സ്‌നേഹത്തിന്റെ തണൽ വൃക്ഷം; ആലങ്കോടിന്റെ ഓർമകളിലൂടെ...

Friday Jul 14, 2023
ആലങ്കോട്‌ ലീലാകൃഷ്‌ണൻ
എം ടി വാസുദേവൻ നായർ - ഫോട്ടോ: അജീബ് കോമാച്ചി

ഗ്രാമത്തിന്റെ  ഓർമകളിലേക്ക്‌ വരുമ്പോഴെല്ലാം  എം ടി എന്ന മനുഷ്യൻ  നമുക്കു വളരെ  അടുത്താണ്‌. ഇതെല്ലാം എന്റെ സ്വന്തം ജീവിതത്തിന്റെ  ഓർമകളും  അനുഭവങ്ങളുമാണല്ലോ  എന്നാശ്ചര്യപ്പെടുത്തിക്കൊണ്ട്‌  , നെഞ്ച്‌ കനം  കെട്ടിച്ചുകൊണ്ട്‌, കണ്ണു നനയിച്ചുകൊണ്ട്‌, നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും അരികത്ത്‌ അങ്ങനെയൊരു  എം ടി എപ്പോഴുമുണ്ട്‌...

ഞാൻ ആദ്യാക്ഷരം പഠിച്ച ആലങ്കോട്‌ ജിഎൽപി സ്‌കൂളിന്റെ മേൽഭാഗത്ത്‌, അട്ടേക്കു  ന്നിന്റെ നെറുകയിൽനിന്നുനോക്കിയാൽ ദൂരെ  ആനക്കര ‘നരിവാളൻ’കുന്ന്‌ കാണാം.  ‘നരിവാളൻ’ കുന്നിന്റെ അങ്ങേപ്പുറത്താണ്‌ എം ടി വാസുദേവൻനായരുടെ  ‘കൂടല്ലൂർ’ എന്നാദ്യമെനിക്ക്‌ പറഞ്ഞുതന്നത്‌ ഞങ്ങളുടെ ഹെഡ്‌മാഷായിരുന്ന എം ടി കുട്ടികൃഷ്‌ണൻമേനോൻ മാഷാണ്‌.

അദ്ദേഹമാണ്‌ എം ടിയുടെ ‘രക്തം പുരണ്ട മൺതരികൾ’  എന്ന കഥാപുസ്‌തകം എനിക്ക്‌ വായിക്കാൻ തന്നത്‌. എം ടിയുടെ കടുത്ത ആരാധകനായിരുന്നു മേനോൻ മാഷ്‌.
ചെറുപ്പകാലത്ത്‌ പല തവണ ഞാൻ അട്ടേക്കുന്നിന്റെ നെറുകയിൽനിന്ന്‌ കൂടല്ലൂരിന്റെ കാണാക്കാഴ്‌ചകളിലേക്ക്‌ ആരാധനാപൂർവം  നോക്കിനിന്നിട്ടുണ്ട്‌.

ആദ്യകാലത്ത്‌ ഞാൻ കഥകളെഴുതിയിരുന്നു. അന്നൊക്കെ എം ടിയാവണമെന്നായിരുന്നു മോഹം. ഞങ്ങളുടെ കഥകളൊക്കെ എം ടി എന്നേ എഴുതിക്കഴിഞ്ഞിരിക്കുന്നു എന്നറിയാൻ പക്ഷേ, വൈകി.
കോളേജിൽ പഠിക്കുന്ന കാലത്ത്‌ എംടിയുടെ ജ്യേഷ്‌ഠന്മാരുടെ മക്കൾ പലരും എന്റെ സഹപാഠികളായിരുന്നു. എം ടി ഗോവിന്ദൻനായരുടെ മകൾ ശൈലജയും കൊച്ചുണ്ണ്യേട്ടന്റെ (എം ടി എൻ നായർ) മക്കൾ അനിതയും അജിതയും. അവർ പറയുന്ന ‘ഉണ്ണിമാമ’ (എംടി) എന്നും സ്‌നേഹസമ്പന്നനായ ഒരു വീട്ടുകാരനായിരുന്നു.

കൂടല്ലൂരിലെ മലമക്കാവ്‌ അയ്യപ്പക്ഷേത്രക്കുളം

കൂടല്ലൂരിലെ മലമക്കാവ്‌ അയ്യപ്പക്ഷേത്രക്കുളം

എം ടിയുടെ ചെറിയമ്മയുടെ മകൻ,  കഥാകൃത്തായ എം ടി രവിയേട്ടനെയും ഞാൻ ചെറുപ്പത്തിലേ പരിചയപ്പെട്ടിരുന്നു. രവിയേട്ടന്റെ  മനസ്സിലും ‘ഉണ്ണ്യേട്ടൻ’ വളരെ  കരുതലും സ്‌നേഹവുമുള്ള കാരണവരാണ്‌.
എം ടിയെ അടുത്തു പരിചയപ്പെടാൻ പിന്നെയും വൈകി.

