അഭിമുഖം

കഴിഞ്ഞുപോയ ജീവിതംകണക്കാണ് പുസ്തകങ്ങൾ

Friday Jul 14, 2023
എം ടി / എൻ രാജൻ
എൻ രാജനും എം ടിയും അഭിമുഖത്തിനിടെ

ഗ്രാമം തന്നെയാണ് എന്റെ ശക്തി. ഗ്രാമത്തിന് ചില വ്യത്യസ്---തതകളുണ്ട്‌. നഗരവൽക്കരിക്കപ്പെടുന്ന ഗ്രാമങ്ങളാണിന്ന് ഏറെയും. ഗ്രാമത്തിന്റെ മാറുന്ന ഈ ശൈഥില്യം ‘ശിലാലിഖിതങ്ങൾ’ എന്ന കഥയിലുണ്ട്‌-. എങ്കിലും ഗ്രാമത്തിന് കുറേക്കൂടി സത്യസന്ധതയുണ്ട്‌-. ഗ്രാമജീവിതം, - അതുണ്ടാക്കിയ കരുത്താണ് എന്റേത്-.

നാലുകെട്ട്  വീണ്ടും വായിക്കാനിട വന്നോ? അപ്പോൾ എന്തെങ്കിലും അപൂർണതകൾ, ചില കൂട്ടിച്ചേർക്കലുകൾ വേണമെന്നു തോന്നിയോ?
കഴിഞ്ഞുപോയ ജീവിതംകണക്കാണ് പുസ്തകങ്ങൾ. ഒരിക്കൽ എഴുതിത്തീർന്നാൽ കഴിഞ്ഞു. പിന്നീടൊരു റീറൈറ്റിങ് സാധ്യമല്ല. ചില പോർഷൻസ് മറ്റൊരു തരത്തിലാകാമായിരുന്നല്ലോ, എങ്കിൽ കുറേക്കൂടി മെച്ചപ്പെടുമായിരുന്നല്ലോ എന്നെല്ലാം തോന്നും. നാലുകെട്ടിൽത്തന്നെ വയനാടൻ ഭാഗങ്ങൾ. എനിക്ക് വലിയ അടുപ്പമില്ലാത്ത ഒരു പ്രദേശമാണ് വയനാട്. അതുകൊണ്ടുതന്നെ വയനാടൻ പ്രകൃതി ചിത്രങ്ങളും ജീവിതവും കുറേക്കൂടി ആവാമായിരുന്നുവെന്ന് തോന്നാറുണ്ട്‌.
മഞ്ഞ്‌  എം ടിയുടെ വ്യത്യസ്ത രചനയാണ്. ഭാവഗീതമെന്ന് വിശേഷിപ്പിക്കപ്പെട്ട അത്തരമൊരു രചനാരീതി എം ടി പക്ഷേ, പിന്നീടാവർത്തിച്ചിട്ടില്ല ‌?
പ്രമേയങ്ങൾക്കനുസൃതമായാണ് അതിന്റെ ഭാഷയും ശൈലിയുമൊക്കെ വരിക. കുമയൂൺകുന്നും തടാകവും മഞ്ഞുവീഴ്ചയുമൊക്കെയുള്ള ആ ഭൂപ്രകൃതിയിൽ മഞ്ഞിന്റെ ഭാഷ വന്നു. കാത്തിരിപ്പിന്റെ  രൂപവും ശൈലിയുമുണ്ടായിരിക്കണമെന്ന് തോന്നി. അത്തരമൊരു തീം വീണുകിട്ടിയാൽ ഒരു പക്ഷേ, എഴുതിയേക്കും. എഴുതാൻ സാധിക്കായ്കയില്ല.
ഒരു വ്യക്തി പ്രസ്ഥാനമായി മാറിയ കഥയാണ് എം ടിയുടേതെന്ന് ഒറ്റവാക്കിൽ പറയാം. ഈയൊരു  കരുത്തിന്റെ ആർജവത്തിന്റെ, ആത്മബലത്തിന് ആരോടെങ്കിലും കടപ്പാടുണ്ടോ?  ഒരു മാതൃക മുന്നിലുണ്ടായിരുന്നോ  ?
