുട്ടികൾ പുതിയ പുസ്‌തകങ്ങൾ വായിക്കുന്നുണ്ട്‌ എന്നറിഞ്ഞ്‌ എം ടിക്ക്‌ വളരെ സന്തോഷമായി.