നവതിയിലെത്തിയ കഥയുടെ താരുണ്യം...ദേശാഭിമാനി മുഖപ്രസംഗം

Saturday Jul 15, 2023

പ്രായത്തിന്റെ കാലഗണന നിഷ്‌പ്രഭമാക്കുന്ന നിത്യതാരുണ്യമാണ്‌ എം ടിക്ക്‌. തൊണ്ണൂറാം ജന്മദിനത്തിന്റെ ഇളവെയിലിലും തന്റെ കഥാപാത്രങ്ങളുടെ ചെറുപ്പം അകമേ സൂക്ഷിക്കുന്ന എഴുത്തുകാരൻ. എം ടി പിന്നിട്ട ഒമ്പതു ദശകത്തിന്റെ കർമനിരതമായ ജീവിതം, ഹൃദയഹാരിയായ കഥാകാലത്തിന്റെയും നക്ഷത്രദീപ്‌തമായ സർഗവീര്യത്തിന്റെയും സുവർണരേഖയാണ്‌.  
പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിൽ 1933 ജൂലൈ 15ന്‌ പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും മാടത്ത്‌ തെക്കേപ്പാട്ട്‌ അമ്മാളുവമ്മയുടെയും നാലാമത്തെ പുത്രനായാണ്‌ എം ടി വാസുദേവൻ നായരുടെ ജനനം.

മുക്കാലണയുടെ സ്റ്റാമ്പൊട്ടിക്കാൻ തരമില്ലാതെ താനെഴുതിയ കഥ എങ്ങോട്ടയക്കുമെന്ന്‌ ചകിതനായൊരു കുട്ടിയിൽനിന്നാണ്‌ സാഹിത്യനഭസ്സിലെ വടവൃക്ഷമായി, എം ടി മാറുന്നത്‌.പ്രാചീനഭാരതത്തിലെ രത്നവ്യവസായത്തെപ്പറ്റി, ‘കേരളക്ഷേമം’ മാസികയിൽ ആദ്യമായി ഒരു ലേഖനം  അച്ചടിച്ചുവരുമ്പോൾ കുമരനെല്ലൂർ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥിയാണ്‌ എം ടി. ആദ്യകഥ ‘വിഷുവാഘോഷം’ 1948ൽ മദിരാശിയിൽനിന്നുള്ള ‘ചിത്രകേരള’ത്തിൽ. പാലക്കാട്‌ വിക്ടോറിയയിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളാണ്‌ എം ടിയുടെ ആദ്യ സമാഹാരം ‘രക്തം പുരണ്ട മണൽത്തരികൾ’ പുറത്തിറക്കുന്നത്‌.പിന്നീടിങ്ങോട്ട്‌ എഴുത്തിന്റെ കുത്തൊഴുക്കായിരുന്നു.

വ്യാസ മൗനത്തിൽനിന്ന്‌ എം ടി കണ്ടെടുത്ത ഭീമൻ, നോവൽ ചരിത്രത്തിലെ മറ്റൊരവതാരമായി. പകയും ക്രോധവും നിസ്സഹായതയും പ്രണയഭംഗങ്ങളും പുത്രനഷ്ടങ്ങളും ചതിയും വഞ്ചനകളും അനുഭവിച്ചറിഞ്ഞ സാധാരണക്കാരൻ. വടക്കൻ പാട്ടിന്റെ വായ്‌ത്താരികളിൽ പതിരുകളഞ്ഞ്‌, വീരാരാധനയും മുഖസ്‌തുതിയും ചേറ്റിമാറ്റി എം ടി പരുവപ്പെടുത്തിയ ചന്തുവിൽ ചമയങ്ങളില്ലാത്ത മനുഷ്യാവസ്ഥയുടെ ദാരുണമായ പകർന്നാട്ടങ്ങൾ ഒളിമിന്നി.