ഗ്രാമം തന്നെയാണ് എന്റെ ശക്തി. ഗ്രാമത്തിന് ചില വ്യത്യസ്തതകളുണ്ട്‌. നഗരവൽക്കരിക്കപ്പെടുന്ന ഗ്രാമങ്ങളാണിന്ന് ഏറെയും. ഗ്രാമത്തിന്റെ മാറുന്ന ഈ ശൈഥില്യം ‘ശിലാലിഖിതങ്ങൾ’ എന്ന കഥയിലുണ്ട്‌. എങ്കിലും ഗ്രാമത്തിന് കുറേക്കൂടി സത്യസന്ധതയുണ്ട്‌. ഗ്രാമജീവിതം, അതുണ്ടാക്കിയ കരുത്താണ് എന്റേത്. അച്ഛൻ മദ്രാസിൽ ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോൾ  ഞങ്ങൾ, സഹോദരങ്ങൾ മാറിമാറിയാണ്‌ അവിടെപ്പോയി കൂട്ടിരുന്നത്‌. ഞങ്ങൾ പോകുമ്പോൾ ഗ്രാമത്തിൽനിന്ന് ചിലരൊക്കെ സഹായത്തിന് വരും. ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല അവരൊക്കെ വന്നിരുന്നത്. അത് അക്കാലത്തെ നന്മയാണ്.
പുതിയ എഴുത്തുകാരുടെ ഭാഷ  ?
ലാളിത്യം. സിംപ്ലിസിറ്റി. സ്മാൾ ഈസ് ബ്യൂട്ടിഫുൾ എന്ന് പറയാറില്ലേ? ഇതിൽ കുടുതൽ ലളിതമായി പറയാൻ പറ്റില്ല എന്നിടത്തെത്തുമ്പോഴാണ് എനിക്ക് സംതൃപ്തി. എങ്കിൽ മാത്രമേ ആ ഭാഷയ്ക്ക് ശക്തിയുണ്ടാകൂ. കമ്യൂണിക്കേറ്റ് ചെയ്യൂ. ‘കുമരനെല്ലൂരിലെ കുളങ്ങൾ’ ഈയിടെ വീണ്ടും വായിച്ചു. എനിക്കുകൂടി ബോധ്യപ്പെടുന്ന ഒരു ഭാഷയിലാണ് ഞാനത് എഴുതിയിരിക്കുന്നത്. ഈ രീതിയിൽ തന്നെയാണ് എഴുതേണ്ടത്, നമുക്കുകൂടി ജഡ്ജ് ചെയ്യാൻ പറ്റുന്ന മട്ടിൽ.
നാലുകെട്ട് എഴുതിയ കാലം? സ്ഥലം  ?
കോഴിക്കോട്ടെ ലോഡ്ജ്  ജീവിതകാലത്തുതന്നെ. ഞായറാഴ്ച മാത്രമാണ് മുഴുവനായി എഴുതാൻ കിട്ടുക. ബാക്കി ദിവസങ്ങളിലൊക്കെ ജോലി കഴിഞ്ഞുവന്ന് രാത്രി ഒരു എട്ടുമണിയോടുകൂടി എഴുതാനിരിക്കും. ഞാനന്ന് രണ്ടുജോലി ചെയ്യുന്ന കാലമാണ്. രാവിലെ ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോകും. അവിടന്ന് ജോലിക്ക്. പിന്നെ തിരിച്ചുവന്നിട്ടാണ് എഴുത്ത്‌.
