ആകാശവാണിയുടെ ലളിതസംഗീത പരിപാടിയുടെ ഉദ്ഘാടനം സി എസ് രാധാദേവിയുടെ പാട്ടോടെയായിരുന്നു. പിന്നീട് ആകാശവാണിയില്‍ ഒട്ടേറെ ഗാനങ്ങള്‍...അതിനു മുമ്പുതന്നെ മുപ്പതിലേറെ ചലച്ചിത്രഗാനങ്ങള്‍. നാടകം, നൃത്തം...അഭിനയവും ഡബ്ബിങ്ങുമായി സിനിമയില്‍ ഒരുകാലത്തെ സജീവ സാന്നിധ്യം..
ഇന്ന് എണ്‍പത്തിയഞ്ചാം വയസ്സില്‍ വിശ്രമജീവിതം നയിക്കുന്ന രാധാദേവിയെ സന്ദര്‍ശിച്ച് പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍ തയ്യാറാക്കിയ അഭിമുഖം.
വിസ്മൃതിയിലായ ഗായകരെപ്പറ്റിയുള്ള വേണുഗോപാലിന്റെ പംക്തി ആരംഭിയ്ക്കുന്നു.
എന്റെ സംഗീതവഴിയിലെ ഓര്‍മ്മച്ചിത്രങ്ങളില്‍ ആദ്യമൊരെണ്ണം. പുറത്ത് ചുവപ്പുലൈറ്റ് എരിയുന്ന ആകാശവാണി സ്റ്റുഡിയോ. തൊട്ടപ്പുറത്ത് ഞാന്‍ കാണുന്ന മുറിയുടെ ചില്ലുപാളിക്കപ്പുറം ശുഭ്രവസ്ത്രധാരിയായി ഒരു സ്ത്രീ എന്നെ അഭിമുഖീകരിച്ച് ഇരുന്ന്, പാടികൊടുക്കുന്ന വരികള്‍ ഏറ്റുപാടുന്നു. ചൊല്ലിക്കൊടുക്കുന്ന പുരുഷശബ്ദം ആരാധ്യനായ സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റേത്.
'ഓടക്കുഴലെ ഓടക്കുഴലെ ഓമനത്താമര കണ്ണന്റെ ചുംബന പൂമധു നുകര്‍ന്നവളേ' ആ സ്ത്രീ ശബ്ദം. സംഗീത പഠനത്തിനുശേഷം പുറത്തുവന്ന അവര്‍ എന്റെ കവിളില്‍ സ്പര്‍ശിച്ച് 'മോന്‍ ഒരു പാട്ട് പാടൂ' എന്നു പറയുന്നു. അപ്പോള്‍ കേട്ട പാട്ടിന്റെ ആദ്യ പല്ലവി പാടികേള്‍പ്പിച്ച ഓര്‍മ. അന്ന് ആശ്ചര്യം പൂണ്ട മുഖത്തില്‍ ഇന്ന് പ്രായം പോറലേല്‍പ്പിച്ചിരിക്കുന്നു. രാധച്ചേച്ചി എന്ന സി എസ് രാധാദേവി തിരുവനന്തപുരം പുളിമൂട്ടില്‍ ഉപ്പളം റോഡിലെ മാളികപ്പുരയ്ക്കല്‍ വീട്ടിലിരുന്ന് ഞങ്ങളോട് -സസ്നേഹം ജി വേണുഗോപാല്‍ ഗ്രൂപ്പിലെ ഗിരീഷ്, രാജി, സതീശന്‍ - സംസാരിക്കുമ്പോള്‍ കലാജീവിതത്തില്‍ പിന്നിട്ട എഴുപത് വര്‍ഷങ്ങളിലെ കലയുടെ കൈവഴികളിലേയ്ക്ക് വെളിച്ചം മിന്നിച്ചു.
ആരോടും ഖേദമില്ലാതെ ആദരവും ഭക്തിയും തുളുമ്പിനില്‍ക്കുന്ന വാക്കുകളില്‍ തന്നെ കൈപിടിച്ചുയര്‍ത്തിയ ആരാധ്യരേയും ജീവസ്സുറ്റ കലാനിമിഷങ്ങളെയും ഓര്‍ത്തെടുത്ത് ഞങ്ങള്‍ക്കായി വിളമ്പി, അവര്‍.