എം ടിയുടെ നാലഞ്ചു കഥകളെങ്കിലും വായിച്ചിട്ടുള്ള ഏതൊരാൾക്കും അഞ്ചെട്ടു ദശകം മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർച്ചിത്രം പിടികിട്ടും. അഴുകിയ ഒരു വ്യവസ്ഥയുടെ ജീർണമുഖവും കരിന്തിരി കത്തിയ ഭൂതകാലവും വായനയെ പൊള്ളിക്കും.

വായനക്കാരെ ഒപ്പംകൂട്ടുന്ന, വിലോഭനീയമായ ഭാഷയും ശിൽപ്പചാതുര്യവുമായിരുന്നു എം ടിയുടെ  മൗലികത. ഗ്രാമമായിരുന്നു എഴുത്തിലെ ശക്തി. ഗ്രാമ്യഭാഷയുടെ ചന്തവും പ്രകൃതിയുടെ ഭാവാന്തരങ്ങളും എം ടി പറയുമ്പോൾ അത്‌ മറ്റൊന്നായി മാറും. അതുവരെ കാണാത്ത, കേൾക്കാത്ത ഒന്ന്‌. മൗനത്തിനും ഭാഷയുണ്ടെന്ന്‌ കാട്ടിത്തന്നു.

കഥയും നോവലും തിരക്കഥയും യാത്രാവിവരണങ്ങളും ലേഖനങ്ങളും ഓർമക്കുറിപ്പുകളും നാടകവും ബാലസാഹിത്യവും മുഖക്കുറികളുമായി എഴുത്തിന്റെ ഏതാണ്ടെല്ലാ കൈവഴിയിലും എം ടി സഞ്ചരിച്ചു. കഥയെഴുത്തുകാരുടെ പാഠാവലി ‘കാഥികന്റെ പണിപ്പുരയും’ ‘കാഥികന്റെ കല’യും തന്നു.

1954ൽ ‘ന്യൂയോർക്ക്‌ ഹെറാൾഡ്‌’ നടത്തിയ ലോക കഥാമത്സരത്തിൽ സമ്മാനിതനായാണ്‌ പത്രപ്രവർത്തകനാകുന്നത്‌. എം ടി പത്രാധിപക്കസേരയിൽ ഇല്ലായിരുന്നെങ്കിൽ ഇന്ന്‌ കേരളമറിയുന്ന പല എഴുത്തുകാരും ഉണ്ടാകില്ല. മലയാള കഥയിൽ ആധുനികതയ്‌ക്ക്‌ വഴിതുറന്നതിൽ മുഖ്യസ്ഥാനം എം ടിക്കാണ്‌.

പ്രഭാഷണങ്ങളിലും അദ്ദേഹം മിതത്വം പാലിച്ചു. പിശുക്കന്റെ ധനംപോലെ വാക്കുകളെ കരുതലോടെ വിനിയോഗിച്ചു.

സ്വാതന്ത്ര്യാനന്തര തലമുറയുടെ മോഹഭംഗങ്ങളും ഒറ്റപ്പെട്ടവരുടെ നിസ്സഹായതയും  പ്രകടിപ്പിക്കാനറിയാത്ത ആത്മക്ഷോഭങ്ങളും ഏകാന്തതയും പ്രതിസന്ധികളും അന്തർ സംഘർഷങ്ങളുമായിരുന്നു ആ കഥാലോകം.
വാശിയോടെ വെട്ടിപ്പിടിക്കാനാശിച്ച പടവുകൾ കയറി, തിരിഞ്ഞു നോക്കുമ്പോൾ നേടിയതെന്തെന്ന്‌ തിരിച്ചറിയാത്ത നിഷ്‌ഫലത. ജയിച്ചിട്ടും തോറ്റുപോകുന്ന യുദ്ധങ്ങൾ. ചിതൽക്കുത്തുവീണ കുത്തഴികളും പൊളിച്ച്‌ കാറ്റും വെളിച്ചവും കടക്കുന്ന തുറസ്സുകളുടെ അനിവാര്യതയിലാണ്‌ എം ടി ‘നാലുകെട്ടി’ന്‌ അടിവരയിട്ടത്‌. ഇത്‌ വെറും പുര പൊളിക്കലോ മാറ്റിപ്പണിയലോ അല്ല. ജീവവായു കിട്ടേണ്ടത്‌ മൃതമായ ജീവിതവ്യവസ്ഥയുടെ പാഴ്‌വിശ്വാസങ്ങളിൽ ഉറഞ്ഞുപോയവർക്കാണെന്ന്‌ ഭംഗിയായി ധ്വനിപ്പിച്ചു. മതേതരമായൊരു ജീവിത സംസ്‌കാരത്തിന്റെ മൂല്യവത്തായ ഈടുവയ്‌പാണ്‌ എം ടി സാഹിത്യത്തിന്റെ ആന്തരശ്രുതി.

