വലിയ വായന
Thursday Dec 26, 2024
ഇ പി രാജഗോപാലന്‍
വായനക്കാരൻ എന്നുള്ളത് സവിശേഷമായ ഒരു സാംസ്‌കാരികസ്ഥാനമാണ് എന്ന് ബോധ്യപ്പെടണമെങ്കിൽ എം ടി വാസുദേവൻനായരുടെ വായനജീവിതം ശ്രദ്ധിച്ചാൽ മതിയാകും. എം ടി എത്ര വ്യത്യസ്ഥനായ എഴുത്തുകാരനാണോ അത്രയും സർഗാത്മകതയുള്ള, അന്വേഷണത്വരയുള്ള വായനക്കാരൻകൂടിയാണ്. എം ടിയുടെ ബാല്യത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായി അദ്ദേഹംതന്നെ കാണുന്നത് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഇല്ലത്തേക്ക് പുസ്‌തകങ്ങൾക്കായി വയലും കുന്നുമേറി പോകുന്നതാണ്. അക്കാലംതൊട്ട് അദ്ദേഹം വലിയ വായനക്കാരനാണ്.
വിക്‌ടോറിയ കോളേജിൽ കെമിസ്‌ട്രിയാണ് അദ്ദേഹം പഠിച്ചത്. പക്ഷേ, വായിച്ചത് സാഹിത്യകൃതികൾ ആണ്. ഇന്ത്യൻ നഗരങ്ങളിലേക്കും വിദേശനഗരങ്ങളിലേക്കുമുള്ള എംടിയുടെ യാത്രകൾ ചെന്നവസാനിക്കുന്നത് മിക്കവാറും അവിടത്തെ പ്രധാനപ്പെട്ട ബുക്‌സ്‌റ്റാളുകളിൽ ആണ്. എം ടിക്ക് പുതിയ കൃതികളുമായി മിക്കവാറും അടുത്ത ബന്ധമുള്ള ഒരുപാടാളുകളുമായി ചങ്ങാത്തം ഉണ്ടായിരുന്നു. അവരിൽനിന്ന് നിത്യമായി അദ്ദേഹത്തിന് പുതിയ പുതിയ കൃതികൾ എത്തുമായിരുന്നു. പലരും എം ടിയുമായുള്ള സൗഹൃദത്തെ ആവിഷ്‌കരിച്ചിരുന്നത് പുസ്‌തകങ്ങൾ എത്തിച്ചുകൊടുക്കുകവഴിയാണ്.
സാഹിത്യത്തിലും സംസ്‌കാരത്തിലും സംഭവിക്കുന്ന കാര്യങ്ങൾ അതത് സമയത്ത് മനസ്സിലാക്കുന്ന, വായനയിലൂടെ പുതിയ ലോകത്തെ കണ്ടെത്തിക്കൊണ്ടിരുന്ന, അടയാളപ്പെടുത്തിക്കൊണ്ടിരുന്ന ഒരു പ്രതിഭ തന്നെയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ വായന സർഗാത്മക സാഹിത്യത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല. അധികാരത്തെക്കുറിച്ച് അദ്ദേഹം പ്രധാനപ്പെട്ട ചില കൃതികൾ വായിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ കണ്ണിന് ഗുരുതരമായ അസുഖം വരുന്ന 2021 വരെ സജീവമായ വായനജീവിതം നടത്തി. അതുകൊണ്ട് എംടിയുടെ ജീവിതത്തെ രചനാത്മക ജീവിതമെന്നും വായനജീവിതമെന്നും രണ്ടായി തിരിക്കാം. രണ്ടും പരസ്പരം നോക്കിക്കൊണ്ടിരിക്കുന്ന മേഖലകളായിരുന്നു. എം ടിയുടെ കൃതികളിൽ പുസ്തകങ്ങൾ പലപ്പോഴും രംഗവസ്തുക്കളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപാട് വായനക്കാർ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായിട്ടുണ്ട്.
പ്രസിദ്ധമായ ‘മഞ്ഞ്’ ആരംഭിക്കുന്നത് ‘വായിക്കാനൊന്നുമില്ല’ എന്ന വാക്യത്തോടുകൂടിയാണ്. മലയാളത്തിൽ മറ്റേതെങ്കിലും പുസ്തകം വായനയെക്കുറിച്ച് പറഞ്ഞുകൊണ്ട് ആരംഭിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. വായനയ്ക്കുവേണ്ടി വളരെയധികം ശ്രദ്ധിച്ചു. കേരളത്തിലെ ഒരു പ്രധാന സാംസ്കാരിക വാരികയുടെ പത്രാധിപർ എന്നനിലയ്ക്ക് അദ്ദേഹത്തിന് അനുകൂലമായി ഒട്ടേറെ കാര്യങ്ങൾ വായനയുമായി ബന്ധപ്പെട്ടുണ്ടായി. എഴുത്തുകളെക്കുറിച്ച് ഒന്നും ചോദിക്കാതെ, സാമാന്യം ദീർഘമായ ഒരു അഭിമുഖം ഞാൻ തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
കാലം മുന്നോട്ടുപോയി. വായനക്കാരനായ എം ടി എന്ന വിഷയത്തിൽ ഒരു പുസ്തകം എഴുതാൻ സാധിച്ചു. ആ പുസ്തകത്തിന്റെ മാറ്റർ എം ടിയെ കാണിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം അതിനുസാധിച്ചില്ല. പുസ്തകം കോഴിക്കോട്ടുവച്ച് പ്രകാശിപ്പിക്കുമ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. വേദിയിലല്ല, സദസ്സ്യരുടെകൂടെ. അദ്ദേഹത്തിന്റെ തൊട്ടടുത്ത കസേര ഒഴിഞ്ഞുകിടക്കുന്നതുകണ്ട ഞാൻ അവിടെ ചെന്നിരുന്നു. അദ്ദേഹം എന്നെ നോക്കി, തിരിച്ചറിഞ്ഞു. എന്റെ പുറംകൈയിൽ രണ്ടുതവണ തൊട്ടു. ജീവിതത്തിലെ ഏറ്റവും സ്നേഹാർദ്രമായ സ്പർശനങ്ങളിൽ ഒന്ന് ആ വലിയ വായനക്കാരന്റെ വിരലുകൊണ്ടുള്ളതാണെന്ന് ഈ വേളയിൽ ഓർക്കുന്നു.