തിരുവനന്തപുരം> ചെറുകിട വ്യവസായ വികസന രംഗത്ത് ചരിത്ര നേട്ടവുമായി കുതിക്കയാണ് കേരളം. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതിയിലൂടെ രണ്ടര വർഷത്തിനകം 300 227 ചെറുകിട സംരംഭങ്ങൾക്ക് തുടക്കമിട്ടു. ഇവയിൽ 93000 പേർ വനിതാ സംരഭകരാണ്.
6,38,322 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെട്ടു എന്ന നേട്ടവും ഇതോടൊപ്പമുണ്ട്. ഇവയിൽ എല്ലാമായി 19,446.26 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കിയതും നേട്ടം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതെത്തി നിൽക്കുന്ന കേരള മോഡലാണ് ഇതോടെ തരംഗമാവുന്നത്.
സാധാരണക്കാർക്ക് ഒരു വ്യവസായം തുടങ്ങുക എന്നത് എളുപ്പമാക്കി തീർത്തു. സംരംഭകരെ സഹായിക്കാൻ 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിയത് ഈ നേട്ടത്തിൽ പ്രധാന ഘടകമായി. വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കയും എന്നാൽ ആവശ്യമായ വിവരങ്ങളും സഹായങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്തവർക്ക് വഴികാട്ടി. എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ 1153 എക്സിക്യുട്ടീവുകളെ നിയമിച്ചു. 1034 ഹെൽപ് ഡെസ്കുകൾ ഇതിനായി പ്രവർത്തിച്ചു.
അടച്ചു പൂട്ടൽ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ
എംഎസ്എംഇകളിൽ നിന്നും തിരഞ്ഞെടുത്ത 1000 എം എസ്സ് എം ഇകളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആരംഭിച്ച മിഷൻ 1000 പദ്ധതി വളർച്ചയ്ക്ക് പിന്നിൽ സഹായക ഘടകമായി.
രാജ്യത്ത് ഒരുവർഷം ആരംഭിക്കുന്ന എം എസ് എം ഇകളിൽ 30% ആണ് അടച്ചുപൂട്ടുന്നതെങ്കിൽ കേരളത്തിൽ ഇത് 15% മാത്രമായി കുറയ്ക്കുവാൻ കഴിഞ്ഞതും ശ്രദ്ധേയമായി. സംരംഭകരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഉല്പനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വിപണന സാധ്യത കൂട്ടുന്നതിനുമായി ആരംഭിച്ച "കേരളാ ബ്രാന്റ് പദ്ധതി വഴി അവർക്ക് ലോക വിപണിയിലേക്ക് വാതിൽ തുറന്നു നൽകി.
പദ്ധതി നേട്ടം സംബന്ധിച്ച് വ്യവസായ മന്ത്രി പി രാജീവിന്റെ സോഷ്യൽ മീഡിയ കുറിപ്പ് പൂർണ്ണ രൂപം
2022 മാർച്ച് 30നാരംഭിച്ച് രണ്ടര വർഷം പൂർത്തിയാകുന്ന ഈ വേളയിൽ സംരംഭക വർഷം പദ്ധതിയിലൂടെ 3,00,000 സംരംഭങ്ങളെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. എം എസ് എം ഇ മേഖലയിൽ ഇന്ത്യയിലെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാരിൻ്റെ അഭിമാന പദ്ധതി ഈ ദിവസം വരെയായി കേരളത്തിൽ 3,00,227 സംരംഭങ്ങളും 6,38,322 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 19,446.26 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരികയും ചെയ്തു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതെത്തി നിൽക്കുന്ന ഘട്ടത്തിൽ തന്നെ മറ്റൊരു വലിയ നേട്ടം കൂടി കേരളത്തിന് കൈവരിക്കാൻ സാധിച്ചിരിക്കുന്നു.
93,000ത്തിലധികം വനിതാ സംരംഭകർ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്. എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കാൻ എക്സിക്യുട്ടീവുകളെ(1153 പേരെ) നിയമിക്കുകയും ഹെൽപ് ഡെസ്കുകൾ(1034 എണ്ണം) ആരംഭിക്കുകയും ചെയ്തത് സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി. ഒപ്പം എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിയതും സംരംഭകലോകത്തേക്ക് ആളുകളെ ആകർഷിച്ചു. കേരളത്തിലെ എംഎസ്എംഇകളിൽ നിന്നും തിരഞ്ഞെടുത്ത 1000 എം എസ്സ് എം ഇകളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആരംഭിച്ച മിഷൻ 1000 പദ്ധതി മുന്നോട്ടുപോകുകയാണ്. ഒപ്പം സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് അപകട സാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് മിനിമം ഇൻഷുറൻസ് പരിരക്ഷ നൽകാൻവേണ്ടി എം എസ് എം ഇ ഇൻഷുറൻസ് പദ്ധതിയും വ്യവസായവകുപ്പ് ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ഒരു ആഗോള ഗുണനിലവാരം കൊണ്ടു വരാനും അതു വഴി ഈ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുന്നതിനുമായി "കേരളാ ബ്രാൻ്റ്" പദ്ധതിയും സർക്കാർ ആരംഭിച്ചു. രാജ്യത്ത് ഒരുവർഷം ആരംഭിക്കുന്ന എം എസ് എം ഇകളിൽ 30% ആണ് അടച്ചുപൂട്ടുന്നതെങ്കിൽ കേരളത്തിൽ ഇത് 15% മാത്രമാണ്. എല്ലാ ജില്ലകളിലും ആരംഭിച്ചിരിക്കുന്ന ടെക്നോളജി ക്ലിനിക്കുകൾ വഴിയാണ് സംരംഭകരുടെയും സംരംഭങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഇടപെടുന്നത്.
3 ലക്ഷം സംരംഭങ്ങൾ കടന്ന് സംരംഭകവർഷം മുന്നേറുമ്പോൾ കേരളത്തിൻ്റെ ഈ നേട്ടം നമുക്ക് ആഘോഷിക്കാം. ഇനിയും മുന്നോട്ടുപോകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..