27 October Sunday

എല്ലാ പാട്ടും വാസ്‌തെ പോലെയാകില്ല- ധ്വനി ഭാനുശാലി സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Oct 27, 2024

ന്ത്യൻ സംഗീതത്തിൽ നാഴികക്കല്ലായിരുന്നു വാസ്‌തെ എന്ന ഹിന്ദി ഗാനം. ഹിന്ദി പോപ്പ്‌ സംഗീതത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച പാട്ട്‌ ധ്വനി ഭാനുശാലി എന്ന പോപ്പ്‌ ഗായികയുടെ ഉദയം കൂടിയായിരുന്നു. ഏറ്റവും വേഗത്തിൽ യൂട്യൂബിൽ 100 കോടി പേർ  കണ്ട ഹിന്ദി പോപ്പ്‌ സംഗീത വീഡിയോയി ഇത്‌ മാറി. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഒരുപാട്‌ ഹിറ്റുകൾ ധ്വനിയിലൂടെ പിറന്നു. ഗായികയായിരിക്കുമ്പോഴും മനസ്സിലുണ്ടായിരുന്ന അഭിനയ മോഹവും ഇപ്പോൾ സാധ്യമായി. വെള്ളിയാഴ്‌ച ഇറങ്ങിയ റൊമാന്റിക്‌ കോമഡി ചിത്രം ‘കഹാം ഷുരു കഹാം ഖത’മിലൂടെ ബോളിവുഡിൽ നായികയായി അരങ്ങേറി. പാട്ടിനെക്കുറിച്ചും സിനിമയെക്കുറിച്ചും ധ്വനി ഭാനുശാലി സംസാരിക്കുന്നു...

പാട്ട്‌ ചെയ്യുന്നതും സിനിമ ചെയ്യുന്നതും രണ്ടും വളരെ വ്യത്യസ്‌തമാണ്‌. പാട്ടുകളിലും ആൽബങ്ങളിലും പ്രവർത്തിക്കുമ്പോഴും അഭിനേതാവാകണം എന്ന്‌ മനസ്സിലുണ്ടായിരുന്നു. അഭിനയത്തിന്റെ സാധ്യതകൾ അടുത്തറിയണം എന്ന്‌ ആഗ്രഹിച്ചിരുന്നു. അതിനിടയിലാണ്‌ ഈ അവസരം കിട്ടിയത്‌.
അഭിനേതാവാകാൻ വേണ്ടി പ്രയത്നിച്ചിരുന്നു. വർക്ക്‌ഷോപ്പുകൾ ചെയ്‌തിരുന്നു. അതിനിടയിൽ ഗിരീഷ്‌ കർണാഡിന്റെ ‘നാഗ മണ്ഡല’ എന്ന നാടകം ചെയ്‌തു. നാടകം ചെയ്‌തത്‌ വളരെ വലിയൊരു അനുഭവമായിരുന്നു.  ‘കഹാം ഷുരു കഹാം ഖതം’ സിനിമയുടെ സംവിധായകൻ സൗരഭ് ദാസ് ഗുപ്തയ്‌ക്കൊപ്പം  വർക്ക്‌ഷോപ്പുകൾ ചെയ്യുകയും ഒരുപാട്‌ സമയം ചെലവഴിക്കുകയും ചെയ്‌തത്‌ കഥാപാത്രമാകാൻ വളരെ സഹായകരമായി.
ഒപ്പം കൊണ്ടുപോകണം

കുറച്ച്‌ കാലം ഗായിക എന്ന നിലയിൽ പ്രവർത്തിച്ചു. ഇപ്പോൾ അഭിനയത്തിന്റെ ഭാഗവുമായി. സിനിമയും പാട്ടും രണ്ട്‌ തരത്തിലുള്ളതാണ്‌. അതിനുള്ള പരിശീലനവും വ്യത്യസ്‌തമാണ്‌. ബുദ്ധിമുട്ടാണെങ്കിലും രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകണം. അതിന്‌ കഴിയുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. അതിനായി കൂടുതൽ പരിശ്രമിക്കണം. അത്‌ ചെയ്യാൻ പറ്റുമെന്ന്‌ തന്നെയാണ്‌ വിശ്വാസം.

ആവർത്തിക്കാൻ ബുദ്ധിമുട്ട്‌

വാസ്‌തെ എന്ന പാട്ടുപോലെ ഒരെണ്ണം വീണ്ടും ചെയ്യാനാകുമോ എന്ന്‌ എപ്പോഴും ആലോചിക്കാറുണ്ട്‌. അതുപോലെ ഒരു വിജയം ഇനി വീണ്ടും ആവർത്തിക്കാൻ കഴിയുമോയെന്ന്‌ സംശയമാണ്‌. പക്ഷേ, നമ്മൾ പരിശ്രമിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ്‌ എപ്പോഴും വിശ്വസിക്കുന്നത്‌. അതിനായി ശ്രമിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. എപ്പോഴും മുന്നോട്ട്‌ പോകണമെന്നാണ്‌ ചിന്തിക്കുന്നത്‌. അതേസമയം എല്ലാ പാട്ടുകളും വാസ്‌തേ പോലെ ആകണമെന്ന്‌ വിചാരിച്ച്‌ അതിനായി സമ്മർദം എടുക്കാറില്ല. എല്ലാ പാട്ടുകൾക്കും അതിന്റേതായ ഒരു തലമുണ്ട്‌.  ഓരോ പാട്ടും ആളുകൾ എത്രത്തോളം അവരുമായി ബന്ധപ്പെടുത്താനാകും എന്നതിലാണ്‌ കാര്യം. നമ്മൾ മുന്നോട്‌ പോകുക എന്നതാണ്‌ പ്രധാനം എന്ന്‌ വിശ്വസിച്ച്‌ മുന്നോട്ട്‌ പോകുകയാണ്‌. കഴിയുന്നത്ര പാട്ടുകൾ ചെയ്യുക, വാസ്‌തെ പോലെയൊ, അതിലും മികച്ചതായതോ ആയ പാട്ട്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top