വാക്കിന്റെ പൊരുൾ

Thursday Dec 26, 2024

ഗ്രാമത്തിൽ ജനനം. വളർന്നത് വലിയ തറവാടിന്റെ അവശിഷ്ടത്തിൽ. പഴയകാലത്ത് എട്ടുകെട്ടും പടിപ്പുര മാളികയും പത്തായപ്പുരയും കൈയാലപ്പുരയുമായി സാമ്രാജ്യം പോലെ. ജനിച്ചുവളർന്ന കാലത്ത് അതൊന്നും ഇല്ല. ഞാൻ ജനിച്ചത് തറവാട്ടിലല്ല. അതിനുമുമ്പു പ്രതാപകാലത്ത് ഭാഗം കഴിഞ്ഞു. 64പേരോ മറ്റോ ഉണ്ടായിരുന്നു. മുത്തശ്ശിക്കുവേണ്ടി വാദിക്കാൻ ആരുമുണ്ടായില്ല. അവർക്ക് വീട് കിട്ടിയില്ല. അത് ഒരു കൂട്ടരെടുത്തു. പത്തായപ്പുര വേറൊരു കൂട്ടർക്കും. മുത്തശ്ശിക്ക് കുറച്ച് കൃഷിസ്ഥലം.

എന്റെ അമ്മയും ചെറ്യമ്മയും രണ്ടമ്മാവമ്മാരും‐ അതിലൊരാൾ ചെറിയ കുട്ടി‐ മുത്തശ്ശിയോടൊപ്പം പലേടത്തും താമസിച്ചു. കൂട്ടത്തിലെ വലിയമ്മയുടെ കൊട്ടിലിൽ കുറച്ചുനാൾ താമസിച്ചിരുന്നു അമ്മ. അവിടെയാണ് എന്നെ പ്രസവിച്ചത്. അവിടെനിന്ന് കുന്നിൻ മുകളിൽ പപ്പടച്ചെട്ടികൾ താമസിച്ച് ഒഴിഞ്ഞ പുരയിലേക്ക്. എന്റെ ആദ്യ ഓർമ ആ വീട്ടിൽവെച്ചുള്ളതാണ്.  മൂന്ന് വയസ്. ഓർമയയിലുള്ളത്‌, ഒന്ന് രണ്ട് സംഭവങ്ങൾ. മുമ്പിലെ പനമ്പുതട്ടിയുടെ മുകളിൽ പിടിച്ചിരുത്തി ആട്ടുന്നതും ഞാൻ വീണതും വീട്ടുകാർ പരിഭ്രമിച്ചതുമാണൊന്ന്. പിന്നെ എതിർവശത്തെ വീട്ടിൽ കാളയ്ക്ക് പേപ്പട്ടി കടിച്ച് ഭ്രാന്തിളകി. കോമ്പൗണ്ടിന്റെ നടുവിൽ കെട്ടി. മരണംവരെ കിടന്ന് പരാക്രമം കാണിച്ചതിന്റെ ഭീതിതമായ കാഴ്ച.
  രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് തറവാട്ടുവീടിന്റെ ഒരുഭാഗത്ത് പഴയകാലത്ത്  കൊയ്തുവെക്കാനുപയോഗിച്ച കൈയാലപ്പുരയുടെ ഭാഗം വാങ്ങി ഞങ്ങൾ താമസമാക്കി. ഓർമ ജനിക്കുന്നത് അവിടെ. അക്കാലത്താണ് തറവാട്ടിൽ റിബലായ ഒരു സ്ത്രീ, ഭയങ്കരമായി ചിരിക്കുകയും എല്ലാവരോടും എതിരിടുകയുംചെയ്ത മീനാക്ഷ്യേടത്തി ഭഗവതിയുടെ മച്ച് കിളച്ചു എന്നൊക്കെ കേട്ടത്. അവരെപ്പറ്റിയുള്ളതാണ് 'കുട്ട്യേടത്തി'. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരവിടെനിന്നു മാറി കുന്നിൻപുറത്തുപോയി തൂങ്ങിമരിച്ചു. അതിനടുത്ത വീട്ടിലായിരുന്നു വേലായുധേട്ടൻ(ഇരുട്ടിന്റെ ആത്മാവ്).