ജി വേണുഗോപാല്‍ സി എസ് രാധാദേവിയ്ക്കൊപ്പം
കലാഹൃദയമുള്ള അച്ഛന്‍ ശിവശങ്കരന്‍പിള്ള മകളെ ചെറുപ്പത്തിലെ നൃത്തവും സംഗീതവും അഭ്യസിപ്പിച്ചിരുന്നു. ആദ്യവേദി ടി എന്‍ ഗോപിനാഥന്‍ നായരുടെ പരിവര്‍ത്തനം എന്ന നാടകത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. പതിമൂന്നാം വയസില്‍. കൂടെ എന്‍ കൃഷ്ണപിള്ള, പി കെ വിക്രമന്‍ നായര്‍, ഇന്ദിരാ ജോസഫ്, പ്രൊഫ. ആനന്ദക്കുട്ടന്‍ എന്നിവരുമുണ്ടായിരുന്നു. നാടകം കഴിഞ്ഞപ്പോള്‍ കൊച്ചു കലാകാരിക്ക് ചിത്തിര തിരുനാള്‍ ഒരു നേര്യത് സമ്മാനിച്ചു.
അന്ന് ഓരോ വേദിയെയും ഓരോ കലാസംരംഭത്തെയും എതിര്‍പ്പുകളോടെയാണ് വീട്ടുകാര്‍ നേരിട്ടത്. പെണ്‍കുട്ടികള്‍ കലാരംഗത്ത് വളരെകുറവ്. കുഞ്ഞു രാധക്കുട്ടി വാശിപിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ബഹുളമുണ്ടാക്കി വേണം ഓരോ പരിപാടിയ്ക്കും പോകാന്‍.
അന്നുപാടിയ പല പാട്ടുകളും ഇന്ന് സംഗീതാന്വേഷികളുടെ ശേഖരത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ രാധച്ചേച്ചിക്ക് അതിശയം.
ആലപ്പുഴ ഉദയാസ്റ്റുഡിയോവില്‍ സ്ത്രീ എന്ന തിക്കുറിശ്ശിയുടെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നല്ല തങ്ക എന്ന സിനിമയില്‍ പാടാനുള്ള ദക്ഷിണാമൂര്‍ത്തിയുടെ ക്ഷണം. ചിത്രത്തില്‍ നായികയായിരുന്ന മിസ്കുമാരിയാണ് രാധാദേവി നന്നായി പാടുമെന്ന് ശുപാര്‍ശ ചെയ്യുന്നത്. അങ്ങനെ അക്കാലത്തെ സംഗീതരംഗത്തെ മിന്നും താരങ്ങളായ പി ലീലയോടും അഗസ്റ്റിന്‍ ജോസഫി (യേശുദാസിന്റെ അഛന്‍)നോടുമൊപ്പം ആദ്യഗാനം പാടാന്‍ കഴിഞ്ഞു. പാട്ടിന്റെ വരികള്‍ ('ആനന്ദമാണാകെ ആമോദമാണാകെ
ശ്യാമളമാണെങ്ങും കോമളമാണെങ്ങും')
രാധാദേവി മറന്നുപോയിരുന്നു. അടുത്തിടെ കിരണ്‍ എന്ന സംഗീതപ്രേമിയുടെ ശേഖരത്തില്‍ നിന്ന് അതുകേട്ടപ്പോള്‍ ആനന്ദാതിരേകം.
പതിമൂന്നാം വയസില്‍ സി മാധവന്‍പിള്ളയുടെ ‘യാചകമോഹിനി‘യില്‍ അഭിനയിക്കുകയും നൃത്തം ചെയ്യുകയും നാലുപാട്ടുകള്‍ പാടുകയും ചെയ്തുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശം. ഗംഭീര തുടക്കം. പക്ഷേ സിനിമ സാങ്കേതിക തടസ്സങ്ങളാല്‍ പുറത്തുവന്നില്ല. അന്ന് കഥയോ തിരക്കഥയോ ഒന്നും അറിയില്ല. സംവിധായകന്‍ പറയുന്നു; ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു. അതുമാത്രം.
