22 December Sunday
നിക്ഷേപകർക്ക് നഷ്ടം 6.61 ലക്ഷം കോടി രൂപ

ഓഹരിവിപണിയിൽ കരടി ; 
സെന്‍സെക്സില്‍ 820 പോയിന്റ് നഷ്ടം , വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നത് 
തുടർന്നു

വാണിജ്യകാര്യ ലേഖകന്‍Updated: Wednesday Nov 13, 2024


കൊച്ചി
ഓഹരിവിപണി ആഴ്ചയിലെ രണ്ടാംദിനം കനത്ത നഷ്ടത്തിൽ. വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടർന്നതും കമ്പനികളുടെ ത്രൈമാസവരുമാനം കുറഞ്ഞതും വിപണിയെ കരടികളുടെ പിടിയിലാഴ്ത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 1.03 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.07 ശതമാനവും നഷ്ടം രേഖപ്പെടുത്തി. വിദേശനിക്ഷേപകർ വെള്ളിയാഴ്ച 3404.04 കോടിയുടെയും തിങ്കളാഴ്‌ച 2306.88 കോടിയുടെയും നിക്ഷേപമാണ് പിൻവലിച്ചത്.

ദിനവ്യാപാരത്തിനിടെ 78,547.84ലേക്ക് താഴ്ന്ന സെൻസെക്സ് ഒടുവിൽ 820.97 പോയിന്റ് നഷ്ടത്തിൽ 78675.18ലും നിഫ്റ്റി 23,839.15 വരെ താഴ്ന്നശേഷം 257.85 നഷ്ടത്തിൽ 23,883.45ലും ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുൻദിവസത്തെ 443.67 ലക്ഷം കോടി രൂപയിൽനിന്ന്‌ 437.06 ലക്ഷം കോടിയായി താഴ്ന്നു. 6.61 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്.

ബിഎസ്ഇ പവർ സൂചിക 2.79 ശതമാനവും ഓട്ടോ 1.95 ശതമാനവും ബാങ്ക് 1.45 ശതമാനവും താഴ്ന്നു. എൻടിപിസി ഓഹരി 3.16 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 2.73 ശതമാനവും എസ്ബിഐ 2.52 ശതമാനവും ടാറ്റാ മോട്ടോർസ് 2.46 ശതമാനവും നഷ്ടത്തിലായി. ഏഷ്യൻ പെയിന്റ്സ് (2.65), മാരുതി സുസുകി (2.27), പവർ​ഗ്രിഡ് കോർപറേഷൻ (2.20) എന്നിവയാണ് നഷ്ടം നേരിട്ട മറ്റു ചില പ്രധാന ഓഹരികൾ. ഇൻഫോസിസ്, സൺഫാർമ, ടിസിഎസ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top