വിൽപ്പന
Friday Jul 14, 2023
എം ടി വാസുദേവൻ നായർ - ചിത്രീകരണം: സജിത്ത് പുതുക്കലവട്ടം
മഹാനഗരത്തിന്റെ ഭൂമിശാസ്ത്രം ഏറക്കുറെ അയാൾ പഠിച്ചുകഴിഞ്ഞിരുന്നു. ടെലിഫോണിൽ കേട്ട നിർദേശങ്ങൾ മനസ്സിലാക്കാൻ പ്രയാസമുണ്ടായിരുന്നില്ല. സിദ്ധിവിനായക ക്ഷേത്രത്തിനടത്ത് ഒരു ബസ്‌സ്റ്റോപ്പിൽ ഇറങ്ങി. ലഘുവായ ഒരന്വേഷണം നടത്തി. പടിഞ്ഞാറോട്ട് കടൽവക്കുവരെ എത്തുന്ന റോഡ്, അതുതന്നെയാണെന്ന് ഉറപ്പുവരുത്തിയശേഷം നടന്നു. ടെലിഫോണിലെ സ്ത്രീ ശബ്ദം കാറിലാണോ വരുന്നത് എന്ന് ചോദിച്ചപ്പോൾ സുനിൽ റോയ്, ടാക്സിയിൽ എന്നാണ് മറുപടി പറഞ്ഞത്. ആവശ്യമില്ലാത്ത ഒരു നുറുങ്ങ് ദുരഭിമാനം എന്ന് അയാൾ സ്വയം കുറ്റപ്പെടുത്തി.
ടാക്സിയിൽ വരുന്നവർക്കുള്ള നിർദേശങ്ങൾ റോഡുവഴിക്ക് വരുന്ന കാൽനടക്കാരനും ബാധകമാണല്ലോ. കോൺവെന്റ് ചുവയുള്ള ഇംഗ്ലീഷിൽ നേർത്ത സ്ത്രീശബ്ദം പറഞ്ഞത്. സീഫെയ്സ് റോഡിലേക്കുകടന്ന് പിന്നെയും ഒരു കിലോമീറ്റർ കഴിഞ്ഞാൽ വലതുഭാഗത്ത് വളരെയേറെ നിലകളുള്ള ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നതുകാണാം. അത് ശ്രദ്ധിക്കാതിരിക്കില്ല, ആരും. വലിയ ഫ്ളാറ്റുകളാണ് അതിൽ വരുന്നത്. പിന്നെയും ഒരഞ്ചുമിനിറ്റ് വന്നാൽ ഈ കെട്ടിടം കാണാം. പേർ സാഗര. ഓർമിക്കുക സാഗര, നാലാമത്തെ നിലയിൽ ഒമ്പതാം നമ്പർ ഫ്ളാറ്റ്.
“പേര്?”
“ആവശ്യമില്ല. സാഗര ഒമ്പതാം നമ്പർ ഫ്ളാറ്റ്’’.
ഗൃഹോപകരണങ്ങൾ വിൽക്കുന്നതുകൊണ്ട് ഉടമസ്ഥരുടെ പേര് പറയാൻ ചിലപ്പോൾ ഒരുനുറങ്ങ് ദുരഭിമാനം അവരെയും അനുവദിക്കുന്നുണ്ടാവില്ല.
മനസ്സിൽ കണക്കുകൂട്ടിയതിലേറെ ദൂരമുണ്ടായിരുന്നു. പല കെട്ടിടങ്ങൾക്കും കടലുമായി ബന്ധപ്പെട്ട പേരുകളായിരുന്നു. മരങ്ങളും അലങ്കാരച്ചെടികളും വളരുന്ന വലിയ കോമ്പൗണ്ടുകളിൽ നരച്ച വലിയ കെട്ടിടങ്ങൾ. അവസാനം വലതുഭാഗത്ത് പശ്ചാത്തലത്തിൽ അനേകനിലകളുള്ള ഒരു കെട്ടിടത്തിന്റെ അസ്ഥികൂടത്തിനുമുകളിൽ ഒരു കൂറ്റൻ ക്രെയ്‌നിനുതാഴെ മനുഷ്യരൂപങ്ങൾ
ഉറുമ്പുകളുടെ വലിപ്പത്തിൽ പണിയെടുക്കുന്നതുകണ്ടു. പിന്നെയും നടന്നപ്പോൾ സാഗര കണ്ടു, കൃത്യം. ഒരാൾക്ക് വഴി പറഞ്ഞുകൊടുക്കുന്നെങ്കിൽ ഇങ്ങനെ കണിശമായിത്തന്നെ വേണം.
പഴയ കെട്ടിടമായിരുന്നു. താഴെ വരാന്തയിൽ കൈമുട്ടുകളൂന്നി സ്റ്റെപ്പുകളിൽ ഇരിക്കുകയും കിടക്കുകയുമാണ് എന്ന് തോന്നുന്നവിധം മടുത്ത മുഖഭാവത്തോടെ കാവൽ ജോലി നടത്തുന്ന ഗൂർഖ ഒന്നിളകിയിരുന്നു. ആകപ്പാടെ ഒന്നു നോക്കിയെങ്കിലും ഒന്നും ചോദിച്ചില്ല.
ലിഫ്‌റ്റ് മുകളിലായിരുന്നു. ബെല്ലമർത്തിയശേഷം കാത്തുനിന്നു. മൂളിയും ഞരങ്ങിയും, പഴയ കെട്ടിടത്തിന്റെ നടുവിൽ കയറി ഇറങ്ങി തളർന്ന യന്ത്രം പുറപ്പെട്ട ശബ്ദം കേൾക്കാമായിരുന്നു. ലിഫ്‌റ്റ് തുറന്ന് കൈയിലും ചൂണ്ടിലും വെള്ളപ്പാണ്ടുകളുള്ള ഒരു മധ്യവയസ്കൻ ഒരു പെട്ടിയും തൂക്കി പുറത്തുകടന്നു.
അയാൾക്ക് താൻ ആദ്യം ജോലി ചെയ്തിരുന്ന പ്രതത്തിലെ കാഷ്യർ ഗോപാൽദത്തിന്റെ ഛായയുണ്ട് എന്ന് സുനിൽ ഓർത്തുപോയി. നാലാം നിലയിലെത്തി പുറത്തുകടന്നപ്പോൾ മൂന്നു വാതിലുകൾ കണ്ടു. ഒമ്പത് മുന്നിൽത്തന്നെ. പുറത്ത് ബോർഡുകളൊന്നുമില്ല. ഒരുപക്ഷേ, താഴത്ത് എല്ലാ നിലകളിലെ പാർപ്പുകാരുടെയും പേരുണ്ടായിരിക്കും. അത് നോക്കി വരാ മായിരുന്നു. പേർ പറഞ്ഞ് ഒരാളെ സംബോധന ചെയ്തുതുടങ്ങുന്നത് വില്പനയുടെയും വാങ്ങലിന്റെയും ശാസ്ത്രത്തിൽ പ്രയോജനമുള്ളതാണ്. സെയിൽസ് മാനേജരുടെ സ്റ്റഡിക്ലാസ്. ആ ശാസ്ത്രം വഴിപ്പെടാത്തതുകൊണ്ടാണല്ലോ അഞ്ചുവർഷം തയ്യൽ യന്ത്രം വിറ്റ് മടുത്ത സുനിൽ ചെറുപ്പത്തിലെ പ്രേമമായിരുന്ന പത്രപ്രവർത്തനത്തിലേക്ക് തിരിച്ചുവന്നത്.
അയാൾ ബെല്ലമർത്തി പുറത്തുനിന്നു. വാതിലിന്റെ മാന്ത്രികക്കണ്ണിലൂടെ തന്നെ ഇപ്പോൾ പരിശോധിക്കുന്നുണ്ടാവുമോ? പുറത്തെ ചെറിയ ഇടനാഴി പകലും ഇരുണ്ടുകിടന്നു. അകത്തുനിന്ന് നോക്കുന്നവർക്ക് ഒന്നും വ്യക്തമായി കാണില്ല എന്നുതോന്നുന്നു.
വീണ്ടും ബെല്ലമർത്തണോ എന്ന് സംശയിച്ചപ്പോൾ വാതിൽ പതുക്കെ തുറന്നു.
“ഞാൻ കുറച്ചുമുമ്പ് ഫോൺ ചെയ്തിരുന്നു. പേർ സുനിൽ റോയ്’’.
വാതിൽ മുഴുവൻ തുറക്കപ്പെട്ടു. നീല സാരിയുടുത്ത, നെറ്റിക്കുമുകളിൽ അൽപ്പം ഇഴകളിൽ നരയുടെ അടയാളമുള്ള നീണ്ടുമെലിഞ്ഞ ഒരു സ്ത്രീയാണ് മുന്നിൽ. മഞ്ഞയുടെ അംശം അൽപ്പം കലർന്നിട്ടുണ്ടെന്ന് തോന്നുന്ന വല്ലാത്ത വെളുത്ത നിറം.
“പ്ളീസ് കമിൻ”.
ടെലിഫോണിൽ കേട്ട സ്വരം തന്നെ.
“മൈ ഗോഡ്”. അവരുടെ സ്വരത്തിൽ പെട്ടെന്ന് ഒരു പരിഭ്രാന്തി കയറി “അതിൽ ചവിട്ടിയോ? അതിൽ ചവിട്ടിയോ?’’
അവർ താഴെ നോക്കി എന്തോ കുനിഞ്ഞെടുത്തു. ഒരു ചെറിയ കടലാസുപൊതി.
അവർ വിശദീകരിച്ചു. “പൂജയ്ക്കുള്ള പൂവാണ്. ജോലിക്കാരിയാണ് എടുത്തുവയ്ക്കാറ്. ചവിട്ടിയില്ലല്ലോ?”
“ഇല്ല”.
ഞാൻ അവരുടെ പിന്നിൽ അകത്തേക്കു നടന്നു.
“ഒരു മിനിറ്റ്. എക്സ്‌ക്യൂസ് മി. വേണമെങ്കിൽ ഇരിക്കാം”.
അവർ സ്വീകരണമുറിയിൽനിന്ന് വലതുവശത്തെ വാതിൽ തുറന്ന് അകത്തുകയറി. അത് പ്രധാന കിടപ്പുമുറിയാവണം. ഗൃഹനായകൻ പൂജിക്കുകയാണോ അതോ കുളിക്കുകയാണോ?
പുറത്തുനിന്ന് ഈ കെട്ടിടം കാണുമ്പോൾ എത്ര വിരൂപമായിരിക്കുന്നു. ഇവിടെ വന്നെത്തിയാലോ. ഫ്ളാറ്റ് എത്ര മനോഹരം! എതിർവശത്ത് വെനീഷ്യൻ ബ്ളൈൻഡുകൾ ഉയർത്തിവച്ച വലിയ ചില്ലുജാലകങ്ങളിൽ ഒരു പൊളി തുറന്നുകിടക്കുന്നു. കുളിർമയുള്ള കടൽക്കാറ്റ് അതിലൂടെ അകത്തുവരുന്നുണ്ട്. ഓട്ടുഭരണികളിൽ വളർത്തിയ വലിയ മണിപ്ലാന്റിന്റെ ഇലകൾ കാറ്റിൽ ഉലയുന്നു.
