07 October Monday

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ... സ്‌റ്റോക്ക്‌ റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Monday Oct 7, 2024

വിദേശ ധനകാര്യസ്ഥാപനങ്ങൾ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ ഇന്ത്യൻ ഓഹരി വിപണി അടിമുടി വിറച്ചു. മുൻ നിര രണ്ടാം നിര ഓഹരികൾ വിറ്റഴിക്കാൻ വാര മദ്ധ്യത്തിന്‌ ശേഷം അവർ നടത്തിയ തിരക്കിട്ട നീങ്ങൾക്ക്‌ മുന്നിൽ പിടിച്ച്‌ നിൽക്കാനാവാതെ ഇൻഡക്‌സുകൾ ആടി ഉലഞ്ഞു. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ മൂർച്ഛിക്കുമെന്ന ആശങ്കകൾ വിപണിയിൽ തല ഉയർത്തിയതിനിടയിൽ ചൈനീസ്‌ കേന്ദ്ര ബാങ്ക്‌ പലിശ നിരക്ക്‌ കുറച്ച തീരുമാനം രാജ്യാന്തര ഫണ്ടുകളുടെ ശ്രദ്ധ ബീജിങിലേയ്‌ക്ക്‌ തിരിച്ചതും ഇന്ത്യൻ മാർക്കറ്റിന്‌ തിരിച്ചടിയായി.

ഇന്ത്യൻ വിപണിയെ അപേക്ഷിച്ച്‌ മുൻ നിര ഓഹരികൾ പലതും ഷാങ്‌ഹായ്‌ വിപണിയിൽ ആകർഷകമായ നിരക്കിൽ നീങ്ങിയതും വാങ്ങലുകാരെ ചൈനീസ്‌ മാർക്കറ്റിലേയ്‌ക്ക്‌ ആകർഷിച്ചു. സെപ്തംബറിൽ 26 ശതമാനം ഓഹരി സൂചിക അവിടെ മുന്നേറി. ഇന്ത്യൻ മുൻ നിര ഓഹരികൾ പലതും ഓവർ വൈയ്‌റ്റായി മാറിയതിനാൽ നിക്ഷപ താൽപര്യം അൽപ്പം കുറയുന്ന പ്രവണതയിലുമായിരുന്നു. കഴിഞ്ഞമാസം സെൻസെക്‌സ്‌ മുന്നേറിയത്‌ അഞ്ച്‌ ശതമാനമാണ്‌. എന്തുകൊണ്ടും ഇവിടെ വിറ്റ്‌ അവിടെ വാങ്ങാമെന്ന നിലപാടിലേയ്‌ക്ക്‌ വിദേശ ഫണ്ടുകൾ മാറിയ ഫലമായി ഒക്‌ടോബർ ആദ്യ വാരം സൂചിക നാലര ശതമാനം ഇടിഞ്ഞു. അതായത്‌ കഴിഞ്ഞ ഒരു മാസം കൊണ്ട്‌ വാരികൂട്ടിയ അഞ്ച്‌ ശതമാനം നേട്ടം കേവലം അഞ്ച്‌ ദിവസം കൊണ്ട്‌ അലിഞ്ഞ്‌ ഇല്ലാതായി.

ബോംബെ സൂചിക 3883 പോയിന്റും നിഫ്‌റ്റി 1164 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌. രണ്ട്‌
വർഷത്തിനിടയിൽ ആദ്യമായാണ്‌ ഇത്ര കനത്ത തകർച്ചയെ ഇന്ത്യൻ നിക്ഷേപകർ അഭിമുഖീകരിക്കുന്നത്‌. ഈ വാരം റിസർവ്‌ ബാങ്ക്‌ വായ്‌പ അവലോകനത്തിന്‌ ഒത്ത്‌ ചേരും. രണ്ട്‌ ദിവസം നീളുന്ന യോഗത്തിൽ പലിശ നിരക്കുകളിൽ ഭേദഗതികൾക്ക്‌ മുതിരുമോ, അതോ സ്‌റ്റെഡിയായി നിലനിർത്തുമോയെന്നതിനെ ആശ്രയിച്ചാവും വിപണിയുടെ അടുത്ത ചുവട്‌വെപ്പ്‌. സാമ്പത്തിക മേഖലയ്‌ക്ക്‌ കരുത്ത്‌ പകരാൻ തൊട്ട്‌ മുൻവാരം ചൈനീസ്‌ കേന്ദ്ര ബാങ്ക്‌ പലിശയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇത്‌ അന്താരാഷ്‌ട്ര ഫണ്ടുകളെ ആകർഷിച്ചു. ഒപ്പം നമ്മുടെ വിപണിയിലെ ബാധ്യതകൾ പണമാക്കാൻ അവർ മത്സരിച്ചു. വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 41,720 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഇതിൽ 30,000 കോടി രൂപയുടെ വിൽപ്പന വാരത്തിന്റെ രണ്ടാം പകുതിയിലാണ്‌.

