എംടിയുടെ കത്തുകൾ
Friday Jul 14, 2023
വൈശാഖൻ
എം ടി യെപ്പോലെ തിരക്കേറിയ ഒരു പത്രാധിപർഇൻലൻഡിന്റെ രണ്ടുപുറങ്ങളിലും എന്നെപ്പോലെ ആദ്യമായി കഥ എഴുതുന്ന ഒരു ചെറുപ്പക്കാരനുവേണ്ടി എഴുതി എന്നത് ഇന്ന് ആലോചിക്കുമ്പോൾ വിസ്മയം തോന്നുന്നു.
ആദ്യത്തെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചപ്പോൾ കഥയ്ക്കൊപ്പം സ്വന്തം വിലാസമെഴുതിയ ഒരു ഇൻലൻഡ് അയച്ചിരുന്നു. ഇങ്ങനെ ഒരു ഇൻലൻഡ് വയ്ക്കാൻ തോന്നിയത് എന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു നിമിഷത്തിലായിരുന്നു എന്നത് പിന്നീടാണ് മനസ്സിലാകുന്നത്. കഥ മടങ്ങിവന്ന കവർ പോസ്റ്റ്മാൻ കൈയിൽ തന്നപ്പോൾ നിരാശയും അൽപ്പം സ്വയം പരിഹാസവും തോന്നാതിരുന്നില്ല. സാഹിത്യപരിചയമുള്ള ആരെക്കൊണ്ടെങ്കിലും ഒന്നു വായിപ്പിച്ചുനോക്കാമായിരുന്നു.
ആദ്യമായി എഴുതിയ കഥ നേരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയയ്ക്കുക! പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുക! ഒരു മണ്ടൻ ധൈര്യം! അയച്ചുകൊടുത്ത ഇൻലൻഡിന്റെ കാര്യം എന്തായോ എന്തോ? പിറ്റേ ദിവസവും മൂവാറ്റുപുഴ പോസ്റ്റാഫീസിന്റെ മുറ്റത്ത് ഹാജരായി കാത്തുനിന്നു. തപാൽ ഉരുപ്പടികളുമായി ഇറങ്ങി വന്ന പോസ്റ്റ്മാൻ എന്നെക്കണ്ട് ഒന്നു നിന്നു. കൈയിലുള്ള കത്തുകളിൽ പരതി നോക്കി. അതാ വന്നിരിക്കുന്നു ഇൻലൻഡ്. ഉടനെ പൊട്ടിച്ചുവായിക്കാൻ മോഹം തോന്നിയെങ്കിലും ധൈര്യം ഉണ്ടായില്ല. വേഗം വീട്ടിലെത്തി. ആരക്കുഴ റോഡിൽ കണ്ടച്ചാവടി വീട്ടിലെ എന്റെ താവളമായ ചെറിയ മുറിയിൽ കയറി ഇരുന്ന് ഇൻലൻഡ് തുറന്നുവായിച്ചു.
പത്രാധിപർ സാക്ഷാൽ എം ടി വാസുദേവൻ നായർ എഴുതിയ മറുപടി. പ്രിയപ്പെട്ട ഗോപിനാഥൻ ... എന്ന് തുടങ്ങുന്ന ആ കത്താണ് തുടർന്ന് എഴുതാനുള്ള ഊർജവും പ്രചോദനവും ആത്മവിശ്വാസവും തന്നത്. ആ കത്തിനെക്കുറിച്ച് പല ഓർമക്കുറിപ്പുകളിലും പറഞ്ഞിട്ടുണ്ട്. എം ടി യെപ്പോലെ തിരക്കേറിയ ഒരു പത്രാധിപർ, ഇൻലൻഡിന്റെ രണ്ടുപുറങ്ങളിലും, എന്നെപ്പോലെ ആദ്യമായി കഥ എഴുതുന്ന ഒരു ചെറുപ്പക്കാരനുവേണ്ടി എഴുതി എന്നത് ഇന്ന് ആലോചിക്കുമ്പോൾ വിസ്മയം തോന്നുന്നു. എത്രയോ പുതിയ എഴുത്തുകാരെ കൈപിടിച്ചുയർത്തിയ ആ മനസ്സിന്റെ ഉദാരതയും കരുതലും അക്കാലത്ത് എനിയ്ക്കും ലഭിച്ചുവെന്നത് ചെറിയ കാര്യമൊന്നുമല്ലല്ലോ.
