19 December Thursday
ഓഹരിവിപണിയിൽ തെരഞ്ഞെടുക്കാം സുരക്ഷിത നിക്ഷേപമാർഗം

ചൂതാട്ടം വേണ്ട: അധിക ആവേശം അപകടം

കെ അരവിന്ദ്Updated: Tuesday Jul 23, 2024

കെ അരവിന്ദ്

കെ അരവിന്ദ്

ഓഹരിവിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് വർധിക്കുന്ന കാലമാണിത്. ഇന്ത്യയിലെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 16 കോടി കവിഞ്ഞെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിലേറെ വരുമെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. കഴിഞ്ഞ രണ്ടുവർഷംകൊണ്ടുമാത്രം 60 ശതമാനം വർധനയാണ് ഡീമാറ്റ് അക്കൗണ്ടുകളിലുണ്ടായത്. എന്നാൽ, വിപണി കുതിക്കുമ്പോൾപ്പോലും ഇതിൽ എത്രപേർ ലാഭമുണ്ടാക്കുന്നുണ്ടെന്ന് ചോദിച്ചാൽ നഷ്ടങ്ങളുടെ കഥകളാണ് കൂടുതലും കേൾക്കാനാകുക. എന്തുകൊണ്ടാണ് ഓഹരിവിപണിയിലെത്തുന്ന പലർക്കും കൈപൊള്ളി, പോക്കറ്റ് കാലിയായി തലയിൽ കൈവച്ച് ഇരിക്കേണ്ടിവരുന്നത്?

അതിശക്തനും 
അടിപതറുന്ന ദിവസം

വലിയ തന്ത്രശാലികളാണെന്നു കരുതുന്ന പലരും തുടക്കത്തിലേ ചുവടുതെറ്റി വീണുപോകുന്നതാണ് ഓഹരിവിപണിയിൽ പലപ്പോഴും കാണുന്നത്. വിവേകത്തോടെയുള്ള തീരുമാനങ്ങൾക്കും അച്ചടക്കത്തോടെയുള്ള ചുവടുകൾക്കും പകരം ആവേശവും അതിരുവിട്ട ആർത്തിയുമാണ് ഇവരിൽ മിക്കവരെയും നയിക്കുന്നത് എന്നതാണ് വാസ്തവം. അതിലൂടെ സംഭവിക്കുന്ന വലിയ നഷ്ടങ്ങൾക്ക് പഴികേൾക്കേണ്ടി വരുന്നതാകട്ടെ "ഓഹരി' എന്ന നിക്ഷേപമാർ​ഗവും.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം നേടാൻ ലക്ഷ്യമിട്ടുള്ള ഇൻട്രാഡേ ട്രേഡ് "കളി'യാണ് ഇക്കൂട്ടരെ നഷ്ടക്കുഴിയിൽ വീഴ്ത്തുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ ഈ വീഴ്ച വളരെയധികമാകുകയും ചെയ്യുന്നു.

പുതിയ കേന്ദ്രസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഇത്തരത്തിലുള്ള വലിയ വീഴ്ചകൾക്ക് സാധ്യതയുണ്ട്.  ശക്തമായ കയറ്റിറക്കമാണ് വിപണിവിദഗ്‌ധർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച ദിവസം നിഫ്റ്റി അഞ്ച് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഊഹക്കച്ചവടത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിച്ച ഇൻട്രാഡേ ട്രേഡർമാർക്ക് ലോക്-സഭാ തെരഞ്ഞെടുപ്പുഫലം വന്ന ജൂൺ നാലിനും അപ്രതീക്ഷിതമായ ഇടിവിൽ കോടികൾ നഷ്ടമായി. ഇത്തരം ദിവസങ്ങളിൽ ശക്തമായ കയറ്റിറക്കങ്ങൾ വിപണിയിൽ പതിവാണെന്നത് തിരിച്ചറിയാതെയുള്ള കളികളാണ് ഈ എടുത്തുചാട്ടക്കാരെ പെടുത്തിക്കളയുന്നത്.

കഴിഞ്ഞ രണ്ടുവർഷംകൊണ്ട് ഓഹരിസൂചികയായ നിഫ്റ്റി 55 ശതമാനമാണ് ഉയർന്നത്.  ഈ മുന്നേറ്റത്തിനൊപ്പം പല ഓഹരികളും കുതിച്ചുയർന്നു. ഇക്കാലയളവിൽ ഓഹരിവിപണിയിലേക്ക് കടന്നുവന്ന നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നെങ്കിലും ഭൂരിപക്ഷത്തിനും അതുണ്ടായില്ല. അവർ നിക്ഷേപത്തേക്കാൾ കൂടുതൽ "ഇൻട്രാഡേ ട്രേഡാ'ണ് ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.



