18 November Monday

വീഴ്ചകൾ അവസരങ്ങളാക്കാം; നഷ്ടകാലം കടക്കാൻ 5 പാഠങ്ങൾ

കെ അരവിന്ദ്Updated: Monday Jul 15, 2024

ഓഹരിവിപണി പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നതാണ് അടുത്ത നാളുകളിൽ നമ്മൾ കണ്ടത്. സൂചികകളുടെ റെക്കോഡ് കുതിപ്പ് കണ്ട് ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടിയവർ നിരവധിയാണ്. എന്നാൽ, ഏതു കയറ്റത്തിനും ഒരു ഇറക്കമുണ്ടാകുമെന്ന പഴമൊഴി മനസ്സിൽ വച്ചുവേണം വിപണിയിൽ ഓരോ ചുവടും വയ്ക്കാൻ.

തുടർച്ചയായ മുന്നേറ്റത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ നിക്ഷേപം ആരംഭിച്ചവർക്ക് അപ്രതീക്ഷിതമായ ഇടിവുകൾ സംഭവിക്കുമ്പോൾ എന്തുചെയ്യണമെന്ന ആശയക്കുഴപ്പം നേരിടാറുണ്ട്. അടുത്തകാലത്ത്, ലോക്-സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന ജൂൺ നാലിന് വിപണി കുത്തനെ ഇടിഞ്ഞപ്പോഴും ഇത് ദൃശ്യമായി. ഓഹരികൾ ഉയർന്ന വിലയിൽനിന്ന്‌ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 20–-25 ശതമാനം ഇടിഞ്ഞപ്പോൾ ഒട്ടേറെ നിക്ഷേപകർ പരിഭ്രാന്തരായി നഷ്ടം സഹിച്ച്  പിന്മാറി. ഉണ്ടായ നഷ്ടം ഏതാണ്ട് മുഴുവൻ പിന്നീട് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സൂചികകൾ നികത്തിയപ്പോൾ ഇത്തരം നിക്ഷേപകരെ നഷ്ടബോധവും ഇനി എന്തുചെയ്യണമെന്ന ആശയക്കുഴപ്പവും അലട്ടുകയും ചെയ്തു.

വിപണിയിൽ കടുത്ത ചാഞ്ചാട്ടമുണ്ടാകുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ചും ചാഞ്ചാട്ടത്തെ പ്രതിരോധിക്കുംവിധം നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായാൽ ഇത്തരം അവസരങ്ങളിൽ ആത്മസംയമനത്തോടെ തീരുമാനമെടുക്കാനും നിക്ഷേപം മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. നന്നായി ഗൃഹപാഠം ചെയ്യുന്ന ട്രേഡർമാർക്കും ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നവർക്കും മാത്രമേ ഓഹരിവിപണിയിൽ അതിജീവിക്കാനാകൂ.

തിരുത്തലുകൾ 
വാങ്ങാനുള്ള സമയം

നിങ്ങൾ ഓഹരികൾ വിൽക്കുമ്പോൾ ആരോ ഒരാൾ അത് വാങ്ങുന്നുണ്ട്. വാങ്ങാൻ ഒരു നിക്ഷേപകൻ മറുഭാഗത്തില്ലെങ്കിൽ വിൽക്കാൻ സാധിക്കില്ല. അതിനാൽ വിപണി ആശങ്കമൂലം കനത്ത ഇടിവ് നേരി



ടുന്ന അവസരങ്ങളിൽ ഒരാൾ നഷ്ടം സഹിച്ച് ഓഹരികൾ വിൽക്കുമ്പോൾ മറുഭാഗത്ത് വാങ്ങുന്ന നിക്ഷേപകന് അതൊരു ലാഭകരമായ ഇടപാടായി മാറുന്നുണ്ട്. അതായത് താഴ്ന്നവിലയിൽ ഓഹരി വാങ്ങാനുള്ള അവസരം ലഭിച്ചതുകൊണ്ട് മറ്റൊരാൾ അത് പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.
എല്ലാ നിക്ഷേപകരും ആശങ്കയോടെയാണ് ഓഹരിവിപണിയെ സമീപിക്കുന്നതെങ്കിൽ വിൽപ്പനതന്നെ നടന്നുവെന്ന്‌ വരില്ല. വ്യാപാരം താരതമ്യേന കുറഞ്ഞ ഓഹരികളിൽ നിക്ഷേപകർ ഈ പ്രശ്നം അഭിമുഖീകരിക്കാറുമുണ്ട്. സർക്യൂട്ടുകൾക്ക് വിധേയമായ (ഒരുദിവസത്തെ പരമാവധി വിലവ്യതിയാനത്തിൽ പരിധി കൽപ്പിക്കപ്പെട്ടിട്ടുള്ള) അത്തരം ഓഹരികളിൽ ചില ദിവസങ്ങളിൽ വാങ്ങലോ വിൽപ്പനയോ നടക്കാതെ പോകാറുണ്ട്.
വിപണി ഏതെങ്കിലും സുപ്രധാന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇടിവ് നേരിടുമ്പോൾ ദീർഘകാല വളർച്ചസാധ്യതയുള്ള, മികച്ച വൻകിട കമ്പനികളുടെ ഓഹരികളിൽപ്പോലും തിരുത്തൽ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് ജൂൺ നാലിന് റിലയൻസ് ഇൻഡസ്ട്രീസ് പത്തുശതമാനവും എസ്ബിഐ 20 ശതമാനവും ഇടിവ് നേരിട്ടത് ഈ കമ്പനികളുടെ ബിസിനസിൽ എന്തെങ്കിലും കോട്ടം സംഭവിച്ചതുകൊണ്ടല്ല. വിപണിയിലെ മൊത്തത്തിലുള്ള വൈകാരികനില പ്രതികൂലമായതുകൊണ്ടാണ്. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത്തരം ഇടിവുകൾ വാങ്ങുന്നതിനുള്ള മികച്ച അവസരമാണ്. 

