കഥയുടെ കൈവഴികൾ

Friday Jul 14, 2023
എം ടി വാസുദേവൻ നായർ
എം ടി വാസുദേവൻ നായർ - ഫോട്ടോ: ജഗത്‌ലാൽ

താളക്കേടുകളുടെ തിരകളും ചുഴികളുംകൊണ്ട് അസ്വസ്ഥമാണ് ജീവിതം. താളക്കേടുകളിലൂടെ താളാത്മകതയിലെത്തിച്ചേരാനുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരൻ നടത്തുന്നത്; പൂർണതയാണ് ലക്ഷ്യം. പക്ഷേ, ലക്ഷ്യത്തിലെത്തിച്ചേരുക എന്ന ഒരവസ്ഥയില്ല. ചക്രവാളമെന്നു കരുതിയ അകലത്തിലെത്തുമ്പോൾ അതുപിന്നെയും അകലെയാണ്.

ഗ്രാമത്തിൽ എനിക്കധികം കൂട്ടുകാരൊന്നുമില്ല. തനിയെ കളിക്കാവുന്ന ഒരു വിനോദം എന്ന നിലയ്ക്കാണ് ഞാൻ സ്വകാര്യമായി ഈ എഴുത്തുപണികളിൽ ഏർപ്പെട്ടിരുന്നത്. പത്രമാപ്പീസിലേക്ക് ബുക്ക് പോസ്റ്റ് അയക്കാൻ മുക്കാൽ അണയുടെ സ്റ്റാമ്പൊട്ടിക്കണം. മുക്കാലണ കിട്ടുന്നത് അത്ര എളുപ്പമല്ല. കൂടെ പഠിച്ച ചില കുട്ടികൾക്ക് കത്തയക്കാൻ എന്നൊക്കെ പറഞ്ഞ് അമ്മയെ ബോധ്യപ്പെടുത്തിയാണ്‌ കാശുവാങ്ങുന്നത്. വൈകുന്നേരം നടന്ന്‌ പോസ്റ്റാഫീസിന്റെ പരിസരത്തിലെത്തും.

തപാൽ വിതരണം അപ്പോഴാണ്. സീലടിച്ചുകഴിഞ്ഞാൽ വാതിക്കൽ നിന്ന്‌ പോസ്റ്റുമാസ്റ്റർ പേരുവിളിക്കും. കത്തുകൾ കാത്തുനിൽക്കുന്നവർ മുന്നോട്ടുവന്നുവാങ്ങും. ഞാൻ എപ്പോഴൊക്കെയോ ബുക്കുപോസ്റ്റിലയച്ച സാധനം അച്ചടിച്ച ഒരു മാസിക പേരുവിളിച്ച് എന്റെ നേർക്കും നീണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ്‌ ഞാൻ നിൽക്കുന്നത്. പക്ഷേ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.

