എം ടിക്ക്‌ ഇന്ന്‌ നവതി

എം ടി എന്ന ശ്രേഷ്ഠാക്ഷരം

Saturday Jul 15, 2023
സരിത മോഹനൻ ഭാമ

ഒരു കഥപറച്ചിലുകാരന്റെ നവതിക്കു ചുറ്റും എന്തിത്ര അക്ഷരാരവം!  എന്തിത്ര സ്നേഹപ്രഹർഷം? (പുസ്തകവിൽപ്പന പതിന്മടങ്ങും അവയുടെ വായന കമ്മിയുമായ ഋതുവിൽ, ഇങ്ങനെ ചില സന്ദേഹങ്ങൾ നവമാധ്യമങ്ങളിൽ മുളപൊട്ടുന്നത് കാണാം. പ്രൗഢമായ പ്രത്യുത്തരങ്ങളുണ്ട്, ഇവയ്ക്ക്.)

ഒന്ന്, വെറും കഥപറച്ചിലുകാരനല്ല എം ടി വാസുദേവൻ നായർ. രണ്ട്, കഥപറച്ചിലുകാരൻ മാത്രമല്ല എം ടി. മൂന്ന്, പലപ്പോഴും നാം കാണാൻ  മറന്നുപോകുന്നത് അദ്ദേഹം അനന്യമായ വിഭവസംഘാടന സാമർഥ്യമുള്ള സ്ഥാപന സാക്ഷാൽക്കാരകനാണെന്നതാണ് (institution - builder).

എഴുത്തിലും അദ്ദേഹം പണിതിട്ട മാതൃകകളാകട്ടെ,  ചൈതന്യം പകരുന്നത്, വ്യക്തിയുടെ കീശയ്ക്കല്ല,  ഉദാത്തമാനവികതയുടെ കായകൽപ്പശാലകൾക്കാണല്ലോ.

ഇവയിൽ ഒന്ന്, രണ്ട് എന്നിവ നിരൂപകശ്രേഷ്ഠരും എം ടിയുടെ പത്രാധിപപിന്തുണ ലഭിച്ച എഴുത്തുകാരും ധാരാളം ഉപന്യസിക്കാറുണ്ട് എന്നതുകൊണ്ടുമാത്രം, ആദ്യം ആ മൂന്നാമത്തെ ഉത്തരം വ്യക്തമാക്കാം. മൂന്ന് ഉത്തരവും പരസ്പരബന്ധിതമാണുതാനും.

സർഗാത്മകയെഴുത്തുകാർ സ്വപ്‍നജീവികളാണെന്നാണല്ലോ വയ്പ്. വലിയ പ്രോജക്ടുകൾ വിഭാവന ചെയ്യാനും  ഒന്നുമില്ലായ്മയിൽനിന്ന് വിഭവസമാഹരണം നടത്തി സാംസ്കാരിക സ്ഥാപനങ്ങളുണ്ടാക്കാനുമുള്ള സാഹസികതയും കൈയടക്കവും ഈ സ്വപ്നജീവികൾക്കും ആകാമെന്ന് തെളിയിക്കുന്നതാണ് എം ടി ഓജസ്സ് പകർന്ന തിരൂർ തുഞ്ചൻസ്മാരകം. 1961ൽ പട്ടം താണുപിള്ള  തറക്കല്ലിട്ടപ്പോൾ തൊട്ട്, കാടുപിടിച്ചു കിടന്നിരുന്ന ആ പറമ്പ്, എഴുത്തച്ഛൻ സ്മാരകവും ഗവേഷണകേന്ദ്രവും സാംസ്കാരിക ജനപദവുമാക്കി മലയാളിക്കു സമ്മാനിച്ചത്, എം ടിയുടെ 30 വർഷത്തിലേറെയുള്ള പരിചരണഫലത്തിലാണ്. ഇതേ മാനേജ്‌മെന്റ് അവധാനത, അദ്ദേഹത്തിന്റെ രണ്ടു ഘട്ടമായുള്ള പത്രാധിപപ്രവർത്തനങ്ങളിൽ, സിനിമാസംവിധാനത്തിൽ, ആഗോളസാഹിത്യ മീറ്റിങ്ങുകളുടെ ആസൂത്രണത്തിലൊക്കെ, നമ്മൾ കണ്ടു.