താൻ ജീവിതത്തിൽ ആരെങ്കിലുമായി ഒരു വൻനഗരത്തിൽ കഴിയുന്നുവെങ്കിൽ സജ്ജീകരിക്കേണ്ട ഫ്ളാറ്റിനെപ്പറ്റി ഇതുവരെ സുനിലിന് വളരെ അവ്യക്തസങ്കൽപ്പമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇതാ ഒരു വിശിഷ്ട മാതൃക മുന്നിൽ. എട്ടുപേർക്കിരിക്കാവുന്ന കറുത്ത തോൽ പൊതിഞ്ഞ സോഫാസെറ്റ്. അതിന്റെ മധ്യത്തിൽ കാർപ്പെറ്റ്. ഹൃദയാകൃതിയിൽ കണ്ണാടി പതിച്ച വലിയ ടീപ്പോയ്. ഓരോ സീറ്റിന്റെ സമീപത്തും വട്ടത്തിൽ കൊച്ചുവിരികളിട്ട ചെറിയ സ്കൂളുകൾ. എത്രയായിരിക്കും ഈ സംവിധാനത്തിന്റെ വില. വിലയെഴുതിവച്ചത് എത്രയെന്നറിയാൻ അയാൾ നോക്കി. അതു വില്പനയ്ക്കാവില്ല.
കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലെ അനുഭവത്തിൽ വലിയ വീടുകളിലെ വിൽപ്പനവസ്തുക്കൾ വേറെ കൂട്ടിവച്ചിരിക്കും. എല്ലാറ്റിലും വിലപേശൽ ഒഴിവാക്കാൻവേണ്ടി കാർഡുകളിൽ സംഖ്യ എഴുതിത്തൂക്കിയിരിക്കും. നോക്കാം. വേണമെങ്കിൽ വാങ്ങാം. ഇല്ലെങ്കിൽ മിണ്ടാതെ ഇറങ്ങിപ്പോകാം.
അകത്ത് മുറിയിൽ പൂജ നടക്കുകയല്ല, ഒരു ബ്യൂറോവിൽ മല്ലിടുകയാണ് അവരെന്നുതോന്നി. വാതിൽ കടന്നുവന്നതിനപ്പുറം വലതുഭാഗത്താണ് അടുക്കള. അതിന്റെ കൗണ്ടർ സ്വീകരണ മുറിയിലേക്കാണ്. അടുക്കളയിൽനിന്നുള്ള വിഭവങ്ങൾ കൗണ്ടറിൽനിന്നുവാങ്ങി അതിഥികൾക്ക് കൊടുക്കാം. അടുക്കളയുടെയോ പരിചാരികയുടെയോ അസുന്ദരമുഖങ്ങൾ വിരുന്നുകാർ കാണുകയുമില്ല. പണമുണ്ടായാൽമാത്രം പോരാ. അഭിരുചിയോടെ ജീവിക്കാനറിയണം: അച്ഛന്റെ തിരുമൊഴികളിലൊന്നായിരുന്നു അത്. പുതുപണക്കാരെ മുഴുവൻ പുച്ഛമായിരുന്ന അച്ഛന് അവരെപ്പറ്റിയുള്ള അപവാദകഥകൾ പറയുന്നതായിരുന്നു ഏറ്റവും വലിയ വിനോദം. കാസരോഗത്തിന് കഴിച്ചിരുന്ന കറുപ്പു വാങ്ങാൻ കൂടി കാശില്ലാതെ കഷ്ടപ്പെട്ടിരുന്ന അവസാനനാളുകളിൽപ്പോലും ഖദറിട്ടുകൊണ്ട് സായിപ്പിന്റെ മുമ്പിൽ ഇന്റർവ്യൂവിനുപോയ തന്റെ ധീരതയെപ്പറ്റി, എലിമെന്ററി സ്കൂൾ അധ്യാപകനായി നാൽപ്പത്തഞ്ച് രൂപയിലൊതുക്കിയ ജീവിതസമരത്തിനിടയ്ക്കും 1921ലെ കൊൽക്കത്ത സർവകലാശാലയുടെ ഒന്നാം ക്ലാസ് ബിഎ ബിരുദത്തിന്റെ ഉടമസ്ഥനായത് അദ്ദേഹം പലപ്പോഴും കൂട്ടുകാരോട് ആവർത്തിച്ചുപറഞ്ഞിരുന്നു.
തിരിച്ചുവന്ന ഗൃഹനായിക പറഞ്ഞു.
“ഒരു ബ്യൂറോ തുറക്കുന്നില്ല. നാശം’’.
മര്യാദയുടെ പേരിൽ ചോദിച്ചു:
'താക്കോൽ പോയോ? അതും വില്പനക്കാണോ?’
'താക്കോൽ ഇതുതന്നെ. ഞാൻ ഇന്നലെക്കൂടി തുറന്നതാണ്?”
‘‘ഞാൻ സഹായിക്കണോ?”
സംശയിച്ചുകൊണ്ടാണ് സുനിൽ ചോദിച്ചത്. സ്ത്രീകളെ സഹായിക്കുക, അവർക്കുവേണ്ട സേവനങ്ങൾ ചെയ്യുക, അത് നാട്യമല്ല; തന്റെ സ്വഭാവത്തിന്റെ ഭാഗമായി മാറിയതാണെന്ന് പലർക്കും അറിഞ്ഞുകൂടാ. അതുകൊണ്ട് ചെറിയ കാര്യങ്ങൾക്ക് പലപ്പോഴും വലിയ വ്യാഖ്യാനങ്ങൾ ഉണ്ടായി. ഷിവൽറിയല്ല ഷോവിനിസമാണ്. മൂടുപടമിട്ട മെയിൽ ഷോവിനിസമാണ് എന്നുവരെ ഗൗരി പറഞ്ഞു.
“പ്ലീസ് വിൽ യു?” അവർ താക്കോൽ തന്നു.
“എന്റെ ഭർത്താവ് മിനിഞ്ഞാന്നാണ് ഈ പരസ്യം അയച്ചത്. പിന്നെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ഒരൗദ്യോഗികയാത്ര വന്നുപെട്ടത്. ഞാനാണിപ്പോൾ ആകെ കുഴപ്പത്തിലായത്’’.
അവർ കിടപ്പറയുടെ വാതിൽ തുറന്നുവച്ച് ബ്യൂറോ കാണിച്ചുകൊടുത്തു. കിടപ്പറയിലെ പുതിയ എയർകണ്ടീഷൻ യന്ത്രം സുനിൽ ശ്രദ്ധിച്ചു. താക്കോൽ തുറ
ക്കാത്തപ്പോൾ ബലം പ്രയോഗിച്ചതുകാരണം വളഞ്ഞുപോയിരിക്കുന്നു. താൻ തോറ്റുപോകരുത് എന്ന പ്രാർഥനയോടുകൂടി അയാൾ അധ്വാനിച്ചുനോക്കി.
“സോറി. തുറക്കുന്നില്ല’’.
“പോട്ടെ, സാരമില്ല’’.
‘അത്യാവശ്യമുള്ള എന്തെങ്കിലും അതിനകത്ത്’
“അങ്ങനെയൊന്നുമില്ല’’.
അവർ വീണ്ടും സ്വീകരണമുറിയിലേക്കുവന്നു. അപ്പോൾ ടെലിഫോൺ ശബ്ദിച്ചു. അവർ അതെടുത്ത് സ്വന്തം നമ്പർ ഉരുവിട്ടു.
“അതെ ശരിയാണ് വന്നുനോക്കൂ. ഓരോന്നിന്റെയും വിലപറയാൻ... നിങ്ങൾ വന്നു നോക്കൂ. അതാണ് നല്ലത്. അവർ ഫോൺ താഴെവച്ചു പറഞ്ഞു:
“വെറുതെ ശല്യങ്ങൾ വരും. ഒരു വിൽപ്പനയും നടക്കില്ല. എന്നോടുപറയാതെയാണ് അദ്ദേഹം പരസ്യം കൊടുത്തത്. എന്നിട്ടും വരുന്നവരോട് ഞാൻ സംസാരിക്കണം. ആറരയ്ക്ക് തുടങ്ങിയതാണ് ടെലിഫോൺ കാളുകൾ.
സുനിൽ റോയ് തന്റെ ആവശ്യം ഓർമിച്ചു.
“വിൽക്കാനുള്ള സാധനങ്ങൾ?’’
ഇതൊക്കെത്തന്നെ. ഈ എല്ലാം വിറ്റൊഴിക്കുകയാണ്.
സോഫ. ആ സെറ്റ്, ഡൈനിങ് ടേബിൾ. കട്ടിൽ
‘നിങ്ങൾ ബോംബെ വിടുകയാവും അല്ലേ?'
“അടുത്തത് അഹമ്മദാബാദാണ്. ഭർത്താവിന് പ്രൊമോഷനും സ്ഥലംമാറ്റവും. നിങ്ങൾക്ക് എന്തൊക്കെയാണ് വേണ്ടത്?’’
സുനിൽ ആലോചിക്കുന്നപോലെ ഒരു നിമിഷം നിന്നു.
'പരസ്യത്തിൽ ഒരു ടൈപ്പ്റൈറ്റർ പറഞ്ഞിരുന്നു’.
'ഓ, അത് കൊടുത്തു. ഈ ബിൽഡിങ്ങിലെ ഒരാൾ രാവിലെ വന്നു. ശരിക്കുപറഞ്ഞാൽ അടുത്ത ഫ്ളാറ്റിലെ ജോലിക്കാരൻ. അവന്റെ അനുജന്, എവിടെയോ ഇരുന്ന് ഹർജികൾ ടൈപ്പുചെയ്തുകൊടുക്കുന്ന പണിയാണ്. പാവം.
അയാൾ സംശയിച്ചു. ഒരു പക്ഷേ ഈ മഹതി ദയ തോന്നി സംഭാവന കൊടുത്തിരിക്കും. ടൈംസ് വായിച്ച ഉടനേ പുറപ്പെട്ടിരുന്നെങ്കിൽ ആദായത്തിന് അത്
കിട്ടുമായിരുന്നു എന്നയാൾ മൗഢ്യത്തോടെ ഓർമിച്ചു.
“ഞാൻ, എനിക്ക് ടൈപ്പ്റൈറ്ററായിരുന്നു ആവശ്യം’’.
“അത് വളരെ പഴയ യന്ത്രമായിരുന്നു. അദ്ദേഹം ആദ്യം ജോലികിട്ടിയകാലത്ത് വാങ്ങിയത്’.
മറ്റു സാധനങ്ങളിലൊന്നിലും അയാൾക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഒരു രസത്തിന് ചോദിച്ചു: “ഈ സോഫാസെറ്റിന് എന്തു വില വരും?”
“ഇത്...” അവർ ആലോചിച്ചു. എന്നിട്ട് വലതുചെവിക്കുമുകളിൽ മാന്തിക്കൊണ്ട് ഏതാനും നിമിഷങ്ങൾ നിന്നു’’. “എവിടെപ്പോയി ആവോ ആ കടലാസ്?”