ഒരുകൊല്ലം പഠിപ്പു നഷ്ടപ്പെട്ട ദുഃഖം എന്നെ അങ്ങനെയൊന്നും അലട്ടിയിരുന്നില്ല. അക്കിത്തത്തുമനയ്ക്കലിൽ നിന്നുകൊണ്ടുവരുന്ന പുസ്തകങ്ങൾ എന്നും എന്റെ കൂടെയുണ്ട്. എഴുതുകയും തൃപ്തിയാകാതെ വെട്ടിക്കളയുകയും വീണ്ടും എഴുതിത്തുടങ്ങുകയും ചെയ്ത കഥകളുടെ കടലാസുകൾ പത്തായപ്പുരയുടെ ചാരുപടിമേൽ എന്റെ തലയ്ക്കൽ ഭദ്രമായുണ്ട്. നിരന്തരമായ ഈ പരിശ്രമത്തിനിടയിലും ചില കഥകളൊക്കെ അച്ചടിച്ചുവന്നു. അടുത്തവർഷം കോളേജിലെത്തിയപ്പോൾ എന്റെ ഇരുമ്പുപെട്ടിയ്ക്കടിയിൽ അച്ചടിച്ച എന്റെ കൃതികളുള്ള ചില മാസികകൾ ഉണ്ടായിരുന്നു. മറ്റുള്ളവർ കാണാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ജയകേരളം കേരളത്തിൽ വലിയ അംഗീകാരമുള്ള പ്രസിദ്ധീകരണമായിരുന്നു. അതിൽ കുറച്ചു കഥകൾ വന്നു. കെ ബാലകൃഷ്ണന്റെ കൗമുദിയിൽ ഒരു ചെറുകഥ. പഠിപ്പുനഷ്ടപ്പെട്ട ഒരു കൊല്ലത്തെപ്പറ്റി ഞാൻ പിന്നീട്‌ ആലോചിച്ചതേയില്ല. കോളേജിലെ അവസാന വർഷത്തിലാണ്. മാതൃഭൂമിയുടെ ലോകകഥാമത്സരത്തിലേക്ക് ഞാനൊരു കഥ അയക്കുന്നത്. ബിഎസിക്ക് എന്റെ കൂടെ പഠിച്ചിരുന്ന അരവിന്ദാക്ഷന്റെ അമ്മാവൻ മാനേജരായ ഒരു സർക്കസ് കമ്പനി പാലക്കാട്ടുവന്നു കളിച്ചിരുന്നു. അരവിന്ദന്റെ കൂടെ പലപ്പോഴും സർക്കസ് കണ്ടു. ഞങ്ങൾക്ക് ടിക്കറ്റില്ലാതെ കയറാം. പിന്നെ ചിലപ്പോഴൊക്കെ പകൽ അവരുടെ കൂടാരങ്ങൾ സന്ദർശിച്ചു. മനോഹരമായ വേഷങ്ങളിൽ റിങ്ങിൽ പ്രത്യക്ഷപ്പെടുന്ന സർക്കസ് താരങ്ങളെ പകൽ കൂടാരങ്ങളിൽ കാണുമ്പോൾ അദ്ഭുതപ്പെട്ടുപോകും. പറയാതെ തന്നെ അവരുടെ ദൈന്യം മുഖങ്ങളിൽനിന്ന്‌ വായിച്ചെടുക്കാം. അവരുടെ ജീവിതത്തെപ്പറ്റി എഴുതിയ കഥയാണ് മത്സരത്തിനയച്ച 'വളർത്തുമൃഗങ്ങൾ.

മാസങ്ങൾക്കുശേഷം ആ കഥയ്ക്ക് സമ്മാനം കിട്ടിയിരിക്കുന്നു എന്ന്‌ ഞാൻ ദിനപ്പത്രത്തിൽ വാർത്തയായി വായിക്കുകയാണ്. മത്സരത്തിന് അങ്ങനെയൊരു കഥ അയച്ച കാര്യം തന്നെ ഞാൻ മറന്നിരിക്കുകയായിരുന്നു. പിന്നെയും കുറെ കഴിഞ്ഞാണ് സമ്മാനാർഹമായ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരുന്നത്. കഥ യെഴുത്തിൽ അതൊരു വഴിത്തിരിവായിരുന്നുവെന്നുപറയാം. 500 ഉറുപ്പികയാണ് സമ്മാനം. അത് അക്കാലത്ത്‌ വലിയൊരു സംഖ്യയാണ്. പല പ്രസിദ്ധീകരണങ്ങളിൽനിന്നും കഥകൾ ആവശ്യപ്പെട്ടുകൊണ്ട് കത്തുകൾ വരാൻ തുടങ്ങി. അതാണ് ഒരു വഴിത്തിരിവായതെന്ന് ഞാൻ പറയാൻ കാരണം. ചിലർക്കൊക്കെ കഥകളയച്ചു. അപൂർവം ചിലർ ചെറിയ പ്രതിഫലവും അയച്ചുതന്നു. ബിഎസ്‌സി കഴിഞ്ഞ് ജോലിക്കുവേണ്ടി അപേക്ഷകൾ അയക്കുന്ന കാലമാണ്. അതിനു പണച്ചെലവുണ്ട്. വല്ലപ്പോഴും കിട്ടുന്ന ഈ സംഖ്യ വലിയ ഉപകാരമായിരുന്നു.