പക്ഷേ എം ടിയുടെ കഥകളിലെ ഭൂമിശാസ്‌ത്രത്തിലൂടെ അപ്പോഴേക്കും ഞാൻ പല തവണ നേരിട്ട്‌ തീർഥാടനം നടത്തിക്കഴിഞ്ഞിരുന്നു. കിഴക്കുമ്മുറിയും തെക്കുമ്മുറിയും പടിഞ്ഞാറ്റുമ്മുറിയും  വടക്കമ്മുറിയുമായി വിഭജിക്കപ്പെട്ടുകിടക്കുന്ന കൂടല്ലൂരിന്റെ, കൂമൻതോടുമുതൽ കൈതക്കാടുവരെ  നീണ്ട  പ്രദേശങ്ങൾ എന്റെ സ്വന്തം നാടുപോലെ ആയിക്കഴിഞ്ഞിരുന്നു.

ആലങ്കോടുനിന്ന്‌ കൂടല്ലൂരിലേക്ക്‌ പഴയകണക്കിൽ പന്ത്രണ്ടുനാഴികയാണ്‌. എന്റെ  മുത്തശ്ശിയും കൂട്ടുകാരും പുലർച്ചെ മൂന്നുമണിക്ക്‌ വീട്ടിൽനിന്ന്‌ പുറപ്പെട്ട്‌ കുന്നത്തുകാവും  കുന്നംകുളങ്ങരെക്കാവും  തൊഴുത്‌ കൊടിക്കുന്നത്തുവരെ പോയി വൈകുന്നേരത്തിനുമുമ്പ്‌ നടന്നു തിരിച്ചെത്തിയിരുന്ന കഥ, ഇളംപ്രായത്തിൽ ഞാൻ കേട്ടിട്ടുണ്ട്‌.

‘വാസ്വേട്ടൻ’ എന്നു വിളിക്കാവുന്ന വിധത്തിലുള്ള സ്‌നേഹവും അടുപ്പവുമുണ്ടായിക്കഴിഞ്ഞതിനുശേഷം ഒരിക്കൽ ഈ നടന്നുപോയിരുന്ന ദൂരങ്ങളുടെ കഥ പറയുന്നതിനിടയിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ എം ടി എന്നോടു ചോദിച്ചു:
‘നിങ്ങൾടവിടെ ആ കുന്നിൻപുറത്തൊരു വലിയ കുടക്കല്ലുണ്ടായിരുന്നത്‌ ഇപ്പോളവിടെയുണ്ടോ?’
പെട്ടെന്ന്‌ ആശ്‌ചര്യകരമായൊരു നിമിത്തം എന്റെ ഹൃദയത്തെ സ്‌പർശിച്ചു.

കുട്ടിക്കാലത്ത്‌ വളരെ അടുത്തായിരുന്നിട്ടും അകലെയായിത്തോന്നിച്ച ‘കൂടല്ലൂർ’ എന്ന മിത്തിനെ നോക്കി ഞാൻ നിന്ന ആ കുന്നിൻപുറത്തുതന്നെയായിരുന്നു ചരിത്രാതീത സ്‌മാരകമായ കുടക്കല്ല്.

കൂടല്ലൂരിലെ എംടിയുടെ തറവാട്‌

കൂടല്ലൂരിലെ എംടിയുടെ തറവാട്‌


ആ കുടക്കല്ലു കാണാനിടയാക്കിയ തന്റെ  ബാല്യകാല യാത്രകളെക്കുറിച്ച്‌ അന്ന്‌ വാസ്വേട്ടൻ കുറച്ചു വിസ്‌തരിച്ചുതന്നെ പറഞ്ഞു.

പുന്നയൂർകുളത്തെ അച്ഛന്റെ  വീട്ടിലേക്കായിരുന്നു ആഴ്‌ചതോറുമുള്ള ആ യാത്രകൾ. ജ്യേഷ്‌ഠന്മാരുടെകൂടെ, കുട്ടിയായ വാസു, ആനക്കരപ്പാടവും കുറ്റിപ്പാലപ്പാടവും കടന്ന്‌ കക്കിടിപ്പുറംവഴി ആലങ്കോടുകുന്നു കയറി മറിഞ്ഞ്‌ ചങ്ങരംകുളത്തങ്ങാടിയിലൂടെ, ആമയം പുഞ്ചകോൾപ്പടവ്‌ പിന്നിട്ട്‌ നാഴികകൾ നടന്നു പുന്നയൂർക്കുളത്തേക്കു പോവും. ആലങ്കോടുകുന്നത്ത്‌ തലയുയർത്തിനിന്ന വലിയ  കുടക്കല്ലും ചങ്ങരംകുളത്തങ്ങാടിയിൽ ഉമ്മമാർ ഉണ്ടാക്കിവെച്ചു വിറ്റിരുന്ന പത്തിരിയും ആ യാത്രയിലെ മരിക്കാത്ത ഓർമളകളാണ്‌. എം ടി പറഞ്ഞു:

‘‘ഈ കാഴ്‌ചകളൊന്നുമായിരുന്നില്ല ആ യാത്രകളുടെ  പ്രലോഭനം. തിരിച്ചുപോരുമ്പോൾ  അച്ഛമ്മ ഒരു സമ്മാനം തരും.  ചുളിവീഴാത്ത ഒരഞ്ചു രൂപ. അതായിരുന്നു ക്ലേശകരമായ ആ യാത്രകൾക്കുള്ള  പ്രേരണ’’.
അച്ഛമ്മ നല്ല കാര്യപ്രാപ്‌തിയുള്ള  സ്‌ത്രീയായിരുന്നു. പുലർച്ചക്കുമുമ്പെ  എഴുന്നേറ്റ്‌ പണിക്കാരെയും  കൂട്ടി ചെമ്മണ്ണൂർ ഭാഗത്തുള്ള കൃഷി നിലങ്ങളിലെല്ലാം  പോയിവരും. ശുദ്ധാശുദ്ധങ്ങളുള്ള കാലമായതുകൊണ്ട്‌ പുറത്തുനിന്നൊന്നും കഴിക്കുകയില്ല.