അവർ ഒരു കടലാസ് തിരയാൻ തുടങ്ങി. അതിനിടയ്ക്ക് പറഞ്ഞു: എനിക്കറിയാം. ശരിക്കുവേണ്ടത് ഇതിലൊക്കെ വില എഴുതി തൂക്കുകയാണ്. വരുന്ന ആളുകൾക്ക് ശല്യമില്ലാതെ കഴിഞ്ഞു. ആരും ഒന്നും വാങ്ങുമെന്ന് കരുതിയിട്ടില്ല. ഇന്നലെ പോകാൻ നിൽക്കുമ്പോൾ പരസ്യത്തിന്റെ കാര്യം ഓർമിപ്പിച്ചപ്പോൾ ഒരു തുണ്ട് കടലാസ്സിൽ എന്തോ എഴുതിവയ്ക്കുന്നതു കണ്ടു. അവർക്ക് അവസാനം ഒരു പുസ്തകത്തിനിടയിൽനിന്ന് കടലാസ് കണ്ടുകിട്ടി.
‘ദാ, ഇവിടെയുണ്ട്. നോക്കട്ടെ. സോഫാസെറ്റ്... നാലായിരം’. അയാൾ തന്റെ അമ്പരപ്പ് പുറത്തുകാട്ടിയില്ല.
“കൊൽക്കത്തയിലായിരുന്നപ്പോൾ ഓർഡർ ചെയ്തുണ്ടാക്കിച്ചതാണ്. അതിലധികമൊക്കെ ചെലവായിട്ടുണ്ടാവും. പക്ഷേ, നാലായിരം ഇട്ടാൽ ആരെങ്കിലും വാങ്ങുമോ? എനിക്ക് സംശയമാണ്. നാലായിരം വളരെ കൂടുതലാണ്, അല്ലെ?
ചിത്രീകരണം: സജിത്ത് പുതുക്കലവട്ടം
അവർ പറഞ്ഞുതുടങ്ങുന്നത് തട്ടിത്തടഞ്ഞു, സാവധാനത്തിലാണ്. പിന്നെ പെട്ടെന്ന് വളരെ വേഗത്തിലാവുന്നു.
'അല്ലേ?’
അയാൾ ചിരിക്കാൻ ശ്രമിച്ചു. എന്നു തോന്നുന്നു.
“മിസ്റ്റർ പരേഖിന്. എന്റെ ഭർത്താവിന് ഇതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി തോന്നുന്നുണ്ട് ഇപ്പോൾ. നിങ്ങൾ വാങ്ങുന്നില്ലല്ലോ. ഇതൊക്കെ ഇപ്പോഴും ബാൻഡ് ന്യൂപോലെ തോന്നുന്നില്ലേ.
“തീർച്ചയായും’’.
“നിങ്ങൾ ബോംബെക്കാരനാണോ?”
അല്ല, കൊൽക്കത്ത
“ബംഗാളി?”
“അതേ മാഡം’.
അവരുടെ മുഖത്ത് പൊടുന്നനെ ഒരാവേശത്തിന്റെ അല പടരുന്നത് അയാൾ കണ്ടു.
“എനിക്ക് ബംഗാളികളെ ഇഷ്ടമാണ്. എന്റെ കൂട്ടുകാരിൽ അടുത്ത കൂട്ടുകാരിൽ അധികവും ബംഗാളികളാണ് ഓ, കൊൽക്കത്ത, എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലം കൊൽക്കത്തയാണ്. ആളുകൾ എന്തുപറഞ്ഞാലും ശരി കൊൽക്കത്തയാണു ഇന്ത്യയിലെ ഏറ്റവും നല്ല നഗരം. ഈ ബോംബെയിൽ എന്തുണ്ട്?”
അയാൾ ചിരിക്കാൻ ശ്രമിച്ചു, കൊൽക്കത്തയും തന്റെ ഭാഗമായ മുറിവുകൾ തനിക്ക് ഏൽപ്പിച്ചിട്ടുണ്ടെന്ന കാര്യം അയാൾ ഓർമിച്ചു. രക്ഷപ്പെടുകയാണെന്ന് തോന്നി ഡൽഹിയിലെത്തി; പഴയ പ്രത്രമാപ്പീസിൽനിന്ന് ഗൗരിയിൽനിന്ന്. ക്ഷതങ്ങൾ ഏൽപ്പിക്കുന്ന കാര്യത്തിൽ ഒരു വൻനഗരവും മറ്റേതിന്റെ പിന്നിലല്ല. ഇത് മൂന്നാമത്തെ നഗരമായിരുന്നു അയാൾക്ക്.
“ഞാനിവിടെ മൂന്നുമാസം ആയിട്ടേ ഉള്ളൂ’.
“നിങ്ങൾക്കു മനസ്സിലാകും. കുറച്ച് കഴിയട്ടെ, എല്ലാ ചൈതന്യവും ഈ ബോംബെ വലിച്ചുകടിക്കും. ഇവിടെ വന്നപ്പോഴാണ് നോക്കൂ, എന്റെ മുടി നരയ്ക്കാൻ തുടങ്ങിയത്’’.
അവർ നെറ്റിയുടെ നടുവിൽ മുകളിൽ തെന്നിത്തെറിച്ചുനിൽക്കുന്ന നരച്ച മുടികൾ ഒതുക്കി.
“ഇവിടെ താമസിച്ചവർക്ക് ബോംബെ വിട്ടുപോവാനിഷ്ടമില്ലത്രെ. എനിക്ക് ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ ഓടണം. അഹമ്മദാബാദ് എങ്ങനെ?”
അയാൾ തന്റെ അജ്ഞത സമ്മതിച്ചു.
“അറിയില്ല. ഞാൻ ഒരിക്കലും പോയിട്ടില്ല.
“ഇതിലും ഭേദമാവും ഉറപ്പ്. കൊൽക്കത്തയിലെ എന്റെ ഫ്ളാറ്റ്. ആ ലെയ്‌ക്ക് റോഡിലെന്തൊരു ശാന്തതയാണ്.
അയാൾ അർഹിക്കുന്ന ഒരു പ്രശംസ പറയാമെന്നുവച്ചു. “ഇതൊരു നല്ല ഫ്ളാറ്റല്ലേ? അപ്പുറം കടൽ. നല്ല കാറ്റ്’’.
അപ്പോൾ ടെലിഫോൺ ശബ്ദിച്ചു.
“ഇന്നു മുഴുവൻ ഈ ശല്യമുണ്ടാവും’' എന്ന് പിറുപിറുത്ത് അവർ ടെലിഫോണിനടുത്തേക്കുനീങ്ങിയപ്പോൾ വാതിലിന്റെ മണി ശബ്ദിച്ചു.
അവർ അഭ്യർഥിച്ചു: “പ്ലീസ്”
പിന്നെ ശുദ്ധമല്ലാത്ത ബംഗാളിയിൽ പറഞ്ഞു: “പാർടികളാവും ഒന്ന് എനിക്കുവേണ്ടി സംസാരിക്കൂ’’.
എന്റെ ഭാഷ ഉപയോഗിച്ചത് സ്വാതന്ത്ര്യം എടുക്കുന്നതിന്റെ ന്യായീകരണമാണോ? അയാൾക്ക് തമാശതോന്നി. പഴയ ടൈപ്റൈറ്റർ വാങ്ങാൻ വന്ന ആൾ വീട്ടുകാരന്റെ ഭാഗം അഭിനയിക്കാൻ പോവുകയാണോ?
വാതിൽ തുറന്നപ്പോൾ, വെളുത്ത സഫാരി സൂട്ടിട്ട് ഒരു ഉയരം കുറഞ്ഞ കണ്ണടക്കാരനും സീമന്തരേഖയിൽ മുഴുക്കെ സിന്ദൂരം വിതറിയ ഒരു തടിച്ച സ്ത്രീയുമായിരുന്നു. മധ്യവർഗത്തിലെ ഉയർന്ന വിഭാഗം. അയാൾ മനസ്സിൽ വ്യാഖ്യാനിച്ചെടുത്തു. ഭാര്യയും ഭർത്താവുമാണ്. കുറെക്കഴിയുമ്പോൾ ഭാര്യാഭർത്താക്കന്മാരുടെ മുഖവും ഭാവവും ഒരേപോലെ ആകുമായിരിക്കും.
ഉത്തരേന്ത്യൻ ചുവയില്ലാത്ത ഇംഗ്ലീഷിൽ ഭർത്താവ് അന്വേഷിച്ചു. ‘ഞങ്ങൾ പരസ്യം കണ്ട ആ സ്ഥലം ഇതുതന്നെയല്ലേ?'
പിന്നിൽ ടെലിഫോണിൽ മിസിസ് പരേഖ് വീട്ടുവസ്തുക്കളെപ്പറ്റി പറയുകയായിരുന്നു. മറുപുറത്തെ ആൾ ഫോണിലൂടെ എല്ലാം അറിയണമെന്ന വാശിക്കാരനാണ് എന്നുതോന്നി.
അയാൾ വിൽപ്പനക്കാരന്റെ ഭാവത്തിൽ ചിരിവരുത്തിക്കൊണ്ടുപറഞ്ഞു: “ഇതുതന്നെ. വരൂ അകത്തുവന്നു നോക്കൂ. സ്വാഗതം’’.
“എന്തൊക്കെയാണ്?’'
സോഫാസെറ്റും ഡൈനിങ് ടേബിളുമൊക്കെ ഉൾപ്പെടുന്ന ഒരർധവൃത്തം കൈകൊണ്ട് വായുവിൽ വരച്ച് സുനിൽ റോയ് പറഞ്ഞു: “ഇതൊക്കെ’’.
അപ്പോൾ മിസിസ് പരേഖ് ടെലിഫോണിനോട് ഉറക്കെ പൊട്ടിച്ചിരിച്ചു. ടെലിഫോൺ പൊത്തിപ്പിടിച്ച് അവർ അയാളെ നോക്കിപ്പറഞ്ഞു, ബംഗാളിയിൽ “കട്ടിലിന് ആയിരം ഉറുപ്പിക വിലപറഞ്ഞപ്പോൾ അവൻ ചോദിക്കുന്നു എന്താണിത്’’ “സ്പെഷൽ’ എന്ന്? വേറെ വല്ലതും കൂടിയുണ്ടാവുമോ കട്ടിലിൽ എന്നാണറിയേണ്ടത്?”
അയാൾക്ക് ചിരിവന്നില്ല. ആഗതരെ സ്വീകരണമുറിയിലേക്ക് ആംഗ്യംകൊണ്ടുക്ഷണിച്ചു.
മിസിസ് പരേഖ് ടെലിഫോൺ വീണ്ടും ഉയർത്തി പറഞ്ഞു: “ഞാനിവിടെ ഒരു ഫ്രണ്ടിനോട് ചിരിച്ചതാണ്. നിങ്ങൾ വന്നുനോക്കി ഇഷ്ടമുണ്ടെങ്കിൽ എടുത്തോളു.
