ഒഴിഞ്ഞ കടവ്
Thursday Dec 26, 2024
എൻ രാജൻ
‘രാത്രിയുടെ വിയർപ്പുവീണ് നനഞ്ഞ മണൽത്തിട്ടയിൽ നീലച്ച മഞ്ഞിൻ പടലങ്ങൾ ഒഴുകിനടന്നു. പഴയ മുറിക്കകത്ത് ചുവരിൽ പെൻസിൽകൊണ്ട് കുറിച്ചിട്ട രണ്ടു വരികൾ. -എന്തായിരുന്നു തുടക്കം? ഓർമിക്കാനാകുന്നില്ല. വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞുകിടന്നു’. ‘കാല’ത്തിലെ വരികളാണ്. കാലം മായ്‌ക്കാത്ത, മറക്കാത്ത, അക്ഷരങ്ങൾ. ശരിക്കും വരണ്ട പുഴപോലെ ഇപ്പോൾ മനസ്സ് ഒഴിഞ്ഞുകിടക്കുകയാണ്. ഇരുട്ടിന്റെ പുഴ. കടവ് ശൂന്യം. എന്താണ് എഴുതേണ്ടത്?
കുറച്ചു ദിവസമായി, ഈയൊരു സന്ദർഭത്തെ എങ്ങനെ അഭിമുഖീകരിക്കും, എന്നായിരുന്നു അലട്ടൽ. മറ്റാരോടും പങ്കുവയ്‌ക്കാനാകാത്ത വീടാക്കടം എനിക്കുണ്ട്. അതിലൊന്ന് , ‘പ്രിയപ്പെട്ട സ്വന്തം എം ടിക്ക്’ എന്നെഴുതി കൈയൊപ്പിട്ട, എന്റെ തെരഞ്ഞെടുത്ത കഥകളുടെ കോപ്പി കൊടുക്കാൻ പറ്റാഞ്ഞതാണ്. മറ്റൊന്ന് കേരള സാഹിത്യ അക്കാദമിയുടെ ഈയാണ്ടിലെ ചെറുകഥാ പുരസ്‌കാരം ലഭിച്ച സന്തോഷം നേരിൽ പറയാൻ കഴിയാഞ്ഞതും. എന്റെ എഴുത്തുജീവിതത്തിൽ തുടക്കംമുതൽ പരിഗണനയും വാത്സല്യവും തന്ന എം ടിയെ ഇക്കാര്യങ്ങൾ അറിയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, കാലം അനുവദിച്ചില്ല.
പല കാരണങ്ങളാൽ നീട്ടിവച്ച യാത്ര ഒടുവിൽ എന്നന്നേക്കുമായി മുടങ്ങിയിരിക്കുന്നു. ഇനി ആ കൂടിക്കാഴ്‌ചയില്ല.ഇടവിട്ടുള്ള ആശുപത്രിവാസവും വിശ്രമവും അറിയുമ്പോൾ, അത്തരം അസ്വസ്ഥതയ്‌ക്കിടെ കാണേണ്ട എന്നു കരുതി. ആ ചെറുപുഞ്ചിരി മതി മനസ്സിൽ. എത്രയോവട്ടം ഞാനത് അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെ അടുത്ത് പോകുമ്പോഴും തിരക്കിനിടയിലും അത്യാവശ്യം കാര്യം പറയുമ്പോഴും. എനിക്കെന്നും വാത്സല്യം മാത്രം കിട്ടി. കഴിഞ്ഞ ഡിസംബറിൽ ബ്രഹ്മസ്വം മഠത്തിന്റെ പുരസ്‌കാരം സ്വീകരിക്കാൻ തൃശൂരിൽ വന്നപ്പോഴാണ് ഒടുവിൽ കണ്ടത്. കൂട്ടത്തിൽ ഞാൻ ജോലിയിൽനിന്ന് വിരമിച്ചതും കോഴിക്കോട് വിട്ടതും പറഞ്ഞപ്പോൾ പറഞ്ഞു: അറിയാം. അത്ര സൂക്ഷ്‌മത്തിൽ എം ടി ചിലരുടെ കാര്യങ്ങൾ അറിയും. ഓർത്തുവയ്‌ക്കും. അതിനുമുമ്പ് തുഞ്ചൻപറമ്പിലെ നവതി ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും അമൂല്യനിമിഷമായി. എം ടി, എനിക്കെന്താണെന്ന് പറയുമ്പോൾ കേൾവിക്കാരനായി തൊട്ടപ്പുറത്ത് അദ്ദേഹം ഇരിപ്പുണ്ടായിരുന്നു.