മൂത്ത മകന്റെ മക്കളോട്‌ വലിയ വാത്സല്യമായിരുന്നു അച്ഛമ്മക്ക്‌.

അച്ഛന്റെ വീട്‌ വലിയ വീടായിരുന്നു. എലിയങ്ങാട്ടുചിറക്കടുത്ത്‌ വലിയ തെങ്ങിൻപറന്പിനുനടുവിൽ പരന്നുകിടക്കുന്ന ആ വീടിനെപ്പറ്റി അഭിമാനമായിരുന്നു. മുകളിൽ കറുത്ത ചായം തേച്ച്‌ അഴികളിട്ട വരാന്തയിലേക്കു ഒട്ടുമാവിന്റെ ചില്ലകൾ  കടന്നുവരും. അച്ഛൻപെങ്ങന്മാരൊക്കെ രാവിലെ കോലോത്തുകാരുടെ ചിറയിൽ കളിച്ച്‌, ചന്ദനം തൊട്ട്‌ രണ്ടാം മുണ്ടും ധരിച്ച്‌ ഐശ്വര്യമായേ നടക്കൂ.

പുന്നയൂർക്കുളം അന്നൊക്കെ പരിഷ്‌കാരമുള്ളവരുടെ നാടാണ്‌. അവരുടെ നോട്ടത്തിൽ കൂടല്ലൂർക്കാരൊക്കെ അപരിഷ്‌കൃതരായിരുന്നു.
‘‘പുന്നയൂർക്കുളത്തെ അന്തരീക്ഷം വളരെ  റൊമാന്റിക്‌ ആയിരുന്നു. പെൺകുട്ടികൾ സുന്ദരികളുമായിരുന്നു’’.

എം ടി അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ  പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ ഞാൻ എനിക്കറിയാമായിരുന്ന  പഴയൊരു  പ്രേമകഥയിലെ, അക്കാലത്ത്‌ ജീവിച്ചിരുന്ന നായികയുടെ പേരു പറഞ്ഞു.

ഞാൻ പ്രതീക്ഷിച്ച കാർക്കശ്യം അപ്പോൾ  മുഖത്തു കണ്ടില്ല. എന്നു മാത്രമല്ല, ഏറെയേറെ പുതുക്കിപ്പണിഞ്ഞിട്ടും താൻ പണ്ടു പാർത്ത നാട്ടിൻപുറത്തെ പ്രണയത്തിന്റെ വീട്‌ തിരിച്ചറിയുന്നതുപോലെ, ഓർമയിൽനിന്നൊരു നേർത്ത ചിരി തെളിഞ്ഞു.
ചില ഗന്ധങ്ങളും സ്‌മൃതികളും തിരിച്ചുവരുന്നതുപോലെ.

‘‘അന്നൊക്കെ അടുത്തുകൂടി കടന്നുപോവുമ്പോഴുള്ള കാച്ചെണ്ണയുടെയും വാസനസോപ്പിന്റെ യും സുഗന്ധം. അതൊക്കെ മതി  പ്രണയത്തിന്റെ അനുഭൂതിക്ക്‌’’.കഴിഞ്ഞു.
അറിയാതെ തുറന്നുപോയ കൗമാര പ്രണയത്തിന്റെ  കിളിവാതിൽ അടച്ചുകളഞ്ഞു  എം ടി.

പിന്നീട്‌ പറഞ്ഞത്‌ പുന്നയൂർക്കുളത്തെ വേറെ ചില ഓർമകൾ.

മാവധിക്കുട്ടി

മാവധിക്കുട്ടി

നാലപ്പാട്ടു മുറ്റത്ത്‌ വീട്ടുകാർക്കും സ്വന്തക്കാർക്കും കാണാൻവേണ്ടി നാലപ്പാടൻ ‘വേശുവമ്മയുടെ വിശറി’പോലുള്ള നാടകങ്ങളൊക്കെ  എഴുതി അരങ്ങേറിയിരുന്ന കാലത്തെക്കുറിച്ച്‌. അച്ഛന്റെ  വീടിന്റെ അയൽപക്കത്തായിരുന്നു നാലപ്പാട്‌ തറവാട്‌. 

മാവധിക്കുട്ടി (കമല സുരയ്യ) എം ടിയുടെ  അച്ഛന്റെ മരുമകളായ  കാർത്ത്യായനിയോപ്പുവിന്റെ  സഹപാഠിയായിരുന്നു.

