തണൽ ചൊരിഞ്ഞ ജ്ഞാനവൃക്ഷം

Thursday Dec 26, 2024
എ ശ്യാം

അൽഭുതകരമായ ഒരു പിറവിയായിരുന്നു എം ടി എന്ന സ്‌നേഹാക്ഷരങ്ങളിൽ ആബാലവൃദ്ധം മലയാളികൾ വിളിച്ച ആ ജ്ഞാനവൃക്ഷത്തിന്റേത്‌. കൂടല്ലൂർ മാടത്ത്‌ തെക്കേപ്പാട്ട്‌ കുടുംബത്തിൽ അമ്മാളുഅമ്മയുടെ നാല്‌ മക്കളിൽ ഇളയവനെ ജനിക്കും മുമ്പേ ഇല്ലാതാക്കാനാണ്‌ വൈദ്യന്മാർ വിധിച്ചത്‌. അമ്മയുടെ അനാരോഗ്യമായിരുന്നു കാരണം. എന്നാൽ വൈദ്യന്മാർ പറഞ്ഞതനുസരിച്ച്‌ അമ്മ കഴിച്ച ഉന്മൂലന ഔഷധങ്ങളെ അതിജീവിച്ച്‌ 1108ലെ പഞ്ഞക്കർക്കടകത്തിൽ ആ കുഞ്ഞ്‌ പിറന്നു. കടുപ്പമേറിയ ഔഷധപ്രയോഗങ്ങളുടെ ഫലമായി കുട്ടിക്കാലത്ത്‌ അനാരോഗ്യവാനായിരുന്നു. എങ്കിലും മലയാള സാഹിത്യത്തെ ഹിമവാനോളം ഉയർത്തി, നവതിയും പിന്നിട്ട്‌, ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളെയും കലകളെയും സ്‌നേഹിക്കുന്നവരുടെയെല്ലാം ആദരം ഏറ്റുവാങ്ങിയാണ്‌ ആ സർഗജീവിതം വിടവാങ്ങുന്നത്‌. ഇക്കാലത്തിനെിടെ ഒരു ഇന്ത്യൻ സാഹിത്യകാരനും ചലച്ചിത്രകാരനും ലഭിക്കാവുന്ന മിക്കവാറും എല്ലാ ബഹുമതികളും പേനത്തഴമ്പുള്ള ആ കൈകൾ ഏറ്റുവാങ്ങി.

 
എം ടി വാസുദേവൻ നായർ ജനിക്കുമ്പോൾ പുന്നയൂർകുളം സ്വദേശിയായ അച്ഛൻ ടി നാരായണൻ നായർക്ക്‌ അന്ന്‌ സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലായിരുന്നു ജോലി. അക്കാലത്തെ മരുമക്കത്തായമനുസരിച്ച്‌ അമ്മയുടെ തറവാടടങ്ങുന്ന കൂടല്ലൂരാണ്‌ ബാല്യകൗമാരങ്ങളിൽ കഴിഞ്ഞത്‌. തറവാട്ടുഭാഗത്തിൽ വീടില്ലാതിരുന്നതിനാൽ ഒരു വല്യമ്മയുടെ വീട്ടുവളപ്പിലെ കൊട്ടിലിലായിരുന്നു ജീവിതം. പഠിക്കാൻ മിടുക്കനായിരുന്ന വാസുവിന്‌ എസ്‌എസ്‌എൽസിക്ക്‌ അക്കാലത്തെ അപൂർവനേട്ടമായ ഫസ്‌റ്റ്‌ക്ലാസ്‌ ഉണ്ടായിരുന്നിട്ടും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ ഒരുവർഷം കോളേജിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ ഏകനായിരുന്ന ആ ഒരുവർഷം കൂട്ടുകൂടിയ പുസ്‌തകങ്ങളാണ്‌ തന്നെ പുതിയ ലോകങ്ങൾ പരിചയപ്പെടുത്തിയതെന്ന്‌ എം ടി പലവുരു പറഞ്ഞിട്ടുണ്ട്‌. ആ വായനയുടെ അടിത്തറ ജീവിതത്തിൽ എന്നും വെളിച്ചമായി. പ്രായമായിക്കഴിഞ്ഞും കണ്ണിന്‌ ആരോഗ്യമുണ്ടായിരുന്ന കാലത്തോളം ദിവസം 300 പേജിലധികം ആ വായനക്കാരൻ വായിച്ചിരുന്നു.
 