വൈശാഖന് എം ടി അയച്ച കത്ത്
1963 സെപ്തംബറിൽ കിട്ടിയ എം ടിയുടെകത്ത് മനസ്സിൽ കൊളുത്തിയ ഊർജം എന്നെ ഉഷാറിലാക്കി. മറ്റൊരു കഥയുടെ ഏകദേശ രൂപം എന്റെ മനസ്സിലുണ്ടായിരുന്നു. അത് ചിട്ടയോടെ പൂർണരൂപം പ്രാപിച്ചു. ഒട്ടും സമയം കളയാതെ എഴുതി. മാതൃഭൂമിക്ക് അയച്ചു. വൈകാതെ എം ടിയുടെ മറുകുറിയും വന്നു. ഇംഗ്ളീഷിൽ മാതൃഭൂമി ഡെയ്ലി & ഇല്ലസ്ട്രേറ്റഡ് വീക്കിലി, കാലിക്കറ്റ് എന്നടിച്ച ലെറ്റർപാഡിലായിരുന്നു മറുപടിക്കത്ത്.
‘ഡിയർ ഗോപിനാഥൻ ' എന്ന് ഇംഗ്ലീഷിലായിരുന്നു സംബോധന. ‘‘കത്തും കഥയും കിട്ടി. സന്തോഷം. കഥയെഴുത്ത് കാര്യമായെടുക്കുന്നുവെന്നറിഞ്ഞ് സന്തോഷം. പുതിയ കഥ സീതാന്വേഷണത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതൽ കരുത്തുള്ള പ്രമേയങ്ങൾ കണ്ടെത്താൻ ശ്രമിയ്ക്കുക. ‘തോൽവിയും ജയവും' ആഴ്ചപ്പതിപ്പിൽ ഉപയോഗപ്പെടുത്താം.
‘ശാന്തി പർവ്വം' അടക്കം ഒരു പുതിയ പുസ്തകം വന്നിട്ടുണ്ട്. 'ബന്ധനം’ . പിന്നെ കഥയെഴുത്തിനെപ്പറ്റി ഒരു കൊച്ചുപുസ്തകവും. 'കാഥികന്റെ പണിപ്പുര'. വടക്കേ ഇന്ത്യയിൽ പര്യടനം നടത്തിയത് കൊള്ളാം. ഞാൻ ഇന്ത്യയിലെല്ലാഭാഗത്തും അലഞ്ഞുനടന്നിട്ടുണ്ട്. യാത്ര നല്ല അനുഭവമാണ്. ഉദ്യോഗലബ്ധിയിൽ അനുമോദനം. സ്വന്തം. താഴെ എം ടിയുടെ ഒപ്പും.
ഞാൻ ആദ്യം അയച്ച കഥയുടെ പേരാണ് ‘സീതാന്വേഷണം'. അതാണ് മടങ്ങിവന്ന കഥ. പിന്നീട് അയച്ച കഥയാണ് ‘തോൽവിയും ജയവും' . ഈ കഥ ആഴ്ചപ്പതിപ്പിന്റെ 24‐ 11‐ 63ൽ ഇറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
എം ടി യുടെ ‘ശാന്തിപർവ്വം' എന്ന കഥ വായിച്ചതിനെക്കുറിച്ചും ഞാൻ ഉത്തരേന്ത്യയിൽ സഞ്ചരിച്ചതിനെക്കുറിച്ചും ‘തോൽവിയും ജയവും' എന്ന കഥയ്ക്കൊപ്പം അയച്ച കത്തിൽ എഴുതിയിരുന്നു.