‘ആ സദസ്സിലൊന്നും പോവാൻ എനിക്കവസരമുണ്ടായിട്ടില്ല. നാലപ്പാടനെ  കണ്ടിട്ടുണ്ട്‌. കൈയുള്ള ബനിയനുമിട്ട്‌ നാലപ്പാട്ടെ പടിക്കൽ നിന്നിരുന്ന ആ പ്രൗഢമായ രൂപം ഓർമയിലുണ്ട്‌’.
അങ്ങനെ പുന്നയൂർ സ്‌മരണകൾ വാസ്വേട്ടൻ അന്ന്‌ അവസാനിപ്പിച്ചു. പിന്നീടൊരിക്കലും ആ വാതിൽ തുറന്നതുമില്ല.

ഇങ്ങനെ ചിലപ്പോൾ അപൂർവമായ ചില ഓർമകളുടെ അറകൾ വാസ്വേട്ടനിൽനിന്നു തുറന്നുകിട്ടിയിട്ടുണ്ട്‌. പലതും നേരത്തെ എഴുതിയതാണ്‌.

ഒരിക്കൽ ആകാശവാണി ആർക്കേവ്‌സിനു വേണ്ടി മൂന്നു മണിക്കൂർ നീണ്ട ഒരഭിമുഖത്തിന്‌ എം ടി  ഇരുന്നുതന്നു.  കുടിപ്പള്ളിക്കൂടത്തിൽ നാലാമത്തെ വയസ്സിൽ  എഴുത്തുപഠിപ്പിച്ച കോപ്പൻ ആശാന്റെ  മുഖത്തെ വസൂരിക്കലകളെക്കുറിച്ചുപോലും  അന്ന്‌ ഓർത്തു പറഞ്ഞു.

ഒരിക്കൽ ആകാശവാണി ആർക്കേവ്‌സിനു വേണ്ടി മൂന്നു മണിക്കൂർ നീണ്ട ഒരഭിമുഖത്തിന്‌ എം ടി  ഇരുന്നുതന്നു.  കുടിപ്പള്ളിക്കൂടത്തിൽ നാലാമത്തെ വയസ്സിൽ  എഴുത്തുപഠിപ്പിച്ച കോപ്പൻ ആശാന്റെ  മുഖത്തെ വസൂരിക്കലകളെക്കുറിച്ചുപോലും  അന്ന്‌ ഓർത്തു പറഞ്ഞു. ഗ്രാമത്തിന്റെ  ഓർമകളിലേക്കു വരുമ്പോഴെല്ലാം  എം ടി എന്ന മനുഷ്യൻ  നമുക്കു വളരെ  അടുത്താണ്‌.

ഇതെല്ലാം എന്റെ സ്വന്തം ജീവിതത്തിന്റെ  ഓർമകളും  അനുഭവങ്ങളുമാണല്ലോ  എന്നാശ്ചര്യപ്പെടുത്തിക്കൊണ്ട്‌, നെഞ്ച്‌ കനം കെട്ടിച്ചുകൊണ്ട്‌, കണ്ണു നനയിച്ചുകൊണ്ട്‌, നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും അരികത്ത്‌ അങ്ങനെയൊരു  എം ടി എപ്പോഴുമുണ്ട്‌.  ഗ്രാമത്തിലേക്കു നിരന്തരം മടങ്ങിവരാൻ  മോഹിക്കുന്ന സ്വത്വത്തിന്റെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളിലെല്ലാം  കോടിക്കണക്കിനു മലയാളികളോടൊപ്പം എം ടി ഇങ്ങനെ ജീവിച്ചുകൊണ്ടേയിരിക്കുന്നു.

നാലാപ്പാട്ട്‌  നാരായണ  മേനോൻ

നാലാപ്പാട്ട്‌ നാരായണ മേനോൻ

മറ്റു ചിലപ്പോൾ, ഞാൻ ബാല്യത്തിൽ കണ്ട കൂടല്ലൂർപോലെ, അടുത്തായിരുന്നാലും ഒരിക്കലും പൂർണമായറിയാൻ കഴിയാത്ത മിസ്‌റ്റിക്‌ സർഗാനുഭവംപോലെ  എം ടി വളരെ വളരെ  അകലെയാണ്‌. അപ്പോൾ അദ്ദേഹം  തീർത്തും അപരിചിതനാവും.  ഈ വിധത്തിൽ തിരിച്ചുവരുന്ന യാത്രകളായും  അകന്നുപോവുന്ന അലച്ചിലുകളായും ഓർമകൾ എം ടിയുടെ  സാംസ്‌കാരിക  സ്വത്വത്തിലന്തർഭവിച്ചു കിടക്കുന്നു. എവിടെപ്പോകുമ്പോഴും  നക്ഷത്രങ്ങൾ പൂത്തുനിറഞ്ഞ ഒരാകാശച്ചെരിവുപോലെ  ഓർമകൾ എം ടിയോടൊപ്പമുണ്ട്‌.

ഓർമകളുടെ  ആരോഹണാവരോഹണക്രമം  എം ടിയുടെ  ആന്തരികലോകത്തെ ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്നതിന്റെ വിസ്‌മയകരമായ താളക്രമമാണ്‌.

ഏഴരപ്പതിറ്റാണ്ടു കാലമായി മലയാളികളുടെ നാലു തലമുറകളെ ഈ താളക്രമം ബാധിച്ചിരിക്കുന്നു. അതിൽനിന്നിനിയും തലമുറകൾക്ക് മോചനമില്ല.

