24 October Thursday

കപ്പല്‍ശാല ഓഹരിവില 
വീണ്ടും കൂപ്പുകുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


കൊച്ചി
കൊച്ചി കപ്പൽശാല ഓഹരി വിലയിടിവ് തുടരുന്നു. കേന്ദ്രസർക്കാർ അഞ്ച് ശതമാനം ഓഹരികൾകൂടി വിൽക്കാൻ തീരുമാനിച്ചതോടെയാണ്‌ കപ്പൽശാല ഓഹരിവില ഇടിഞ്ഞുതുടങ്ങിയത്‌. ബുധനാഴ്‌ച ബിഎസ്ഇയിൽ 3.55 ശതമാനം നഷ്ടം നേരിട്ടു. വില മുൻദിവസം വ്യാപാരം അവസാനിപ്പിച്ച 1453.80 രൂപയിൽനിന്ന്‌ 1402.15 രൂപയിലേക്ക് താഴ്ന്നു. ഓഹരി ഒന്നിന് 51.65 രൂപവീതമാണ് നഷ്ടം. വ്യാപാരത്തിനിടെ അനുവദനീയമായ ഏറ്റവും താഴ്ന്ന നിലയായ (ലോവർ സർക്യൂട്ട്) 1381.15ലേക്ക് കൂപ്പുകുത്തി. എൻഎസ്ഇയിൽ വില 3.72 ശതമാനം (54.15 രൂപ) നഷ്ടത്തിൽ 1399.95 രൂപയായി. 

രണ്ടുദിവസത്തെ ഓഹരിവിൽപ്പന തുടങ്ങിയ 16ന് അഞ്ച് ശതമാനം നഷ്ടം നേരിട്ടിരുന്നു. പൊതുമേഖലയുടെ അഭിമാനമായ കപ്പൽശാല സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാ​ഗമായി വിപണിവിലയേക്കാൾ 7.8 ശതമാനം കിഴിവിലാണ് ഓഹരികൾ വിറ്റത്.

വിദേശനിക്ഷേപകരുടെ പിൻവാങ്ങലിൽ കനത്ത ഇടിവ് നേരിടുന്ന ഓഹരിവിപണി ആഴ്ചയിലെ മൂന്നാംദിവസവും നഷ്ടം നേരിട്ടു. സെൻസെക്സ് 138.74 പോയിന്റ് (0.17 ശതമാനം) നഷ്ടത്തിൽ 80081.98ലും നിഫ്റ്റി 36.60 പോയിന്റ് (0.15 ശതമാനം) താഴ്ന്ന് 24435.50ലും വ്യാപാരം അവസാനിപ്പിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി 3.23 ശതമാനവും സൺഫാർമ 2.57 ശതമാനവും പവർ​ഗ്രിഡ് കോർപറേഷൻ 1.86 ശതമാനവും നഷ്ടം രേഖപ്പെടുത്തി. വിദേശനിക്ഷേപകർ തിങ്കളാഴ്ച 2261.83 കോടിയുടെയും ചൊവ്വാഴ്‌ച 3978.61 കോടിയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top