രചനയിൽ ഏർപ്പെട്ട വേളയിൽ മറ്റ് പുസ്തകങ്ങൾ വായിക്കാറുണ്ടോ  ?
സീരിയസ് റീഡിങ്  കഴിയാറില്ല. എന്നാലും എങ്കിലും ഒരു ദിവസം കുറച്ചു വായിച്ചില്ലെങ്കിൽ അസ്വസ്ഥതയാണ്. വായിച്ച പുസ്തകങ്ങളാണെങ്കിലും മതി. ഒരു പുസ്തകം അടുത്തില്ലെങ്കിൽ വലിയ അസ്വസ്ഥതയാണ്.
സാമൂഹ്യജീവിതത്തിൽ ഇപ്പോൾ സജീവമായി ഇടപെടുന്ന എം ടിയുടെ ഭൂതകാലം മറ്റൊന്നാണല്ലോ? ഒന്നിലും ഇടപെടാതുള്ള എഴുത്തുകാരന്റെ സ്വകാര്യതയനുഭവിച്ച്‌ കഴിഞ്ഞിരുന്നൊരു കാലം?  എന്താണ് ഈ ഗതിമാറ്റത്തിന് കാരണം  ?
ഗതിമാറ്റമെന്ന് പറയാനാവില്ല. മുമ്പ്‌ എന്റെ പരിമിതിക്കകത്തുനിന്ന് ഞാൻ പൊതുജീവിതത്തിൽ ഇടപെട്ടിരുന്നു. എന്നാൽ അന്ന് ജോലി, അതിന്റെ സമയം, അതൊക്കെ കഴിഞ്ഞ്‌ വളരെ കുറച്ചേ കഴിഞ്ഞിരുന്നുള്ളൂവെന്നുമാത്രം.  
വായനക്കാരിന്നും എം ടിയുടെ രചനകൾക്ക്‌ കാത്തിരിക്കുന്നു  ?
അജ്ഞാതരായ വായനക്കാർ ഏതു സമൂഹത്തിലും ഏതു ഭാഷയിലുമുണ്ട്‌. നമ്മളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതിൽ ചിലരൊക്കെ നമുക്കുമുന്നിൽ ആകസ്മികമായി പ്രത്യക്ഷപ്പെട്ടെന്നിരിക്കും. ചില വായനക്കാരുടെ കത്തുകൾ. അവർക്ക് മറുപടി വേണമെന്ന നിർബന്ധം കാണില്ല. മറുപടി എഴുതി സമയം കളയേണ്ടതില്ലെന്ന് അവർ തന്നെ പറയും. എഴുത്തിൽ ചിലപ്പോഴെങ്കിലും ചില നിർദ്ദേശങ്ങൾ തന്നുകൊണ്ട്‌, ആ വഴിക്കൊന്നാലിചിച്ചുകൂടേയെന്ന് നമ്മളെ ഉണർത്തിക്കൊണ്ടെല്ലാം കത്തുകളയച്ചിരുന്ന വായനക്കാരുണ്ട്‌. നമ്മെ ഗുണദോഷിക്ക മാത്രമല്ല, ചിലർ നമുക്ക്‌ മാപ്പുകൂടി തരുന്നു. പൊറുക്കാനും ക്ഷമിക്കാനും കഴിയുന്നു. ഇനിയും വലിയ ബാധ്യതകളേറ്റെടുക്കാൻ  നമ്മെ  പ്രാപ്തരാക്കി, ആത്മവിശ്വാസം പകർന്ന് നന്മമാത്രം നേരുന്ന വായനക്കാരുണ്ട്‌.
മലയാളികളല്ലാത്ത വായനക്കാരെക്കുറിച്ചും പറഞ്ഞു  ?

