അച്ഛൻ എന്ന ജീവിതാനുഗ്രഹം
Saturday Jul 15, 2023
പി വി ജീജോ
എഴുത്തുകാരൻ, പത്രാധിപർ, ചലച്ചിത്രകാരൻ... അങ്ങനെ എം ടിക്ക് പലമുഖങ്ങൾ. ആ അച്ഛന്റെ മകൾ എന്നതാണ് ജീവിതത്തിലെ വലിയ ആഹ്ലാദവും ബഹുമതിയുമെന്ന് മകൾ അശ്വതി.
അച്ഛനെ പലരും പലവിധത്തിൽ കാണുന്നു, ആദരിക്കുന്നു. ആരാധിക്കുന്നവരും ഉണ്ടാകാം. അച്ഛന്റെ എഴുത്തുജീവിതത്തെ കലാപ്രവർത്തനങ്ങളെ ഒന്നും വിലയിരുത്താൻ ഞാനാളല്ല. പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ടുണ്ട്. അടുത്തുനിന്ന് എന്നും കാണുന്നെങ്കിലും എം ടിയുടെ സിനിമ, സാഹിത്യം ഇവയെക്കുറിച്ച് ആസ്വാദനം പറയാൻ എനിക്കാകില്ല. ഇങ്ങനെയൊരു അച്ഛന്റെ മകളാകാൻ സാധിച്ചതാണ് ജീവിതാനുഗ്രഹം. ലോകത്ത് ഏറ്റവും അനുഗ്രഹീതയായ മകൾ എന്നുപറയാൻ എനിക്ക് അഭിമാനമുണ്ട്.
എഴുത്തുകാരന്റെ മകൾ
അച്ഛൻ വലിയ എഴുത്തുകാരനാണ്, കലാകാരനാണ് എന്നതൊക്കെ തിരിച്ചറിയുന്നത് കോളേജ് കാലത്തൊക്കെയാകും. സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ രചനകൾ പഠിക്കാനുണ്ടായിരുന്നു. നിന്റെ ഓർമയ്‌ക്ക്, കാഥികന്റെ പണിപ്പുര എന്നിവ. അച്ഛൻ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് ക്ലാസിലും പുറത്തും പരിഗണനയും കിട്ടി. ചെറുതല്ലാത്ത സന്തോഷവും അതിൽ അനുഭവിച്ചു. ഗൗരവമേറിയ വായന 10–ാം ക്ലാസോടെയാണ് തുടങ്ങുന്നത്.
മനസ്സിൽ പെയ്യുന്ന മഞ്ഞ്
നാലുകെട്ടാണ് ആദ്യം വായിച്ചത്. ചെറുകഥകളും വായിച്ചു. മഞ്ഞ് പലരെയുംപോലെ എന്നെയും വല്ലാതെ ആകർഷിച്ച നോവലാണ്. വല്ലാത്ത അനുഭവമെന്നേ പറയാനാകൂ. ഒന്നിലേറെ തവണ വായിച്ചിട്ടുണ്ട് ആ പുസ്‌തകം. മഞ്ഞ് സിനിമയാക്കുമ്പോൾ നൈനിറ്റാളിൽ പോയി. മനസ്സിനെ എവിടെയൊക്കയോ തൊടുന്നുണ്ട് അത്. രണ്ടാമൂഴം ബിരുദകാലത്താണ് വായിച്ചത്. തിരക്കഥയാക്കിയപ്പോൾ വീണ്ടും വായിച്ചു. ഇഷ്ട രചനകളെന്ന് ഏതെങ്കിലും കൃതിയെപ്പറ്റി പറയാനാകില്ലെങ്കിലും മഞ്ഞും രണ്ടാമൂഴവും പകർന്ന അനുഭൂതി അത് വേറെതന്നെയാണ്. സനിമയിൽ നിർമാല്യമാണ് എനിക്കും പ്രിയങ്കരം. താഴ്‌വാരം പലതലത്തിൽ ഇഷ്ടമാണ്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, സാദരം, ഒരു ചെറുപുഞ്ചിരി... അങ്ങനെ എല്ലാം ഓരോവിധത്തിൽ പ്രിയപ്പെട്ടതാണ്.
അച്ഛൻ എന്ന അനുഭവം
പ്രശസ്‌തനായ എഴുത്തുകാരൻ ആയിരിക്കുമ്പോഴും എന്റെ പ്രിയപ്പെട്ട അച്ഛനാകാൻ എം ടി എന്നും ഉണ്ടായിട്ടുണ്ട്. മൗനം അച്ഛന്റെ നിതാന്ത സഹചാരിയാണ്. കുട്ടിയായിരിക്കവെ ഇതെന്താ വീടിങ്ങനെ എന്ന് തോന്നിയിട്ടുണ്ട്. കൂട്ടുകാരുടെ വീട്ടിലൊക്കെ പോയാൽ അച്ഛനമ്മമാരൊക്കെ തുറന്ന് സ്വാതന്ത്ര്യത്തോടെ ഇടപെടുന്നത് കാണാം. ഇവിടെ അച്ഛന് എന്നും വായന. വർത്തമാനം കുറവ്. മൗനമാണ് പതിവുശീലം. പക്ഷേ, ക്രമേണ അതെനിക്ക് തിരിച്ചറിയാനായി. ഒരാളുടെ സ്വഭാവം, പ്രകൃതം... അതങ്ങനെ മാറ്റാനാകില്ലല്ലോ. അതിനാൽ മൗനം എന്നെ ബാധിച്ചിട്ടില്ല. കോളേജിൽ എത്തിയപ്പോൾ അച്ഛനും ഞാനുമായി നല്ല കൂട്ടായി. പല വിഷയങ്ങൾ സംസാരിക്കും ഞാൻ ഇംഗ്ലീഷ് സാഹിത്യം ആയതിനാൽ സംസാരം സാഹിത്യമാകും. ഷേക്‌സ്‌പിയർ കൃതികളെക്കുറിച്ചൊക്കെ അച്ഛനിങ്ങനെ പറയും. യാത്രകളിൽ അച്ഛൻ എല്ലാ കാര്യങ്ങളും സംസാരിക്കും.
