എം ടി: എന്റെ ജീവിതത്തിന്റെ ധന്യത -ജീവിതസഖി കലാമണ്ഡലം സരസ്വതി

Saturday Jul 15, 2023
പി വി ജീജോ

കോഴിക്കോട്‌ സരസ്വതി  കലാമണ്ഡലം സരസ്വതി ആയതിനുപിന്നിൽ എം ടിയുണ്ട്‌. തന്റെ ജീവിതത്തിന്റെ ധന്യതയാണ്‌ എം ടിയെന്ന്‌ ജീവിതസഖി കലാമണ്ഡലം സരസ്വതി.
എന്റെ വിശിഷ്ട സ്‌നേഹസൗഭാഗ്യം. എന്റെ ജീവിതത്തിന്‌ രണ്ടു ഘട്ടമാണ്‌ ഉള്ളത്‌. എം ടിക്ക് മുമ്പും എം ടിക്ക്‌ ഒപ്പമുള്ളതും. എം ടിക്ക്‌ മുമ്പുള്ളത്‌ എന്നെ ജീവിക്കാനും അതിജീവിക്കാനും പഠിപ്പിച്ച കാലമാണ്‌. എം ടിക്ക്‌ ഒപ്പമുള്ളത്‌ ഞാൻ ഏറെ സ്‌നേഹിച്ച, സ്‌നേഹിക്കപ്പെട്ട കാലവും.

എന്റെ എം ടി

എം ടി വാസുദേവൻ നായർ എനിക്ക്‌ എന്താണെന്ന്‌ നിർവചിക്കാൻ പൂർണമായി സാധിക്കില്ല. ഒരു കാര്യമറിയാം. മലയാളത്തിന്റെ സൗഭാഗ്യമെന്നും സുകൃതമെന്നും മാധ്യമങ്ങളും മറ്റും പറയുന്നതിനപ്പുറമാണ്‌ എനിക്ക്‌ എം ടി. എന്റെ നൃത്തജീവിതം, കലാജീവിതം എല്ലാത്തിനും കടപ്പെട്ടിരിക്കുന്നത്‌ എം ടിയോടുകൂടിയാണ്‌. വിവാഹത്തോടെ ഒടുങ്ങുന്നതാണ്‌ കലാകാരികളുടെ ജീവിതം. നൃത്തവേദിയിലും വെള്ളിത്തിരയിലുമെല്ലാം നിരവധി ഉദാഹരണം നമുക്ക്‌ കാണാം. എന്നാൽ, കലാകാരിയെന്ന നിലയിൽ എന്റെ സ്വാതന്ത്ര്യം,  പ്രവർത്തനങ്ങൾ ഇവയൊക്കെ തുടരാനായത്‌ എം ടിയുടെ ജീവിതപങ്കാളി ആയതിലാണ്‌. തിരക്കുപിടിച്ച എഴുത്തുകാരൻ, തിരക്കഥാ കൃത്ത്‌, സംവിധായകൻ, പത്രാധിപർ... അങ്ങനെ ഒരുപാട്‌  വിലാസങ്ങൾ എം ടിക്ക്‌ ഉണ്ട്‌. എന്നാൽ, സ്വതന്ത്രമായ കലാപ്രവർത്തനത്തിന്‌ ജീവിതപങ്കാളിക്ക്‌ അവസരം, അതിൽ ഒരുതരത്തിലും ഇടപെടാതെ മൗനത്തിലൂടെയാണെങ്കിലും പ്രോത്സാഹിപ്പിച്ച, പിന്തുണച്ച വലിയ സർഗാത്മക മനസ്സിന്റെ ഉടമയെന്ന നിലയിലാണ്‌ എം ടിയെ എനിക്ക്‌ ഏറെ ഇഷ്ടവും ആദരവും. നർത്തകിയാക്കാൻ അദമ്യമായി മോഹിച്ച അച്ഛൻ  സുബ്രഹ്മണ്യൻ സമ്മാനിച്ചതാണ്‌ ഈ കലാജീവിതം. എന്നാൽ, എം ടി യെപ്പോലെ ഒരാളെ കിട്ടിയില്ലെങ്കിൽ ഞാൻ എവിടെയും എത്തില്ലായിരുന്നു.


ജീവിതം, പ്രണയം, സ്‌നേഹം

എം ടി റൊമാന്റിക്ക്‌ ആയിരുന്നോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്‌. ജീവിതപങ്കാളിയെ അംഗീകരിക്കുകയാണ്‌ ഏറ്റവും പ്രധാനം. അത്‌ എം ടിയിൽനിന്ന്‌ ഏറെ ലഭിച്ചിട്ടുണ്ട്‌. പ്രണയവും സ്‌നേഹവും ബഹുമാനവും പങ്കുവയ്‌ക്കലും ആ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്‌.   

