സാദരപ്രണാമം

Friday Jul 14, 2023
ഡോ. കെ ശ്രീകുമാർ
എം ടിയും മകൾ അശ്വതിയും

എം ടിയുടെ നവതിയും തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സാരഥ്യത്തിൽ മൂന്നുപതിറ്റാണ്ട് തികഞ്ഞതും പ്രമാണിച്ചാണ് തുഞ്ചൻപറമ്പിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സാദരം എം ടി ഉത്സവം നടത്താൻ കേരള സാംസ്‌കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും തീരുമാനിച്ചത്.

2023 മെയ് പതിനേഴ്
തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന ‘സാദരം എം ടി ഉത്സവ'ത്തിന്റെ രണ്ടാംനാൾ. സന്ധ്യമയങ്ങിയതും ആചാര്യന്റെ മണ്ണിലെ തുറന്ന വേദി അശ്വതി ശ്രീകാന്തിന്റെ നൃത്തസന്ധ്യയ്ക്കായി ഒരുങ്ങി. തിങ്ങിനിറഞ്ഞകാണികൾ. മുൻനിരയിൽ മകളുടെ നൃത്തം ആസ്വദിക്കുവാൻ എം ടിയും ഭാര്യ കലാമണ്ഡലം സരസ്വതിയും. അരങ്ങിൽ നൃത്തഭംഗിയും ചടുലതാളവും മേളിച്ചു. ഒടുവിൽ ‘ഗാന്ധാരീവിലാപ'ത്തിന്റെ ഊഴവുമെത്തി. കരുണാർദ്രമായ ആ ഭാഗം ചിട്ടപ്പെടുത്തിയതും അശ്വതി തന്നെ.

ആസ്വാദകരുടെ കണ്ണും മനസ്സും ആർദ്രമാക്കിക്കൊണ്ട്‌ ഗാന്ധാരി അരങ്ങുകീഴടക്കവെ, തെല്ല് അസ്വസ്ഥതയോടെ എം ടി എഴുന്നേറ്റു. പിന്നെ, തുഞ്ചൻപറമ്പിലെ തന്റെ കോട്ടേജിലേക്ക് നടന്നു. ശാരീരികാസ്വാസ്ഥ്യം മൂലമാവാം ആസ്വാദനം ഇടയ്ക്കുവച്ച് നിർത്തിയതെന്ന് എല്ലാവരും കരുതി.

കോട്ടേജിലെത്തി തന്റെ കസേരയിലിരുന്ന എം ടിയോട് ഞാൻ ചോദിച്ചു, ‘വയ്യായ്ക വല്ലതും തോന്നണ്‌ണ്ടോ' എന്ന്. നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. ‘‘ഏയ് അതൊന്ന്വല്ല. കടുത്ത ദുഃഖമൊന്നും എനിക്ക് കണ്ടിരിക്കാൻ വയ്യ. ഗാന്ധാരിയുടെ വിഷമവും വിലാപവും മനസ്സിന് താങ്ങാനാവില്ല. അതാണ് ഞാൻ പോന്നത്''.

എം ടിയുടെ നവതിയും തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സാരഥ്യത്തിൽ മൂന്നുപതിറ്റാണ്ട് തികഞ്ഞതും പ്രമാണിച്ചാണ് തുഞ്ചൻപറമ്പിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സാദരം എം ടി ഉത്സവം നടത്താൻ കേരള സാംസ്‌കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും തീരുമാനിച്ചത്. പ്രിയകഥാകാരനെയും അദ്ദേഹത്തിന്റെ രചനകളെയും വൈവിധ്യമാർന്ന കർമമണ്ഡലത്തെയും ഉൾക്കൊള്ളുന്ന സെമിനാറുകളും കലാപരിപാടികളും പ്രദർനവുമൊക്കെയായിരുന്നു അതിന്റെ ഉള്ളടക്കം.

