കൊച്ചി >
പശ്ചിമേഷ്യൻ സംഘർഷഭീതിയിൽ ഓഹരിവിപണി കുത്തനെ ഇടിഞ്ഞു.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയയെ വധിച്ചതിന് ഇസ്രയേലിനോട് പകരംചോദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനവും അറബ് മേഖലയിലേക്ക് അമേരിക്ക കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും അയച്ചതും യുഎസിൽ തൊഴിലില്ലായ്‌മ വർധിച്ചത് ആഗോള വിപണികളെ പ്രതിസന്ധിയിലാക്കിയതുമാണ് ഇന്ത്യൻ വിപണിയെ ഉലച്ചത്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ നഷ്ടത്തിൽ 83.85 ലേക്ക് താഴ്ന്നു.
ബിഎസ്ഇ സെൻസെക്സ് 2.74 ശതമാനവും എൻഎസ്ഇ നിഫ്റ്റി 2.68 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 441.84 ലക്ഷം കോടിയായി കുറഞ്ഞു. ഒറ്റദിവസംകൊണ്ട് 15.33 ലക്ഷം കോടിയോളം നിക്ഷേപകർക്ക് നഷ്ടമായി.
എല്ലാ പ്രധാന മേഖലകളും നഷ്ടത്തിലായി. ബിഎസ്ഇയിൽ ടാറ്റാ മോട്ടോഴ്‌സ് 7.32 ശതമാനവും ടാറ്റാ സ്റ്റീൽ 5.31 ശതമാനവും എസ്ബിഐ 4.34 ശതമാനവും നഷ്ടത്തിലായി. കനത്ത തകർച്ചയ്ക്കിടയിലും ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്-ലെ ഓഹരികൾ നേട്ടമുണ്ടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..