കഥ, ജീവിതം,പുരോഗമന സാഹിത്യം.... എം ടി വാസുദേവൻ നായർ സംസാരിക്കുന്നു

Friday Jul 14, 2023

പ്രതിസന്ധികളോട് പൊരുതാനായിട്ടാണ് പുരോഗമന സാഹിത്യമൊക്കെ നിന്നിട്ടുള്ളത്. അതിലൂടെ പുതിയ കാഴ്ചപ്പാടുകളുണ്ടാവുകയും പുതിയ അറിവുകളുണ്ടാവുകയും വേണം. ഉറങ്ങുന്ന മനുഷ്യനെ ഉണർത്താൻ സാധിക്കണം. പുരോഗമന സാഹിത്യപ്രസ്ഥാനം എന്ന് പറയുന്നത് ചില നന്മകൾക്ക് വേണ്ടിയിട്ടുള്ള പ്രാർഥനകളാണ്. അതിനുവേണ്ടിയുള്ള ആഗ്രഹങ്ങളാണ്...പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കഥാശില്‌പശാലയിൽ എം ടി വാസുദേവൻ നായർ നടത്തിയ  പ്രഭാഷണം

നമ്മൾ ജീവിതത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്ന ഒരു അവസ്ഥാവിശേഷമാണിപ്പോൾ. നമ്മുടെ ജീവിതത്തിൽ കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽനിന്ന് വ്യത്യാസപ്പെട്ടുകൊണ്ട് നമ്മളൊക്കെയും ആഗ്രഹിക്കുന്നത് ഇതുവരെ അനുഭവിച്ച ജീവിതത്തെക്കാളും നല്ല ഒരു ജീവിതവും ജീവിതസാഹചര്യവും ഉണ്ടാവണം എന്നുള്ളതാണ്. അതാണ് നമ്മളെന്നും ആഗ്രഹിക്കുന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനം എന്ന് പറയുന്നത് നമ്മളെന്നും ആഗ്രഹിച്ച ചില നന്മകൾക്ക് വേണ്ടിയിട്ടുള്ള പ്രാർഥനകളാണ്. അതിനുവേണ്ടിയുള്ള ആഗ്രഹങ്ങളാണ്. അത് നല്ല ഭക്ഷണം, വിശപ്പിൽ നിന്നുള്ള മോചനം, പ്രകൃതിക്ഷോഭങ്ങളിലും ഭീതിയില്ലാതെ കിടന്നുറങ്ങാൻ പറ്റിയ മേൽക്കൂര, കുടിവെള്ളം ഇവയെല്ലാം സാധാരണ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് ഇല്ലാതെ വരുന്ന ഒരു അവസ്ഥയിലാണ് മറ്റുപലതും അന്വേഷിക്കാൻ പോകുന്നത്. ഈ അന്വേഷണം എന്തിനുവേണ്ടി അന്വേഷിക്കുന്നു എന്നുള്ളതല്ല, നമുക്ക് വളരെ പരിമിതമായ കുറേ ആവശ്യങ്ങളുണ്ട്.

എം ടി  -  ഫോട്ടോ: ജഗത്‌ലാൽ

എം ടി - ഫോട്ടോ: ജഗത്‌ലാൽ

ഉദാഹരണത്തിന് വിശപ്പ്. വിശപ്പിൽ നിന്നുള്ള മോചനം ഏതുകാലത്തും മനുഷ്യർ ആഗ്രഹിച്ചതാണ്. നമ്മുടെ നാട്ടിൽ തന്നെ പഴയകാലത്ത് പല ആണ്ടറുതികൾ, ആഘോഷങ്ങൾ എല്ലാം ഉണ്ടാകുമ്പോൾ, സാധാരണക്കാരായ തൊഴിലാളികളൊക്കെയും അതിനെ ആഘോഷിക്കുന്നത് വാസ്തവത്തിൽ ഭക്ഷണത്തിലാണ്. അവർക്ക് നല്ല ഭക്ഷണം വിളമ്പിക്കിട്ടിയാൽ, അവിടന്ന് കെട്ടിപ്പൊതിഞ്ഞെങ്കിലും വീട്ടിലെത്തിച്ചാൽ, വേറെ കുറേ പേരുമായിട്ട്‌, സ്വന്തക്കാരായിട്ടെങ്കിലും പങ്കിടാം. അപ്പോൾ വിശപ്പിൽ നിന്നുള്ള മോചനം ഒരു ആഗ്രഹമാണ്. മറ്റൊന്ന് രോഗങ്ങൾ നമ്മളെ ബാധിക്കുന്നത്.