ഇൻട്രാഡേ ട്രേഡ് നഷ്ടമാകുന്നത് എങ്ങനെ?


ഓഹരികൾ ഒരേദിവസംതന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുകയാണ് ഇൻട്രാഡേ ട്രേഡർമാർ ചെയ്യുന്നത്. ഇത്തരം വ്യാപാരം നടത്തുന്നവർക്ക് ബ്രോക്കിങ് കമ്പനികളിൽനിന്ന് ഉയർന്ന മാർജിൻ ലഭ്യമായിരിക്കും. ഇത് ഉപയോഗിച്ച് കൈവശമുള്ള തുകയുടെ പല മടങ്ങ് മൂല്യമുള്ള വ്യാപാര ഇടപാടുകളാണ് ഇൻട്രാഡേ ട്രേഡിൽ നടക്കുന്നത്. വ്യാപാരത്തുക അനുസരിച്ച് ലാഭവും കൂടുമെന്ന മോഹത്തോടെയുള്ള ഈ ഇടപാട് കണക്കുകൂട്ടൽ ചെറുതായൊന്ന് പാളിയാൽത്തന്നെ വൻ നഷ്ടം വരുത്തും. ഇതിന്റെ പ്രധാന കാരണം ഊഹത്തിന്റെമാത്രം അടിസ്ഥാനത്തിലാണ് ഇവിടെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് എന്നതാണ്.

കൈവശമുള്ള പണത്തേക്കാൾ വളരെ ഉയർന്ന മാർജിൻ ഉപയോഗിച്ച് വ്യാപാരം ചെയ്യുമ്പോൾ എത്ര നഷ്ടമുണ്ടായാലും അതേദിവസംതന്നെ ട്രേഡ് ക്ലോസ് ചെയ്യേണ്ടിവരും. ഇതുകൊണ്ടാണ് രണ്ടുവർഷംകൊണ്ട് 50 ശതമാനത്തിലേറെ വിപണി ഉയർന്നിട്ടും പലർക്കും നഷ്ടം നേരിടേണ്ടിവരുന്നത്. ഓഹരികളിൽ നേരിട്ട് വ്യാപാരം ചെയ്യുന്നതിനു പകരം ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എന്ന പേരിൽ അറിയപ്പെടുന്ന അവധിവ്യാപാരത്തിൽ ഏർപ്പെടുന്നവർക്കുണ്ടാകുന്ന നഷ്ടം ഇതിലും കനത്തതാണ്.  പത്തിൽ ഒമ്പതുപേരും ഈ ഊഹക്കച്ചവടത്തിൽ വൻ നഷ്ടം നേരിടുന്നുവെന്നാണ് സെബിയുടെ റിപ്പോർട്ടിൽ പറയുന്നത്.

കളിയല്ല ഓഹരിവ്യാപാരം

ഓഹരിവ്യാപാരം ചൂതുകളിപോലെ ഒരു കളിയായി കാണുന്നവരാണ് പൊതുവിൽ ഇൻട്രാഡേ ട്രേഡർമാർ. ഈ ചൂതാട്ടമനോഭാവം കിട്ടുന്തോറും ആർത്തിയും ആവേശവും വർധിക്കുന്ന യഥാർഥ ചൂതുകളിയിലെന്നപോലെ ഇന്നല്ലെങ്കിൽ നാളെ സ്വാഭാവികമായും കളിക്കാരനെ നഷ്ടത്തിലേക്ക് നയിക്കും.

ഇതിൽനിന്ന്‌ വ്യത്യസ്തമായി ഓഹരിവ്യാപാരം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകുന്ന ന്യൂനപക്ഷമുണ്ട്. ഓഹരിയിൽനിന്ന്‌ നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ടത് ഇവരെയാണ്. മികച്ച ഓഹരിവ്യാപാരികൾ വാട്‌സാപ്‌, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന ടിപ്പുകളെയും ഇൻഫ്ലുവൻസർമാരുടെ വായ്ത്താരിയെയും ആശ്രയിച്ച് വ്യാപാരം ചെയ്യുന്നവരല്ല. ടെക്നിക്കൽ അനാലിസിസ് പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിപണിയുടെ ഗതി വിശകലനം നടത്തുന്നവരും ഓഹരിവ്യാപാരത്തെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്യുന്നവരുമായിരിക്കും.