കൂടല്ലൂർ അങ്ങാടി-ഫോട്ടോ വിപിൻ എടപ്പാൾ

കൂടല്ലൂർ അങ്ങാടി-ഫോട്ടോ വിപിൻ എടപ്പാൾ

പട്ടാമ്പി ഹൈസ്കൂളിൽ ലീവ് വേക്കൻസിയിൽ കുറെ മാസങ്ങൾ, പാലക്കാട്ട് എംബി ട്യൂട്ടോറിയലിൽ രണ്ടു വർഷം. ഇതിനിടക്കും കഥകൾ എഴുതിക്കൊണ്ടിരുന്നു. ‘56ൽ മാതൃഭൂമിയിൽ സബ്‌ എഡിറ്റർ ട്രെയിനിയായി നിയമനം കിട്ടി കോഴിക്കോട്ടേക്കു താമസം മാറ്റിയശേഷമാണ് ഞാൻ കൂടുതൽ കഥകളെഴുതിയത്.

രാവിലെ രണ്ടുമണിക്കൂർ ട്യൂഷനെടുക്കും. പത്തു മണിമുതൽ അഞ്ചരവരെ പത്രമാപ്പീസിൽ. ചില ദിവസങ്ങളിൽ ഏഴുമണിവരെയും ഇരിക്കേണ്ടി വരും. രാത്രി വായന, എഴുത്ത്. ഓണം വിശേഷാൽ പ്രതികളുടെ കാലത്ത്‌ പല പ്രസിദ്ധീകരണങ്ങളും കഥക്കുവേണ്ടി നിർബന്ധിക്കും. അങ്ങനെ രണ്ടും മൂന്നും കഥകൾ എഴുതേണ്ടിവന്ന മാസങ്ങളുണ്ട്. കുറെ കഴിഞ്ഞപ്പോൾ മറ്റു തിരക്കുകൾകൂടി എഴുത്തുകുറഞ്ഞു. ആവേശത്തോടെ എഴുതിത്തുടങ്ങുകയും കുറച്ചുകഴിയുമ്പോൾ ശരിയാകുന്നില്ല എന്ന് സ്വയം തോന്നുമ്പോൾ, അതുപേക്ഷിക്കുന്നു. വീണ്ടും അതുതന്നെ മറ്റൊരു രീതിയിൽ ആരംഭിക്കുന്നു. ചിലപ്പോൾ പകുതിയോളമെഴുതി ശരിയാകുന്നില്ലെന്നുതോന്നിയാൽ അതുവേണ്ടെന്നുവയ്ക്കുന്നു. മനസ്സിന്റെ കള്ളറകളിൽ കിടക്കുന്ന മറ്റേതോ ഒരു പ്രമേയം പുറത്തെടുത്തുരൂപപ്പെടുത്താൻ ശ്രമിക്കുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോകുന്നു. എഴുത്തുമാറ്റിവയ്ക്കാൻ ഓരോ കാരണം കണ്ടെത്തുന്നു.

നഗരത്തിലെ തിരക്ക്, ബഹളം. കോലാഹലങ്ങളൊന്നുമെത്താത്ത ഒഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത്‌ കുറെ ദിവസങ്ങൾ ഇരുന്നാൽ മനസ്സിലെപ്പോഴൊക്കയോ രൂപംകൊണ്ട ചില കഥകൾ എഴുതാൻ കഴിയുമെന്ന തോന്നൽ. ചിലപ്പോൾ അങ്ങനെ ചില സ്ഥലങ്ങൾ കണ്ടെത്തിയെന്നും വരും. അവിടെയെത്തി കുറച്ചു കഴിയുമ്പോൾ തോന്നുന്നു ഏകാന്തത വേണം. പക്ഷേ തൊട്ടപ്പുറത്തു കോലാഹലങ്ങളും വേണം. ഞാൻ അജ്ഞാതവാസം മതിയാക്കി നഗരത്തിലെ എന്റെ മാളത്തിലേക്കുതന്നെ തിരിച്ചുപോകുന്നു.