വിദേശ വിൽപ്പനയിൽ ബിഎസ്ഇ റിയാലിറ്റി സൂചിക എട്ട്‌ ശതമാനം ഇടിഞ്ഞു. ഓട്ടോ സൂചിക ആറ്‌ ശതമാനവും ടെലികോം, ഊർജം വിഭാഗങ്ങൾ അഞ്ച്‌ ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ് ക്യാപ്, ലാർജ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും തിരിച്ചടിനേരിട്ടു. മുൻ നിര ഓഹരിയായ റിലയൻസ്‌ വില ഒൻപത്‌ ശതമാനം ഇടിഞ്ഞു. എസ്‌ബിഐ, ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, എം ആൻഡ് എം, മാരുതി, ടാറ്റാ മോട്ടേഴ്‌സ്‌, എയർ ടെൽ, ഐറ്റിസി, സൺ ഫാർമ്മ, റ്റിസിഎസ്‌, എച്ച്‌സിഎൽ ഓഹരികൾക്കും തിരിച്ചടിനേരിട്ടു. ബോംബെ സൂചിക 85,571 ൽ നിന്നും 85,972 വരെ ഉയർന്നു, എന്നാൽ മുൻവാരം സൃഷ്‌ടിച്ച 85,987 ലെ റെക്കോർഡ്‌ ദേദിക്കാൻ വിപണിക്കായില്ല.. ഇതിനിടയിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ ആടി ഉലഞ്ഞ്‌ 81,532 പോയിന്റിലേയ്‌ക്ക്‌ ഇടിഞ്ഞു. വെള്ളിയാഴ്‌ച്ച വ്യാപാരാന്ത്യം സൂചിക 81,688 ലാണ്‌.

നിഫ്‌റ്റി നേട്ടത്തോടെയാണ്‌ വ്യാപാരത്തിന്‌ തുടക്കം കുറിച്ചതെങ്കിലും തൊട്ട്‌ മുൻവാരത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ്‌ പുതുക്കാൻ വിപണിക്കായില്ല. 26,178 ൽ നിന്ന്‌ നിഫ്‌റ്റി 26,277 പോയിന്റിലേയ്‌ക്ക്‌ സൂചിക അടുത്ത അവസരത്തിൽ ഫണ്ടുകളിൽ നിന്നും ഉടലെടുത്ത ലാഭമെടുപ്പ്‌ പിന്നീട്‌ വിൽപ്പന സമ്മർദ്ദമായി, ഇതോടെ സൂചിക 25,672 ലെ താങ്ങ്‌ തകർത്ത്‌ 24,969 പോയിന്റിലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 25,014 ലാണ്‌. ഈവാരം 24,381 ൽ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ 23,748 വരെ തിരുത്തൽ കാഴ്‌ച്ചവെക്കാം. അതേ സമയം താഴ്‌ന്ന റേഞ്ചിൽ പുതിയ ബയ്യിങിന്‌ നീക്കം നടന്നാൽ 25,911 - 26,908 ലേയ്‌ക്ക്‌ തിരിച്ചു വരവ്‌ പ്രതീക്ഷിക്കാം.

പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ ക്രൂഡ്‌ ഓയിൽ വില കുതിച്ചു. സാർവദേശീയ വിപണിയിൽ എണ്ണ വില ബാരലിന്‌ 70 ഡോളറിൽ നിന്നും 79 ഡോളറായി. ഇസ്രയേൽ - ഇറാൻ സംഘർഷം തുടർന്നാൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ കുറവിന്‌ സാധ്യത കണക്കിലെടുത്താൽ ക്രൂഡ്‌ വില 94 ഡോളറിലേയ്‌ക്കും മുന്നേറാം. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ ഒപ്പെക്ക്‌ അടിയന്തിര നീക്കങ്ങൾ നടത്താം. എണ്ണ വില ഉയർന്നാൽ അതിനൊപ്പം രൂപയുടെ മൂല്യത്തിലും തകർച്ച അനുഭവപ്പെടും. 83.66 ൽ നിന്നും രൂപ 84.13 യ്‌ക്ക്‌ ദുർബലമായ ശേഷം വാരാന്ത്യം വിനിമയ നിരക്ക്‌ 83.97 ലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top