എത്ര ഉത്തരാധുനികമായി മുന്നേറിയാലും, ഒരു കടുത്ത ജീവിതപ്രതിസന്ധി  വരുമ്പോൾ തലമുറഭേദമില്ലാതെ മലയാളികൾ എം ടിയിലേക്കു തിരിച്ചുവരുന്നത് അതുകൊണ്ടാണ്.

എം ടിക്ക് ഓർമ, ജീവിത ജാഗ്രതയുടെ അടയാളം  കൂടിയാണ്.  ഗൃഹാതുരമായ ഓർമകളുടെ  സർഗാവിഷ്കാരങ്ങളിലൂടെ, സ്നേഹിക്കാനുള്ള  കഴിവു നഷ്ടമായിപ്പോവുമ്പോൾ  കൈമോശം വരുന്ന ഉൽക്കൃഷ്ടമായ  മനുഷ്യബന്ധങ്ങളെക്കുറിച്ചാണ് എം ടി നമ്മെ ഓർമപ്പെടുത്തിയത്. 

ആകാശമെത്തിപ്പിടിക്കാൻ വേണ്ടി  കുതിച്ച് ഭൂമി നഷ്ടപ്പെടുത്തിയവരായിരുന്നു എം ടിയുടെ  പല കഥാപാത്രങ്ങളും. 

ഇടശ്ശേരി

ഇടശ്ശേരി

എം ടിക്ക് ഗുരുസ്ഥാനീയനായിരുന്ന ഇടശ്ശേരിയെപ്പോലെ  എംടിയിലെ  ഗ്രാമീണൻ എന്തു നേടി എന്നതുപോലെ  പ്രധാനമാണ്  എന്തു നഷ്ടപ്പെട്ടു എന്നതും എന്ന്,  കാലത്തെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.

കാലം ഒരു പ്രധാന സ്വാധീന ശക്തിയാണെന്ന്  എംടിയുടെ സേതു മാത്രമല്ല തിരിച്ചറിയുന്നത്. ഒരു വണ്ടിയോ തോണിയോ തെറ്റിയതുകൊണ്ടും ഒരു ‍ഋതുപിഴച്ചതുകൊണ്ടും സാമൂഹിക നിയമങ്ങൾ മാറിയതുകൊണ്ടും രാഷ്ട്രീയ വിപ്ലവം സൃഷ്ടിച്ച പരിവർത്തനംകൊണ്ടും വഴിമാറിപ്പോയ  എത്രയോ ജീവിതങ്ങൾ   എം ടിയുടെ രചനകളിൽ ആവർത്തിച്ചുവന്നിട്ടുണ്ട്.

‘വളരും, വളർന്നു വലുതാവും’ എന്ന്  ആശിക്കുമ്പോൾത്തന്നെ നിഷേധവും  സാമൂഹ്യമാറ്റവുമില്ലാതെ പുരോഗതിയും വളർച്ചയുമില്ല എന്ന് അപ്പുണ്ണി തിരിച്ചറിയുന്നുണ്ട്.  നീതിനിഷേധിക്കുന്ന ഒരു വ്യവസ്ഥയോട്‌ പ്രതിഷേധിക്കുവാനാണ്  എംടിയുടെ കഥാപാത്രങ്ങൾ പലതും വ്യവസ്ഥവിട്ടു പോയത്.

എന്നാൽ വ്യവസ്ഥ വിട്ടുപോയവരൊക്കെ ബലവാന്മാരും വിജയികളുമായി തിരിച്ചുവരാനിടവരുന്ന ഒരു സാമൂഹിക പരിവർത്തനത്തെക്കുറിച്ച്  നേരിട്ടു പറയാതെ പറഞ്ഞ ആഴമേറിയ  രാഷ്ട്രീയ  ദർശനമാണ്  ഇന്നും എം ടിയെ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രബലനായ എഴുത്തുകാരനാക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിൽ, മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥയിൽ ജനിച്ചുവളർന്ന അനേകം മലയാളികളുടെ ആത്മകഥ എം ടി സാഹിത്യത്തിലും  സിനിമകളിലുമുണ്ട്. ഒപ്പം ആധുനിക ജീവിതം സൃഷ്ടിച്ചെടുത്ത അനുഭവത്തിന്റെ അനിശ്ചിതത്വങ്ങളുമുണ്ട്.  പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളായി അബോധപരമായി ഓർമയിൽ തിരിച്ചുവരുന്ന ഈ സാംസ്കാരിക നിമിഷങ്ങളെയാണ്  എം ടി സർഗാത്മകമായി  ആവിഷ്കരിച്ചത്.

