23 December Monday

കാത്തുകാത്ത് പാട്ടിൽ മുങ്ങി

രാജിഷ രമേശൻ Updated: Monday Jul 15, 2024

 സിനിമയിൽ ആദ്യം പാടിയ ഗാനം കേൾവിക്കാർ നെഞ്ചിലേറ്റിയെങ്കിലും ഗായികയെ തിരിച്ചറിയുന്നില്ലെന്ന പരിഭവമുണ്ട് മേന മേലത്തിന്. "കഠിന കഠോരമീ അണ്ഡകടാഹം' എന്ന സിനിമ പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടെങ്കിലും ചിത്രത്തിലെ ശ്രദ്ധേയമായ ഗാനത്തിന് പിന്നിൽ മേനയുടെ സ്വരമാധുര്യമാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ "യാ റബ്ബേ' എന്ന ഗാനം കേൾക്കാത്തവരായി മലയാളികൾ കുറവായിരിക്കും.

കേട്ടവർ വിങ്ങലോടെയല്ലാതെ ആസ്വാദിച്ച് കാണില്ല. പ്രവാസ ജീവിതത്തിനിടയിൽ ബാക്കിയാക്കിയ സ്വപ്നങ്ങളുമായി നാട്ടിലേക്കെത്താൻ കൊതിച്ച ഒരു മനുഷ്യന്റെ അവിചാരിത വേർപാടിന്റെ മുറിവാണ് ആ ഗാനം. ഖബർ കാണാൻ കഴിയാത്തതിന്റെ ആത്മസംഘർഷങ്ങൾ ആവിഷ്കരിച്ച ഉമ്പാച്ചിയുടെ വരികൾക്ക് സംഗീതം നൽകിയത് ഗോവിന്ദ് വസന്തയാണ്. മേനയുടെ വ്യത്യസ്തമായ ശബ്ദവും ചേർന്നപ്പോൾ ആ സിനിമയുടെ ആത്മാവ് തന്നെയായി മാറി ഈ ഗാനം. കാലത്തിന് അതീതമായി സഞ്ചരിക്കുന്ന രസക്കൂട്ടുകൾ ചേർത്ത് ഒരുക്കിയതാകാം "യാ റബ്ബേ' എന്ന ഗാനത്തിന്റെ സ്വീകാര്യതയ്ക്ക് കാരണം. 

സംഗീതമാണ്‌ ലോകം

സിനിമാ പിന്നണിഗാന രംഗത്ത് മാത്രമല്ല, സംഗീത സംവിധാനത്തിലും തന്റേതായ രേഖപ്പെടുത്തലുകൾ നടത്തുകയാണ് മേന.  ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ‘റാണി ദ റിയൽ സ്റ്റോറി’ എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും സംഗീതവും മേനയാണ്. പ്രതികാരത്തിന്റെയും സ്ത്രീ പോരാട്ടത്തിന്റെയും കഥ പറഞ്ഞ സിനിമയിൽ വ്യത്യസ്ത സ്വഭാവമുള്ള മൂന്ന് ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്. അതിൽ പറന്നേ പോ, വാഴേണം എന്നീ ഗാനങ്ങൾ മേന തന്നെയാണ് എഴുതിയതും. ഏതുതരം പാട്ടുകളും മേനയുടെ ശബ്ദത്തിൽ സുരക്ഷിതമാണ്. "യാ റബ്ബേ'  എന്ന ഗാനം ആസ്വാദകരിൽ സങ്കടം ജനിപ്പിക്കുമ്പോൾ "പറന്നേ പോ കിളി തൂവലെ'  എന്നത് കുറുമ്പുനിറഞ്ഞ വാത്സല്യമായി മാറുന്നു.  20 വയസ്സിലാണ് മേന ഈ ചുവടുവയ്പുകൾ ആരംഭിച്ചത്. അവസാനമായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിൽ വീണയുടെ ചെറിയഭാഗം കൈകാര്യം ചെയ്തതും മേനയാണ്. 

ഗാനം അതിന്റെ പൂർണതയിലേക്ക് എത്തുന്നത് സംഗീത സംവിധാനത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അത് ചെയ്യാനാണ് മേന ഇപ്പോൾ ആഗ്രഹിക്കുന്നത്. സിനിമയിൽ അവസരങ്ങൾ തേടിവരുന്നത് കുറവാണ്. അങ്ങനെയാണ് സ്വതന്ത്രമായി ഗാനങ്ങൾ ഒരുക്കാൻ ആരംഭിച്ചത്. സ്വതന്ത്രമായി ഒരുക്കിയ പാട്ടുകൾ പലതും പല ഭാഷകളിൽ, പല താളത്തിൽ, പല ഭാവത്തിലാണ്. ഓരോ ഗാനത്തിലും മേനയുടെ ശബ്ദത്തിന്റെ മാധുര്യം തന്നെയാണ് എടുത്തുനിൽക്കുന്നതും.

മാർക്കറ്റിങ്‌

നവാഗത മ്യുസിഷ്യൻ എന്ന നിലയിൽ വെല്ലുവിളികൾ നിലനിൽക്കുന്നതായി മേന പറയുന്നു. കഴിവിനെ മാർക്കറ്റ് ചെയ്താലേ സമൂഹത്തിൽ നിലനിൽപ്പുള്ളൂ. കഴിവിന് രണ്ടാമതാണ് സ്ഥാനം. കഴിവിനെ എങ്ങനെ അവതരിപ്പിക്കുന്നെന്ന ചോദ്യത്തെ കേന്ദ്രീകരിച്ചാണ് കലാകാരന്മാരുടെ ജനനവും മരണവും.  സ്വതന്ത്ര മ്യുസിഷൻ എന്ന നിലയിൽ എഴുതി സംഗീത സംവിധാനം നിർവഹിച്ച് പാടിയ ഒരുപാട് ഗാനങ്ങൾ മേനയുടെ സ്‌പോട്ടിഫൈ അക്കൗണ്ടിൽ കാണാം. പുസ്തകങ്ങളോട് കൂട്ടുകൂടുന്ന മേനയ്ക്ക് ഗാനരചന സുഖമുള്ള പ്രവൃത്തിയാണ്. കുട്ടിക്കാലംമുതൽ ആരംഭിച്ച സംഗീത പരിശീലനവും നൃത്ത പരിശീലനവും  സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല, ഇനിയും സഞ്ചരിക്കാനുള്ള പാതയൊരുക്കി. 

കാസർകോട്‌ നീലേശ്വരത്ത് ജനിച്ച് വളർന്ന മേനയ്ക്ക് സ്കൂൾമുതൽ സംഗീതമാണ് കൂട്ട്. അധ്യാപകരായ അച്ഛൻ ഗോപകുമാറിന്റെയും അമ്മ അനിതയുടെയും കടുത്ത പിന്തുണ. സംഗീത പഠനത്തിൽ ആദ്യ ഗുരു രാജൻ മാനൂരി. ടി പി ശ്രീനിവാസൻ, ശ്രീവത്സൻ ജെ മേനോൻ എന്നിവർ ഇപ്പോൾ ഗുരുക്കന്മാർ. മാസ് കമ്യൂണിക്കേഷനിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള മേന മംഗലാപുരം സെന്റ്‌ ആഗ്നസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും സംഗീതത്തിലാണ്‌ ശ്രദ്ധ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top