വാങ്ങാൻ വന്ന സ്ത്രീ ചോദിച്ചു: “നിങ്ങൾ ബംഗാളികളാണല്ലേ?” അയാൾ ‘അതെ' എന്ന അർഥത്തിൽ തലയാട്ടി. അവരുടെ ശ്രദ്ധ ഡൈനിങ് ടേബിളിലായിരുന്നു. എട്ടുപേർക്കിരിക്കാവുന്ന ഓവൽ ആകൃതിയിലുള്ള മേശ. ചാരിയിരിക്കാവുന്ന കടഞ്ഞകാലുള്ള കസേരകൾ.
“ഇതിന്റെത് ?”
മിസിസ് പരേഖ് കൈയിലെ കടലാസ് അയാൾക്കു കൂടി നോക്കാവുന്ന വിധം നിവർത്തിപ്പിടിച്ച് അരികത്തേക്കു നിന്നു. മിസ്റ്റർ പരേഖിന്റെ കൈയക്ഷരം വായിക്കാൻ കുറച്ച് പ്രയാസപ്പെടണം, ഡൈനിങ് ടേബിൾ, ബ്രാക്കറ്റിൽ എട്ടു കസേരകൾ, എന്നതിനുനേരെ എഴുതിയ വില പറയാൻ അയാൾക്ക് അൽപ്പം ജാള്യത തോന്നി.
മിസിസ് പരേഖ് ആ വരിയുടെ താഴെ ക്യൂട്ടക്സിന്റെ അവശിഷ്ടങ്ങൾ ഉള്ള ചൂണ്ടുവിരലിന്റെ നഖമോടിച്ച് നിശ്ശബ്ദമായി അയാളെ പ്രേരിപ്പിച്ചു.
അയാൾ പറഞ്ഞു: “ആറായിരം’’.
ഒരു ഫലിതം കേട്ട ഭാവത്തിൽ വക്രിച്ച മന്ദഹാസത്തോടെ സ്ത്രീ പുരുഷനെ നോക്കി.
അദ്ദേഹം സുനിൽ റോയിയെ ചൂഴ്ന്നെടുക്കുന്നപോലെ നോക്കിക്കൊണ്ട് ചോദിച്ചു:
“ശരിക്കും?”
വില്പനക്കാരന്റെയോ താല്ക്കാലിക ഗൃഹനാഥന്റെയോ ഭാഗത്തിൽ അങ്ങനെ തോറ്റുകൊടുക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ട് അയാൾ ഗൗരവത്തിൽ ചോദിച്ചു: “പുതിയതാണ്. ഒരുകൊല്ലംമുമ്പ് പ്രത്യേകം ഓർഡർ കൊടുത്ത് പണി ചെയ്യിച്ചത്. ഇപ്പോൾ ഈ സെറ്റുണ്ടാക്കാൻ എത്ര വരുമെന്നാണ് താങ്കൾ കരുതുന്നത്?”
സ്ത്രീയാണ് മറുപടി പറഞ്ഞത്. “ശരിയായിരിക്കാം. പക്ഷേ, സെയിലിനുവരുന്നത് ആദായത്തിൽ കിട്ടാൻ വേണ്ടിയാണല്ലോ”.
ഭർത്താവ് മറ്റൊരു ഫലിതം കൂടി കേൾക്കാൻ തയ്യാറാണ് എന്ന ഭാവത്തിൽ ചോദിച്ചു:
“ഈ സോഫാസെറ്റിന് എന്തുവേണം?”
കടലാസിലെ വില കണ്ടുകൊണ്ടുതന്നെ മിസിസ് പരേഖ് കൂട്ടിപ്പറഞ്ഞു: “അയ്യായിരം.”
അയാൾ മിസിസ് പരേഖിനെ നോക്കി.
അവർ തെറ്റിപ്പറഞ്ഞതല്ല എന്ന് ബോധ്യമായി.
ഭാര്യയും ഭർത്താവും സ്വീകരണമുറിയുടെ മൂലയിലേക്ക് മാറിനിന്ന് എന്തോ സ്വകാര്യം പറഞ്ഞു. പിന്നെ തിരിച്ചുവന്നു. സ്ത്രീ ഹാൻഡ് ബാഗിൽനിന്ന് ഒരു വിസിറ്റിങ്ങ് കാർഡ് കൈയിലെടുത്ത് എന്റെ നേരെ നീട്ടിപ്പറഞ്ഞു:
'ഞങ്ങളുടെ കാർഡ്, ഡൈനിങ്ങ് ടേബിളിന്റെ വിലയ്ക്ക് വല്ല മാറ്റവും വരുന്നുണ്ടെങ്കിൽ ഈ നമ്പറിൽ ഒന്ന് വിളിച്ചാൽ ഉപകാരം”. മിസിസ് പരേഖിന്റെ നേരെ ഒന്നു ചിരിച്ച് തല ചെരിച്ച് അവർ പുറത്തുകടന്നു. കൂടെ ഭർത്താവും.
അയാൾ കാർഡിൽ നോക്കി. ധരാധറും ഭാര്യയും. രണ്ടുപേരും വിദേശ ബിരുദങ്ങളുള്ള ഡോക്ടർമാരാണ്.
മിസിസ് പരേഖ് കാർഡ് വായിച്ചു പറഞ്ഞു:
“ഡോക്ടേഴ്സ്... സ്വന്തം ക്ലിനിക്ക്. പണമുണ്ടാക്കുന്നുണ്ടാവണം. രണ്ടുപേരും ഡോക്ടർമാരായാൽ കുടുംബജീവിതം എങ്ങനെ ഇരിക്കുമാവോ! ശരീരത്തിന്റെ ഒരു രഹസ്യവും ഒളിപ്പിക്കാനാവില്ലല്ലോ. അല്ലേ?”
അയാൾ കൃത്യമായ ഒരു മറുപടി കിട്ടാത്തതുകൊണ്ട് ഒഴുക്കൻ മട്ടിൽ പറഞ്ഞു: 'എന്തോ!'
അയാൾ നാടകത്തിൽ തന്റെ ആവശ്യം തീർന്നു എന്ന് ഉറപ്പിക്കാൻ വേണ്ടി പറഞ്ഞു:
'ഞാൻ നീങ്ങട്ടെ’.
“ഇരിക്കൂ.” അവർ ക്ഷണിച്ചു. “മിസ്റ്റർ പരേഖിനെപ്പോലെ ആധികാരിക സ്വരത്തിൽത്തന്നെ നിങ്ങൾ പറഞ്ഞു. നിങ്ങൾക്കു വരാൻ തോന്നിയത് ദൈവാനുഗഹം. എനിക്കു ഭ്രാന്തെടുക്കും ഈ ബഹളത്തിൽ തനിച്ചായാൽ.
അയാൾ സോഫയ്ക്കപ്പുറം കണ്ണാടി ജാലകങ്ങൾക്കു സമീപമിട്ടസീറ്റുകളി ലൊന്നിൽ ഇരുന്നു. താഴെ കടൽക്കരയിൽ ചിതറിക്കിടക്കുന്ന കരിങ്കൽത്തുണ്ടുകളിൽ ദോബികൾ വസ്ത്രമലക്കുന്നു. കടൽ ഇവിടെ അകത്തേക്ക് എത്തിനോക്കി പിൻവാങ്ങുകയാണ്. കറുപ്പുകലർന്ന നീലപ്പരപ്പ് ശാന്തമായിരുന്നു. ഉൾക്കടലും സമുദ്രവും ചേരുന്നിടത്ത്, ജലരേഖയ്ക്ക് ഉരുകുന്ന ലോഹത്തിന്റെ തിളക്കമുള്ളതുപോലെ തോന്നി.
അയാൾ ഈ സ്ഥാനത്ത് വിശ്രമഭാവത്തിൽ ഇരിക്കുന്നത് ന്യായീകരിക്കാൻ എന്ന മട്ടിൽ പറഞ്ഞു. “മനോഹരമായ കാഴ്ച.
“ഓ, എന്നാലും ലെയ്ക്ക് റോഡിലെ എന്റെ ഫ്ളാറ്റായിരുന്നു എനിക്കിഷ്ടം. തനിച്ച് എത്രദിവസം താമസിച്ചാലും അവിടെ മടുക്കില്ല. കൽക്കത്തയിൽ ഒരിക്കലും ഞാൻ ഭയപ്പെട്ടിട്ടില്ല.
മിസ്റ്റർ പരേഖ് എന്തുചെയ്യുന്നു? ഇതൊരുപക്ഷേ, വലിയവരുമായുള്ള ഒരു പരിചയത്തിന്റെ തുടക്കമാവുമെന്ന സ്വകാര്യമോഹത്തോടെ അയാൾ ചോദിച്ചു. “ബ്രെട്ട് ആൻഡ് കമ്പനി എക്സിക്യൂട്ടിവ്. അടുത്ത ഇന്ത്യൻ ഡയറക്ടർ, സമൃദ്ധിയും അലസതയും ചേർന്നുണ്ടാവുന്ന മടുപ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രേമത്തിൽ ചെന്നുവീഴുന്ന ഈ വർഗ്ഗത്തിലെ സ്ത്രീകളെപ്പറ്റി കേട്ടിട്ടുണ്ട്. അധിക കഥകളും പരദൂഷണത്തിന്റെ സൃഷ്ടികളാവും. അതിൽനിന്നു മുതലെടുത്ത ഒരു ചിത്രകാരനെയെങ്കിലും അയാൾക്ക് അറിയാം. ഡെൽഹിയിൽ വച്ച് പരിചയപ്പെട്ട വിപിൻ. നാല്പത്തൊന്നിൽ ചോരയും നീരും വറ്റിയ തന്റെ മുഖത്തെപ്പറ്റി അയാൾക്കുതന്നെ വ്യക്തമായ ധാരണയുണ്ട്. ഏതോ നിമിഷത്തിൽ കരിയിലകൾ ചവിട്ടിമെതിച്ചു കാടുകയറാൻ തുടങ്ങിയ ചിന്തകൾക്ക് അയാൾ കുടുക്കിട്ടു.
എന്തുചെയ്യുന്നു ഇവിടെ?”
“ജേർണ്ണലിസം’.
കൂടുതൽ ചോദിച്ചാൽ അടുത്തമാസത്തിന്റെ തുടക്കത്തിൽ പരിഗണിക്കാമെന്നു സമ്മതിച്ച പത്രസ്ഥാപനത്തിന്റെ പേർ പറയാമെന്നുവച്ചു.
അവരുടെ നീണ്ടുമെലിഞ്ഞ ശരീരത്തിന് നിരക്കാത്തവിധം വയർ ചാടിയിട്ടുണ്ട് എന്നയാൾ കണ്ടെത്തി. തന്റെ സമീപത്തുനിന്നപ്പോൾ അവർക്കു തന്നേക്കാൾ ഒരിഞ്ചെങ്കിലും പൊക്കമുണ്ടാവുമെന്നും ഊഹിച്ചു. ഒരു പതിനഞ്ചുവർഷംമുമ്പ് മിസിസ് പരേഖ് സദസ്സുകളിൽ കടന്നുവരുമ്പോൾ അസൂയയും ആരാധനയും മറയ്ക്കാൻ പരാജയപ്പെട്ട കണ്ണുകൾ അവരെ എപ്പോഴും വലയം ചെയ്തിരിക്കണം.
“എവിടെയാണ് ബോംബെയിൽ താമസം?”
‘സയോൺ’.
