ഓണക്കാലത്തെ എന്നപോലെ ഓണപ്പാട്ടുകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. ഓണമെന്നാൽ മലയാളത്തിന്റെ ഓളമായിത്തീർന്ന പാട്ടുകളുടെ കാലം. കാസറ്റ് കടകൾക്ക് മുന്നിലും അന്ന് ഓണത്തിരക്ക് തകൃതിയായിരുന്നു.
ടേപ്പ്റെക്കാഡറുകളും കാസറ്റ് പ്ലെയറുകളും മൺമറഞ്ഞതോടെ ഓണപ്പാട്ട് സിഡികളിലായി. ഓല കാസറ്റുകൾ തന്നെയും ഓർമ്മകളായി തീർന്നു. ഒരു തലമുറയുടെ ഓർമ്മ മാത്രമായി ഓണക്കാസറ്റുകൾ പോയ്മറഞ്ഞു. ഇന്നും ഓണപ്പാട്ട് ആസ്വാദകരുടെ ഓർമ്മകളിൽ വേറിട്ട ശാഖയാണ്. അവയുടെ ഓർമ്മ ചുരത്തുന്ന മധുരവും ഓണം പോലെ ഉണരും.
ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ…എന്ന
പാട്ടിന്റെ ഈണം കേൾക്കുമ്പോൾ തന്നെ ഉത്സവഗാനങ്ങൾ എന്ന പേരിൽ ഇറങ്ങിയ ആ കാസറ്റിന്റെ കവർ വരെയും ഓർമ്മകളായി എത്തും. ശ്രീകുമാരൻ തമ്പി എഴുതി രവീന്ദ്രൻ സംഗീതം പകർന്ന ഗാനം. ഹംസധ്വനി രാഗത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ ഇന്നും ഓണമധുരമായി ഉയരുന്നു. കേൾക്കാത്തവർ കേൾക്കേണ്ട പാട്ടായി ഓർമ്മ ചുരത്തുന്നു.
കാസറ്റ് ആൽബങ്ങൾ വാങ്ങിക്കാൻ മാത്രമല്ല. പഴയകാസറ്റുകളിലെ പാട്ട് മായ്ച്ച് പുനർ ലേഖനം ചെയ്യിക്കാനും അന്ന് അവസരമുണ്ടായിരുന്നു. നിയമപരമല്ലായിരുന്നു എങ്കിലും പുത്തൻ കാസറ്റ് വാങ്ങിക്കാൻ കഴിയാത്തവർ ആ വഴിയും തേടി. കാസറ്റ് കടകൾ മിക്കവയും അങ്ങനെ കോപ്പി ചെയ്യാൻ സാങ്കേതിക സൌകര്യമുള്ളവയും ആയിരുന്നു.
കാത്തിരിപ്പ് വലുതായിരുന്നു. കടകളിൽ തർക്കങ്ങളും അരങ്ങേറിയിരുന്നു. സമയത്തിന് നൽകാൻ പറ്റാത്ത അത്രയും തിരക്കുണ്ടായിരുന്നു. സ്പീഡ് റെക്കോഡിങ് അന്ന് കേട്ടുകേൾവി മാത്രമായിരുന്നു. ഒരു കാസറ്റ് 90 മിനിറ്റ് ഉണ്ടെങ്കിൽ അത്രയും സമയം റെക്കോഡിങ്ങിന് ആവശ്യമായിരുന്നു.
സിഡിയും ഡിവിഡിയും വന്ന കാലം
ഉത്സവഗാനങ്ങളുടെ ആദ്യ ആൽബം 90 മിനിറ്റ് ആയിരുന്നു. അത്രയും ദൈർഘ്യമേറിയവ പ്ലെയറിൽ കുരുങ്ങിപ്പോകാൻ സാധ്യത കൂടുതലാണ്. 60 മിനിറ്റ് 40 മിനിറ്റ് എന്നിങ്ങനെ ചുരുങ്ങിയ സമയ അളവുകളിലും കാസറ്റുകൾ ലഭിച്ചു. ഓലക്കാസറ്റ് എന്ന് അവ അറിയപ്പെട്ടു. ഓലയുടെ ദൈർഘ്യം കൂടുന്നതിന അനുസരിച്ച് സമയത്തിലും അതിനൊപ്പം വിലയിലും വ്യത്യാസം വരും. കുരുങ്ങിപ്പോകാനുള്ള സാധ്യതയും കൂടിയിരിക്കും.