'പാട്ടാണോ അഭിനയമാണോ ചേച്ചിക്ക് കൂടുതലിഷ്ടം' - ഞാന്‍ ചോദിച്ചു. "സംശയമെന്താ, പാട്ടുതന്നെ' ചേച്ചിയുടെ മറുപടി. സ്ത്രീ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഒരു തുടക്കക്കാരിയുടെ പരിപൂര്‍ണ നിഷ്ക്കളങ്കതയില്‍ ആ ഇഷ്ടംതുറന്നു പറഞ്ഞതും അവര്‍ ഓര്‍ത്തു. അപ്പോഴേയ്ക്ക് മേടയില്‍ സുകുമാരി എന്ന പാട്ടുകാരിയെക്കൊണ്ട് പാട്ടുകളെല്ലാം പാടിച്ചുകഴിഞ്ഞിരുന്നു. എങ്കിലും 'നോക്കട്ടെ എന്താ ചെയ്യാന്‍ പറ്റുക' എന്നായി സംഗീത സംവിധായകന്‍ ചിദംബരനാഥ്. പാട്ടിന്റെ ഒരു സന്ദര്‍ഭം പുതുതായി സൃഷ്ടിച്ചു. നായിക രാമായണം വായിക്കുന്ന ഭാഗത്തങ്ങനെ രാധയ്ക്ക് ആ സിനിമയില്‍ ആലാപനത്തിന് അവസരം കിട്ടി.
പ്രായപൂര്‍ത്തിയായതോടെ വീട്ടില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ കൂടി. വകയില്‍ ബന്ധുക്കളോ കുടുംബപരിചയക്കാരോ ഇല്ലാത്ത സിനിമകളില്‍ പങ്കെടുക്കുവാന്‍ രാധാദേവിക്ക് അനുവാദം ലഭിക്കാതായി. അക്കാലത്ത് സ്ത്രീകള്‍ സിനിമാകലാരംഗങ്ങളില്‍ വളരെ കുറവ്. തിളങ്ങിനില്‍കാനുള്ള സാഹചര്യങ്ങളെല്ലാം അങ്ങനെ വീട്ടില്‍നിന്നുതന്നെ തടയപ്പെട്ടു. അക്കാലത്തെ പ്രശസ്തങ്ങളായ ചേച്ചി, ശശിധരന്‍ തുടങ്ങിയ ചിത്രങ്ങളിലേക്കുള്ള ക്ഷണം വേദനയോടെ അവര്‍ക്ക് നിരസിക്കേണ്ടിവന്നു.
സി എസ് രാധാദേവി പാടിയ ഹരിശ്ചന്ദ്രയിലെ ഗാനം താഴെ:
ഉറ്റബന്ധുവായ ഗായകന്‍ കമുകറ പുരുഷോത്തമന്റെ സംഗീത സദസുകളില്‍ മാത്രം പോകാനേ അനുവാദം ഉണ്ടായിരുന്നുള്ളു. അങ്ങനെ തിരുവനന്തപുരത്തുമാത്രം ഒതുങ്ങിക്കൂടിയ കാലത്താണ് ആകാശവാണിയിലേക്ക് വാതായനം തുറന്നുകിട്ടുന്നത്. അന്നത്തെ ട്രാവന്‍കൂര്‍ ഡിേയോയിലേക്കുള്ള രാധാദേവിയുടെ പ്രവേശനത്തിന് മാര്‍ഗദര്‍ശിയായ പറവൂര്‍ കെ ശാരദാമണിയെ രാധച്ചേച്ചി ആദരവോടെ സ്മരിച്ചു. 'യാചകമോഹിനിയില്‍ രാധ തന്നെ പാടിയ ഒരു ഭക്തിഗാനമുണ്ടല്ലോ അതൊന്നുപാടികേള്‍ക്കട്ടെ എന്ന് ശാരദാമണിച്ചേച്ചി ഓഡീഷനില്‍ എന്നോട് പറഞ്ഞു. അപ്പോള്‍ തന്നെ സെലക്ട് ചെയ്യുകയും ചെയ്തു' - രാധച്ചേച്ചി ഓര്‍ക്കുന്നു.
അന്ന് ആകാശവാണിയില്‍ എല്ലാവരും കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആരും സ്ഥിരം ജീവനക്കാരല്ല. അഭിനയമായാലും പാട്ടായാലും എന്തിനും ഓരോരുത്തരും ഒരുങ്ങിയിരിക്കണം.