തുഞ്ചൻപറമ്പിൽ അശ്വതി ശ്രീകാന്ത്‌ അവതരിപ്പിച്ച നൃത്തം

തുഞ്ചൻപറമ്പിൽ അശ്വതി ശ്രീകാന്ത്‌ അവതരിപ്പിച്ച നൃത്തം

എം ടി ഉത്സവം എന്ന പരിപാടിയുടെ പ്രാരംഭചർച്ചകളിൽത്തന്നെ എം ടി അതിനോട് വിയോജിക്കുകയായിരുന്നു. താൻ ചെയർമാനായ തുഞ്ചൻ സ്മാരക ട്രസ്റ്റ് തന്നെക്കുറിച്ചുള്ള ഉത്സവം നടത്തുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതദ്ദേഹം ട്രസ്റ്റ് യോഗത്തിലും അല്ലാതെയും തുറന്നുപറയുകയും ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാറിന്റെ സ്‌നേഹനിർബന്ധങ്ങളെ തുടർന്നാണ് ഒടുവിൽ അദ്ദേഹമതിന്‌ അർധസമ്മതം മൂളിയത്.

കോഴിക്കോട്ടെ ബാലൻ കെ നായർ റോഡിനടുത്തുള്ള ഫ്ലാറ്റിൽവച്ച് പിന്നീടും തന്റെ താൽപ്പര്യക്കുറവ് എന്നോട് പലവട്ടം പറയുകയുണ്ടായി. സാദരത്തിലെ സെഷനുകളിലേക്കുള്ള പ്രഭാഷകരുടെ തെരഞ്ഞെടുപ്പിലും അദ്ദേഹം തെല്ലും ഇടപെട്ടില്ല. പരിപാടിയുടെ കരട് ബ്രോഷറുമായി ഫ്ലാറ്റിലെത്തിയ ഞാൻ അതെല്ലാം വായിച്ചുകേൾപ്പിച്ചു.

എല്ലാം മൂളിക്കേട്ടതല്ലാതെ ഒരു പേരും ഒഴിവാക്കാനോ പുതുതായി ഏതെങ്കിലും പേര് കൂട്ടിച്ചേർക്കാനോ അദ്ദേഹം തയ്യാറായില്ല. അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന ഭാവമായിരുന്നു ആ മുഖത്ത്. കാര്യപരിപാടികൾ മുഴുവൻ വായിച്ച് തീർത്ത് പോകാൻ ഭാവിച്ചപ്പോൾ എം ടി കൂട്ടിച്ചേർത്തത് ഇത്രയും മാത്രം. ‘‘അതൊക്കെ നിങ്ങളങ്ങ് നടത്തിയാൽ മതി. പരാതി വരാത്തവിധം കഴിയുന്നത്ര ആളുകളെ ഉൾപ്പെടുത്താൻ നോക്കണമെന്നുമാത്രം''.

തുഞ്ചൻസ്മാരക ട്രസ്റ്റംഗങ്ങളും സൂപ്രണ്ട് ടി പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ജീവനക്കാരും ‘സാദര’ത്തിന്റെ പ്രവർത്തനങ്ങളിൽ കഴിയുന്നത്ര മുഴുകിയ നാളുകളായി പിന്നീട്. ബ്രോഷർ അച്ചടിച്ചുകിട്ടിയതിനുശേഷം ബാക്കിയായത് കഷ്ടിച്ച് രണ്ടാഴ്ചമാത്രം. ഒരുക്കങ്ങൾ അപ്പപ്പോൾ എം ടിയെ അറിയിച്ചപ്പോൾ പഴയ നിർവികാരതമാത്രം. ‘സാദരം’ പരിപാടി തിരൂർ നിവാസികൾ ആവേശത്തോടെ ഏറ്റെടുത്ത് അരങ്ങിലും അണിയറയിലും സജീവമായി.

സമൂഹമാധ്യമങ്ങളിലൂടെ കേരളമെങ്ങുമുള്ള സഹൃദയരും ഉത്സവപരിപാടികൾ ജനശ്രദ്ധയിലെത്തിച്ചു. തിരൂർ നഗരത്തിന്റെ മുക്കിലും മൂലയിലും തലയുയർത്തിനിന്ന ‘സാദരം’ പ്രചാരണബോർഡുകൾ കാറിലിരുന്നു കണ്ടായിരുന്നു എം ടിയുടെ ഉത്സവ നഗരിയിലേക്കുള്ള യാത്ര. അവയിലേക്ക് കണ്ണയയ്്‌ക്കെ തെല്ല് അസ്വസ്ഥതയോടെ അദ്ദേഹം പിറുപിറുത്തത് ഞാൻ ശ്രദ്ധിച്ചു. ‘‘ഇതൊക്കെ വേണ്ടീര്‌ന്നോ?''