90 ന്റെ കാസറ്റ് വാങ്ങിക്കുന്നവർ സോണി, ടിഡിഎക്സ് എന്നിങ്ങനെ മികച്ച ബ്രാന്റുകളിൽ അവ വാങ്ങിക്കാൻ നിഷ്കർഷിച്ചിരുന്നു. 120 മിനിറ്റ് കാസറ്റു പോലും രംഗത്തുണ്ടായിരുന്നു. പത്ത് പാട്ടുകൾ ഒരു കാസറ്റിൽ എന്നത് ആശ്ചര്യം കലർന്ന കാര്യമായിരുന്നു.
പിന്നീട് സിഡിയും അതിന് പിന്നാലെ ഡിവിഡിയും കാസറ്റ് കാലത്തെ പൂർണ്ണമായും പുറം തള്ളി. പുനർ ലേഖനം ചെയ്യാവുന്ന സിഡികൾ വിപണിയിലെത്തി. പാട്ടുകളുടെ എണ്ണത്തിൽ ഒരു ദിവസം മുഴുവൻ കേൾക്കാവുന്ന അത്രയും ശേഷിയുള്ള ഡിവിഡികൾ മേൽക്കൈ നേടി. വ്യക്തതയിലും സാങ്കേതികതയിലും കാസറ്റുകാലം മെല്ലെ പിന്നിലായ് ഓർമ്മകളലേക്ക് ഒതുങ്ങി.
അപ്പോഴുമിപ്പോഴും ഓണപ്പാട്ടുകൾ ഓളമടിച്ച ആ കാലഘട്ടം പാട്ടുകളുടെ മനോഹാരിതയുടെ കാര്യത്തിൽ മുന്നിൽ തന്നെ നിൽക്കുന്നു. പാട്ടുകളുടെ ഇമ്പവും മാധുര്യവും പുതുമ മായാതെ തുടരുന്നു.
മലയാളം മണക്കുന്ന പാട്ടുകൾ
മധ്യമാവതി രാഗത്തിലുള്ള “എൻ ഹൃദയപ്പൂത്താലം നിറയെ നിറയെ മലർ വാരി നിറച്ച് വരുമോ രാജാവേ പൂക്കണി കാണാൻ എൻ മുന്നിൽ…” എന്ന ഗാനം എസ് ജാനകി ദേവി എന്ന ഗായികയെ ഓണത്തിനൊപ്പം അനശ്വരയാക്കിയ പാട്ടാണ്. സിനിമയിൽ ഒരു പാട്ടുമാത്രം പാടി മറഞ്ഞ ആ ഗായിക ഓണപ്പാട്ടിലൂടെയാണ് മലയാളത്തിലെ പാട്ട് പ്രേമികളുടെ ഹൃദയപ്പൂത്താലത്തിൽ ഇന്നും നിറയുന്നത്.
ഉയരുന്ന ധൂമമായ് ഉരുകുന്നു കര്‍പ്പൂര
കതിരായി ഞാനെന്ന ഭാവം...
തുടരട്ടെ എന്നാത്മ ശയനപ്രദക്ഷിണം
അവിടുത്തെ ചുറ്റമ്പലത്തിൽ....
എന്നിങ്ങനെ പ്രണയവും ഭക്തിയും ഇഴചേർന്നായിരുന്നു ഓണപ്പാട്ടുകളുടെ വരികൾ.
ഒരു നൂള്ളു കാക്കപ്പൂ കടം തരുമോ,
ഒരു കൂന തുമ്പപ്പൂ പകരം തരാം....
അധരത്താൽ വാരിയാൽ പിണങ്ങുമോ നീ.......
അതു നിന്റെ ചൊടികളിൽ വിരിഞ്ഞതല്ലെ....
എന്നിങ്ങനെ ഓണക്കാലം പ്രണയ ശൃംഗാര രസങ്ങളാലും പാട്ടിൽ പതഞ്ഞ ഉണർവ്വായിരുന്നു.