സംഗീതത്തിലും അഭിനയമുണ്ടെന്ന് ആദ്യം പറഞ്ഞുകൊടുത്തത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. എന്‍ മാനസമേ നിലാവേ...ഓടിവാ...വാ.... എന്ന ഒരു ഗാനം ഒരിയ്ക്കല്‍ സ്വാമി പാടിത്തന്നു. ഇതിലെ ‘ഓടിവാ‘ എന്ന പദത്തിന്റെ ഭാവം ഉദ്ദേശിച്ചതുപോലെ കിട്ടാനായി ഒരു ദിവസം മുഴുവന്‍ പഠിപ്പിച്ച് പാടിച്ച ഓര്‍മ്മ രാധചേച്ചിയുടെ മനസിലിന്നും പച്ചപിടിച്ചുനില്‍ക്കുന്നു.
ഡബ്ബിങ്ങിനെത്തി ഗായികയാകേണ്ടിവന്ന അനുഭവവുമുണ്ട് ഒരിക്കല്‍. ജയമാരുതി പിക്ചേഴ്സിന്റെ ഒരു പടത്തില്‍ പ്രധാനനായികയുടെ ശബ്ദം ഡബ്ചെയ്യാനാണ് അവര്‍ ചെന്നത്. അപ്പോഴാണ് സിനിമയ്ക്കുവേണ്ടി ഒരുഗാനം ദക്ഷിണാമൂര്‍ത്തി പാടിയ്ക്കുന്നത്.
വളരെ ഇഷ്ടപ്പെട്ട് പഠിച്ച് റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോവില്‍ എത്തുമ്പോള്‍ താന്‍ പാടേണ്ട പാട്ട് തന്റെ കാര്‍മികത്വത്തില്‍ മറ്റൊരു ഗായികയെ പഠിപ്പിച്ച് പാടിയ്ക്കേണ്ടിവന്ന ദുഃഖകഥയും രാധച്ചേച്ചിയ്ക്കുണ്ട്.
സ്നേഹദീപം എന്ന ചിത്രത്തില്‍ എം ബി ശ്രീനിവാസന്റെ സംഗീതത്തില്‍ 'ഒന്നാം തരം ബലൂണ്‍ തരാം, ഒരു നല്ല പീപ്പി തരാം ഓടിഓടി വാ' എന്ന കുട്ടികളുടെ ഗാനം പാടി പഠിച്ച് റെക്കോര്‍ഡിങ്ങിന് ഒരുങ്ങുന്നു. സംഗീതോപകരണ വിദഗ്ധരെല്ലാം ടേക്കിന് തൊട്ടുമുമ്പ് ചായയ്ക്കായി പിരിഞ്ഞു. അന്നത്തെ അതി പ്രശസ്ത ഗായികയായിരുന്ന ശാന്ത പി നായര്‍ എംബിഎസിന് അടുത്തുവന്നിരുന്നു. രാധാദേവി സൌണ്ട് ബാലന്‍സിനായി തയ്യാറെടുക്കുമ്പോള്‍ ശാന്താ പി നായരുടെ കൊച്ചുമകള്‍ (പില്‍ക്കാലത്തെ പ്രശസ്ത ഗായിക) ഒരു പാട്ട് തനിക്ക് പാടണമെന്നു പറഞ്ഞ് വാശിപിടിച്ച് കരയുന്നു. എന്തിനാണ് കുട്ടി കരയുന്നതെന്ന ചോദ്യവുമായി രാധാദേവിയും സൌണ്ട് ബോക്സിലേക്കെത്തി. കുട്ടിയുടെ വിഷമം കണ്ട് രാധാദേവിയുടെ മനസ്സലിഞ്ഞു. മോള്‍ ഈ പാട്ടു പാടിക്കോട്ടെ എന്നു പറഞ്ഞു. മോളെകൊണ്ട് ഒന്നു പാടിച്ചുനോക്കിയാലോ എന്ന് എം ബി ശ്രീനിവാസനോട് ശാന്താ പി നായരുടെ ചോദ്യവും. അങ്ങനെ ആ കൊച്ചുഗായികയെകൊണ്ട് രാധാദേവി തന്നെ ആ പാട്ട് പഠിപ്പിച്ച് പാടിച്ചു. ലത ആ പാട്ട് മനോഹരമായി പാടിയതായി രാധാദേവി പറയുന്നു.