ചടങ്ങുകളിലേക്ക് കൊണ്ടുവരാൻ എത്രയോവട്ടം കൂടെ സഞ്ചരിച്ചു. കാറിൽ മുൻസീറ്റിലിരുന്ന് ചില്ലു താഴ്‌ത്തി എം ടി ബീഡി വലിച്ചിരുന്നത് രസകരമായിരുന്നു. പുക പരക്കാതിരിക്കാൻ ടർക്കിയെടുത്ത് മുഖംപൊത്തും. ചടങ്ങുകളുടെ ഭാരമില്ലാത്ത വേളയിൽ, കേൾവിക്കാർ അടുപ്പക്കാരാണെങ്കിൽ, വാചാലമായി സംസാരിക്കാറുള്ള എം ടിയെ നല്ല പരിചയമാണ്. നാടും നാട്ടുവിശേഷങ്ങളും ഗ്രാമത്തിലെ മാറ്റങ്ങളും യാത്രാനുഭവങ്ങളും വ്യക്തികളും വർത്തമാനത്തിൽ വരും. കഥയെഴുത്തിൽനിന്ന് അപ്രത്യക്ഷരാകുന്നവരെപ്പറ്റി ചോദിക്കും.
പലപ്പോഴായി എംടിയിൽനിന്ന് കിട്ടിയ കത്തുകൾ, എന്റെ സ്വകാര്യ പുരസ്‌കാരങ്ങളാണ്. മൂന്നരപ്പതിറ്റാണ്ടിലെ ആത്മബന്ധം അദ്ദേഹത്തോടുണ്ട്. 1990 ൽ എന്റെ ആദ്യ കഥാസമാഹരം ‘പുതൂർക്കരയുടെ പുരാവൃത്തങ്ങൾ’ പ്രകാശിപ്പിച്ചതുമുതൽക്കുള്ള അടുപ്പമാണ്. ആ ദിവസം ഇന്നും പ്രകാശം പരത്തുന്നു. എന്റെ മൂന്നാമത്തെ സമാഹാരം ‘സഹയാത്രികൻ’ എം ടിയുടെ അവതാരികയോടെ ഇറങ്ങി. ആ കുറിപ്പെഴുതി അയച്ചുതന്നത് കോട്ടയ്‌ക്കലിലെ ചികിത്സയ്‌ക്കിടെ. എന്റെ നാട്ടുമ്പുറമായ പുതൂർക്കരയിലും എം ടി വന്നു. എന്താണ് ചടങ്ങെന്നുപോലും ചോദിക്കാതെ. അദ്ദേഹം പറഞ്ഞു: പുതൂർക്കരയെപ്പറ്റി രാജനെഴുതിയത് മുമ്പേ വായിച്ചിട്ടുണ്ട്. ഇപ്പോൾ രാജൻ വിളിച്ചപ്പോ ഇവിടെ വരാനും കഴിഞ്ഞു. എഴുത്തുകൊണ്ട് കിട്ടിയ സുകൃതമാണ് എനിക്ക് എം ടി. കാലത്തിന്റെ ഓളപ്പാടുകളിലൂടെ ഒഴുക്കിവിട്ട കളിയോടങ്ങളെ കാത്ത് ഏതെല്ലാമോ തീരങ്ങളിൽ അജ്ഞാതരായ വായനക്കാർ എം ടിയെ എന്നും കാത്തുനിൽക്കും.