“കേട്ടിട്ടേയുള്ളു. സ്ഥലമറിയില്ല’.
അവിടെ സിമിത്തേരിക്കടുത്തു ഒരു മസാലക്കച്ചവടക്കാരന്റെ പഴയ കെട്ടിടത്തിന്റെ മുകളിലെ കാറ്റും വെളിച്ചവും കടക്കാത്ത മുറിയെപ്പറ്റി കളവുകൾ പറയാൻ ഇടവരരുതെ എന്നയാൾ ആഗ്രഹിച്ചു.
“കുടുംബമായി താമസിക്കുന്നു?”
ഒരു നിമിഷത്തെ താമസത്തിനുശേഷം അയാൾ പറഞ്ഞു : “ഇല്ല. തനിച്ച് ’’
‘വേറെ വല്ലതും വേണോ? ബ്യൂറോ, ഡ്രസ്സിങ്ങ് ടേബിൾ, ഒരു നല്ല റൈറ്റിങ് ടേബിളുണ്ട്. വരൂ... കാണിച്ചുതരാം. ഞാനത് മറന്നിരിക്കയായിരുന്നു’.
അവർ കടന്നുവരുന്നേടത്തു കണ്ട വാതിൽ തുറന്നു. അയാൾ കൂടെ എത്തി.
അതും ഒരു കിടപ്പുമുറിയാണ്. ആരോ അടുത്തകാലംവരെ ഉപയോഗിച്ചതിന്റെ അടയാളങ്ങളൊക്കെയുണ്ട്. നല്ല എഴുത്തുമേശയും കസേരയും. കുറേ പഴയ പുസ്തകങ്ങൾ അതിന്മേൽ ബാക്കി കിടപ്പുണ്ട്. ഒരു വശത്ത് അബ്ബയുടെയും മറുവശത്ത് ഓസിബിസയുടെയും ചിത്രങ്ങൾ പതിച്ചുവെച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിലുള്ള ഒരു ബോർഡിലെ അക്ഷരങ്ങൾ മുന്നറിയിപ്പു തരുന്നു: “ഒരു ജീനിയസ് പ്രവർത്തിക്കുന്നു; നിശ്ശബ്ദത പാലിക്കുക’’.
അയാൾ നേരിയ ചിരിയോടെ ചോദിച്ചു: “ഏതാണ് ജീനിയസ്’' “എന്റെ മകൾ. അവളുടെ റൂമായിരുന്നു ഇത്’’.
“ഇപ്പോൾ?”
“ലണ്ടനിൽ. സ്കോളർഷിപ്പ് കിട്ടി ബിസിനസ് മാനേജുമെന്റ് പഠിക്കാൻ പോയതാണ്. കല്യാണം കഴിച്ച് അവിടെത്തന്നെ സെറ്റിൽ ചെയ്തു.
ചിത്രീകരണം: സജിത്ത് പുതുക്കലവട്ടം
“ഒരു മകളേയുള്ളൂ?
'അതെ.'
“ബോംബെ മടുക്കുമ്പോൾ നിങ്ങൾക്ക് ഒരു മാറ്റത്തിന് ലണ്ടനിൽ പോകാമല്ലോ മകളുടെ അടുത്ത്.
അവർ അതു കേട്ടില്ലെന്ന് അയാൾക്ക് തോന്നി. കൂട്ടത്തിൽ അയാൾ സ്വയം കുറ്റപ്പെടുത്തുകയും ചെയ്തു. താനെന്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നു?
“അവളിപ്പോൾ ലണ്ടനിലാണോ വേറെ എവിടെയെങ്കിലുമാണോ എന്നാർക്കറിയാം! കല്യാണം കഴിക്കാൻ പോകുന്ന ആളെപ്പറ്റി എഴുതിയതാണ് അവ സാനത്തെ കത്ത്. ഒരു കൊല്ലം തികയുന്നു. ഇങ്ങോട്ടുവന്ന ഉടനെയാണ്.
“ആരാണ് ഭർത്താവ്?”
“ഒരു ജർമ്മൻകാരൻ. ഒരു ഫോട്ടോവും അയച്ചിരുന്നു. ഇവിടെ എവിടെയോ കാണും”. ആ മുറിയിൽ അലമാരിയിൽ ഇപ്പോഴും കുറച്ചു പുസ്തകങ്ങളുണ്ട്. ചുവരിൽ വിദേശത്തെ ഒരു പ്രകൃതി ദൃശ്യം.
“പഠിക്കുന്ന കാലത്ത് അവൾ വളരെ ബ്രില്യന്റായിരുന്നു. ഫസ്റ്റ് റാങ്ക്, എല്ലാ ക്വിസ് കോംപറ്റീഷനും ഫസ്റ്റ് പ്രൈസ്. നാനൂറുപേർ എഴുതിയതിൽ രണ്ടാൾക്കായിരുന്നു സ്കോളർഷിപ്പ്. ഒന്ന് ദീപയ്ക്കു കിട്ടി. റൈറ്റിങ് ടേബിൾ ഇഷ്ടമായോ?”
'കൊള്ളാം. എന്റെ സ്റ്റഡിയിൽ ഇതിടാൻ സ്ഥലമുണ്ടാവുമോ എന്ന് സംശയം.
'ഇഷ്ടമായെങ്കിൽ എടുത്തോളു. വില നോക്കണ്ട. ഇത് ലിസ്റ്റിലില്ല. ഒരാൾക്കുപകാരമാവട്ടെ. എടുത്തോളൂ’.
എന്നിട്ടവർ വിരൽകൊണ്ട് മേശപ്പുറത്ത് ടീഹറ എന്ന് വിസ്തരിച്ച് എഴുതി താഴെ ഒപ്പിട്ടു. പൊടിപുരണ്ട പലകമേൽ അക്ഷരങ്ങളും ഒപ്പും തെളിഞ്ഞുനിന്നു. “വിറ്റു കഴിഞ്ഞു’’.
സുനിൽ റോയി അമ്പരപ്പ് പുറത്തുകാട്ടിയില്ല. അപ്പോൾ ടെലിഫോൺ വീണ്ടും ശബ്ദിച്ചു.
ഇതെല്ലാം ഒന്നു വിറ്റുതുലച്ചിട്ടുവേണം എനിക്കൊന്നുറങ്ങാൻ, എന്ന് പിറുപിറുത്ത് അവർ പുറത്തു കടന്നു. അയാളും പുറത്തേക്കുവന്നു.
ആവശ്യമില്ലാതെ താനിവിടെ ചുറ്റിപ്പറ്റി നില്ക്കുന്നതെന്തിനാണ്? അയാൾ സ്വയം ചോദിച്ചു. അടുത്ത തെരുവുകളിൽ അലഞ്ഞുനടന്നു കഴിക്കേണ്ട മറ്റൊരു ഞായറാഴ്ചയുടെ വിരസതയിൽനിന്ന് രക്ഷപ്പെടുകയാണല്ലോ എന്നയാൾ സമാധാനം കണ്ടെത്തി.
അവർ ടെലിഫോണിൽ സോഫയുടെയും ഡൈനിങ് ടേബിളിന്റെയും കാര്യം വിവരിക്കുന്നു.
“ഇല്ല, ഇലക്ട്രിക്കൽ ഉപകരണങ്ങളില്ല. ഇല്ല. അതും ഇല്ല.
അപ്പോൾ വാതിൽ മണി വീണ്ടും ശബ്ദിച്ചു. മിസിസ് പരേഖ് കൈ നീട്ടി ആംഗ്യംകൊണ്ട് അപേക്ഷിച്ചു. അയാൾ വാതിൽ തുറന്നു. പരസ്യങ്ങളിലെ ദമ്പതികളെയോ കാമിനി കാമുകന്മാരെയോ ഓർമ്മിപ്പിക്കുന്ന ഒരു യുവാവും യുവതിയും. രണ്ടുപേരും നരച്ച ജീൻസാണിട്ടിരിക്കുന്നത്. ചെറുപ്പക്കാരന്റെ തുറന്നിട്ട മാറത്ത് ചെറിയൊരു നങ്കൂരം കോർത്തിട്ട ഒരു സ്വർണച്ചെയിനുണ്ട്. അവന്റെ ചുമലിൽ പിടിച്ചാണ് അവൾ അകത്തേക്ക് കടന്നത്.
ടെലിഫോൺ താഴെ വച്ച് മിസിസ് പരേഖ് പതുക്കെ പറഞ്ഞു: “കാണിച്ചു കൊടുക്കു ഞാൻ കുടിക്കാനൊന്നും തന്നില്ല. ചായയോ കാപ്പിയോ?”
“താങ്ക്യു. ഇപ്പോൾ ഒന്നും വേണ്ട. കമിൻ പ്ലീസ്’’.
“അഡ്വർട്ടൈസ്മെന്റ് കണ്ടത്’’‐
“ഇവിടെത്തന്നെ.” അയാൾ വീണ്ടും താൻ വഴുതിവീണ മൗഢ്യഭാവം കുടഞ്ഞുകളഞ്ഞ് വില്പനക്കാരന്റെ പ്രസരിപ്പിന്റെ വേഷം അണിഞ്ഞു. “ഇതാണ് ഡൈനിങ് ടേബിൾ. പിന്നെ സോഫാസെറ്റ്. അതിനപ്പുറത്ത് നാലുപീസുള്ളതും ഒരുമിച്ചെടുക്കാം.
“കട്ടിലുണ്ടോ?”
അയാൾ മിസിസ് പരേഖിനെ നോക്കി.
“ഇല്ല” എന്ന് പറയാനുള്ള തയ്യാറെടുപ്പോടെ.
അവർ പറഞ്ഞു: “ഡബിൾ കോട്ടുണ്ട്. രണ്ടു സിംഗിളുണ്ട്. വന്നുനോക്കൂ. കട്ടിലിനു വിശേഷമുണ്ടോ എന്നു ചോദിച്ച ചെറുപ്പക്കാരൻ ഇയാളാവില്ല. കൂട്ടുകാരിയുടെ മുമ്പിൽ പ്രായത്തേക്കാൾ പക്വത തനിക്കുണ്ടെന്നുവരുത്താൻ ആവശ്യത്തിലേറെ ഗൗരവം പാലിക്കുന്നുണ്ട് ഈ നവവരൻ, അല്ലെങ്കിൽ കാമുകൻ.
അയാൾ മിസിസ് പരേഖിന്റെ കൂടെ വരാൻ അവരെ ക്ഷണിച്ചു.
ഇരട്ടക്കട്ടിൽ ചെറുപ്പക്കാരൻ തട്ടിനോക്കി. പെൺകുട്ടി ബെഡ് വെറുതെ അമർത്തിനോക്കി. പകുതി തമാശയായിട്ടെന്നപോലെ ചോദിച്ചു:
“ബെഡ്ഡും കൊടുക്കുമോ കട്ടിലിന്റെ കൂടെ?”
“നിശ്ചയമായും, എല്ലാം എടുത്തോളു.” അപ്പോൾ മിസിസ് പരേഖ് അയാളെ ആംഗ്യം കാട്ടി പുറത്തേക്ക് വിളിച്ചു.