റെയിൽവേയിൽ ജോലിക്ക് ചേരാനുള്ള ഉത്തരവ് ലഭിച്ച സമയത്തായിരുന്നു ആ കഥ അയച്ചത്. എം ടിയുടെ അനുമോദനം ലഭിച്ചുകഴിഞ്ഞു. ജോലിക്ക് ചേരാനായി വിജയവാഡക്ക് പുറപ്പെട്ടത് ഒരു മാസം കഴിഞ്ഞാണ്. അതിനുള്ളിൽ ഒരു കഥ കൂടി എഴുതി അയച്ചു. 'ചെകുത്താൻ ഉറങ്ങുന്നില്ല' എന്ന ആ കഥ പ്രസിദ്ധീകരിച്ചുവന്നപ്പോ ഴേക്കും ഞാൻ വാളയാർ ചുരംകടന്ന് നാടുവിട്ട് ആന്ധ്രയിലെ വിജയവാഡയിൽ എത്തിയിരുന്നു. വിജയവാഡ റെയിൽവേ പ്ലാറ്റ്ഫോറത്തിലെ ബുക്ക്സ്റ്റാളിൽനിന്ന് വാങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആ കഥ ഞാൻ വായിച്ചത്. അപരിചിതമായ സ്ഥലം, ഭാഷ, പരിചയമില്ലാത്ത മനുഷ്യർ. ഇതിനെല്ലാമിടയിൽ ആഴ്ചപ്പതിപ്പ് കണ്ടപ്പോൾ തിരിച്ച് നാട്ടിലെത്തിയതുപോലുള്ള സന്തോഷം.
ഗോദാവരി നദിക്ക് അപ്പുറത്തുള്ള രാജമുണ്ട്‌റി തുടങ്ങിയ സ്റ്റേഷനുകളിലൊക്കെ പരിശീലനം കഴിഞ്ഞ് ഗുഡൂർ ജങ്ഷനിൽ ക്യാബിൻ സ്റ്റേഷൻ മാസ്റ്ററായി ജോലിചെയ്തു. തിരിച്ച് നാട്ടിലെത്തണം എന്ന ആഗ്രഹത്തിന്റെ ഭാഗമായി മദിരാശി ഡിവിഷനിലേക്ക് മാറ്റം വാങ്ങി. നമ്മുടെ അപേക്ഷ പ്രകാരം ഇന്റർ ഡിവിഷൻ മാറ്റം കിട്ടിയാൽ പുതിയ ഡിവിഷനിൽ ഏറ്റവും ജൂനിയറായിട്ടേ പരിഗണിക്കൂ. ജൂനിയർ ക്യാബിനിൽ ജോലി ചെയ്യണം. അങ്ങനെ മദിരാശി ഡിവിഷനിലെ ഗുമ്മിഡിപ്പൂണ്ടി സ്റ്റേഷനിൽ ക്യാബിൻ സ്റ്റേഷൻ മാസ്റ്ററായി ജോലിചെയ്തു.നാലുവർഷം ഒന്നും എഴുതിയില്ല. എം ടി തന്ന പ്രചോദനം ഉള്ളിൽ ഉമിത്തീപോലെ എരിഞ്ഞുനിന്നു.
