വാഷിങ്‌ടൺ > തന്റെ ടീം അംഗങ്ങൾക്ക് ബോണസായി കോടികൾ വാരിക്കോരി നൽകി പോപ് ഗായിക ടെയ്‌ലർ സ്വിഫ്‌റ്റ്. ‘എറാസ് ടൂർ’ എന്ന ഗായികയുടെ സംഗീത പര്യടനം വൻ വിജയമായി പര്യവസാനിച്ചതോടെയാണ് ടെയ്‌ലർ സ്വിഫ്‌റ്റ് തൊഴിലാളികൾക്ക് ബോണസ് നൽകിയത്. 197 മില്ല്യൺ യുഎസ് ഡോളറാണ് (1700 കോട രൂപ) ടെയ്‌ലർ സ്വിഫ്‌റ്റ് ബോണസായി വിതരണം ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷക്കാലത്തെ ടീം അംഗങ്ങളുടെ അധ്വാനത്തെ പരിഗണിച്ചാണ് ടെയ്‌ലർ സ്വിഫ്‌റ്റ് ഇത്രയും തുക ബോണസായി നൽകിയത്. നർത്തകർ, ട്രക്ക് ഡ്രൈവർമാർ, ഇൻസ്‌ട്രുമെന്റ് ടെക്‌നീഷ്യൻമാർ, പാചകക്കാർ, ലൈറ്റിങ് ആൻഡ് സൗണ്ട് ക്രൂ, പ്രൊഡക്‌ഷന്‍ സ്റ്റാഫ്, സുരക്ഷാ ജീവനക്കാര്‍, കൊറിയോഗ്രഫര്‍മാര്‍, ഹെയര്‍ ആൻഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ്, വിഡിയോ ക്രൂ, ഫിസിക്കല്‍ തെറാപിസ്റ്റ് തുടങ്ങി ആയിരത്തോളം തൊഴിലാളികള്‍ക്കാണ് ഇത്രയും പണം ഗായിക നല്‍കിയത്.
21 മാസം പര്യടനം നടത്തിയ എറാസ് ടൂർ അഞ്ച് വൻകരകൾ പിന്നിട്ടു. 149 പരിപാടികളാണ് ടൂറിന്റെ ഭാഗമായി നടന്നത്. 2023 മാർച്ചിൽ യുഎസിലെ അരിസോണയിൽ നിന്നാരംഭിച്ച എറാസ് ടൂർ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീത പര്യടനമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഒരു കോടിയിലധികം ആളുകൾ പരിപാടി കാണാനായി എത്തിയപ്പോൾ 17633 കോടിയിലധികം രൂപയുടെ ടിക്കറ്റുകളാണ് വിറ്റ് പോയത്. ടൂറിന്റെ ആദ്യ നോര്‍ത്ത് അമേരിക്കന്‍ പാദം പിന്നിട്ടപ്പോഴും തൊഴിലാളികൾക്ക് ടെയ്‌ലർ സ്വിഫ്‌റ്റ് ബോണസ് നൽകിയിരുന്നു. 55 മില്ല്യൺ ഡോളറായിരുന്നു (ഏകദേശം 466 കോടി രൂപ) അന്ന് വിതരണം ചെയ്തത്. കാനഡയിലെ വാൻകൂവറിൽ വച്ച് കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു ടൂറിന്റെ അവസാന പരിപാടി.
2024 ഒക്‌ടോബറിൽ ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി ടെയ്‌ലർ സ്വിഫ്‌റ്റിനെ തെരഞ്ഞെടുത്തിരുന്നു. 1.6 ബില്ല്യൺ ഡോളറാണ് ടെയ്‌ലർ സ്വിഫ്‌റ്റിന്റെ ആസ്തി. ഫോർബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2023 ഒക്‌ടോബറിന് ശേഷം 500 മില്ല്യണിന്റെ കുതിപ്പാണ് പോപ് ഗായികയ്‌ക്കുണ്ടായത്. റിഹാനയെ കടത്തിയാണ് ടെയ്‌ലർ സ്വിഫ്‌റ്റ് ഒന്നാമതെത്തിയത്. ഫോർബ്‌സ് മാഗസീന്റെ കണക്കനുസരിച്ച് റോയൽറ്റിയിൽ നിന്നും ഇറാസ് ടൂറിൽ നിന്നും 600 മില്ല്യണാണ് (ഒക്‌ടോബർ വരെ) ടെയ്‌ലർ സ്വിഫ്‌റ്റ് സമ്പാദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..