കവിതയുടെ ധർമം അനുഷ്ഠിക്കുന്ന വിധത്തിൽ കഥകളെയും നോവലുകളെയും ചലച്ചിത്രങ്ങളെയും രൂപപ്പെടുത്തിക്കൊണ്ടാണ്‌  മനുഷ്യ പരിസരങ്ങളെ മുഴുവൻ സ്പർശിക്കുന്ന വിധത്തിൽ എം ടി സാഹിത്യം   പ്രവർത്തിച്ചത്.ഒരിക്കൽ ഒരു സംഭാഷണമധ്യേ  വാസ്വേട്ടൻ പറഞ്ഞു:

 ‘‘കഥാകാരൻ ഏതു തരത്തിലുള്ളവനാണെന്ന് നിങ്ങളന്വേഷിക്കേണ്ട. നിങ്ങൾക്ക് കഥയെ വിശ്വസിക്കാം’’.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ‘നിർമാല്യ’ത്തിന്റെ ചിത്രീകരണം കാണാൻ പിന്നാലെ നടന്നതുതൊട്ട് ഈ വലിയ എഴുത്തുകാരനെ  ഞാൻ പിന്തുടർന്നിട്ടുണ്ട്. എനിക്ക് ഇരുപത്തിയഞ്ചു വയസ്സുള്ള കാലംതൊട്ട്  എംടിയുമായി   അടുത്തിടപഴകുന്നുണ്ട്.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ‘നിർമാല്യ’ത്തിന്റെ ചിത്രീകരണം കാണാൻ പിന്നാലെ നടന്നതുതൊട്ട് ഈ വലിയ എഴുത്തുകാരനെ  ഞാൻ പിന്തുടർന്നിട്ടുണ്ട്. എനിക്ക് ഇരുപത്തിയഞ്ചു വയസ്സുള്ള കാലംതൊട്ട്  എംടിയുമായി   അടുത്തിടപഴകുന്നുണ്ട്.  ഒരുമിച്ചു യാത്രകൾ ചെയ്തു.  പല മാധ്യമങ്ങൾക്കു വേണ്ടിയും അഭിമുഖങ്ങൾ നടത്തി.

1993 മുതൽ തുഞ്ചൻ സ്മാരകത്തിൽ എം ടിയുടെ ഒരു കയ്യാളായി  ഒപ്പം നിന്നു പ്രവർത്തിച്ചുതുടങ്ങി.

എം ടി ഒന്നും ആവശ്യപ്പെടുകയില്ല. ഇഷ്ടാനിഷ്ടങ്ങൾ നേരിട്ട്  പ്രകടിപ്പിക്കുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ  മുഖപേശികളുടെ ചലനവും ബീഡി വലിയുടെ  വ്യംഗ്യസൂചനകളും  മനസ്സിലാക്കി, കാര്യം  ഗ്രഹിച്ചു കൂടെനിൽക്കാൻ കാലങ്ങളായി ശീലമാക്കി. ഓർമിക്കുവാൻ  വ്യക്തിപരമായി പലതുമുണ്ടെങ്കിലും ഒരനുഭവം മരണംവരെ മറക്കുകയില്ല.

ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും  സംഗമ സ്ഥാനം. കൂടല്ലൂരിൽ നിന്നുള്ള ദൃശ്യം

ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമ സ്ഥാനം. കൂടല്ലൂരിൽ നിന്നുള്ള ദൃശ്യം

1993ലാണ്  എന്റെ  ആദ്യപുസ്തകം ‘നിളയുടെ തീരങ്ങളിലൂടെ’ പുറത്തുവന്നത്‌.  കോട്ടയത്ത്  ഡി സി ബുക്സിന്റെ   വാർഷിക യോഗത്തിൽ തകഴി, നിത്യചൈതന്യയതിക്കു നൽകി  അതിന്റെ പ്രകാശനം നിർവഹിച്ചു. പൊന്നാനിയിൽവെച്ച് അതിന്റെ പുനഃപ്രകാശനം  എം ടിയെക്കൊണ്ട് ചെയ്യിക്കണമെന്ന് എന്റെ  സുഹൃത്തുക്കൾക്കു നിർബന്ധം.

എംടിയോട് അതാവശ്യപ്പെടാൻ  എനിക്കു ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും പുസ്തകത്തിന്റെ കോപ്പി ഞാനദ്ദേഹത്തിനയച്ചുകൊടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് എം ടിയുടെ ദീർഘമായ ഒരെഴുത്തുവന്നു:
‘‘പുസ്തകം ഞാൻ സുഖിച്ചു വായിച്ചു. Highly  readable.

ഈ പുസ്കകത്തെ ഒരു ബ്ലൂപ്രിന്റാക്കി വെച്ചുകൊണ്ട് നദിയെക്കുറിച്ച് കുറെക്കൂടി വിപുലമായ ഒരു പഠനം നടത്തണം. കേന്ദ്ര ഗവൺമെന്റിൽനിന്ന് ചില സ്കോളർഷിപ്പുകൾ ലഭിക്കും. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യാം.

എടപ്പാൾ താപ്പ്, കുളമുക്ക് താപ്പ് തുടങ്ങിയ നിളാതീരത്തെ പഴയകാല വാണിജ്യ ചരിത്ര സൂചനകളുണ്ട്.  അതൊക്കെ അന്വേഷിക്കാം.

അലൻമൂർ ഹെഡിന്റെ  ‘വൈറ്റ്‌നൈൽ’,  ‘ബ്ലൂനൈൽ’ എന്നിങ്ങനെ  രണ്ടു പുസ്തകങ്ങളുണ്ട്. മാതൃകയാക്കാവുന്നതാണ്.

ഇങ്ങനെ വിശദമായി വാസ്വേട്ടൻ എഴുതി. പൊന്നാനിക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ ധൈര്യം തന്നത് ആ എഴുത്താണ്.  ഞാനും പ്രിയ സുഹൃത്ത്

പി പി രാമചന്ദ്രൻ

പി പി രാമചന്ദ്രൻ

കവി പി പി രാമചന്ദ്രനും കൂടിയാണ് കോഴിക്കോട്ട് ചെന്ന് എം ടിയെ ക്ഷണിച്ചത്.

