ഒരു മുറിക്കണ്ണാടിയിൽ ഒന്നു നോക്കി

Thursday Dec 26, 2024
എൻ എസ് സജിത്ത്‌

കഥയും നോവലും തിരക്കഥയും എഴുതുന്ന എം ടി. സിനിമ സംവിധാനം ചെയ്യുന്ന എം ടി. ഗോപുരനടയിൽ എന്ന നാടകമെഴുതുന്ന എം ടി. പത്രാധിപരായ എം ടി. വിരൽമുദ്ര പതിഞ്ഞ മേഖലകളിലെല്ലാം തിളങ്ങിനിന്നു ആ സർഗവൈഭവം. എന്നാൽ  ഇത്രയും പ്രതിഭാ വൈപുല്യമുള്ള അദ്ദേഹം കവിതയെഴുതിയതായി നമുക്കറിയില്ല. എന്തിന്‌ കവിത? കവിതയോളം അല്ലെങ്കിൽ കവിതയെക്കാൾ സുന്ദരമായ നാലു സിനിമാ ഗാനങ്ങൾ മലയാളികൾക്ക്‌ നൽകിയിട്ടുണ്ട്‌ എം ടി.  വളർത്തുമൃഗങ്ങൾ എന്ന ചിത്രത്തിലെ ആ പാട്ടുകളെ സംവിധായകൻ ഹരിഹരൻ,  ടൈറ്റിൽ കാർഡിൽ കവിതകളെന്ന്‌ വിശേഷിപ്പിച്ചത്‌ വെറുതെയല്ല.  

പി ഭാസ്‌കരനും  ഒ എൻ വിയും യൂസഫലിയുമൊക്കെ സജീവമായ കാലത്താണ്‌  എം ടി പാട്ടെഴുതിയത്‌,  1981ൽ. പാട്ടെഴുതാൻ നിശ്‌ചയിക്കപ്പെട്ടയാൾക്ക്‌ അസൗകര്യം നേരിട്ടപ്പോഴാണ്‌, സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം എഴുതിയ  എം ടി പാട്ടെഴുത്തുകാരന്റെ മേലങ്കിയും എടുത്തണിഞ്ഞത്‌.  കൃതഹസ്‌തനായ ഏത്‌  കവിയെയും അതിശയിപ്പിക്കുന്ന വരികൾ. അവ എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തിയപ്പോഴാേ   മികച്ച ഗാനങ്ങളുടെ ഗണത്തിൽ  സ്ഥാനപ്പെടുത്താവുന്ന നാല്‌ ഗംഭീര പാട്ടുകൾ.  സർക്കസ് കൂടാരത്തിലെ വിയർപ്പും കണ്ണീരും പ്രണയവും മരണവുമെല്ലാം ഇതിവൃത്തമായ സിനിമയുടെ സഞ്ചാരഗതിയുമായി  ഇഴുകിച്ചേർന്നിരിക്കുന്നു . സുകുമാരൻ, മാധവി, രതീഷ്‌,  ബാലൻ കെ നായർ, നന്ദിതാ ബോസ്‌ തുടങ്ങിയവരാണ്‌  അഭിനയിച്ചത്‌.  

കർമത്തിൻ പാതകൾ വീഥികൾ, ദുർഗമ വിജനപഥങ്ങൾ  എന്ന പാട്ടിലെ  വരികളിൽ തീർച്ചയായും നാടോടികളെപ്പോലെ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ കൂടാരവുമായി നീങ്ങുന്ന  സർക്കസ്സുകാരുടെ സഞ്ചാരം കാണാം. മനുഷ്യരുടെ ഈ യാത്രയെ പ്രകൃതിയിലെ ചലനങ്ങളുമായി താരമത്യപ്പെടുത്തുന്നുണ്ട്‌ കവി. പതിവിന്‌ ഭിന്നമായി അഞ്ചര മിനിട്ടാണ്‌ പാട്ടിന്റെ ദൈർഘ്യം. ശുഭരാത്രി, ശുഭരാത്രി നിങ്ങൾക്കു നേരുന്നു എന്ന പാട്ടിൽ ഒരു സർക്കസ്സുകാരന്റെ യാത്രാപഥങ്ങൾ വരച്ചിടുന്നു.  ഊരുതെണ്ടുന്ന ഏകാന്തപഥികന്‌ കാവൽ നിൽക്കുന്ന താരസഖികൾക്കാണ്‌ നന്ദിയും ശുഭരാത്രിയും നേരുന്നത്‌.  പുരാനാകിലയിലും (ഡൽഹി, ഓൾഡ്‌ ഫോർട്ട്‌), ചുവന്ന ജയപുരി(രാജസ്ഥാനിലെ പിങ്ക്‌ സിറ്റി എന്നറിയപ്പെടുന്ന ജയ്‌പുർ), പൂർണിയ(ബിഹാർ)ക്കരയിലും സിന്ധുതടത്തിലുമൊക്കെ മേൽക്കൂര  നൽകിയ നീലമാനത്തിനും അതിന്റെ കൈവിളക്കൊളി കണ്ടു മയങ്ങാൻ അനുമതി തന്ന മനസ്സിനും അനുപല്ലവിയിലെ വരികളിൽ നന്ദിയർപ്പിക്കുന്നുണ്ട്‌ കവി.  

ഈ രണ്ടു പാട്ടുകളും പാടിയത്‌ യേശുദാസ്‌. കാക്കാലൻ കളിയച്ചൻ എന്ന പാട്ടിന്റെ കാവ്യഭംഗി നിസ്‌തുലമാണ്‌. ഒരു മുറിക്കണ്ണാടിയിൽ ഒന്നു നോക്കി, എന്നെ ഒന്നു നോക്കി എന്ന ഗാനം പ്രണയാതുരയായ നായികയുടെ മനോവിചാരങ്ങളിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. എസ്‌ ജാനകിയുടെ സുന്ദരമായ ആലാപനമികവ്‌ ഈ പാട്ടിനെ മലയാളത്തിലെ മികച്ച പ്രണയഗാനങ്ങളിലൊന്നാക്കുന്നു. ഇത്രയും കാവ്യഭംഗിയുള്ള പാട്ടുകൾക്കുശേഷം എന്തുകൊണ്ട്‌ എം ടി സിനിമയ്‌ക്ക്‌ പാട്ടെഴുതിയില്ല എന്ന ചോദ്യത്തിന്‌ മറുപടി നൽകാൻ ഇന്ന്‌ എംടിയില്ലല്ലോ നമുക്കൊപ്പം.