മുടിപ്പൂക്കൾ വാടിയാലെന്തോമനേ...... നിന്റെ ചിരിപ്പൂക്കൾ വാടരുതെൻ ഓമനേ.......... എന്ന് കരുതലും സ്നേഹ സാന്ത്വനങ്ങങ്ങളും ആ പാട്ടുകൾ നേർന്നിരുന്നു.
മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ... 'എന്ന ഗാനവും 'വസന്തഗീതങ്ങള്‍' എന്ന ആൽബം സീരീസിലെയാണ്. ബിച്ചു തിരുമല എഴുതി രവീന്ദ്രൻ മാഷ് ഈണമിട്ട് യേശുദാസ് പാടിയ പാട്ടാണ്. വസന്തഗീതങ്ങളിലെ ഒരു പാട്ടെങ്കിലും മൂളാത്തവർ അന്നത്തെ തലമുറയിൽ ഉണ്ടായിരുന്നില്ല.
പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലാ...'എന്ന പാട്ട് ലളിത ഗാന മത്സരങ്ങളിലിലെ സ്ഥിരം ഇനമായിരുന്നു. വിദ്യാ സാഗര്‍, ഗിരീഷ് പുത്തഞ്ചേരി ടീമിന്‍റെ 'തിരുവോണ കൈനീട്ടം' ഏറെ പ്രിയപ്പെട്ടതായി. ഇതിലെ 'ചന്ദനവളയിട്ട കൈകൊണ്ട് നീ...' എന്ന പാട്ട് പാടിയിരുന്നത് വിജയ് യേശുദാസാണ്.
1982 മുതൽ 2003 വരെ എല്ലാ വർഷവും തരംഗിണിയിൽ നിന്നുള്ള ഓണപ്പാട്ടുകൾ വിപണിയിൽ എത്തിയിരുന്നു.
ഓണപ്പാട്ടുകൾ സിനിമ വിട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാലം
ഓണപ്പാട്ടുകൾ നാടോടി, വാമൊഴി ശാഖയിലും പിൽക്കാലത്ത് സിനിമയിലുമായാണ് മലയാളത്തിൽ നിലനിന്ന് പോന്നിരുന്നത്. എഴുപതുകളുടെ അവസാനത്തോടെ അത് മാറി. ഓണപ്പാട്ട് ഒരു പ്രത്യേക ശാഖയായി വിശേഷിപ്പാക്കാവുന്ന തരംഗമായി. യേശുദാസിന്റെ തരംഗിണിയായിരുന്നു അതിൽ പ്രധാനം. ശ്രവണ സുഖവും റെക്കോഡിങ്ങിലെ മികവും അവതരിപ്പിച്ച് അവ വിപണിയിലും പുതു തരംഗത്തിന് നാന്ദി കുറിച്ചു.
‘വിഷുക്കണി’ എന്ന ചിത്രത്തിലെ ‘പൂവിളി പൂവിളി പൊന്നോണമായി' എന്ന പാട്ട് പ്ലേ ചെയ്യാത്ത ഒരു ഓണം പോലുമുണ്ടാവില്ല. ശ്രീകുമാരൻ തമ്പി രചിച്ച്, സലിൽ ചൗധരി സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് യേശുദാസാണ്. പ്രേംനസീറും വിധുബാലയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 1978 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.
ഒ.എൻ.വി. കുറുപ്പിന്റെ രചനയിൽ പിറന്ന ‘ഓണപ്പൂവേ ഓമൽപ്പൂവേ...’. 1978-ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലെയാണ്. സലിൽ ചൗധരിയുടെ സംഗീതത്തിൽ യേശുദാസാണ് ആലാപനം. അക്കാലം ഉണർത്തിവിട്ട തരംഗം പിന്നീട് ഓണം അൽബങ്ങൾക്ക് അവസരം തുറന്നു. ഓണപ്പാട്ടുകൾ പ്രത്യേകമായി.