അവകാശിയില്‍ കമുകറയ്കൊപ്പം പാടിയ 'ഭൂവിങ്കലെന്നുമനുരാഗം' എന്ന യുഗ്മഗാനമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനമെന്ന് അവര്‍ പറയുന്നു. പ്രേംനസീറും മിസ് കുമാരിയുമാണ് അഭിനേതാക്കള്‍. ബ്രദര്‍ ലക്ഷ്മണ്‍ സംഗീതം.
നീലാ പ്രൊഡക്ഷന്‍സ് ഉടമ പി സുബ്രഹ്മണ്യത്തിന് ചില വിശ്വാസങ്ങളൊക്കെയുണ്ടായിരുന്നു. അങ്ങനെ 'രാശി'യുള്ള ഗായികയായ രാധാദേവിയെ തേടി നീലാ പ്രൊഡക്ഷന്‍സിന്റെ വിളി വന്നു തുടങ്ങി.
പാടാത്ത പൈങ്കിളി മറിയക്കുട്ടി, ഭക്തകുചേല ഈ സിനിമകളിലെല്ലാം സുബ്രഹ്മണ്യം രാധാദേവിയെ പാടിച്ചു. ഭക്തകുചേലയില്‍ രാധാദേവിയും എ പി കോമളവും ചേര്‍ന്നു പാടിയതാണ് ‘രാധാമാധവലീല രാഗമനോഹര ലീല‘ എന്ന ഗാനം.
എക്കാലത്തും രാധാദേവിയുടെ ആരാധ്യഗായിക പറവൂര്‍ പൊന്നമ്മ എന്ന ശാസ്ത്രീയ സംഗീതജ്ഞയായിരുന്നു. ഉച്ചസ്ഥായിയില്‍ തുറന്ന ആലാപനമായിരുന്നു അന്ന്. പാടാന്‍ മൈക്കില്ലാത്ത കാലഘട്ടം. വഞ്ചിയൂര്‍ സ്കൂളില്‍ പറവൂര്‍ പൊന്നമ്മയുടെ കച്ചേരി നടക്കുന്നു. വീടിന് അടുത്താണെങ്കിലും പൊതുസ്ഥലത്തു പോയിരുന്നു കച്ചേരി കേള്‍ക്കാന്‍ അഛന്റെ സമ്മതമില്ല. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഉറങ്ങിയ അഛന്റെ കണ്ണുവെട്ടിച്ച് രാധ ചെല്ലുന്നു. പാട്ടുകേട്ട് മതിമറന്ന് സ്കൂള്‍ ഗെയിറ്റിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ പിറകില്‍ നിന്നൊരു തള്ള്. രാധാദേവിയുടെ കാല്‍ ഗേറ്റിനിടയില്‍ കുടുങ്ങി. ഒരു രീതിയിലും വിടുവിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും വാര്‍ത്ത വീട്ടിലുമെത്തി. കച്ചേരിയുടെ ഏതാണ്ട് അത്രയും ആള്‍ക്കൂട്ടം കുട്ടിയുടെ ചുറ്റുമായി. ഒരു കൊച്ചുകുട്ടി കച്ചേരി നടക്കുന്ന സ്കൂളിന്റെ ഗേറ്റില്‍ കുടുങ്ങികിടക്കുന്നുവെന്ന് അറിഞ്ഞ് ആള് കൂടിക്കൊണ്ടിരുന്നു. ഒടുവില്‍ അച്ഛനെത്തി വീട്ടില്‍കൊണ്ടുപോയി കണക്കിന് ശകാരിച്ച ഓര്‍മയും രാധാച്ചേച്ചിയ്ക്കുണ്ട്.
തിരമാല എന്ന ചിത്രത്തിന്റെ റെക്കോഡിങ്ങ് ബോംബെയിലായിരുന്നു. കളിയോടമേ.. ഗാനമാണ് രാധയെ പഠിപ്പിച്ചത്. പക്ഷേ ബോംബെയ്ക്ക് പോകാന്‍ അഛന്റെ അനുമതിയുണ്ടായില്ല. അതിപ്രശസ്തമായ ആ ഗാനം ശാന്താ പി നായരുടെയും കോഴിക്കോട് ഖാദറുടെയും ഒക്കെ ശബ്ദത്തില്‍ വല്ലാതെ സങ്കടംതോന്നിയിരുന്നു.