ഇതുമാതിരി അവനവന്റെ ‘സരസ്വതീപേശി’യെ മാനേജ്മെന്റ് വൈഭവമായി പരിഭാഷപ്പെടുത്തിയ മലയാളി എഴുത്തുകാരിൽ  ഒരുപക്ഷേ, മഹാകവി  കുമാരനാശാനേ എം ടിക്ക്‌ സമശീർഷനായി ഉണ്ടാകൂ. കവിതയിൽ കാൽപ്പനികപ്രസ്ഥാനത്തിന് വസന്തം പകരുന്നതിനിടയ്ക്ക്, വെറും 51 വർഷത്തിലൊതുങ്ങിയ  ജീവിതത്തിൽ ആശാൻ ഓട്ടുകമ്പനി നടത്തുകയും എസ്എൻഡിപിയുടെ അമരക്കാരനാകുകയും ചെയ്തത് സ്തുത്യർഹമാണ്.

പണം എന്നത് എം ടി കഥകളിലെ മിന്നുന്ന ഒരു സൂചികയാണ്. 2016ലെ നോട്ടുനിരോധനം കാരണം പൊടുന്നനെ രാജ്യമൊട്ടാകെ തൊഴിലാളികൾക്കിടയിൽ  പടർന്ന കഷ്ടനഷ്ടങ്ങൾക്കിടയിൽ, അതിനെ "തുഗ്ലക്ക് പരിഷ്‌കാരമെന്ന്‌'ആദ്യം പറഞ്ഞ എഴുത്തുകാരൻ, അവനവനെ നേരിട്ട് സ്പർശിക്കുന്ന വിവാദമുണ്ടായാൽപ്പോലും മൗനം പാലിക്കുന്ന എം ടിയാണ്.

ദേശത്തിന്റെ സാമൂഹ്യ സാമ്പത്തിക ചരിതത്തിനോടൊപ്പം,  ഗ്രാമഫോൺ സൂചിയെപ്പോലെ സൂക്ഷ്മമായി ചലിച്ച തൂലിക വേറെയുണ്ടാകില്ല. ഗ്രാമത്തിലെ പട്ടിണി (പള്ളിവാളും കാൽച്ചിലമ്പും), മരുമക്കത്തായം എന്ന ദായക്രമത്തിന്റെ തകർച്ച, ജീവൻ പണയം വച്ചും ഉപജീവനം തേടുന്നവർ (വളർത്തുമൃഗങ്ങൾ), ഗൾഫ് പണം സാമൂഹ്യജീവിതത്തിൽ ഉണ്ടാക്കിയ അസന്തുലിതാവസ്ഥകൾ (വിൽക്കാനുണ്ട് സ്വപ്നങ്ങൾ) എന്നീ രചനകൾ ഓർക്കുക. പണത്തിന്റെ അഭാവവും സാമൂഹ്യസ്റ്റാറ്റസിലെ വീഴ്ചയും മനുഷ്യനിൽ പിതൃവാത്സല്യം, പ്രണയം തുടങ്ങിയ മധുരഭാവങ്ങളുടെ മരണകാരണമാകുന്നത് എം ടിയുടെ ലളിതസുഭഗമായ ആഖ്യാനത്തിൽ, വൈകാരികക്കുത്തൊഴുക്കോടെയാണ് നമ്മെ ഉലയ്ക്കുന്നത്.

എഴുത്തിന്റെ രണ്ടാം ഘട്ടമെത്തിയപ്പോൾ, കേവലം പണമില്ലായ്മയിൽനിന്ന് വർണ- ജാതി -ലിംഗ അസമത്വങ്ങളിലേക്കുകൂടി അദ്ദേഹത്തിന്റെ നോട്ടമെത്തുകയായി. അധികാരത്തിനുവേണ്ടി കൊട്ടാരവാസികൾ തമ്മിലുള്ള യുദ്ധത്തിന്, ഘടോൽക്കചൻ എന്ന ആദിവാസികുമാരൻ ഇരയാകുന്നത് അനുവാചകന്റെ ഹൃദയത്തിലാണ് മുറിവുണ്ടാക്കുന്നത്. അതേസമയം, ഏതു  പണത്തിനും മീതെ പറക്കുന്ന പരുന്താണ്, എം ടിക്ക്‌ അക്ഷരമൂല്യമെന്ന് നിശ്ചയം. അല്ലെങ്കിൽ, രണ്ടാമൂഴം സിനിമയാകാൻ തയ്യാറെടുക്കുമ്പോൾ, അതിന്റെ കലയിൽ വെള്ളം ചേർക്കുമെന്ന നേരിയ സന്ദേഹം വന്ന പാടെ, കോടികളുടെ അഡ്വാൻസ് മടക്കിനൽകാൻ അദ്ദേഹം അശേഷം വൈകിച്ചില്ല.
പത്രാധിപർ എന്ന നിലയിൽ, തന്നിൽനിന്ന് വ്യത്യസ്‌തരായ രീതിയിൽ എഴുതുന്നവർക്കും ഇടമൊരുക്കാൻ എം ടി ശ്രദ്ധിച്ചിരുന്നു. വിശ്വസാഹിത്യത്തിലെ പുതുനാമ്പുകൾ ശ്രദ്ധിക്കുമ്പോൾത്തന്നെ അസ്തിത്വവ്യഥ, ശുദ്ധഫാന്റസി, സ്കാറ്റോളജി തുടങ്ങി ഫിക്‌ഷനിലെ ഓരോരോ കാലത്തെ തരംഗങ്ങൾ തന്റെ അടിസ്ഥാന ലാവണ്യബോധ്യത്തിനു ചേരാത്തതാണെങ്കിൽ, ദൃഢതയോടെ അവയിൽ പെടാതെ വിട്ടുനിന്നു.

