03 December Tuesday

വിദേശ ഫണ്ടുകളുടെ വിൽപ്പന; ഓഹരി ഇൻഡക്‌സുകൾക്ക്‌ തിരിച്ചടി... സ്റ്റോക്ക് റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Sunday Sep 8, 2024

വിദേശ ഫണ്ടുകളുടെ വിൽപ്പനയിൽ ഓഹരി ഇൻഡക്‌സുകൾക്ക്‌ തിരിച്ചടി. ഇന്ത്യൻ മാർക്കറ്റിൽ മൂന്നാഴ്‌ച്ച നീണ്ട ബുൾ റാലിക്ക്‌ ഇടിയിലാണ്‌ രാജ്യാന്തര ഫണ്ടുകൾ ബാധ്യതകൾ വിറ്റുമാറാൻ കാണിച്ച തിടുക്കം ഇൻഡക്‌സുകളിൽ ഒന്നര ശതമാനം ഇടിവ്‌ ഉളവാക്കി. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകൾ നടന്ന എല്ലാ ദിവസവും വാങ്ങലുകാരായി രംഗത്ത്‌ നിറഞ്ഞു നിന്നിട്ടും നിഫ്‌റ്റി സൂചിക 383 പോയിന്റും ബോംബെ സൂചിക 1182 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

നാലാം വാരവും വിപണി ബുൾ റാലി നിലനിർത്തുമെന്ന്‌ പ്രതീക്ഷയിൽ 82,365 പോയിന്റിൽ നിന്നും നേട്ടത്തിൽ ഇടപാടുകൾ പുനരാരംഭിച്ച സൂചിക തുടക്കത്തിൽ തന്നെ 82,637 പോയിന്റിന്റെ റെക്കോർഡ്‌ മറികടന്ന്‌ 82,725 വരെ സഞ്ചരിച്ചു. ഈ അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ കാണിച്ച ഉത്സാഹവും ഊഹക്കച്ചവടക്കാരുടെ വിൽപ്പന സമ്മർദ്ദവും ഒത്ത്‌ ചേർന്നതോടെ ബി എസ്‌ ഇ സൂചിക 80,981 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാൽ വാരാന്ത്യം വിപണി അൽപ്പം മികവ്‌ കാണിച്ച്‌ 81,183 പോയിന്റ ക്ലോസ്‌ ചെയ്‌തു.

സൂചികയ്‌ക്ക്‌ ഈവാരം 80,534 പോയിൻറ്റിലെ താങ്ങും 82,278 ൽ പ്രതിരോധവുമുണ്ട്‌. നിഫ്‌റ്റി കഴിഞ്ഞവാരത്തിലെ 25,235 ൽ നിന്നും മികവോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. മുൻ നിര ഓഹരികളിൽ ഫണ്ടുകൾ കാണിച്ച ഉത്സാഹത്തിൽ 25,268 ലെ റെക്കോർഡ്‌ തകർത്ത്‌ 25,333 പോയിൻറ്റ്‌ വരെ ഉയർന്ന്‌ പുതിയ റെക്കോർഡ്‌ രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞവാരം സൂചിപ്പിച്ച 25,353 പ്രതിരോധം മറികടക്കാനായില്ല. വിപണി ബുള്ളിഷെങ്കിലും ഡെയ്‌ലി ചാർട്ടിൽ ഇൻഡിക്കേറ്റുകൾ ഓവർ ബ്രോട്ടായത്‌ ഓപ്പറേറ്റർമാരെ ലാഭമെടുപ്പിന്‌ പ്രേരിപ്പിച്ചു. ഇതോടെ നിഫ്‌റ്റി 25,012 ൽ ആദ്യ താങ്ങ്‌ ഭേദിച്ച്‌ 24,801 റേഞ്ചിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലം മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 24,852 പോയിൻറ്റിലാണ്‌.

മുൻ നിര ഓഹരിയായ മാരുതി, ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻറ്‌ എം, ഇൻഡസ്‌ ബാങ്ക്‌, ഐ സി ഐ സി ഐ ബാങ്ക്‌, എസ്‌ ബി ഐ, ആക്‌സിസ്‌ ബാങ്ക്‌, ഇൻഫോസീസ്‌, റ്റി സി എസ്‌, എൽ, എൽ ആൻറ്‌ റ്റി, ആർ ഐ എൽ, എയർ ടെൽ ഓഹരി വിലകൾ താഴ്‌ന്നു. സൺ ഫാർമ്മ, എച്ച്‌ യു എൽ, എച്ച്‌ സി
എൽ ടെക്‌, എച്ച ഡി എഫ്‌ സി ബാങ്ക്‌ ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.  

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയ്‌ക്ക്‌ വീണ്ടും തിരിച്ചടി, വിനിമയ നിരക്ക്‌ 83.82 ൽ നിന്നും 84.09 ലേയ്‌ക്ക്‌ ദുർബലമായ ശേഷം ക്ലോസിങിൽ 83.97 ലാണ്‌. ഈവാരം രൂപയുടെ ചലനങ്ങൾ  കണക്കിലെടുത്താൽ ഡോളറിന്‌ മുന്നിൽ 83.60 – 84.45 റേഞ്ചിൽ നീങ്ങാം. വിദേശ ഫണ്ടുകൾ വാരത്തിന്റെ ആദ്യ പകുതിയിൽ 3740 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചെങ്കിലും അവസാന രണ്ട്‌ ദിവസങ്ങളിൽ അവർ 1309 കോടി രൂപയുടെ ഓഹരികൾ വിറ്റു.

അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഇടപാടുകൾ നടന്ന എല്ലാ ദിവസവും നിക്ഷേപകരായി രംഗത്ത്‌ നിറഞ്ഞ്‌ നിന്ന്‌ മൊത്തം 7442 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നീക്കങ്ങളെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്‌ ധനകാര്യസ്ഥാപനങ്ങൾ. പണപ്പെരുപ്പം നിയന്ത്രണത്തിലേയ്‌ക്ക്‌ വരുന്നതും തൊഴിലില്ലാമ കണക്കുകൾ കുറയുന്നതും വിലയിരുത്തിയാൽ അടുത്ത യോഗത്തിൽ ഫെഡ്‌ റിസർവ്‌ പലിശ നിരക്കുകളിൽ ഭേദഗതികൾക്കുള്ള സാധ്യതയേറി.

ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ സ്വർണത്തിന്‌ 2500 ഡോളറിലെ നിർണ്ണായക താങ്ങ്‌ വാരാന്ത്യം നഷ്‌ടപ്പെട്ടു. ബുള്ളിഷായി നീങ്ങിയ സ്വർണം ട്രോയ്‌ ഔൺസിന്‌ 2502 ഡോളറിൽ നിന്നും 2529 വരെ കയറിയ ശേഷമാണ്‌ തളർച്ചയിലേയ്‌ക്ക്‌ തിരിഞ്ഞത്‌. ഇടപാടുകാർ ഡോളർ ശക്തിപ്രപിക്കുന്നത്‌ കണ്ട്‌ സ്വർണ വിൽപ്പനയ്‌ക്ക്‌ മത്സരിച്ചതോടെ 2485 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം 2497 ഡോളറിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top