എന്തുകൊണ്ടെന്നോ എവിടെനിന്നെന്നോ അറിയില്ല. പക്ഷേ അതിൽനിന്നുള്ള മോചനം വേണമെങ്കിൽ നമുക്ക് അതിനുള്ള ചികിത്സാസൗകര്യം വേണം. അതുണ്ടാക്കാൻ വേണ്ടി നമ്മൾ ആഗ്രഹിക്കുന്നു. ഇങ്ങനെ പല കാര്യങ്ങളും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അത്തരത്തിൽ വിശപ്പിൽനിന്നും രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നുമൊക്കെയുള്ള മോചനം പോലെ നമ്മളെന്നും കൂടുതൽ അത്യാവശ്യ സൗകര്യങ്ങൾക്കുവേണ്ടി ആഗ്രഹിക്കുന്നു.

ആദ്യമായി അതിന്റെ സ്‌ഫുരണങ്ങൾ നമ്മൾ കാണാൻ തുടങ്ങിയത് സാഹിത്യത്തിലാണ്. സാഹിത്യം എന്ന് പറയുന്നത് വെറുമൊരു രസിപ്പിക്കൽ മാത്രമല്ല, അതിനുമപ്പുറം കുറേ കാര്യങ്ങളുണ്ട്. ആദ്യകാലത്ത് നമ്മൾക്കുണ്ടായിരുന്നത് പലതും രസിപ്പിക്കൽ മാത്രമായിരുന്നു. അതിനപ്പുറം കുറേ കാര്യങ്ങൾ കൂടി നമ്മൾ ആലോചിക്കേണ്ടതായിട്ടുണ്ട്. കഥ, കാലം എന്നൊക്കെ പറയുന്നത് അതാണ്. കഥയെന്നത് നമ്മൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊടുക്കുന്ന കാര്യം മാത്രമല്ല.

ആദ്യകാലത്ത് പ്ലേഗ് തുടങ്ങിയ മഹാവ്യാധികൾ വന്നു. ഇറ്റലിയിലെ മഹാനഗരങ്ങളിൽ ലക്ഷക്കണക്കിനാളുകൾ മരിച്ചു. രാവിലെയാവുമ്പോൾ കുറേ ആളുകൾ ചത്തുകിടക്കുന്നത് കാണുന്നെങ്കിലും എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന അന്വേഷണം അവർക്ക് സാധിച്ചിട്ടില്ല. കുറേക്കാലങ്ങൾ കഴിഞ്ഞപ്പോഴാണ് അതിനുള്ള പ്രതിവിധികൾ കണ്ടെത്തിയത്. ഫ്രഞ്ചുകാരനായ ഒരു ഡോക്ടർ അക്‌സൽ മുന്തെ,

അക്‌സൽ മുന്തെ

അക്‌സൽ മുന്തെ

അദ്ദേഹത്തിന്റെ ആത്മകഥ മലയാളത്തിൽ വന്നിട്ടുണ്ട്, ചെറുപ്പക്കാരനായ ഒരു ഡോക്ടറായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒരു രാത്രിയിൽ അനേകം ആൾക്കാർ വന്നു. എന്താണെന്ന് മനസ്സിലാകുന്നില്ല പെട്ടെന്ന്. മനസ്സിലായപ്പോൾ, ലാപ്ലാന്റ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നാടൻ കൃഷിക്കാരാണ് വന്നിരിക്കുന്നത്. ഇവരെ കുറുക്കൻ കടിച്ചതാണ്. രാവിലെയാകുമ്പോൾ ഈ ആശുപത്രി ശാന്തമാവുകയാണ്. കാരണം, ഈ രോഗികളായെത്തിയ, കുറുക്കൻ കടിച്ചെത്തിയവരെയെല്ലാം ഇഞ്ചക്ട് ചെയ്ത് കൊന്നുകളയുകയായിരുന്നു.

 

പിന്നീട് കുറച്ചുകാലം കഴിഞ്ഞപ്പോഴാണ്, ഇതൊരു രോഗമാണ്, ചികിത്സിക്കാമെന്ന് മനസ്സിലായത്. ഭ്രാന്തു പിടിച്ച കുറുക്കനിൽ നിന്നും കൃഷിക്കാരിലേക്കും അവരിൽനിന്ന് മറ്റുള്ളവരിലേക്കും വരുന്ന രോഗം. ഇപ്പോൾ നമ്മൾ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന കാലഘട്ടം തന്നെ എന്ത് ഭീകരമായിട്ടുള്ള ഒരു കാലമാണ്. എവിടെനിന്നാണ് ഈ പകർച്ചവ്യാധികൾ വരുന്നതെന്ന് അറിയില്ല. നമ്മൾ ആദ്യം പരിചയിച്ചതിനെക്കാളും അപ്പുറം ഉണ്ടെന്ന് പറയുന്നു. പുതിയ പുതിയ അറിവുകളെല്ലാം നാം തേടേണ്ടത് ഇതിൽ നിന്നെല്ലാം രക്ഷപ്രാപിക്കാനാണ്. രോഗത്തിൽ നിന്നും മാത്രമല്ല, നമ്മുടെ നിലനില്പിനായി പലതിൽ നിന്നും.