പ്രതിഭാറായി

പ്രതിഭാറായി

അതെ. ബാംഗ്ലൂരിൽ എനിക്ക് പരിചയമുള്ള ഒരു വീട്ടിൽ താമസിക്കുമ്പോൾ, ആ വീടിന്റെ കാവൽക്കാരനുണ്ടായിരുന്നു. മറാഠി. അയാളോടു സംസാരിച്ചുകൊണ്ടുനിൽക്കുമ്പോൾ, ഞാനൊരു മലയാളി എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ  അത്ഭുതപ്പെടുത്തിക്കൊണ്ടയാൾ പ്രതിഭാറായിയെ വായിച്ച ആളാണെന്ന് മനസ്സിലാവുന്നു. ഒരു ചൗക്കിദാറാണ്. പക്ഷേ, അയാൾക്ക് പ്രതിഭാറായിയെ അറിയാം. വായനയ്ക്ക് ഭാഷയോ വിദ്യാഭ്യാസമോ ഒന്നും തടസ്സമല്ല. അതുപോലെ ഷിക്കാഗോ ഓസ്റ്റിൻ യൂണിവേഴ്സിറ്റി ലക്ചറിങ്ങിനു പോയപ്പോൾ  അവിടെ ഹോട്ടൽ മുറിക്കകത്തുപോലും പുകവലി നിഷിദ്ധമാണ്, എനിക്കാണെങ്കിൽ പുക വലിക്കാതെ വയ്യെന്ന അവസ്ഥയും. വലിക്കാവുന്ന ഒരിടം ബാറാണ്. പുകവലിക്കാനായി ബാറിൽ കയറി. അവിടെ കണ്ട ബാറിലെ ജീവനക്കാരി ഞാൻ യൂണിവേഴ്സിറ്റിയിൽ പ്രഭാഷണത്തിന് വന്നതാണെന്ന് തിരിച്ചറിഞ്ഞ്‌  ചോദിച്ചു,  ''ശ്രീലങ്കക്കാരനാണോ?''   ''അല്ല''.  ''ഇന്ത്യൻ?'' ''അതെ''.  ഇന്ത്യൻ എഴുത്തുകാരനാണെന്നറിഞ്ഞതും ചോദ്യം അമിതാവ്ഘോഷിനെക്കുറിച്ചായി. അമിതാവ്ഘോഷിന്റെ രണ്ടു പുസ്തകങ്ങൾ അവരുടെ ശേഖരത്തിലുണ്ട്‌. ഞാനന്തം വിട്ടു. അമേരിക്കയിലെ ഏതോയൊരു ബാറിലെ ജീവനക്കാരി അമിതാവ് ഘോഷിനെക്കുറിച്ച്‌ സംസാരിക്കുക. ഇക്കാര്യം അമിതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹവും വലിയ ത്രില്ലിലായി. അങ്ങനെയാണ് അജ്ഞാതരായ വായനക്കാർ.
അമിതാവ്-ഘോഷ്‌

അമിതാവ്-ഘോഷ്‌

ഇതുപോലെ ഫ്രാങ്ക്ഫർട്ട്  ബുക്ക് ഫെസ്റ്റിവലിന് പങ്കെടുക്കാൻ പോയവഴി ഗറാമിൽവച്ച്‌ പരിചയപ്പെട്ട ഫാദർ സണ്ണി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള തീവണ്ടിയാത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരിലൊരാൾ. അയാൾ എന്റെ ഒട്ടെല്ലാ പുസ്തകങ്ങളും വായിച്ചിരിക്കുന്നു. മനസ്സിന്റെ താളക്രമം നിലനിർത്താനാണ് വായന. പുസ്തകം ജീവിതത്തിൽ മാറ്റിനിർത്തപ്പെടുന്നൊരു അവസ്ഥയുണ്ടാവില്ല.
അരനൂറ്റാണ്ടിനപ്പുറമുള്ള ഒരു ജർമൻ യാത്രയെപ്പറ്റി  ?
കോൺസെൻടേഷ്രൻ ക്യാമ്പ്‌ സന്ദർശിച്ചതിന്റെ അനുഭവമാണ്. ഫാസിസത്തിനെതിരെ അതിൽ...കുറച്ചുകഴിഞ്ഞാ നമ്മളും കോൺസെൻട്രേഷൻ ക്യാമ്പുകളിലായിരിക്കും. അവിടവിടെ നമ്മളറിയാത്ത ക്യാമ്പുകളുണ്ട്‌. ഗോയ്ഥേയുടെ നാട്ടില് നമ്മള് പോയപ്പോ അതിന്റെ തൊട്ടടുത്താണ് ബുഹൻ വാൾഡ്. എത്രയോ പേരെ അവിടന്ന് മെക്കനൈസ് ചെയ്തീട്ട്... കൊന്ന്... പൊടിയാക്കി ആഷാക്കീട്ട്. ഒരു പ്രദേശം. ആ പരിസരക്കാർക്ക് ആർക്കും അറിയില്ല. അതുകൊണ്ട്‌ എന്തായിരിക്കും നമ്മുടെ നാട്ടിലെന്ന്, എന്തൊക്കെ ഉണ്ടാവൂന്ന് നമുക്ക് പറയാൻ പറ്റില്ല.
( മുമ്പു നടത്തിയ അഭിമുഖത്തിൽനിന്ന്‌ )

(ദേശാഭിമാനി വാരികയിൽ നിന്ന്)