സിനിമയിലും എം ടിയുടെ മാന്ത്രികസ്‌പർശം അത്ഭുതം സൃഷ്ടിച്ചു. 1965ൽ മുറപ്പെണ്ണിന്റെ തിരക്കഥയെഴുതിയാണ്‌ തുടക്കം. തുടർന്ന്‌ അറുപതിലേറെ ചിത്രങ്ങൾക്ക്‌ തിരക്കഥ. ആറു ചിത്രം സംവിധാനം ചെയ്‌തു. 1973ൽ ദേശീയപുരസ്‌കാരം നേടിയ എം ടിയുടെ ‘നിർമാല്യം’ മറ്റൊരു ചരിത്രം.

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മൂന്നു പതിറ്റാണ്ടായി തുഞ്ചത്തെഴുത്തച്ഛൻ സ്‌മാരക കേന്ദ്രം ചെയർമാനായും എം ടി പൊതുജീവിതത്തിലും ചുമതല സാർഥകമാക്കി.

രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം ജ്ഞാനപീഠവും പത്മഭൂഷണുമടക്കം എത്രയോ പുരസ്‌കാരങ്ങൾ എം ടിയെ തേടിയെത്തി. സർവകലാശാലകൾ ഡി ലിറ്റ്‌ നൽകി. എങ്കിലും 25–-ാമത്തെ വയസ്സിൽ ‘നാലുകെട്ടി’ന്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ കിട്ടിയപ്പോഴുണ്ടായ സന്തോഷം പിന്നീട്‌ തോന്നിയിട്ടില്ലെന്ന്‌ എം ടി പറയും. പുരസ്‌കാരങ്ങൾ ഈ സഞ്ചാരിക്ക്‌ പാഥേയങ്ങളാണ്‌. കാലത്തിന്റെ ഓളപ്പാടുകളിലൂടെ ഒഴുക്കിവിടുന്ന കളിയോടങ്ങളെ കാത്ത്‌ ഏതെല്ലാമോ തീരങ്ങളിൽ അജ്ഞാതരായ വായനക്കാർ കാത്തുനിൽപ്പുണ്ട്‌. അവർ എം ടിയുടെ വാക്കുകൾക്ക്‌ ഇപ്പോഴും കാതോർക്കുന്നു. എഴുത്തുകാരന്റെ അന്തസ്സും വിശ്വാസ്യതയും  ഉയർത്തിപ്പിടിക്കുന്ന എം ടിയുടെ നവതി, അങ്ങനെ മലയാളത്തിന്റെ ആഘോഷമായി കേളിപ്പെടുകയാണ്‌. കഥയുടെ ഈ പ്രകാശഗോപുരം നമ്മുടെ അഭിമാനമാണ്‌. കാലാതിവർത്തിയും.
എം ടിക്ക്‌ ‘ദേശാഭിമാനി’യുടെ നവതി ആദരം, സ്‌നേഹപൂർവമായ ആശംസ.