22 December Sunday

വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നു ; ഇന്ത്യന്‍ വിപണിയില്‍ ആശങ്ക , ഈ മാസം പിൻവലിച്ചത് 82,000 കോടിയിലേറെ രൂപ

വാണിജ്യകാര്യ ലേഖകൻUpdated: Wednesday Oct 23, 2024


കൊച്ചി
രാജ്യത്തെ സാമ്പത്തിക അസ്ഥിരതയുടെ ആശങ്കയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നു. ഇതുവരെ 82,000 കോടിയിലേറെ രൂപയുടെ ഓഹരിയാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. വെള്ളിയാഴ്‌ച 5485.70 കോടിയുടെയും തിങ്കളാഴ്‌ച 2261.83 കോടിയുടെയും നിക്ഷേപം പിൻവലിച്ചു.

ഒക്‌ടോബർ മൂന്നിനായിരുന്നു ഏറ്റവും വലിയ പിന്മാറ്റം. അന്ന് 15,300 കോടി രൂപമൂല്യമുള്ള നിക്ഷേപമാണ് പിൻവലിച്ചത്. സെപ്തംബറിൽ 57,724 കോടി രൂപയെന്ന ഒമ്പതുമാസത്തെ ഉയർന്ന നിക്ഷേപനില കൈവരിച്ചശേഷമാണ്‌ ഈ നീക്കം. നടപ്പ്‌ സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ഇന്ത്യൻ കമ്പനികളുടെ സാമ്പത്തികനില ദുർബലമായതാണ്‌ വിദേശനിക്ഷേപകരെ അകറ്റിയത്‌. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയുടെ അളവുകോലുകളായാണ് ഓഹരിവിപണിയിൽ കമ്പനികളുടെ പാദഫലങ്ങൾ പരി​ഗണിക്കുന്നത്. എണ്ണ, വാതകം, ബാങ്ക്, എഫ്എംസിജി മേഖലകളെല്ലാം നിക്ഷേപകരെ നിരാശപ്പെടുത്തി.

രാജ്യത്തെ ചില്ലറ വിൽപ്പന വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഉയർന്നതും ആശങ്കപ്പെടുത്തുന്നു. ജൂണിൽ ചില്ലറ വിലക്കയറ്റം നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.08 ശതമാനമായിരുന്നു. സെപ്തംബറിൽ അത് ഒമ്പതുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.49 ശതമാനമായി. മൂന്നാംപാദ സാമ്പത്തികഫലങ്ങൾ കൂടുതൽ മോശമായേക്കുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. വിലക്കയറ്റംമൂലം പത്തുതവണയായി റിസർവ് ബാങ്ക് പണനയത്തിൽ പലിശനിരക്ക് കുറച്ചിട്ടുമില്ല.

വിലക്കയറ്റം ചെറുക്കാൻ കേന്ദ്രവും ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ഗ്രാമീണമേഖലയിൽ ഭക്ഷ്യോൽപ്പന്ന വില കുതിച്ചുകയറുന്നത് ആഭ്യന്തര ആവശ്യകത കുറയ്ക്കും. ഉൽപ്പാദന, സേവന, കാർഷിക മേഖലകളിലെ കമ്പനികളുടെ ലാഭത്തിൽ വൻ കുറവുണ്ടാകും. ഇത് സാമ്പത്തിക വളർച്ചയെ ​ഗുരുതരമായി ബാധിക്കുമെന്ന്‌ നിക്ഷേപകർ ഭയപ്പെടുന്നു.

പശ്ചിമേഷ്യൻ സംഘർഷം അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഉയർത്തുന്നതും സമ്പദ്-വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ചൈനീസ് സർക്കാർ ഉത്തേജക പാക്കേജ്‌ പ്രഖ്യാപിച്ചതും ഇന്ത്യൻ വിപണിക്ക്‌ തിരിച്ചടിയായി. ചൈനയുടെ ഉത്തേജക പാക്കേജിൽ ആകൃഷ്ടരായി വിദേശനിക്ഷേപകർ അവിടെ നിക്ഷേപിക്കാനായി ഇന്ത്യയിലെ നിക്ഷേപം പിൻവലിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top