മൗനത്തിന്റെ കൂട്ടുകാരൻ

ഒരു മൂളൽ, രണ്ട്‌ വാക്കിൽ ഒതുങ്ങുന്ന വിശേഷങ്ങൾ, ചോദ്യങ്ങൾ, എം ടി അങ്ങനെയാണ്‌. നാലരപ്പതിറ്റാണ്ടായി എനിക്ക്‌ പരിചയമുള്ള എം ടി യുടെ സ്വഭാവം. ആരുടെയും മുന്നിൽ എടുത്തണിയുന്ന കവചമോ ഭാവമോ അല്ല മൗനം. ഒന്നോ രണ്ടോ വാക്ക്‌, ഒരു നോട്ടം. ഇതിനപ്പുറം വാചാലനായി ഒരിക്കലും എം ടിയെ കണ്ടിട്ടില്ല. ചില ദിവസം, ചില നേരത്ത്‌ കൂടുതലായി നാല്‌ വർത്തമാനം പറഞ്ഞാലായി. അത്‌ കൂടല്ലൂരിലെ വിശേഷങ്ങളാകും. ആരുടെയെങ്കിലും ഫോൺ വന്നതാകും. അതൊക്കെ ഉത്സാഹത്തോടെ സൂചിപ്പിക്കും. വീട്ടിലെ കാര്യങ്ങൾ അറിഞ്ഞുപ്രവർത്തിക്കും. സ്‌നേഹം പ്രകടിപ്പിക്കാൻ എം ടിക്ക്‌ അറിയില്ല.   വളച്ചൊടിച്ച്‌ നീട്ടി സംസാരിക്കുന്ന ശീലവുമില്ല. എം ടിയോട്‌ സംസാരിക്കുക വലിയ സാഹസമാണ്‌. പലപ്പോഴും പറയുമ്പോൾ ചിന്തകളിലാകും. ചിലപ്പോൾ വായനയോ എഴുത്തോ ആകും.

കൂടല്ലൂരിലെ താലികെട്ട്‌

1977 ഒക്ടോബർ 30ന്‌ ആണ്‌ ഞാൻ എം ടിയുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. കൂടല്ലൂരിൽ കൊടിക്കുന്നത്തമ്മയുടെ മുന്നിൽവച്ചായിരുന്ന താലികെട്ട്‌. വിവാഹശേഷം എം ടി അദ്ദേഹത്തിന്റെ തിരക്കുകളുമായി ഒരുവഴിക്കും  ഞാൻ നൃത്തവുമായി മറ്റൊരു വഴിക്കുമായി പോകുമോ എന്ന്‌ എന്റെ അമ്മ മീനാക്ഷിയമ്മാൾ ആധിപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെയൊന്നും സംഭവിക്കാതെ ഞങ്ങളുടെ ജീവിതം സുന്ദരമായി മുന്നോട്ടുനീങ്ങിയതിനു പിന്നിൽ മൗനത്തിലൊളിപ്പിച്ച ആ സ്‌നേഹനിർഭരതയാണ്‌. സിനിമയും എഴുത്തും പത്രപ്രവർത്തനവുമായി അദ്ദേഹത്തിന്റെ തിരക്കുകൾ ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ നൃത്തകലയിൽ വിട്ടുവീഴ്‌ച എനിക്കും ആകുമായിരുന്നില്ല.  ഇത്‌ ഞങ്ങൾ പരസ്‌പരം  മനസ്സിലാക്കിയിരുന്നു.  കലയെ, സർഗാത്മകതയെ പരസ്‌പരം ബഹുമാനിച്ച്‌ ഞങ്ങൾ ജീവിച്ചു.

പതിവായി നടക്കുന്ന മറ്റൊരാൾ

ഒമ്പത്‌ സഹോദരങ്ങളുള്ള  എന്റെ വീട്ടിൽ ഭക്ഷണസമയം ഒരുത്സവമേളംപോലെയാണ്‌. എന്നാൽ, എം ടിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ പാത്രങ്ങൾപോലും നിശ്ശബ്ദമായിരുന്നു. ഭക്ഷണം കുറെ സമയമെടുത്താണ്‌ കഴിക്കുന്നത്‌. ആലോചന, അതാണ്‌ എം ടിയോടൊപ്പം പതിവായി നടക്കുന്ന മറ്റൊരാൾ. ചുറ്റിലുള്ളതൊന്നും അറിയാത്ത ആലോചന തന്നെ.  ആണ്ടിനും സംക്രാന്തിക്കുമൊക്കെ ചിലപ്പോൾ ഭക്ഷണത്തിനിടയിൽ ഏതെങ്കിലുമൊരു വിഭവത്തിനുനേരെ കൈ ചൂണ്ടും. ആലോചന ആളെ കൊണ്ടുപോയിട്ടില്ല, ഇവിടെയുണ്ടെന്നുള്ള സന്തോഷമാണ്‌ എനിക്കപ്പോൾ തോന്നുക. ജോലിക്ക്‌ പോകുംവരെ വായന, ആലോചന, തിരിച്ചുവന്നാലും ഇതുതന്നെ പതിവ്‌. ഇങ്ങോട്ടൊന്നും പറയില്ല. അങ്ങോട്ടു പറയാനുള്ള അറിവോ ലോകാനുഭവമോ എനിക്കില്ലതാനും.