എന്നാൽ, നവീകരണങ്ങൾ അദ്ദേഹത്തിന്റെ രചനാകൗശലത്തിലും വന്നുകൊണ്ടിരുന്നു. വെറുക്കപ്പെട്ട വില്ലന്റെയുള്ളിൽനിന്ന് പ്രിയങ്കരനായ നായകനെ കടഞ്ഞെടുക്കുക, എല്ലാവരും വൈരൂപ്യംമാത്രം കണ്ടവളെ അവിസ്മരണീമായ നായികയാക്കുക തുടങ്ങിയ എം ടി ഒടിവിദ്യയിൽ, 1990കൾക്കുശേഷം ധാരാളം പുതുപ്രയോഗങ്ങൾ ഉണ്ടായിട്ടുണ്ട്. വീക്ഷണ കോണുകൾകൊണ്ടുള്ള പരീക്ഷണങ്ങളാണ് പ്രധാനം.
മുംബൈയിൽ ഒരു പ്രളയകാലത്ത്, ചെറിയൊരു കോളനിയിൽ ഒരു സ്ത്രീയുടെ ശവശരീരത്തിന്റെ ആത്മഗതമാണ് "കൽപ്പാന്തം' എന്ന കഥ. സമുദ്രത്തിനടിയിലെ അഗ്നിപർവതം ചീറ്റുന്നപോലുള്ള  അന്തഃക്ഷോഭമാണ്  ഈ കഥയുടെ കൈയടക്കം നമുക്ക് നൽകുക.
അമേരിക്കയിലെ ഇന്ത്യൻ പ്രവാസിജീവിതത്തിലെ ഒറ്റപ്പെടൽ "ഷെർലക്' എന്ന തീരെ (കട്ടുതിന്നൽ, തെണ്ടിനടക്കൽ തുടങ്ങിയ) പൂച്ചത്തരങ്ങളില്ലാത്ത വളർത്തുപൂച്ചയുടെ മെറ്റഫറിലൂടെ എം ടി മൂർത്തീഭവിപ്പിക്കുന്നു. അമേരിക്കയുടെ ചാരചരിത്രം (വീട്ടിലെ ചാരനോവലുകളുടെ ശേഖരം),  കൺസ്യൂമറിസം (അമേരിക്ക എന്നാൽ ഒരു വലിയ വയറാണ്) എന്നിവയിലൂടെ കറുത്ത നർമത്തിൽ അടയാളപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് ഈ കഥാമാന്ത്രികന്റെ നവതിപിറന്നാൾ, മനുഷ്യാന്തസ്സിന്റെ വെന്നിക്കൊടിയാകുന്നതെന്ന നവവായനക്കാരുടെ സംശയത്തിന് വിശദീകരണമായാണ് ഇത്രയും പറഞ്ഞത്.