ഉത്സവവേദിയിൽ ഏറ്റവും ശ്രദ്ധേയമായത് അഞ്ചുനാളും നിറഞ്ഞുനിന്ന എം ടിയുടെ സാന്നിധ്യംതന്നെ. ഉദ്ഘാടന സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും മെഗാസ്റ്റാർ മമ്മൂട്ടിയുമടക്കമുള്ളവരും എണ്ണമറ്റ കാണികളും ആ മഹാ പ്രതിഭയ്ക്കുമേൽ പ്രശംസകൾ ചൊരിഞ്ഞപ്പോഴും ഒട്ടും വികാരനിർഭരമായില്ല അദ്ദേഹം. തന്നെ എഴുത്തിന്റെ അപൂർവ വഴികളിലേക്ക് കൈപിടിച്ചുനടത്തിയ കാലത്തിനും നിയോഗത്തിനും നന്ദി പറയുന്ന അമൂല്യവാക്കുകളിൽ മറുപടിയും ചുരുക്കി, അദ്ദേഹം.

നിറഞ്ഞ സദസ്സിനുമുന്നിൽ മാറിമാറി വരുന്ന സെഷനുകളിൽ കലാവൈവിധ്യങ്ങളിൽ സിനിമാപ്രദർശനങ്ങളിൽ എല്ലാം കുറച്ചുസമയമെങ്കിലും എം ടി സദസ്സിന്റെ മുൻനിരയിലെത്തി. പരിപാടികൾ സാകൂതം കണ്ടും കേട്ടും ഗൗരവഭാവത്തിലിരുന്നു. അല്ലാത്ത സമയങ്ങളിൽ കോട്ടേജിന് മുന്നിലെ ചൂരൽക്കസേരയിലും.

ജീവിതസാഫല്യമെന്നപോലെ കഥാകാരനെ കാണാനെത്തിയവർക്കുമുന്നിൽ ഉദാരനുമാവാൻ നേരം കണ്ടെത്തി. ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരധാരാളിത്തത്തെ അക്ഷര കേരളത്തിന് കാണാനായി ഒരുക്കിയ ‘കാഴ്ച‐പ്രദർശനം' ആളൊഴിഞ്ഞ പുലരിയിൽ സാകൂതം ആസ്വദിച്ചു. വിവിധ സ്ഥലകാലദേശങ്ങളിലെ സ്വന്തം ഛായാചിത്രങ്ങളുമായി മുഖാമുഖം നിന്നു. കുരുത്തോലയിൽ വിരിഞ്ഞ സ്വരൂപവും നാലുകെട്ടിന്റെയും രണ്ടാമൂഴത്തിന്റെയും ഇൻസ്റ്റലേഷനുകളും പ്രതികരണലേശമെന്യേ നോക്കിനിന്നു.

എഴുത്തിനുപുറമെ സിനിമയും പത്രപ്രവർത്തനവും തുഞ്ചൻപറമ്പിന്റെ സാരഥ്യവുമെല്ലാം വിഷയമായ സെമിനാർ സെഷനുകളിലും വൻതിരക്കായിരുന്നു.

സീമ

സീമ

ശാരീരികവിഷമതകൾ മറന്ന് സീമ മദിരാശിയിൽനിന്ന് തുഞ്ചൻപറമ്പിലെത്തി. ഹരിഹരനും വിനീതും പ്രിയദർശനും കെ ജയകുമാറും ലാൽജോസുമെല്ലാം തങ്ങളുടെ ചലച്ചിത്ര ഗുരുനാഥന്റെ അനുഗ്രഹം തേടിയെത്തി. പുലർച്ചെതന്നെ എം ടിയെക്കണ്ട് വണങ്ങിയ സീമ തൊണ്ടയിടറി പഞ്ഞു.

