മലയാളത്തിന്റെ സർഗോത്സവം

Saturday Jul 15, 2023
ഒ പി സുരേഷ്

മലയാളം  ആദരപൂർവം ആഘോഷിക്കുന്ന  എഴുത്തുകാരനാണ് എം ടി. വ്യത്യസ്താഭിപ്രായങ്ങളും അഭിരുചികളും എം ടി യിൽ എത്തുമ്പോൾ സമവായമാകും. എല്ലാ മലയാളികളുടെ ഉള്ളിലും സ്നേഹബഹുമാനങ്ങളോടെയിരിക്കാനുള്ള സവിശേഷ ഇടം എം ടിക്കു മാത്രം അവകാശപ്പെട്ടതാണ്. ബഹുതലവ്യാപിയായ ആ മഹാപ്രതിഭയുടെ വിസ്മയസ്പർശമേൽക്കാത്ത ആസ്വാദകരില്ല. കഥയുടെയോ നോവലിന്റെയോ ഭാവനാവഴികൾ മാറിപ്പോയവർ സിനിമയിലാകും എം ടിയെ കൂട്ടിമുട്ടുക. അവിടെ വേറിട്ട് പോയവരുണ്ടെങ്കിൽ വാക്കുകളുടെ തെളിച്ചം നിറഞ്ഞ പ്രഭാഷണത്തിന്റെ അകൃത്രിമ ലാവണ്യത്തിൽ എം ടിയെ സ്വന്തമാക്കും. ഇനിയും ചിലർക്ക് ലോകസാഹിത്യത്തിന്റെ ഏറ്റവും പുതിയ ഭാവുകത്വത്തെ അപ്പപ്പോൾ അറിഞ്ഞനുഭവിച്ച ആഴമുള്ള വായനക്കാരൻ. ലോകത്തെ അറിയിക്കേണ്ട പുതിയ പ്രവണതകളെയും പ്രതീക്ഷകളെയും ഭാഷയ്‌ക്ക്  സമ്മാനിച്ച പത്രാധിപരായിരിക്കും മറ്റു ചിലരുടെ എം ടി. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള "എം ടി ബാധ’ ഏൽക്കാത്തവർ കഴിഞ്ഞ അരനൂറ്റാണ്ടിന്റെയെങ്കിലും കേരളചരിത്രത്തിന്റെ ഭാഗമല്ല. നിരവധി തലമുറകളുടെ സർഗാത്മക സ്മൃതികളിൽ നിറപ്പകിട്ടാർന്ന ചിത്രമായി എം ടിയുണ്ട്. അതുകൊണ്ടുതന്നെയാകണം എം ടിയുമായി  ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഒരു ദേശീയോത്സവംപോലെ സമസ്ത മലയാളികളും നിറഞ്ഞ ഹൃദയത്തോടെ ഏറ്റെടുക്കുന്നത്.
       ദാരിദ്ര്യവും വിശപ്പും സൃഷ്ടിച്ച അസംതൃപ്ത ലോകത്തിന്റെ ആന്തരിക ജീവിതത്തെ നിർദയം  പകർത്തിയ കഥകൾ, തകർന്നുകൊണ്ടിരിക്കുന്ന ഒരു മൂല്യവ്യവസ്ഥയുടെ ഉദകക്രിയകൾ കൂടിയായിരുന്നു. വ്യക്തിസത്തയുടെ സങ്കീർണമായ അടരുകളിൽ സഞ്ചരിച്ച് മനുഷ്യൻ എന്ന മഹാവിസ്മയത്തെ വിവസ്ത്രമാക്കിയ എം ടി, നിന്ദിതരും പീഡിതരും ഏകാകികളുമായ പ്രാന്തവൽക്കൃതരുടെ  സമാന്തരസമൂഹത്തെ രചനയിൽ ആവാഹിച്ചു. അനുഭൂതിയുടെ നിലാച്ചന്തങ്ങൾക്കിടയിലും തിളച്ചുമറിയുന്ന അസ്വാസ്ഥ്യമായി അവ തലമുറകളിൽ തുടർന്നു. രീതികളും അഭിരുചികളും മാറിയിട്ടും എം ടിയുടെ കഥകളും കഥാപാത്രങ്ങളും സാഹിത്യ ചരിത്രത്തിൽ നാഴികക്കല്ലുകളായി.