എഴുതണമെന്നുവച്ചുകൊണ്ടുനടന്ന പല കഥകളും ഇപ്പോഴും മനസ്സിന്റെ മൂലകളിലിരുന്ന് എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് പിറുപിറുക്കുന്നത്‌ ഞാൻ കേൾക്കുന്നു. പഴയ നോട്ടുപുസ്തകങ്ങളിൽ കുറെ പേജുകൾ എഴുതി, ഏതോ കാരണം കണ്ടെത്തി ഉപേക്ഷിച്ച കഥകളുടെ ആദിരൂപങ്ങൾ പഴയ കടലാസുകെട്ടുകൾ തിരയുമ്പോൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. അവയെ വീണ്ടെടുക്കാൻ പറ്റുമോയെന്നു പരിശോധിക്കാറില്ല. കാരണം ഒരു കഥ കഴിയുമ്പോഴേക്ക് മറ്റൊന്ന് എന്ന ആവേശത്തിൽ നടന്ന കാലത്തു ചിലതു വേണ്ടെന്നു വച്ചുവെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ടായിരിക്കണം. ഓർമയുടെ ഊടുവഴികളിൽ ചില നിഴൽപ്പാടുകളിൽ, എവിടെയൊക്കെയോ എന്നെ കാത്ത് ഇനിയും പല കഥാപാത്രങ്ങളും നിൽക്കുന്നുണ്ടെന്ന്‌ ഞാൻ വിശ്വസിക്കുന്നു. കടന്നുപോകുന്ന അജ്ഞാത പഥികരോട് അവർ പിറുപിറുക്കാറുണ്ട്. “കഥാകാരനെ വിശ്വസിക്കണമെന്നില്ല പക്ഷേ കഥയെ വിശ്വസിക്കൂ”. ഞാനും അതു കേൾക്കുന്നുണ്ട്.
കടപ്പെട്ടിരിക്കുന്നത്‌ കൂടല്ലൂരിനോട്‌
കുറെ വർഷങ്ങളായി ഞാൻ കഥയെഴുതി വരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്നു തിട്ടമായി എനിക്കറിഞ്ഞുകൂടാ. കാരണം, പല കാലത്തായി പല കഥകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യത്തിൽ പതിവുപോലെ പത്രമാസികകളുടെ ചവറ്റുകൊട്ടകളിൽത്തന്നെ. അച്ചടിച്ചുവന്നവയിലും പലതും നഷ്ടപ്പെട്ടു. പ്രസിദ്ധങ്ങളല്ലാത്ത പല മാസികകളിലുമായിരുന്നതുകൊണ്ട് അവ പിന്നീടു തേടിപ്പിടിക്കാൻ പറ്റിയില്ല.
ആദ്യമായി ഞാൻ പ്രസിദ്ധീകരിച്ചത് ഒരു ലേഖനമാണ്. പ്രാചീനഭാരതത്തിലെ രത്നവ്യവസായത്തെപ്പറ്റി. ഇത് 1947ലാണ്. ലേഖനങ്ങളെഴുതി നോക്കി, കവിതയെഴുതിനോക്കി, കഥയെഴുതിനോക്കി. അമ്പതുകളുടെ ആരംഭത്തിലാണ് എനിക്കു പ്രിയപ്പെട്ട, അഥവാ പ്രവർത്തിക്കാൻ രസംതോന്നുന്ന, സാഹിത്യരൂപം ചെറുകഥയാണെന്നു തീരുമാനിച്ചത്.
ഉവ്വ്, ചെറുകഥയോട് എനിക്കു പ്രത്യേകമായ ഒരു പക്ഷപാതമുണ്ട്. കവിത പോലെത്തന്നെ പൂർണതയിലേയ്ക്കെത്തിക്കാവുന്ന, അല്ലെങ്കിൽ പൂർണത ലക്ഷ്യമാക്കി പ്രവർത്തിക്കാവുന്ന, ഒരു സാഹിത്യരൂപമാണിത്. നോവലിൽ പലപ്പോഴും കാവ്യഭംഗിയില്ലാത്ത കുറെ ഭാഗങ്ങൾ ഡോക്യുമെന്റേഷനുവേണ്ടി എഴുതേണ്ടി വരും. നോവലിന്റെ വിസ്തൃതമായ ക്യാൻവാസിനകത്ത്‌ പലതും ഉൾക്കൊള്ളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകഥയ്ക്ക് ഒരു വാസ്തുശില്പ സൃഷ്ടിപോലെ ത്രിമാനങ്ങളിലുള്ള ഒരു സുന്ദരരൂപം നല്കാൻ സാധിക്കുന്നു. ചെറുകഥയിൽ ഒരു വാചകം. ചിലപ്പോൾ ഒരു വാക്കുതന്നെ അധികപ്പറ്റാവുന്നു. നോവലിൽ പേജുകൾ, ചിലപ്പോൾ അധ്യായങ്ങൾത്തന്നെ അധികപ്പറ്റായാലും സമഗ്ര വീക്ഷണത്തിൽ അതു രൂപഭംഗിയെ അത്രയേറെ ബാധിച്ചുവെന്നുവരില്ല.