‘‘വയ്യ ഒട്ടും. എന്നിട്ടും ചേട്ടനെ കാണാൻവേണ്ടിമാത്രമാണ് ഞാനിത്ര ദൂരം വന്നത്. ശശിയേട്ടൻ മരിച്ചശേഷം ആദ്യമായാണ് ചേട്ടനെ കാണുന്നത്. ചേട്ടന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷങ്ങൾ നടക്കുമ്പോൾ വരാതിരിക്കാൻ എനിക്കു കഴിയുമോ?'' വേദിയിലും എം ടിയുമായുള്ള ഹൃദയബന്ധം പാതിയിൽ പറഞ്ഞ് വിതുമ്പിനിൽക്കേണ്ടി വന്നു, അവർക്ക്.

രണ്ടു നാടകങ്ങളാണ് ‘സാദര’ത്തിൽ അരങ്ങിലെത്തിയത്. എം ടിയുടെ പ്രശസ്തകഥയായ ‘ഷെർലക്കി'ന്റെ നാടക രൂപാന്തരവും എം ടി രചിച്ച ‘ഗോപുരനടയിലി'ന്റെ പുനരവതരണവും. സതീഷ് കെ സതീഷ് ഒരുക്കിയ ‘ഷെർലക്ക്' ആസ്വദിച്ചവരിൽ എം ടിയുമുണ്ടായിരുന്നു. നാടകാവതരണം മുക്കാലും പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം കോട്ടേജിലേക്ക് മടങ്ങിയത്. നാടകത്തെക്കുറിച്ചുള്ള അഭിപ്രായം തിരക്കിയ എന്നോട് അദ്ദേഹം ഇത്രയുമേ പറഞ്ഞുള്ളു. ‘‘നല്ല അറ്റംപ്റ്റാണ്. നന്നായി''. പിറ്റേന്ന്‌ പുലർച്ചെ പ്രാതൽ കഴിച്ചുകൊണ്ടിരിക്കെ അൽപ്പം വിമർശനാത്മകമായി ഈ വാചകംകൂടി കൂട്ടിച്ചേർത്തു, എന്നോട്. ‘‘പക്ഷേ, എന്റെ പൂച്ച ഒരു ഭീകരജീവിയല്ല!''.

പതിറ്റാണ്ടുകൾക്ക് പിന്നിലാണ് ‘ഗോപുരനടയിലി'ന്റെ ചരിത്രം. കെ ടി മുഹമ്മദ് ‘കോഴിക്കോട് സംഗമം തിയറ്റേഴ്‌സ്' വിട്ട് ‘കലിംഗ'യിലേക്ക് പോയപ്പോൾ സംഗമത്തിന് പുതിയൊരു നാടകകൃത്ത് അനിവാര്യമായി വന്നു. വിൽസൺ സാമുവലിന്റെയും വിക്രമൻ നായരുടെയും ഇബ്രാഹിം

കെ ടി മുഹമ്മദ്

കെ ടി മുഹമ്മദ്

വെങ്ങരയുടെയുമൊക്കെ സ്‌നേഹനിർബന്ധങ്ങൾക്കുവഴങ്ങി എം ടി രചിച്ച്, സംവിധാനംചെയ്ത നാടകമാണത്. സംസ്ഥാന നാടകമത്സരത്തിൽ മികച്ച രചനയ്ക്കടക്കം അവാർഡുകൾ വാരിക്കൂട്ടിയ നാടകം. സാദരത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ മുരളിയും തവനൂർ നാടകവേദി അംഗങ്ങളും ചേർന്നാണ് ആ നാടകം പുനരവതരിപ്പിച്ചത്.

‘ഗോപുരനടയിൽ' അവതരിപ്പിക്കുന്ന കാര്യം ചർച്ചയായപ്പോൾ മുതൽ ഒരാശങ്ക എം ടിയിലുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം അത് വീണ്ടും അരങ്ങിലെത്തിയാൽ വിജയിക്കുമോ എന്ന് അദ്ദേഹം എന്നോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. നാടക റിഹേഴ്‌സൽ തുഞ്ചൻ പറമ്പിലെ ഒാഡിറ്റോറിയത്തിൽ കൊടുമ്പിരിക്കൊണ്ട ദിവസങ്ങളിലെല്ലാം വൈകിട്ട് അദ്ദേഹം ആവർത്തിച്ചു ചോദിച്ചത്‌. ‘എങ്ങനെയുണ്ട് നാടകം' എന്നായിരുന്നു. ‘നന്നാവുന്നുണ്ട്' എന്ന എന്റെ മറുപടിയിൽ ഒരവിശ്വസനീയത അദ്ദേഹം പ്രകടമാക്കുകയും ചെയ്തു.

