നമ്മൾ ഇരുട്ടിലായി

Thursday Dec 26, 2024
കെ പി രാമനുണ്ണി

‘ആരായാലും എനിക്ക് നന്നായി ഇരിക്കണമെന്നേയുള്ളൂ’–- ഒരു സ്വകാര്യസംഭാഷണത്തിൽ എം ടി ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് പറഞ്ഞതാണിത്. ഭംഗിവാക്കുകൾ പറയാത്ത അദ്ദേഹത്തിന്റെ ഈ മനോഭാവമായിരിക്കാം വ്യാപരിച്ച സമസ്ത മണ്ഡലങ്ങളെയും അനുഗ്രഹദീപ്തമാക്കിയത്. മലയാള സാഹിത്യരംഗത്തെയും തുഞ്ചൻ സ്മാരകത്തെയും കേരള സാഹിത്യ അക്കാദമിയെയും എല്ലാമെല്ലാം... എല്ലാവരും നന്നായി ഇരിക്കണമെന്നേയുള്ളൂ എന്ന ഈടുറ്റ വാചകത്തിന് മനുഷ്യരാശിതന്നെ മുടിയുമോ എന്ന ലോകസാഹചര്യത്തിൽ വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. എന്തുചെയ്യും. കരുത്തുറ്റ അനുഗ്രഹശക്തിയാൽ നമ്മെ നേരെയാക്കിയെടുക്കാൻ അദ്ദേഹം ഇനി ഇല്ലല്ലോ. എന്തൊരു ശൂന്യതയാണ്. മഹാത്മജിയുടെ നിര്യാണവേളയിലെ നെഹ്റുവിന്റെ വാക്കുകൾ ഇപ്പോൾ മലയാളികൾ ശരിക്കും അനുഭവിക്കുകയാണ്. നമ്മൾ ഇരുട്ടിലായി. എന്നാലും നമുക്ക് അതിജീവിച്ചേ പറ്റൂ.

തന്റെ പ്രഭാവലയത്തിലുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയുമെല്ലാം ശുഭത്വത്തിലേക്ക് നയിക്കാൻ എം ടിയെ പ്രാപ്തനാക്കിയത് സത്യത്തിൽ എന്താണ്? മനുഷ്യവിധാതാവായ കാലത്തെ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാനുള്ള സിദ്ധിയാണത്. അദ്ദേഹത്തിന്റെ എഴുത്തിലായാലും എഡിറ്റർഷിപ്പിലായാലും സ്ഥാപനനായകത്വത്തിലായാലും നമുക്കത് വേണ്ടുവോളം കണ്ടെത്താൻ കഴിയും. ഫ്യൂഡൽ ജീർണതയിൽനിന്ന് മുതലാളിത്തസമൂഹം ഉദയംകൊള്ളുന്ന സമയത്ത് ഇരുളടഞ്ഞ നാലുകെട്ടുകൾ പൊളിച്ചുമാറ്റി കാറ്റും വെളിച്ചവും കടക്കുന്ന വീട് പണിയാനുള്ള എം ടിയൻ ആഹ്വാനം കേരളത്തിന്റെ ഉൽക്കർഷത്തിനുള്ള മാർഗരേഖയായിത്തീർന്നു. ‘സ്വർഗരാജ്യ’ വാഗ്ദാനങ്ങളെല്ലാം തരിപ്പണമായ കാലത്ത് അസ്തിത്വവാദചിന്തകളുടെ ഉയിർപ്പ് അക്ഷരലോകത്തുണ്ടായി. മലയാളത്തിലേക്കും അത് കടന്നുവന്നപ്പോൾ എം ടി കൈനീട്ടി സ്വീകരിച്ചു. വിജയനെയും മുകുന്ദനെയും സക്കറിയയെയും സേതുവിനെയും പുനത്തിൽ കുഞ്ഞബ്ദുള്ളയെയുംമറ്റും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ആധുനികവാദ സാഹിത്യത്തിന്റെ മഹാവിസ്ഫോടനംതന്നെ മലയാളസാഹിത്യത്തിൽ അങ്ങനെ സംഭവിച്ചു.