 പണ്ടൊക്കെ മനുഷ്യൻ നമ്മുടെ വീരസ്യംകൊണ്ട് പലതും പറഞ്ഞു. ആകാശത്തിനു മുകളിലുള്ള നക്ഷത്രങ്ങളെക്കൊണ്ടെല്ലാം ഞാൻ പന്തടിക്കും എന്നൊക്കെ നമുക്ക് വേണ്ടപ്പെട്ട കവികൾ പറഞ്ഞു. ഇതെല്ലാം കേൾക്കുമ്പോൾ രസം തോന്നി. പക്ഷേ, ഇപ്പോൾ ചെറിയ അജ്ഞാതമായ സാധനങ്ങൾ നമ്മളെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. അങ്ങനെ ഇത്തരം നിരവധി പ്രതിസന്ധികളിൽ നിന്നുള്ള മോചനം നമ്മൾ നേടിയെടുക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു തയ്യാറെടുപ്പ് നമുക്ക് വേണം. അതിന്റെ ഭാഗമായാണ് നമ്മൾ പുതിയപുതിയ കാര്യങ്ങൾ അന്വേഷിക്കുന്നത്. പുരോഗമനപരമായി ചിന്തിക്കുകയെന്നാൽ നമ്മൾ ഭാവിയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നു എന്നാണ്.

നമ്മൾ തന്നെ എത്രയോ മാറി. മാറിക്കൊണ്ടേയിരിക്കുന്നു. ചില വഴികളിലൂടെ നടക്കാൻ പാടില്ല, കുട്ടികൾക്ക് ചില സ്‌കൂളുകളിൽ പോകാൻ പാടില്ല തുടങ്ങിയ പല നിയമങ്ങൾ! ആരാണ് ഇവയെല്ലാം നിശ്ചയിക്കുന്നത്? അതിൽനിന്നെല്ലാം നമ്മൾ പതിയെ മോചനം നേടി ധൈര്യമായി വഴിനടക്കാനും പഠിക്കാനും ഒക്കെ പ്രാപ്തരായി. അങ്ങനെയുള്ള ഒരു കാഴ്ചപ്പാട് നമ്മൾ നേടിയെടുത്തു.

എം ടി വാസുദേവൻ നായർ

എം ടി വാസുദേവൻ നായർ

ഭയങ്കരമായ ശൈത്യം വന്ന കാലഘട്ടത്തിൽ ഒരു ഭിക്ഷക്കാരൻ മുറിയിലേക്ക് കടന്നുചെന്നപ്പോൾ, വയസ്സായ ആ സാധുമനുഷ്യൻ ഭക്ഷണം കിട്ടിയില്ലെങ്കിൽ അൽപസമയത്തിനകം മരിക്കും. അപ്പോഴാണ് ജനലിലൂടെ ഒരു പൂച്ച അകത്തേക്ക് കടന്നുവന്നത്. അപ്പോൾ അയാളുടെ ചിന്ത എങ്ങനെയെങ്കിലും ഈ പൂച്ചയെ കൊന്ന് തിന്നുക എന്നായി. വിശപ്പിൽ നിന്നുള്ള മോചനം കിട്ടുക എന്നതായിരുന്നു അയാൾക്ക് പ്രധാനം. ഴെനെ എന്ന എഴുത്തുകാരന്റെ കഥയിൽ ഉള്ളതാണിത്. ജനലും വാതിലും ഒക്കെ അയാൾ അടയ്‌ക്കുന്നത് കണ്ടപ്പോൾ പൂച്ചയ്‌ക്ക്‌ മനസ്സിലായി അയാൾ തന്നെ വകവരുത്തി കഴിക്കാനുള്ള ഭാവമാണെന്ന്. അങ്ങനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ജീവിതത്തിന്റെ സാഹചര്യങ്ങൾ മാറിമാറി വരുന്നതനുസരിച്ചു പലതും ഉണ്ടാകുന്നു. നമ്മൾ അതിനോട് പൊരുത്തപ്പെടുക.