ന്യായവിലയിൽമാത്രം 
നിക്ഷേപിക്കുക

വിപണി കുതിപ്പിലായിരിക്കുമ്പോൾ മിക്ക ഓഹരികളും ചെലവേറിയതായിരിക്കും. കമ്പനി അടിസ്ഥാനപരമായി എത്ര മികച്ചതായാലും ന്യായവിലയിൽ ലഭ്യമാകുമ്പോഴേ ഓഹരികളിൽ നിക്ഷേപം നടത്താവൂ. ബുൾ മാർക്കറ്റിൽ ന്യായവിലയിൽ ഓഹരികൾ വാങ്ങാനുള്ള അവസരങ്ങൾ വിരളമായിരിക്കും. ഇടക്കാലത്തെ തിരുത്തലുകളാണ് അവസരങ്ങൾ ഒരുക്കിത്തരുന്നത്. വിപണിയുടെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് തിരുത്തലുകൾ അനിവാര്യമാണ്.

കമ്പനി അറിഞ്ഞുവേണം 
ആവറേജിങ്

ഒരു ഓഹരിയിൽ  നിക്ഷേപം നടത്തിയതിനുശേഷം ഇടിവ് നേരിടുമ്പോൾ വീണ്ടും വാങ്ങുന്നതിനെയാണ് ആവറേജിങ് എന്നു പറയുന്നത്. ചാഞ്ചാട്ടം വിപണിയുടെ കൂടപ്പിറപ്പാണെന്നിരിക്കെ എപ്പോഴൊക്കെ ആവറേജ് ചെയ്യണമെന്നതിനെക്കുറിച്ച് നിക്ഷേപകർക്ക് നല്ല  ധാരണയുണ്ടാകണം.


വാങ്ങിയ വിലയിൽനിന്ന്‌ 20 ശതമാനം ഇടിവ് നേരിടുമ്പോൾ ആദ്യത്തെ ആവറേജിങ് നടത്താം. ഇടിവ് തുടരുകയാണെങ്കിൽമാത്രമേ വീണ്ടും വാങ്ങുന്നതിനു മുതിരാവൂ. ഇങ്ങനെ ഓഹരികൾ വീണ്ടും വാങ്ങുമ്പോൾ കമ്പനിയുടെ അടിസ്ഥാന മികവിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും വിപണിയിലെ മൊത്തത്തിലുള്ള വൈകാരികനില പ്രതികൂലമായതുകൊണ്ടുമാത്രമാണ് തിരുത്തൽ നടക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

ലാഭമെടുത്ത് വീണ്ടും 
നിക്ഷേപിക്കാം

ശക്തമായ ഇടിവുകൾ അതേ വേഗത്തിലുള്ള കരകയറ്റങ്ങൾക്കും വഴിയൊരുക്കാറുണ്ട്. വിപണി മുന്നേറുമ്പോൾ ഭാഗികമായി ലാഭമെടുക്കുന്നത് ഇടിവുകളിൽ പുനർനിക്ഷേപത്തിനുള്ള മൂലധനം സമാഹരിക്കുന്നതിന് സഹായമാകും. ഉദാഹരണത്തിന് നിങ്ങൾ വാങ്ങിയ ഒരു ഓഹരി 100 ശതമാനം നേട്ടം നൽകുകയാണെങ്കിൽ 50 ശതമാനം ഓഹരികൾ വിറ്റ് നിക്ഷേപിച്ച മൂലധനം പിൻവലിക്കാവുന്നതാണ്. ഇങ്ങനെ  കൈയിലെത്തുന്ന പണം പിന്നീടുണ്ടാകുന്ന തിരുത്തലുകളിൽ ഈ ഓഹരിതന്നെ വീണ്ടും വാങ്ങാനോ മറ്റ് ചെലവ് കുറഞ്ഞ മികച്ച ഓഹരികളിൽ നിക്ഷേപം നടത്താനോ വിനിയോ​ഗിക്കാം.

വേണം 
വൈവിധ്യവൽക്കരണം

ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നവർ പല മേഖലകളിലായാലും വിവിധ ഓഹരികളിലായാലും വൈവിധ്യവൽക്കരണം ഉറപ്പുവരുത്തേണ്ടതുണ്ട്. 
വിപണി ഇടിയുമ്പോൾ എല്ലാ മേഖലകളിലും അത് പ്രതിഫലിക്കണമെന്നില്ല. ചില മേഖലകൾ ശക്തമായ ഇടിവ് നേരിട്ടെന്നും വരാം. ഉദാഹരണത്തിന് വോട്ടെണ്ണലിനെ തുടർന്നുണ്ടായ തിരുത്തലിൽ ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് പൊതുമേഖലാ ഓഹരികളാണ്. അതേസമയം, എഫ്എംസിജി ഓഹരികളെ ഈ തിരുത്തൽ ബാധിച്ചില്ലെന്നുമാത്രമല്ല, അവ മുന്നേറ്റം നടത്തുകയും ചെയ്തു.
ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാകാൻ സാധ്യതയുള്ള പല തീമുകളെ അടിസ്ഥാനമാക്കി വിവിധ ഓഹരികൾ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് നിക്ഷേപത്തിന് കൂടുതൽ ഭദ്രത നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top