സ്‌കൂൾവിദ്യാർഥി ആയിരിക്കുമ്പോൾ എഴുതിത്തുടങ്ങിയ എംടി രചനാലോകത്തേക്ക്‌ കടക്കുന്ന ആരെയും പോലെ കവിതയിലാണ്‌ ആരംഭിച്ചത്‌. എന്നാൽ വൈകാതെ കഥകളിലേക്ക്‌ കടന്നു. 15 വയസ്‌ തികയുംമുമ്പേ, പത്താംക്ലാസിൽ പഠിക്കുമ്പോൾ ആദ്യകഥ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്‌ മാസങ്ങൾക്ക്‌ മുമ്പ്‌ ഗുരുവായൂരിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം ദ്വൈവാരികയിൽ വന്ന ലേഖനമാണ്‌ വെളിച്ചംകണ്ട ആദ്യരചന. ‘പ്രാചീനഭാതരത്തിലെ വൈരവ്യവസായം’ എന്ന ആ ലേഖനം മതി അക്കാലത്തുതന്നെ എംടി ആർജിച്ചിരുന്ന അറിവിന്റെ വലിപ്പമറിയാൻ. ഒൻപത്‌ നോവലുകളടക്കം(ഒന്ന്‌ കൂട്ടുകാരൻ എൻ പി മുഹമ്മദുമൊത്ത്‌ എഴുതിയത്‌) അൻപതോളം പുസ്‌തകങ്ങളെഴുതിയ എംടി 60 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയും എഴുതി. നാല്‌ തിരക്കഥകൾക്ക്‌ ദേശീയ പുരസ്‌കാരം ലഭിച്ചു. 
 
ഏറ്റവും ചെറിയ പ്രായത്തിൽ ജ്ഞാനപീഠം ലഭിച്ച മലയാളിയാണ്‌ എംടി. സാഹിത്യത്തിലെ ആ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ 62 വയസ്‌ മാത്രം. കേരളം 2022ൽ ഏർപ്പെടുത്തിയ കേരളജ്യോതി പുരസ്‌കാരം ആദ്യം ലഭിച്ചത്‌ എംടിയ്‌ക്കാണ്‌. 2017ൽ ദേശാഭിമാനി സാഹിത്യപുരസ്‌കാരം ഏർപ്പെടുത്തിയപ്പോൾ അതിന്‌ ആദ്യം അർഹനായതും എംടി. കരൾരോഗം ഗുരുതരമായി ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ടതാണ്‌. രണ്ടാംജന്മം എന്നപോലെ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. വർഷങ്ങൾക്ക്‌ ശേഷം, നീണ്ട പഠനങ്ങൾക്കൊടുവിൽ, തന്റെ മാസ്‌റ്റർപീസായ ‘രണ്ടാമൂഴം’ മലയാളത്തിന്‌ സമ്മാനിക്കാൻ അതനുഗ്രഹമായി.
 
എംടിയുടെ ബീഡിവലി പ്രസിദ്ധമാണ്‌. എഴുതുമ്പോൾ പോലും ചുണ്ടിൽ എരിയുന്ന ബീഡിയുണ്ടാവുമായിരുന്നു. അതുപോലെ പ്രസിദ്ധമാണ്‌ എംടിയുടെ മൗനവും. ഉറ്റവരോടും അടുപ്പക്കാരോടും പോലും പലപ്പോഴും ഒരു മൂളലിലൊതുക്കും പറയാനുള്ളത്‌. എഴുത്തിലും ഒരു വാക്കുപോലും അധികാമാവാതെ ജാഗ്രത പുലർത്തി. നിറകുടം തുളുമ്പില്ല എന്ന ചൊല്ല്‌ പോലെ അറിവ്‌ ആ മഹാമനീഷിയെ വിനീതനാക്കി. ‘‘ലോകത്ത്‌ പല ഭാഷകളിൽ പലകാലത്ത്‌ എഴുതപ്പെട്ട മഹത്തായ കൃതികൾ വായിച്ചതുകൊണ്ട്‌ എന്റെ പരിമിതികൾ ഞാൻ മനസ്സിലാക്കുന്നു’’ എന്ന്‌ കലിക്കറ്റ്‌ സർവകലാശാലയുടെ ഡി ലിറ്റ്‌ ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ പറയാനായത്‌ അതുകൊണ്ടാണ്‌. അക്ഷരവഴിയിൽ മുമ്പേ നടന്നവരെയെല്ലാം ആദരപൂർവം ഹൃദയത്തിലേറ്റി. പിൻഗാമികൾക്കെല്ലാം തണലായി. ഇനി ആ അക്ഷരങ്ങൾ വരുംതലമുറകൾക്കും  വെളിച്ചമാവും.