“രണ്ടിനുംകൂടി എന്തു പറയണം. ബെഡ്ഡിന് വില ഇട്ടിട്ടില്ല. “ബെഡ്ഡ് കൊടുക്കണോ?”
' എല്ലാം വിൽക്കാനാണ് മിസ്റ്റർ പരേഖ് തീരുമാനിച്ചത്. പഴയതെല്ലാം മാറ്റുക, എന്നിട്ടവർ പതുക്കെ ചിരിച്ചു. ഒരു വിറകലർന്ന സ്വരത്തിൽ.
“എനിക്കാണ് കൂടുതൽ പഴക്കം.
പുറത്തുവന്ന യുവാവും യുവതിയും വില കേൾക്കാൻ ജിജ്ഞാസയോടെ നിന്നു.
“രണ്ടു കട്ടിൽ, ബെഡ്ഡ്, തലയണ എല്ലാം ചേർത്ത് രണ്ടായിരത്തഞ്ഞൂറ്. തന്റെ കണക്കുകൂട്ടൽ ശരിയല്ലേ എന്ന ഭാവത്തിൽ അവർ സുനിൽ റോയിയെ നോക്കി. അയാൾ മുഖം തിരിച്ചുനിന്നതേയുള്ളു.
“വളരെ കൂടുതലാണ്.
പെൺകുട്ടി പറഞ്ഞു.
വില്പനയുടെ ഭാഷയും ന്യായീകരണവും ആരംഭിക്കണം എന്നയാൾ സംശയിക്കുമ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: കൂടുതലായിട്ടല്ല. ഞങ്ങൾക്കു സാധിക്കില്ല എന്ന അർഥത്തിലാണ് പറഞ്ഞത്.
മിസിസ് പരേഖിന്റെ മുഖം തെളിഞ്ഞു. “അതു ശരി, സാധനം ഇഷ്ടമായോ?”
“ഉവ്വ്.
“നിങ്ങളുടെ ആവശ്യത്തിന് ഇതു പറ്റുമോ?”
“ഓ. തീർച്ചയായും.
'എത്ര തരാൻ കഴിയും?”
അവരിരുവരും പരസ്പരം നോക്കി. പെൺകുട്ടി പറഞ്ഞു: “ഇപ്പോൾ ഒരഞ്ഞൂറുതന്ന് ബാക്കി ആറു തവണ.
ചെറുപ്പക്കാരൻ തിരുത്തി
“ആറല്ല നാല്. പരമാവധി നാല്’’
“നാലു തവണയായി തന്നുതീർത്താൽ, അങ്ങനെ ആകെ എത്ര തരും?” മിസിസ് പരേഖിന്റെ ചോദ്യം അവരെ മാത്രമല്ല അമ്പരപ്പിച്ചത്. അഹമ്മദാബാദിലേക്ക് പോകുന്നവർ ഇവിടെ കടം കൊടുക്കുന്നതിനെപ്പറ്റിയാണ് സുനിൽ ആലോചിച്ചുപോയത്.
പെൺകുട്ടി ധൈര്യമവലംബിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു. “ആയിരത്തഞ്ഞൂറ്. അത്രയേ കഴിയൂ ഞങ്ങൾക്ക്.
മിസിസ് പരേഖ് പറഞ്ഞു: “പണം കൊണ്ടുവരൂ. ട്രക്കോ വാനോ കൊണ്ടു വരൂ. ഉടനെ കബൂൽ.
ആ ചെറുപ്പക്കാരുടെ മുഖത്ത് വലിയ ഒരു കാര്യം നേടിയ ആശ്വാസമുണ്ടായിരുന്നു.
‘ശരി’
അവർ വാതില്ക്കലേക്കുനീങ്ങിയപ്പോൾ മിസിസ് പരേഖ് പറഞ്ഞു: 'വേഗം എടുത്തുകൊണ്ടുപോവണം. ബോംബെ മിൽസിന്റെ നാലുഷീറ്റ് എന്റെ വക ബോണസ്’.
അവർ പുറത്തുകടന്നപ്പോൾ മിസിസ് പരേഖ് നെടുവീർപ്പിട്ടു, ആശ്വാസത്തോടെ, അവസാനം ഒരു വില്പന നടന്നു. അവർക്കുപകരിക്കട്ടെ’.
അവർ എന്തോ ഒന്ന് മറന്നത് ഓർമിച്ചപോലെ ധൃതിയിൽ അകത്തുകടന്ന് ഡ്രസ്സിങ് ടേബിളിന്റെ മുന്നിൽ ചിതറിക്കിടക്കുന്ന മേക്കപ്പ് സാമഗ്രികൾക്കിടയിൽനിന്ന് ഒരു ലിപ്സ്റ്റിക് എടുത്തു തുറന്ന് രണ്ടു കട്ടിലുകളിലായി കിടക്കുന്ന മൂന്നു തലയണകളിലും എഴുതി: ടീഹറ. ടീഹറ. ടീഹറ. അപ്പോൾ വീണ്ടും ടെലി ഫോൺ ശബ്ദിച്ചു. “പ്ലീസ് ഒന്നു പറയൂ’.
അയാൾ ആ അപേക്ഷ സ്വീകരിച്ച് ടെലിഫോൺ എടുത്തു.
“എയ്റ്റ് ത്രീ ഫോർ ടു ഫോർ ടു?”
“യെസ്.
“അതെ. പരസ്യം കൊടുത്തത് ഞങ്ങൾ തന്നെ”. ആരാണ് സംസാരിക്കുന്നത് എന്ന ചോദ്യത്തിന് ഒരു നിമിഷം സംശയിച്ച്, അയാൾ മറുപടി പറഞ്ഞു: “ഇത് മിസ്റ്റർ പരേഖിന്റെ വീടാണ്’.
പിന്നെ മിസിസ് പരേഖിനെ അനുകരിച്ച് ലിസ്റ്റ് പറഞ്ഞ് വന്നു നോക്കാൻ ക്ഷണിച്ചു. “എപ്പോൾ വേണമെങ്കിലും വന്നു നോക്കാം.
അയാൾ ഫോൺ താഴെവെച്ച് നിവർന്നപ്പോൾ മിസിസ് പരേഖ് പറഞ്ഞു: “ദൈവമാണ് നിങ്ങളെ ഇന്നെനിക്കയച്ചുതന്നത്. ആരുമില്ലാത്തവർക്ക് ദൈവം തുണ.
അയാൾക്ക് ഇതിഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. കടലിന്നഭിമുഖമായിട്ട് സീറ്റുകളിലൊന്ന് കുറേക്കൂടി നല്ല കാഴ്ചയും കാറ്റു കിട്ടാവുന്ന സ്ഥാനത്തേക്കു മാറ്റിയിട്ട് അയാൾ ഇരുന്നു.
'ചായ?”
“വേണ്ട’.
“ഒരു ഡ്രിങ്ക് ഇവിടെ ബീറും വിസ്കിയും ജിന്നും കാണും’.
അയാൾ പരുങ്ങി.
“ഇത്ര നേരത്തെ ‐ വേണ്ട’.
“നിങ്ങളുടെ അനുവാദത്തോടെ’.
അവർ ഡൈനിങ് ടേബിളിന് സമീപമുള്ള ഷെൽഫ് തുറന്ന് കുപ്പികൾ പുറത്തെടുത്തു. ഗ്ലാസിൽ കഷ്ടിച്ച് പകുതി ജിന്നൊഴിച്ച് കോർഡിയൽ ചേർത്ത് നല്ലപോലെ ഒരിറക്കു കുടിച്ച് ഗ്ലാസും കൈയിലെടുത്ത് അവർ അയാൾക്കഭിമുഖമായുള്ള സീറ്റിൽ വന്നിരുന്നു.
'പറയൂ. കൽക്കത്തയെപ്പറ്റി എന്തെങ്കിലുമൊക്കെ പറയൂ.
അയാൾ മന്ദഹസിച്ചു.
“എന്തു പറയാൻ. ഇരുപത്തെട്ടു വർഷം ഞാനവിടെ താമസിച്ചു. അത്ര തന്നെ’.
അവർ പുറത്തെ കടലിന്റെ വിദൂരതയിൽ എവിടേക്കോ നോക്കി ഇരുന്നു. സാവധാനം വീണ്ടും കുടിച്ചു.
അയാൾ അവരറിയാതെ അവരെ ശ്രദ്ധാപൂർവം നോക്കി. കണ്ണിനുതാഴെ കറു പ്പിന്റെ താഴ്വര. കൺകോണുകളിൽ ഒരു തുള്ളി അലിഞ്ഞുനിൽക്കുന്നപോലെ നനവ്. കൈത്തണ്ടയിലെ വെണ്മയിൽ നീലഞരമ്പുകൾ തെളിഞ്ഞുയർന്നു നിൽക്കുന്നു. അവരുടെ നോട്ടം അയാളുടെ നേർക്കു പെട്ടെന്ന് തിരിഞ്ഞപ്പോൾ ജാള്യത മറയ്ക്കാൻ വേണ്ടി അയാൾ ചോദിച്ചു:
“മിസ്റ്റർ പരേഖ് എപ്പോൾ വരും?”
“ചിലപ്പോൾ രാത്രി. ചിലപ്പോൾ നാളെ. വിളിക്കാമെന്നു പറഞ്ഞു. ഒരു വില്പന നടന്നല്ലോ.
ഗ്ലാസിലെ അവശേഷിച്ച ജിംലെറ്റ് കൂടി കുടിച്ചുതീർത്ത് അവർ പറഞ്ഞു: “ഒരു കാര്യവും എനിക്ക് വകതിരിവോടെ ചെയ്യാനാവില്ല എന്നാണദ്ദേഹത്തിന്റെ സിദ്ധാന്തം. ജോലിക്കാരെ ഭരിക്കുന്നതുകൂടി. ദോബിയുടെ കണക്ക് എഴുതുന്നതുകൂടി’.
പിന്നെ അവർ നിറുത്തി. ജിംലെറ്റ് അവരിൽ പെട്ടെന്ന് ഒരു ശാന്തമായ പ്രസാദം വരുത്തിയിട്ടുണ്ടെന്ന് അയാൾക്കുതോന്നി. അവർ കടലിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു:
“ഇവിടെനിന്നു നേരെ പോയാൽ മറുകരയിൽ ഏതു രാജ്യത്തെത്തും?”
അറബിക്കടലാണിത്. അറബിക്കടലിന്റെ അപ്പുറമെന്ന് പറഞ്ഞാൽ അയാൾ മനസ്സിൽ ഒരു ഭൂപടം സങ്കൽപ്പിക്കാൻ നോക്കി പരാജയപ്പെട്ട് പറഞ്ഞു: “അറിയില്ല, ഒരുപക്ഷേ, ആഫ്രിക്ക...
“തോന്നുമ്പോൾ ഇറങ്ങിച്ചെന്ന് ദാ അവിടുന്ന് കയറി മറുകരയിൽ എത്താൻ കഴിയണം അല്ലേ.
അയാൾ ചിരിച്ചു.