ഓഹരിവിപണി വിദഗ്ധരിൽനിന്ന് മൂല്യവത്തായ ഉപദേശം തേടുകയും അത് പ്രയോ​ഗിക്കുകയും ചെയ്യുന്നവർക്കുമാത്രമേ ട്രേഡിങ്ങിൽ വിജയം നേടാനാകൂ. ഈ പഠനവും ഒരുക്കവും സമയം ആവശ്യമായ പ്രക്രിയയാണ്. അതിന് മനസ്സും സമയവുമില്ലെങ്കിൽ ഓഹരിവിപണിയിൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.

എങ്ങനെ ട്രേഡിങ് 
വിജയകരമാക്കാം?

ഇൻട്രാ ഡേ ട്രേഡിങ്ങിനുപകരം "പൊസിഷണൽ ട്രേഡിങ്' എന്നൊരു മാർ​ഗമുണ്ട്. ദിവസചൂതാട്ടത്തിനുപകരം ഇത് ചെയ്യുന്നവരാണ് വ്യാപാരം വിജയകരമാക്കുന്നത്. ഒരുദിവസത്തെ വിലവ്യതിയാനത്തിനുപകരം ഒരു ആഴ്ചയിലെയോ ഒരുമാസത്തെയോ ഏതാനും മാസങ്ങളിലെയോ വിലവ്യതിയാനത്തിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള വഴിയാണ് പൊസിഷണൽ ട്രേഡിങ്.

ടെക്നിക്കൽ അനാലിസിസ് ഉപയോഗിച്ചാണ് ഇതിൽ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വിലനിലവാരങ്ങൾ കണ്ടെത്തുന്നത്. വിപണികാലാവസ്ഥ അനുകൂല (ബുള്ളിഷ്)മായാലും പ്രതികൂല (ബെയറിഷ്)മായാലും ഒരേരീതിയിലായിരിക്കും പൊസിഷണൽ ട്രേഡർമാർ വിപണിയെ സമീപിക്കുക. അതിനാൽ ഈ വിഭാ​ഗത്തിലുള്ളവർക്ക് എല്ലാ വിപണി കാലാവസ്ഥയിലും സജീവമാകാൻ സാധിക്കും.

പാലിക്കാം സ്റ്റോപ് ലോസ് ട്രേഡിങ്

നേടാൻ ആ​ഗ്രഹിക്കുന്ന ഹ്രസ്വകാല ലക്ഷ്യങ്ങളിലേക്ക് ഓഹരിവിലകൾ എത്തുമ്പോൾ വിറ്റുമാറുന്ന പൊസിഷണൽ ട്രേഡർമാർ സ്റ്റോപ് ലോസ് പാലിക്കുന്ന ട്രേഡിങ് രീതിയാണ് പിന്തുടരുന്നത്. വാങ്ങുകയോ വിൽക്കുകയോ (ഷോട്ട് സെല്ലിങ്‌) ചെയ്ത ട്രേഡുകളിൽ ഉദ്ദേശിച്ച രീതിയിൽനിന്ന്‌ വിപരീതമായാണ് വില നീങ്ങുന്നതെങ്കിൽ നേരത്തേ നിശ്ചയിച്ച സ്റ്റോപ് ലോസ്‌ പരിധിയിലെത്തുമ്പോൾ നഷ്ടം സഹിച്ച് പിന്മാറുക എന്നതാണ് ഈ രീതി. വിപണി കാലാവസ്ഥയ്‌ക്ക് അനുസൃതമായാണ് പൊസിഷണൽ ട്രേഡിങ്ങിൽ ടാർജറ്റ് നിശ്ചയിക്കുന്നത്.

എപ്പോൾ പിന്മാറണം?

എപ്പോൾ പിന്മാറണമെന്ന കാര്യത്തിൽ ട്രേഡർക്ക് ഉറച്ച തീരുമാനം ഉണ്ടായിരിക്കണം. അത് ലാഭമെടുക്കുന്ന കാര്യത്തിലായാലും നഷ്ടം സഹിക്കുന്ന കാര്യത്തിലായാലും. സ്റ്റോപ് ലോസുകളും ടാർജറ്റുകളും കൃത്യമായി പാലിച്ച് ഇത് സാധ്യമാക്കാം. അമിതമായ ട്രേഡിങ് ഒഴിവാക്കുക എന്ന അടിസ്ഥാനപാഠവും കർശനമായി പാലിക്കേണ്ടതുണ്ട്.