‘‘പൊന്നാനിക്ക് വന്നിട്ട് വളരെ കാലമായി. പക്ഷേ  രണ്ടു മാസം  നീണ്ട ഒരു യൂറോപ്യൻ യാത്ര പുറപ്പെടുകയാണ്’’.
അങ്ങനെ ഒഴിഞ്ഞുപറഞ്ഞെങ്കിലും യാത്ര കഴിഞ്ഞാൽ വരാമെന്ന സൂചനയുമുണ്ടായിരുന്നു ആ വാക്കുകളിൽ.

ഒടുവിൽ പൊന്നാനിയിൽ വന്ന് നിളയുടെ പുനഃപ്രകാശനം അദ്ദേഹം നിർവഹിച്ചു. യൂറോപ്പിൽനിന്ന് മടങ്ങുംവഴി എയർപോർട്ടിൽനിന്നു നേരെ  പൊന്നാനിക്കു വരികയായിരുന്നു. ഗംഭീരമായ പ്രഭാഷണമായിരുന്നു എം ടി ചെയ്തത്  (പി പി രാമചന്ദ്രൻ, മാതൃഭൂമി വാരാന്തപ്പതിപ്പിൽ ആ പ്രസംഗം   അന്ന് സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിരുന്നു).

അതൊന്നുമല്ല മറക്കാനാവാത്ത നിമിഷം.  പ്രസംഗം കഴിഞ്ഞ് ഒരു പുസ്തകം അദ്ദേഹമെനിക്ക് സമ്മാനമായി തന്നു.
 അലൻ മൂർഹെഡിന്റെ  ‘വൈറ്റ് നൈൽ’.

യാത്ര പുറപ്പെടുംമുമ്പുതന്നെ എനിക്കുവേണ്ടി അദ്ദേഹം തന്റെ  പുസ്തകശേഖരത്തിൽനിന്നെടുത്തു കരുതി വെച്ചതായിരുന്നു ആ പുസ്തകം.  അത്രയൊന്നും  അനിവാര്യമായ ഒരു കാര്യമല്ലാതിരുന്നിട്ടും  യാത്രയിലുടനീളം ആ പുസ്തകം കാത്തൂസൂക്ഷിച്ച്, ഓർത്തുവെച്ച് കൊണ്ടുവന്നു സമ്മാനിച്ചു.

ഈ കരുതലും വാത്സല്യവുമാണ് എനിക്ക് എന്നും വാസ്വേട്ടൻ. അതെത്രയോ ലഭിക്കാൻ ഭാഗ്യമുണ്ടായി.

എന്റെ  മകളുടെ വിവാഹത്തിന് സരസ്വതിടീച്ചറും കിളിമാനൂർ മധുവുമൊരുമിച്ച്  തലേന്നു വൈകുന്നേരം വന്ന് പിറ്റേന്ന് എല്ലാം കഴിഞ്ഞേ  മടങ്ങിയുള്ളു. മകന്റെ  വിവാഹത്തിനും വന്നു. കുഞ്ഞുണ്ണിമാഷ്  പുരസ്കാരമടക്കം പല പുരസ്കാരങ്ങളും എനിക്കു സമ്മാനിച്ചത് വാസ്വേട്ടനാണ്.

ഞാൻ ബാങ്കിൽനിന്ന്‌ റിട്ടയർ  ചെയ്തപ്പോൾ   നാട്ടുകാർ തുഞ്ചൻ പറമ്പിൽവെച്ച് നൽകിയ  സ്വീകരണത്തിൽ സുഖമില്ലാതിരുന്നിട്ടും വന്നു പങ്കെടുത്തു. നാട്ടിലേക്കുള്ള യാത്രകളിൽ പലതവണ എന്റെ വീട്ടിലും വന്നു.

ആലങ്കോട്‌ ലീലാകൃഷ്‌ണനും എം ടി വാസുദേവൻ നായരും

ആലങ്കോട്‌ ലീലാകൃഷ്‌ണനും എം ടി വാസുദേവൻ നായരും

ജീവിതത്തിൽ എനിക്കില്ലാതെപോയ ഒരു ജ്യേഷ്ഠനെപ്പോലെ വാസ്വേട്ടൻ എനിക്ക്  ഇപ്പോഴും സ്നേഹവും വാത്സല്യവും അനുഗ്രഹവും തന്നുകൊണ്ടിരിക്കുന്നു.
 വ്യക്തിജീവിതത്തിലും സാഹിത്യ ജീവിതത്തിലും ഒരു വലിയ തണൽ വൃക്ഷമാണ് എം ടി എന്ന സ്നേഹസ്വരൂപം.

ഇത് എന്റെ മാത്രം അനുഭവമാവില്ല. എംടിയുമായി  അടുത്ത ബന്ധം  പുലർത്തിയിട്ടുള്ള  അനേകം   പേർക്ക് ഈ അനുഭവമുണ്ടാകും. പുറമേക്ക്‌ പരുക്കനും വർത്തമാനത്തിൽ പിശുക്കനുമായ എം ടി എന്ന മനുഷ്യൻ അകത്തു കാത്തുസൂക്ഷിക്കുന്ന അളവില്ലാത്ത അലിവിന്റെ   അനുഭവങ്ങൾ ഒരിക്കലറിഞ്ഞവർക്ക്  ജീവിതത്തിലൊരിക്കലും അദ്ദേഹത്തിൽനിന്നു വിട്ടുപോവാനാവില്ല.