      എഴുത്തുകാരന്റെ ജീവിതം പൂർണാർഥത്തിൽ ജീവിച്ച അപൂർവം എഴുത്തുകാരിൽ ഒരാളാകും എം ടി. സമ്പൂർണമായും സർഗാത്മകതയ്‌ക്കു സമർപ്പിച്ച ജീവിതം. എഴുത്തിലും  വായനയിലും ക്രിയേറ്റിവിറ്റിയുടെ മറ്റെല്ലാ മേഖലകളിലും അടങ്ങാത്ത  ജിജ്ഞാസയോടെ നിരന്തരം പ്രവർത്തിച്ചപ്പോഴും ഇതര മനുഷ്യരും ജീവിക്കുന്ന സമൂഹവും എന്നും അദ്ദേഹത്തിന്റെ പ്രധാന പരിഗണനകളായി. എഴുത്ത്, ഏറ്റവും മുഖ്യമായ ആക്ടിവിസം ആയിരിക്കെത്തന്നെ ഗൗരവമേറിയ സാമൂഹ്യ രാഷ്ട്രീയ സന്ദർഭങ്ങളിൽ പുരോഗമന, മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനവുമായി കൈകോർക്കാൻ എം ടി മടിച്ചില്ല. നോട്ട് നിരോധനകാലത്തെ പ്രതിഷേധങ്ങളിൽ തെരുവിലിറങ്ങിയ എം ടിയെ കേരളം കണ്ടു. ഭാഷാപിതാവിന്റെ ജന്മസ്ഥലത്തെ ഒരു മതനിരപേക്ഷ സാംസ്കാരിക സ്ഥലമാക്കി നിലനിർത്താനും വളർത്താനും അദ്ദേഹം നടത്തിയ ചെറുത്തുനിൽപ്പുകൾ മലയാളികൾക്ക്‌ അറിയാം. മതാന്ധകാലത്തിന്റെ വെളിച്ചപ്പാടുകൾക്കെതിരെ മാനവികതയുടെ മഹത് സന്ദേശമുയർത്തുന്ന  എം ടി, ദേശാഭിമാനിയുമായി എന്നും ഊഷ്മളമായ ഹൃദയബന്ധം കാത്തു. ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളെ വകവയ്‌ക്കാതെയാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. "തീരെ വയ്യ, പ്രസംഗിക്കാൻ  പറ്റിക്കൊള്ളണമെന്നില്ല. എന്നാലും ആ വേദിയിൽ സാന്നിധ്യമുണ്ടാകുക എന്നതാണ് പ്രധാനം’ -–- ചടങ്ങിന് ക്ഷണിച്ചപ്പോൾ എം ടി പറഞ്ഞു. മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരേണ്ടതിന്റെ ആവശ്യം വ്യക്തമാക്കി സാരവത്തായ ഒരു ചെറുപ്രസംഗവും അന്നദ്ദേഹം നടത്തി.
     ദേശാഭിമാനി സ്റ്റഡി സർക്കിൾ കാലംമുതൽ തുടങ്ങിയതാണ് എം ടിയും ദേശാഭിമാനിയുമായുള്ള ആത്മബന്ധം. 1974ൽ "നിർമാല്യ"ത്തിന് രാഷ്ട്രപതിയുടെ സ്വർണമെഡൽ ലഭിച്ചപ്പോൾ കോഴിക്കോട്ട് എം ടിക്കും പി ജെ ആന്റണിക്കും സ്വീകരണം നൽകിയത് സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിലായിരുന്നു. ഗാന്ധിഗൃഹത്തിൽ ചേർന്ന ആ സമ്മേളനത്തിൽ എം എൻ കുറുപ്പും ചെറുകാടും ഉൾപ്പെടെയുള്ള അന്നത്തെ ദേശാഭിമാനി പ്രവർത്തകരായിരുന്നു നേതൃത്വം നൽകിയത്. വിവിധകാലങ്ങളിൽ നടന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പത്രത്തിന്റെയും സുപ്രധാന പരിപാടികളിൽ പലതിലും എം ടിയുടെ വിശിഷ്ട സാന്നിധ്യമുണ്ടായിരുന്നു.