നാലാം ദിവസമായിരുന്നു ‘ഗോപുരനടയിൽ' വർഷങ്ങൾക്കുശേഷം അരങ്ങിലെത്തിയത്. ‘നിശ്ചയമായും ഞാൻ നാടകം കാണാൻ വരു'മെന്ന് രണ്ടുദിവസം മുമ്പുതന്നെ എം ടി എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച്, നാടകം തുടങ്ങുംമുമ്പേ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാനായി ഞാൻ കോട്ടേജിലെത്തി. ശരീരത്തിന് അത്ര സുഖംതോന്നുന്നില്ലെന്നും നാടകം കാണുന്നില്ലെന്നുമായിരുന്നു മറുപടി.

ഗതകാല പ്രൗഢിയോടെയും പുതിയ അരങ്ങുഭാഷയിലും അരങ്ങേറിയ നാടകം ആസ്വദിച്ചിരിക്കെ എനിക്ക് എം ടിയുടെ വിളിവന്നു. കോട്ടേജിൽ ചെന്ന എന്നോട് അദ്ദേഹം ചോദിച്ചു. ‘‘നാടകം എങ്ങനെയുണ്ട് നരനായി അഭിനയിക്കുന്ന നടൻ കൊള്ളാമോ? നാടകത്തിന്റെ സെറ്റും ദീപവിതാനവും മെച്ചമുണ്ടോ?'' ഒാരോന്നും വിശദീകരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘‘പണ്ട് ഞാനെഴുതി, സംവിധാനം ചെയ്ത നാടകമാണിത്. അതിനെക്കുറിച്ച് എനിക്ക് വ്യക്തമായ സങ്കൽപ്പങ്ങളുണ്ട്. അതീ കാലത്തിന് ചേരുമോ ആവോ? അത്തരം ആശങ്കകൾകൊണ്ടാണ് ഞാൻ നാടകം കാണാൻ വരാതിരുന്നത്''. നാടകം തന്റെ തട്ടകമല്ലെന്ന് പറയുമ്പോഴും ഗോപുരനടയിലും മഹാഭാരതവുമൊക്കെ ഒരുക്കിയ, എന്നും അരങ്ങിനോട് പ്രകടമായ പക്ഷപാതം വച്ചുപുലർത്തിയ നാടകക്കാരന്റെ ആശങ്കാകുലമായ മനസ്സാണ് ഞാനവിടെ കണ്ടത്.

തുറന്ന വേദിയിൽ, മലയാള ചലച്ചിത്ര ഭൂമികയിലെത്തന്നെ ‘ക്ലാസിക്കുകൾ' എന്നു വിശേഷിപ്പിക്കാവുന്ന എം ടിയുടെ സിനിമകൾ തൊട്ടടുത്ത ദിവസങ്ങളിൽ പ്രദർശിപ്പിക്കുന്നു. ‘നിർമാല്യ'വും 'ഓളവും തീരവും' രണ്ടു സിനിമകളും കാണാൻ അഭൂതപൂർവമായ ആൾത്തിരക്ക്. നിന്നും ഇരുന്നും കറുപ്പിലും വെളുപ്പിലുമെഴുതിയ ആ ഇതാഹാസ ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നു. ദൂരെയുള്ള കോട്ടേജിന് മുന്നിലെ ചൂരൽക്കസേരയിലിരുന്ന് അദ്ദേഹം ഇതെല്ലാം നിരീക്ഷിക്കുന്നു.