കുട്ടിയായിരിക്കെ തമിഴ്‌നാട്ടിൽ തഞ്ചാവൂർ, നാഗപട്ടണം, വേളാങ്കണ്ണി, ചിദംബരം ഒക്കെ കൊണ്ടുപോയിട്ടുണ്ട്. യാത്രകളിൽ എന്റെ ഫോട്ടോ എടുക്കുക അച്ഛന് വല്ലാത്ത ഹരമാണ്. അക്കാലത്ത് പതിവായി കാമറയുണ്ടാകും. അച്ഛൻ നല്ല ഫോട്ടോഗ്രാഫറാണ്. മറക്കാനാകാത്ത ആ യാത്രകളിലൊക്കെ ആ സ്‌നേഹവും വാത്സല്യവുമൊക്കെ നന്നായി അനുഭവിച്ചിട്ടുണ്ട്. സിംഗപ്പൂർ, മലേഷ്യൻ യാത്രകളൊക്ക മനസ്സിൽ തങ്ങിനിൽക്കുന്നതാണ്. മറ്റൊന്ന് ഷൂട്ടിങ് ലൊക്കേഷനുകളിലേക്കുള്ള യാത്രകളാണ്. കടവ്, വടക്കൻ വീരഗാഥ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, സദയം, വൈശാലി ഈ സിനിമകളൊക്കെ കൺമുന്നിൽ കാണാനായി. നാട്ടിലും വിദേശത്തും എവിടെ പോയാലും ധാരാളം പുസ്‌തകം എനിക്ക് കൊണ്ടുതരും. റഷ്യൻ നാടോടിക്കഥകളും ഗ്രീക്ക് ഇതിഹാസങ്ങളും ദ ബ്രിഡ്‌ജസ് ഓഫ് മാഡിസൺ കൗണ്ടി അങ്ങനെ ഒരുപാട് പുസ്‌തകം. ഇന്നത് വായിക്കണം, എന്ത് വായിക്കണം എന്നൊന്നും നിർദേശിക്കാറില്ല. അക്കാര്യത്തിൽ അഭിപ്രായവും പറയില്ല. ക്ലാസിക്കുകളടക്കം ലോക സിനിമകളാണ് യാത്രകളിൽ അച്ഛൻ തരുന്ന മറ്റൊരു സമ്മാനം. ഒരുപാട് സിനിമകളുടെ വിഎച്ച്‌എസ് വാങ്ങിക്കൊണ്ടുവരും.
നൃത്തം എം ടിയുടെ രചനയിൽ
നർത്തകിയെന്ന നിലയിൽ അച്ഛന്റെ ഏതെങ്കിലും കൃതി നൃത്തവേദിയിൽ അവതരിപ്പിക്കുമോ? ഈ ചോദ്യം പലതവണ അഭിമുഖീകരിച്ചതാണ്. ചിലരൊക്കെ അങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്. നാടകമാകാം. പക്ഷേ, നൃത്തം അതിനെനിക്ക് ധൈര്യംപോരാ. 90–ാം പിറന്നാളാഘോഷത്തിൽ അച്ഛന്റെ സിനിമകളിലെ വൈശാലിയും നഖക്ഷതവുമടക്കമുള്ളവ ചേർത്ത് നൃത്തം അവതരിപ്പിച്ചു. ഗാന്ധാരി വിലാപവും. ഗാന്ധാരിയെക്കുറിച്ച് ആ രചനയുടെ സൗന്ദര്യവും അഴകും അച്ഛൻ പലതവണ പറഞ്ഞുകേട്ടിട്ടുണ്ട്. തിരൂർ തുഞ്ചൻപറമ്പിൽ അവതരിപ്പിച്ച ആ നൃത്താവിഷ്‌കാരം അച്ഛൻ മുഴുവനിരുന്ന് കണ്ടു. ഏറെ വൈകാരികമായി അതിലേറെ അർപ്പിതമായി ഞാൻ അവതരിപ്പിച്ചതാണ് അത്. ശരിക്കും അച്ഛന് സമർപ്പിച്ച നൃത്താവിഷ്‌കാരം. അച്ഛൻ എഴുതിയ കഥ സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചു. അതിലൂടെ സംവിധായികയുടെ മേലങ്കിയുമണിഞ്ഞു. ഇങ്ങനെ ചെറിയ ജീവിതത്തിൽ എനിക്ക് ലഭിച്ച വലിയ ജീവിതാനുഗ്രഹമാണ് എം ടി എന്ന അച്ഛൻ.