     ദേശാഭിമാനിയുടെ പ്ലാറ്റിനം ജൂബിലിയോട്‌ അനുബന്ധിച്ച് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ പ്രഥമ പുരസ്കാരം ആർക്ക് നൽകണമെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു ലക്ഷം രൂപയും  (((റിയാസ്കോമു)))) രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ്  അവാർഡ്. സാഹിത്യ അവാർഡ് വിതരണച്ചടങ്ങുകളുടെ പതിവുരീതികൾ ഉപേക്ഷിച്ച്, എം ടി എന്ന മഹാപ്രതിഭയ്‌ക്കുള്ള മലയാളത്തിന്റെ ആദരസമർപ്പണവും  ജനകീയ ഉത്സവവുമാകണം അതെന്ന്‌ അന്നത്തെ ചീഫ് എഡിറ്റർ എം വി ഗോവിന്ദനും ജനറൽ മാനേജർ കെ ജെ തോമസും ഒരേ സ്വരത്തിൽ തീരുമാനിച്ചതോടെ കേരളചരിത്രത്തിൽ മുൻമാതൃകകളില്ലാത്ത സർഗാത്മകതയുടെ മഹോത്സവത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. അഞ്ചു വേദിയിലായി ഏഴുനാൾ നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളും വൻ ജനപങ്കാളിത്തവുമായി "ദേശാഭിമാനി - എം ടി ഫെസ്റ്റിവൽ’ചരിത്രത്തിന്റെ ഭാഗമായി.
    ഒരു അവാർഡ്‌ വിതരണച്ചടങ്ങ് ഇങ്ങനെ മഹോത്സവമാക്കാൻ എം ടി സമ്മതിക്കുമോ? ആഘോഷങ്ങളോട് പൊതുവെ അദ്ദേഹം പ്രതിപത്തി കാട്ടുന്നതായി കണ്ടിട്ടില്ല. ടാഗോർ ഹാളിലോ മറ്റോ ഒരു സായാഹ്ന പരിപാടിയായി നടത്തിയാൽ പോരെയെന്ന് പറയുമോ? ഉള്ളിൽ പലവിധ ആശങ്കകളുമായാണ് എം ടി മഹോത്സവത്തിന്റെ ആശയം അദ്ദേഹത്തിനു മുന്നിൽ  അവതരിപ്പിച്ചത്. "വലിയ ജോലിയാകും’, ദീർഘമല്ലാത്തൊരു  മൗനത്തിനുശേഷം അദ്ദേഹം പറഞ്ഞു."സാർ കൂടെയുണ്ടായാൽ മതി. ബാക്കിയൊക്കെ നടക്കും’, ഞാൻ ഉത്സാഹിയായി. പിന്നീട് ഏതാണ്ടെല്ലാ ദിവസവുമെന്നോണം പരിപാടികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചെന്നുകാണും. നിർദേശങ്ങൾ ചോദിക്കും പറയും. ഞങ്ങളിൽ ഒരാളെപ്പോലെ വിലപ്പെട്ട സമയം ദേശാഭിമാനിക്കുവേണ്ടി നീക്കിവച്ച് അദ്ദേഹം ഒപ്പംനിന്നു.
