ഡിജിറ്റൽ പണമിടപാടുകൾ ഇക്കാലത്ത് സാധാരണമാണ്. ആധുനിക സാങ്കേതികവിദ്യകളിൽ പിടിയൊന്നും ഇല്ലാത്തവർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് പണമിടപാട് സംവിധാനങ്ങൾ വികസിച്ചിരിക്കുന്നത്. എന്നാൽ, ഇതൊക്കെ നന്നായി അറിയാമെങ്കിൽപ്പോലും ഇപ്പോഴും റൊക്കം പണം കൈകാര്യം ചെയ്യാൻ താൽപ്പര്യപ്പെടുന്നവരുണ്ട്.
കറൻസി ഉപയോഗിച്ചുള്ള റൊക്കം പണമിടപാടുകൾ നടത്തുമ്പോൾ അത് ആര്, ആർക്ക്, എന്തിന്, എത്ര കൊടുത്തു, എവിടെ നിന്ന് കിട്ടിയ പണം എന്നൊന്നും അറിയുക അത്ര എളുപ്പമായിരിക്കില്ല. അതിനാൽ ഇതിൽ കള്ളപ്പണ ഇടപാടുകളും നികുതിവെട്ടിപ്പും ഒക്കെ സാധാരണമാണ്. അത് തടയാനാണ് സർക്കാർ റൊക്കം പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതും. പണമിടപാടിനായി ആദായനികുതി നിയമത്തിൽ പ്രത്യേക വകുപ്പുകൾ ചേർത്തിട്ടുണ്ട്.
പണം സ്വീകരിക്കുന്നതിനുള്ള
പരിധികൾ
"എത്ര രൂപവരെ റൊക്കം പണമായി ഇടപാട് നടത്താം?' എന്നത് പലർക്കുമുള്ള സംശയമാണ്. പണം കൊടുക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക നിബന്ധനകളുണ്ട്. എന്ത് ആവശ്യത്തിനുള്ള ഇടപാടാണ് എന്നതും പ്രധാനമാണ്. വായ്പയായോ നിക്ഷേപമായോ അല്ലെങ്കിൽ സ്ഥലം/വീട് വിൽപ്പനയുടെ ഭാഗമായോ ഏതെങ്കിലും വ്യക്തിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഒരു സമയം 20,000 രൂപയിലധികം റൊക്കം പണം സ്വീകരിക്കരുതെന്നാണ് ആദായനികുതി നിയമം പറയുന്നത്. ഇവരിൽനിന്ന് മുമ്പ് റൊക്കം പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതും ഇപ്പോൾ വാങ്ങുന്നതും കൂട്ടി ആകെ 20,000 രൂപയിൽ കൂടരുതെന്നും നിബന്ധനയുണ്ട്. വാങ്ങുന്നത് പലരിൽനിന്നാണെങ്കിലും അത് ഏതെങ്കിലും ഒരു ഇടപാടിനുള്ളതാണെങ്കിൽ ആകെ 20,000 രൂപയിൽ കൂടരുത്.
പണം നൽകുമ്പോൾ
പണം സ്വീകരിക്കുമ്പോഴെന്നപോലെ, വായ്പയോ നിക്ഷേപമോ സ്ഥലം/വീട് വിൽപ്പനയിൽ മുൻകൂർ ലഭിച്ച തുകയോ റൊക്കം പണമായി കൊടുക്കുമ്പോഴും ഒരുസമയം 20,000 രൂപയിൽ കൂടുതൽ കൊടുക്കാൻ അനുവാദമില്ല. ഈ പണത്തിന് പലിശയുണ്ടെങ്കിൽ അതുൾപ്പെടെ ഈ പരിധിയിൽ നിൽക്കണം. ചെറിയ ഇടപാടുകളാണെങ്കിലും ആകെ തുക ഇതിൽ അധികമാകരുത്.