ഇടയിലെപ്പോഴോ കാണികളുടെ ബാഹുല്യത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘‘സന്തോഷം തോന്നുന്നു എഴുത്തിലെ സുകൃതം തന്നെ!''
‘സാദര’ത്തോടനുബന്ധിച്ച് തുഞ്ചൻപറമ്പിലൊരുക്കിയ പുസ്തകപ്പുരയിൽനിന്ന് നിമിഷംതോറും വിറ്റഴിയുന്ന എം ടി രചനകൾ. കഥ, നോവൽ, തിരക്കഥ, യാത്രാവിവരണം, ലേഖനം, ഓർമക്കുറിപ്പുകൾ, നാടകം, ബാലസാഹിത്യം, ജീവചരിത്രം. ആ മഹാപ്രതിഭയുടെ വിശാലമായ സർഗസഞ്ചാരങ്ങൾക്ക് നിദർശനങ്ങൾ. ‘മഞ്ഞും' ‘രണ്ടാമൂഴവും' ‘എം ടിയുടെ തിരഞ്ഞെടുത്ത കഥകളു'മടക്കമുള്ള പുസ്തകങ്ങളെല്ലാം എം ടിയെ നെഞ്ചേറ്റുന്ന വായനക്കാരുടെ കൈകളിലെത്തി. പുസ്തകവിൽപ്പനയുടെ പ്രതീക്ഷാ നിർഭരമായ കണക്കുകൾ ശ്രദ്ധയിൽപ്പെടുത്തിയതിന് ‘ആളുകൾ ഇപ്പോഴും അതെല്ലാം വായിക്കുന്നുണ്ടല്ലോ' എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സാദര'ത്തിന് പിന്നണി ഗായകൻ സുധീഷ് കുമാറിന്റെ ‘ഹൃദയഗീതങ്ങളോ'ടെ തിരിശ്ശീല വീഴാനൊരുങ്ങുന്നു. അഞ്ചുനാൾ നിർത്താതെ ഓടിത്തളർന്നതിന്റെ ആലസ്യത്തിലാണ് സംഘാടകർ. പതിവുജീവിതചര്യകളിൽനിന്നുള്ള വ്യതിചലനം എം ടിയെയും തെല്ലു തളർത്തിയെന്നുറപ്പ്. അത്താഴം കഴിഞ്ഞ് കോട്ടേജിലെ കിടപ്പുമുറിയിലിരുന്ന് അദ്ദേഹം എന്നെ വിളിച്ചു. പാകപ്പിഴകളേതുമില്ലാതെ ‘സാദരം' മുഴുമിപ്പിക്കാനായതിന്റെ സംതൃപ്തിയോടെയാണ് ഞാൻ ചെന്നത്. ക്ഷീണിതമെങ്കിലും പ്രസന്നമായ മുഖത്തോടെ അദ്ദേഹം പറഞ്ഞു. ‘‘എല്ലാം നന്നായിക്കഴിഞ്ഞല്ലോ ശ്രീകുമാർ''. ആ പാദങ്ങളിൽ തൊട്ടായിരുന്നു എന്റെ മറുപടി.

‘‘പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ മുതൽ ആകപ്പാടെ ആശങ്കയുണ്ടായിരുന്നു സർ. ചെറിയൊരു മഴ പോലും പരിപാടിയെ തടസ്സപ്പെടുത്തിയില്ല. സെഷനുകളിലെല്ലാം നിറയെ കാണികൾ. സമയകൃത്യതയുടെ കാര്യത്തിലും പിഴവുണ്ടായില്ല. എല്ലാം തുഞ്ചത്താചാര്യന്റെ അനുഗ്രഹം; സാറിന്റെയും’’. അപൂർവമായി മാത്രം വിരിയുന്ന ഒരു പുഞ്ചിരി ആ മുഖത്ത് ഞാൻ കണ്ടുവോ? ഉറപ്പില്ല.

എം ടിയെപ്പോലെ മലയാളത്തിന്റെ സുഗന്ധം ലോകമെങ്ങും പ്രസരിപ്പിച്ച അക്ഷരപ്രതിഭയെ ഇങ്ങനെയൊക്കെയല്ലാതെ ആദരിക്കുന്നതെങ്ങനെ? അങ്ങയെ, അങ്ങയുടെ രചനകളെ, വിലപ്പെട്ട സംഭാവനകളെ ഞങ്ങൾ വിലമതിക്കുന്നുവെന്ന് സഹൃദയലോകം അദ്ദേഹത്തെ അറിയിക്കുന്നതെങ്ങനെ?.

(ദേശാഭിമാനി വാരികയിൽ നിന്ന്)