       എം ടിയുടെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഒരുമിച്ച് അരങ്ങിലെത്തിച്ച മഹാസാഗരം നാടകം പ്രശാന്ത് നാരായണനാണ് സംവിധാനംചെയ്തത്. വി ആർ സുധീഷ് തയ്യാറാക്കിയ സ്ക്രിപ്റ്റിൽ എം ടിയുടെ തിരഞ്ഞെടുത്ത ചില പ്രഭാഷണങ്ങളുടെ  ശബ്ദരേഖയിലൂടെയാണ് രംഗങ്ങൾ മാറുന്നത്. മൊത്തം ആറ് രംഗങ്ങളുണ്ട്. ആകാശവാണിയുടെ ശേഖരത്തിൽനിന്ന്‌ നാലെണ്ണം കിട്ടി. രണ്ടെണ്ണത്തിന്റെ ടെക്സ്റ്റുണ്ട്. എം ടിയുടെ ശബ്ദത്തിൽ അത് വീണ്ടും റെക്കോഡ് ചെയ്യണം. അദ്ദേഹത്തോട് അതൊക്കെ വീണ്ടും ചെയ്യാൻ പറയുന്നതിലെ അനൗചിത്യവും അതില്ലാതെയുള്ള നാടകത്തിന്റെ അപൂർണതയും ഞങ്ങളെ കുഴക്കി. ഒടുവിൽ രണ്ടും കൽപ്പിച്ച് കാര്യം പറയാനുറച്ച് വീട്ടിലെത്തി. മടിച്ചുമടിച്ച് ആവശ്യം അവതരിപ്പിച്ചു."എന്റെ ശബ്ദം അത്ര നന്നല്ല, ചൊമയുമുണ്ട്. മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുന്നതാണ് നന്നാവുക’ എന്നായി എം ടി. "മറ്റാളുടെ ശബ്ദം എം ടി യുടേതാവില്ലല്ലോ’ എന്ന് ചെറിയൊരു സ്നേഹനിർബന്ധം കൂടിയായപ്പോൾ "നോക്കാം, നന്നാവുമോ എന്നറിയില്ല’ എന്ന് അദ്ദേഹം സമ്മതം മൂളി. അപ്പോൾ അവിടെവച്ചുതന്നെ രണ്ടു പ്രഭാഷണ ഭാഗങ്ങൾ റെക്കോഡ് ചെയ്തുതീർത്താണ് ഞങ്ങൾ സിതാരയിൽ നിന്നിറങ്ങിയത്.
     പ്രതിഭകൊണ്ടും പ്രവർത്തനംകൊണ്ടും സാമൂഹികാംഗീകാരത്തിന്റെ ഔന്നത്യംകൊണ്ടും ജീവിച്ചിരിക്കുന്ന മലയാളികളിൽ ഉന്നതശീർഷനായ ഒരു വ്യക്തി നാട്യങ്ങളില്ലാത്ത ഒരു സാധാരണ മനുഷ്യന്റെ സ്വാഭാവികതയോടെയാണ് ദേശാഭിമാനിയുമായി  ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പെരുമാറിയത്. തന്റെ വ്യക്തിപരമായ അസൗകര്യങ്ങളെല്ലാം മാറ്റിവച്ച്‌ സ്വയംപ്രതിബദ്ധമായൊരു നിർബന്ധ ബുദ്ധിയോടെ അദ്ദേഹം ഇടപെട്ട സന്ദർഭങ്ങൾ നിരവധിയാണ്. എം ടിയുടെ പത്മഭൂഷൺ ഉൾപ്പെടെയുള്ള അവാർഡുകളും പ്രമുഖ ഫോട്ടോഗ്രാഫർമാരുടെ എം ടി ഫോട്ടോകളും പ്രമുഖ ചിത്രകാരന്മാർ വരച്ച എം ടി യുടെ കഥാസന്ദർഭങ്ങളുമെല്ലാം  ഉൾപ്പെടുത്തി "എം ടി മ്യൂസിയം’ എന്ന ആശയം എന്റെ അധ്യപകൻകൂടിയായ എൻ പി ഹാഫിസ് മുഹമ്മദിനോടാണ് ആദ്യം പങ്കുവച്ചത്. "അവാർഡുകളും മറ്റും കൈവിട്ട് തരാൻ എം ടി തയ്യാറാകുമോ? ഇനി വല്ല കാരണവശാലും തന്നാൽത്തന്നെ എന്തെങ്കിലുമൊന്ന് നഷ്ടമായാലുള്ള അവസ്ഥയെന്താകും? ആയിരക്കണക്കിനാളുകൾ കേറിയിറങ്ങി പോകുന്നതിനിടയ്‌ക്ക് നമുക്കത് സുരക്ഷിതമായി സൂക്ഷിക്കാനാകുമോ?...’ഗൗരവമേറിയ ആശങ്കകളാണ് ഹാഫിസ് സാർ പറയുന്നത്. ഭാരിച്ചതും എന്നാൽ ആഹ്ലാദകരവുമായ ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുറച്ച് ഞങ്ങൾ എം ടിയെ കണ്ടു. ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തി എം ടി സമ്മതം അറിയിച്ചു. പിന്നീട്  ദിവസങ്ങളോളം ഹാഫിസ് സാറിന്റെയും ഫോട്ടോഗ്രാഫർ പി മുസ്തഫയുടെയും നേതൃത്വത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ സിതാരയിൽ അടുക്കിയും ചിതറിയും കിടന്നിരുന്ന അമൂല്യ സൂക്ഷിപ്പുകളുടെ  കൈകാര്യക്കാരായി. പൊടിപടലങ്ങളുടെ ബഹളങ്ങൾക്കിടയ്‌ക്ക് ഒരു അസ്വസ്ഥതയുമില്ലാതെ എം ടിയും കുടുംബവും ഒപ്പംനിന്നു.