ഗുമ്മിഡിപ്പൂണ്ടി സിഗ്നലിങ് ക്യാബിനിലെ ജോലികഠിനമായിരുന്നു. കൂടുതലും മെക്കാനിക്കലായി പ്രവർത്തിക്കുന്ന സിഗ്നലുകൾ. ലിവറുകൾ വലിച്ചടിയ്ക്കാൻ ഒരു ലിവർമാൻ ഉണ്ട്. പക്ഷേ അയാൾ ലിവർ അടിച്ചാൽ വണ്ടി സിഗ്നലിൽ നിൽക്കും. എനിക്ക് ചാർജ് ഷീറ്റ് കിട്ടും. അതുകൊണ്ട് ഞാനും ലിവറുകൾ വലിക്കും. ഒട്ടും ശാരീരികാധ്വാനം ചെയ്‌ത് ശീലമില്ലാത്തതുകൊണ്ട് ആകെ ക്ഷീണിച്ചുപോകും. കഠിനമായ ചൂടും കരിപ്പുകയും പൊടിക്കാറ്റും എല്ലാം ചേർന്ന് എന്നെ കടുത്ത ആസ്‌ത്‌മ രോഗിയാക്കി.
പിന്നീട് അസുഖം അൽപ്പം കുറഞ്ഞപ്പോൾ വീണ്ടും ഒരു കഥ എഴുതി. അയച്ചു. ഒട്ടും വൈകാതെ പത്രാധിപർ അത് മടക്കി അയച്ചു. അസുഖത്തിന് കഴിക്കുന്ന ഗുളികകളുടെ സ്വാധീനവും കൂടി ആയപ്പോൾ വല്ലാത്ത വിഷാദം തോന്നി. ജീവിത പങ്കാളിയും കഥകളുടെ ആദ്യ വായനക്കാരിയുമായ പദ്മ ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്ക് ഞാൻ സൂക്ഷിച്ചു വച്ചിരുന്ന, ആദ്യം അയച്ചുകിട്ടിയ എം ടിക്കത്ത് എടുത്തുവായിയ്ക്കും. വീണ്ടും ഒരു കഥ എഴുതി. നന്നേ പണിപ്പെടേണ്ടി വന്നു അത് പൂർത്തിയാക്കാൻ.
അതിനിടയിൽ സ്വന്തം പേരിൽ കഥ എഴുതി പ്രസിദ്ധീകരിക്കുന്നത് റെയിൽവേയുടെ അച്ചടക്കനിയമത്തിന് എതിരാകും എന്ന് ചില സുഹൃത്തുക്കൾ ഉപദേശിച്ചു. പേര് മാറ്റണം. പുതിയ കഥ എഴുതുമ്പോൾ പ്രേരണയായി മനസ്സിൽ, ഒരു വാചകമുണ്ടായിരുന്നു. എം ടിയുടെആദ്യ കത്തിലെ വാചകം. ‘സുപരിചിതമായ ജീവിത മണ്ഡലങ്ങളിൽനിന്ന് എഴുതൂ.അങ്ങനെ എഴുതിയ കഥയാണ് ‘നിഴൽ യുദ്ധം'. ഈ കഥ വൈശാഖൻ എന്ന പേരിലാണ് അയച്ചത്. ഒപ്പം അയച്ച കത്തിൽ ഞാൻ മുമ്പ് കഥ എഴുതിയിട്ടുള്ള എം കെ ഗോപിനാഥൻ തന്നെ ആണെന്ന് എഴുതിയിരുന്നു.
അൽപ്പം പരിഭവവും ആ കത്തിൽ അറിയാതെ എഴുതിപ്പോയി. അതിനുമുമ്പ് അയച്ച കഥ എം ടി മടക്കി അയച്ചതിലുള്ള പരിഭവം. എം ടിയുടെ മറുപടി താമസിയാതെ തന്നെ എത്തി. ഞാൻ പരിഭവം പറഞ്ഞതിനുള്ള ഒരു ചെറിയ കിഴുക്കും ആ മറുപടിയിലുണ്ടായിരുന്നു.