 

 മനുഷ്യൻ ആവശ്യമുള്ള കാര്യങ്ങളെല്ലാം ധീരമായി സൃഷ്ടിച്ചെടുക്കാനുള്ള ഒരു സാഹചര്യം, അത് വെച്ചുകൊണ്ട് മുന്നോട്ടുപോവുക. അങ്ങനെ പ്രതിസന്ധികളോട് പടപൊരുതാനായിട്ടാണ് പുരോഗമന സാഹിത്യമൊക്കെ നിന്നിട്ടുള്ളത്. നമുക്ക് അതിലൂടെ പുതിയ കാഴ്ചപ്പാടുകളുണ്ടാവുകയും പുതിയ അറിവുകളുണ്ടാവുകയും വേണം. പഴയ കാലത്ത് നമ്മൾ അരുമയായി കൊണ്ടുനടന്ന പല ജലാശയങ്ങളും നമ്മുടെ പിടിയിൽനിന്ന് പോയി. കൂടുതൽ കാർഷിക സംസ്‌കാരം ഉണ്ടായിരുന്നതും പോയി. അത് പോകാതെ നിലനിർത്തിക്കൊണ്ട് ജീവിതത്തിന് വളരെ ആവശ്യമായ കാര്യങ്ങളെല്ലാം നമുക്ക് നേടിയെടുക്കാനുള്ള സാഹചര്യം നമുക്ക് ഉണ്ടാവട്ടെ. അതിനുള്ള പ്രേരണയായിരിക്കണം നമ്മുടെ എഴുത്തും. ഒരു കഥ വെറും കഥ മാത്രമല്ല, അതിലൂടെ പലതും നമ്മൾ പറയുന്നുണ്ട്.

ഉദാഹരണത്തിന് പഞ്ചതന്ത്രം കഥകൾ. കുട്ടികളിലേക്ക് വലിയ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ് വിഷ്‌ണുശർമ്മൻ എന്ന മഹാകേമനായ എഴുത്തുകാരൻ പഞ്ചതന്ത്രം രചിക്കുന്നത്. അതുപോലെ ഭാഷാപരമായ വിമോചനം. അക്ഷരാഭ്യാസം വിലക്കിയിരുന്ന ഒരുകാലത്ത് നിന്നും ഭാഷ നമ്മുടേതാണെന്നും ഭാഷ വളർത്തിക്കൊണ്ടുവരുന്ന സംസ്‌കാരം നമ്മുടേതാണെന്നും ഒക്കെയുള്ള ധാരണ നമുക്കുണ്ടാവണം. ഒപ്പം അതുകൊണ്ടുനയിക്കുന്ന ശക്തിയിലേക്കുള്ള നമ്മുടെ പ്രയാണം തുടരണം. എല്ലാം പരിപൂർണമായെന്ന് നമുക്ക് പറയാൻ പറ്റില്ല.

നമ്മൾ അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള ജീവിത സാഹചര്യങ്ങൾ നമുക്കുണ്ടാവണം. അതിനുവേണ്ടി പ്രവർത്തിക്കുന്ന കഥകൾക്കും മറ്റ് ഏതുതരത്തിലുള്ള എഴുത്തുകൾക്കും പ്രേരണ നൽകേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടിയാണ്. പല പ്രതികൂലമായ സാഹചര്യം വന്നാലും അതിനെയെല്ലാം മറികടന്ന് മനുഷ്യൻ നിലനിൽക്കും. അതിനുവേണ്ടി നമ്മൾ എന്നും ശ്രമിച്ചുകൊണ്ടിരിക്കും എന്ന പ്രതിജ്ഞ നമ്മുടെ മനസ്സിൽ വേണം.

 ഉറങ്ങുന്ന മനുഷ്യനെ ഉണർത്താൻ സാധിക്കണം.

ജീവിതത്തിൽ ഇനിയും പലതും നേടാനുണ്ട് എന്നതുകൊണ്ട് ഉണർന്നിരിക്കുക. നമ്മുടെ കാലഘട്ടത്തിനു യോജിച്ച നിലയിൽ നമ്മൾ നമ്മുടെ പരിതസ്ഥിതിയെ കാണുക, മനസ്സിലാക്കുക.

ജീവിതത്തിൽ ഇനിയും പലതും നേടാനുണ്ട് എന്നതുകൊണ്ട് ഉണർന്നിരിക്കുക. നമ്മുടെ കാലഘട്ടത്തിനു യോജിച്ച നിലയിൽ നമ്മൾ നമ്മുടെ പരിതസ്ഥിതിയെ കാണുക, മനസ്സിലാക്കുക. പുരോഗമന കലാസാഹിത്യ സംഘം പാലക്കാട്ട് നടത്തുന്ന ഈ ശില്‌പശാലയിൽ അകലെയിരുന്നെങ്കിലും കുറച്ചു വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്  .

തയ്യാറാക്കിയത്‌:  മുരളി എസ്‌ കുമാർ
പാലക്കാട്ട്‌ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കഥാശില്‌പശാലയിൽ എം ടി വാസുദേവൻ നായർ നടത്തിയ (വീഡിയോ) പ്രഭാഷണം
.

(2002 ജൂൺ നാലിന്റെ ദേശാഭിമാനി വാരികയിൽ നിന്ന്)