     2017 ഫെബ്രുവരി 18 മുതൽ 24 വരെ നടന്ന പരിപാടികളിൽ മിക്ക ദിവസങ്ങളിലും എം ടിയുടെ സാന്നിധ്യമുണ്ടായി. എം ടിയുടെ സംഭാവനകളെ മുൻനിർത്തിയുള്ള ദ്വിദിന ദേശീയ സെമിനാർ എം ടി സാഹിത്യത്തിലൂടെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളിലേക്കുകൂടി സഞ്ചരിച്ചു. വിശ്രുത ഒഡിയ സാഹിത്യകാരിയും ജ്ഞാനപീഠ ജേത്രിയും എം ടിയുടെ പ്രിയ സുഹൃത്തുമായ പ്രതിഭാ റായ് ആണ് ഉദ്ഘാടനംചെയ്തത്. ലെനിൻ രാജേന്ദ്രൻ ഉദ്ഘാടനംചെയ്ത രണ്ടു ദിവസത്തെ എം ടി ചലച്ചിത്രോത്സവത്തിൽ എം ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ ഉൾപ്പെടെ എട്ട്‌ സിനിമയുടെ പ്രദർശനവും ചർച്ചയും നടന്നു. നർത്തകി സുചിത്ര വിശ്വേശ്വരൻ അവതരിപ്പിച്ച "രണ്ടാമൂഴം’ മോഹിനിയാട്ടം, എം ടി പുസ്തകോത്സവം,
എം ടി കഥാസന്ദർഭങ്ങൾ നിശ്ചല ദൃശ്യങ്ങളാക്കി അവതരിപ്പിച്ച് ആയിരത്തോളംപേർ പങ്കെടുത്ത  സാംസ്കാരിക ഘോഷയാത്ര, കുട്ടികൾക്കും വീട്ടമ്മമാർക്കുമായി എം ടി ക്വിസ്, എം ടിയുടെ പ്രിയപ്പെട്ടവർ ഒത്തുകൂടി ഷഹബാസ് അമന്റെ പാട്ടിനൊപ്പം  കഥകളും കാര്യങ്ങളും പറഞ്ഞിരുന്ന സൗഹൃദ സായാഹ്നം, 24ന്‌ വൈകിട്ട് കോഴിക്കോട് കടപ്പുറത്തെ പതിനായിരങ്ങളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ എം ടിക്ക് പ്രഥമ ദേശാഭിമാനി പുരസ്കാരം സമ്മാനിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളോടെയുള്ള അവാർഡ് നൈറ്റ്... മമ്മൂട്ടി, നടൻ മധു, എം ജി എസ് നാരായണൻ, ശരത്കുമാർ, കെപിഎസി ലളിത, എം മുകുന്ദൻ, സേതു, സി രാധാകൃഷ്ണൻ, ഹരിഹരൻ, ജോൺപോൾ, വൈശാഖൻ, രഞ്ജിത്ത്, എം എൻ കാരശ്ശേരി, അബ്ദുൽ സമദ് സമദാനി, വി കെ ശ്രീരാമൻ, വി സി ഹാരിസ്, ടി പി രാജീവൻ, എം ടിയുടെ വിവർത്തകരായ  ഗീത കൃഷ്ണൻകുട്ടി, കുറിഞ്ഞി വേലൻ,...സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രൗഢസാന്നിധ്യങ്ങൾ പല വേദിയിലായി അണിനിരന്ന് എം ടി എന്ന മഹാപ്രതിഭയ്ക്ക് ആദരമർപ്പിച്ചു. അതിനുശേഷം നടന്ന എല്ലാ എം ടി ആഘോഷങ്ങളുടെയും അനുകരണ മാതൃകയായി മാറി ദേശാഭിമാനി എം ടി ഫെസ്റ്റ്.