താളക്കേടുകളുടെ തിരകളും ചൂഴികളുംകൊണ്ട് അസ്വസ്ഥമാണ് ജീവിതം. താളക്കേടുകളിലൂടെ താളാത്മകതയിലെത്തിച്ചേരാനുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരൻ നടത്തുന്നത്; പൂർണതയാണ് ലക്ഷ്യം. പക്ഷേ, ലക്ഷ്യത്തിലെത്തിച്ചേരുക എന്ന ഒരവസ്ഥയില്ല. ചക്രവാളമെന്നു കരുതിയ അകലത്തിലെത്തുമ്പോൾ അതുപിന്നെയും അകലെയാണ്. പിന്നിട്ടതിലുമധികം ദൂരത്തിൽ അകലെ. പക്ഷേ യാത്ര, അതിലെ എല്ലാ സങ്കീർണതകളും പ്രശ്നങ്ങളും വിജയങ്ങളും പരാജയങ്ങളും വെച്ചുകൊണ്ടുതന്നെ സംതൃപ്തി നല്കുന്ന ഒരനുഭൂതിയാണ്. അതാണെഴുത്തുകാരനെ തളർത്താതെ നയിക്കുന്ന ശക്തി.

എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുള്ളതിലുമധികം ഞാൻ കടപ്പെട്ടിരിക്കുന്നതു കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദൻകുട്ടിയു ടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച് മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, അമ്മ, ജ്യേഷ്ഠന്മാർ, ബന്ധു ക്കൾ, പരിചയക്കാർ, അയൽക്കാർ ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും. മറ്റൊരുനിലയ്ക്കു പറഞ്ഞാൽ എന്റെ തന്നെ കഥകൾ.

ഒരു തമാശയെന്നനിലയ്ക്ക്‌ ഞാനിടയ്ക്ക് ഓർത്തുപോകാറുണ്ട്. അമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, അച്ഛന്റെ വീട്ടിൽ നിന്നുവന്ന ശങ്കുണ്ണിയേട്ടനെ സൽക്കരിക്കാൻ എന്നെ പട്ടിണികിടത്തിയ കഥ വായിച്ചാൽ എന്തുതോന്നുമായിരുന്നു?

വർഷങ്ങൾക്കുശേഷം ഒരു കഥാപാത്രം, ഒരു സംഭവം, ഒരന്തരീക്ഷം പൊടുന്നനെ മനസ്സിലേക്കു കയറിവരുമ്പോൾ, മറ്റൊരീറ്റുനോവിന്റെ ആരംഭമാണീ നിമിഷമെന്നുകണ്ടെത്തുമ്പോൾ ആ വേളയിൽ വിവരിക്കാനാവാത്ത ഒരു നിർവൃതിയുണ്ട്, ആ നിർവൃതിക്കുവേണ്ടി നിതാന്തമായ അസ്വാസ്ഥ്യം പേറിനടക്കുമ്പോഴും എഴുത്തുകാരൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

തീവണ്ടിയെൻജിനുകളുടെ കോലാഹലത്തിൽ കിടിലം കൊള്ളുന്ന ഒരു പഴയ മാളികവരാന്തയിൽ ഇരിക്കേ, ഭ്രാന്തൻ വേലായുധേട്ടൻ ചെറുപ്പത്തിൽ വീട്ടിൽ കയറിവന്ന രംഗം പൊടുന്നനെ ഓർമിച്ചപ്പോൾ തോന്നിയ ആഹ്ലാദം ഞാനിപ്പോഴും അയവിറക്കുന്നു.
എന്റെ കഥകളെക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകൾ. അതു മുഴുവൻ എഴുതാൻ തുടങ്ങുന്നില്ല.

ഞാൻ പറഞ്ഞുവന്നതിതാണ്: കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തിനോടു ഞാൻ മാറിനിൽക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾക്കപ്പുറത്തുകടക്കില്ലെന്ന നിർബന്ധമുണ്ടോ എന്ന്‌ ചോദിക്കാം. ഇല്ല. വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്, പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേയ്ക്ക്‌ തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷേ അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം .

(തെരഞ്ഞെടുത്ത കഥകൾക്ക്‌ എഴുതിയ കുറിപ്പിൽ നിന്ന്‌)

(ദേശാഭിമാനി വാരികയിൽ നിന്ന്)