മുംബൈ> ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ത്രീയുടെ വിജയിയായി കേരളത്തിൽ നിന്നുള്ള ഏഴ് വയസുകാരൻ ആവിർഭവ്. മാസ്മരികശബ്ദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കുട്ടി ഗായകനാണ് കേരളത്തിലെ ഇടുക്കിയിൽ നിന്നുള്ള ആവിർഭവ്.
മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ് ബക്ഷിക്കൊപ്പമാണ് ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
'സ്വപ്ന സാക്ഷാത്കാര നിമിഷമാണിത്. നിങ്ങളുടെ എല്ലാ പിന്തുണയും പ്രാർത്ഥനയും അനന്തമായ സ്നേഹവും കൊണ്ടാണ് ഇത് സംഭവിച്ചത്. ഈയവസരത്തിൽ ഷോയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും നിങ്ങൾക്കെല്ലാവർക്കും നന്ദി. ദൈവത്തിന് നന്ദി.' എന്നാണ് വിജയത്തിന് ശേഷം ആവിർഭവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. "ചിട്ടി ആയി ഹേ" എന്ന ഗാനം ആലപിച്ചതോടെയാണ് ആവിർഭവിൻ്റെ പ്രശസ്തിയിലേക്കുള്ള യാത്ര ആരംഭിച്ചത്, വിധികർത്താക്കളെയും കാഴ്ചക്കാരെയും തന്റെ കഴിവ് കൊണ്ട് വിസ്മയിപ്പിക്കാൻ ആവിർഭവിന് സാധിച്ചു. ഗായിക നേഹ കക്കാർ ആയിരുന്നു ഈ സീസണിലെ സൂപ്പർ ജഡ്ജ്.
സംഗീതലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായ ഉദിത് നാരായണിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻ്റെ തന്നെ ഗാനമായ "ചാന്ദ് ചുപാ ബാദൽ മേ" പാടിയതോടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി ഈ കൊച്ചു ഗായകൻ. ഉദിത് നാരായൺ ഉൾപ്പെടെ നിരവധി ഗായകരുടെ പ്രശംസ പിടിച്ചു പറ്റാൻ ആവിർഭവിനായിട്ടുണ്ട്. ഈ സീസണിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്നായിരുന്നു ഇതിനെ അവതാരകൻ വിശേഷിപ്പിച്ചത്. സെമി ഫൈനൽ വേദിയിൽ പ്രശസ്ത സംഗീതജ്ഞൻ ശങ്കർ മഹാദേവന്റെ 'ബ്രെത് ലെസ്സ്' ഗാനം ലൈവായി പാടി ഒരിക്കൽ കൂടി പ്രേക്ഷകരെ ഞെട്ടിച്ചു.
ക്യൂട്ട്‌നെസും ആലാപന മികവുംകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെയുണ്ടാക്കാന്‍ അഭിനവിന് കഴിഞ്ഞു. രാജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ 'കോരാ കാഗസ്', 'മേരെ സപ്‌നോ കി റാണി' തുടങ്ങിയ ഗാനങ്ങളും ആവിർഭവിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.
ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ മാതാപിതാക്കള്‍ സന്ധ്യയും സജിമോനുമാണ്. അനിര്‍വിഹിയയാണ് സഹോദരി. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഇരുവര്‍ക്കും ഒരുമിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യുട്യൂബ് ചാനലുമുണ്ട്. ഒരുമിച്ച് പാടുന്ന നിരവധി വീഡിയോകൾ ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..