വലിയ അനുഭവസമ്പത്തില്ലാത്ത ട്രേഡർമാർ ട്രേഡുകളുടെ എണ്ണം കുറയ്‌ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ദീർഘകാല ഓഹരിനിക്ഷേപം നടത്തുന്നതിനൊപ്പം ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള വിപണിയിലെ ട്രെന്റുകൾ പ്രയോജനപ്പെടുത്തുന്നതിനായി വ്യാപാരംകൂടി ചെയ്യുന്നവരാണ് മികച്ച ട്രേഡർമാർ. ട്രേഡിങ്ങിൽനിന്ന് ലഭിക്കുന്ന നേട്ടത്തെ നിക്ഷേപത്തിൽനിന്നുണ്ടാകുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനവർധനയ്ക്കൊപ്പമുള്ള ബോണസായാണ് കാണേണ്ടത്.

വ്യത്യസ്തമാണ് നിക്ഷേപവും 
വ്യാപാരവും

ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് ആർജിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ഓഹരിനിക്ഷേപം. വിപണിയുടെ സ്വതസിദ്ധമായ ചാഞ്ചാട്ടത്തെ ഗൗനിക്കാതെ എല്ലാ മാസവും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ സാധാരണക്കാർക്കും ഓഹരിനിക്ഷേപത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

അതേസമയം, ദീർഘകാലനിക്ഷേപവും ഹ്രസ്വകാലവ്യാപാരവും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് എന്നത് എപ്പോഴും ഓർമവേണം. വേണ്ടത്ര ഗവേഷണവും പഠനവും നടത്തിയതിനുശേഷംമാത്രം ചെയ്യേണ്ട ഹ്രസ്വകാലവ്യാപാരത്തിലേക്ക് എടുത്തുചാടുകയും അതിന് അടിപ്പെടുകയും ചെയ്യുന്നവർ നഷ്ടപ്പെടുത്തുന്നത് ദീർഘകാലനിക്ഷേപത്തിന്റെ സാധ്യതകളാണ്.



ആപ്പുകൾക്ക് ഒന്നും നഷ്ടപ്പെടാനില്ല: ഓർക്കണം സെബിയുടെ മുന്നറിയിപ്പ്

ഓഹരി ബ്രോക്കിങ് കമ്പനികളുടെ ട്രേഡിങ് ആപ്പുകളിലും വെബ് പ്ലാറ്റ്ഫോമുകളിലും ലോ​ഗിൻ ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്നസെബിയുടെ നിർദേശപ്രകാരമുള്ള മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം. ഓഹരിവ്യാപാരത്തിൽ പണം നഷ്ടപ്പെടുത്തുന്നവരുടെ എണ്ണം ഭീമമായി വർധിച്ചുവെന്ന വസ്തുതയാണ് ഇത് വെളിപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും ന്യൂ ജെൻ ട്രേഡിങ് ആപ്പുകളുടെ പ്രചാരവും സമീപകാലത്ത് ഓഹരിവിപണിയിലേക്ക് കടന്നുവന്ന നല്ലൊരു ശതമാനംപേരെ കേവലം ഭാഗ്യാന്വേഷികളായ ട്രേഡർമാരാക്കി മാറ്റിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നൽകുന്ന ടിപ്പുകളിൽ വിശ്വസിച്ച് ഓഹരിവ്യാപാരം നടത്തുന്നവരുടെ എണ്ണം പെരുകിയിരിക്കുകയാണ്.  

"സൗജന്യ' ഓഹരിശുപാർശകളും ട്രേഡിങ് ടിപ്പുകളും സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്നതോടെ ഇത്രയും മതി പണമുണ്ടാക്കാനെന്ന് കരുതി പണമിറക്കുമ്പോൾ ഉള്ളതുംകൂടി പോകാതെ നോക്കേണ്ടത് നിക്ഷേപകരാണ്. ആപ്പുകൾക്കും ടിപ്പ് വിതരണക്കാർക്കും ഒന്നും നഷ്ടപ്പെടാനില്ലെന്ന്‌ ഓർക്കണം. ഈ ടിപ്പുകളുടെ ബലത്തിലുള്ള ഊഹക്കച്ചവടവും നഷ്ടവും ഗണ്യമായി വർധിച്ചതോടെയാണ് ട്രേഡിങ് ആപ്പുകൾ തുറക്കുമ്പോൾത്തന്നെ അക്കൗണ്ട് ഉടമയ്ക്ക് നഷ്ടക്കണക്കുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നിർബന്ധമായും നൽകണമെന്ന നിബന്ധന സെബി കൊണ്ടുവന്നത്.

(ഹെഡ്‌ജ്‌ ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്‌ജ്‌ ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top