തിരുവനന്തപുരം > ദുരിതാശ്വാസനിധിയുടെ പേരിൽ നുണപ്രചരണം നടത്തിയ കെ എം ഷാജി എംഎൽഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് കെ എം ഷാജിയുടെ പ്രസ്താവന എന്നും ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് കെ എം ഷാജിയുടെ പാർട്ടി പൂർണമായി സഹകരിച്ചു നിൽക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്തെ ആകെയുള്ള ആംബുലൻസുകളുടെ എണ്ണം അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. ഇത്തരമൊരു ഘട്ടത്തിൽ ഇതുപോലൊരു കാര്യം, ശുദ്ധനുണ നുണ പറയാൻ ഷാജിക്ക് എങ്ങനെ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണോ വക്കീലിന് പണം കൊടുക്കുന്നത്. സാങ്കേതിക കാര്യങ്ങൾ അറിയാത്ത ഒരുപാട് പാവപ്പെട്ട ആളുകൾ നാട്ടിലുണ്ട്, അവരെ തെറ്റിദ്ധരിപ്പിക്കാൻ ഷാജി ശ്രമിക്കുന്നത് എന്തിനാണ്. ഇത്തരമൊരു ഘട്ടത്തിൽ ഇങ്ങനെ ഒരു നിലപാടാണോ എടുക്കേണ്ടത്. അതുപോലെ ചില സമീപനങ്ങളുണ്ട് ചില വികൃതമനസ്സുകൾ നമ്മുടെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഗ്വാ ഗ്വാ ശബ്ദമുണ്ടാക്കിയാൽ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല' മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരമൊരു നിലപാട് എന്തുകൊണ്ട് കെ എം ഷാജി എടുത്തുവെന്നത് മുസ്ലീംലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..