ഇരുചെവിയറിയാതെ  എത്രയോ പേരെ അദ്ദേഹം  ഭൗതികമായി സഹായിച്ചുകൊണ്ടിരിക്കുന്നുണ്ട്. പഠിക്കാൻ സാമ്പത്തിക സൗകര്യമില്ലാത്ത കുറെ കുട്ടികളെ പൂർണമായും സ്പോൺസർ ചെയ്‌തു പഠിപ്പിച്ചിരുന്നു. കുടുംബവൃത്തങ്ങളിലെ ധാരാളം പേരെ  നിരന്തരമായി സഹായിച്ചുകൊണ്ടിരുന്നത്  എം ടി രവിയേട്ടൻ ‘എം ടിയും കൂടല്ലൂരും’ എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്.

തുഞ്ചൻപറമ്പിൽ സ്ഥിരമായി എംടിയെ കാണാൻ വന്നിരുന്ന പ്രായമുള്ള ഒരാളെ ഓർക്കുന്നു.  എം ടിയെ ഒഴിഞ്ഞുകിട്ടുന്ന സമയം നോക്കി അവിടെയുമിവിടെയും പരുങ്ങി നിന്ന് എംടിയുടെ  മുറിയിലേക്ക് കയറി  പെട്ടെന്ന് തിരിച്ചിറങ്ങി  വരുന്നത് കാണാം. പണ്ട് എം ടിയോടൊപ്പം എപ്പോഴുമുണ്ടാവാറുള്ള, ഇൻകംടാക്സ്  വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന നാരായണേട്ടനോട്ട് ഒരിക്കൽ ഈ മനുഷ്യൻ ആരാണെന്നറിയാമോ  എന്നു ഞാനന്വേഷിച്ചു.

നാരായണേട്ടൻ പറഞ്ഞു:
‘‘പഴയൊരു സിനിമാ നിർമാതാവാണ്. വലിയ പണക്കാരനായിരുന്നു. സിനിമയെടുത്തു പാപ്പരായി. എല്ലാവരും കയ്യൊഴിഞ്ഞു. എം ടിയുടെ സഹായം കൊണ്ടാണിപ്പോൾ ജീവിക്കുന്നത്’.
ഇങ്ങനെ പലരുണ്ടാവും. വാസ്വേട്ടൻ അതൊന്നും പുറത്തറിയാനിഷ്ടപ്പെടാത്തതുകൊണ്ട് വിസ്തരിക്കുന്നില്ല.

എഴുത്തിൽ മാത്രം സ്‌നേഹമാവിഷ്കരിച്ച എഴുത്തുകാരനല്ല എം ടി വാസുദേവൻനായർ. പുറത്തു കാണാത്ത അഗാധമായ അലിവിന്റെ കടൽ  ആ ഹൃദയത്തിലുണ്ട്. പ്രകടനപരമായി സ്നേഹം കാണിക്കാനറിയില്ല.  പക്ഷേ സ്നേഹം  മാത്രമാണ് എം ടി.  ആരോടും പകയില്ല. വിദ്വേഷമില്ല.  അസൂയയില്ല, അസഹിഷ്ണുതയില്ല. ഒരിക്കലും പരദൂഷണം പറയില്ല. അഹന്താപൂർണമായ അവകാശവാദങ്ങൾ മുഴക്കില്ല. നിശ്ശബ്ദമായി, ഏറ്റക്കുറച്ചിലുകളില്ലാത്തൊരു  സ്നേഹസമുദ്രം.

സർവ്വഭൂത ഹൃദയത്വം  സമ്മാനിച്ച ഈ മഹാസ്നേഹം  എഴുത്തിലും സൂക്ഷിച്ചതുകൊണ്ടാണ് കോടിക്കണക്കായ  മനുഷ്യരുടെ   ഹൃദയത്തിൽ, എം ടിയെ വായിക്കുമ്പോൾ എന്നും അലിവും കാരുണ്യവും ആനന്ദവും   നിറഞ്ഞത്. വള്ളത്തോളിന്റെ പ്രശസ്തമായ  വരികളിൽ ഈ യുഗപ്രഭാവനായ  എഴുത്തുകാരനെ  ഇങ്ങനെ സംഗ്രഹിക്കാം;

‘‘പെരുത്ത നൂറ്റാണ്ടിനിടയ്‌ക്കൊരിക്കലീ
മരുപ്പറമ്പാമുലകത്തിലീശ്വരൻ
ഒരൊറ്റ വൃക്ഷത്തെ നടുന്നു, പാന്ഥരായ്
വരുന്നവർക്കുത്തമ വിശ്രമത്തിനായ്’’
തലമുറകൾക്ക് തണലായ  ഈ സർഗവംശ വൃക്ഷം ഇനിയും  ദീർഘകാലം നമുക്കു  തുണയാവട്ടെ.
വാസ്വേട്ടന് ആയുരാരോഗ്യ സൗഖ്യം മാത്രം പ്രാർഥിക്കുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്)