ഒഴിഞ്ഞ ഗ്ലാസ്സിൽ നോക്കി മിസിസ് പരേഖ് പറഞ്ഞു: “വളരെ വളരെ യാഥാസ്ഥിതികനായ ഒരച്ഛന്റെ കീഴിലാണ് ഞാൻ വളർന്നത്. കോഴിമുട്ടയും ഉള്ളിയും കൂടി വീട്ടിൽ നിഷിദ്ധം. കല്യാണത്തിന്റെ ശേഷമുള്ള ആദ്യത്തെ ഡിന്നറിന് ആരോ നിർബന്ധിച്ച് ഒരു ജിംലെറ്റ് കുടിച്ചപ്പോൾ ഛർദ്ദിച്ചു. അദ്ദേഹം വഴക്കു പറഞ്ഞു, രാത്രി വീട്ടിൽ വന്നപ്പോൾ. ഇതൊക്കെ ശീലിക്കാത്തതിന്’ .
അയാൾ അവരുടെ ജീവിതകഥയിൽ താൽപ്പര്യമുണ്ട് എന്ന ഭാവത്തിൽ കൺതടങ്ങളിലെ നിഴൽപ്പാടുകളിൽ നോക്കി.
“ഇപ്പോൾ പകൽ കുടിക്കുന്നതിനാണ് വഴക്ക്. പകലെന്തുചെയ്യും? കുട്ടി വലുതാകുന്നതുവരെ അവളെ നോക്കാം. ഇപ്പോൾ പകലെന്തുചെയ്യും? വെറുതെ ഇരിക്കുക. പിന്നെ കുറെ ഉറങ്ങുക. രാത്രി ഡിന്നർ പാർടികൾ.
അയാൾ ഒരു ഉപദേഷ്ടാവിന്റെ ഭാഗത്തേക്കു മാറി പറഞ്ഞു: “പലതും ചെയ്യാമല്ലോ. സാമൂഹ്യപ്രവർത്തനം, അല്ലെങ്കിൽ നിങ്ങൾക്കും ജോലി എടുക്കാമല്ലോ.
അപ്പോൾ വാതിൽമണി വീണ്ടും ശബ്ദിച്ചു.
“ഞാൻ നോക്കാം”. അവർ എഴുന്നേറ്റുപോകുമ്പോൾ പറഞ്ഞു: “എനിക്കൊരു ഡ്രിങ്കുകൂടി ഒഴിക്കൂ. ഇപ്പോൾ നിങ്ങൾക്കും ഒന്നാവാം, ഇല്ലേ?”
അയാൾ എഴുന്നേറ്റു. എങ്കിലും സ്വയം ഉപചരിക്കാൻ തയ്യാറായില്ല.
കഴുത്തിൽ വലിയ മുഴയുള്ള വളഞ്ഞുകൂനിയ ഒരു വൃദ്ധയും ഒരു ചെറിയ പെൺകുട്ടിയുമാണ് ഇപ്പോൾ കടന്നുവന്നത്.
മിസിസ് പരേഖ് ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ വൃദ്ധ ഇംഗ്ലീഷിൽ പറഞ്ഞു: “ഞാൻ മിസിസ് കാമത്ത്. ഇതെന്റെ പേരക്കുട്ടിയാണ്’.
' അവർക്കുവേണ്ടത് സോഫാസെറ്റാണ്. വൃദ്ധ സോഫാസെറ്റിന്റെ ചുറ്റും നടന്ന് ശ്രദ്ധാപൂർവം പരിശോധിച്ചു. ജീവിതം ഒരുപാട് കണ്ടതാണ് ആ വൃദ്ധയെന്ന് സുനിലിന് ബോധ്യമായി. അവരുടെ നടത്തത്തിൽ, നോട്ടത്തിൽ, സംസാരത്തിൽ എല്ലാം തികഞ്ഞ ആത്മവിശ്വാസമുണ്ട്.
അവർ വിദേശത്തായിരുന്നു. മൂന്ന് മക്കളും വിദേശത്താണ്. അവരുടെ കൂടെ മാറിമാറിതാമസിച്ചു. ഇപ്പോൾ തിരിച്ച് ബോംബെയിൽ എത്തിയിരിക്കുകയാണ്. പഴയ തറവാട്ടുവീടിന്റെ പകുതിയിൽ വാടകക്കാരാണ്. ബാക്കി പകുതിയിൽ അവർ താമസിക്കാൻ തുടങ്ങുന്നു.
മിസിസ് പരേഖ് പറഞ്ഞു: “എന്റെ ഭർത്താവ് വിലയിട്ടത് നാലായിരമാണ്. നാലായിരം വേണ്ട. മൂവായിരത്തഞ്ഞൂറിനെടുത്തോളൂ.
വൃദ്ധയുടെ ചിരി മനോഹരമായിരുന്നു. ഒരു പല്ലിനും കേടു പറ്റിയിട്ടില്ല. 'അതും കൂടുതലല്ലേ?”
വൃദ്ധ ചോദിച്ചത് അയാളോടാണ്.
മിസിസ് പരേഖ് ചിരിച്ചു
“ആൺടി. ആൺടിയുടെ ബഡ്ജറ്റിൽ എത്രയാണ് സോഫയ്ക്ക്?”
അവരുടെ ഭാവമാറ്റം പ്രകടമായിരുന്നു;
'അങ്ങനെ ബഡ്ജറ്റൊന്നുമില്ല. വാടകക്കാർ തരുന്ന കുറച്ചു പണം. പിന്നെ ഭർത്താവിന്റെ പെൻഷൻ കുറച്ച് ഇപ്പോഴും കിട്ടും.
എന്നാലും മനസ്സിലൊരു ബഡ്ജറ്റിട്ടിട്ടുണ്ടാവുമല്ലോ. “അങ്ങനെയൊന്നുമില്ല’’.
വൃദ്ധ സോഫയിൽ ഇരുന്നു. മിസിസ് പരേഖ് അവരുടെ സമീപം ഇരുന്ന് പേരക്കുട്ടിയെ അപ്പുറം കൈപിടിച്ചിരുത്തി. വൃദ്ധയുടെ ചുമലിൽ കൈവെച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “ആൺടി, അതാണ് തെറ്റ്. നമ്മൾ സ്ത്രീകളുടെ തെറ്റ്. ഒന്നിനും ബഡ്ജറ്റില്ല. കണക്കില്ല. അതുകൊണ്ടാണ് നമ്മുടെ ആണുങ്ങൾ കഷ്ടപ്പെടുന്നത്’.
ശരിയല്ലേ എന്ന ഭാവത്തിൽ അവർ സുനിൽ റോയിയെ നോക്കി. അയാൾ അവരുടെ മനസ്സിൽ അപ്പോൾ എന്തു വികാരമാണെന്ന് അറിയാൻ കഴിയാതെ കുഴങ്ങി.
മിസിസ് പരേഖ് വൃദ്ധയോടും പേരക്കുട്ടിയോടുമായി തുടർന്നു: “ആണുങ്ങൾക്ക് ബിസിനസ്സിൽ വലിയ നഷ്ടങ്ങൾ വരും. കാർഡ്സ് ടേബിളിൽ നഷ്ടം വരും. ചന്തമുള്ള സെക്രട്ടറിമാരെക്കൊണ്ട് നഷ്ടം വരും, അതൊന്നും അവരുടെ വീര്യം കെടുത്തില്ല. പക്ഷേ, നമ്മൾ വീട്ടുബഡ്ജറ്റ് പാലിച്ചില്ലെങ്കിൽ നമ്മുടെ ആണുങ്ങൾ തകരും’.
വൃദ്ധയുടെ മുഖത്ത് സഹതാപം കലർന്ന ഒരു ചിരിമാത്രം തങ്ങിനിന്നു. മിസിസ് പരേഖ് പേരക്കുട്ടിയുടെ കൈപിടിച്ചു ലാളിച്ചു പറഞ്ഞു: “വലുതാവുമ്പോൾ ഇതു പഠിച്ചോളൂ, മറക്കരുത്’.
സുനിൽ റോയി തിരുമാനിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട ‐ എവിടെ നഷ്ടം? മണിക്കൂറുകൾക്കുപകരം ഒരു ഡ്രിങ്ക് സ്വയം സൽക്കരിച്ച് സ്ഥലം വിടുക. അയാൾ മദ്യം ശേഖരിച്ചുവെച്ച് അലമാരയ്ക്കടുത്തേക്ക് ഒഴിഞ്ഞ ഗ്ലാസ്സെടുത്തു നടന്നു.
അപ്പോൾ പെട്ടെന്ന് സ്വരം താഴ്ത്തി മിസിസ് പരേഖ് വൃദ്ധയോടു സംസാരിക്കുകയായിരുന്നു. വൃദ്ധ ഇടയ്ക്കിടെ പ്രതിഷേധിക്കുന്നുണ്ട്. അവസാനം വൃദ്ധയുടെ കൈപിടിച്ചുകെഞ്ചുന്നപോലെ എന്തോ പറഞ്ഞ് എഴുന്നേറ്റു. വൃദ്ധ ഒരു സ്വപ്നത്തിലെന്നപോലെ പറയുന്നത് അയാൾ കേട്ടു: “താങ്ക്യൂ ഡിയർ. താങ്ക്യു ഡിയർ’.
പിന്നെ പേരക്കുട്ടിയുടെ കൈപിടിച്ച് അവർ പുറത്തേക്കു പോയി.
ജിംലെറ്റുണ്ടാക്കുന്ന ജോലിയിൽ ഏർപ്പെട്ട അയാളുടെ അടുത്തേക്ക് മിസിസ് പരേഖ് ഉല്ലാസത്തോടെ വന്നു. “വിറ്റു. നല്ല കിഴവി. സുഖമായിരിക്കട്ടെ. അതിഥികളെ സ്വീകരിക്കട്ടെ.
അവർ കോർഡിയൽ പകരുമ്പോൾ ആംഗ്യംകൊണ്ടു വിലക്കി. സ്വയം വെള്ളം പകർന്നു ഗ്ലാസ്സെടുത്ത് അവർ അയാളെ നോക്കാതെ ഒരാചാരംപോലെ പറഞ്ഞു:
“ചിയേഴ്സ്!”
“എത്രയ്ക്കാണ് സോഫ വിറ്റത്?
“അതു ചോദിക്കേണ്ട. വിറ്റു. നമ്മൾ ആ ഡോക്ടർമാരെ മടക്കി അയച്ചത് നന്നായില്ല. എവിടെ ആ കാർഡ്?”