സാധാരണ
ഇടപാടുകളിലെ
നിയന്ത്രണങ്ങൾ
വായ്പ, നിക്ഷേപം, സ്ഥലം/വീട് വാങ്ങൽ തുടങ്ങിയവയല്ലാതെ മറ്റ് സാധാരണ ഇടപാടുകൾക്കായി കുറച്ചുകൂടി ലളിതമായ നിയമങ്ങളുണ്ട്. ഇത്തരം ഇടപാടുകളിൽ ഒരാൾക്ക് ഒരുദിവസം രണ്ടുലക്ഷം രൂപവരെ പണമായി നൽകാം. വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർപോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള ഫർണിച്ചർ തുടങ്ങി ഏത് സാധനത്തിനും രണ്ടുലക്ഷം രൂപയിൽ കൂടുതൽ പണമായി വില നൽകാനോ സ്വീകരിക്കാനോ പാടില്ല. ഇത്തരം ഇടപാടുകളിൽ പണം കൊടുക്കലും വാങ്ങലും പലരുമായിട്ടാണെങ്കിലും ഒരേസാധനത്തിന് വേണ്ടിയുള്ളതാണെങ്കിൽ ഇതിൽ കൂടുതൽ പണം കൊടുക്കൽ, വാങ്ങൽ അനുവദിച്ചിട്ടില്ല.
മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളിലും പരിധി ലംഘിച്ചാൽ കൊടുത്തയാളും വാങ്ങിയ ആളും കൂടുതൽ കൊടുത്ത അത്രയും തുക പിഴ നൽകേണ്ടിവരാം.
ബാങ്കിൽനിന്ന് പണം
പിൻവലിക്കുമ്പോൾ
ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുന്നതും നിയന്ത്രണമുണ്ട്. വലിയ തുക റൊക്കം പണമായി കൈകാര്യം ചെയ്യുന്നത് കുറയ്ക്കുക എന്നതാണ് ഇതിലൂടെയും ലക്ഷ്യമിടുന്നത്. ഈ നിയന്ത്രണം രണ്ടുതരത്തിലാണുള്ളത്.
1. ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ: യഥാസമയം ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ ഒരു സാമ്പത്തികവർഷത്തിൽ ഒരുകോടി രൂപയിലധികം പണം പിൻവലിക്കുകയാണെങ്കിൽ ഒരുകോടി കഴിഞ്ഞുള്ള തുകയ്ക്ക് ബാങ്ക് രണ്ട് ശതമാനം ടിഡിഎസ് (ഉറവിടത്തിൽ പിടിക്കുന്ന നികുതി) ഈടാക്കും.
2. ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർ:
ഇക്കൂട്ടർ ഒരു സാമ്പത്തികവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ പിൻവലിച്ചാൽ രണ്ട് ശതമാനം ടിഡിഎസ് കൊടുക്കേണ്ടിവരും. ഒരു കോടിയിലധികം പിൻവലിച്ചാൽ അഞ്ച് ശതമാനം ടിഡിഎസ് ബാധകമാകും.
ഈ നിയമം റൊക്കം പണം ഇടപാടുകളെ നിരുൽസാഹപ്പെടുത്തുന്നതോടൊപ്പം നികുതി റിട്ടേൺ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ദൈനംദിന ഇടപാടുകൾ ചിട്ടപ്പെടുത്താൻ ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായി ഡിജിറ്റൽ അല്ലെങ്കിൽ ബാങ്കിങ് മാർഗങ്ങൾ ഉപയോഗിക്കുകയും ആദായനികുതി റിട്ടേൺ പതിവായി സമർപ്പിക്കുകയും ചെയ്യുക. എല്ലാ വലിയ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ വാങ്ങി സൂക്ഷിക്കുകയും ചെയ്യാം.
(ജാക്ക്സ് ആൻഡ് അസോസിയറ്റ്
ചാർട്ടേർഡ് അക്കൗണ്ട്സ് പാർട്ണറും
ആലപ്പുഴ ശാഖാ മേധാവിയുമാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..