മറുപടി ഇങ്ങനെ
‘ഡിയർ ഗോപിനാഥൻ,
കത്തും കഥയും കിട്ടി.വായിയ്ക്കാതെ ഇവിടെ നിന്നും കഥകളും മറ്റു സാധനങ്ങളും തിരിച്ചയക്കാറില്ല. ഞാനോ എന്റെ സഹപ്രവർത്തകനോ വായിച്ചിരിയ്ക്കും . ഘൗരസ്യ റശു പോലെ മാറ്ററുകൾ തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് വായിയ്ക്കുക തന്നെ വേണം. പുതിയ കഥ ‘നിഴൽ യുദ്ധം' എനിയ്ക്കിഷ്ടമായി. അത് പ്രസിദ്ധീകരിയ്ക്കുന്നു.
വിധേയൻ
(എം ടി യുടെ ഒപ്പ്)
നിഴൽ യുദ്ധം 31 ‐ 8 ‐ 1969 ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ചുവന്നു. ആദ്യമായി വൈശാഖൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചുവന്ന ഈ കഥയാണ് മലയാള കഥാസാഹിത്യത്തിലെ ആദ്യ റെയിൽവേ പശ്ചാത്തല കഥ എന്ന് പ്രൊ. രമേശ് ചന്ദ്രന്റെ ഗവേഷണ പ്രബന്ധത്തിൽ ഏറെക്കാലം കഴിഞ്ഞ് വായിച്ചപ്പോൾ സന്തോഷം തോന്നി.
എം ടി ആകെ നാലോ അഞ്ചോ കത്തുകളേ എനിക്ക് അയച്ചിട്ടുള്ളൂ. എല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എന്ന നിലയിൽത്തന്നെ. ആ കത്തുകളിൽ എല്ലാറ്റിലും കൂടി മുപ്പത് വാചകങ്ങളിൽ കൂടുതൽ ഉണ്ടാവില്ല. നാല് സംസ്ഥാനങ്ങളിലായി അനേകം സ്റ്റേഷനുകളിൽ റിലീവിങ് സ്റ്റേഷൻമാസ്റ്ററായി പെട്ടിയും കിടക്കയും മറ്റു സാധനങ്ങളുമായി അലയുന്നതിനിടയിൽ കുറച്ചു കഥകളുടെ കൈയെഴുത്തുപ്രതികളും അച്ചടിച്ചുവന്ന പ്രസിദ്ധീകരണങ്ങളും നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
പക്ഷേ എം ടിയുടെ കത്തുകൾ ഞാൻ നിധിപോലെ സൂക്ഷിച്ചു കൂടെ കൊണ്ടുനടന്നു. എം ടി നൽകിയ ആത്മവിശ്വാസം ഇല്ലായിരുന്നെങ്കിൽ വൈശാഖൻ എന്ന എഴുത്തുകാരൻ ഉണ്ടാകുമായിരുന്നുവോ എന്ന് സംശയമുണ്ട്. വീട്ടിൽ പുസ്തകവായനക്കാരില്ലാത്ത, സാഹിത്യ പശ്ചാത്തലമൊന്നുമില്ലാത്ത, എഴുത്തിന് ഒട്ടും അനുകൂലമല്ലാത്ത സ്റ്റേഷൻ മാസ്റ്റർ ജോലി ചെയ്തുകൊണ്ട് കഥകൾ എഴുതുന്ന ഒരാൾ എന്ന വൈശാഖനെപ്പറ്റിയാണ് ഞാൻ ഉദ്ദേശിച്ചത്. ചിലപ്പോൾ എം കെ ഗോപിനാഥൻ കഥകൾ എഴുതി എന്നു വരാം. പക്ഷേ ഇപ്പോഴത്തെ വൈശാഖൻ ആയിരുന്നിരിക്കില്ല അയാൾ‐ പ്രിയപ്പെട്ട ദേശാഭിമാനി വാരികയിൽ ഇതുപോലെ ഓർമകൾ എഴുതുന്ന ഈ എന്നെപ്പോലെ.
(ദേശാഭിമാനി വാരികയിൽ നിന്ന്)