സിനിമാ പാട്ടുകൾ മാത്രമായിരുന്നിടത്ത് ആൽബങ്ങളിലൂടെ പാട്ടുകൾ ഹിറ്റാവുന്ന ഒരു കാലം പിറന്നു. സിനിമാ പാട്ടുകൾക്കെന്ന പോലെ ഓണപ്പാട്ടുകൾക്കും അവയുടെ കാസറ്റുകൾക്കും കാത്തിരുന്ന കാലമുണ്ടായി. സിനിമാ പാട്ടുകൾക്ക് റേഡിയോയിൽ കേൾക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഓണപ്പാട്ടുകൾ അതുപോലെ സംപ്രേഷണം ചെയ്യുന്ന പതിവില്ലായിരുന്നു. ലളിത ഗാനങ്ങൾ എന്ന നിലയ്ക്ക് മാത്രമായിരുന്നു സ്വീകാര്യത. ഓണപ്പാട്ടുകൾ അത്ര ലളിതമായിരുന്നില്ല. ഇത് കാസറ്റ് വിപണിക്ക് കരുത്തായി.
ആവണിപ്പൊൻപുലരി, തിരുവോണ കൈനീട്ടം, പൂത്തിരുവോണം, പുഷ്പോത്സവം, ഓർമ്മിക്കാൻ ഓമനിക്കാൻ, കുടമുല്ലപ്പൂ, പൊൻചിങ്ങത്തേര് എന്നിങ്ങനെ ആൽബങ്ങളുടെ പേരുകൾ തന്നെ ഓണവുമായി ബന്ധപ്പെട്ടായിരുന്നു. രചനകളിൽ അധികവും പ്രണയ പരിസമായിരുന്നു. അതിൻ മധുരം കുതിർന്ന പൂക്കാലവും പൂവട്ടിയും. പ്രവാസ ജീവിതത്തെ തൊടുന്ന ഗൃഹാതുരതയും പിൽക്കാലത്ത് പടർന്നേറി ട്രെൻഡായി.
ദേ... ഐ ഐ കാലം വരുന്നു
ഓണമൊരു പൊൻ നിനവായ്' എന്നു തുടങ്ങുന്ന റഫീഖ് അഹമ്മദ് രചിച്ച ഗാനം കഴിഞ്ഞ വർഷം ശ്രദ്ധ നേടിയിരുന്നു. കവി തൂലിക ചലിപ്പിക്കുന്ന ആദ്യത്തെ ഓണപ്പാട്ടാണിത്. സച്ചിന്‍ രാജ് ചേളോരി ഈണമിട്ട ഗാനം പാടിയിരിക്കുന്നത് ഗോകുല്‍ ഏകനാഥാണ്. ഓണപ്പാട്ടുകളുടെ വരവ് ഇപ്പോഴും നിലച്ചില്ലെങ്കിലും അത് പുതിയ കാലത്തിനൊപ്പം പൊതുവെ ചിതറിയ നിലയിലാണ് നിലനിൽക്കുന്നത്. എല്ലാവരെയും കീഴടക്കുന്ന പാട്ട് എന്ന കാലം ഗൃഹാതുരതയായി.
ഓണപ്പാട്ടുകളുടെ തരംഗം പുതിയ കാലത്ത് ഐ ഐ സാങ്കേതിക വിദ്യ ഏറ്റെടുക്കുന്ന കാഴ്ചയാണ് പുതിയത്. ആസ്വാദകർക്കിടയിൽ എത്ര സ്വീകാര്യത നേടും എന്നതിൽ ഇനിയും വ്യക്തത വന്നില്ലെങ്കിലും എ ഐ തംരംഗത്തിന് തുടക്കമാവുകാണ്. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷൻ ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ എന്ന പേരിൽ പുറത്തിറങ്ങിയത് ആഗസ്ത് ആദ്യവാരം വാർത്തയായിരുന്നു. ഓൺലൈൻ വെബ്സൈറ്റുകൾ ഓണപ്പാട്ട് അവരുടെ പ്ലെയറിൽ പുറത്തിറക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടു പാട്ടുകളുടെ വിശേഷം വാർത്തയായി എത്തി. വി മധുസൂദനന്‍ നായരുടെ വരികളാണ് സിഡ്‌നിയില്‍ സംഗീത അധ്യാപികയായ സ്മിത ബാലുവിന്റെ നേതൃത്വത്തില്‍ ഓണഗാനമായി പുറത്തിറക്കിയത്.
ഓണത്തിന് ഒരു മാസം മുൻപേ ഓണപ്പാട്ടുകൾ എന്നതായിരുന്നു കാസറ്റുകാലത്തെയും പതിവ്. ഓണപ്പാട്ടുകൾ വിലയിരുത്തുന്ന പംക്തികൾ പോലും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..