21 November Thursday

കൂട്ടുന്നതും കുറയ്ക്കുന്നതും അമേരിക്ക; സ്വർണവില വീണ്ടും 57,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും 57,000 കടന്നു. പവന് 240 രൂപ കൂടി 57,160 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 30 രൂപയാണ് ഉയർന്നത്. ഇതോടെ വില 7145 രൂപയിലെത്തി. ഇന്നലെ പവന് 400 രൂപ കൂടി 56,920 രൂപയിലെത്തിയിരുന്നു. ഈ ആഴ്ച ഇതുവരെ വിലയിൽ 1200 രൂപയുടെ വർധനവുണ്ടായി.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. യുഎസിൽ ഡോണൾഡ്‌ ട്രംപ്‌ വിജയിച്ചതോടെ  ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില ഇടിയാൻ കാരണമായത്. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാന വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്.

എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ വില കൂടുകയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷമാണ് ഇതിന് പ്രധാനകാരണം. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ന് അനുമതി നൽകിയതോടെ സാഹചര്യം വീണ്ടും രൂക്ഷമായിട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്നും മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണെന്നും റഷ്യ പറഞ്ഞത് ആ​ഗോള തലത്തിൽ ആശങ്കകൾ ശക്തമാക്കി. ഇതോടെ വൻകിട നിക്ഷേപകർ  സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് വീണ്ടും കൂടി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സ്വർണവില ട്രോയ് ഔൺസിന് (31.1 ​ഗ്രാം)  2662 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,656.05 ഡോളറാണ് വില. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും.

ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280

● 9-11-2024: 58,200

● 10-11-2024: 58,200

● 11-11-2024: 57,760

● 12-11-2024: 56,680

● 13-11-2024: 55,480

● 14-11-2024: 55,560

● 15-11-2024: 55,480

● 16-11-2024: 56,360

● 17-11-2024: 55,480

● 18-11-2024: 55,960

● 19-11-2024: 56,520

● 20-11-2024: 56,920

● 21-11-2024: 57,160


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top