അതേസമയം, എനിക്ക്‌, എം ടി എന്നാൽ എന്നെ വേണ്ടുമ്പോൾ ശകാരിക്കാനും ചിലപ്പോൾ  സാന്ത്വനിപ്പിക്കാനും പോന്ന പിതൃബിംബമാണ് എന്നൊരു വിശിഷ്ടസ്വാർഥവും കൂടിയുണ്ട് ഈ പിറന്നാൾക്കുറിപ്പിൽ. എന്റെ മുത്തശ്ശിയെ (ലളിതാംബിക അന്തർജനം) "അമ്മേ' എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്. മുത്തശ്ശിക്ക്‌ വന്ന എം ടിയുടെ കത്തുകൾ ഞങ്ങളുടെ കുടുംബവീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1955ൽ ഇങ്ങനെയെഴുതി. നൂറുകണക്കിന് കത്തുകൾ (പലതും ഔദ്യോഗികം) ചവറ്റുകൊട്ടയിൽ ഇടാറുള്ള "ഞാൻ ആദ്യമായി ഒരു കത്ത് സൂക്ഷിച്ചിരിക്കുന്നു. വീണ്ടും വായിച്ച് വാത്സല്യത്തിന്റെ ചൂടേറ്റ് ഉന്മേഷം കൊള്ളാമല്ലോ.'
എന്റെ അച്ഛനാകട്ടെ (ചെറുകഥാകൃത്ത് എൻ മോഹനൻ) എം ടിക്ക്‌ സമപ്രായക്കാരനായിരുന്നു. എടാ-പോടാ എന്ന് പരസ്പരം സംബോധന ചെയ്യുംവിധം കൂട്ടുകാരായിരുന്നു. ചെറുപ്പത്തിൽ ഇരുവരും സ്വകാര്യസങ്കടങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു. ദൂരദേശങ്ങളിൽ പുതിയ എഴുത്തുകാരുടെ ഇംഗ്ലീഷ് പരിഭാഷ വരുമ്പോൾ അത് സംഘടിപ്പിച്ചു വായിച്ച്  ചർച്ച ചെയ്യലായിരുന്നു രണ്ടാൾക്കും ഇഷ്ടവിനോദം. എന്റെ ആദ്യത്തെ ഓർമകളിൽത്തന്നെ എം ടി പതിയാൻ കാരണം ജീവൻതന്നെ നഷ്ടമായേക്കാവുന്ന ഒരു അനുഭവമാണ്. ഷൊർണൂർ, ഭാരതപ്പുഴയുടെ ഒരു മണൽത്തിട്ടയിൽ അച്ഛനും എം ടിയും മറ്റാരൊക്കെയോ ചേർന്ന് കാറ്റുകൊണ്ടു, പുസ്തകവർത്തമാനങ്ങൾ കൈമാറുമ്പോൾ, അടുത്ത് കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയായ ഞാൻ ഒരു നീർച്ചുഴിയിൽ അകപ്പെട്ട് താണുപോകുകയും അച്ഛൻ പെട്ടെന്ന്‌ മുങ്ങിവന്നു രക്ഷിക്കുകയും ആശുപത്രിയിൽ തങ്ങേണ്ടിവരുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. അകാലത്തിൽ തീരെ അവിചാരിതമായി 1999ൽ അച്ഛൻ പോയി. പിന്നത്തെ ആഴ്ച, ചെന്നൈയിൽനിന്ന് എനിക്ക് എം ടിയുടെ കത്ത് വന്നു.
"സരിതയ്ക്ക്,
നീ പരിഭ്രമിക്കരുത്. ഞങ്ങളൊക്കെയുണ്ട്. എന്ന് വാസുവമ്മാമൻ.'

"സ്നേഹം' എന്ന തേഞ്ഞരഞ്ഞ ക്ലിഷേയില്ലാതെ, ടെലിഗ്രഫിക്ക് കെട്ടുമുറുക്കമുള്ള ആ ചെറുവാചകം എന്തെന്നില്ലാത്ത സമാശ്വാസവും ഊർജവുമായി എനിക്ക്. വിഖ്യാതമായ ആ ഒരു മില്ലിമീറ്റർ ചിരിയിലെ ആർദ്രതയുടെ ലോകം നേരിട്ടറിഞ്ഞത്, എല്ലാവരുടെയും എം ടി, എനിക്ക്, എന്താവശ്യത്തിനും സമീപിക്കാവുന്ന വാസുവമ്മാമൻ ആയതോടെയാണ്. വാസുവമ്മാമന് പിറന്നാൾ നമസ്കാരം!

സാംസ്കാരികലോകത്തിന്, അനുദിനം വളരുന്ന ഈ പിതൃബിംബം സ്വന്തമായിട്ട് കാലമേറെയായി. ഈ നവതിപിറന്നാൾ, നമുക്കെല്ലാം നിത്യവും നവീകരിക്കപ്പെടുന്ന വിശ്വമാനവികതയുടെ വെന്നിക്കൊടിയാണ്. തൊണ്ണൂറുകളിൽ എം ടി എന്ന ശ്രേഷ്ഠാക്ഷരത്തിന് സ്വാസ്ഥ്യവും സർഗശേഷിയും കാവൽ നിൽക്കട്ടെ.
(കവിയും മുതിർന്ന സാമ്പത്തികകാര്യ മാധ്യമപ്രവർത്തകയുമാണ്‌ ലേഖിക)