അവർ ടിപ്പോയികളിൽ എന്തിലോ വച്ച വിസിറ്റിങ് കാർഡ് തിരയാൻ തുടങ്ങി. അയാൾ ഗ്ലാസ്സ് തുളുമ്പിപ്പോകാതിരിക്കാൻ ഒരു കവിൾ കുടിച്ച് കൂടെ വന്ന് ജാലകത്തിനു സമീപം കടലിലേക്കു നോക്കിക്കൊണ്ടുനിന്നു. അർഥശൂന്യമായിത്തീരുന്ന മറ്റൊരു ദിവസം തന്റെ മുമ്പിലൂടെ ഇഴഞ്ഞു പോകുന്നു... ആരോടെങ്കിലും കുറച്ച് സംസാരിക്കണമെന്നു തോന്നി. കഴിഞ്ഞ മൂന്നുമാസങ്ങളിൽ പറ്റിയ ഒരു ചങ്ങാതിയേയും കണ്ടെത്തിയില്ല. അപ്പോൾ അയാൾ കണ്ടു. ക്യൂരിയോസ് വച്ച ഷെൽഫിനു മുകളിൽ തുറന്നുകിടക്കുന്ന വനിതാ മാസികയിലെ വലിയ പരസ്യ പേജ്. ഗൗരി മനോഹരമായി മന്ദഹസിച്ച് ഒരു സാരി പ്രദർശിപ്പിക്കുന്നു. സുനിൽ റോയി എന്ന സീനിയർ സബ് എഡിറ്ററുടെ ഭാര്യ എന്ന തടങ്കലിൽനിന്ന് രക്ഷപ്പെട്ട ഗൗരിയോട് അയാൾക്ക് വെറുപ്പില്ല... ഇത്ര മനോഹരമായിരുന്നോ ഗൗരിയുടെ പുഞ്ചിരി? മോഡലായപ്പോൾ ഗൗരി കൂടുതൽ സുന്ദരിയായിരിക്കുന്നു.
അയാൾ ഗ്ലാസ് പകുതി തീർത്തപ്പോഴാണ് തിരക്കിൽ എവിടെയോ വച്ചുപോയ കാർഡ് കണ്ടുകിട്ടിയ ആഹ്ലാദസ്വരം കേട്ടത്. മിസിസ് പരേഖ് ഫോൺ ചെയ്യാൻ തുടങ്ങി: “ഡോക്ടർ ധരാധർ?”
“ദെൻ പുട്ട് മീ ഓൺ ടു മിസിസ് ധരാധർ പ്ലീസ്!
മറുഭാഗത്ത് ആൾ വരുന്നു എന്ന സൂചനയോടെ മിസിസ് പരേഖ് കുട്ടികളെപ്പോലെ കണ്ണിറുക്കിക്കാട്ടി.
“ഞാൻ മിസിസ് പരേഖ്. നിങ്ങൾ കണ്ട ഡൈനിങ് ടേബിൾ എന്തു വിലയ്ക്കെടുക്കും? പറഞ്ഞോളു... മടിക്കണ്ട’.
അല്പസമയത്തെ ചിന്തയ്ക്കുശേഷമാവണം മറുഭാഗത്തുനിന്ന് മറുപടി വന്നത്.
“കബൂൽ, വന്ന് സാധനം എടുത്ത് പോയ്ക്കോളൂ... യു ആർ വെൽക്കം. അവർ ഫോൺ താഴെവച്ചു പറഞ്ഞു:
“ഗ്രാൻഡ് ! സിംപ്ലി ഗ്രാൻഡ്. വിറ്റു കഴിഞ്ഞു. ഡോക്ടർക്ക് സന്തോഷമായി. അയാൾ ഇരുന്ന് പോക്കറ്റിൽ ഞെളുങ്ങിക്കിടന്ന സിഗരറ്റ് പായ്ക്കറ്റിന്റെ കാര്യം ഓർമവന്ന് അത് പുറത്തെടുത്തു. ഭാഗ്യം, ഒരു സിഗരറ്റുണ്ട്. അതു കത്തിച്ച് ജിന്നിന്റെ എരിവു കലർന്ന മാധുര്യം ആസ്വദിച്ച് കടലിലേക്കു നോക്കി.
മിസിസ് പരേഖ് വീണ്ടും മുന്നിൽ വന്നിരുന്നപ്പോൾ സിരകളിൽ പടർന്ന നേരിയ ഉണർവോടെ. അവരെ നോക്കി.
അയാൾ ഗൗരിയെപ്പറ്റി പറഞ്ഞാലോ എന്നു സംശയിച്ചു. ഗൗരി തെറ്റു ചെയ്തു എന്ന് ആരും സമർഥിച്ചു തരേണ്ടതില്ല. താനും തെറ്റുകാരനല്ല എന്നുമാത്രം ആരെങ്കിലും ഒന്നു പറഞ്ഞാൽ മതി. താൽപ്പര്യങ്ങളൊന്നുമില്ലാത്ത ഒരു മൂന്നാം കക്ഷി.
മിസിസ് പരേഖ് പറഞ്ഞു:
“നിങ്ങൾ വീണ്ടും വരണം. അഹമ്മദാബാദിലായാലും വരണം. ജേർണലിസ്റ്റല്ലേ, നിങ്ങൾക്ക് സമയത്തിന് പ്രതിഫലം കിട്ടും. മിസ്റ്റർ പരേഖിനെ ഇന്റർവ്യൂ ചെയ്ത് എഴുതാമല്ലോ. ഒരു വെറും സെയിൽസ്മാൻ കമ്പനി ഡയറക്ടറാവുന്നത് വലിയ കഥയല്ലേ?
“എല്ലാ വിജയങ്ങളും അത്ഭുതകഥകളാണ്’.
“ഇനിയെന്താണ് വിൽക്കാൻ ബാക്കി? നിങ്ങൾ എല്ലാം ഒഴിച്ചുകൊണ്ടുപോകുന്നതുവരെ ദയവായി നിൽക്കൂ... ഞാൻ തനിച്ചല്ലേ? ഈശ്വരൻ അയച്ചതാണ് നിങ്ങളെ’.
“ഈ വില്പന.... പണക്കാരുടെ വിനോദങ്ങളിലൊന്നാണോ ഇതും?”
അയാളുടെ ശബ്ദത്തിൽ അല്പം ഗൗരവം കലർന്നിരുന്നു.
“എല്ലാം വിറ്റുതീർന്ന് ഫ്ളാറ്റ് ഒഴിയണം.” അയാളെ ശ്രദ്ധിക്കാതെ മിസിസ് പരേഖ് പറഞ്ഞു. പിന്നെ അയാളെ തെല്ലിട ശ്രദ്ധിച്ചുനോക്കി പറഞ്ഞു: “ഒരു പക്ഷേ, നിങ്ങൾ ബുദ്ധിമുട്ടി എനിക്കുവേണ്ടി, ഒരു ഉപകാരം കൂടി ചെയ്യാമോ?”
എന്താണെന്നു കേൾക്കാൻ അയാൾ സന്നദ്ധത കാണിച്ചു.
“എല്ലാം ഒഴിച്ചുകഴിഞ്ഞാലും പിന്നെയും ആരെങ്കിലും വരും. അപ്പോൾ ഞാനീ നിലത്ത് അനങ്ങാതെ കിടക്കാം. എന്റെ കഴുത്തിൽ ഒരു നൂലിട്ട് കടലാസ്സിൽ എഴുതിവയ്ക്ക്. എന്തെങ്കിലും ഒരു വില.
അയാൾ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.
“തമാശയല്ല. നിങ്ങൾ എത്ര എഴുതും? കണ്ടിട്ട് നിങ്ങളൊരു ബുദ്ധിമാനാണെന്നു തോന്നി എന്തുവില എഴുതിവയ്ക്കും? പറയൂ...
അയാൾ മിണ്ടിയില്ല. അവർ സോഫയുടെ ഒരു
കൈയിലേക്ക് തലചായ്ച്ചുവച്ച് പറഞ്ഞു: “ഞാനിന്നലെ ഉറങ്ങിയില്ല. മൂന്ന് കാമ്പോസ് തിന്നിട്ടും ഉറക്കം വന്നില്ല. എന്റെ കഴുത്തിലെ ടാഗിൽ നിങ്ങൾ എന്തു വിലയിടും?’
ചിത്രീകരണം: സജിത്ത് പുതുക്കലവട്ടം
അപ്പോൾ വീണ്ടും വാതിൽ ശബ്ദിച്ചു.
മിസിസ് പരേഖ് കണ്ണുതുറക്കാതെ പറഞ്ഞു:
“പ്ലീസ് എന്തു വേണമെങ്കിൽ വിറ്റോളൂ. അവർ പറയുന്ന വിലയ്ക്ക്’.
അയാൾ വാതിലിന്നടുത്തേക്ക് ധൃതിയിൽ നടന്നു. വിദേശിയരെപ്പോലെ തൊലി വെളുത്ത നീണ്ടു മെലിഞ്ഞ ഒരാളായിരുന്നു അത്. ഐബ്രോ പെൻസിൽകൊണ്ട് കടും കറുപ്പാക്കിയ മീശയും നീട്ടി വളർത്തിയ നരകലർന്ന സമൃദ്ധമായ മുടിയും നീലക്കണ്ണുകളും. കൈയിലൊരു ബ്രീഫ് കെയ്സ്.
അയാൾ അകത്തു കടന്നപ്പോൾ സുനിൽ വാതിലടച്ചു. അമ്പരപ്പോടെ അയാൾ സുനിലിനെ നോക്കിയപ്പോൾ. പറഞ്ഞു: “ഇവിടെത്തന്നെ ബ്യൂറോ, ആ സെറ്റ് പിന്നെ... ”
അയാൾ ചോദിച്ചു: “താങ്കളാരാണ്’’ ?
അപ്പോൾ സോഫയിൽ നിവർന്നിരുന്ന മിസിസ് പരേഖ് പറഞ്ഞു: വെൽക്കം. ഞാനാണ് മിസിസ് പരേഖ്: സുനിൽ റോയിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: “ഇത് മിസ്റ്റർ പരേഖ്, ഞങ്ങൾ എല്ലാ പഴയ സാധനങ്ങളും വിറ്റ് പുതുതാക്കുന്നു” . സ്വന്തം നെഞ്ചിൽ വിരൽകൊണ്ട് കുത്തി അവർ പറഞ്ഞു: “ഇതടക്കം വില പറഞ്ഞോളു’.
ആഗതൻ സ്തബ്ധനായെന്ന് സുനീലിന് തോന്നി.
അപ്പോൾ മിസിസ് പരേഖ് പതുക്കെ ചിരിക്കാൻ തുടങ്ങി. ചിരി പൊട്ടിച്ചിരിയായി പടർന്നു. അതിൽ ഒരു തേങ്ങലിന്റെ അല ഇടക്കുക്കൂടി.
ആഗതൻ ധൃതിയിൽ നാലഞ്ചു കാൽവെപ്പിൽ സ്വീകരണമുറി മുറിച്ചുകടന്ന് മിസിസ് പരേഖിന്റെ ചെകിടത്ത് പൊടുന്നനെ അടിച്ച് അമർത്തിയ സ്വരത്തിൽ പറഞ്ഞു:
“പെരുമാറാൻ പഠിക്ക്. പെരുമാറാൻ പഠിക്ക്’’.
ചിരിയടങ്ങിയ നിശ്ശബ്ദത. അകലെനിന്നുള്ള തിരക്കുകളുടെ വിദൂര മർമരം പുറത്ത് പതുങ്ങിനിന്നു.
ഏതോ നേർത്ത പ്രതീക്ഷകളുമായി ആരംഭിച്ച മറ്റൊരു ഞായറാഴ്ചയുടെ അന്ത്യം കണ്ട സുനിൽ റോയ് ധൃതിയിൽ വാതിൽ തുറന്ന് പുറത്തു കടന്നു.
വാതിലിന്നപ്പുറം അയാൾ തെറ്റുപറ്റാതിരിക്കാൻ നോക്കി. കടലാസുപൊതിയിൽ പൂവുണ്ടോ; ഇല്ല .