പാടെടി..പാടെടി പാടാത്ത പൈങ്കിളിയില്‍ സി എസ് രാധാദേവി പാടിയ ഗാനം
ആകാശവാണിയില്‍ കൂടെ പ്രവര്‍ത്തിച്ചവരെല്ലാം അതാതു രംഗങ്ങളില്‍ ഏറെ പ്രശസ്തര്‍. ടി എന്‍ ഗോപിനാഥന്‍നായര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, ജഗതി എന്‍ കെ ആചാരി, രാമന്‍കുട്ടി നായര്‍, ടി പി രാധാമണി, മാലി മാധവന്‍ നായര്‍, ഗംഗാധരന്‍ നായര്‍, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍
ആകാശവാണിയുടെ ലളിതസംഗീതപരിപാടിയുടെ ഉദ്ഘാടനം രാധാദേവിയുടെ പാട്ടോടെയായിരുന്നു. പി രാധാകൃഷ്ണന്റെ അഞ്ജന ശ്രീധരാ എന്ന ഗാനമായിരുന്നു ഒരു രാഗമാലികയായി പാടിയത്. ആകാശവാണിയില്‍ ജോലിചെയ്യുന്നവര്‍ ഏത് കലാരൂപവും അവതരിപ്പിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണം. കവിതാ പാരായണം, ലളിത സംഗീതപാഠം, നാടകാഭിനയം അങ്ങനെ എന്തും. ഒരിക്കല്‍ പെട്ടെന്ന് രണ്ടുദിവസത്തിനുള്ളില്‍ കഥാപ്രസംഗം അവതരിപ്പിക്കാന്‍ നിര്‍ദേശമുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ കെടാമംഗലം സദാനന്ദന്റെ ഒരു കഥയുടെ ആഖ്യാനം പഠിപ്പിച്ച് അവതരിപ്പിച്ചു. അനുമോദവും നേടി. ഇക്കാര്യങ്ങളിലെല്ലാം ഭര്‍ത്താവ് നാരായണന്‍ നായര്‍ പ്രചോദനമായിരുന്നു എന്നും രാധാദേവി കൂട്ടിച്ചേര്‍ക്കുന്നു. ഒരു രംഗത്തു പിറകോട്ടു വലിയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
കെ സി കേശവപിള്ളയുടെ സദാരാമ എന്ന നാടകം വേദിയില്‍ അവതരിപ്പിച്ച ഓര്‍മയുണ്ട് രാധച്ചേച്ചിക്ക്. സദാരാമയായി രാധാദേവി. കൂടെ വൈക്കം മണി. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ തുടങ്ങിയ പ്രഗല്‍ഭര്‍. വേദിയില്‍ അഭിനയിക്കുകയും ഒപ്പം പല രംഗങ്ങളിലും പാടുകയും വേണം. മലബാര്‍ ഗോപാലന്‍ നായരായിരുന്നു അന്ന് സംഗീതം ചിട്ടപ്പെടുത്തി ചവിട്ടു ഹാര്‍മോണിയം വായിച്ചിരുന്നത്.
ഇരമ്പിയെത്തുന്ന ഓര്‍മ്മകളില്‍ മങ്ങലുണ്ടെങ്കിലും രാധാദേവിയ്ക്ക് പോയകാലത്തെപ്പറ്റി ഓര്‍ക്കാന്‍ ഏറെയും സന്തോഷത്തിന്റെ നാളുകള്‍.
ഇപ്പോള്‍ പുളിമൂട്ടിലെ ഉപ്പളം റോഡിലെ വീട്ടില്‍ ഏകമകന്‍ നന്ദഗോപനും ചെറുമകള്‍ അശ്വതിയുമൊത്ത് വിശ്രമജീവിതം നയിക്കുന്ന രാധച്ചേച്ചിയ്ക്ക് സസ്നേഹം ജി വേണുഗോപാല്‍ ചാരിറ്റി ഗ്രൂപ്പിന്റെ ഉപഹാരവും സമ്മാനിച്ച് പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പോയകാലത്തുനിന്നൊരു കുളിര്‍മഴ പെയ്തിറങ്ങിയ പ്രതീതി.
സസ്നേഹം ജി വേണുഗോപാല്‍ ചാരിറ്റി ഗ്രൂപ്പിന്റെ ഉപഹാരം സി എസ് രാധാദേവിയ്ക്ക് ജി വേണുഗോപാല്‍ സമ്മാനിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..