ഞങ്ങൾ കൈയാലപ്പുരയിൽ താമസിക്കുമ്പോൾ നാലുകെട്ടിൽ വേറൊരു കുടുംബം, പത്തായപ്പുരയിൽ ഇനിയൊരു കുടുംബം. മുറ്റത്ത് സന്ധ്യയാകുമ്പോൾ ഭക്ഷണം കഴിക്കുംമുമ്പ് മൂന്നിടത്തെയും ആളുകൾ കൂടും. അവരൊക്കെ തമ്മിൽ സ്പർധ. കുട്ടിയായതുകാണ്ട് ഏവരുമായും ഞാൻ ഇടപഴകി. ഗ്രാമ കഥകേട്ടാണ് വളർന്നത്. പണ്ടിവിടെ പടിപ്പുരമാളിക. ദുഷ്ടനായ കാരണവർക്ക് മരുമകൾ കോഴിയിറച്ചിയിൽ വിഷം കൊടുത്തു. വെള്ളം കിട്ടാതെ മരിച്ചു. പ്രേതം അവിടെയൊക്കെയുണ്ട്. വേറൊരു കാരണവർ മഹാപിശുക്കൻ. അടയ്ക്കാ കച്ചവടത്തിൽനിന്ന്  പണമുണ്ടാക്കി സ്വർണമാക്കി കുഴിച്ചിട്ടു. കുറേ കഴിഞ്ഞപ്പോൾ ഭ്രാന്തായി. എവിടെ കുഴിച്ചിട്ടതെന്നറിയാതെ എല്ലായിടവും കിളച്ച് മരിച്ചുപോയി. ഇരുട്ടിന്റെ ആത്മാവിൽ ആ കാരണവരുണ്ട്. മുൻതലമുറയിലെ കാരണവന്മാരെപ്പറ്റിയുള്ള കഥകൾ. രണ്ട് മൂന്ന് സർപ്പക്കാവ്. രാത്രിയാകുമ്പോൾ  ഇരുട്ട്. ഭൂതപ്രേത പിശാചുക്കൾ. എവിടെ തിരിഞ്ഞാലും കഥ. പറക്കുട്ടി, കരിങ്കുട്ടി. അവിടെ അങ്ങനെ; ഇവിടെ ഇങ്ങനെ. അപ്പുറത്ത് ഇല്ലപ്പറമ്പ്. രാത്രി ബ്രഹ്മരക്ഷസുണ്ടാകും. ഈ കഥകളുടെ അന്തരീക്ഷത്തിലാണ്  വളർന്നത്. അഞ്ച് വയസുള്ളപ്പോൾ  ഞാൻ മിക്കവാറും രോഗിയാണ്. ഗ്രഹണി തുടങ്ങിയവ. തീരെ ആരോഗ്യമില്ലാത്ത  കുട്ടി. മൂന്ന് ജ്യേഷ്ഠന്മാർ. സഹോദരിമാരില്ല. മൂന്ന് ആണുങ്ങൾക്കുശേഷം പെൺകുട്ടി വേണമെന്ന് എല്ലാവരും ആഗ്രഹിച്ചു. ഒന്നു രണ്ട് ഗർഭം അലസി. അമ്മയുടെ ആരോഗ്യം മോശമായ ഘട്ടത്തിലാണ് എന്നെ ഗർഭം ധരിച്ചത്. ആയുർവേദ വിധിപ്രകാരം അത് ഇല്ലാതാക്കാൻ ശ്രമിച്ചു. ശരിയായില്ല. അങ്ങനെ പ്രസവിച്ചതാണെന്നെ. പിന്നീട് അമ്മ പറയും: ''ഈ കുട്ടിയെയാണ് എല്ലാവരും കൂടി വേണ്ടാന്നാക്കാൻ നോക്കിയത്''.

