പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ ഒന്നിക്കുന്ന അഞ്ജലി മേനോന് ചിത്രം 'കൂടെ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആരാരോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിതാണ് സംഗീതം നല്‍കിയിരിക്കുന്നത്.
വിവാഹ ശേഷം നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അഭിനയ രംഗത്തേക്ക് നസ്രിയ വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തികഞ്ഞ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 'കൂടെ' പറയുന്നത്. അതുല്‍ കുല്‍ക്കര്‍ണി, റോഷന് മാത്യു, സിദ്ധാര്‍ഥ് മേനോന് എന്നിവരും സിനിമയിലുണ്ട്. എം രഞ്ജിത്താണ് നിര്‍മാണം. എം ജയചന്ദ്രന്, രഘു ദീക്ഷിത് എന്നിവര്‍ സംഗീതം നിര്‍വഹിക്കുന്നു.
2006ല്‍ ബ്ലെസിയുടെ പളുങ്കില്‍ മമ്മൂട്ടിയുടെ മകളായാണ് നസ്രിയ മലയാള സിനിമയിലെത്തുന്നത്. പ്രമാണി, ഒരുനാള്‍ വരും എന്നീ സിനിമകളിലും സൂപ്പര്‍ സ്റ്റാറുകളുടെ മകളായി നസ്രിയ തിളങ്ങി.
അല്‍ഫോണ്‍സ് പുത്രന്റെ നേരം സിനിമയിലൂടെയാണ് നായികയായി മലയാളികളുടെ മനസ്സിലേക്ക് നസ്രിയ എത്തുന്നത്. 'ഓം ശാന്തി ഓശാന'യില്‍ മികച്ച നടിക്കുള്ള അംഗീകാരവും തേടിയെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..