1993 ജനുവരി 18 ന്‌ എം ടി തുഞ്ചൻപറമ്പിലേക്ക് ചരിത്രപ്രധാനമായ സന്ദർശനം നടത്തിയപ്പോൾ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എം ആർ രാഘവവാരിയർ തുടങ്ങിയവരും തിരൂരിലെ പൗരപ്രമാണിമാരും അദ്ദേഹത്തെ പൊതിഞ്ഞുകൂടി. അവരുടെ വാക്കുകളിൽനിന്ന് ജനങ്ങൾ തുഞ്ചൻ സ്‌മാരകത്തെക്കുറിച്ച് താലോലിക്കുന്ന സ്വപ്‌നങ്ങൾ അദ്ദേഹം മനസ്സിലാക്കി. വിജയദശമിക്ക് ആദ്യക്ഷരം കുറിക്കാൻ വരുന്ന കുട്ടികളിലെ വർധന വിലയിരുത്തി. സ്മാരകത്തിന്റെ ചെയർമാനായി ചാർജെടുത്തതും ഭാഷാപിതാവിനോട് ജനങ്ങൾക്ക് വളരുന്ന അഭിനിവേശത്തെ സാക്ഷാൽക്കരിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന നിലവാരം കുറഞ്ഞ പ്രദർശനങ്ങളും മത്സരക്കളികളും ഉപേക്ഷിച്ചു. ഓഡിറ്റോറിയം കല്യാണസദ്യകൾക്ക് കൊടുക്കുന്നത് റദ്ദുചെയ്ത് സാഹിത്യസമ്മേളനങ്ങളുടെ വേദിമാത്രമാക്കി. കെട്ടിടങ്ങൾ പുതുക്കിപ്പണിതു. ഗ്രന്ഥശാലയും അതിഥിമന്ദിരങ്ങളും സ്ഥാപിച്ചു. ദേശീയ സെമിനാറുകളും ദക്ഷിണേന്ത്യൻ കാവ്യോത്സവവും ആരംഭിച്ചു. ഉന്നതരായ എഴുത്തുകാരെയും കലാകാരരെയും ഭാഷാപിതാവിന്റെ മണ്ണിലേക്ക് ആനയിച്ചു. ലോകത്തുതന്നെ അപൂർവമായൊരു മതനിരപേക്ഷ സാംസ്കാരികോത്സവമായി തുഞ്ചൻപറമ്പിലെ എഴുത്തിനിരുത്തലിനെ മാറ്റിമറിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ തുഞ്ചൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ കണ്ടുപഠിക്കാനെത്തുന്നത്ര വളർത്തി. കേരള സാഹിത്യ അക്കാദമിയെയും സുവർണകാലത്തിലേക്കാണ്‌ എം ടിയുടെ നേതൃത്വം നയിച്ചത്. അവാർഡ് നിർണയത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുണ്ടായിരുന്ന പങ്കിനെ അദ്ദേഹം ഇല്ലാതാക്കി. അധികാരം ജൂറിക്ക് പൂർണമായും വിട്ടുകൊടുത്ത് പുരസ്കാരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തി. സംസാരം കുറച്ച് പ്രവർത്തനത്തിൽ ശ്രദ്ധിച്ചു.

പ്രസിദ്ധീകരണങ്ങളുടെയും ഡിജിറ്റൈസേഷന്റെയും രംഗത്ത് വൻ കുതിപ്പുകൾ സൃഷ്ടിച്ചു. എന്തിനും എം ടിയോട് ഉപദേശം ചോദിക്കുന്നവർ സമൂഹത്തിന്റെ എല്ലാ തുറകളിലുമുണ്ടായിരുന്നു. ഈ ലേഖകനും ആ മാർഗനിർദേശത്തിന്റെ സുകൃതം അനുഭവിച്ചവനാണ്. എസ്‌ബിഐയിൽനിന്ന് സ്വയം വിരമിക്കാൻ മുതിർന്നപ്പോൾ എം ടിയുടെ അഭിപ്രായമാണ് ഞാൻ ആദ്യം ആരാഞ്ഞത്. എഴുത്തുജീവിതത്തിനുവേണ്ടി ജോലിയിൽനിന്ന് വിരമിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും അത്യാവശ്യത്തിന്‌ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ വരുമാനത്തിനുവേണ്ടി കോളമെഴുത്തിലേക്കും ഫീച്ചറെഴുത്തിലേക്കും ദയനീയമായി കടക്കേണ്ടിവരും. അത് ഒഴിവാക്കണം. പിന്നീട് എം ടിയോടൊപ്പം തുഞ്ചൻ സ്മാരകത്തിൽ പ്രവർത്തിച്ച ഇരുപതിലധികം വർഷത്തെ അനുഭവലോകം എന്റെ എഴുത്തുജീവിതത്തെ കുറച്ചൊന്നുമല്ല പരിപോഷിപ്പിച്ചിട്ടുള്ളത്.