സ്കൂളിൽ പോയപ്പോഴാണ് വായനയിൽ താൽപര്യം. ജ്യേഷ്ഠന്മാർക്ക് വായന ഇഷ്ടം. വീട്ടിൽ ചില മാസികകളും വാരികകളും വരും. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, പ്രസന്നകേരളം. മൂത്ത ജ്യേഷ്ഠൻ പൊറ്റെക്കാട്ടിന്റെ നാടൻപ്രേമം കൊണ്ടുവന്നത് എല്ലാവരും  വായിച്ചു. അതാണ് മലയാളത്തിൽ ആദ്യം വായിച്ച പുസ്തകം. എവിടെയോ ചങ്ങമ്പുഴയുടെ രമണന്റെ കോപ്പി ഉണ്ടെന്ന് കേട്ടിട്ട് എന്നെ അയച്ച് വാങ്ങി. ഞങ്ങളെല്ലാം കൂടെയിരുന്ന് പകർത്തി. ഇതിനിടെ വേറെ ചില പുസ്തകങ്ങൾ സ്വകാര്യത്തിൽ വീട്ടിൽവരും. അതൊന്നും അടുത്തെത്തില്ല. രണ്ട് ഭാഗമുള്ള  നോവൽ. എമിലി സോളയുടെ നാനയുടെ സ്വതന്ത്ര വിവർത്തനം. മലബാറിലുണ്ടായ കെ സുകുമാരേന്റത്. കുട്ടികളുടെ കണ്ണിൽപ്പെടാതെ മുതിർന്നവർ  രഹസ്യമായി വായിച്ചു. സെക്സും വർണനകളുമാവാം കാരണം. നാടൻപ്രേമം കഴിഞ്ഞ് എസ് കെയുടെ പ്രേമശിക്ഷ.

ഞാൻ ഒന്നിൽ പഠിച്ചില്ല. ആരോഗ്യം കുറഞ്ഞതുകൊണ്ട്  എടുത്തുകൊണ്ടുപോയി ക്ലാസിൽ ഇരുത്തും; എന്നെക്കാൾ രണ്ട് വയസ്സുള്ള വല്യമ്മയുടെ മകന്റെ കൂടെ. കുട്ടൻ രണ്ടാം ക്ലാസിലായതുകൊണ്ട് ഞാനും അങ്ങനെ. ജാതിവ്യവസ്ഥ ഉണ്ടായെങ്കിലും പ്രശ്നങ്ങളില്ല. ഞങ്ങളെ പഠിപ്പിച്ചത് മണ്ണാൻ ജാതിയിൽപ്പെട്ട പപ്പൻമാഷ്. നല്ല പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ ആർക്കും  മടിയില്ല. എല്ലാവരും മാഷെ മാനിച്ചു. ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ശ്ലോകം മനഃപാഠം പഠിക്കണം. ആറ് ശ്ലോകമൊക്കെ പഠിക്കും. അഞ്ചാറ് മാസമേ അവിടെയിരുന്നുള്ളൂ. അതുകഴിഞ്ഞ് വെറൊരു എലിമെന്ററി സ്കൂളിൽ. അവിടെ ഒരമ്മാവൻ നാലാം ക്ലാസിൽ മാഷ്. ഞാനും ആ ക്ലാസിൽ. ഫസ്റ്റ് ഫോമിലെത്തുമ്പോൾ ഞാൻ ചെറിയ കുട്ടി. പ്രായത്തിൽ പുറകിലാണെങ്കിലും പഠിപ്പിൽ ഒപ്പം. അക്ഷരശ്ലോകത്തിൽ എനിക്ക് കമ്പമുണ്ടായി. രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും മൂന്ന് മണിക്കൂർ ശ്ലോകം ചൊല്ലും. ആ കാലത്ത് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ രസകരമായി തോന്നിയില്ല. ആഴ്ച്ചപ്പതിപ്പുകളും ചേട്ടന്മാർ കൊണ്ടുവന്ന പുസ്തകങ്ങളും ആശ്രയം. കുറേകഴിഞ്ഞാണ് പുസ്തകം സ്വന്തമായി വാങ്ങണമെന്ന തോന്നലുണ്ടായത്.

ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസിൽ എനിക്ക് സ്കോളർഷിപ്പ്. ഒരു ദിവസം ഹെഡ്മാസ്റ്റർ വിളിച്ച് ഒരു വർഷത്തെ തുക തന്നു. 72 രൂപ. ഞാനും റെയിൽവേയിൽനിന്ന് വിരമിച്ച ജ്യേഷ്ഠനുംകൂടി തൃശൂർക്ക്. തകഴി, ബഷീർ, ദേവ്, എസ് കെ, ജി, ചങ്ങമ്പുഴ തുടങ്ങിയവരുടെ പുസ്തകം വാങ്ങി. കുറേശ്ശെ ഇംഗ്ലീഷ് കൃതികളും വായിച്ചുതുടങ്ങി. മൂത്ത ജ്യേഷ്ഠൻ ഒരു ഇംഗ്ലീഷ് പുസ്തകം മേശപ്പുറത്തിട്ട് പറഞ്ഞു '' നിനക്കും മനസിലാകും''. തോമസ് ഹാർഡിയുടെ 'അണ്ടർ ദി ഗ്രീൻവുഡ് ട്രീ'. അതാവണം ആദ്യം വായിച്ച ഇംഗ്ലീഷ് കൃതി. വായനയിലും സാഹിത്യത്തിലും താൽപര്യം തോന്നിപ്പിക്കുന്ന പഠിപ്പിക്കലായിരുന്നു അന്നത്തേത്.

ഡിക്കൻസ്, ഒലിവർ ഗോൾഡ്സ്മിത്ത് തുടങ്ങിയവരുടെ കൃതികളിലെ ചില ഭാഗമാണ് പഠിപ്പിക്കാനുണ്ടായതെങ്കിലും കൃതി മുഴുവൻ വായിപ്പിച്ചു. സ്കൂളിൽ പോകുമ്പോഴും മടങ്ങുമ്പോഴും കൂടെ നടന്നിട്ടാണ് കഥപറച്ചിൽ. അവയൊക്കെ പിന്നീട് വായിക്കണമെന്ന തോന്നി. ഞാൻ ക്ലാസിൽ നന്നായി പദ്യം ചൊല്ലും. ആ കാലത്ത് കവിത എഴുതിനോക്കി. കൈയെഴുത്തു മാസികയിലെഴുതാൻ നമ്പീശൻ മാഷ് പറഞ്ഞു. എഴുതിയില്ല. സ്വകാര്യമായി കുത്തിക്കുറിക്കും. മൂത്ത ജ്യേഷ്ഠനും കവിതാതാൽപര്യം. കുറച്ചുകാലം എഴുതി നിർത്തി. ഞാനെഴുതിയത് ആരെയും കാണിച്ചില്ല. എസ്എസ്എൽസി ജയിച്ചു. കോളേജിൽ ചേരാൻ ഒരു കൊല്ലം കാത്തിരുന്നു. വേറൊന്നും ചെയ്യാനില്ല. ആ കാലം വഴിത്തിരിവ്. ആറ് നാഴിക നടന്നാൽ അക്കിത്തത്തിന്റെ വീടെത്തും. അവിടെ ധാരാളം പുസ്തകങ്ങൾ. അറിയപ്പെടുന്ന ആളുകളുടെയൊക്കെ കൃതികൾ വായിച്ചുകൂട്ടി.

(എം ടി‐ എഴുത്തിന്റെ ആത്മാവ് എന്ന പുസ്തകത്തിൽനിന്ന്)