ഓർമയിൽ മായാതെ മദിരാശി

കൂടല്ലൂരിലേക്കും മദിരാശിയിലേക്കും എം ടിയോടൊപ്പമുള്ള യാത്രകളാണ്‌ ഞാൻ ഏറെ ആസ്വാദിച്ചിട്ടുള്ളത്‌. തിരക്കഥാ ചർച്ചകൾ നടക്കുക മദിരാശിയിലാകും. കുറച്ചുദിവസം മുറിയെടുത്ത്‌ താമസിക്കും. എനിക്കേറെ ഇഷ്ടമുള്ള നഗരമാണത്‌. പുഞ്ചിരിച്ച്‌ വിശേഷങ്ങൾ പറഞ്ഞ്‌ എം ടി വാചാലനാകുന്നത്‌ ആ യാത്രകളിലാണ്‌. എഴുപതുകളുടെ അവസാനവും എൺപതുകളിലുമായിരുന്നു ആ യാത്രകളേറെയും. എം ടി കഥാചർച്ച തുടങ്ങുമ്പോൾ ഞാൻ വെമ്പട്ടി സാറടക്കമുള്ള നൃത്തഗുരുക്കന്മാരെ തേടിയിറങ്ങും. അങ്ങനെ നൃത്തത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിക്കാനും ഈ യാത്രകളാണ്‌ സഹായിച്ചത്‌. സിനിമാ ചർച്ചയും തിരക്കും  കഴിഞ്ഞാൽ നഗരത്തിൽ കറക്കമുണ്ട്‌. ആദ്യമായുള്ള അത്തരമൊരു യാത്രയിൽ പട്ടുസാരി വാങ്ങിത്തന്നത്‌ ഞാനിന്നും മറന്നിട്ടില്ല. മഞ്ഞ്‌ സിനിമയുടെ ചിത്രീകരണവേളയിൽ നൈനിറ്റാളിൽ പോയതും മറക്കാനാകാത്ത അനുഭവമായുണ്ട്‌.

ആഘോഷമില്ലാത്ത പിറന്നാളുകൾ


വിശേഷങ്ങൾ, ആഘോഷങ്ങൾ അതിനോടൊന്നും പ്രത്യേക താൽപ്പര്യമില്ല. വിവാഹശേഷം 1979ൽ എം ടിയുടെ പിറന്നാൾ വന്നു. ഞാനന്ന്‌ ഗർഭിണിയായിരുന്നു. അന്ന്‌ ഞാനൊരു കാര്യം പറഞ്ഞു. പിറന്നാളിന്‌ രാവിലെ ഗണപതിഹോമവും വൈകിട്ട്‌ ഭഗവത്‌‌സേവയും കഴിക്കണം. അത്‌ ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം തുടരും. മറുപടിയൊന്നുമുണ്ടായില്ല. എല്ലാ ജന്മദിനത്തിനും അത്‌ തുടരുന്നുണ്ട്‌. സമയത്തോടുള്ള നിഷ്‌ഠയാണ്‌ എം ടിയുടെ മറ്റൊരു സവിശേഷത. വല്ലാത്ത കണിശതയാണ്‌ അക്കാര്യത്തിൽ. കൃത്യസമയം പാലിക്കും. അത്‌ പാലിക്കാത്തവരോട്‌ പെരുമാറുന്നത്‌ എങ്ങനെയെന്ന്‌ എനിക്കറിയാം. എം ടിയുടെ  ഇന്ന കഥ വായിച്ചോ, സിനിമ കണ്ടോയെന്ന്‌ പലരും ചോദിക്കാറുണ്ട്‌. ഇഷ്ടപ്പെട്ടത്‌ ഞാൻ വായിച്ചിട്ടും കണ്ടിട്ടുമുണ്ട്‌. കാലവും അസുരവിത്തും നാലുകെട്ടും മനോഹരമായ വായനാനുഭവമായിരുന്നു. നർത്തകി ആയതിനാൽ ‘വൈശാലി’യിലെ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം എങ്ങനെയാകും എന്നതാണ്‌ ഞാൻ ആകാംക്ഷയോടെ നോക്കിക്കണ്ട എം ടിയുടെ സർഗപ്രവർത്തനത്തിലൊന്ന്‌.